ലോകത്തിനാവശ്യമായ പെട്രോളിയം ഉത്പന്നങ്ങളുടെയും പ്രകൃതി വാതകത്തിന്റെയും വന്‍ നിക്ഷേപങ്ങള്‍ ഉള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ ഇസ്ലാമെന്ന സമാന മതവിശ്വാസമുണ്ടെങ്കില്‍ കൂടി പരസ്പരം ശത്രുത വച്ചു പുലര്‍ത്തുന്ന രാഷ്ട്രങ്ങളാണ്. അതുകൊണ്ടു തന്നെ കൊളോണിയല്‍ ചൂഷണതന്ത്രങ്ങളുമായി ഈ രാഷ്ട്രങ്ങളുടെയെല്ലാം ആഭ്യന്തര കാര്യങ്ങള്‍ വരെ തീരുമാനിക്കുന്നത് അമേരിക്കയാണ്. ഒട്ടുമിക്ക ഗള്‍ഫ് രാജ്യങ്ങളിലും അമേരിക്കന്‍ സൈനികത്താവളങ്ങള്‍ ഉണ്ട്. ശക്തമായ ദേശീയ ബോധമില്ലാത്ത ഈ രാജ്യങ്ങള്‍ തരം കിട്ടിയാല്‍ പരസ്പരം ആക്രമിക്കുമെന്നതാണ് അവസ്ഥ. അമേരിക്കന്‍ സൈനിക സാന്നിദ്ധ്യമുള്ളതുകൊണ്ടു മാത്രമാണ് ഇവ പരസ്പരം വിഴുങ്ങാത്തത്. അമേരിക്കയെ സംബന്ധിച്ച് പെട്രോളിയത്തിന്റെ സുഗമമായ ലഭ്യതയും ഭൗമ രാഷ്ട്രീയത്തില്‍ ആധിപത്യം ചെലുത്താനുള്ള ഇടം എന്ന നിലയ്ക്കുമാണ് ഗള്‍ഫ് രാജ്യങ്ങളെ കാണുന്നത്. അമേരിക്കയെ എതിര്‍ത്തുകൊണ്ട് നിലനില്‍ക്കാനുള്ള ശക്തി ഗള്‍ഫ് രാജ്യങ്ങള്‍ക്കൊന്നും ഇല്ല എന്നതാണ് വസ്തുത. ഈ പശ്ചാത്തലത്തില്‍ വേണം ഇപ്പോള്‍ നടക്കുന്ന അമേരിക്കന്‍ ഇറാന്‍ യുദ്ധത്തെ അവലോകനം ചെയ്യേണ്ടത്. യുദ്ധം ഏതാണ്ട് ഒരു മാസത്തോട് അടുക്കുമ്പോള്‍ യുദ്ധത്തിന്റെ പരിണതി ആഗോള കമ്പോളത്തെ സ്വാധീനിച്ചു തുടങ്ങി എന്നതാണ് അവസ്ഥ. റഷ്യയും ഉക്രൈനും തമ്മിലും അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലും നടക്കുന്ന യുദ്ധങ്ങള്‍ എത്ര നീണ്ടു നിന്നാലും അത് ലോക കമ്പോളത്തെ അത്ര പെട്ടെന്ന് സ്വാധീനിച്ചുകൊള്ളണമെന്നില്ല. ഗള്‍ഫ് മേഖലയില്‍ നടക്കുന്ന ചെറിയ യുദ്ധങ്ങള്‍ പോലും ഇന്ധനലഭ്യതയെ ബാധിക്കും എന്നുള്ളതുകൊണ്ടുതന്നെ അത് ലോക സമ്പദ്‌വ്യവസ്ഥയെ ഉലച്ചുകളയും. ഇത് നന്നായറിയുന്ന ഇറാന്‍ അമേരിക്കയെ ലോകം വെറുക്കുന്ന തരത്തിലൊരു യുദ്ധതന്ത്രമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ആയുധ ബലത്തിലും സമ്പത്തിലുമൊക്കെ അമേരിക്ക ഇറാനെക്കാള്‍ വളരെ മികച്ച നിലയിലാണെങ്കിലും യുദ്ധതന്ത്രത്തില്‍ ഇറാന്‍ മികച്ചു നില്‍ക്കുന്നു എന്ന് പറയാതെ വയ്യ.
ഫെബ്രുവരി 28 മുതലാണ് ഇസ്രായേലും അമേരിക്കയും ഇറാനെ ആക്രമിച്ചു തുടങ്ങിയത്. ഇറാന്‍ തങ്ങളുടെ പരിമിതമായ ശക്തി കൊണ്ട് ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ താവളങ്ങളെ ലക്ഷ്യം വച്ചു. വ്യോമ പ്രതിരോധ സംവിധാനത്തിന്റെ മികവുകൊണ്ട് ഇറാന്‍ ഡ്രോണുകളെയും മിസൈലുകളെയും ഒട്ടൊക്കെ പ്രതിരോധിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കായി. എന്നാല്‍ തുടരെ തുടരെയുള്ള ആക്രമണത്തില്‍ ഇറാന്റെ ചില ആയുധങ്ങളെങ്കിലും ലക്ഷ്യം കണ്ടു. മെയ്യനങ്ങി വലിയ ശീലമില്ലാത്ത ഗള്‍ഫിലെ ഷേഖുമാര്‍ക്ക് അമേരിക്കന്‍ താവളങ്ങള്‍ കൊണ്ടു മാത്രം സുരക്ഷ കിട്ടില്ല എന്ന് ബോധ്യപ്പെടുത്താന്‍ ഇറാനായി എന്നതാണ് സത്യം. അമേരിക്കന്‍ താവളങ്ങളെ കുറിച്ച് പുനര്‍വിചിന്തനത്തിന് ചില ഗള്‍ഫ് രാജ്യങ്ങളെങ്കിലും തയ്യാറായി കൂടെന്നില്ല. ഇറാന്റെ ആണവ പരീക്ഷണ നിലയങ്ങള്‍ എന്നു കരുതുന്ന കേന്ദ്രങ്ങളെയും ദീര്‍ഘദൂര മിസൈല്‍ സംഭരണശാലകളെയും എല്ലാം ആക്രമിച്ച് തകര്‍ക്കുന്നതില്‍ ഇസ്രായേല്‍ അമേരിക്കന്‍ സൈന്യം ഒട്ടൊക്കെ വിജയിച്ചു കഴിഞ്ഞു. ഖമേനി അടക്കമുള്ള നേതാക്കളെയും ഉന്‍മൂലനം ചെയ്തു. ഇറാനില്‍ തങ്ങള്‍ക്കനുകൂലമായ ഒരു പാവ സര്‍ക്കാരിനെ കൊണ്ടുവരുവാനുള്ള അമേരിക്കന്‍ ശ്രമം വിജയിച്ചിട്ടില്ല. അതിന് കരയുദ്ധം അനിവാര്യമാണ്. കരയുദ്ധം ആരംഭിച്ചാല്‍ അമേരിക്കന്‍ സൈന്യത്തിനും വന്‍ ആള്‍നാശം ഉറപ്പാണ്. യുദ്ധം അതിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്നതിന്റെ ലക്ഷണമാണ് ലോകത്തിലെ ഏറ്റവും വലിയ വാതകപ്പാടമായ ഇറാന്റെ സൗത്ത് പാര്‍സ് ഇസ്രായേല്‍ ആക്രമിച്ചത്. ലോകത്തിനൊന്നടങ്കം തുടര്‍ച്ചയായി 13 വര്‍ഷം ഉപയോഗിക്കാനുള്ള പ്രകൃതി വാതകം സൗത്ത് പാര്‍സില്‍ ഉണ്ടെന്നാണ് കണക്ക്. തെഹ്‌റാന് സമീപമുള്ള കറാജ്, ശഹ്‌റാന്‍ തുടങ്ങിയ ഊര്‍ജ്ജ നിലയങ്ങള്‍ കഴിഞ്ഞ ദിവസം അമേരിക്കന്‍ സേന ആക്രമിച്ചിരുന്നു. ഇറാനെ ദീര്‍ഘകാലത്തേയ്ക്ക് സാമ്പത്തികമായി തളര്‍ത്തുക എന്ന ലക്ഷ്യമാണ് ഈ ആക്രമണങ്ങള്‍ക്ക് പിന്നിലുള്ളത്. എന്നാല്‍ ഇറാന്റെ തിരിച്ചടി അമേരിക്കയുടെ കണക്കുകൂട്ടലുകളെ തെറ്റിക്കുന്ന വിധമായിരുന്നു. ഖത്തറിലെയും സൗദിയിലെയും യുഎയിലെയും, കുവൈത്തിലേയും ഇന്ധനപ്പാടങ്ങളെയും സംസ്‌ക്കരണ ശാലകളെയും ഇറാന്‍ ആക്രമിച്ചു. മിസൈലുകളും ഡ്രോണുകളുമൊക്കെ പ്രതിരോധിച്ചാലും അവയുടെ അവശിഷ്ടങ്ങള്‍ വീണാല്‍ പോലും തീ പടരാവുന്ന കേന്ദ്രങ്ങളാണ് ഇന്ധന നിലയങ്ങള്‍. ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങള്‍ ലക്ഷ്യമാക്കിയതോടെ ആഗോള വിപണിയില്‍ എണ്ണ വില കുതിച്ചു. ഈ യുദ്ധത്തിന്റെ പരിണതിയായി എണ്ണ വില നൂറ് ഡോളറിനു മേല്‍ ഉയരുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നതാണ്. എന്നാല്‍ ഇപ്പോഴത് ഇരുന്നൂറ് ഡോളര്‍ വരെ എത്താമെന്ന അവസ്ഥയാണുള്ളത്. ഭാരതം കിട്ടാവുന്ന രാജ്യങ്ങളില്‍ നിന്നെല്ലാം എണ്ണ വാങ്ങി കരുതല്‍ശേഖരം നിലനിര്‍ത്തിയതുകൊണ്ടാണ് ഇന്ധന വില വര്‍ദ്ധിപ്പിക്കാതെ മുന്നോട്ടു പോകാന്‍ കഴിയുന്നത്. എന്നുമാത്രമല്ല ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഭാരതം കുറച്ചു കൊണ്ടുവരികയും ചെയ്തിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ രൂപപ്പെടുന്ന രാഷ്ട്രീയ അസ്ഥിരത മുന്‍കൂട്ടി കണ്ട് റഷ്യയില്‍ നിന്നും മറ്റും ഇന്ധനം വരുത്താനുള്ള ഏര്‍പ്പാട് ചെയ്തതിനാലാണ് ഭാരത സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ പരിക്കേല്‍ക്കാതെ നിലകൊള്ളുന്നത്.
എന്തായാലും ഇന്ധന കേന്ദ്രങ്ങളെ പരസ്പരം ലക്ഷ്യം വച്ചു തുടങ്ങിയതോടെ യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന കാര്യം ഉറപ്പായി. യൂറോപ്പില്‍ പ്രകൃതി വാതക വില 25% വര്‍ദ്ധിച്ചു കഴിഞ്ഞിരിക്കുന്നു. എണ്ണ വില 10% വും വര്‍ദ്ധിച്ചു. അടിയന്തിര ശേഖരത്തില്‍ നിന്ന് 40 കോടി ബാരല്‍ എണ്ണ പുറത്തെടുക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും പ്രതിസന്ധി പരിഹരിക്കപ്പെടണമെന്നില്ല. യുദ്ധത്തിന്റെ അടുത്ത ഘട്ടം ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുക എന്നതാവും. അത് ഈ യുദ്ധത്തെ കൂടുതല്‍ ദുരന്ത പൂര്‍ണ്ണമാക്കും.
ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ അറബ് മുസ്ലീം രാജ്യങ്ങള്‍ സൗദിയില്‍ ചേര്‍ന്ന യോഗത്തില്‍ നിന്ന് ഒമാന്‍ വിട്ടുനിന്നു എന്നത് ഇറാന്റെ തന്ത്രം വിജയിക്കുന്നു എന്നതിന്റെ സൂചനയാണ്. എതിരാളികളുടെ ഇടയില്‍ ഭിന്നിപ്പുണ്ടാക്കുന്നതില്‍ ഒരു പരിധി വരെ ഇറാന്‍ ലക്ഷ്യം കണ്ടിരിക്കുന്നു. യുദ്ധത്തിന്റെ നിര്‍ണ്ണായകമായ ഈ ഘട്ടത്തില്‍ ഇന്ധനവും ഒരായുധമായി മാറിയിരിക്കുകയാണ്. ആത്യന്തികമായി ഇറാനടക്കമുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളെ എല്ലാം ശിഥിലീകരിക്കാന്‍ പോന്നതാണ് ഈ യുദ്ധം.





















