ഭാരതത്തിലെ മഹാക്ഷേത്രങ്ങളെല്ലാം ഹൈന്ദവ സമുഹത്തിന്റെ ട്രഷറികള്‍ കൂടി ആയിരുന്നു. സാധാരണക്കാര്‍ മുതല്‍ മഹാരാജാക്കന്മാര്‍ വരെ തങ്ങളുടെ സമ്പത്ത് ഇഷ്ടദേവതയ്ക്ക് സമര്‍പ്പിക്കുന്ന പാരമ്പര്യം ഭാരതത്തിന്റെ സവിശേഷതയാണ്. ഇന്നും ആ സംസ്‌കാരം തുടര്‍ന്നുപോരുന്നു. രാജ്യവും ജനങ്ങളും സാമ്പത്തിക പരാധീനതയില്‍ പെട്ടപ്പോള്‍ തിരുവിതാംകൂര്‍ മഹാരാജാക്കന്മാര്‍ ശ്രീപത്മനാഭന്റെ നിലവറയില്‍ നിന്ന് പണം കടമായി എടുക്കുകയും പ്രതിസന്ധികള്‍ അതിജീവിച്ചു കഴിയുമ്പോള്‍ ക്ഷേത്ര നിലവറയില്‍ നിന്നും എടുത്ത സമ്പത്ത് തല്‍സ്ഥാനത്ത് തിരിച്ചു വയ്ക്കുകയും ചെയ്തിരുന്നതായി ചരിത്രം പറയുന്നു. നൂറ്റാണ്ടുകള്‍ക്കുമുന്നെ ഭാരതത്തിലേയ്ക്ക് പടയെടുത്തെത്തിയ വൈദേശിക ശക്തികളുടെയെല്ലാം പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഹിന്ദുക്ഷേത്രങ്ങളായിരുന്നു. അറേബ്യന്‍ മരുഭൂമിയില്‍ നിന്നെത്തിയവരാണെങ്കിലും യൂറോപ്പില്‍ നിന്നെത്തിയവരാണെങ്കിലും ക്ഷേത്ര സ്വത്തുക്കളെ ലക്ഷ്യം വച്ചിരുന്നു. കേരളത്തിലെ മഹാക്ഷേത്രങ്ങള്‍ പലതും, പ്രത്യേകിച്ച് മലബാറിലെ ക്ഷേത്രങ്ങള്‍ ഹൈദരാലിയും ടിപ്പുവും ചേര്‍ന്ന് കൊള്ളയടിക്കുക ഉണ്ടായി. പോര്‍ച്ചുഗീസുകാരും ഹൈന്ദവ ക്ഷേത്രങ്ങളിലെ സ്വത്തുവകകള്‍ കൊള്ളയടിക്കുന്നതില്‍ ഒട്ടും പിറകിലായിരുന്നില്ല. ബ്രിട്ടീഷുകാരാകട്ടെ ദേവസ്വം ഭൂമിയും സ്വത്തുവകകളും നേരിട്ട് അവരുടെ കീഴിലേയ്ക്കാക്കി. നിര്‍ഭാഗ്യകരമായ കാര്യം സ്വാതന്ത്രൃം ലഭിച്ചതിനു ശേഷവും ഹിന്ദു ക്ഷേത്രങ്ങള്‍, പ്രത്യേകിച്ച് കേരളത്തിലെ ക്ഷേത്രങ്ങള്‍ അരക്ഷിതമായി തുടരുന്നു എന്നത് ഒരു വിരോധാഭാസമാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ശബരിമലയില്‍ നടന്ന സ്വര്‍ണ്ണക്കൊള്ള.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ഹിന്ദു സമൂഹത്തെയും അവരുടെ സ്ഥാവരജംഗമ സ്വത്തുവകകളെയും ലക്ഷ്യം വച്ചിട്ട് നാളേറെയായി. ഭക്തിയും ക്ഷേത്ര വിശ്വാസവുമാണ് ഹിന്ദുക്കളെ ഒരുമിപ്പിച്ച് നിര്‍ത്തുന്ന പ്രധാന ഘടകങ്ങള്‍ എന്നുള്ളതുകൊണ്ട് അവയെ തകര്‍ക്കാനുള്ള ശ്രമത്തിലാണ് കേരളത്തിലെ ഇടതുപക്ഷ ഭരണകൂടം. ജിഹാദികളുടെ ഫത്വയ്ക്കനുസരിച്ച് ഭരിക്കുന്ന പ്രച്ഛന്ന താലിബാനിസ്റ്റുകളാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം. ജിഹാദികള്‍ക്കും മതപരിവര്‍ത്തന മിഷനറി സംഘങ്ങള്‍ക്കും വേണ്ടി ഹിന്ദുവിന്റെ അവസാന അത്താണികളായ ക്ഷേത്രങ്ങളെ തകര്‍ക്കാനും കൊള്ളചെയ്യാനുമുള്ള കരാറെടുത്തതുപോലെയാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. 2018ല്‍ ശബരിമലയില്‍ മുഖ്യമന്ത്രി വിജയന്റെ നിര്‍ദ്ദേശമനുസരിച്ച് പോലീസ് സഹായത്തോടെ യുവതികളെ പ്രവേശിപ്പിച്ച് ആചാരലംഘനം നടത്തിയെങ്കില്‍ ഇപ്പോള്‍ ശബരിമല ക്ഷേത്രത്തിലെ അമൂല്യ സ്വര്‍ണ്ണ സമ്പത്തും വിഗ്രഹങ്ങളും കൊള്ളയടിക്കാനുള്ള ശ്രമത്തിലാണ് ഇടതുപക്ഷ സര്‍ക്കാര്‍. കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ്ണമാണ് ദേവസ്വം ബോര്‍ഡിലെ കമ്മ്യൂണിസ്റ്റ് കൊള്ളസംഘം കടത്തിക്കൊണ്ടുപോയിരിക്കുന്നത്. സന്നിധാനത്ത് ശ്രീകോവിലിന്റെ ഇരുവശത്തുമായി സ്ഥാപിച്ചിട്ടുള്ള ദ്വാരപാലക വിഗ്രഹത്തെ പൊതിഞ്ഞിരുന്ന സ്വര്‍ണ്ണ പാളികള്‍ ചെന്നൈയിലേക്ക് കടത്തിക്കൊണ്ടുപോയി ഉരുക്കി മാറ്റുകയാണ് ചെയ്തിരിക്കുന്നത്. 1999 ല്‍ വിജയ് മല്യ എന്ന വ്യാപാരി ശബരിമല ശ്രീകോവിലിന്റെ മേല്‍ക്കൂരയും ദ്വാരപാലക വിഗ്രഹങ്ങളും സ്വര്‍ണ്ണം പൊതിഞ്ഞ് നല്‍കിയതാണ്. മുപ്പതു കിലോ തങ്കമാണ് ഇതിനായി ചിലവഴിച്ചത്. ഏതാണ്ട് 18 കോടിയാണ് ഇതിനായി ചിലവാക്കിയത്. ചെമ്പുപാളികളില്‍ സ്വര്‍ണ്ണം പൂശുകയല്ല, പതിക്കുകയാണ് ചെയ്തിട്ടുള്ളത്. അതു കൊണ്ട് മങ്ങലേല്‍ക്കുന്ന പ്രശ്‌നമില്ല. 2019 ല്‍ ഇതിന്‍മേല്‍ ചില അറ്റകുറ്റപ്പണികള്‍ നടന്നിരുന്നു. 40 വര്‍ഷത്തെ ഗ്യാരണ്ടിയാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന പണിയെടുത്ത ഏജന്‍സിയും സ്‌പോണ്‍സറും വാഗ്ദാനം ചെയ്തിരുന്നത്. ശബരിമലയിലെ ദ്വാരപാലക വിഗ്രഹങ്ങള്‍ക്ക് എന്തെങ്കിലും മങ്ങലോ കേടുപാടുകളോ ഭക്തജനങ്ങള്‍ക്ക് നാളിതുവരെ തോന്നിയിട്ടില്ല. ഉണ്ണികൃഷ്ണന്‍ പോറ്റി എന്ന ബിനാമിയെ മുന്നില്‍ നിര്‍ത്തി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദേവസ്വം ബോര്‍ഡില്‍ നിയോഗിച്ചിട്ടുള്ള കൊള്ളസംഘമാണ് ശബരിമലയിലെ സ്വര്‍ണ്ണം കടത്തിക്കൊണ്ടുപോയിരിക്കുന്നത്. ദ്വാരപാലക വിഗ്രഹത്തില്‍ മാത്രം ഏതാണ്ട് അഞ്ചു കിലോ സ്വര്‍ണ്ണം പതിപ്പിച്ചിരുന്നു എന്നാണ് മനസ്സിലാകുന്നത്. ദ്വാരപാലക വിഗ്രഹത്തില്‍ നിന്നും തനിക്ക് കിട്ടിയത് ചെമ്പുതകിടുകള്‍ മാത്രമാണ് എന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി പറയുമ്പോള്‍ ഇതിലെ സ്വര്‍ണ്ണം എവിടെ പോയി എന്നു പറയാനുള്ള ബാധ്യത ദേവസ്വം മന്ത്രിക്കും ബോര്‍ഡ് പ്രസിഡന്റിനുമുണ്ട്. ദ്വാരപാലക വിഗ്രഹത്തിന്റെ പീഠം ഇതിനോടകം നഷ്ടപ്പെട്ടിരിക്കുന്നു എന്നുമാണ് മനസ്സിലാകുന്നത്. ശബരിമലയില്‍ സുപ്രധാനമായ എന്ത് കാര്യം ചെയ്യുന്നതും ഹൈക്കോടതിയുടെ അറിവോടെ വേണമെന്നുണ്ട്.അതുപോലെ ദേവചൈതന്യവുമായി ബന്ധപ്പെട്ട ഏത് നിര്‍മ്മാണ പ്രവര്‍ത്തനത്തിനും അറ്റകുറ്റപ്പണിക്കും മുമ്പ് ദേവഹിതം നോക്കേണ്ടതും അനുജ്ഞാകലശം നടത്തേണ്ടതുമാണ്. ഈ മാനദണ്ഡങ്ങളൊന്നും സ്വര്‍ണ്ണപ്പാളി കടത്തിക്കൊണ്ടുപോയവര്‍ പാലിച്ചിട്ടില്ല. ഭീകരമായ ക്ഷേത്ര കൊള്ളയാണ് ഇവിടെ നടന്നിരിക്കുന്നത്.
2018ല്‍ ശബരിമലയില്‍ ആചാരലംഘനത്തിന് നേതൃത്വം കൊടുക്കുകയും ഭക്തജനങ്ങളെ മര്‍ദ്ദിക്കുകയും അവര്‍ക്കെതിരെ കള്ളക്കേസ് ചുമത്തുകയും ശരണംവിളി വരെ നിരോധിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇക്കഴിഞ്ഞ നാളില്‍ പമ്പയില്‍ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുകയുണ്ടായി. ശബരിമല വികസനത്തിന് എന്ന പേരില്‍ നടത്തിയ ഈ ആളില്ലാ നാടകത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശം ശബരിമലയില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നടത്തുന്ന കൊള്ളകള്‍ക്ക് മറയിടുക എന്നതായിരുന്നു എന്ന് വ്യക്തമായിരിക്കുകയാണ്. ചില സാമുദായിക സംഘടനാനേതാക്കളെയും ഈ പൊറാട്ടുനാടകത്തില്‍ പങ്കാളിയാക്കുക വഴി മഹത്തായ പാരമ്പര്യമുള്ള ആ സമുദായ സംഘടനകളുടെ നാളിതുവരെയുള്ള പ്രതിച്ഛായക്കു പോലും കളങ്കം ചാര്‍ത്തുകയാണ് വിജയന്‍ സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ആഗോള അയ്യപ്പ സംഗമത്തിന് ദേവസ്വം ബോര്‍ഡിന്റെ പണം ഉപയോഗിക്കില്ലെന്ന് ഹൈക്കോടതിക്ക് നല്‍കിയ ഉറപ്പും കാറ്റില്‍ പറത്തപ്പെട്ടിരിക്കുകയാണ്. ദേവസ്വം ബോര്‍ഡ് മൂന്നു കോടി രൂപ ഊരാളുങ്കല്‍ സൊസൈറ്റിയുടെ കീഴിലുള്ള ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് മുന്‍കൂര്‍ നല്‍കിയെന്ന വിവരം ഞെട്ടിക്കുന്നതാണ്. സിപി എമ്മിന്റെ ബിനാമി എന്ന നിലയിലാണ് ഊരാളുങ്കല്‍ സൊസൈറ്റിയെ പലരും കാണുന്നത്. അക്ഷരാര്‍ത്ഥത്തില്‍ ശബരിമലയെ കമ്മ്യൂണിസ്റ്റ് ഭരണകൂടം കൊള്ളയടിച്ചു കൊണ്ടിരിക്കുകയാണ്. അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്ന യോഗദണ്ഡു വരെ പുറത്തേയ്ക്ക് കടത്തി എന്നാണ് ഒടുവില്‍ ലഭിക്കുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. തിരുവിതാംകൂര്‍ മഹാരാജാക്കന്മാര്‍ സ്വര്‍ണ്ണത്തിന്റെ അളവ് കൂട്ടി പണിത അമൂല്യമായ പഞ്ചലോഹ വിഗ്രഹമാണ് ശബരിമലയില്‍ ശ്രീകോവിലില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് കൊള്ളക്കാരില്‍ നിന്നും ഈ വിഗ്രഹമെങ്കിലും സംരക്ഷിക്കുവാന്‍ ബഹുമാനപ്പെട്ട ഹൈക്കോടതി ഇടപെടണമെന്നാണ് അപേക്ഷിക്കാനുള്ളത്.





















