മതേതരത്വത്തിന്റെ മേലങ്കിയണിഞ്ഞ് മതഭരണസ്ഥാപനത്തിനുവേണ്ടി അഹോരാത്രം പണിയെടുക്കുന്ന അനേകം ഇസ്ലാമിക ഭീകരസംഘടനകള്‍ ഭാരതത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജനസംഖ്യാപരവും ഭരണപരവുമായ അന്തരീക്ഷം അനുകൂലമാകുമ്പോള്‍ അധിനിവേശത്തിന്റെ അസ്ത്രങ്ങള്‍ പുറത്തെടുക്കാന്‍ അവസരം കാത്തുകഴിയുകയാണവര്‍. സ്വാതന്ത്ര്യത്തിന്റെ ശതാബ്ദിക്ക് മുന്‍പ് ഭാരതത്തില്‍ മതവിഭജനങ്ങളിലൂടെ മാപ്പിളസ്ഥാനുകള്‍ സ്ഥാപിച്ചെടുക്കാന്‍ വിദേശ ശക്തികളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഭീകരവാദികളുടെ പ്രധാന പറുദീസകളിലൊന്ന് കേരളമാണ്. അടുത്തിടെ മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി കേരള മുസ്ലിം ജമാഅത്ത് രംഗത്തു വന്നത് ആസന്നമായിക്കൊണ്ടിരിക്കുന്ന അപകടത്തിന്റെ അപായകരമായ സൂചനയാണ്. മലപ്പുറം ജില്ലയിലെ 47 ലക്ഷത്തോളം വരുന്ന ജനങ്ങളെ സംബന്ധിച്ച് നിലവിലെ ഭരണസൗകര്യങ്ങള്‍ പരിമിതമാണെന്നും ജില്ല വിഭജിച്ചാല്‍ മാത്രമേ എല്ലാവര്‍ക്കും വികസനവും സൗകര്യങ്ങളും ഉറപ്പാക്കാന്‍ സാധിക്കൂ എന്നുമാണ് കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി അഭിപ്രായപ്പെട്ടത്. മലപ്പുറം ജില്ല വിഭജിക്കണമെന്ന വാദം പുതിയതല്ല. തിരൂര്‍ കേന്ദ്രമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്ന് നേരത്തെ കുറുക്കോളി മൊയ്തീന്‍ എംഎല്‍എ ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച് മുന്‍പ് എസ്ഡിപിഐ ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള സമരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
ഭാരതത്തില്‍ പാകിസ്ഥാന്‍വാദത്തിനൊപ്പമാണ് മാപ്പിളസ്ഥാന്‍ വാദവും ഉയര്‍ന്നുവന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് പിന്നീട് മലപ്പുറം ജില്ല രൂപീകരിക്കപ്പെട്ടതും. അതിന്റെ അടിസ്ഥാനം വികസനവാദപരമായിരുന്നില്ല, വിഭജനവാദപരമായിരുന്നു. വികസനമാണ് ഉദ്ദേശ്യമെങ്കില്‍ ആ പ്രദേശത്തുള്ള ഹിന്ദുവിനും മുസല്‍മാനും ഒരുപോലെയുള്ളതില്‍ കവിഞ്ഞ് മലപ്പുറം ജില്ലാ രൂപീകരണത്തിന്റെ പേരില്‍ അക്കാലത്ത് രാജ്യമെമ്പാടുമുള്ള മുസ്ലിങ്ങള്‍ ആവേശം കൊണ്ടത് എന്തിനായിരുന്നു? മാത്രമല്ല, അന്നത്തെ ഭരണകക്ഷിയില്‍തന്നെയുള്ള ലീഗൊഴിച്ചുള്ള ചില കക്ഷികള്‍ തങ്ങളുടെ ചില പ്രദേശങ്ങള്‍ വരാന്‍പോകുന്ന ജില്ലയില്‍ പെടുത്തരുതെന്ന് ആവശ്യപ്പെട്ടു പ്രമേയം പാസ്സാക്കേണ്ട കാര്യവുമില്ലായിരുന്നു. പശ്ചിമതീരത്ത് മലബാര്‍, ദക്ഷിണകാനറ, ലക്ഷ്വദീപ് എന്നീ സ്ഥലങ്ങള്‍ ചേര്‍ത്ത് മാപ്പിളസ്ഥാന്‍ എന്ന പേരില്‍ ഒരു പ്രത്യേക രാജ്യം വേണമെന്ന് മദ്രാസ് പ്രസിഡന്‍സി മുസ്ലീംലീഗ് കൗണ്‍സില്‍ 1947 ജൂണ്‍ 1 ന് തന്നെ പ്രമേയം പാസാക്കിയിരുന്നു. മലപ്പുറം ജില്ലാ രൂപീകരണം നിലവില്‍ വന്ന് ഒരു മാസത്തിന് ശേഷം 1969 ജൂലായ് 16ന് കേരളത്തിലെങ്ങും ജില്ലാ രൂപീകരണത്തിനെതിരെ വമ്പിച്ച പ്രതിഷേധപ്രകടനങ്ങള്‍ നടന്നപ്പോള്‍ പൊന്നാനിയില്‍ പള്ളിയുടെ മുമ്പില്‍ വെച്ച് പ്രതിഷേധജാഥ ആക്രമിക്കപ്പെട്ടു. പാകിസ്ഥാന്‍വാദം ഏറ്റവും പുതിയതാണെന്നും അല്ലാതെ അവസാനത്തേതല്ലെന്നും പാകിസ്ഥാന്‍ നേതാവ് ഭൂട്ടോ ഒരിക്കല്‍ തുറന്നു പറഞ്ഞിരുന്നു. മലപ്പുറത്തിന്റെ മറുപുറത്ത് മറഞ്ഞിരിക്കുന്നത് മാപ്പിളസ്ഥാന്‍വാദമാണെന്നു തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ് കേളപ്പജി ഉള്‍പ്പെടെയുള്ള ദേശസ്‌നേഹികള്‍ മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. മതപരമായ അജണ്ടകളുടെ പേരില്‍ മുസ്ലിം ലീഗ് മുന്നോട്ടു വെച്ച മലപ്പുറം ജില്ലയെന്ന ആവശ്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് നടപ്പില്‍വരുത്തിയത്.
മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യത്തില്‍ അടങ്ങിയിരിക്കുന്നത് വികസന രാഷ്ട്രീയമല്ല, മറിച്ച് വിധ്വംസക രാഷ്ട്രീയമാണ്. മലപ്പുറം മതഭീകരവാദത്തിന്റെ തലസ്ഥാനമാണെന്ന അഭിപ്രായം ഒറ്റപ്പെട്ടതല്ല. ഭീകരവാദ റിക്രൂട്ട്‌മെന്റിന്റെയും ബോംബ് സ്‌ഫോടനങ്ങളുടെയും ലഹരിക്കടത്തിന്റെയും സ്വര്‍ണ്ണക്കടത്തിന്റെയും മതമൗലികവാദത്തിന്റെയുമെല്ലാം കേന്ദ്രമായി മലപ്പുറം ജില്ല വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. 1996 ല്‍ കേരളത്തില്‍ ആദ്യമായി പേനബോംബു സ്‌ഫോടനം നടന്നത് മലപ്പുറത്താണ്. മതമൗലികവാദികള്‍ പൈപ്പ് ബോംബു മുതല്‍ സിഗരറ്റ് ബോംബുകള്‍ വരെ പരീക്ഷിച്ചു നോക്കിയതും കുപ്രസിദ്ധമായ കോയമ്പത്തൂര്‍ ബോംബു സ്‌ഫോടനക്കേസിലെ പ്രതികള്‍ സംരക്ഷണം തേടിയതും മലപ്പുറത്തായിരുന്നു. തൊണ്ണൂറുകളില്‍ സിനിമാ തിയേറ്ററുകള്‍ കത്തിയമര്‍ന്നതും ‘സ്ത്രീകള്‍ തലമറയ്ക്കാതെ പുറത്തിറങ്ങരുത്. ഇറങ്ങിയാല്‍….’എന്ന വാചകത്തോടെ ഭീഷണി പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതും മലപ്പുറത്തായിരുന്നു. മലയാള ഭാഷാപിതാവായ തുഞ്ചത്തെഴുത്തച്ഛന് ജന്മനാട്ടില്‍ പ്രതിമ ഉയര്‍ത്തുന്നതിനെ എതിര്‍ക്കുന്നതും മലപ്പുറത്തെ മതമൗലികവാദികളുടെ മന:സ്ഥിതിയാണ് വെളിവാക്കുന്നത്. പ്രാകൃത മതബോധത്തിന്റെ ഉഗ്രശാസനകള്‍ക്ക് അനുസൃതമായി ഏറ്റവും കൂടുതല്‍ ഗൃഹപ്രസവങ്ങളും ശൈശവ വിവാഹങ്ങളും നടക്കുന്നതും മലപ്പുറത്താണ്.
സമീപകാലത്തായി മലപ്പുറം ജില്ലയെ സംബന്ധിച്ച വിവാദങ്ങള്‍ കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ കത്തിനില്‍ക്കുകയാണ്. മുസ്ലിം ലീഗ് സംസ്ഥാന ഭരണത്തില്‍ പങ്കാളിത്തം വഹിച്ചപ്പോള്‍ മലപ്പുറത്ത് സാമൂഹ്യനീതി നടപ്പായില്ലെന്നും അവിടെ മുസ്ലീം സമുദായത്തിന് അനേകം കോളേജുകള്‍ അനുവദിച്ചപ്പോള്‍ ഈഴവ സമുദായം അവഗണിക്കപ്പെട്ടുവെന്നും അഭിപ്രായപ്പെട്ടതിന്റെ പേരില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അധിക്ഷേപിക്കാനും വര്‍ഗീയവാദിയായി ചിത്രീകരിക്കാനും സംഘടിതമായ ശ്രമങ്ങള്‍ നടക്കുകയാണ്. മലപ്പുറത്ത് നിലനില്‍ക്കുന്ന സാമൂഹിക വിവേചനത്തെ സംബന്ധിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്വീകരിച്ച ഒരു പ്രശ്‌നാധിഷ്ഠിത നിലപാടിനെ പ്രതിലോമകരമായി ചിത്രീകരിക്കാന്‍ മുസ്ലിം മതമൗലികവാദികളും അവരുടെ അച്ചാരം പറ്റുന്ന മാധ്യമജിഹാദികളും ഗൂഢാലോചന നടത്തുകയാണ്. മലപ്പുറത്ത് നടമാടിക്കൊണ്ടിരിക്കുന്ന മതഭീകരവാദത്തെ ആദ്യമായി വിമര്‍ശിക്കുന്നയാളല്ല വെള്ളാപ്പള്ളി നടേശന്‍. 1997 കാലത്ത് പെരിന്തല്‍മണ്ണയില്‍ നടന്ന ഡിവൈഎഫ്‌ഐ സമ്മേളനത്തില്‍ വെച്ച് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാര്‍ മലപ്പുറത്ത് മുസ്ലിംമതമൗലികവാദവും ഭീകരസംഘടനകളും വേരൂന്നിയിട്ടുണ്ടെന്നു തുറന്നു സമ്മതിച്ചിരുന്നു. 2017 ലെ മലപ്പുറം ഉപതിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമാണെന്നും അത് മതന്യൂനപക്ഷ വര്‍ഗീയതയുടെ ശാക്തീകരണം വരുന്ന മേഖലയാണെന്നും പറഞ്ഞത് ഒന്നാം പിണറായി സര്‍ക്കാരിലെ ഒരു മന്ത്രിയായിരുന്നു. അടുത്ത കാലത്ത് ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സ്വര്‍ണ്ണക്കടത്ത്-ഹവാല ഇടപാടുകളിലൂടെ മലപ്പുറത്ത് രാജ്യദ്രോഹ പ്രവര്‍ത്തനം നടക്കുന്നുവെന്ന് വെളിപ്പെടുത്തിയത് കേരളത്തിന്റെ മുഖ്യമന്ത്രിയാണ് എന്നോര്‍ക്കണം.
മലപ്പുറം ജില്ല വിഭജിക്കണമെന്ന മുസ്ലിം സംഘടനകളുടെ ആവശ്യം ആസൂത്രിതവും ആപല്‍ക്കരവുമാണ്. ഭാരതവും പാകിസ്ഥാനും തമ്മില്‍ യുദ്ധമുണ്ടായാല്‍ ഭാരത സൈന്യത്തിന്റെ ശ്രദ്ധ ഉത്തര ഭാരതത്തിലായിരിക്കുമെന്നും, ആ തക്കം നോക്കി ദക്ഷിണ ഭാരതം ആക്രമണത്തിലൂടെ പിടിച്ചെടുക്കണമെന്നും നിരോധിത ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടിരുന്നതായി അടുത്തിടെ എന്‍ഐഎ ദല്‍ഹി പട്യാല ഹൗസ് കോടതിയില്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇന്‍ഡി മുന്നണിയിലെ വിവിധ കക്ഷികളുടെ പിന്തുണയോടെ ‘കട്ടിംഗ് സൗത്ത്’ എന്ന വിഭജനമുദ്രാവാക്യം ഉയര്‍ന്നുവന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. മലപ്പുറത്ത് മതമൗലികവാദികള്‍ ഉയര്‍ത്തുന്ന മാപ്പിളസ്ഥാന്റെ മുറവിളികള്‍ മതേതരത്വത്തിന്റെ മരണമണി മുഴക്കമാണെന്ന് കേരളീയ സമൂഹം തിരിച്ചറിയേണ്ടതുണ്ട്.





















