വികസനത്തിന്റെ കാര്യത്തിലാണെങ്കിലും വിദ്യാഭ്യാസത്തിന്റെ കാര്യത്തിലാണെങ്കിലും കേരളത്തെ ദേശീയ മുഖ്യധാരയില്‍ നിന്ന് അകറ്റി നിര്‍ത്തുവാന്‍ ഇവിടുത്തെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാ കാലത്തും ശ്രദ്ധിച്ചു പോന്നു. സംഘടിത ന്യൂനപക്ഷ മതങ്ങളെ പ്രീണിപ്പിച്ച് നിര്‍ത്താനെന്ന നിലയ്ക്ക് കമ്മ്യൂണിസ്റ്റ് – കോണ്‍ഗ്രസ് പാര്‍ട്ടികള്‍ എടുക്കുന്ന പല നയങ്ങളും കേരളത്തിന്റെ ഭാവിയെ ഇരുളടഞ്ഞതാക്കുന്നതാണ്. പൗരത്വ നിയമ ഭേദഗതിയുടെ കാര്യത്തിലാണെങ്കിലും ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കാര്യത്തിലാണെങ്കിലും ഒടുക്കം സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌ക്കരണത്തിന്റെ (എസ്‌ഐആര്‍) കാര്യത്തിലാണെങ്കിലും കേരളത്തിലെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ദേശീയ താത്പര്യങ്ങള്‍ക്കൊപ്പമല്ല എന്നുമാത്രമല്ല, വേറിടല്‍ വാദികള്‍ക്കൊപ്പമാണ് എന്ന അപകടകരമായ സാഹചര്യമാണ് നിലവിലുള്ളത്. വോട്ടര്‍പട്ടിക പരിഷ്‌ക്കരിക്കുക എന്നത് ഇതാദ്യമായല്ല രാജ്യത്ത് നടത്തുന്നത്. രാജ്യം സ്വാതന്ത്രൃം നേടിയതിനു ശേഷം ഒമ്പതാമത്തെ തവണയാണ് എസ്‌ഐ ആര്‍ നടത്തുന്നത്. ഇരുപതു വര്‍ഷം മുമ്പാണ് അവസാനമായി എസ്‌ഐആര്‍ നടപ്പിലാക്കിയത്. എന്നാല്‍ ചില പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ രാജ്യത്ത് ആദ്യമായാണ് സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം നടത്തുന്നത് എന്നുള്ള നിലയ്ക്കുള്ള പ്രചരണം അഴിച്ചു വിട്ടിരിക്കുകയാണ്. നരേന്ദ്ര മോദിയും സര്‍ക്കാരും എന്തോ വഴിവിട്ട സംഗതി നടത്താന്‍ പോകുന്നു എന്ന പ്രതീതി ഉണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. പാര്‍ലമെന്റിലും വിവിധ നിയമസഭാ തിരഞ്ഞെടുപ്പുകളിലും നിരന്തരം തോറ്റുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വേദികളിലടക്കം ഭാരതത്തിന്റെ തിരഞ്ഞെടുപ്പ് സംവിധാനത്തെയും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെയും ഒക്കെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു. 2024 ല്‍ മൂന്നാംതവണയും ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നത്, ഭരിക്കാന്‍ വേണ്ടി പിറന്ന രാജകുടുംബമാണ് തങ്ങള്‍ എന്നു കരുതുന്ന സോണിയകുടുംബത്തിന് ഉള്‍ക്കൊള്ളാനായിട്ടില്ല. കാലങ്ങളായി പ്രധാനമന്ത്രി പദം സ്വപ്‌നം കണ്ടു കഴിയുന്ന രാഹുല്‍ രാജകുമാരന്‍ അങ്ങേയറ്റം നിരാശയില്‍ വോട്ട് ചോരി വാദമുയര്‍ത്തി ബഹളം കൂട്ടിയെങ്കിലും ഭാരതീയര്‍ അതൊന്നും വിശ്വസിച്ചിട്ടില്ല. തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് അവസാനിപ്പിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് എസ്‌ഐആര്‍ എന്നത്. നിലവിലുള്ള വോട്ടര്‍ പട്ടിക അസാധുവാക്കിക്കൊണ്ട് എല്ലാവരും പുതുതായി വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുക എന്നത് കള്ളവോട്ടുകള്‍ അവസാനിപ്പിക്കാന്‍ കഴിയുന്ന ശാസ്ത്രീയ മാര്‍ഗ്ഗമാണ്. എന്നാല്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രധാന പ്രതിപക്ഷ കക്ഷികള്‍ ഇതിനെ എതിര്‍ക്കുന്നത് മറ്റെന്തോ അവര്‍ക്ക് മറയ്ക്കാനുള്ളതു കൊണ്ടാണ്.
ഒരു ജനാധിപത്യ രാജ്യത്ത് ഭരണഘടന പോലെ തന്നെ പവിത്രമാണ് വോട്ടര്‍പട്ടികയും. അത് സംശുദ്ധമാക്കാന്‍ ശ്രമിക്കുന്നതിനെ എതിര്‍ക്കുന്നവര്‍ക്ക് മറ്റെന്തൊക്കെയോ ലക്ഷ്യങ്ങളുണ്ടെന്നു കരുതിയാല്‍ കരുതുന്നവരെ കുറ്റം പറയാനൊക്കില്ല. ബീഹാറില്‍ എസ്‌ഐആര്‍ നടപ്പിലാക്കിയപ്പോള്‍ 65 ലക്ഷം പേരാണ് വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തു പോയത്. നുഴഞ്ഞുകയറ്റക്കാരും അനധികൃത കുടിയേറ്റക്കാരുമൊക്കെ വളഞ്ഞ വഴിയില്‍ വോട്ടര്‍പട്ടികയില്‍ കടന്നുകൂടിയിരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ഒക്കെയുള്ള പൗരന്മാര്‍ ഭാരതത്തില്‍ നുഴഞ്ഞു കയറി ഭാരതത്തിന്റെ ജനാധിപത്യത്തെ അട്ടിമറിക്കുന്നത് ആശാസ്യമായ കാര്യമല്ല. ഇങ്ങനെ പോയാല്‍ ഭാരതത്തില്‍ ആരു ഭരിക്കണമെന്ന് ബംഗ്ലാദേശിനും പാകിസ്ഥാനുമൊക്കെ തീരുമാനിക്കാന്‍ കഴിയും. അത്തരം അനധികൃതപൗരന്മാരെ വോട്ടര്‍പട്ടികയില്‍ നിന്നും കണ്ടെത്തി പുറത്താക്കുന്നതില്‍ കോണ്‍ഗ്രസിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും എതിര്‍പ്പെന്തുകൊണ്ടുണ്ടാകുന്നു എന്നു ചോദിച്ചാല്‍ ഭാരതത്തിലെ തിരഞ്ഞെടുപ്പ് അട്ടിമറിച്ച് അധികാരത്തില്‍ വരാന്‍ അവര്‍ കണ്ട കുറുക്കുവഴിയാണ് എസ്‌ഐആറിലൂടെ ഇല്ലാതാകുന്നത് എന്നതാണ് കാരണം. മൂന്നരക്കോടി ജനസംഖ്യയുള്ള കേരളത്തില്‍ പോലും ലക്ഷക്കണക്കിന് അനധികൃത വോട്ടര്‍മാരുണ്ട്. ബംഗാളി ഭായിമാര്‍ എന്നു നാം വിളിക്കുന്നതില്‍ എത്രയോപേര്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരാണ്. ബംഗാളിലും ത്രിപുരയിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലുണ്ടായിരുന്നപ്പോള്‍ പാര്‍ട്ടി ഒത്താശയോടെ വ്യാപകമായ കുടിയേറ്റം നടന്നിരുന്നു. ബംഗാളില്‍ മമതാ ബാനര്‍ജിയും ഇതേ പ്രക്രിയ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. നുഴഞ്ഞുകയറ്റക്കാര്‍ക്ക് വ്യാജരേഖകളും റേഷന്‍കാര്‍ഡും വരെ ഉണ്ടാക്കി കൊടുക്കുന്ന സംഘങ്ങള്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ഉണ്ട്. എസ്‌ഐആര്‍ നടപ്പിലാക്കുമ്പോള്‍ ഇത്തരം വ്യാജ വോട്ടര്‍മാര്‍ പിടിക്കപ്പെടും എന്നുള്ളതുകൊണ്ടാണ് മമതാ ബാനര്‍ജി ഇതിനെ എതിര്‍ക്കുന്നത്. കണ്ണൂര്‍ പോലുള്ള പല ജില്ലകളിലും പാര്‍ട്ടി ഗ്രാമങ്ങളില്‍ മരിച്ചുപോയവരുടെ പേരില്‍ പോലും വോട്ടുചെയ്ത പാരമ്പര്യമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും സംശുദ്ധമായ വോട്ടര്‍പട്ടിക ഒരു വെല്ലുവിളിയാണ്. അതുകൊണ്ടാണ് വിജയന്‍ മുഖ്യമന്ത്രി എസ്‌ഐആറിനെ എതിര്‍ക്കുന്നത്. ഒന്നിലധികം ബൂത്തുകളില്‍ ആസൂത്രിതമായി ഒരേ വ്യക്തികള്‍ തന്നെ വോട്ട് ചേര്‍ത്ത് വിരലടയാളം മായ്ച്ചും ബൂത്തിലിരിക്കുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും രണ്ടും മൂന്നും വോട്ട് നിര്‍ബാധം ചെയ്തിരുന്ന സഖാക്കള്‍ക്ക് എസ്‌ഐആര്‍ ഭീഷണിയാണ്.
വോട്ടര്‍ പട്ടികയിലുള്ള ഓരോരുത്തരുടേയും ഇലക്ട്രല്‍ യോഗ്യത പരിശോധിച്ച് അയോഗ്യരെ ഒഴിവാക്കി യോഗ്യരെ ചേര്‍ക്കുന്ന പ്രക്രിയയാണ് സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ അഥവാ എസ്‌ഐആര്‍ എന്നത്. ഇതിലൂടെ വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പും കണ്ടെത്തി ഒഴിവാക്കാനാവും. ഭാരതം പോലെ കോടിക്കണക്കിന് ജനങ്ങള്‍ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കുന്ന ഒരു രാജ്യത്ത് ഇടയ്ക്കിടയ്ക്ക് വോട്ടര്‍ പട്ടിക പുതുക്കേണ്ടത് സംശുദ്ധ ജനാധിപത്യത്തിന് അനിവാര്യമാണ്. ഇപ്പോള്‍ രാജ്യത്തെ അമ്പത് കോടി വോട്ടര്‍മാരാണ് എസ്‌ഐആറിന്റെ പരിധിയില്‍ വരുന്നത്. ബീഹാറില്‍ എസ്‌ഐആര്‍ പ്രഖ്യാപിച്ചപ്പോള്‍ അരുതാത്തതെന്തോ നടക്കുന്നു എന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ട് പ്രതിപക്ഷ കക്ഷികള്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി എസ്‌ഐആറിന് അനുകൂലമായ നിലപാടെടുക്കുകയാണ് ചെയ്തത്. ഭരണഘടനയുടെ പവിത്രതയെ കുറിച്ച് വാചാലരാകുന്ന പ്രതിപക്ഷ കക്ഷികള്‍ വോട്ടര്‍പട്ടികയുടെ സംശുദ്ധിയെ കുറിച്ചു കൂടി അല്‍പ്പം ബോധവാന്മാരാകുന്നത് നല്ലതാണ്. വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിച്ച് തിരഞ്ഞെടുപ്പ് ജയിച്ചിരുന്ന കക്ഷികളേ എസ്‌ഐആറിനെ കുറിച്ച് വേവലാതി പെടേണ്ടതായിട്ടുള്ളു. പിന്നെ എന്തിനേയും എതിര്‍ക്കുന്നതാണ് പ്രതിപക്ഷ ധര്‍മ്മമെന്ന് ധരിച്ച് വശായ പ്രതിപക്ഷ കക്ഷികള്‍ ഉണ്ടെങ്കില്‍ കാലം അവരെ പാഠങ്ങള്‍ പഠിപ്പിച്ചു കൊള്ളും.





















