മനുഷ്യന്റെ അനാദികാലത്തെ അന്വേഷണമാണ് ദര്‍ശനം. ‘ദര്‍ശനം’ എന്ന പദം സംസ്‌കൃതത്തിലെ ‘ദൃശ്’ (കാണുക, അറിയുക) എന്ന ധാതുവില്‍ നിന്നാണ് ഉണ്ടായത്. അതിനാല്‍ ദര്‍ശനം വെറും കാഴ്ചയല്ല; യാഥാര്‍ഥ്യത്തെ അതിന്റെ സത്യസ്വരൂപത്തില്‍ മനസ്സിലാക്കുന്ന ജ്ഞാനമാണ്. ഭാരതീയ ജ്ഞാനപരമ്പരയുടെ അടിത്തറയായ ഭാരതീയ ദര്‍ശനം മനുഷ്യജീവിതത്തിന്റെ ആത്മീയ, ധാര്‍മിക, സാമൂഹിക വശങ്ങളെ സമഗ്രമായി വിശകലനം ചെയ്യുകയും ആത്മസാക്ഷാത്കാരവും മോക്ഷവും ലക്ഷ്യമാക്കുകയും ചെയ്യുന്നു. ആത്മീയതയ്ക്ക് പ്രാധാന്യം നല്‍കി മനുഷ്യന്റെ യഥാര്‍ത്ഥ സ്വരൂപത്തെയും പരമസത്യത്തെയും തിരിച്ചറിയുകയാണ് ഭാരതീയ ദര്‍ശനങ്ങളുടെ മുഖ്യലക്ഷ്യം. ജനനമരണ ചക്രത്തില്‍ നിന്നുള്ള മോക്ഷത്തെ ജീവിതത്തിന്റെ പരമപുരുഷാര്‍ത്ഥമായി കണക്കാക്കുന്ന ഇവ സത്യം, അഹിംസ, കരുണ, ആത്മനിയന്ത്രണം, സമത്വബോധം തുടങ്ങിയ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നു. തര്‍ക്കത്തിലൂടെയല്ല, ആത്മാനുഭവത്തിലൂടെയും അന്തര്‍ദര്‍ശനത്തിലൂടെയും സത്യസാക്ഷാത്കാരം സാധ്യമാണെന്ന് പഠിപ്പിക്കുന്ന ഭാരതീയ ദര്‍ശനങ്ങള്‍ സഹിഷ്ണുതയും വൈവിധ്യസ്വീകരണവും സംവാദപരമായ ചിന്തയും വളര്‍ത്തിയ സമ്പന്നമായ ജ്ഞാനപാരമ്പര്യമാണ്. ഭാരതീയ ദര്‍ശനങ്ങളെ പൊതുവെ ആസ്തിക, നാസ്തിക എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിക്കാം. വേദങ്ങളുടെ പ്രാമാണ്യം അംഗീകരിക്കുന്ന ദര്‍ശനങ്ങളെ ആസ്തിക ദര്‍ശനങ്ങള്‍ എന്നും, അവയെ ഷഡ്ദര്‍ശനങ്ങള്‍ എന്നും വിളിക്കുന്നു. വേദപ്രാമാണ്യം അംഗീകരിക്കാത്ത ചിന്താപദ്ധതികളാണ് നാസ്തിക ദര്‍ശനങ്ങള്‍.
ആസ്തിക ദര്‍ശനങ്ങള്‍
(1) ന്യായദര്‍ശനം ഗൗതമ മഹര്‍ഷി സ്ഥാപിച്ച ഈ ദര്‍ശനം യുക്തിക്കും തര്‍ക്കത്തിനും പ്രാധാന്യം നല്‍കുന്നു. ശരിയായ അറിവിനുള്ള മാര്‍ഗങ്ങളായ പ്രത്യക്ഷം, അനുമാനം, ഉപമാനം, ശാബ്ദം എന്നിവയെ വിശദീകരിക്കുന്നു. (2) വൈശേഷികദര്‍ശനം കണാദ മഹര്‍ഷിയുടെ ഈ ദര്‍ശനം പ്രപഞ്ചത്തിന്റെ ഘടനയും വസ്തുക്കളുടെ സ്വഭാവവും വിശദീകരിക്കുന്നു. ദ്രവ്യം, ഗുണം, കര്‍മ്മം തുടങ്ങിയ പദാര്‍ത്ഥങ്ങളെയും പരമാണുസിദ്ധാന്തത്തെയും അവതരിപ്പിക്കുന്നു. (3) സാംഖ്യദര്‍ശനം കപില മഹര്‍ഷിയുടെ ഈ ദര്‍ശനം പ്രകൃതിയും പുരുഷനും എന്ന രണ്ട് അടിസ്ഥാന തത്ത്വങ്ങളെ അംഗീകരിക്കുകയും വിവേകജ്ഞാനത്തിലൂടെ മോക്ഷം സാധ്യമാണെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു. (4) യോഗദര്‍ശനം പതഞ്ജലി മഹര്‍ഷിയുടെ യോഗസൂത്രങ്ങളെ ആധാരമാക്കിയ ഈ ദര്‍ശനം അഷ്ടാംഗയോഗത്തിലൂടെ ചിത്തനിയന്ത്രണവും ആത്മസാക്ഷാത്കാരവും ലക്ഷ്യമാക്കുന്നു. (5) പൂര്‍വമീമാംസ ജൈമിനി മഹര്‍ഷിയുടെ ഈ ദര്‍ശനം വേദകര്‍മ്മങ്ങള്‍ക്കും യജ്ഞാദി വൈദികാചാരങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നു. (6) ഉത്തരമീമാംസ (വേദാന്തം) ബാദരായണന്റെ ബ്രഹ്മസൂത്രങ്ങളെ ആധാരമാക്കിയ ഈ ദര്‍ശനം ബ്രഹ്മആത്മ ബന്ധവും മോക്ഷസാധനവും വിശദീകരിക്കുന്നു. ശങ്കരാചാര്യര്‍, രാമാനുജാചാര്യര്‍, മധ്വാചാര്യര്‍ എന്നിവര്‍ വിവിധ വേദാന്തശാഖകള്‍ വികസിപ്പിച്ചു.
നാസ്തിക ദര്‍ശനങ്ങള്‍
(1) ബൗദ്ധദര്‍ശനം ഗൗതമ ബുദ്ധന്റെ ഉപദേശങ്ങളെ ആധാരമാക്കിയ ഈ ദര്‍ശനം നാല് ആര്യസത്യങ്ങളും അഷ്ടാംഗമാര്‍ഗവും മുഖേന ദുഃഖനിവാരണവും നിര്‍വാണപ്രാപ്തിയും ലക്ഷ്യമാക്കുന്നു. കരുണ, അഹിംസ, മധ്യമമാര്‍ഗം എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്നു. (2) ജൈനദര്‍ശനം വര്‍ധമാന മഹാവീരന്‍ പ്രചരിപ്പിച്ച ഈ ദര്‍ശനം അഹിംസയെ പരമധര്‍മ്മമായി കണക്കാക്കുന്നു. ആത്മശുദ്ധി, തപസ്സ്, ഇന്ദ്രിയനിയന്ത്രണം എന്നിവയിലൂടെ കര്‍മ്മബന്ധനങ്ങളില്‍ നിന്ന് മോചനം നേടി മോക്ഷം പ്രാപിക്കാമെന്ന് പഠിപ്പിക്കുന്നു. (3) ചാര്‍വാകദര്‍ശനം പ്രത്യക്ഷാനുഭവത്തെ മാത്രം പ്രമാണമായി അംഗീകരിക്കുന്ന ഭൗതികവാദ ദര്‍ശനമാണിത്. ആത്മാവ്, പുനര്‍ജന്മം, മോക്ഷം തുടങ്ങിയ ആശയങ്ങളെ നിരാകരിച്ച് ഇഹലോകജീവിതത്തിന് പ്രാധാന്യം നല്‍കുന്നു.
യോഗദര്‍ശനത്തിന്റെ സമകാലിക പ്രസക്തി
പതഞ്ജലി മഹര്‍ഷിയുടെ യോഗസൂത്രങ്ങളെ ആധാരമാക്കിയ യോഗദര്‍ശനം ഭാരതീയ ജ്ഞാനപരമ്പരയുടെ മഹത്തായ സംഭാവനകളിലൊന്നാണ്. മനുഷ്യന്റെ ശാരീരിക, മാനസിക, ബൗദ്ധിക, ആത്മീയ വികാസത്തെ ലക്ഷ്യമാക്കുന്ന സമഗ്രമായ ജീവിതശാസ്ത്രമായി ഇത് നിലകൊള്ളുന്നു. മനസ്സിന്റെ ചാഞ്ചല്യവും അവിദ്യയുമാണ് മനുഷ്യന്റെ ദുഃഖങ്ങള്‍ക്കും അശാന്തികള്‍ക്കും കാരണമെന്ന് യോഗദര്‍ശനം വ്യക്തമാക്കുന്നു. ‘യോഗച്ചിത്തവൃത്തിനിരോധ’എന്ന പതഞ്ജലിയുടെ സൂത്രം യോഗത്തിന്റെ സാരാംശം വ്യക്തമാക്കുന്നു. ചിത്തവൃത്തികളുടെ നിയന്ത്രണത്തിലൂടെ മനസ്സിന്റെ ശുദ്ധിയും ആത്മസാക്ഷാത്കാരവും നേടുകയാണ് യോഗത്തിന്റെ ലക്ഷ്യം. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നീ അഷ്ടാംഗയോഗ മാര്‍ഗങ്ങള്‍ വ്യക്തിയുടെ സമഗ്രവികാസത്തിനുള്ള പ്രായോഗിക പഥമാണ്.ആധുനിക കാലത്ത് മാനസിക സമ്മര്‍ദ്ദം, ജീവിതശൈലീ പ്രശ്‌നങ്ങള്‍, ഏകാഗ്രതക്കുറവ് തുടങ്ങിയ വെല്ലുവിളികളെ നേരിടാന്‍ യോഗദര്‍ശനം ഏറെ പ്രസക്തമാണ്. ശരീരം, മനസ്സ്, ആത്മാവ് എന്നിവയുടെ സമന്വയത്തിലൂടെ സമാധാനപൂര്‍ണവും ഉന്നതവുമായ ജീവിതത്തിലേക്ക് നയിക്കുന്ന പ്രായോഗിക ജീവിതശാസ്ത്രമാണ് യോഗം.
ഇന്നത്തെ സാങ്കേതികവിദ്യാധിഷ്ഠിത ലോകത്തില്‍ വര്‍ധിച്ചുവരുന്ന മാനസിക സമ്മര്‍ദ്ദം, മൂല്യച്യുതി, പരിസ്ഥിതി പ്രതിസന്ധി, സാമൂഹിക അസ്വസ്ഥതകള്‍ എന്നിവയെ നേരിടാന്‍ ഭാരതീയ ദര്‍ശനങ്ങള്‍ പ്രസക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നു. ഭൗതിക പുരോഗതിക്കൊപ്പം ആത്മീയ വികാസത്തിനും പ്രാധാന്യം നല്‍കുന്ന ഇവ വ്യക്തിയുടെയും സമൂഹത്തിന്റെയും സമഗ്രക്ഷേമം ലക്ഷ്യമിടുന്നു. യോഗദര്‍ശനം മാനസിക-ശാരീരിക സന്തുലിതാവസ്ഥയ്ക്കും ആരോഗ്യസംരക്ഷണത്തിനും സഹായകമാകുമ്പോള്‍, ബൗദ്ധ-ജൈന ദര്‍ശനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന അഹിംസ, കരുണ, സഹിഷ്ണുത എന്നീ മൂല്യങ്ങള്‍ സാമൂഹിക സൗഹാര്‍ദത്തിനും ആഗോളശാന്തിക്കും വഴിയൊരുക്കുന്നു. ‘വസുധൈവകുടുംബകം’എന്നും ‘സര്‍വ്വേ സന്തു സുഖിനഃ’ എന്നും ഭാരതീയ ദര്‍ശനങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന സര്‍വജനക്ഷേമ സന്ദേശങ്ങള്‍ ഇന്നും അതീവ പ്രസക്തമാണ്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സമന്വയത്തെ പ്രോത്സാഹിപ്പിക്കുന്ന ഇവ സുസ്ഥിര വികസനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും വിലപ്പെട്ട ദിശാബോധം നല്‍കുന്നു.
ഭാരതീയ ദര്‍ശനങ്ങള്‍ വെറും പുരാതന ചിന്തകളുടെ ശേഖരമല്ല; മറിച്ച് ആധുനിക മനുഷ്യന്റെ വ്യക്തിപരവും സാമൂഹികവും ആഗോളവുമായ പ്രശ്‌നങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുന്ന കാലാതീതമായ ജ്ഞാനപരമ്പരയാണ്. ഈ പാരമ്പര്യത്തിലെ പ്രായോഗികവും ജീവിതകേന്ദ്രീകൃതവുമായ ശാഖയാണ് യോഗദര്‍ശനം. പതഞ്ജലി മഹര്‍ഷിയുടെ യോഗസൂത്രങ്ങളെ ആധാരമാക്കിയ യോഗദര്‍ശനം മനുഷ്യന്റെ ശാരീരിക, മാനസിക, ബൗദ്ധിക, ആത്മീയ വികാസത്തെ ലക്ഷ്യമിടുന്നു. മനസ്സിന്റെ ചാഞ്ചല്യങ്ങളെ നിയന്ത്രിച്ച് ഏകാഗ്രതയും ആത്മസാക്ഷാത്കാരവും നേടുകയാണ് യോഗത്തിന്റെ ലക്ഷ്യം. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നീ അഷ്ടാംഗയോഗ മാര്‍ഗങ്ങളിലൂടെ വ്യക്തിയുടെ സമഗ്രവികാസവും ആത്മീയോന്നതിയും സാധ്യമാകുമെന്ന് യോഗദര്‍ശനം പഠിപ്പിക്കുന്നു.
യോഗം പതഞ്ജലി മഹര്‍ഷിയിലൂടെ ക്രമീകൃതമായ ഒരു ദര്‍ശനശാഖയായി രൂപംകൊണ്ടെങ്കിലും അതിന്റെ വേരുകള്‍ വേദങ്ങള്‍, ഉപനിഷത്തുകള്‍, ഇതിഹാസങ്ങള്‍, പുരാണങ്ങള്‍ തുടങ്ങിയ ഭാരതീയ ജ്ഞാനപരമ്പരയുടെ ആദിമസ്രോതസ്സുകളില്‍ ആഴത്തില്‍ നിലകൊള്ളുന്നു. അതിനാല്‍ യോഗം ഒരു ദര്‍ശനം മാത്രമല്ല, സഹസ്രാബ്ദങ്ങളായി വളര്‍ന്നുവന്ന ആത്മീയ-ദാര്‍ശനിക ജീവിതപാരമ്പര്യമാണ്. വേദങ്ങളില്‍ ധ്യാനം, തപസ്സ്, ആത്മനിയന്ത്രണം, ഏകാഗ്രത തുടങ്ങിയ യോഗത്തിന്റെ അടിസ്ഥാന ആശയങ്ങള്‍ കാണാം. ഉപനിഷത്തുകള്‍ യോഗത്തിന്റെ ആത്മീയമാനങ്ങളെ കൂടുതല്‍ വിശദീകരിക്കുകയും ഇന്ദ്രിയനിയന്ത്രണം, മനഃസംയമനം,ആത്മസാക്ഷാത്കാരം എന്നിവയെ യോഗസാധനയുടെ ലക്ഷ്യങ്ങളായി അവതരിപ്പിക്കുകയും ചെയ്യുന്നു. ഭഗവദ്ഗീതയില്‍ കര്‍മ്മയോഗം, ജ്ഞാനയോഗം, ഭക്തിയോഗം എന്നീ മാര്‍ഗങ്ങളിലൂടെ ആത്മോന്നതിയിലേക്കുള്ള വഴി വ്യക്തമാക്കുന്നു. ‘സമത്വം യോഗ ഉച്യതേ’എന്ന വചനത്തിലൂടെ സുഖദുഃഖങ്ങളിലും ജയപരാജയങ്ങളിലും സമചിത്തത പാലിക്കുന്നതാണ് യോഗമെന്ന് ഗീത പഠിപ്പിക്കുന്നു.’ യോഗ കര്‍മ്മസു കൗശലം’ എന്ന ആശയത്തിലൂടെ കര്‍ത്തവ്യങ്ങളെ നിസ്വാര്‍ത്ഥമായും മികവോടെയും നിര്‍വഹിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. അതിനാല്‍ ഗീതയുടെ ദൃഷ്ടിയില്‍ യോഗം വെറും ആസനമോ ധ്യാനമോ മാത്രമല്ല; ചിന്ത, പ്രവൃത്തി, വികാരം, ആത്മീയാന്വേഷണം എന്നിവയില്‍ സമന്വയം സൃഷ്ടിക്കുന്ന സമഗ്രമായ ജീവിതശാസ്ത്രമാണ്. വ്യക്തിത്വവികാസത്തിനും ധാര്‍മികജീവിതത്തിനും മാനസികസന്തുലിതാവസ്ഥയ്ക്കും ആത്മീയോന്നതിക്കും വഴിയൊരുക്കുന്ന മാര്‍ഗമായി യോഗത്തെ ഗീത അവതരിപ്പിക്കുന്നു. പുരാണങ്ങളിലും യോഗസാധനയുടെയും തപസ്സിന്റെയും പ്രാധാന്യം പ്രതിപാദിക്കുന്നു. അതിനാല്‍ യോഗം പതഞ്ജലി യോഗസൂത്രങ്ങളില്‍ മാത്രം ഒതുങ്ങുന്ന ഒരു ശാസ്ത്രമല്ല; മറിച്ച് വേദകാലം മുതല്‍ വികസിച്ചുവന്ന സമഗ്രമായ ആത്മീയവും ജീവിതകേന്ദ്രീകൃതവുമായ ജ്ഞാനപാരമ്പര്യമാണ്.
യോഗദര്‍ശനത്തിന്റെ പ്രധാന സവിശേഷത അതിന്റെ പ്രായോഗികതയാണ്. ശാരീരിക ആരോഗ്യം, മാനസിക സമാധാനം, ഏകാഗ്രത, ആത്മനിയന്ത്രണം എന്നിവ വളര്‍ത്തുന്ന യോഗം ഇന്ന് ലോകമെമ്പാടും ആരോഗ്യകരവും സമതുലിതവുമായ ജീവിതത്തിനുള്ള ഫലപ്രദമായ മാര്‍ഗമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ജൂണ്‍ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുന്നത് യോഗത്തിന്റെ ആഗോള പ്രസക്തിയുടെ തെളിവാണ്. വര്‍ധിച്ചുവരുന്ന മാനസിക സമ്മര്‍ദ്ദം, ജീവിതശൈലീരോഗങ്ങള്‍, ഏകാഗ്രതക്കുറവ് തുടങ്ങിയ ആധുനിക വെല്ലുവിളികളെ നേരിടാന്‍ യോഗദര്‍ശനം നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ഏറെ പ്രസക്തമാണ്. അഷ്ടാംഗയോഗത്തിലൂടെ മനസ്സിനെ നിയന്ത്രിച്ച് ആത്മസാക്ഷാത്കാരത്തിലേക്ക് നയിക്കുന്ന ഈ ദര്‍ശനം പ്രാചീന ഭാരതത്തിന്റെ അമൂല്യ സംഭാവന മാത്രമല്ല, ആധുനിക ലോകത്തിനുള്ള ശാശ്വതമായ ജീവിതമാര്‍ഗവും കൂടിയാണ്. ഭാരതീയ ദര്‍ശനങ്ങള്‍ വെറും സൈദ്ധാന്തിക ചിന്തകളല്ല; ജീവിതത്തെ അര്‍ഥവത്താക്കുന്ന പ്രായോഗിക ജ്ഞാനപാരമ്പര്യങ്ങളാണ്. മനുഷ്യനെ സ്വയം തിരിച്ചറിയാനും ധാര്‍മികജീവിതം നയിക്കാനും വ്യക്തിപരമായ സമാധാനവും സാമൂഹിക സൗഹാര്‍ദവും കൈവരിക്കാനും അവ പ്രചോദിപ്പിക്കുന്നു. അതിനാല്‍ യോഗദര്‍ശനം മനുഷ്യന്റെ സമഗ്രവികാസത്തിനും ആഗോളക്ഷേമത്തിനും വഴികാട്ടുന്ന സാര്‍വകാലിക മാര്‍ഗദര്‍ശനമായി നിലകൊള്ളുന്നു.
(വിശ്വസംസ്‌കൃതപ്രതിഷ്ഠാനം സംസ്ഥാന സമിതി അംഗമാണ് ലേഖകന്‍)






















