ലോകാധിപത്യത്തിനായി വന്‍ശക്തി രാഷ്ട്രങ്ങള്‍ സായുധബലതന്ത്രത്തെക്കാള്‍ ഇന്നാശ്രയിക്കുന്നത് സാമ്പത്തിക ശാക്തീകരണത്തിനാണ്. വാണിജ്യ വ്യാപാരക്കരാറുകളിലൂടെ ഒരിനം കോളനിവല്‍ക്കരണത്തിനു ശ്രമിക്കുന്ന അമേരിക്കക്ക് തങ്ങളുടെ സ്ഥിരം സമ്മര്‍ദ്ദ തന്ത്രങ്ങളൊന്നും ഭാരതത്തിന്റെ മേല്‍ ചിലവാകില്ലെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് തുല്യ പങ്കാളിയെന്ന നിലയിലേക്ക് ഭാരതത്തെ അംഗീകരിച്ചു കൊണ്ടൊരു വ്യാപാരകരാറിന് അവര്‍ സന്നദ്ധരായത്. ശീതയുദ്ധകാലത്തെ ശാക്തിക ചേരികളല്ല പുതിയ ലോകക്രമത്തില്‍ ഉരുത്തിരിഞ്ഞു വരുന്നത്. റഷ്യയുടെ പ്രതിസന്ധികള്‍ മുതലാക്കി ഏകധ്രുവ ശക്തിയാവാനുള്ള അമേരിക്കയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളികള്‍ ഭാരതത്തിന്റെയും ചൈനയുടെയും വളര്‍ന്നു വരുന്ന സമ്പദ്‌വ്യവസ്ഥയും ക്രയശേഷി കൂടിയ കമ്പോളവുമാണ്. ഭാരതത്തിന്റെ കമ്പോളത്തെ മറന്നു കൊണ്ട് ഇന്നൊരു ലോകശക്തിക്കും അവരുടെ സമ്പദ്ഘടനയെ രൂപകല്‍പ്പന ചെയ്യാന്‍ കഴിയില്ല. ഉക്രൈന്‍ യുദ്ധത്തില്‍ റഷ്യയെ കുടുക്കിയിട്ടുകൊണ്ട് സാമ്പത്തികവാണിജ്യ ലോകാധിപത്യത്തിന് ഇറങ്ങിത്തിരിച്ച ട്രംപിന് കൈകാര്യം ചെയ്യാന്‍ കഴിയാത്ത ഒരേയൊരു ഭരണാധികാരിയെ ഉണ്ടായിരുന്നുള്ളു. അത് നരേന്ദ്ര മോദിയായിരുന്നു. അമേരിക്കന്‍ ഉപരോധം വകവയ്ക്കാതെ റഷ്യയില്‍ നിന്ന് ഇന്ധനം ഇറക്കുമതി ചെയ്യുന്നതിനാല്‍ ഭാരതത്തിന്റെ ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ വന്‍നികുതികള്‍ ചുമത്തി ഭാരതത്തെ സമ്മര്‍ദ്ദത്തിലാക്കാനാണ് അമേരിക്ക ശ്രമിച്ചിരുന്നത്. എന്നാല്‍ ഇതര രാജ്യങ്ങളുമായും യൂറോപ്യന്‍ യൂണിയനുമായും ക്രിയാത്മകമായ വ്യാപാരക്കരാറിലേക്ക് എത്തിയ ഭാരതം അമേരിക്കന്‍ ധിക്കാരത്തിന് കൃത്യമായ മറുപടിയാണ് നല്‍കിയത്. ഭാരതവുമായി വ്യാപാരക്കരാറിലെത്തിയില്ലെങ്കില്‍ അത് ഭാവിയില്‍ അമേരിക്കന്‍ താത്പര്യങ്ങള്‍ക്കും സമ്പദ്‌വ്യവസ്ഥയ്ക്കും ഹാനി ഉണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞ ട്രംപ് കരാറിനുള്ള നയതന്ത്ര നീക്കങ്ങളിലായിരുന്നു. യൂറോപ്യന്‍ യൂണിയനുമായി ഭാരതം വ്യാപാരക്കരാറിലെത്തിയതാണ് അമേരിക്കയെ തിടുക്കത്തില്‍ ഭാരതവുമായി ഒരു കരാറിലെത്തുവാന്‍ നിര്‍ബന്ധിതമാക്കിയത്.
ദീര്‍ഘനാളായി തുടരുന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ കരാര്‍ ചട്ടക്കൂട് ഇക്കഴിഞ്ഞ ദിവസം പുറത്തിറക്കിയിരിക്കുകയാണ്. ഭാരത സമ്പദ് വ്യവസ്ഥയ്ക്ക് വന്‍ കുതിച്ചു കയറ്റം ഉണ്ടാക്കുന്ന തരത്തിലാണ് കരാറിന്റെ ഘടന. പുതിയ കരാര്‍ പ്രകാരം ഉഭയകക്ഷി വ്യാപാരം 45 ലക്ഷം കോടിയുടേതാണ്. ഇതില്‍ ഭാരതീയ കയറ്റുമതി സംഘങ്ങള്‍ക്ക് തുറന്നു കിട്ടുക അമേരിക്കയുടെ 30 ലക്ഷം കോടിയുടെ സമ്പദ് വ്യവസ്ഥയാണ്. കരാര്‍ പ്രഖ്യാപനത്തിന്റെ ഭാഗമായി ഭാരതത്തില്‍ നിന്നയക്കുന്ന തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍, ചെരുപ്പ്, തുകല്‍, പ്ലാസ്റ്റിക്ക്, റബ്ബര്‍, ഓര്‍ഗാനിക് കെമിക്കലുകള്‍, ഗൃഹാലങ്കാര വസ്തുക്കള്‍ എന്നിവയ്‌ക്കൊക്കെ ഇറക്കുമതി തീരുവ 50 ശതമാനത്തില്‍ നിന്നും 18 ശതമാനമായി കുറപ്പിയ്ക്കാന്‍ സാധിച്ചത് ഭാരതത്തിന്റെ നയതന്ത്ര വിജയമാണ്. ഈ മേഖലയില്‍ ഭാരതത്തോടു മത്സരിക്കുന്ന ചൈന, ബംഗ്ലാദേശ്, തായ്‌ലന്‍ഡ്, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കൊക്കെ ഭാരതത്തേക്കാള്‍ അധികം തീരുവയാണ് ചുമത്തിയിരിക്കുന്നത്. കരാറിന്റെ മറവില്‍ അമേരിക്കയ്ക്ക് ഭാരതത്തിന്റെ കാര്‍ഷിക വിപണി തുറന്നുകൊടുക്കാന്‍ പോകുന്നു എന്നുള്ളതായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന പ്രചാരണം. എന്നാല്‍ കാര്‍ഷിക വിപണിയിലേക്ക് ഒരു വിദേശ ശക്തിയേയും നുഴഞ്ഞു കയറാന്‍ അനുവദിക്കില്ലെന്ന നയം ഈ കരാറിലും ഭാരതം ഉയര്‍ത്തിപ്പിടിച്ചിരിക്കുകയാണ്. ഭാരത കമ്പോളത്തെ ചൈനീസ് ഉത്പന്നങ്ങള്‍ കൊണ്ടു കുത്തി നിറയ്ക്കാന്‍ കൂട്ടുനിന്ന കോണ്‍ഗ്രസ് ഭരണകാലത്തെ മറച്ചുവച്ചുകൊണ്ടാണ് നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ‘രാജകുമാരന്‍’ ആരോപണം ഉന്നയിക്കുന്നത്.
റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യാന്‍ പാടില്ലെന്ന അമേരിക്കന്‍ തിട്ടൂരത്തിന് ഭാരതം കീഴടങ്ങിയെന്ന ആരോപണത്തിന് യാതൊരടിസ്ഥാനവുമില്ല. പെട്രോളിയത്തിന് ഗള്‍ഫ് രാജ്യങ്ങളെ മാത്രം ആശ്രയിക്കുന്ന നയത്തില്‍ നിന്ന് വിവിധ രാജ്യങ്ങളില്‍ നിന്ന് വില കുറച്ച് ക്രൂഡോയില്‍ വാങ്ങുക എന്ന നയത്തിലേക്ക് ഭാരതം മാറിയത് നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിനു ശേഷമുണ്ടായ ഒരു മാറ്റമാണ്. അതിന്റെ പിന്നില്‍ സാമ്പത്തിക, പ്രതിരോധ, നയതന്ത്ര നീക്കങ്ങളുടെ തന്ത്രപരമായ വ്യതിയാനമാണ് കാണുന്നത്. ഇന്ധന വിപണിയില്‍ ആരുടെയും കുത്തകയെ ഭാരതം അംഗീകരിക്കുന്നില്ലെന്നു വന്നതോടെ ചരക്ക് വില കുറച്ചു നല്‍കാന്‍ പല രാജ്യങ്ങളും തയ്യാറായി. റഷ്യന്‍ എണ്ണയെക്കാള്‍ വില കുറച്ച് ഏത് രാജ്യം എണ്ണ നല്‍കിയാലും ഭാരതം വാങ്ങുക തന്നെ ചെയ്യും. ചൈനീസ് നിയന്ത്രണത്തില്‍ ഇരുന്ന വെനീസ്വലയുടെ എണ്ണവിപണിയിലേക്ക് എത്തുവാന്‍ ഭാരതത്തിന് യാതൊരു മടിയുമുണ്ടാവില്ല. ഭാരതം ഭാരതത്തിന്റെ സാമ്പത്തിക താത്പര്യം മാത്രമാണ് നോക്കുക എന്നു മാത്രമല്ല വെനീസ്വലയുമായി ഭാരതത്തിന് മുമ്പും വ്യാപാര ഇടപാടുകള്‍ ഉണ്ടായിരുന്നതാണ്. ഇക്കഴിഞ്ഞ ജനുവരി 30 ന് വെനിസ്വലയുടെ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിക്കുകയും വ്യാപാരം, നിക്ഷേപം, ഊര്‍ജ്ജം, ഡിജിറ്റല്‍ സാങ്കേതിക വിദ്യ, ആരോഗ്യം, കൃഷി എന്നീ മേഖലകളിലെല്ലാം പങ്കാളിത്തം ശക്തമാക്കാനുള്ള താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
വ്യാപാര കരാറിന്റെ സമ്മര്‍ദ്ദ തന്ത്രവുമായി ഡൊണാള്‍ഡ് ട്രംപ് ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളെയൊക്കെ പ്രതിസന്ധിയിലാക്കിയിരുന്നു. അമേരിക്കയിലേക്കുള്ള അപൂര്‍വ്വ ധാതുക്കളുടെ കയറ്റുമതി നിരോധിച്ച ചൈനയ്ക്കു പോലും ആ തീരുമാനത്തില്‍ നിന്ന് പിന്‍മാറേണ്ടി വന്നു. ഇതേ പോലെ സമ്മര്‍ദ്ദവും ഭീഷണിയും ഭാരതത്തിനു മേല്‍ പ്രയോഗിച്ചു നോക്കിയെങ്കിലും ഒടുക്കം ഭാരതം നിശ്ചയിച്ച സമയത്തും ക്രമത്തിലുമാണ് വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായത്. വ്യാപാര കരാര്‍ ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍ മുതല്‍ 50% തീരുവ അമേരിക്ക ചുമത്തിയെങ്കിലും ഭാരതം തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. 2026 മാര്‍ച്ചില്‍ കരാര്‍ ഒപ്പുവയ്ക്കുക എന്ന ലക്ഷ്യമുറപ്പിച്ചു കൊണ്ടായിരുന്നു ഭാരതം കരുനീക്കം നടത്തിയത്. യു.എസ്. സുപ്രീം കോടതിയിലുള്ള തീരുവ കേസിന്റെ വിധി ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ പുറത്തുവരുമെന്നതിനാലാണ് ഇങ്ങനെ ഒരു തന്ത്രം ഭാരതം സ്വീകരിച്ചത്. പതിറ്റാണ്ടുകള്‍ കൊണ്ട് ഭാരതവുമായി അമേരിക്ക വളര്‍ത്തിയെടുത്ത ബന്ധം ട്രംപ് തകര്‍ത്തു കളഞ്ഞുവെന്നും ഇത് ഭൗമ രാഷ്ട്രീയത്തില്‍ അമേരിക്കയെ ദുര്‍ബലപ്പെടുത്തുന്നുണ്ടെന്നും ഉള്ള വിമര്‍ശനം ശക്തമായി ഉയര്‍ന്നു വന്നതോടുകൂടി ഇത്തരമൊരു വ്യാപാരക്കരാര്‍ അനിവാര്യമാകുകയായിരുന്നു. തീരുവ യുദ്ധം നീണ്ടു പോയാല്‍ ഭാരതവുമായുള്ള രാഷ്ട്രീയ സൈനിക ബന്ധത്തെ അത് ബാധിക്കുമെന്നും ഇത് അമേരിക്കയുടെ ഇന്‍ഡോ-പെസഫിക് നയത്തിന് തിരിച്ചടിയാകുമെന്നും മേഖലയില്‍ ചൈനയുടെ ബലം തങ്ങള്‍ക്ക് വെല്ലുവിളിയാകുമെന്നും മനസ്സിലാക്കിയ അമേരിക്ക ഭാരതവുമായുള്ള തീരുവ യുദ്ധത്തിന് സുല്ലു പറഞ്ഞിരിക്കുകയാണ്. ആത്യന്തികമായി ഭാരത-അമേരിക്കന്‍ വാണിജ്യ കരാര്‍ ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ രാജപാത തുറക്കുന്ന ഒന്നാണെന്ന് പറയാന്‍ കഴിയും.





















