ഒരു തുലാപ്പത്ത് കൂടി പിന്നിട്ടപ്പോള്‍ ഉത്തരമലബാറില്‍ ചോപ്പും ചിലമ്പുമണിഞ്ഞ തെയ്യക്കോലങ്ങള്‍ മണ്ണിലിറങ്ങിത്തുടങ്ങി. തികച്ചും ആശങ്കാജനകമായ ഒരു അന്തരീക്ഷത്തിലാണ് ഇത്തവണ തെയ്യം അരങ്ങേറുക എന്നത് ചിന്തനീയമാണ്. എന്തെന്നാല്‍ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും കരിവാരിത്തേക്കാന്‍ ഭരണകൂടവും പരമോന്നത കോടതിയും തന്നെ മുന്നിട്ടിറങ്ങിയ അവസ്ഥയാണ് ഇന്ന് സംജാതമായത്. വിശ്വാസത്തെ യുക്തിയുടെ അളവുകോല്‍ വച്ച് അളന്ന് തിട്ടപ്പെടുത്തുക എന്ന അനാശാസ്യം പ്രവര്‍ത്തിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. വൈവിദ്ധ്യത്തിലധിഷ്ഠിതമായ നമ്മുടെ വിശ്വാസപ്രമാണങ്ങളുടെ പൊലിമ ഇതിനെ എത്ര കണ്ട് അതിജീവിക്കും എന്ന് കണ്ടറിയണം. നാനാത്വത്തിലധിഷ്ഠിതമായ ഈ ആചാര-അനുഷ്ഠാനങ്ങള്‍ തന്നെയാണ് നമ്മെ ഒന്നായി നിലനിര്‍ത്തിയതും അനേകം സംസ്‌കാരങ്ങളെ സ്വീകരിച്ച് കൂടെ നിര്‍ത്താന്‍ പ്രേരിപ്പിച്ചതും എന്ന് മറക്കരുത്. ഈ വൈവിധ്യം കാരണമാണ് മുച്ചിലോട്ട് ഭഗവതി തൊട്ട് മാപ്പിളത്തെയ്യം വരെ ഒരേ സംസ്‌കാരത്തിന്റെ കീഴില്‍ തഴച്ചുവളര്‍ന്നത് എന്നതും മറക്കാതിരിക്കാം. എന്തായാലും കലക്ക് അപ്പുറത്ത് ഇന്നും തെയ്യത്തെ വളര്‍ത്തിയ ഘടകങ്ങളെക്കുറിച്ച് ചുരുക്കത്തില്‍ ഒന്ന് ചിന്തിക്കുന്നത് ഈ തെയ്യക്കാലത്ത് തെയ്യത്തെ അടുത്തറിയാന്‍ സഹായമാവുമെന്ന് പ്രത്യാശിക്കട്ടെ.
തെക്ക് കോരപ്പുഴ മുതല്‍ വടക്ക് ചന്ദ്രഗിരിപ്പുഴ വരെയാണ് തെയ്യത്തിന്റെ സാമാന്യഭൂപടം. അള്ളട, കോലത്തിരി, കുറുമ്പ്രനാട്, കടത്തനാട്, അംമ്പ്‌ളാട് എന്നീ മേഖലകളിലായാണ് തെയ്യം ഉര്‍വ്വരത പ്രാപിച്ചത്. അള്ളട സ്വരൂപവും (നീലേശ്വരം) ചിറക്കല്‍ സ്വരൂപവും (കണ്ണൂര്‍-കോട്ടയം) തെയ്യത്തിന്റെ ഉല്‍പ്പത്തിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. അത്യുത്തര മലബാറില്‍ ‘തെയ്യം’ എന്നും കടത്തനാട് – അംമ്പ്‌ളാട് (വടകര) മേഖലകളില്‍ ‘തിറ’ എന്നും അറിയപ്പെടുന്നുണ്ടെങ്കിലും സാമാന്യഘടന ഒന്നു തന്നെയാണ്. ഈ ദേശങ്ങളില്‍ നിലനില്‍ക്കുന്ന കാവ്, കൊട്ടം, താനം, മണ്ഡകം, പള്ളിയറ തുടങ്ങിയ ഇടങ്ങളിലാണ് തെയ്യം അരങ്ങേറുക. വിളവെടുപ്പ് കാലത്ത് നടത്തിവന്ന വയല്‍ത്തെയ്യങ്ങള്‍ ഇന്ന് കൃഷി നശിച്ചതോടെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി. ഇന്ന് വീടുകളില്‍ മുത്തപ്പന്റെ കോലം പ്രാര്‍ത്ഥനയായി കെട്ടിയാടുന്നത് കൂടുതലായി കാണുന്നുണ്ട്. ഇന്ന് കോരപ്പുഴയും ചന്ദ്രിഗിരിപ്പുഴയും കടന്ന് വിദേശങ്ങളിലും തെയ്യത്തിന്റെ ആര്‍പ്പുവിളികള്‍ മുഴങ്ങിത്തുടങ്ങി. അനുഗ്രഹവും ആശീര്‍വ്വാദവും തേടി അവിടെയും ആളുകള്‍ എത്തിച്ചേരുന്നു. തെയ്യത്തിന്റെ സാമാന്യഭൂപടം ഇത്രയുമാണ്.
മലയര്‍, മുന്നൂറ്റാന്‍, പെരുവണ്ണാന്‍, അഞ്ഞൂറ്റാന്‍ തുടങ്ങിയ സമുദായങ്ങളാണ് പ്രധാനമായും തെയ്യത്തിന്റെ കോലക്കാര്‍. പുരുഷന്മാരാണ് തെയ്യത്തിന്റെ കോലധാരികളെങ്കിലും സ്ത്രീകള്‍ കോലക്കാരായ ‘ദേവക്കൂത്ത്’ പ്രാധാന്യമര്‍ഹിക്കുന്നു. ദൈവക്കരുവായി മാറിയ മനുഷ്യക്കോലങ്ങളെ കൂടുതലായും പെരുവണ്ണാന്മാരും മുന്നൂറ്റന്മാരും അഞ്ഞൂറ്റന്മാരും വേഷമിടുമ്പോള്‍ ദേവക്കോലങ്ങളെ കൂടുതലായും മലയസമുദായത്തിനാണ് അവകാശം സിദ്ധിച്ചത്. ജാതിവഴക്കം തെയ്യത്തിന്റെ തനിമയ്ക്ക് ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. എങ്കിലും വിവിധ ജാതികളുടെ അതായത് നായാടി മുതല്‍ നമ്പൂതിരിവരെയുള്ളവരുടെ സമഞ്ജസമായ സമ്മേളനത്തിലാണ് തെയ്യത്തിന്റെ പൂര്‍ണ്ണത.
അത്യന്തം ഗുരുത്വം ആവശ്യമായ ഒരനുഷ്ഠാനകലയാണ് തെയ്യം. കാരണം ഇത് പരമ്പരാഗതമായി കൈവന്ന അവകാശമാണ്. ആദ്യകാലത്ത് തെയ്യം ഇന്നത്തേത് പോലെ ആലങ്കാരികമായിരുന്നില്ല എന്ന് വേണം കരുതാന്‍. അതാത് സമുദായത്തില്‍ പെട്ട ഗുരുക്കന്മാരുടെ സംഭാവനകള്‍ തെയ്യത്തിന്റെ ആലങ്കാരികത വര്‍ദ്ധിപ്പിച്ചു. ആ ഗുരുത്വം കെട്ടുപോവാതെ കാത്തുസൂക്ഷിക്കേണ്ടത് ഒരു തെയ്യക്കാരന്റെ ഉത്തരവാദിത്തമാണ്. കൂടാതെ തെയ്യത്തിന്റെ നെറ്റിയിലണിയുന്ന പൈതാലിപ്പട്ടയില്‍ ഇരുപത്തിനാല് മഹാഗുരുക്കന്മാരെ പ്രതിഷ്ഠിച്ചാരാധിച്ചു പോന്നു. ഈ പൈതാലിപ്പട്ടയെ വിളക്കും പൂവും ചാര്‍ത്തി ആരാധിച്ചതിനു ശേഷം മാത്രമേ കോലധാരി കോലത്തിനായി ഒരുങ്ങുകയുള്ളൂ. അത്രമാത്രം ഗുരുത്വത്തിന് പ്രാധാന്യം നല്‍കുന്നു തെയ്യാനുഷ്ഠാനത്തില്‍. ചിറക്കല്‍ രാജാവിന്റെ സദസ്സില്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം ഒരു ദിവസം കൊണ്ട് ‘ഒന്നൂറ നാല്‍പ്പത്’ (മുപ്പത്തൊമ്പത്) തെയ്യങ്ങളെ കെട്ടിയാടിയ ആദിമണക്കാടന്‍ ആണത്രെ ആദ്യം തെയ്യം ഗുരുനാഥന്‍ എന്ന് പെരുവണ്ണാന്മാര്‍ വിശ്വസിച്ചുപോരുന്നു.
ഒരു സാധാരണ മനുഷ്യന്‍ തെയ്യമായി പരിണമിക്കണമെങ്കില്‍ അതിന് ഒരുപാട് ഘട്ടങ്ങളിലൂടെ അയാള്‍ മാനസികമായും ശാരീരികമായും കടന്നു പോവേണ്ടിയിരിക്കുന്നു. ‘കൊടിയില വാങ്ങുക’ എന്ന പ്രാരംഭ ചടങ്ങ് തൊട്ട് തിരുമുടി അണിയുന്നതു വരെയുള്ള ഒരുപാട് ഘട്ടങ്ങള്‍ അഭിമുഖീകരിച്ചാണ് അയാള്‍ തെയ്യമാവുക. ഈ സമയത്തുടനീളം കോലധാരിയുടെ മനസ്സിലേക്ക് അതാത് തെയ്യത്തിന്റെ സങ്കല്പങ്ങള്‍ ഉരുത്തിരിഞ്ഞ് വരണം. ഇതിന്റെ ആദ്യപടി വ്രതനിഷ്ഠയാണ്. നിശ്ചിത ദിവസം വ്രതമെടുത്തതിനുശേഷം മാത്രമാണ് ഒരു കോലധാരി കാവിലെത്തി ചോപ്പണിയുക. പിന്നീട് അരിചാര്‍ത്തി മുഖത്തെഴുതി ആടയാഭരണങ്ങളണിഞ്ഞ് ദേവതാനത്ത് എത്തിയാല്‍ ആദ്യം സാമ്പ്രദായികമായ ആട്ടമായിരിക്കും. ആ ആട്ടത്തിലൂടെ സദസ്യര്‍ക്ക് തെയ്യത്തിലേക്ക് എത്തിച്ചേരുവാന്‍ മാനസികമായ ഒരു അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയാണ്. അതേസമയം കോലധാരി തന്റെ ശരീരബോധം ക്രമേണ മറന്നുപോവുന്നു. ശേഷം അതിപ്രധാനമായ താന്ത്രികകര്‍മ്മങ്ങളാണ്. അത്യന്തം നിഗൂഢവും അതി പൗരാണികവുമായ താന്ത്രിക കര്‍മ്മത്തിനുശേഷം അതിപ്രധാനമായ തോറ്റം ആണ്. തോറ്റത്തിന് സ്തുതി, ധ്യാനം എന്നിങ്ങനെയൊക്കെ അര്‍ത്ഥമെടുക്കാം. ധ്യാനം എന്ന അര്‍ത്ഥമായിരിക്കും കൂടുതല്‍ ഉചിതം. എന്തെന്നാല്‍ ശാരീരിക ബോധം മറന്ന ഹൃദയത്തിലേക്ക് അതാത് ദൈവസങ്കല്പങ്ങള്‍ പ്രത്യേക ഈണത്തില്‍ തോറ്റിയുണരപ്പെടുകയാണ് അഥവാ സൃഷ്ടിച്ചെടുക്കപ്പെടുകയാണ്. ഈ സമയത്ത് അതാത് ദേവതയുമായി കോലധാരി ഐക്യപ്പെടുന്നു. അതാണ് യോഗം. അഥവാ കൂടിച്ചേരല്‍. ശേഷം കോലമില്ല; കോലധാരിയും ഇല്ല-തെയ്യം മാത്രം. ഇപ്പോള്‍ രൂപം ദൈവികവും വാക്കുകള്‍ അരുളപ്പാടുകളുമാവുന്നു.
തോറ്റത്തിന് മുന്നോടിയായി നടക്കുന്ന താന്ത്രിക കര്‍മ്മങ്ങളിലേക്ക് ശ്രദ്ധിച്ചാല്‍; അവിടെ നടക്കുന്നത് പഞ്ചഭൂതാരാധന തന്നെയാണ് എന്ന് വ്യക്തമാകും. ഒരു പൂജാരി ശ്രീകോവിലിനുള്ളില്‍ വെച്ച് നടത്തുന്ന ദീപം, ധൂപം, ഗന്ധം, പുഷ്പം, ജലം എന്നിവ ഉപയോഗിച്ച് നടത്തുന്ന പഞ്ചോപചാര പൂജ തന്നെയാണ് കാവിലെ പീഠത്തില്‍ വച്ച് കോലധാരിയും അനുഷ്ഠിക്കുന്നത്. എന്നാല്‍ രീതി മാറുന്നു. ഇവിടെ ദീപമായി കുത്തുവിളക്കിലെ ദീപവും ധൂപമായി കരിന്തിരിപ്പുകയും ഗന്ധമായി ചന്ദനവും പുഷ്പമായി തുളസിയും ഉപയോഗിച്ച് ആയുധത്തിലേക്കും ഹൃദയത്തിലേക്കും ദൈവികതയെ ആവാഹിക്കുകയാണ്. എങ്കിലും അതിന്റെ പ്രസരണം ഭക്തജനങ്ങളിലേക്ക് എത്തണമെങ്കില്‍ അത് തരംഗരൂപത്തില്‍ ഉത്സര്‍ജ്ജിതപ്പെടേണ്ടതുണ്ട്. അതിനാണ് ശേഷമുള്ള തോറ്റം. ഈസമയം കോലധാരിയുടെ ശരീരത്തിലെ കുണ്ഡലിനിശക്തി ഉണര്‍ന്ന് മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞാ എന്നീ ഷഡ്ചക്രങ്ങളെ ഭേദിച്ച് സഹസ്രാരപത്മത്തിലൂടെ പുറമേക്ക് പ്രവഹിക്കുന്നു. ആ ചൈതന്യത്തിന്റെ പ്രസരണത്തിനുവേണ്ടിയാണ് ഓരോ കാവും കുടികൊള്ളുന്നത്. കോലധാരിയുടെ ഉണര്‍ത്തപ്പെട്ട കുണ്ഡലിനി ശക്തി കാവില്‍ തോറ്റിയുണര്‍ത്തപ്പെട്ട ശക്തിയുമായി ചേര്‍ന്ന് പൂര്‍ണ്ണദൈവികത കൈവരുന്നു.
ഇനി പ്രധാനമായ മറ്റൊരു ഘടകം തെയ്യത്തിന്റെ നിര്‍വ്വഹണ സിദ്ധാന്തമാണ് (Perform theory). തെയ്യത്തിന്റെ പൂര്‍ണ്ണതയ്ക്ക് അത്യന്താപേക്ഷിതമായ ഘടകമാണ് ഇത്. മുന്‍കാലത്ത് ആചാര്യന്മാരാല്‍ നിശ്ചയിക്കപ്പെട്ട സ്ഥലം, കാലം, വ്യക്തി എന്നിവ പ്രധാനമാണ് എന്ന് ചുരുക്കം. ഉദാഹരണമായി ഒരു ഘോഷയാത്രയില്‍ തെയ്യക്കോലം കെട്ടി നടത്തിച്ചാല്‍ അത് ജഡവേഷമാണ.് എന്തെന്നാല്‍ ദൈവികത അവിടെ അന്യമാണ്. കാവിലെ പീഠത്തിലോ ആയുധത്തിലോ ആചാര്യന്‍ പ്രതിഷ്ഠിച്ച ദൈവികതയെ ആണ് കോലധാരി വിളിച്ചുണര്‍ത്തി താദാത്മ്യം പ്രാപിക്കുന്നത്. ആയതിനാല്‍ അനവസരങ്ങളിലും മറ്റും തെയ്യക്കോലത്തെ തെരുവിലൂടെ നടത്തി അവഹേളിക്കരുത് എന്ന് താത്പര്യം.
അതിവിശേഷമായ ഒരു വാങ്മയ സംസ്‌കാരത്തിന്റെ ഈടുവെയ്പ് കൂടിയാണ് തെയ്യസംസ്‌കൃതി. സംസ്‌കൃതവും നാടന്‍ മലയാളവും ചേര്‍ന്നു വരുന്ന ഒരു മിശ്രഭാഷയിലാണ് തെയ്യം അരുളപ്പാട് നടത്തുക. പൗരാണികമായ ഒരു കാലഘട്ടത്തിന്റെ തുടിപ്പുകള്‍ ഈ ഭാഷയിലൂടെ നമുക്ക് വായിച്ചെടുക്കുവാന്‍ കഴിയും. മലയാളത്തിന്റെ ക്ലാസിക് പാരമ്പര്യത്തിലേക്ക് തെയ്യത്തിന്റെ ഈ വാങ്മയ സംസ്‌കാരം മുതല്‍ക്കൂട്ടായ് വരും.
തെയ്യം നടത്തുന്ന സാമൂഹ്യ വിമര്‍ശനത്തിലേക്ക് നമുക്കൊന്ന് ശ്രദ്ധിക്കാം. തെയ്യം ഒരു പ്രത്യേക ജനവിഭാഗത്തിന്റെ ഇടയില്‍ വളര്‍ന്നുവന്നതായിരിക്കണം. ഗോത്ര സംസ്‌കാരത്തിന്റെ ഏടുകള്‍ അതില്‍ ഒരുപാട് അടങ്ങിയിരിക്കുന്നു. അടിച്ചമര്‍ത്തപ്പെട്ട ഒരു ജനവിഭാഗത്തിന്റെ രോഷത്തില്‍ നിന്ന് ഉണര്‍ത്തപ്പെട്ടതാകാം. അപ്പോള്‍ സമൂഹത്തോട് അവര്‍ക്ക് നേരിട്ട് തുറന്നു പറയാനാവാത്ത ചില സത്യങ്ങള്‍ തെയ്യത്തിലേക്ക് ആവിഷ്‌കരിക്കപ്പെട്ടതാവാം. പൊട്ടന്‍ തെയ്യം ഒരുദാഹരണമാണ്.
നാങ്കളെ കൊത്ത്യാലും
ചോപ്പല്ലോ ചോര….
നീങ്കളെ കൊത്ത്യാലും
ചോപ്പല്ലോ ചോര….
എന്ന അദ്വൈത തത്വം ലളിതമായി ഇവിടെ ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നു. ഉന്നതമായ തറവാടുകളില്‍ അടിച്ചമര്‍ത്തപ്പെട്ട സ്ത്രീജന്മങ്ങളുടെ കഥയാവാം ചിലത്. എണ്ണമറ്റ പെണ്‍കോലങ്ങള്‍ ഇതിനുദാഹരണമായി ചൂണ്ടിക്കാണിക്കാം. ഭാവിയില്‍ ഒരു സ്ത്രീക്കും ഇങ്ങനെയുള്ള ഒരു അരക്ഷിതാവസ്ഥ ഉണ്ടാവരുത് എന്ന് വിളിച്ചോതുന്ന തെയ്യങ്ങളാണവ. സ്ത്രീയുടെ ചാരിത്ര്യശുദ്ധിയെ നൂറുമേനി പ്രകാശിപ്പിക്കുന്ന ‘മാക്കവും മക്കളും’ അതിവിശേഷമായ തെയ്യമാണ്. ജാതീയമായ ഉച്ചനീചത്വങ്ങളെ ധിക്കരിക്കുന്ന ‘അഴിമുറി’ തിറകള്‍ കടത്തനാട്ടില്‍ കാണപ്പെടുന്നു. ചിലത് നായാട്ട്, കൃഷി മുതലായവയുടെ വിജയത്തിനായി ഉപാസനാമൂര്‍ത്തിക്ക് പ്രാര്‍ത്ഥനയായി നടത്തുന്ന തെയ്യങ്ങളാണ്. ഒരു പക്ഷേ മദ്യം, ബലി മുതലായവ കൂടുതലായി തെയ്യത്തില്‍ വ്യാപിച്ചത് ഈ വഴിക്കാകാം. അതുമല്ല ചിലപ്പോള്‍ വീരാരാധനാ രൂപത്തിലാകാം. വൈദ്യം, ഇന്ദ്രജാലം, മഹേന്ദ്രജാലം, ആയോധനം, ഉപാസന ഇങ്ങനെ ഏതെങ്കിലും മേഖലകളില്‍ കഴിവു തെളിയിച്ച വീരനായകരാകാം. ഉത്തരമലബാറിലെ കതിവനൂര്‍ വീരന്‍, കണ്ടനാര്‍ കേളന്‍ തൊട്ട് കടത്തനാട്ടിലെ തച്ചോളി ഒതേനന്‍ വരെ ഇക്കൂട്ടത്തില്‍ വരും. തറവാട്ടിന്റെ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടി കെട്ടി പേരിട്ട് ആരാധിക്കുന്ന രീതിയും കാണപ്പെടുന്നുണ്ട്. എന്നിരുന്നാലും ഓരോ തെയ്യത്തിന്റെ പിന്നിലും ഒരു തത്വം കുടികൊള്ളുന്നുണ്ട് എന്ന് മറക്കരുത്. ആ തത്വം നമ്മെ നന്മയിലേക്ക് അടുപ്പിക്കുന്നതായിരിക്കും.
ഇത്രയൊക്കെ ഇവിടെ പ്രസ്താവിച്ചതിന് മതിയായ കാരണങ്ങള്‍ ഉണ്ട്. തെയ്യത്തിന്റെ തനിമ ചോര്‍ന്നുപോവുന്നുണ്ട്. കമ്പോളവത്കരണത്തെ ഏറെക്കുറെ ചെറുത്ത് നില്‍ക്കുന്ന ഒരു അനുഷ്ഠാനമാണ് എങ്കിലും കാലത്തിന്റെ മാറ്റങ്ങള്‍ അല്‍പ്പാല്‍പ്പം തെയ്യത്തിലും കാണുന്നു. കൂടാതെ വെറും കൗതുകത്തിന്റെ പേരില്‍ തെയ്യം കാണാന്‍ വരുന്നവര്‍ കൂടുന്നു. അവയെക്കുറിച്ച് തത്വപഠനത്തിന് ഒരവസരം ഇന്നും സംജാതമായിട്ടില്ല. ആയതിനാല്‍ കഥയറിയാതെ ആട്ടം കാണുന്ന ഒരു കാലമാണ് ഇന്നുള്ളത്. കൂടാതെ ഒരുവശത്ത് ഭരണകര്‍ത്താക്കള്‍ തന്നെ തെയ്യത്തെ അവഹേളിക്കുന്നു. നമ്മുടെ വിശ്വാസപ്രമാണങ്ങളെ ആവതും അന്ധവിശ്വാസങ്ങളെന്ന് മുദ്രകുത്താന്‍ വെമ്പുന്ന വേറൊരു കൂട്ടര്‍ മറുവശത്ത്. ഇതിനിടയില്‍ തെയ്യത്തിലൂടെ സമൂഹത്തിലേക്ക് പകരേണ്ടുന്ന സത്യങ്ങള്‍ എത്രകണ്ട് സാര്‍ത്ഥകമാകും? അതുകൊണ്ട് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കയാണ്. തെയ്യം കലയല്ല; അത് ഒരു അനുഷ്ഠാനമാണ്. ഇതിന് ഉപോദ്ബലകമായി തെയ്യം ഗുരുനാഥനായ നര്‍ത്തകരത്‌നം കൊടക്കാട് കണ്ണന്‍ പെരുവണ്ണാന്റെ വാക്കുകളോട് കൂടി ഈ ലേഖനം ഉപസംഹരിക്കട്ടെ.
”തെയ്യം കലാകാരന്‍ എന്ന വിശേഷണം ഞാന്‍ ബോധപൂര്‍വ്വം ഉപയോഗിക്കാത്തതാണ്. എന്തെന്നാല്‍ കലയ്ക്കും അപ്പുറത്താണ് തെയ്യം. ഒരു കോലധാരിക്ക് അയാള്‍ കലാപ്രകടനം നടത്തുകയാണ് എന്ന ചിന്ത ഉണ്ടാവാന്‍ പാടില്ല. അങ്ങനെ ഒരു വിചാരമുണ്ടാവുമ്പോള്‍ തെയ്യം ഇല്ലാതാവുന്നു.” (ചിലമ്പിട്ട ഓര്‍മ്മകള്‍)