ദേശീയ രാഷ്ട്രീയം ആകാംക്ഷയോടെ കാത്തിരുന്ന ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 243 സീറ്റുകളില്‍ 202 സീറ്റുകളും തൂത്തുവാരി എന്‍ഡിഎ സഖ്യം ചരിത്രവിജയം കരസ്ഥമാക്കിയിരിക്കുകയാണ്. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ പോലും അപ്രസക്തമാക്കിക്കൊണ്ട് നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെയാണ് ഇക്കുറി എന്‍ഡിഎ സഖ്യം ഭരണ തുടര്‍ച്ച നേടിയിരിക്കുന്നത്. ഭരണവിരുദ്ധ വികാരമെന്ന പ്രതിപക്ഷ പ്രചാരണങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് ഒരിക്കല്‍ കൂടി ബീഹാറില്‍ ഭരണാനുകൂല തരംഗം ആഞ്ഞുവീശിയിരിക്കുകയാണ്.
എന്‍ഡിഎയില്‍ 89 സീറ്റുകളുമായി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയും 85 സീറ്റുകളുമായി ജെഡിയു വന്‍ മുന്നേറ്റം കാഴ്ചവെക്കുകയും ചെയ്തപ്പോള്‍ ഇന്‍ഡി സഖ്യം കേവലം 35 സീറ്റുകളിലേക്ക് ചുരുങ്ങിക്കൊണ്ട് ദയനീയ പരാജയം ഏറ്റുവാങ്ങി. കഴിഞ്ഞതവണ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന ആര്‍ജെഡി ഇത്തവണ മൂന്നിലൊന്നു സീറ്റുകളിലേക്കു കൂപ്പുകുത്തിയപ്പോള്‍ ഇന്‍ഡി സഖ്യത്തിലെ മറ്റു കക്ഷികള്‍ക്കൊന്നും സീറ്റെണ്ണത്തില്‍ രണ്ടക്കം പോലും തികയ്ക്കാനായില്ല. കഴിഞ്ഞതവണ 19 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ഇക്കുറി 6 സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്. മാത്രമല്ല, ആകെ 61 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് രണ്ടു സീറ്റുകളില്‍ നോട്ടയ്ക്കും പിന്നിലായി. ആര്‍ജെഡിയും കോണ്‍ഗ്രസും പരസ്പരം ഏറ്റുമുട്ടിയ സിക്കന്ദര മണ്ഡലത്തില്‍ കോണ്‍ഗ്രസ്സിന്റെ പ്രകടനം അതീവ ദയനീയമായിരുന്നു. ഈ തിരഞ്ഞെടുപ്പിലൂടെ ചിരാഗ് പാസ്വാന്റെ എല്‍ജെപി ബീഹാര്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയായി വളര്‍ന്നിരിക്കുകയാണ്. എന്നാല്‍, സ്വന്തം പാര്‍ട്ടിയുമായി രാഷ്ട്രീയ പരീക്ഷണത്തിനിറങ്ങിയ പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിക്ക് നിയമസഭയില്‍ അക്കൗണ്ട് തുറക്കാന്‍ പോലുമായില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും ബീഹാറില്‍ കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞതവണ 12 സീറ്റ് നേടിയ സിപിഐ (എംഎല്‍) ഇത്തവണ രണ്ടിലേക്ക് ചുരുങ്ങി. സിപിഐയും സിപിഎമ്മും പൂര്‍ണമായും നാമാവശേഷമായി.
സംസ്ഥാനത്ത് എന്‍ഡിഎ മുന്നോട്ടുവച്ച ക്ഷേമരാഷ്ട്രീയത്തിന് ജനങ്ങള്‍ നല്‍കിയ അംഗീകാരം കൂടിയാണ് ഇത്തവണത്തെ ജനവിധിയില്‍ തെളിഞ്ഞു കാണുന്നത്. മദ്യനിരോധനവും ക്രമസമാധാനനില മെച്ചപ്പെടുത്താന്‍ നടത്തിയ ഇടപെടലുകളും വഴി സ്ത്രീവോട്ടര്‍മാരിലുണ്ടാക്കിയ സ്വാധീനം തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചു. അതോടൊപ്പം ജനാധിപത്യത്തെ കുടുംബാധിപത്യത്തിന്റെ തടവറയിലിടാനുള്ള കോണ്‍ഗ്രസിന്റെയും ആര്‍ജെഡിയുടെയും ശ്രമങ്ങള്‍ക്ക് ജനകീയകോടതിയില്‍ നിന്ന് ലഭിച്ച തിരിച്ചടി കൂടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം. ഭരണത്തില്‍ തിരിച്ചെത്തിയാല്‍ ബീഹാറില്‍ വീണ്ടും ‘ജംഗിള്‍രാജ്’ തിരികെ കൊണ്ടുവരാമെന്ന ആര്‍ജെഡിയുടെ മോഹങ്ങള്‍ ജനങ്ങള്‍ മുളയിലേ നുള്ളിയിരിക്കുകയാണ്. സ്വന്തം മണ്ഡലമായ രാഘോപുരില്‍ പല റൗണ്ടുകളിലും പ്രതിപക്ഷനേതാവ് തേജസ്വി യാദവ് പിന്നില്‍ പോയത് ഇതിന്റെ ദൃഷ്ടാന്തമാണ്. അഴിമതിരഹിതമായ സദ്ഭരണത്തിനും വികസന രാഷ്ട്രീയത്തിനും ലഭിച്ച പിന്തുണയാണ് ബീഹാറില്‍ എന്‍ഡിഎയുടെ ഉജ്ജ്വല വിജയത്തിന് ആധാരമായിരിക്കുന്നത്.
കഴിഞ്ഞ ഏതാനും കാലങ്ങളായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മുന്നോട്ടു വെക്കുന്ന രാജ്യവിരുദ്ധ രാഷ്ട്രീയത്തിനെതിരായ ബീഹാര്‍ ജനതയുടെ പ്രതിഷേധമാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തില്‍ നിറഞ്ഞു കാണുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഭാരത സൈന്യം പാക് ഭീകരവാദത്തിനെതിരെ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെ പരാജയമായി ചിത്രീകരിക്കാനും ഭാരതത്തിലെ പാകിസ്ഥാന്റെ വിലക്കെടുക്കപ്പെട്ട വക്താക്കളായി പെരുമാറാനുമാണ് രാഹുലും കോണ്‍ഗ്രസും ശ്രമിച്ചുപോന്നത്. ബീഹാറിലെ ഔറംഗാബാദില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഭാരത സൈന്യം പത്ത് ശതമാനം വരുന്ന ജനവിഭാഗത്തിന്റെ നിയന്ത്രണത്തിലാണെന്ന് പോലും രാഹുല്‍ അധിക്ഷേപിച്ചിരുന്നു. കൂടാതെ രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് സംവിധാനങ്ങളോട് അവിശ്വാസം സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും കോണ്‍ഗ്രസ് നേതൃത്വം നല്‍കിയിരുന്നു. എന്നാല്‍ വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപിച്ച് രാഹുല്‍ ഗാന്ധി നടത്തിയ ജന്‍ അധികാര്‍ യാത്ര കടന്നുപോയ മണ്ഡലങ്ങള്‍ പോലും കോണ്‍ഗ്രസിനെ കൈവിട്ടു. രാജ്യവിരുദ്ധമായ ഇത്തരം നീചപ്രചാരണങ്ങള്‍ക്ക് ബീഹാര്‍ ജനത നല്‍കിയ ജനാധിപത്യ മറുപടി കൂടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം. ബീഹാറില്‍ ഇത്തവണ വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പാക്കിയിരുന്നു. ഇതിലൂടെ അനധികൃത നുഴഞ്ഞുകയറ്റക്കാരുടേത് ഉള്‍പ്പെടെ ധാരാളം വ്യാജ വോട്ടുകളാണ് നീക്കം ചെയ്യപ്പെട്ടത്. എന്നാല്‍ ഇതിനെ എതിര്‍ക്കുന്ന സമീപനമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വീകരിച്ചത്. വോട്ടര്‍ പട്ടിക പരിഷ്‌കരണം രാജ്യവ്യാപകമായി നടപ്പിലാക്കപ്പെടേണ്ടതിന്റെ ആവശ്യകത ഒരിക്കല്‍ കൂടി അടിവരയിടുന്നതാണ് ഇപ്പോഴുണ്ടായ ബീഹാര്‍ ജനവിധി. ജാതി രാഷ്ട്രീയത്തിന്റെ വിളനിലമെന്ന് വിമര്‍ശിക്കപ്പെടുന്ന ബീഹാറില്‍ കോണ്‍ഗ്രസും ആര്‍ജെഡിയും മുന്നോട്ടു വെച്ച വിഭജന രാഷ്ട്രീയത്തിന് വേരറ്റുതുടങ്ങിയെന്നതിന്റെ സൂചനയാണ് എന്‍ഡിഎയുടെ ചരിത്ര വിജയത്തിന്റെ ഉള്ളടക്കം.
ബീഹാറില്‍ സദ്ഭരണവും വികസനവും അംഗീകരിക്കപ്പെട്ടുവെന്നും പൊതുജനക്ഷേമത്തിന്റെ ആത്മാവും സാമൂഹിക നീതിയും വിജയിച്ചുവെന്നുമാണ് തിരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഇതോടെ ഇരട്ട എഞ്ചിന്‍ ഭരണത്തിന് ബീഹാറില്‍ ഗതിവേഗം വര്‍ധിച്ചിരിക്കുകയാണ്. ബീഹാറില്‍ എന്‍ഡിഎ പരാജയപ്പെടുമെന്നും അതോടെ ബിജെപി-ജെഡിയു ബന്ധത്തില്‍ വിള്ളല്‍വീഴുമെന്നും അതിലൂടെ കേന്ദ്ര ഭരണം അസ്ഥിരപ്പെടുമെന്നുമുള്ള പ്രതിപക്ഷപ്പാര്‍ട്ടികളുടെയും ബിജെപി വിരുദ്ധ മാധ്യമങ്ങളുടെയും വ്യാമോഹത്തിനേറ്റ തിരിച്ചടി കൂടിയാണ് ബീഹാറിലെ ജനവിധി. ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം ഹരിയാനയിലും മഹാരാഷ്ട്രയിലും നേടിയ മിന്നുംവിജയം ബിജെപി ബീഹാറിലും ആവര്‍ത്തിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും കരുത്തുപകരുന്ന ജനവിധിയാണ് ബീഹാര്‍ ജനതയില്‍ നിന്നുണ്ടായിരിക്കുന്നത്.





















