ക്രിസ്തുമതം അതിന്റെ അടിസ്ഥാനമുറപ്പിച്ചിരിക്കുന്നതുതന്നെ കുരിശില്‍മരിച്ച ക്രിസ്തു മൂന്നാംനാള്‍ ഉയര്‍ത്തെഴുന്നേറ്റു എന്ന വിശ്വാസത്തിലാണ്. ക്രിസ്തു സത്യത്തിന്റെയും നീതിയുടെയും പ്രതീകം കൂടിയാകുമ്പോള്‍ ഈ ഇരുണ്ടകാലത്ത് മാനവസമൂഹത്തിന് ഇത്തരംവിശ്വാസങ്ങള്‍ നല്‍കുന്ന പ്രത്യാശ ചെറുതല്ല. പക്ഷെ ക്രിസ്തുവിന്റെയും ക്രിസ്ത്യാനിയുടെയും പേരില്‍ ചിലമാധ്യമങ്ങള്‍ ഇക്കാലത്ത് ഭാരതത്തില്‍ ആസൂത്രിതമായി പ്രചരിപ്പിക്കുന്ന ചില നുണകളും അര്‍ദ്ധസത്യങ്ങളും സത്യത്തെ ക്രൂശിക്കുക എന്ന പീലാത്തോസിന്റെയും യൂദാസിന്റെയും അജണ്ടയുടെ ഭാഗംതന്നെ എന്നു കരുതേണ്ടിവരും. ഭാരതീയ ജനതാ പാര്‍ട്ടി ഭാരതത്തില്‍ അധികാരത്തില്‍ വന്ന കാലത്തൊക്കെ ഈ രാജ്യത്ത് ക്രൈസ്തവര്‍ വ്യാപകമായി പീഡിപ്പിക്കപ്പെടുന്നു എന്ന തരത്തിലുള്ള പ്രചരണങ്ങള്‍ ചില അച്ചടി ദൃശ്യമാധ്യമങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാറുണ്ട്. അന്താരാഷ്ട്രവേദികളില്‍ ഭാരതം മതസ്വാതന്ത്ര്യമില്ലാത്തതും ന്യൂനപക്ഷ മതസ്ഥര്‍ക്ക് ആരാധനാസ്വാതന്ത്ര്യവും മനുഷ്യാവകാശവും നിഷേധിക്കുന്ന ഒരു രാജ്യവുമാണെന്ന പ്രതീതിഉണ്ടാക്കാന്‍ നടത്തുന്ന ബോധപൂര്‍വ്വമായ ശ്രമങ്ങളായി വേണം ഇതിനെ കാണാന്‍. അതിലൂടെ ഭാരതത്തിന്റെ പ്രതിച്ഛായ തകര്‍ക്കുക, അന്താരാഷ്ട്രതലങ്ങളിലുള്ള സ്വീകാര്യത ഇല്ലാതാക്കുക എന്നതൊക്കെയാണ് ഇവര്‍ ലക്ഷ്യം വയ്ക്കുന്നത്.
ആഗോളതലത്തില്‍ ക്രൈസ്തവര്‍ ഇസ്ലാമിക മതമൗലികവാദികളില്‍ നിന്നും കടുത്ത ഭീഷണി നേരിടുമ്പോള്‍ അതില്‍ നിന്നും ശ്രദ്ധതിരിക്കുക എന്ന ഉദ്ദേശ്യം കൂടിയുണ്ട് ഭാരതത്തില്‍ ക്രൈസ്തവര്‍ സംഘപരിവാരത്തില്‍ നിന്നും ആക്രമണം നേരിടുന്നു എന്ന തരത്തിലുള്ള വാര്‍ത്തപ്രചരിപ്പിക്കുന്നതില്‍. ക്രൈസ്തവജനസംഖ്യ കാര്യമായുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളത്തിലും ചിന്തിക്കുന്ന ക്രൈസ്തവര്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തോടും ഭാരതീയ ജനതാ പാര്‍ട്ടിയോടുമൊക്കെ അടുപ്പംകാട്ടിത്തുടങ്ങിയിരിക്കുന്നു എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും കോണ്‍ഗ്രസിനുമൊന്നും ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. അവര്‍ക്കു സ്വാധീനമുള്ള ചില മാധ്യമങ്ങള്‍ രാജ്യത്തിന്റെ ഏതെങ്കിലുംകോണില്‍ നടക്കുന്ന ചെറിയ സംഭവങ്ങള്‍ വരെ പര്‍വ്വതീകരിച്ച് ക്രൈസ്തവ വേട്ടയുടെ കഥകള്‍ മെനയുന്നു. സംഘ സംഘടനകളുമായി യാതൊരു ബന്ധവുമില്ലാത്ത ചില തട്ടിക്കൂട്ട് പ്രസ്ഥാനങ്ങള്‍ നടത്തുന്ന കുറ്റകൃത്യങ്ങളും സംഘപരിവാരത്തിന്റെ തലയില്‍ കെട്ടിവച്ച് പ്രചരിപ്പിച്ചതിന്റെ എത്രയോ ഉദാഹരണങ്ങള്‍ എടുത്തുകാട്ടാന്‍ കഴിയും. മാധ്യമങ്ങള്‍ പ്രചരിപ്പിച്ച പല വാര്‍ത്തകളും വ്യാജമായിരുന്നു എന്ന് തെളിയാന്‍ കാലങ്ങള്‍കഴിയും. അന്ന് ആ സത്യങ്ങെളൊന്നും ജനങ്ങളെ അറിയിക്കാനുള്ള ധാര്‍മ്മികത ഇത്തരം മാധ്യമങ്ങള്‍ കാട്ടാറുമില്ല.
1998 ല്‍ അടല്‍ബിഹാരിവാജ്‌പേയിയുടെ നേതൃത്വത്തില്‍ ഭാരതീയ ജനതാപാര്‍ട്ടി അധികാരത്തില്‍ വന്നതുമുതലാണ് ഭാരതത്തില്‍ ക്രൈസ്തവ പീഡനം നടക്കുന്നു എന്ന തരത്തിലുള്ള വ്യാജവാര്‍ത്തകള്‍ ലോകസമക്ഷം വ്യാപകമായി പ്രചരിപ്പിച്ചു തുടങ്ങിയത്.തുടര്‍ച്ചയായി ക്രിസ്ത്യന്‍ പീഡനങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു തുടങ്ങിയപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഡി.പി. വാദ്ധ്വ എന്ന സിറ്റിംഗ് ജഡ്ജിയെ അന്വേഷണ കമ്മീഷനായി നിയമിച്ചു.1999 ജൂലൈ മാസം അദ്ദേഹം സമര്‍പ്പിച്ച റിപ്പോര്‍ട്ട് സംഘപരിവാര്‍ സംഘടനകള്‍ ക്രൈസ്തവരെ വേട്ടയാടുന്നു എന്നതരത്തില്‍ പുറത്തു വന്ന വാര്‍ത്തകളുടെ പൊള്ളത്തരം വെളിപ്പെടുത്തുന്നതായിരുന്നു. മധ്യപ്രദേശിലെ ജാംബുവയില്‍ സംഘപരിവാര്‍ സംഘടനകള്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചു എന്ന വാര്‍ത്ത അക്കാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു. അന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍ അറസ്റ്റുചെയ്യപ്പെട്ടവരില്‍ ഒരാള്‍ക്കു പോലും സംഘ സംഘടനകളുമായി ബന്ധമുണ്ടായിരുന്നില്ല എന്ന് പില്‍ക്കാലത്ത് തെളിഞ്ഞു. കന്യാസ്ത്രീ മതം മാറ്റിയ വനവാസി ക്രൈസ്തവരായിരുന്നു ഭൂരിഭാഗം പ്രതികളും. അതുപോലെ ഹരിയാനയില്‍ ജഹ് ജാറില്‍ കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടതായുള്ള വാര്‍ത്ത ഹിന്ദുസ്ഥാന്‍ ടൈംസ് പോലുള്ള പത്രങ്ങള്‍ ഏറെനാള്‍ ആഘോഷിച്ചിരുന്നു. തുന്നല്‍ പഠിപ്പിക്കാന്‍വന്ന കന്യാസ്ത്രീ അവിടെ പ്രാദേശികമായ ചില കാര്യങ്ങളില്‍ ഇടപെട്ടതിന്റെ പേരില്‍ ഒരുകൂട്ടം നാട്ടുകാര്‍ അവരെ അസഭ്യംപറഞ്ഞതാണ് പീഢനമായി ചിത്രീകരിക്കപ്പെട്ടത്. അലഹബാദില്‍ ജോലി ചെയ്യുന്ന അമേരിക്കന്‍ ഡോക്ടറായ ജോണ്‍ സില്‍വസ്റ്ററെ ഹിന്ദു മതമൗലികവാദികള്‍ ആക്രമിച്ച് അയാളുടെ ഹോസ്പിറ്റല്‍ തകര്‍ത്തു എന്നൊരുവാര്‍ത്ത അക്കാലത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.ഇയാള്‍ സത്യത്തില്‍ ഇക്കണോമിക്‌സില്‍ ഡോക്ടറേറ്റ് നേടിയ ആള്‍ മാത്രമായിരുന്നു. അയാള്‍ അമേരിക്കക്കാരനുമായിരുന്നില്ല, അയാള്‍ക്ക് ഹോസ്പിറ്റലുമുണ്ടായിരുന്നില്ല എന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഇത്തരം വ്യാജ വാര്‍ത്തകളിലൂടെ ഭരണകൂടത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ അക്കാലത്ത് വലിയ ഗൂഢാലോചന നടന്നിരുന്നു. 1999 ഫെബ്രുവരി 3ന് ഒറീസയില്‍ ഓടുന്ന കാറില്‍ വച്ച് സിസ്റ്റര്‍ ജാക്വിലിന്‍മേരി എന്ന കന്യാസ്ത്രീ ബലാല്‍സംഗം ചെയ്യപ്പെട്ടതായി ഇന്ത്യന്‍ എക്‌സ്പ്രസ്, ദി ടെലഗ്രാഫ് തുടങ്ങിയ പത്രങ്ങള്‍ വാര്‍ത്ത കൊടുത്തിരുന്നു. വലിയ കോളിളക്കങ്ങള്‍ക്കൊടുവില്‍ ആ വാര്‍ത്ത കെട്ടിച്ചമച്ചതായിരുന്നു എന്നു തെളിഞ്ഞു. ആസ്‌ട്രേലിയന്‍ മത പ്രവര്‍ത്തകനായ ഗ്രഹാം സ്റ്റുവര്‍ട്ട് സ്റ്റെയിന്‍സിനെയും രണ്ടു മക്കളെയും ഒഡീഷയില്‍ ചുട്ടുകൊന്നസംഭവം വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗദളും ചേര്‍ന്ന് നടത്തിയ നരഹത്യയെന്നായിരുന്നു അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ പ്രചരിപ്പിച്ചിരുന്നത്. വാദ്ധ്വ കമ്മീഷന്‍ റിപ്പോര്‍ട്ടനുസരിച്ച് മുഖ്യ പ്രതിയായ ധാരാ സിംഗിന് ഏതെങ്കിലും സംഘപരിവാര്‍ സംഘടനയുമായി ബന്ധമുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞില്ല. ഗ്രഹാംസ്റ്റെയിന്‍സ് വനശിബിരങ്ങളുടെ മറവില്‍ മതംമാറ്റ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിലുള്ള ഗോത്ര സമൂഹങ്ങളുടെ പ്രതികാരമായിരുന്നു അയാള്‍ കൊല്ലപ്പെടാന്‍ കാരണം.
ഭാരതീയ ജനതാ പാര്‍ട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയതോടെ വീണ്ടും ക്രൈസ്തവ പീഡനവാദികള്‍ കളംനിറഞ്ഞു തുടങ്ങിയിരിക്കുകയാണ്. പ്രധാനമന്ത്രി ദില്ലിയിലെ ക്രൈസ്തവ ദേവാലയത്തില്‍ ക്രിസ്തുമസ് ശുശ്രൂഷയില്‍ പങ്കെടുക്കുമ്പോള്‍ തന്നെയാണ് ഇപ്പോള്‍ രാജ്യത്ത് പല സ്ഥലങ്ങളിലും ക്രിസ്തുമസ് ആഘോഷങ്ങള്‍ ആക്രമിക്കപ്പെട്ടതായുള്ള വാര്‍ത്തകള്‍ വരുന്നത്. പാലക്കാട് കരോള്‍ സംഘത്തെ സംഘപരിവാര്‍ ആക്രമിച്ചു എന്നു പറഞ്ഞുകൊണ്ട് കേരള മുഖ്യമന്ത്രി തന്നെ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിക്കുന്നതാണ് നമ്മള്‍ കാണുന്നത്. എന്നാല്‍ പാലക്കാട് ആക്രമിക്കപ്പെട്ടു എന്നു പറയപ്പെടുന്ന കരോള്‍സംഘത്തിന് പള്ളിയുമായി ബന്ധമില്ലെന്ന് ബന്ധപ്പെട്ട അധികൃതര്‍ തന്നെ വെളിപ്പെടുത്തിക്കഴിഞ്ഞു. എന്നാല്‍ ചുനക്കര കരിമുളയ്ക്കല്‍ ക്രിസ്തുമസ് കരോളിനെ സിപിഎം, ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ മൃഗീയമായി ആക്രമിക്കുന്നതിന്റെ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപിച്ചപ്പോള്‍ മുഖ്യമന്ത്രിക്കോ, മലയാള മാധ്യമങ്ങള്‍ക്കോ ശബ്ദമുണ്ടായില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. സത്യത്തെ ക്രൂശിലേറ്റുന്നവര്‍ ഒരു കാര്യം ഓര്‍ത്താല്‍ നന്ന്; ഏത് നീതിമാന്റെയും കുരിശുമരണത്തിനു പിന്നാലെ ഒരു ഉയിര്‍പ്പു പെരുന്നാള്‍കൂടി ഉറപ്പാണ്. സത്യം ഒരിക്കല്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുക തന്നെ ചെയ്യും.





















