സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ സാമൂഹ്യ സാമ്പത്തിക പിന്നാക്ക സാഹചര്യങ്ങള്‍ മുതലാക്കി ചൈനയുടെയും പാകിസ്ഥാന്റെയുമൊക്കെ സായുധ സാമ്പത്തിക സഹായത്തോടെ വളര്‍ന്നു പന്തലിച്ച മാവോയിസ്റ്റ് ഭീകരവാദത്തെ നരേന്ദ്ര മോദി സര്‍ക്കാര്‍ അവസാനിപ്പിച്ചിരിക്കുകയാണ്. ഖാലിസ്ഥാന്‍ ഭീകരവാദത്തിലൂടെയും ഇസ്ലാമിക ഭീകരവാദികളിലൂടെയും ഭാരതത്തെ ആഭ്യന്തരമായി ശിഥിലീകരിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട വിദേശശക്തികളുടെ അവസാനത്തെ പ്രതീക്ഷയായിരുന്നു ഇടത് നക്‌സല്‍ ഭീകരവാദം. പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ് ജില്ലയില്‍ നക്‌സല്‍ബാരി ഗ്രാമത്തില്‍ 1967 മാര്‍ച്ചില്‍ പൊട്ടിപ്പുറപ്പെട്ട ഒരു കര്‍ഷകകലാപത്തില്‍ നിന്നാണ് നക്‌സല്‍ബാരി പ്രസ്ഥാനം എന്നറിയപ്പെട്ട ഇടതുപക്ഷ ഭീകരവാദത്തിന്റെ ആരംഭം.
ജന്മിത്ത സമ്പ്രദായം രൂഢമൂലമായിരുന്ന ഭാരതീയ ഗ്രാമങ്ങളില്‍ കുടിയാന്മാരായ കര്‍ഷകര്‍ നിരവധി നീതി നിഷേധങ്ങള്‍ അനുഭവിച്ചിരുന്നു. ഈ അസമത്വങ്ങളില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട് ചാരു മജുംദാര്‍, കനു സന്യാല്‍ തുടങ്ങിയ ഇടതു ബുദ്ധിജീവികള്‍ രൂപം കൊടുത്ത സായുധ സമരപ്രസ്ഥാനമായ നക്‌സല്‍ സംഘങ്ങള്‍ പിന്നീട് പല ഗ്രൂപ്പുകളായി പിരിഞ്ഞ് കലാപങ്ങള്‍ ആസൂത്രണം ചെയ്തു. ജന്മിത്തം പ്രബലമായിരുന്ന ഭാരതീയ ഗ്രാമീണ സമൂഹത്തില്‍ മാവോസെ തൂങ്ങ് നയിച്ച ചൈനീസ് വിപ്ലവ മാതൃക പ്രായോഗികമാകുമെന്ന് ചിലര്‍ കരുതി. ഇതിന്റെ അടിസ്ഥാനത്തില്‍ 1969 ഏപ്രില്‍ മാസം കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ് – ലെനിനിസ്റ്റ്) എന്ന ഇടതു ഭീകര പ്രസ്ഥാനം രൂപീകരിക്കപ്പെട്ടു. ചൈനയുടെ സഹായത്തോടെ കാലക്രമത്തില്‍ ഈ പ്രസ്ഥാനം ഇന്നു കാണുന്ന മാവോയിസ്റ്റ് ഭീകര പ്രസ്ഥാനമായി രൂപാന്തരപ്പെട്ടു. ചൈനീസ് അട്ടിമറിയിലൂടെ നേപ്പാളില്‍ ഭരണം പിടിച്ച ഇടതു ഭീകരന്മാര്‍ അവിടെ നിന്നും ഭാരതത്തിന്റെ തെക്കേയറ്റമായ കേരളം വരെ നീളുന്ന ഒരു ചുവപ്പന്‍ ഇടനാഴി രൂപീകരിച്ചു. 2004 ആയപ്പോഴേയ്ക്കും ചുവപ്പന്‍ ഇടനാഴി 20ല്‍ പരം സംസ്ഥാനങ്ങളിലേയ്ക്ക് വ്യാപിച്ച് 230 ജില്ലകളെ നിയന്ത്രിക്കുന്ന വിധത്തിലുള്ള ശക്തിയായി മാറിക്കഴിഞ്ഞിരുന്നു.
2009-2010 കാലഘട്ടങ്ങളില്‍ ഭാരത മഹാരാജ്യത്തിന്റെ ഏകദേശം 40 ശതമാനം ഭൂപ്രദേശത്തെയും പ്രത്യക്ഷമായോ പരോക്ഷമായോ നിയന്ത്രിക്കാന്‍ കഴിയുന്ന ശക്തിയായി മാവോയിസം വളര്‍ന്നു. ഭാരതത്തിലെ 35% ജനങ്ങളെ ബാധിക്കുന്ന ഏറ്റവും വലിയ ആഭ്യന്തര സുരക്ഷാ ഭീഷണിയായി മാവോയിസ്റ്റ് ഭീകരവാദം മാറി. ഇവരെ നേരിടാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ ആയിരക്കണക്കിന് സുരക്ഷാസേനാ ഉദ്യോഗസ്ഥര്‍ക്ക് ജീവന്‍ നഷ്ടമായി. 2010ല്‍ ദന്തേവാഡയില്‍ 74 സിആര്‍ പിഎഫ് ജവാന്മാരെ കെണിയില്‍പ്പെടുത്തി ചതിച്ചുകൊന്ന വാര്‍ത്ത രാജ്യം ഞെട്ടലോടെയാണ് ശ്രവിച്ചത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ 6258 സാധാരണക്കാരെയും ഏതാണ്ട് 9000 സുരക്ഷാ ഉദ്യോഗസ്ഥരെയും മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തി. രാജ്യത്തിനുള്ളില്‍ ഭാരതത്തിന്റെ നീതി നിയമങ്ങള്‍ ബാധകമല്ലാത്ത നിരവധി സ്വയംഭരണ പ്രദേശങ്ങള്‍ മാവോവാദികള്‍ സൃഷ്ടിച്ചു. ഇവിടെ നികുതി പിരിവടക്കം നടത്തുവാന്‍ കഴിയുന്ന ശക്തികളായി ഇടത് ഭീകരര്‍ മാറി.
2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ദേശീയവാദികള്‍ അധികാരത്തില്‍ വന്നതോടെ മാവോയിസ്റ്റ് ആധിപത്യത്തിന് അറുതി വരുത്താനുള്ള പരിശ്രമങ്ങള്‍ ആരംഭിച്ചു.ജനകീയ ജനാധിപത്യത്തിന്റെ സൗകര്യങ്ങള്‍ അനുഭവിച്ച് ഇന്നാട്ടില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിസ്റ്റു പാര്‍ട്ടികളടക്കം പലരുടെയും പിന്‍തുണ മാവോയിസ്റ്റ് ഭീകരര്‍ക്ക് ഉണ്ടായിരുന്നു. ചെമ്പന്‍ ഭീകരവാദികളെ ഭരണകൂടം സായുധമായി നേരിടുമ്പോഴൊക്കെ ഇവര്‍ മനുഷ്യാവകാശവും മാവോയിസ്റ്റുകളുടെ മൗലികാവകാശങ്ങളുമൊക്കെ ഉദ്‌ഘോഷിച്ചു കൊണ്ട് സേനാമുന്നേറ്റങ്ങളെ നിരുത്സാഹപ്പെടുത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ 2026 മാര്‍ച്ച് 31ന് മുമ്പ് രാജ്യത്തു നിന്ന് മാവോയിസ്റ്റ് ഭീകരവാദം തുടച്ചുമാറ്റുമെന്ന് പ്രഖ്യാപിച്ചു കൊണ്ട് നടത്തിയ പരിശ്രമങ്ങള്‍ വിജയം കണ്ടിരിക്കുകയാണ്. സാമ ദാന ഭേദ ദണ്ഡങ്ങളൊക്കെ ആവശ്യാനുസരണം ഈ ദൗത്യത്തില്‍ ഭരണകൂടം പ്രയോഗിച്ചിട്ടുണ്ട്. ആയുധം വച്ച് കീഴടങ്ങുന്ന മാവോയിസ്റ്റുകള്‍ക്ക് ആകര്‍ഷണീയമായ പുനരധിവാസ പാക്കേജുകള്‍ നല്‍കിയിരുന്നു. ദാക്ഷിണ്യമില്ലാതെ സൈന്യം നടത്തിയ ഏറ്റുമുട്ടലുകളില്‍ നിരവധി കൊടുംഭീകരവാദികളും അവരുടെ നേതാക്കളും കൊല്ലപ്പെട്ടു. മൂന്നു വര്‍ഷം നീണ്ട ഓപ്പറേഷനാണ് ഇപ്പോള്‍ വിജയം കണ്ടിരിക്കുന്നത്.
സിപിഐ (എംഎല്‍), പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ്, മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്റര്‍ എന്നീ സംഘടനകള്‍ ലയിച്ച് 2004ല്‍ സിപിഐ (മാവോവാദി) എന്ന ഒറ്റ സംഘടനയായപ്പോള്‍ അതിന്റെ പിബിയില്‍ 25 പേരും കേന്ദ്ര കമ്മറ്റിയില്‍ 40 ല്‍ ഏറെ നേതാക്കളും പതിനായിരത്തിനടുത്ത് അണികളുമുണ്ടായിരുന്നു. കേന്ദ്രസേനകളുടെ നടപടികള്‍ക്കൊടുവില്‍ 2024-25 കാലഘട്ടമായപ്പോള്‍ പിബി അംഗങ്ങള്‍ 8 ഉം കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ 13 ഉം അണികള്‍ 2000 നും താഴെയായി കുറഞ്ഞു. അതോടെ സായുധവിപ്ലവം എന്ന സ്വപ്‌നം പൊലിഞ്ഞ മാവോയിസ്റ്റുകള്‍ വ്യാപകമായി ആയുധം വച്ച് കീഴടങ്ങാന്‍ തയ്യാറായി. ആന്ധ്രാപ്രദേശ്, ഒഡീഷ, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗോത്രമേഖലകളിലായിരുന്നു മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രങ്ങളില്‍ അധികവും. ആന്ധ്രയിലും ഒഡീഷയിലും സേനാ നടപടികള്‍ ശക്തിപ്പെടുത്തിയതോടെ ഭീകരര്‍ ഛത്തീസ്ഗഢ് കേന്ദ്രീകരിച്ച് പ്രതിരോധം ആരംഭിച്ചു. മാവോയിസ്റ്റുകളില്‍ ഭൂരിപക്ഷവും ഗോത്ര സമൂഹങ്ങളില്‍ നിന്നുള്ളവരായിരുന്നു. പ്രത്യയശാസ്ത്ര ബോധ്യം കൊണ്ട് മാവോയിസ്റ്റുകളായവരായിരുന്നില്ല ഇവര്‍. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദവും ഭീഷണിയും കൊണ്ട് മാവോയിസ്റ്റുകളായി മാറിയവരായിരുന്നു ഇവരെല്ലാം. അവികസിത മേഖലകളെ അങ്ങനെ തന്നെ നിലനിര്‍ത്തുക എന്നതായിരുന്നു മാവോയിസ്റ്റുകളുടെ ഒരു തന്ത്രം. റോഡോ, പാലങ്ങളോ, ഇന്റര്‍നെറ്റോ ഒന്നും വരാന്‍ അവര്‍ സമ്മതിച്ചിരുന്നില്ല. എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ആദ്യം ചെയ്തത് മാവോയിസ്റ്റ് സ്വാധീനമേഖലകളിലേയ്ക്ക് വികസനമെത്തിക്കുക എന്നതായിരുന്നു. ഇവിടെ 5000 കിലോമീറ്ററിലധികം പൊതുനിരത്തുകള്‍, ഉള്‍ഗ്രാമങ്ങളില്‍ പോലും പോസ്‌റ്റോഫീസ്, മൊബൈല്‍ ടവറുകള്‍, ആതുരാലയങ്ങള്‍, വിദ്യാലയങ്ങള്‍, ബാങ്ക് ശാഖകള്‍ എന്നിവയൊക്കെ എത്തിത്തുടങ്ങിയതോടെ ജനങ്ങള്‍ സര്‍ക്കാരിനൊപ്പമായി. ഇത് സായുധ സേനയുടെ നീക്കങ്ങളെ സുഗമമാക്കി. ഛത്തീസ്ഗഢിലെ നാരായണ്‍പൂരില്‍ മാവോയിസ്റ്റ് സംഘടനയുടെ ജനറല്‍ സെക്രട്ടറി നംബാല കേശവറാവു അടക്കമുള്ള നേതാക്കള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതോടെ ഭീകരവാദികള്‍ക്ക് കീഴടങ്ങുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലെന്നു വന്നു. ചൈനയില്‍ നിന്നുംമറ്റു ശത്രുരാജ്യങ്ങളില്‍ നിന്നും എത്തിയിരുന്ന സമ്പത്തിന്റെ സ്രോതസ്സുകൂടി തടഞ്ഞതോടെ മാവോയിസത്തിന്റെ പതനം പൂര്‍ണ്ണമായി. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലാതെ മാവോയിസ്റ്റ് ഭീകരവാദത്തെ തകര്‍ത്തെറിഞ്ഞ കേന്ദ്ര സര്‍ക്കാരും ആഭ്യന്തര വകുപ്പും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.





















