വിതച്ചതേ വിളവെടുക്കാനാവു എന്ന് പറയാറുണ്ട്. ഭീകരവാദത്തോട് മൃദുസമീപനവും ബോധപൂര്‍വ്വമായ അശ്രദ്ധയും വച്ചുപുലര്‍ത്തിയാല്‍ വെടിയുണ്ടകള്‍ സംസാരിച്ചുതുടങ്ങും എന്നതിന്റെ ഉദാഹരണമാണ് കളയിക്കാവിള ഭീകരാക്രമണം. എസ്.ഐ.യെ വെടിവെച്ചുകൊന്ന പ്രതികളെ തമിഴ്‌നാട് പോലീസ് ഉഡുപ്പിയില്‍ നിന്ന് പിടികൂടുകയും ചോദ്യം ചെയ്തു തുടങ്ങുകയും ചെയ്തതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ലഭ്യമായ വിവരങ്ങള്‍ വച്ച് കേരളത്തിന്റെ സാമൂഹ്യസുരക്ഷ പ്രതിദിനം അപകടത്തിലേക്ക് നീങ്ങുന്നു എന്നുവേണം അനുമാനിക്കാന്‍. എസ്.ഐ.യെ വെടിവെച്ചുകൊന്ന അബ്ദുള്‍ ഷമീം, തൗഫീഖ് എന്നിവരില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് കേരളത്തിലടക്കം നാല് സംസ്ഥാനങ്ങളില്‍ ഭീകരവാദികളുടെ പരിശീലനക്യാമ്പുകള്‍ നടന്നിട്ടുണ്ട്.
രാജ്യത്ത് ഭീകരവാദികളോട് ഏറ്റവും മൃദുസമീപനവും ഭീകരവാദത്തിന് മാന്യതയുടെ പരിവേഷവും നല്‍കുന്ന കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റുള്ളത് കേരളത്തില്‍ മാത്രമാണ്. കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്നതോടെ ഭീകരപ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ നിലപാടും നടപടികളും എടുത്തു തുടങ്ങി. ഭീകരരുടെ പരമ്പരാഗത താവളങ്ങള്‍ എല്ലാം അരക്ഷിതമായതോടെ അവര്‍ പുതിയമേച്ചില്‍പുറങ്ങള്‍ തേടി അലയുകയാണ്. രാജ്യത്ത് ഇന്ന് ഇടതുപക്ഷം ഭരിക്കുന്ന കേരളം പോലെ സുരക്ഷിതമായൊരിടം ഭീകരവാദികള്‍ക്ക് ലഭിക്കാനില്ല. പൗരത്വനിയമഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭമെന്ന നാട്യത്തില്‍ എല്ലാ ഭീകരസംഘടനകളും ജനാധിപത്യമൂല്യങ്ങളുടെ സംരക്ഷകരെന്ന വേഷം കെട്ടി തെരുവുകളില്‍ അഴിഞ്ഞാടുകയാണ്. കോണ്‍ഗ്രസ് നേതാക്കളുടെയും കമ്മ്യൂണിസ്റ്റ് നേതാക്കളുടെയും ബി.ജെ.പി – ഹിന്ദുവിരോധം ഇസ്ലാമിക, മാവോയിസ്റ്റ് ഭീകരരോട് സന്ധിചെയ്യുന്നിടം വരെ കാര്യങ്ങള്‍ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നു. സംഘടിത മുസ്ലീംവോട്ടുകള്‍ തങ്ങളുടെ പെട്ടിയിലാക്കാനുള്ള കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് മത്സരം മുതലെടുത്തുകൊണ്ട് കേരളത്തിലെ അര്‍ബന്‍ നക്‌സലുകളും മുസ്ലീം ഭീകരസംഘടനകളും സൈ്വര്യവിഹാരം നടത്തുകയും തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുകയുമാണ് ചെയ്യുന്നത്.
ഏതാനും വര്‍ഷം മുമ്പുവരെ കാശ്മീര്‍ താഴ്‌വരയില്‍ മാത്രം കണ്ടിരുന്നതരം ഹര്‍ത്താല്‍ കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ നരിക്കുനി തുടങ്ങി പല സ്ഥലങ്ങളിലും അരങ്ങേറി എന്നു പറയുമ്പോള്‍ കാര്യങ്ങള്‍ എങ്ങോട്ടാണ് പോകുന്നതെന്ന് സാമാന്യബോധമുള്ളവര്‍ക്ക് മനസ്സിലാകും. നരിക്കുനിയില്‍ പൗരത്വനിയമഭേദഗതിയെ സംബന്ധിച്ച് ബിജെപി നടത്തിയ വിശദീകരണയോഗം ജനങ്ങള്‍ കേള്‍ക്കാതിരിക്കാന്‍ ഭീകരസംഘടനകള്‍ നിര്‍ബന്ധിതമായി കടകള്‍ അടപ്പിയ്ക്കുകയും വ്യാപാരികളെ ഭീഷണിപ്പെടുത്തുകയും ഉണ്ടായി. വാടകയ്ക്കു പ്രവര്‍ത്തിക്കുന്ന ഹിന്ദു കച്ചവടക്കാരെ മുസ്ലീം ഭീകരസംഘടനയിലെ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി ഓടിക്കുന്ന കാഴ്ചയും ഇന്ന് മലബാറില്‍ പലയിടങ്ങളിലും കണ്ടുവരുന്നു. ഹിന്ദുക്കള്‍ നടത്തുന്ന വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുതെന്നും അങ്ങനെ വാങ്ങുന്നവര്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്നും വരെയുള്ളിടത്ത് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. 1989-90 കാലഘട്ടങ്ങളില്‍ കാശ്മീരില്‍ നിന്നും ഹിന്ദുക്കളെ ആട്ടിപ്പായിക്കുന്നതിന് മുസ്ലീം ഭീകരര്‍ അവലംബിച്ച അതേ ശൈലികള്‍ മലബാറില്‍ പലയിടത്തും ആരംഭിച്ച് കഴിഞ്ഞിരിക്കുന്നു. ‘ഇരുപത്തൊന്നില്‍ ഊരിയ വാളുകള്‍ അറബിക്കടലിലെറിഞ്ഞിട്ടില്ല’ എന്നു തുടങ്ങിയ ഭീഷണിമുദ്രാവാക്യങ്ങളുമായി മുസ്ലീംഭീകരസംഘടനകള്‍ പ്രകടനം നടത്തുമ്പോള്‍ അധികൃതര്‍ നടപടി എടുക്കാതെ ഒത്താശ ചെയ്യുന്നതും സര്‍വ്വസാധാരണമായിരിക്കുന്നു.
1921ലെ ഹിന്ദുകൂട്ടക്കുരുതിയുടെ ശതാബ്ദിയിലേക്ക് ഒരു വര്‍ഷം മാത്രം ദൂരമുള്ളപ്പോള്‍ രാജ്യത്തെ അട്ടിമറിക്കാന്‍ അണിയറയില്‍ വലിയ സന്നാഹം നടക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. ഇതിനിടയിലാണ് കളിയിക്കാവിളയിലെ വെടിവെയ്പ് ശ്രദ്ധേയമാകുന്നത്. എസ്.ഐയെ വെടിവച്ചുകൊന്ന സംഘത്തിലെ അറസ്റ്റിലായ 17 പേരില്‍ മൂന്നുപേര്‍ ചാവേറാകാന്‍ പ്രത്യേക പരിശീലനം നേടിയിരുന്നു എന്നുകൂടി അതീവ ഗൗരവമായി കാണേണ്ടതുണ്ട്. അഫ്ഗാനിലേക്കും സിറിയയിലേക്കും ചാവേറാകാന്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ പോയ സംസ്ഥാനം കേരളമാണെന്നു കൂടി ഇതിനോട് ചേര്‍ത്തു വായിക്കുമ്പോഴെ പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാകൂ. കഴിഞ്ഞവര്‍ഷം ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ നടന്ന ചാവേറാക്രമണത്തിന്റെ അന്വേഷണം നടത്തിയ സംഘങ്ങളും കേരളത്തിലെ ചാവേര്‍സംഘങ്ങളുടെ സാന്നിദ്ധ്യം ചൂണ്ടിക്കാണിച്ചിരുന്നു.
കളിയിക്കാവിള സംഭവത്തിനു പിന്നില്‍ തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള അല്‍ഉമ ഭീകരരാണെന്ന് വേണമെങ്കില്‍ കേരളത്തിന് ആശ്വസിക്കാം. എന്നാല്‍ അല്‍ഉമയ്ക്ക് സമാനമായ ഭീകരസംഘങ്ങള്‍ കേരളത്തില്‍ നിശബ്ദപ്രവര്‍ത്തനം നടത്തുന്നു എന്നതിന്റെ സൂചനകളാണ് തമിഴ്‌നാട് പോലീസ് നല്‍കുന്നത്. കളിയിക്കാവിളയില്‍ എസ്.ഐ.യെ വെടിവയ്ക്കാന്‍ എത്തിയ ഭീകരവാദികള്‍ക്ക് എല്ലാ സഹായവും എത്തിച്ചതും ഒളിയിടം ഒരുക്കിയതും മലയാളി ഭീകരരാണ്. വിതുര സ്വദേശിയായ സെയ്തലവിയുടെ പങ്ക് വ്യക്തമായതിനെ തുടര്‍ന്ന് തമിഴ്‌നാട് പോലീസ് അയാള്‍ക്കുവേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തിയിരിക്കുന്നു. സെയ്തലവിയാണ് ഭീകരരെ നെയ്യാറ്റിന്‍കര മുസ്ലീം പള്ളിയിലെത്തിച്ചതും വാടകവീട് എടുത്തു നല്‍കിയതും മറ്റും. നെയ്യാറ്റിന്‍കര മുസ്ലീം പള്ളി മുക്രി ജാഫര്‍ ഇതിനോടകം തമിഴ്‌നാട് ക്രൈംബ്രാഞ്ചിന്റെ പിടിയിലാണ് ഉള്ളത്.
കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരിനെ ജനാധിപത്യമാര്‍ഗ്ഗത്തില്‍ തോല്‍പ്പിയ്ക്കാനാവാത്തതുകൊണ്ട് പാകിസ്ഥാന്റെയും ചൈനയുടെയും സഹായമുള്ള ഇസ്ലാമിക മാവോയിസ്റ്റ് ഭീകരരുമായി ചേര്‍ന്ന് പൗരത്വ നിയമഭേദഗതിയുടെ മറവില്‍ സമരം നടത്തുന്ന ഇവിടുത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസ് പാര്‍ട്ടിയും കേരളത്തിലെ സാധാരണ ജനങ്ങളെ കുരുതികൊടുക്കാന്‍ കൂട്ടുനില്‍ക്കുകയാണ് ചെയ്യുന്നത്. ഭീകരവാദികള്‍ക്ക് പ്രവേശനമില്ലാതിരുന്ന സ്ഥലങ്ങളില്‍ വരെ അവര്‍ക്ക് മാന്യതയും അംഗീകാരവും നേടിക്കൊടുക്കുന്ന പണിയാണ് സംയുക്ത സമരങ്ങളിലൂടെ കോണ്‍ഗ്രസ് – കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചെയ്തുവരുന്നത്. ഒരു ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിക്കാന്‍ കലാപങ്ങള്‍ക്കാഹ്വാനം ചെയ്യുന്നവര്‍ രാജ്യത്ത് വെടിയുണ്ടകളാണ് വിതയ്ക്കുന്നത്. വിതച്ചതേ കൊയ്യാന്‍ കഴിയു എന്നതിന്റെ ആദ്യ സൂചനയാണ് കളിയിക്കാവിളയില്‍ നിന്നും മുഴങ്ങിക്കേട്ട വെടിയൊച്ചകള്‍.