പതിവുപോലെ ഈ വര്‍ഷവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വന്‍ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. സാധാരണ തങ്ങളുടെ സിനിമ പരിഗണിക്കപ്പെട്ടില്ലെന്നോ, ഇന്ന നടനായിരുന്നു അല്ലെങ്കില്‍ നടിക്കായിരുന്നു അവാര്‍ഡ് നല്‍കേണ്ടിയിരുന്നതെന്നോ ഒക്കെയുള്ള സിനിമാക്കാരുടെയും ചില സിനിമാ പ്രേമികളുടെയും വിയോജന ശബ്ദങ്ങളാണ് ഉയരാറ്. എല്ലാ പുരസ്‌കാരങ്ങളും ആപേക്ഷികമായതിനാല്‍ അതൊക്കെ സ്വാഭാവികവുമാണ്. എന്നാല്‍ ഇപ്രാവശ്യത്തെ വിവാദത്തില്‍ സാധാരണ പൗരന്മാര്‍ അതിശക്തമായി പ്രതിഷേധമുയര്‍ത്തിയിരിക്കുന്നു എന്നതാണ് ശ്രദ്ധേയം. ഹിരണ്‍ദാസ് മുരളി എന്ന വേടന് സിനിമാ ഗാനരചനയ്ക്കുള്ള പുരസ്‌കാരം നല്‍കിയതാണ് വന്‍തോതിലുള്ള പ്രതിഷേധങ്ങള്‍ക്ക് കാരണം. അയാള്‍ പാട്ടുകള്‍ എന്ന പേരില്‍ പറയുന്ന ഗദ്യങ്ങളോ അതിലെ ഉള്ളടക്കമോ ഒന്നുമല്ല ബഹുഭൂരിപക്ഷത്തേയും പ്രകോപിതരാക്കിയിരിക്കുന്നത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവനും സ്ത്രീപീഡകന്‍ എന്ന ആരോപണം നിലനില്‍ക്കുന്നതുമായ ഒരു വ്യക്തിക്ക് അവാര്‍ഡ് നല്‍കി എന്നതാണ് സാധാരണക്കാരെ ചൊടിപ്പിക്കാന്‍ കാരണം. ഇതിനുമുമ്പ് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കാലത്തു തന്നെ പല സിനിമാ പ്രവര്‍ത്തകര്‍ക്കും പുരസ്‌കാരം നിഷേധിക്കാന്‍ കാരണം അതിന്റെ നിര്‍മ്മാതാവോ, നടനോ ഒക്കെ സ്ത്രീ പീഡന ആരോപണം നേരിട്ടിരുന്നു എന്നുള്ളതാണ്. എന്നാല്‍ ആ മാനദണ്ഡങ്ങള്‍ ഹിരണ്‍ദാസ് മുരളിയ്ക്ക് ബാധകമല്ലാതിരിക്കാന്‍ പല കാരണങ്ങളുണ്ട്. അതില്‍ പ്രധാന കാരണം ഹിരണ്‍ദാസ് മുരളിയെന്ന റാപ്പ് ഗായകന്റെ യഥാര്‍ത്ഥ പ്രായോജകര്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് വളരെ വേണ്ടപ്പെട്ടവരാണ് എന്നതാണ്. അര്‍ബന്‍ നക്‌സലുകളുടെയും ജിഹാദികളുടെയും സങ്കര സാഹിത്യമാണ് ഹിരണ്‍ദാസ് മുരളി റാപ്പ് ഗാനങ്ങളായി അവതരിപ്പിക്കുന്നതില്‍ ഭൂരിഭാഗവും. ഹിരണ്‍ദാസ് മുരളിയെ ഒരു കപട ദളിത് ഐക്കണാക്കി ഉയര്‍ത്തിക്കാണിക്കുക എന്നത് പാലസ്തീന്‍, പാകിസ്ഥാന്‍ വാദികളായ ജിഹാദികളുടെ തന്ത്രമാണ്. വിഭജനകാലത്ത് ജിന്ന പയറ്റിയ അതേ കപട ദളിതസ്‌നേഹം തന്നെയാണ് ചിലര്‍ ഇപ്പോഴും പയറ്റുന്നത്. അയ്യങ്കാളിയേയും അംബേദ്കറേയുമൊക്കെ വിയര്‍പ്പു തുന്നിയിട്ട കുപ്പായത്തിനിടയില്‍ തിരുകുന്നത് ഒരു തന്ത്രത്തിന്റെ ഭാഗം മാത്രം. പലര്‍ക്കും ഹിരണ്‍ ദാസ് മുരളിയുടെ സ്വഭാവദൂഷ്യങ്ങളെ വിമര്‍ശിക്കാനേ ധൈര്യമുളളു. അയാളുടെ പാട്ടിലൂടെ ഒളിച്ചു കടത്തുന്ന ദേശവിരുദ്ധതയെ ചോദ്യം ചെയ്യാനുള്ള ധൈര്യമില്ല. കാരണം തങ്ങള്‍ ദളിത് ന്യൂനപക്ഷ വിരുദ്ധരെന്ന് മുദ്രകുത്തപ്പെടുമോ എന്ന പേടിയാണ്. കേരളത്തില്‍ ചില സംഘടിത രാഷ്ട്രവിരുദ്ധശക്തികള്‍ സൃഷ്ടിച്ചിരിക്കുന്ന പത്മവ്യൂഹം ഭേദിക്കുവാന്‍ സത്യങ്ങള്‍ മയമില്ലാതെ നിരന്തരം ജനങ്ങളുടെ ഇടയിലേക്ക് സംവാദരൂപത്തില്‍ നല്‍കിക്കൊണ്ടേ ഇരിക്കണം.
എന്തായാലും ഹിരണ്‍ദാസ് മുരളിയ്ക്ക് ലഭിച്ച പുരസ്‌കാരത്തെ എതിര്‍ക്കാന്‍ അയാളുടെ സ്വഭാവദൂഷ്യങ്ങളെ ഉയര്‍ത്തി കാണിക്കുന്നതില്‍ ഒരടിസ്ഥാനവുമില്ല. പുരസ്‌കാരത്തിന് പരിഗണിക്കുന്നവര്‍ക്കെല്ലാം പത്തരമാറ്റ് സ്വഭാവഗുണങ്ങള്‍ ഉണ്ടാവണം എന്ന് ശഠിക്കാനും പാടില്ല. കാരണം മാറ്റുരയ്ക്കുന്നത് ഒരാളുടെ സ്വഭാവശുദ്ധിയല്ല; പ്രതിഭയാണ്. ഹിരണ്‍ദാസ് മുരളിയുടെ പുരസ്‌കാരലബ്ധിയെ എതിര്‍ക്കുന്നവര്‍ പോലും യഥാര്‍ത്ഥ പ്രശ്‌നത്തെയല്ല അഭിസംബോധന ചെയ്യുന്നത്. യഥാര്‍ത്ഥ പ്രശ്‌നം ഉറക്കെ പറയാന്‍ പലര്‍ക്കും ധൈര്യമില്ല. സാംസ്‌കാരിക നായകന്മാരില്‍ ഭൂരിപക്ഷവും കൊട്ടാരം വിദൂഷകന്മാരായതുകൊണ്ടും രാജപ്രീതിക്കുവേണ്ടി കാവ്യങ്ങള്‍ ചമച്ചും പാട്ടുകെട്ടിയും അടുത്ത പുരസ്‌കാരത്തിന്റെ പണക്കിഴി സ്വപ്നം കണ്ടു കഴിയുന്നവരായതുകൊണ്ടും പ്രതികരണം പ്രതീക്ഷിക്കാന്‍ വയ്യ. അരിയിട്ടു വാഴിച്ച അറബി സുല്‍ത്താന്മാര്‍ പറയുന്നതിനപ്പുറം ചലിക്കാന്‍ പറ്റാത്ത കേരള മഹാരാജാവിന് അവര്‍ പറയുന്നിടത്ത് തുല്യം ചാര്‍ത്താനേ കഴിയൂ. ജൂറി ചെയര്‍മാന്‍ പ്രകാശ് രാജൊക്കെ ഒരു ഉപകരണം മാത്രം. ലങ്കയില്‍ ദാഹം മാറാത്ത പുലികളെ പാടി ഉണര്‍ത്തുന്ന വേടന്‍ ഒരു ഭാരത പ്രധാനമന്ത്രിയുടെ വധത്തിന് കാരണക്കാരായ എല്‍ടിടിഇ എന്ന ഭീകര സംഘടനയെ ആണ് പാടി ഉണര്‍ത്തുന്നതെന്ന് മനസിലാകാത്ത മലയാളി വേടനൊപ്പം പാലസ്തീന്‍ കൊടി പുതച്ച് ചുവടു വച്ചിരുന്നു. മ്യാന്‍മറില്‍ ബുദ്ധന്‍ ആയുധമേന്തി ചുടുചോരമോന്തി എന്ന് പാടുന്ന വേടന്‍ മതമൗലികവാദത്തിന്റെ മറുപേരായ റോഹിങ്ക്യന്‍ സംഘങ്ങളെയാണ് മഹത്വവല്‍ക്കരിക്കുന്നതെന്ന് തിരിച്ചറിയുന്നവര്‍ക്ക് വേടന് പാട്ടെഴുത്തിന് കിട്ടിയ പുരസ്‌കാരം ആശങ്ക ഉണ്ടാക്കുക തന്നെ ചെയ്യും. കാശ്മീരില്‍ ആസിഫയുടെ അര ഉടയ്ക്കാന്‍ ഭഗവാന്‍ കാവലിരുന്നു എന്ന് പാടി പറയുന്നവന്‍ കാശ്മീര്‍ ഭീകരവാദിയുടെ വക്കാലത്തുമായാണ് നമ്മുടെ കുഞ്ഞുങ്ങളുടെ മുന്നില്‍ തുള്ളി ഉറയുന്നത് എന്ന് മനസ്സിലാക്കിയാല്‍ രാമനെ അറിയാത്ത വേടന്‍ രാവണപക്ഷത്തിന്റെ ആളാണെന്ന് നമുക്കുറപ്പിയ്ക്കാം.
എറണാകുളത്തു നിന്നും ബാംഗ്ലൂര്‍ വരെയുള്ള പുതിയ വന്ദേഭാരതിലെ കന്നിയാത്രക്കാരായ വിദ്യാര്‍ത്ഥികള്‍ പരമ പവിത്രമതാമീ മണ്ണില്‍ ഭാരതാംബയെ പൂജിക്കാന്‍ എന്ന ദേശഭക്തിഗാനം പാടിയത് മഹാപരാധമായിപ്പോയി എന്ന് ചര്‍ച്ച ചെയ്ത ചാനല്‍ വീരന്മാരും പ്രതിഷേധ പ്രകടനം നടത്തിയ കമ്മ്യൂണിസ്റ്റ് കോണ്‍ഗ്രസ് യുവജന സംഘടനകളുമൊന്നും ഇതുവരെ വേടന്റെ പാട്ടിലെ ദേശദ്രോഹ വരികളോ അരാജകവാദമോ ഒന്നും കണ്ടിട്ടില്ല. നാളെ ദേശീയ ഗാനവും വന്ദേമാതരവും വരെ കേരളത്തില്‍ പാടുന്നത് ശിക്ഷാര്‍ഹമായ കുറ്റമായി മാറിയേക്കാം. പാലസ്തീനിന്റെയും ഹമാസിന്റെയും പതാകകള്‍ ഇപ്പോള്‍ തന്നെ ഭാരത ദേശീയപതാകയെക്കാള്‍ ഉയരത്തില്‍ ഉയര്‍ത്തുന്നവര്‍ കേരളത്തിലുണ്ട്. ഹിരണ്‍ദാസ് മുരളിയ്ക്ക് പാട്ടെഴുത്തിന് ലഭിച്ച പുരസ്‌കാരം ഈ പുതിയ പ്രവണതയുടെ പ്രകടീകരണമാണ്. രാഷ്ടം നല്‍കുന്ന പത്മപുരസ്‌കാരങ്ങള്‍ക്ക് സമാന്തരമായി കേരളമേര്‍പ്പെടുത്തിയിരിക്കുന്ന കേരളജ്യോതി പുരസ്‌കാരം ശബരിമലയുടെ ചരിത്രം തിരുത്താന്‍ വ്യാജരേഖയുണ്ടാക്കാന്‍ കൂട്ടുനിന്ന രാഘവവാര്യര്‍ക്കാണ് നല്‍കിയിരിക്കുന്നത് എന്നത് ഇതിനോട് ചേര്‍ത്ത് വായിക്കാവുന്നതാണ്. ഒരുപക്ഷെ മരണാനന്തര ബഹുമതിയായി 1921ല്‍ ഹിന്ദു വംശഹത്യയ്ക്ക് നേതൃത്വം കൊടുത്ത വാരിയന്‍ കുന്നന് അടുത്ത കേരളശ്രീ പുരസ്‌കാരം സമര്‍പ്പിച്ചേക്കാം. സരസ്വതീദേവിയുടെ നഗ്‌നചിത്രം വരച്ചതിന് എം.എഫ്. ഹുസൈന് രാജാരവിവര്‍മ്മ പുരസ്‌കാരം നല്‍കിയ പാരമ്പര്യമുള്ള കമ്മ്യൂണിസ്റ്റുകാര്‍ ശബരിമലയിലെ സ്വര്‍ണ്ണ കവര്‍ച്ചക്ക് നേതൃത്വം കൊടുത്ത ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അടുത്ത വര്‍ഷം തസ്‌ക്കരശ്രീ പുരസ്‌കാരം നല്‍കിക്കൂടായ്കയില്ല. പൊതുജനങ്ങളുടെ നികുതിപ്പണം കൊണ്ട് കേരളക്കരയില്‍ കുതന്ത്രതന്ത്രമൊരുക്കുന്ന കമ്മ്യൂണിസ്റ്റ് ജിഹാദി അച്ചുതണ്ട് സര്‍ക്കാരിനെ എത്രയും വേഗം പിഴുതെറിഞ്ഞില്ലെങ്കില്‍ അഖണ്ഡ ഭാരതത്തിന്റെ ഭാഗമായി കേരളം നിലനില്‍ക്കാന്‍ ദേശ സ്‌നേഹികള്‍ക്ക് വലിയ പോരാട്ടം നയിക്കേണ്ടിവന്നേക്കാം.





















