സംഘടിത മുസ്ലീംമതമൗലികവാദത്തെ പ്രീണിപ്പിച്ചും പ്രോത്സാഹിപ്പിച്ചും വിശാലഭാരതത്തെ വിഭജിച്ച കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അവരുടെ രാഷ്ട്രീയ അപഥസഞ്ചാരങ്ങള്‍ തുടരുകയാണ്. പൗരത്വനിയമ ഭേദഗതി ഭാരതത്തിലെ മുസ്ലീങ്ങളുടെ പൗരത്വം റദ്ദു ചെയ്യാനുള്ള നിയമമാണെന്ന നുണപ്രചാരണം നടത്തി രാജ്യത്ത് വര്‍ഗ്ഗീയധ്രൂവീകരണമുണ്ടാക്കുന്ന ഇസ്ലാമികമൗലികവാദികള്‍ക്കൊപ്പം ചേര്‍ന്ന് സാമൂഹ്യ അന്തരീക്ഷത്തെ കലുഷമാക്കുന്നതില്‍ കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പരസ്പരം മത്സരിക്കുകയാണ്. പൗരത്വനിയമഭേദഗതിക്കെതിരെ ദില്ലിയില്‍ ഷഹീന്‍ബാഗില്‍ 73 ദിവസമായി പൊതുനിരത്തുകളെ ഉപരോധിച്ചുകൊണ്ടു നടന്നുവന്ന സമരം വര്‍ഗ്ഗീയ കലാപമായി മാറുകയും 50 ഓളം പേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്തിരിക്കുകയാണ്. ജനാധിപത്യത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം നിരന്തരം പരാജയങ്ങള്‍ സമ്മാനിച്ച കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റുകളും രാജ്യത്ത് അരാജകാവസ്ഥ ഉണ്ടാക്കി ഭരണകൂടത്തെ അട്ടിമറിക്കാന്‍ വര്‍ഗ്ഗീയ ശക്തികളെ കൂട്ടുപിടിച്ച് നടത്തിയ കലാപമാണ് ദില്ലിയില്‍ കണ്ടത്. കലാപത്തിനായി തിരഞ്ഞെടുക്കപ്പെട്ട സമയം തന്നെ ഇത് സൂചിപ്പിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭാരതം സന്ദര്‍ശിക്കുകയും നിര്‍ണ്ണായകമായ പ്രതിരോധ വ്യാപാരകരാറുകളില്‍ ഒപ്പിടുകയും ചെയ്യുന്ന ദിവസങ്ങളില്‍ ഭാരതത്തിന്റെ പ്രതിച്ഛായ ലോകമാധ്യമങ്ങളുടെ മുന്നില്‍ കളങ്കപ്പെടുത്തി കാണിക്കുക എന്ന ഉദ്ദേശ്യം കൂടി കലാപകാരികള്‍ക്കുണ്ടായിരുന്നു.
അതിര്‍ത്തിക്കപ്പുറത്തു നിന്നുകൂടിയുള്ള നിര്‍ദ്ദേശാനുസരണമാണ് ദില്ലിയിലെ വര്‍ഗ്ഗീയകലാപം സൃഷ്ടിക്കപ്പെട്ടത്. പൗരത്വനിയമഭേദഗതിയുടെ മറവില്‍ രാജ്യം മുഴുവന്‍ ഇത്തരം വര്‍ഗ്ഗീയകലാപം നടത്തുവാനാണ് ഇസ്ലാമിക ഭീകരവാദികളും ചില പ്രതിപക്ഷ പാര്‍ട്ടികളും കഴിഞ്ഞ കുറേദിവസമായി ശ്രമിച്ചുപോരുന്നത്. ദില്ലി പോലീസ് ഹെഡ്‌കോണ്‍സ്റ്റബിള്‍ രത്തന്‍ലാലിനെ വെടിവെച്ചു കൊന്നുകൊണ്ട് തുടക്കം കുറിച്ച വര്‍ഗ്ഗീയ കലാപം പെട്ടെന്നാണ് വടക്കുകിഴക്കന്‍ ദില്ലിയിലെ മുസ്ലീം ഭൂരിപക്ഷ മേഖലയിലാകെ പടര്‍ന്നത്. കലാപം യാദൃച്ഛികമായി പൊട്ടിപ്പുറപ്പെട്ടതായിരുന്നില്ല എന്ന് കലാപശേഷം ലഭിച്ച നിരവധി തെളിവുകള്‍ സൂചിപ്പിക്കുന്നു. കലാപങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും രഹസ്യാന്വേഷണവിഭാഗം ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മയെ അടക്കം കൊലപ്പെടുത്താന്‍ മുന്‍കൈ എടുക്കുകയും ചെയ്ത ആം ആദ്മി പാര്‍ട്ടി നേതാവ് താഹിര്‍ ഹുസൈന്റെ വീട്ടിലും ഫാക്ടറിയിലും പോലീസ് നടത്തിയ പരിശോധനയില്‍ ലഭിച്ച തെളിവുകള്‍ ആരെയും ഞെട്ടിക്കുന്നതാണ്. പെട്രോള്‍ ബോംബുകള്‍ തൊടുത്തു വിടാന്‍ കഴിയുന്ന വലിയ തെറ്റാലികള്‍, ആസിഡ്, പെട്രോള്‍ ശേഖരം, തോക്ക് തുടങ്ങിയ മാരകായുധങ്ങള്‍ എന്നിവയെല്ലാം ഇയാളുടെ ആയുധപ്പുരയില്‍ നിന്നും പിടിച്ചെടുത്തിരിക്കുകയാണ്. ഭരണഘടന സംരക്ഷിക്കാനെന്ന പേരില്‍ മാസങ്ങളായി നടന്നുവരുന്ന പ്രക്ഷോഭത്തിന്റെ മറവില്‍ രാജ്യത്ത് കലാപം സൃഷ്ടിക്കാനുള്ള വന്‍ ആയുധശേഖരണം നടത്തിയിരുന്നു എന്ന് ദില്ലിക്കലാപം തെളിയിക്കുന്നു.
പോലീസ് രഹസ്യാന്വേഷണവിഭാഗം ഉദ്യോഗസ്ഥരെ തിരഞ്ഞുപിടിച്ച് ആക്രമിച്ചതില്‍ നിന്നും കലാപകാരികള്‍ ഒരു സിവില്‍യുദ്ധത്തിനുള്ള മുന്നൊരുക്കങ്ങളാണ് നടത്തിയിരുന്നതെന്ന് കാണാം. അങ്കിത് ശര്‍മ്മയെപ്പോലുള്ള ഒരു ഐ.ബി. ഉദ്യോഗസ്ഥനെ ശത്രുസൈന്യങ്ങള്‍ പോലും ചെയ്യാന്‍ മടിക്കുംവിധം മുന്നൂറില്‍ ഏറെ മുറിവുകള്‍ ഏല്‍പ്പിച്ച് മൃഗീയമായാണ് കൊലപ്പെടുത്തിയിരിക്കുന്നത്. ഡെപ്യൂട്ടി കമ്മീഷണറെപ്പോലും ഭീകരമായി ആക്രമിച്ച കലാപകാരികള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ ആത്മവീര്യം കെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രവര്‍ത്തിച്ചിരിക്കുന്നത്. ഹിന്ദുക്കളുടെ വീടുകളും വാഹനങ്ങളും സ്ഥാപനങ്ങളും തിരഞ്ഞുപിടിച്ച് ആക്രമിക്കുവാനും അഗ്നിക്കിരയാക്കാനും കലാപകാരികള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മരിച്ചവരില്‍ 21 പേര്‍ വെടിയേറ്റാണ് മരിച്ചിരിക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്. കലാപകാരികള്‍ തോക്കും വെടിയുണ്ടയും ഒക്കെ നേരത്തെ തന്നെ ശേഖരിച്ചിരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
കേരളത്തിലെ എസ്.എ.പി ക്യാമ്പില്‍ നിന്ന് നിരവധി തോക്കുകളും വെടിയുണ്ടകളും കാണാതായതും ഇത്തരം കലാപങ്ങളും കൂട്ടിവായിക്കേണ്ടതാണ്. വര്‍ഗ്ഗീയഭീകരവാദികള്‍ക്ക് മാന്യതയും പരിരക്ഷയും നല്‍കുന്ന കമ്മ്യൂണിസ്റ്റ്- കോണ്‍ ഗ്രസ് പാര്‍ട്ടികള്‍ മാറി മാറി ഭരിക്കുന്ന കേരളത്തിലെ ഹിന്ദുക്കളുടെ അവസ്ഥ ഭീതിദമാണ്. ദില്ലിയിലെ കലാപം റിപ്പോര്‍ട്ടു ചെയ്യാന്‍ പോയ മിക്ക മലയാള മാധ്യമങ്ങളും കലാപകാരികള്‍ക്ക് സത്ഗുണ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ഹിന്ദുക്കളെയും സംഘപരിവാര്‍ സംഘടനകളെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി വിചാരണ ചെയ്യുകയും ചെയ്യുന്ന പതിവ് കലാപരിപാടികള്‍ തുടരുകയാണ്. ഭീകരവാദികളില്‍ നിന്നും അച്ചാരം പറ്റി പ്രവര്‍ത്തിക്കുംപോലെയാണ് മിക്ക മലയാളം മാധ്യമങ്ങളും ദില്ലി കലാപത്തെക്കുറിച്ച് റിപ്പോര്‍ട്ടു ചെയ്തത്. രാജ്യത്ത് വര്‍ഗ്ഗീയ കലാപം ആളി ക്കത്തിക്കാന്‍ ഇല്ലാത്ത വാര്‍ത്തകള്‍ പടച്ചുണ്ടാക്കുന്നതില്‍ മലയാള മാധ്യമങ്ങള്‍ മത്സരിക്കുകയായിരുന്നു. ദില്ലിയില്‍ മുസ്ലീം പള്ളികള്‍ തകര്‍ക്കുന്നതും കത്തിക്കുന്നതും തല്‍സമയം സംപ്രേക്ഷണം ചെയ്ത ഏഷ്യാനെറ്റ് ചാനല്‍ മീഡിയാവണ്ണിനോട് മത്സരിക്കുകയായിരുന്നു.
ഉണ്ടാകാത്ത കാര്യങ്ങള്‍ വ്യാജദൃശ്യങ്ങളുടെ സഹായത്തോടെ സംപ്രേക്ഷണം ചെയ്യുന്ന ഇത്തരം മാധ്യമങ്ങളുടെ അംഗീകാരം റദ്ദു ചെയ്യുകയാണ് അധികൃതര്‍ ചെയ്യേണ്ടത്. കലാപകാരികള്‍ ജയ് ശ്രീറാം വിളിക്കുന്നത് വ്യക്തമായി കേട്ട മലയാള മാധ്യമങ്ങള്‍ കഴിഞ്ഞ കുറേ മാസങ്ങളായി ഷഹീന്‍ബാഗിലും കേരളത്തിലും പാകിസ്ഥാന് സിന്ദാബാദ് വിളിക്കുന്നതും, തക്ബീര്‍ മുഴക്കുന്നതും, രാജ്യദ്രോഹ പ്രസംഗങ്ങള്‍ നടത്തുന്നതും ഒന്നും കേള്‍ക്കുകയോ റിപ്പോര്‍ട്ടു ചെയ്യുകയോ ചെയ്തിരുന്നില്ല. വര്‍ഗ്ഗീയവിഘടനവാദ മുദ്രാവാക്യങ്ങള്‍ മുഴക്കിയതിന് ഒരു ഭീകരനെപ്പോലും അറസ്റ്റു ചെയ്യുകയോ കേസ്സെടുക്കുകയോ ചെയ്യാത്ത കേരളാ പോലീസ് അട്ടപ്പാടിയിലെ ശ്രീജിത്ത് രവീന്ദ്രനെന്ന വനവാസി യുവാവിനെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുകയും വംശീയമായി അധിക്ഷേപിക്കുംവിധം ചിത്രീകരിക്കുകയും ചെയ്യുകയുണ്ടായി.
ദില്ലികലാപത്തിനു കാരണം ബിജെപി നേതാവ് കപില്‍ മിശ്ര നടത്തിയ പ്രകോപനപരമായ പ്രസംഗമാണെന്നു കണ്ടെത്തിയ മലയാള മാധ്യമങ്ങള്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഷഹീന്‍ബാഗിലും ഷഹീന്‍ബാഗിന് ഐക്യദാര്‍ഢ്യസമരം നടത്തുന്ന കോഴിക്കോട് കടപ്പുറത്തും മുഴങ്ങുന്ന വിഘടന തീവ്രവാദ പ്രസംഗങ്ങള്‍ ഒന്നും കേട്ടതേ ഇല്ല. കാശ്മീരിനു മാത്രമല്ല, കേരളത്തിനും മലപ്പുറത്തിനും വരെ ഭാരതമഹാരാജ്യത്തു നിന്നും സ്വാതന്ത്ര്യം വേണമെന്ന ആസാദി മുദ്രാവാക്യം മുഴങ്ങാത്ത ഒരു സിഎഎ വിരുദ്ധ പ്രകടനം പോലും കേരളത്തില്‍ നടന്നിട്ടില്ല. ഇത്തരം വിഘടന മുദ്രാവാക്യങ്ങള്‍ മുഴങ്ങുന്ന വേദിയില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകളും മത്സരിക്കുന്ന കാഴ്ചയാണ് കേരളത്തിലുള്ളത്. മലപ്പുറം പോലുള്ള മുസ്ലീം ഭൂരിപക്ഷ ജില്ലകളില്‍ ഹിന്ദുക്കളെ സാമൂഹ്യമായി ബഹിഷ്‌കരിക്കാനുള്ള പരസ്യാഹ്വാനങ്ങള്‍ ഉണ്ടായിട്ടു കൂടി പ്രതികരിക്കാത്ത മലയാളത്തിലെ ചില മാധ്യമങ്ങള്‍ അവരുടെ പ്രവര്‍ത്തനമൂലധനം കണ്ടെത്തുന്നത് പാകിസ്ഥാനില്‍ നിന്നാണ് എന്നാരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാനൊക്കില്ല. എന്തായാലും ദില്ലിയിലെ ആസൂത്രിത കലാപം കേരളത്തിലെ ഹിന്ദുക്കള്‍ക്കുള്ള സൂചനയാണെന്നു കണ്ട് കരുതി യിരുന്നാല്‍ അവര്‍ക്കു കൊള്ളാം.