ബ്രഹ്മസരോവറിന്റെ പടിഞ്ഞാറുഭാഗത്തായി പടുകൂറ്റന്‍ ഗീതോപദേശ ശില്പം തല ഉയര്‍ത്തിനില്‍ക്കുന്നത് ആരെയും ആകര്‍ഷിക്കും. കുരുക്ഷേത്രം അതിപുരാതന കാലം മുതല്‍ ഒരു തീര്‍ത്ഥാടനകേന്ദ്രമാണെങ്കിലും അത് ഇന്ന് അറിയപ്പെടുന്നത് ഒരു യുദ്ധഭൂമിയായാണ്. ഏതാണ്ട് 90 കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചു കിടക്കുന്ന കുരുക്ഷേത്രം മഹാഭാരതമെന്ന ഇതിഹാസത്തിലെ സുപ്രധാനമായ പല സംഭവങ്ങള്‍ക്കും സാക്ഷ്യം വഹിച്ച മണ്ണാണ്. എങ്കിലും മാനവകുലത്തിന് നിഷ്‌കാമകര്‍മ്മത്തിന്റെ തത്ത്വശാസ്ത്രം പകര്‍ന്നുകിട്ടിയ ഭഗവദ്ഗീത ഉപദേശിക്കപ്പെട്ടത് കുരുക്ഷേത്രത്തില്‍ വച്ചാണ് എന്നതാണ് ഈ ഭൂമിയുടെ ഏറ്റവും വലിയ പ്രാധാന്യം. പ്രഭാതസൂര്യന്റെ മൃദു വെളിച്ചത്തില്‍ ഗീതോപദേശത്തിന്റെ പടുകൂറ്റന്‍ ലോഹശില്പം ക്യാമറയില്‍ പകര്‍ത്തുമ്പോള്‍ എന്റെ മനസ്സുനിറയെ ഗീതാവചനങ്ങളായിരുന്നു. ഗീതോപദേശം നടന്നു എന്നുകരുതുന്ന സ്ഥലം ബ്രഹ്മസരോവറില്‍ നിന്നും ഏതാണ്ട് പത്തുകിലോമീറ്റര്‍ ദൂരെയാണ്. ജ്യോതിസര്‍ എന്നറിയപ്പെടുന്ന പുണ്യ സരസ്സിന്റെ സമീപത്തുള്ള പേരാല്‍ചുവട്ടില്‍ വച്ചായിരുന്നത്രെ ഗീത ഉപദേശിക്കപ്പെട്ടത്. ഓട്ടോറിക്ഷ കുരുക്ഷേത്രയിലെ ഗോതമ്പുപാടങ്ങള്‍ക്കു നടുവിലൂടെയുള്ള വഴികളിലൂടെ കുതിച്ചുപായുമ്പോള്‍ അതീതകാലത്തിലെ ഒരു തേര്‍തടത്തിലാണ് ഞങ്ങള്‍ യാത്ര ചെയ്യുന്നതെന്ന് ഒരു നിമിഷം ചിന്തിച്ചുപോയി. ഒരു ചെറിയ തടാകവും പരിസരത്തുള്ള ചെറിയ ചില ക്ഷേത്രങ്ങളും ചേര്‍ന്നതാണ് ജ്യോതിസര്‍. അവിടെ ഗീത ശ്രവിച്ച് ചിരംജീവിയായി മാറിയ ഒരു പേരാല്‍ തല ഉയര്‍ത്തിനില്‍ക്കുന്നു. യുഗദീര്‍ഘമായ ഇതിഹാസങ്ങള്‍ക്ക് സാക്ഷ്യം പറയാന്‍ ഒരു മൗനഗുരുവിനെപ്പോലെ നില്‍ക്കുന്ന പേരാലിനെ പ്രദക്ഷിണം വയ്ക്കുമ്പോള്‍ അവിടെ ഗീതാവചനം മാറ്റൊലിക്കൊള്ളുന്ന അനുഭൂതിയാണ് ഭക്തരില്‍ ഉണ്ടാവുന്നത്. കാഞ്ചിശങ്കരാചാര്യര്‍ ജയേന്ദ്രസരസ്വതിസ്വാമികള്‍ നിര്‍മ്മിച്ചു നല്‍കിയ ഗീതോപദേശത്തിന്റെ ഒരു മാര്‍ബിള്‍ ശില്പം ചില്ലുകൂട്ടില്‍ അവിടെ സൂക്ഷിച്ചിട്ടുണ്ട്. ദ്വാപരയുഗസന്ധ്യയില്‍ ശ്രവിച്ച ഭഗവദ്ഗീത ചിരംജീവിയാക്കിയ പേരാലിന് അത്ര പ്രായം തോന്നിക്കില്ല. ഗീതാമൃതം കുടിച്ച് നവയൗവനമാര്‍ജ്ജിച്ചതാവാം ആ വൃക്ഷം. എന്തായാലും ഭംഗിയായി തറകെട്ടി സൂക്ഷിച്ചിരിക്കുന്ന ആ വടവൃക്ഷത്തെ നമിച്ച് ഞങ്ങള്‍ അവിടെ നിന്നും ഭീഷ്മകുണ്ഡിലേക്ക് യാത്രതിരിച്ചു. ജ്യോതിസറില്‍ നിന്നും ഏതാണ്ട് അഞ്ച് കിലോമീറ്റര്‍ പിന്നോട്ട് യാത്ര ചെയ്തുവേണം ഭീഷ്മകുണ്ഡിലെത്താന്‍. ഇവിടെയാണ് ഭീഷ്മപിതാമഹന്‍ അര്‍ജ്ജുനന്റെ ശരമേറ്റ് പടക്കളത്തില്‍ വീണത്. സ്വച്ഛന്ദമൃത്യുവായ ഭീഷ്മര്‍ വീരോചിതമായി ശരശയ്യയില്‍ ഉത്തരായനം കാത്തുകിടന്ന ആ പുണ്യസങ്കേതം തീര്‍ത്ഥാടകരില്‍ ഭക്തിയും ഇതിഹാസപുരാവൃത്തങ്ങളില്‍ അവബോധവും ഉണര്‍ത്തിനില്‍ക്കുന്നു.

ഇവിടെയുള്ള ഏറ്റവും ശ്രദ്ധേയമായ കാഴ്ച ബാണഗംഗ എന്നറിയപ്പെടുന്ന പുണ്യതീര്‍ത്ഥക്കുളമാണ്. അര്‍ജ്ജുനശരമേറ്റ് ശരശയ്യയിലായ ഭീഷ്മര്‍ കുടിനീര്‍ ചോദിച്ചുവെന്നും അപ്പോള്‍ ദുര്യോധനന്‍ രാജോചിതമായ വിശിഷ്ടപാനീയങ്ങള്‍ എത്തിച്ചെങ്കിലും ഭീഷ്മര്‍ അവയൊന്നും സ്വീകരിക്കാതെ അര്‍ജ്ജുനന്റെ നേര്‍ക്ക് നോക്കിയെന്നും കാര്യം മനസ്സിലാക്കിയ അര്‍ജ്ജുനന്‍ ദിവ്യാസ്ത്രമെയ്തപ്പോള്‍ ഭൂമി പിളര്‍ന്ന് ഒരു നീരുറവ പൊട്ടിപ്പുറപ്പെട്ടുവെന്നും അത് ഭീഷ്മരുടെ ദാഹാര്‍ത്തമായ ചുണ്ടുകളില്‍ തീര്‍ത്ഥമായി മാറിയെന്നുമാണ് കഥ. ഭൂമി പിളര്‍ന്നെത്തിയ നീര്‍പ്രവാഹം ഗംഗാജലമായിരുന്നത്രെ. അര്‍ജ്ജുനന്റെ ബാണപ്രയോഗത്താല്‍ ഉണ്ടായ ഈ നീരുറവ ബാണഗംഗയെന്നാണ് ഇന്ന് അറിയപ്പെടുന്നത്. അര്‍ജ്ജുനശരം ഭൂമിയിലുണ്ടാക്കിയ മുറിപ്പാട് ഒരു ചെറുകുളമായി കെട്ടിസൂക്ഷിച്ചിരിക്കുന്നു. അതിന്റെ കരയില്‍ ശരശയ്യയില്‍ കിടക്കുന്ന ഭീഷ്മപിതാമഹന്റെയും അദ്ദേഹത്തെ ചുറ്റിനില്‍ക്കുന്ന ദേവബന്ധു ഗണത്തിന്റെയും ശില്പം ഇതിഹാസ ഇതിവൃത്തങ്ങളുടെ ഓര്‍മ്മയുണര്‍ത്തുന്നു. ഗംഗാപുത്രനായ ഭീഷ്മരുടെ ദാഹം ശമിപ്പിക്കുവാന്‍ അമ്മ മുലപ്പാലുപോലെ ഒടുക്കം ഭൂമിയില്‍ നിന്നും ഗംഗാതീര്‍ത്ഥം ചുരന്നൊഴുകിയെന്ന കവികല്പനയിലെ മനോഹാരിത ആസ്വദിച്ചുകൊണ്ട് ഞങ്ങള്‍ മടക്കയാത്ര ആരംഭിച്ചു. കുരുക്ഷേത്ര പ്രസിദ്ധമായ ഒരു ശക്തിപീഠം കൂടിയാണ്. രുധിരമഹാകാളി താണ്ഡവമാടിയ യുദ്ധഭൂമിയില്‍ ശക്തി പീഠമായ ഒരു കാളീക്ഷേത്രം സ്വാഭാവികമാണ്. പക്ഷെ അവിടേക്ക് 14 കിലോമീറ്റര്‍ യാത്ര ചെയ്യേണ്ടിവരുമെന്നറിഞ്ഞതോടെ ശക്തിപീഠദര്‍ശനം ഞങ്ങള്‍ ഉപേക്ഷിച്ചു. കാരണം ഞങ്ങള്‍ക്ക് അമൃത്‌സറിലേക്ക് പോകേണ്ട ട്രെയിന്‍ കൃത്യസമയം കാണിച്ചുകൊണ്ട് ഓടിവന്നുകൊണ്ടിരിക്കുകയാണ്. മടങ്ങുന്ന വഴിയില്‍ പ്രസിദ്ധമായ കുരുക്ഷേത്രയൂണിവേഴ്‌സിറ്റിയും ഭാരതത്തിലെ പ്രഥമ വനിതാ ബഹിരാകാശസഞ്ചാരിയും കൊളംബിയാ ബഹിരാകാശ ദുരന്തത്തില്‍ മരണമടയുകയും ചെയ്ത കല്പന ചൗളയുടെ പേരിലുള്ള പ്ലാനിറ്റോറിയവും ഒരു നോക്കുകണ്ടു. ഹരേകൃഷ്ണ പ്രസ്ഥാനം പടുത്തുയര്‍ത്തിക്കൊണ്ടിരിക്കുന്ന കൂറ്റന്‍ അര്‍ജ്ജുന്‍ മന്ദിരം മടക്കവഴിയിലെ മറ്റൊരു കാഴ്ചയാണ്. ശക്തിപീഠമടക്കം ഏറെ കാഴ്ചകള്‍ ബാക്കിയാക്കി റെയില്‍വേ സ്റ്റേഷനിലെത്തുമ്പോള്‍ ഒന്നു തിരിഞ്ഞു നോക്കിപ്പോയി. ഇനിയും വരണമെന്നും കാഴ്ചകള്‍ പൂര്‍ത്തിയാക്കണമെന്നും മനസ്സ് പറയും പോലെ. യാത്രയുടെ നിരന്തരതയില്‍ ചിലപ്പോള്‍ വന്നേക്കാം… ഇനി ഒരിക്കലും വന്നില്ലെന്നും വരാം. തത്കാലം കുരുക്ഷേത്രഭൂമിയോട് യാത്രപറഞ്ഞ് കൊച്ചു റെയില്‍വേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുമ്പോള്‍ വിശപ്പ് അതിന്റെ തീവ്രതയില്‍ പുറത്തേയ്ക്കുവന്നു. റെയില്‍വേ സ്റ്റേഷനിലെ ഒരു പെട്ടിക്കടയിലെ ചൂടു ബജികള്‍ ഞങ്ങളെ മാടിവിളിക്കുന്നതായി തോന്നി. ഉരുളകക്കിഴങ്ങ് നിറച്ച ബജിയും ഒരു ഗ്ലാസ് ചൂട് എരുമപ്പാലും ചെന്നപ്പോള്‍ വിശപ്പ് തല്‍ക്കാലം ശമിച്ചു. അമൃത്‌സരസ്സിലേക്കുള്ള തീവണ്ടി ചൂളം വിളിച്ച് പ്ലാറ്റ്‌ഫോമിലേക്ക് അടുത്തുകൊണ്ടിരുന്നു.
അമൃതസരസ്സിലേക്ക്
ഹരിയാനയില്‍നിന്നും പഞ്ചാബിലേക്കുള്ള പകല്‍ വണ്ടിയില്‍ നിറയെ യാത്രക്കാരുണ്ട്. അധികവും സിഖുകാരാണെന്ന് വേഷവിധാനം കൊണ്ട് അറിയാം. കൃപാണ്‍ ധരിച്ച പുരുഷന്മാരും സ്ത്രീകളും വരെ തീവണ്ടിയിലുണ്ട്. സ്ത്രീകളും പരിഷ്‌കാരികളായ യുവാക്കളും പ്രതീകാത്മക സ്വഭാവമുള്ള ചെറുകൃപാണുകളാണ് ധരിച്ചിരിക്കുന്നത്. പ്രാകൃത അറബിഗോത്രങ്ങള്‍ മുഗള്‍കാലഘട്ടത്തില്‍ ഹിന്ദുസമൂഹത്തിനു മേല്‍ വര്‍ണ്ണനാതീതമായ അക്രമങ്ങള്‍ തുടര്‍ന്നപ്പോള്‍ അവയെ പ്രതിരോധിക്കാന്‍ ആയുധമേന്തിയവരാണ് സിഖ് സമൂഹമായി മാറിയത്. ഗുരുഗോവിന്ദസിംഹന്റെ പോരാട്ടവീര്യമുള്ള ആ സമൂഹം ഭാരത സൈന്യത്തിലും സിഖ് റെജിമെന്റിന് കീഴില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിക്കുന്നു. ഹരിതാഭമായ പാടശേഖരങ്ങളും ഫാക്ടറികളും ഇടകലര്‍ന്നു കിടക്കുന്ന പാതയോരത്തൊരിടത്തും തരിശുഭൂമിയോ കേരളത്തിലേതുപോലെ ചെങ്കൊടിയോ കാണാനില്ല. ഹരിയാനയിലും പഞ്ചാബിലും ജലസമൃദ്ധമായ കനാലുകളും വിളഞ്ഞപാടങ്ങളും നയനാനന്ദകരമായ കാഴ്ച ഒരുക്കുന്നു.
അമൃതസരസ്സില്‍ തീവണ്ടി എത്തിയപ്പോള്‍ സമയം ഉച്ചതിരിഞ്ഞ് മൂന്നരയായി. ഭാരത പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറില്‍ നടക്കുന്ന പതാക താഴ്ത്തല്‍ ഏറെ ജനശ്രദ്ധയാകര്‍ഷിക്കുന്ന ഒരു ചടങ്ങാണെന്ന് കേട്ടിട്ടുണ്ട്. അമൃതസരസില്‍ നിന്നും വാഗാ ബോര്‍ഡറിലേക്ക് 31 കീലോമീറ്റര്‍ ഉണ്ട്. ഒരു ടാക്‌സി പിടിച്ചാല്‍ ഏതാണ്ട് 40 മിനിറ്റ് കൊണ്ട് എത്താം എന്ന് മനസ്സിലായി. വൈകിട്ട് 6 മണിക്ക് നടക്കുന്ന പതാകതാഴ്ത്തല്‍ ചടങ്ങിന് 4 മണിക്ക് തന്നെ സുരക്ഷാപരിശോധനകള്‍ നടത്തി കാണികളെ പ്രവേശിപ്പിച്ചു തുടങ്ങും എന്നതിനാല്‍ അല്പവും സമയം പഴാക്കാനില്ല. വിശദമായി ആഹാരം കഴിക്കാന്‍ സമയമില്ലാത്തതിനാല്‍ വാഗയിലേക്കുള്ള വഴിയില്‍ നിന്ന് ജ്യൂസും പഴങ്ങളും കഴിക്കാമെന്ന് തീരുമാനിച്ചു. കേരളത്തിലേതു പോലുള്ള വഴിയല്ലാത്തതുകൊണ്ട് 31 കീലോമീറ്റര്‍ പിന്നിടാന്‍ ടാക്‌സിക്ക് മുപ്പത്തഞ്ച് മിനിറ്റേ ആവശ്യമുള്ളു എന്ന് മനസ്സിലായി.
വാഗ സത്യത്തില്‍ പഞ്ചാബിലെ ഒരു കുഗ്രാമമാണ്. പാകിസ്ഥാനിലെ ലാഹോറിലേക്ക് നീളുന്ന വഴിയുടെ ഭാരത പാക് അതിര്‍ത്തി കവാടമാണ് വാഗയെ പ്രസിദ്ധമാക്കുന്നത്. പാതയോരത്ത് കണ്ട ഒരു പഴക്കടയില്‍ കരിക്ക് കണ്ടപ്പോള്‍ ഞങ്ങളിലെ മലയാളി സടകുടഞ്ഞുണര്‍ന്നു. 60രൂപ വിലയുള്ള വാട്ട കരിക്ക് കഴിച്ചതോടെ കരിക്കിനോടുള്ള ഞങ്ങളുടെ പൂതി അവസാനിച്ചു. എന്നാല്‍ മറ്റ് പഴങ്ങള്‍ക്കൊക്കെ താരതമ്യേന വിലക്കുറവാണെന്ന കാര്യവും പരാമര്‍ശിക്കാതെ വയ്യ. വഴിയോരത്ത് ദേശീയ പതാക വില്‍ക്കുന്നവരും പത്തുരൂപകൊടുത്താല്‍ മുഖത്ത് ദേശീയപതാക വരച്ചുപിടിപ്പിക്കുന്നവരുമൊക്കെ നിരനിരയായി നില്‍ക്കുന്നുണ്ട്. ശരത്തും അപ്പുവും എന്തായാലും ത്രിവര്‍ണ്ണതൊപ്പിവാങ്ങി തലയില്‍ വച്ചുകൊണ്ട് ദേശീയബോധം പരസ്യമാക്കി. കുട്ടികളും യുവാക്കളും സ്ത്രീകളും വൃദ്ധരുംവരെ ദേശീയപതാകയും വാങ്ങി വലിയ ആവേശത്തിലാണ് നീങ്ങുന്നത്. കേവലം 24 കിലോമീറ്റര്‍ മാത്രമാണ് വാഗയില്‍ നിന്നും ലാഹോറിലേയ്ക്കുള്ളതെന്ന് മയില്‍ക്കുറ്റിയില്‍ എഴുതിയിരിക്കുന്നതു കണ്ടപ്പോള്‍, വിഭജനകാലത്തെ നൊമ്പരപ്പലായനങ്ങളും ചോരച്ചാലുകളുമെല്ലാം മനസ്സിലേയ്‌ക്കോടിയെത്തി. ദൂരെനിന്നു തന്നെ പാകിസ്ഥാന്റെയും ഭാരതത്തിന്റെയും പടുകൂറ്റന്‍ പതാകകള്‍ ആകാശത്തില്‍ പാറുന്ന കാഴ്ച കാണാന്‍ കഴിയും. അവ സാധാരണ താഴ്ത്താറില്ലെന്നാണ് മനസ്സിലായത്. ബീറ്റിംഗ് റിട്രീറ്റില്‍ ഇരുരാജ്യങ്ങളുടെയും കവാടത്തില്‍ ഉയര്‍ത്തിയിരിക്കുന്ന ചെറുപതാകകളാണ് താഴ്ത്തുന്നത്.

അതിര്‍ത്തിയിലുള്ള അട്ടാരിഗ്രാമത്തിലാണ് വാഗാകവാടം സ്ഥിതിചെയ്യുന്നത്. സൂര്യാസ്തമനത്തിനുമുമ്പായി രണ്ടു രാജ്യത്തിന്റെയും അതിര്‍ത്തി സേനയിലെ അംഗങ്ങള്‍ പതാകതാഴ്ത്തല്‍ ചടങ്ങ് നടത്തുന്നു. പതാക താഴ്ത്തുംമുമ്പ് ഇരുരാജ്യത്തെയും വേര്‍തിരിക്കുന്ന കവാടങ്ങള്‍ അല്പസമയം തുറന്നിടുന്നു. ഭാരതത്തിന്റെ ഭാഗത്തുനിന്നും ബി.എസ്.എഫ്. ജവാന്മാരും, പാകിസ്ഥാന്റെ ഭാഗത്തുനിന്നും പാകിസ്ഥാന്‍ റേഞ്ചേഴ്‌സുമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. രണ്ടുഭാഗത്തെ സൈനികരും അവരുടെ കരുത്തും ചുറുചുറുക്കും വ്യക്തമാക്കുംവിധം പരസ്പരം അഭിമുഖമായി മാര്‍ച്ചുചെയ്ത് എത്തുന്നതും ചില ശാരീരികകസര്‍ത്തുകള്‍ കാണിക്കുന്നതുമാണ് ‘വാഗാ – അട്ടാരി ബോര്‍ഡര്‍ സെറിമണി’ എന്ന പേരില്‍ പ്രസിദ്ധമായ ചടങ്ങ്. ഒടുക്കം ഇരുഭാഗത്തെയും ദേശീയ പതാക ആചാരപൂര്‍വ്വം താഴ്ത്തുന്നതോടെ ചടങ്ങുകള്‍ അവസാനിക്കുന്നു.