അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അതിന്റെ രാഷ്ട്രീയ വിജയഗാഥ അണമുറിയാതെ തുടരുകയാണ്. ബിജെപിക്ക് ബാലികേറാമലയെന്ന് വിശേഷിപ്പിക്കപ്പെട്ട ബംഗാളില്‍ പതിനഞ്ച് വര്‍ഷത്തെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏകാധിപത്യ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് മിന്നുന്ന വിജയമാണ് ബിജെപി കരസ്ഥമാക്കിയത്. ശക്തമായ ഇരുമുന്നണികളെയും പരാജയപ്പെടുത്തിക്കൊണ്ട് നേമവും ചാത്തന്നൂരും കഴക്കൂട്ടവും ഉള്‍പ്പെടെ മൂന്ന് സീറ്റുകള്‍ പിടിച്ചെടുത്തുകൊണ്ട് കേരളത്തിലെ താമരത്തേരോട്ടത്തിന് ബിജെപി തുടക്കം കുറിച്ചിരിക്കുന്നു. ‘ബീഹാറിലൂടെ ഗംഗ ബംഗാളിലേക്ക് ഒഴുകും’ എന്ന പ്രധാനമന്ത്രിയുടെ വാക്കുകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള മുന്നേറ്റമാണ് പാര്‍ട്ടി അവിടെ നേടിയിരിക്കുന്നത്.
വംഗനാടിന്റെ ദേശീയ സാംസ്‌കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന ജനവിധിയാണ് സംസ്ഥാനത്തിന്റെ സമസ്ത മേഖലകളിലും ഉണ്ടായിരിക്കുന്നത്. ആകെയുള്ള 294 സീറ്റുകളില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ബിജെപി ചരിത്രത്തിലാദ്യമായി ബംഗാളില്‍ ഭരണരഥത്തിലേറുന്നത്. ഭാരതചരിത്രത്തില്‍ എക്കാലവും ദേശീയതയുടെ കളിത്തൊട്ടിലെന്ന് വിശേഷിപ്പിക്കപ്പെടുന്ന, സ്വാമി വിവേകാനന്ദന്റെയും മഹര്‍ഷി അരവിന്ദന്റെയും ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെയും ശ്യാമപ്രസാദ് മുഖര്‍ജിയുടെയും ഒക്കെ ജന്മഭൂമി കൂടിയായ ബംഗാളില്‍ കരസ്ഥമാക്കിയ സ്വപ്‌നതുല്യവും ആധികാരികവുമായ വിജയം ബിജെപിക്ക് നല്‍കുന്ന ആത്മവിശ്വാസം വലുതാണ്. ദേശീയഗീതമായ വന്ദേമാതരത്തിന്റെ നൂറ്റമ്പതാം വാര്‍ഷികം ആഘോഷിക്കപ്പെടുന്ന വേളയില്‍ ഭാരതമാതാവിന് ജയകാരം മുഴക്കിക്കൊണ്ട് ബിജെപി ബംഗാളില്‍ നടത്തിയ താമരത്തേരോട്ടം രാഷ്ട്രത്തിന്റെ സുരക്ഷയും സ്വാഭിമാനവും ശക്തിപ്പെടുത്താന്‍ ഉപകരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ബംഗാളിനൊപ്പം തിരഞ്ഞെടുപ്പ് നടന്ന, ബിജെപി ഇതര കക്ഷികള്‍ അധികാരത്തിലുണ്ടായിരുന്ന തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ശക്തമായ ഭരണവിരുദ്ധവികാരം ആഞ്ഞടിച്ചപ്പോള്‍ അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ എന്‍ഡിഎ ജനവിശ്വാസം ആര്‍ജ്ജിച്ച് ഭരണം നിലനിര്‍ത്തിയിരിക്കുന്നു. സമകാലിക ദേശീയ രാഷ്ട്രീയജനവികാരത്തിന്റെ പ്രതിഫലനമാണ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ തെളിഞ്ഞു കാണുന്നത്. ദേശീയസ്വഭാവം നഷ്ടപ്പെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും ദേശീയപ്പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കേവലമൊരു കേരള കോണ്‍ഗ്രസായി ചുരുങ്ങിയിരിക്കുന്നു എന്നതാണ് ഈ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലശ്രുതി. രാജ്യത്ത് ഒരു സംസ്ഥാനത്തും അധികാരമില്ലാതെ സിപിഎം രാഷ്ട്രീയ പരാജയത്തിന്റെ പടുകുഴിയിലേക്ക് നിപതിച്ചിരിക്കുന്നു. മുപ്പത്തിനാല് വര്‍ഷം ഭരിച്ച ബംഗാളില്‍ യാതൊരു ചലനവും സൃഷ്ടിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇത്തവണയും കഴിഞ്ഞിട്ടില്ല. അവിടെ കോണ്‍ഗ്രസിന്റെ സ്ഥിതിയും പരിതാപകരമാണ്. രാജ്യത്തിന്റെ വികസനഭാവിക്ക് ബിജെപി മാത്രമാണ് ആശ്രയമെന്ന് ബംഗാള്‍ ജനത കൂടി തിരിച്ചറിഞ്ഞിരിക്കുന്നുവെന്ന് വ്യക്തമാകുകയാണ്.
കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിന്റെ തനിയാവര്‍ത്തനമെന്ന പോലെ ഭരണവിരുദ്ധ വികാരത്തിന്റെ പ്രയോജനം ഇക്കുറി യുഡിഎഫിനാണ് ലഭിച്ചത്. ഇടതുകാലിലെ മന്ത് വലുതുകാലിലേക്കും നേരെ തിരിച്ചും മാറ്റുന്ന രാഷ്ട്രീയ പതിവ് ഇത്തവണയും ആവര്‍ത്തിച്ചിരിക്കുന്നു എന്നതില്‍ കവിഞ്ഞ് കോണ്‍ഗ്രസിന്റെയോ സംസ്ഥാനത്തിന്റെയോ ശോഭനമായ ഭാവിക്ക് പ്രതീക്ഷ പകരുന്ന യാതൊരു സൂചനയും ജനവിധിയില്‍ കാണാനാവില്ല. പത്ത് വര്‍ഷത്തെ ഭരണത്തിനെതിരെ ഉണ്ടായ എതിര്‍വികാരത്തിന്റെ ശക്തി ഇത്തവണ മുഖ്യമന്ത്രി വിജയന്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാരും പ്രമുഖ സിപിഎം നേതാക്കളുമെല്ലാം ഒരുപോലെ അനുഭവിച്ചു. വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ മുഖ്യമന്ത്രിയും എല്‍ഡിഎഫ് കണ്‍വീനറും പല മന്ത്രിമാരും പിന്നിലായിരുന്നു. ആകെയുള്ള എട്ട് പഞ്ചായത്തില്‍ എല്ലായിടത്തും സിപിഎം ഭരണമുള്ള മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്തു പോലും മുഖ്യമന്ത്രി പിന്നില്‍ പോകുന്ന കാഴ്ചയുണ്ടായി. കഴിഞ്ഞ തവണ അരലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സിപിഎം വിജയിച്ച ഉറച്ച പാര്‍ട്ടി കോട്ടയായ കണ്ണൂര്‍ ജില്ലയിലെ തന്നെ പയ്യന്നൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിച്ച പാര്‍ട്ടി വിമതനായ വി. കുഞ്ഞികൃഷ്ണന്‍ അട്ടിമറി ജയമാണ് നേടിയത്. സിപിഎമ്മിന്റെ അഴിമതിഭരണവും ധാര്‍ഷ്ട്യവും സ്വജനപക്ഷപാതവും പാര്‍ട്ടിക്കാരും ജനങ്ങളും ഒരുപോലെ തള്ളിക്കളഞ്ഞുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
‘കട്ടിംഗ് സൗത്ത്’ മുദ്രാവാക്യം ഉയര്‍ത്തി സനാതനധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത തമിഴ്‌നാട്ടിലെ ഡിഎംകെയും അനധികൃത കുടിയേറ്റക്കാരെയും ഇസ്ലാമിക തീവ്രവാദികളെയും കെട്ടഴിച്ചുവിട്ട് ബംഗാളില്‍ ഹിന്ദു വംശഹത്യ നടത്തിയ തൃണമൂല്‍ കോണ്‍ഗ്രസിനും ഹിന്ദുവിരുദ്ധ രാഷ്ട്രീയനയം പിന്തുടര്‍ന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ദേശീയബോധവും പൗരബോധവുമുള്ള ജനങ്ങള്‍ ജനാധിപത്യപരമായ തിരിച്ചടി നല്‍കിയിരിക്കുന്നു. എസ്ഡിപിഐയുമായി സഖ്യം ചേര്‍ന്ന് തിരഞ്ഞെടുപ്പില്‍ മത്സരിച്ച സിപിഎമ്മിനും ഡിഎംകെയ്ക്കും അര്‍ഹിക്കുന്ന പരാജയം തന്നെയാണ് ഉണ്ടായിരിക്കുന്നത്. എല്‍ഡിഎഫും തൃണമൂലും ഡിഎംകെയും ഉള്‍പ്പെടെയുള്ള ഇന്‍ഡി സഖ്യകക്ഷികള്‍ ഭരണവിരുദ്ധ വികാരത്തിന്റെ ചൂടറിഞ്ഞപ്പോള്‍ ബീഹാറിന് പിന്നാലെ അസമിലും പുതുച്ചേരിയിലും കൂടി എന്‍ഡിഎയുടെ സദ്ഭരണ മാതൃകയ്ക്ക് ഭരണത്തുടര്‍ച്ച ലഭിച്ചിരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ഓപ്പറേഷന്‍ സിന്ദൂറിനെയും തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണത്തെയും എഫ്‌സിആര്‍എ ബില്ലിനെയും എതിര്‍ത്ത പ്രതിപക്ഷ കക്ഷികള്‍ക്ക് ലഭിച്ച തിരിച്ചടി കൂടിയാണ് ഈ ജനവിധി.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മൂന്നാമൂഴത്തിന് ശേഷം ഹരിയാനയിലും മഹാരാഷ്ട്രയിലും ബീഹാറിലും നേടിയ വിജയം ബിജെപി ബംഗാളിലും അസമിലും പുതുച്ചേരിയിലും ആവര്‍ത്തിച്ചിരിക്കുകയാണ്. ഇതോടെ എന്‍ഡിഎ ഭരണത്തിലുള്ള സംസ്ഥാനങ്ങളുടെ എണ്ണം ഇരുപത്തൊന്നും ബിജെപി മുഖ്യമന്ത്രിമാരുടെ എണ്ണം പതിനേഴുമായി വര്‍ധിച്ചിരിക്കുകയാണ്. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യുപിയില്‍ ഭരണത്തുടര്‍ച്ച നേടാനും പഞ്ചാബില്‍ അധികാരം പിടിച്ചെടുക്കാനുമുള്ള രാഷ്ട്രീയ ആത്മവിശ്വാസം ബിജെപിക്ക് നല്‍കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം. മൂന്ന് സീറ്റുകളില്‍ വിജയിക്കുകയും നിരവധി സീറ്റുകളില്‍ രണ്ടാമതെത്തുകയും ചെയ്ത ബിജെപി കേരളത്തില്‍ പുതിയൊരു കുതിച്ചുചാട്ടത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. 2016 ല്‍ ജയിച്ച മൂന്ന് സീറ്റുകളില്‍ നിന്നാണ് ബിജെപി ബംഗാള്‍ ഭരണത്തിന് അടിത്തറയിട്ടത്. കേരളത്തില്‍ ബിജെപിയുടെ ഭാവിമുന്നേറ്റത്തിന് നാന്ദി കുറിക്കുന്ന വിജയവിളംബരമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.





















