തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പലപ്പോഴും രാഷ്ട്രീയാതീതമായ സ്വാധീനങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഇപ്രാവശ്യം കേരളത്തില്‍ നടന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് പണ്ടെങ്ങുമില്ലാത്തവിധം രാഷ്ട്രീയപ്രവണതകള്‍ പ്രതിഫലിക്കുന്നതായിരുന്നു. സംസ്ഥാനഭരണത്തില്‍ മൂന്നാമൂഴം കാത്തിരുന്ന ഇടതുപക്ഷമുന്നണിക്കെതിരെയുള്ള ശക്തമായവികാരം അലയടിക്കുന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലം. അഴിമതി, സ്വജനപക്ഷപാതം, ദേശവിരുദ്ധസമീപനം, മതഭീകരവാദ സംഘടനകളോടുള്ള സൗഹൃദനയം, ഹിന്ദു വിരുദ്ധത, ശബരിമല സ്വര്‍ണ്ണക്കൊള്ള തുടങ്ങി നിരവധി ഘടകങ്ങള്‍ ഈ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കെതിരെയുള്ള ജനവികാരം ഉണര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. ഇരുധ്രുവമുന്നണി രാഷ്ട്രീയത്തിന് കേരളത്തില്‍ അവസാനമായിക്കഴിഞ്ഞെന്ന് വിളംബരം ചെയ്യുന്ന ജനവിധിയാണ് ഉണ്ടായിരിക്കുന്നത്. ദേശീയപക്ഷത്തു നില്‍ക്കുന്ന ഭാരതീയ ജനതാപാര്‍ട്ടി നേതൃത്വം നല്‍കുന്ന ദേശീയജനാധിപത്യ സഖ്യം കേരള രാഷ്ട്രീയത്തില്‍ അവഗണിക്കാനാവാത്ത ശക്തിയായി മാറിക്കഴിഞ്ഞു എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ പ്രധാന ഫലശ്രുതി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുതല്‍ പാലക്കാടും ഇടുക്കിയിലും മറ്റുമുള്ള വനവാസി ഗോത്രസമൂഹങ്ങള്‍ക്കിടയില്‍വരെ ജനപ്രതിനിധികളെ വിജയിപ്പിക്കാനും അധികാരം കൈയാളാനും കരുത്തുള്ളവരായി ഭാരതീയജനതാപാര്‍ട്ടിയും സഖ്യകക്ഷികളും മാറിക്കഴിഞ്ഞിരിക്കുന്നു. കേരള സംസ്ഥാനം രൂപീകരിച്ച് നാളിതുവരെ ഇടതു-വലതു മുന്നണികളല്ലാതെ രാഷ്ട്രീയത്തില്‍ മലയാളികളുടെ മുന്നില്‍ മറ്റൊരു തിരഞ്ഞെടുപ്പ് മാര്‍ഗ്ഗമില്ലായിരുന്നു. എന്നാല്‍ ഈ തിരഞ്ഞെടുപ്പോടെ ബിജെപി മുന്നണി മലയോരത്തും കടലോരത്തും മഹാനഗരത്തിലും കുഗ്രാമത്തിലും വരെ ജനപ്രതിനിധികളെ വിജയിപ്പിക്കാന്‍ കഴിയുന്ന സര്‍വ്വതലസ്പര്‍ശിയായ രാഷ്ട്രീയശക്തിയായി മാറിക്കഴിഞ്ഞിരിക്കുന്നു.
1957ലെ ആദ്യ നിയമസഭാതിരഞ്ഞെടുപ്പില്‍ അമ്പത്തിരണ്ട് ശതമാനത്തിലധികം വോട്ട് നേടി വിജയിച്ച അവിഭക്തകമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാലം മുതല്‍ ഇടതുപക്ഷ മുന്നണിയുടെ ഇക്കാലം വരെ ഏതാണ്ട് 40 വര്‍ഷക്കാലം കേരളംഭരിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളായിരുന്നു. കേരളത്തിന്റെ വികസന മുരടിപ്പിനും തൊഴിലില്ലായ്മയ്ക്കുമെല്ലാം മുഖ്യകാരണക്കാര്‍ കമ്മ്യൂണിസ്റ്റുകളാണ് എന്ന് കാണാന്‍ കഴിയും. കേരളത്തെ 26 വര്‍ഷം പലപ്പോഴായി ഭരിച്ച കോണ്‍ഗ്രസ് മുന്നണിയും കേരളത്തിന്റെ പിന്നാക്കാവസ്ഥയ്ക്ക് അവരുടേതായ പങ്ക് വഹിച്ചിട്ടുണ്ട്. കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ 2014 മുതല്‍ ദേശീയ ജനാധിപത്യസഖ്യം അധികാരത്തില്‍ വന്നതോടെയാണ് രാഷ്ട്രീയ സാധ്യതയുടെ മറ്റൊരു വഴി മലയാളികളുടെ മുന്നില്‍ തുറക്കുന്നത്. തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പുകളിലൊക്കെ എന്‍ഡിഎ ക്രമാനുഗതമായി അവരുടെ വോട്ട്‌ഷെയര്‍ വര്‍ദ്ധിപ്പിക്കുകയും പലയിടത്തും അധികാരത്തില്‍വന്നുതുടങ്ങുകയും ചെയ്തു. ഈ തിരഞ്ഞെടുപ്പില്‍ തലസ്ഥാനനഗരിയില്‍ തിരുവനന്തപുരം നഗരസഭയുടെ ഭരണം പിടിച്ചെടുത്തുകൊണ്ട് കേരളത്തിന്റെ ഭരണശ്രീകോവിലിലേയ്ക്കുള്ള ആദ്യ ചുവട് അവര്‍ വച്ചുകഴിഞ്ഞു. കഴിഞ്ഞ നാല്‍പ്പത്തഞ്ചുവര്‍ഷക്കാലം തിരുവനന്തപുരം നഗരസഭ ഭരിച്ച ഇടതുപക്ഷത്തെ കേവലം 29 സീറ്റില്‍ തളച്ചു കൊണ്ടാണ് ഭാരതീയ ജനതാ പാര്‍ട്ടി അധികാരമുറപ്പിച്ചിരിക്കുന്നത്. ഇത് മാറ്റത്തിന്റെ വലിയ കൊടുങ്കാറ്റാണ് കേരളത്തില്‍ അഴിച്ചുവിടാന്‍ പോകുന്നത്. നിയമസഭാതിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ നടന്ന ഈ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ നാല് പ്രധാന നിയമസഭാ സീറ്റുകളില്‍ ബിജെപി വ്യക്തമായ മേല്‍ക്കൈ നേടിക്കഴിഞ്ഞിരിക്കുന്നു.
26 ഗ്രാമപഞ്ചായത്തുകളില്‍ അധികാരമുറപ്പിക്കാനുള്ള ജനസമ്മതി ബിജെപി മുന്നണിക്ക് നേടാന്‍ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നേടിയതിന്റെ ഇരട്ടിയോളം പഞ്ചായത്തുകളില്‍ ഭരണം നേടാന്‍ കഴിഞ്ഞിരിക്കുന്നു എന്നത് ശ്രദ്ധേയം. നിരവധി പഞ്ചായത്തുകളിലെ മുഖ്യപ്രതിപക്ഷ മുന്നണിയാകാന്‍ എന്‍ഡിഎക്ക് കഴിഞ്ഞിട്ടുണ്ട്. എല്ലാ കോര്‍പ്പറേഷനുകളിലും കുടി 93 സീറ്റ് പിടിക്കാനായി. ഇതില്‍ തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോര്‍പ്പറേഷനുകളില്‍ ഉണ്ടാക്കിയ മുന്നേറ്റം വലിയതോതില്‍ ചര്‍ച്ച ചെയ്യപ്പെടുക തന്നെ ചെയ്യും. കോഴിക്കോട് കോര്‍പ്പറേഷനില്‍ മുന്നെ ഉണ്ടായിരുന്ന 7 സീറ്റില്‍ നിന്ന് 13 സീറ്റായി ഉയര്‍ത്തുവാന്‍ കഴിഞ്ഞു എന്നുമാത്രമല്ല, 17 ഇടങ്ങളില്‍ രണ്ടാമതെത്താനും ബിജെപിക്ക് കഴിഞ്ഞിരിക്കുകയാണ്. ഇടതുപക്ഷത്തോടും മതമൗലികവാദികളോടും പൊരുതിനേടിയ ഈ വിജയം മലബാറിലെ മാറ്റത്തിന്റെ സൂചനയായി കണക്കാക്കാം. 65 നഗരസഭകളിലായി 324 സീറ്റുകള്‍ പിടിക്കാന്‍ എന്‍ഡിഎക്കു കഴിഞ്ഞിട്ടുണ്ട്. പാലക്കാട് നിലനിര്‍ത്തുകയും തൃപ്പൂണിത്തുറ പിടിച്ചെടുക്കുകയും ചെയ്തത് ശ്രദ്ധേയമായ രാഷ്ട്രീയ നേട്ടങ്ങളാണ്.
എതിര്‍സ്ഥാനാര്‍ത്ഥിക്ക് നോമിനേഷന്‍ കൊടുക്കാന്‍പോലും സ്വാതന്ത്ര്യമില്ലാത്ത പല കമ്മ്യൂണിസ്റ്റ് പാര്‍ട്ടിഗ്രാമങ്ങളിലും ഇപ്രാവശ്യം ജീവന്‍ പണയംവച്ച് മത്സരിക്കാന്‍ ബിജെപിയുടെ പ്രവര്‍ത്തകര്‍ തയ്യാറായതോടെ പല പാര്‍ട്ടികോട്ടകളിലും വിള്ളല്‍ വീണുതുടങ്ങിയിരിക്കുന്നു. കൊല്ലം ജില്ലയിലും ആലപ്പുഴ ജില്ലയിലും കണ്ണൂര്‍ ജില്ലയിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ നേടിയ വോട്ടുകള്‍ ചെമ്പന്‍ ഫാസിസ്റ്റുവാഴ്ചക്കേറ്റ അതിശക്തമായ ആഘാതമാണ്. കണ്ണൂരില്‍ മുന്‍ മുഖ്യമന്ത്രി നായനാരുടെ തട്ടകമായിരുന്ന കല്ല്യാശ്ശേരിയില്‍ മുഴുവന്‍ സീറ്റുകളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേടിയപ്പോഴും എട്ട് വാര്‍ഡുകളില്‍ രണ്ടാമതെത്തിയത് ബിജെപി സ്ഥാനാര്‍ത്ഥികളായിരുന്നു എന്നത് സിപിഎം കോട്ടകളില്‍ നടുക്കം സൃഷ്ടിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിഗ്രാമങ്ങളായ കരിവെള്ളൂര്‍, പെരളം പഞ്ചായത്തുകളിലും മുന്നേറ്റമുണ്ടാക്കാന്‍ ബിജെപിക്കായി. ചുരുക്കിപ്പറഞ്ഞാല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന വികസനത്തിന്റെ പാതയില്‍ സഞ്ചരിക്കാന്‍ കേരളം പാകപ്പെട്ടു വരുന്നതിന്റെ സൂചനയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പുഫലം നല്‍കുന്ന സൂചന. തലസ്ഥാന നഗരമായ അനന്തപുരി താമരക്കു മ്പിളിലായതോടെ അനതിവിദൂരഭാവിയില്‍ കേരളവും ഒരു താമര തടാകമായി മാറുമെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ടു കൂടിയാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി വിജയം ദേശീയ മാധ്യമങ്ങള്‍ ഇത്രയേറെ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യുന്നത്.





















