Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ടിപ്പുവിനെ തോല്പിച്ച വൈക്കം പത്മനാഭപ്പിള്ള -തിരുവിതാംകൂറിന്റെ തലക്കുറി തിരുത്തിയ പടനായകന്‍

കലാദര്‍പ്പണം രവീന്ദ്രനാഥ്കലാദര്‍പ്പണം രവീന്ദ്രനാഥ്
10 January 2020

ആയിരത്തി എണ്ണൂറ്റിഅന്‍പത്തിയേഴിലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനും ദശാബ്ദങ്ങള്‍ക്കുമുമ്പ്, വൈദേശിക കടന്നുകയറ്റത്തിനെതിരെ പടപൊരുതിയ വീരകേരളവര്‍മ്മ പഴശ്ശിയേയും വേലുത്തമ്പിദളവയേയും വൈക്കം പത്മനാഭപിള്ളയേയും ദേശീയ ചരിത്രകാരന്മാര്‍ എന്തേ കാണാതെ പോയത്? ഏതാണ്ടൊരേ കാലഘട്ടത്തില്‍ ഉത്തരകേരളത്തിലും മദ്ധ്യകേരളത്തിലും ദക്ഷിണകേരളത്തിലുമായി ജീവിച്ചുമരിച്ചവരാണ് മൂവരും. 1805-ല്‍ വീരപഴശ്ശിയെ ബ്രിട്ടന്റെ സൈന്യം വെടിവച്ചുകൊന്നു. 1809ല്‍ ബ്രിട്ടന്റെ കുതന്ത്രങ്ങളുടെയും സൈനികശക്തിയുടേയും മുന്‍പില്‍ പതറാതെ പടപൊരുതി മരിച്ചവരാണ് വേലുത്തമ്പിയും വൈക്കം പത്മനാഭപിള്ളയും.

Google NewsAdd Kesari Weekly as a preferred source on Google

ആറടിയിലധികം ഉയരമുള്ള അംഗ സൗഷ്ഠവത്തോടുകൂടിയ ശരീരം, ഉയര്‍ന്ന ശിരസ്സ്, പതറാത്ത ഇച്ഛാശക്തി, അനന്യസാധാരണമായ ദൃഢചിത്തത, അതുല്ല്യമായ ആയോധനാപാടവം ഇവയുടെയെല്ലാം സമൂര്‍ത്തരൂപമായിരുന്നു തിരുവിതാംകൂര്‍ സേനാധിപനായിരുന്ന വൈക്കം പത്മനാഭപിള്ള.

കര്‍ത്തവ്യനിര്‍വ്വഹണത്തിലും ദൃഢനിശ്ചയത്തിലും മറ്റാരേക്കാളും പിന്നിലായിരുന്നില്ല പത്മനാഭപിള്ളയുടെ സ്ഥാനം. പലവട്ടം പത്മനാഭപിള്ള അത് തെളിയിച്ചിട്ടുണ്ട്. പത്മനാഭപിള്ള എന്നൊരു പടനായകന്‍ ഉണ്ടായിരുന്നില്ലെങ്കില്‍ തിരുവിതാംക്കൂറിന്റെ തലക്കുറി മറ്റൊന്നാകുമായിരുന്നു.

ADVERTISEMENT

1767 നവംബര്‍ 29-ാം തീയതി വൃശ്ചികമാസത്തിലെ പൂരം നക്ഷത്രത്തിലാണ് പത്മനാഭപിള്ളയുടെ ജനനം. വടക്കുംകൂര്‍ രാജ്യത്തെ അവസാനദിവാനായ മൂത്തപിള്ളയുടെ അനന്തിരവള്‍ ഭഗവതി അമ്മയെ, വൈക്കം കണ്ണേഴത്ത് ചെമ്പകരാമന്‍ പിള്ള വിവാഹം ചെയ്തു. ഈ ദമ്പതികളായിരുന്നു പത്മനാഭപിള്ളയുടെ മാതാപിതാക്കന്മാര്‍.

മൂത്തപിള്ളയുടെ മകന്‍ നാഗന്‍പിള്ളക്ക് പത്തേക്കര്‍ ഭൂമി കരം ഒഴിവായി കൊട്ടാരത്തില്‍ നിന്നും പതിച്ചു നല്‍കിയിരുന്നു. ഉദയനാപുരം ക്ഷേത്രത്തിനു തെക്കുഭാഗത്തായിട്ടായിരുന്നു അത്. അവിടെയാണ് നന്ത്യാട്ടുകളരി പ്രവര്‍ത്തിച്ചിരുന്നത്. 1810വരെ നന്ത്യാട്ടു കളരി പ്രവര്‍ത്തിച്ചിരുന്നതായി കാണുന്നു. നന്ത്യാട്ടു കളരിയില്‍ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ സൈനികസേവനം നിര്‍വ്വഹിച്ചിരുന്നു. മാര്‍ത്താണ്ഡവര്‍മ്മ തിരുവിതാംകൂറിന്റെ അതിര്‍ത്തി വ്യാപിപ്പിച്ചതോടെ വടക്കുംകൂര്‍ തിരുവിതാംകൂറില്‍ ലയിച്ചു.

ബാല്യത്തില്‍ തന്നെ പത്മനാഭപിള്ള നന്ത്യാട്ടുകളരിയില്‍ പരിശീലനം ആരംഭിച്ചു. 16 വയസ്സായപ്പോഴേക്കും പത്മനാഭപിള്ള തികഞ്ഞൊരു അഭ്യാസിയായി കഴിഞ്ഞിരുന്നു. പതിവ് അഭ്യാസങ്ങള്‍ക്കുപുറമെ കുതിരസവാരിയിലും ലക്ഷ്യം തെറ്റാതെ നിറയൊഴിക്കുന്നതിനും അനിതര സാധാരണമായ നൈപുണ്യം നേടുവാന്‍ പത്മനാഭപിള്ളക്കു കഴിഞ്ഞിരുന്നു. 18-ാം വയസ്സില്‍ ചേരിക്കല്‍ രാമകൃഷ്ണപിള്ളയുടെ മകളെ വിവാഹം ചെയ്ത പത്മനാഭപിള്ള 20-ാം വയസ്സില്‍ നന്ത്യാട്ടുകളരിയില്‍ കൊച്ചാശാനായി. അക്കാലത്തെ അറിയപ്പെടുന്ന അഭ്യാസികള്‍ക്കാര്‍ക്കും പത്മനാഭപിള്ളയെ അടിയറവ് പറയിക്കുവാന്‍ കഴിയുമായിരുന്നില്ല.

1782ല്‍ മകനായ ടിപ്പുവിനെ ഭരണമേല്‍പ്പിച്ചശേഷമാണ് ഹൈദര്‍ മരിക്കുന്നത്. 1783ല്‍ ടിപ്പുവിന്റെ സൈന്യം മലബാറിലെത്തി. സാമൂതിരിയുടെ ഭരണത്തിനുകീഴില്‍ ഉണ്ടായിരുന്ന പ്രദേശങ്ങള്‍ ഒന്നൊന്നായി കീഴടക്കി. പിടിച്ചെടുത്ത സ്ഥലങ്ങളിലുള്ള ക്ഷേത്രങ്ങളെല്ലാം അടിച്ചുതകര്‍ക്കുകയും ക്ഷേത്രസമ്പാദ്യങ്ങള്‍ കൊള്ളയടിക്കുകയും ആ പ്രദേശത്തുള്ളവരെ കൂട്ടത്തോടെ ഇസ്ലാംമതത്തില്‍ ചേര്‍ക്കുകയും അതിനു വിസമ്മതിച്ചവരെ മുഴുവന്‍ വധിക്കുകയും ചെയ്തു.

1789-ല്‍ വീണ്ടും മലബാറിലേക്കുവന്ന ടിപ്പു മകന്‍ അബ്ദുള്‍ഖാലിയയെക്കൊണ്ട് അറക്കല്‍ ബീവിയുടെ മകളെ വിവാഹം കഴിപ്പിച്ചു. കൊച്ചി കീഴടക്കുവാനും ടിപ്പുവിനു പദ്ധതിയുണ്ടായിരുന്നു. ഇതു മനസ്സിലാക്കിയ കൊച്ചിരാജാവ് ടിപ്പുവിന്റെ മേല്‍ക്കോയ്മ അംഗീകരിക്കുകയും ടിപ്പുവിന് കപ്പം കൊടുത്തുകൊണ്ട് സാമന്തനായി തുടരുന്നതിന് തീരുമാനിച്ച് ഉടമ്പടി ഉണ്ടാക്കുകയും ചെയ്തു.

തിരുവിതാംകൂറിനെയും തന്റെ അധീനതയില്‍ കൊണ്ടുവരുവാന്‍ ടിപ്പു ആഗ്രഹിച്ചു. അതിനായി കൊച്ചി രാജാവിനെ വിനിയോഗിക്കുവാന്‍ ടിപ്പു തിരുമാനിച്ചു. ടിപ്പുസുല്‍ത്താന്‍ ശക്തനാണെന്നും സുല്‍ത്താന്റെ സൗഹൃദം തിരുവിതാംകൂറിനു നേട്ടമാകുമെന്നും അതിനാല്‍ ടിപ്പുവുമായി യുദ്ധമില്ലാ ഉടമ്പടി ഉണ്ടാക്കണമെന്നും കൊച്ചി രാജാവ് തിരുവിതാംകൂര്‍ രാജാവിനോട് പറഞ്ഞു. കൊച്ചി രാജാവിന്റെ അത്തരം അഭിപ്രായങ്ങള്‍ കേട്ടതല്ലാതെ തിരുവിതാംകൂര്‍ മഹാരാജാവ് മറുപടി ഒന്നും പറഞ്ഞില്ല. ദൂതന്മാര്‍ വഴി ടിപ്പുവും ആ വഴിക്ക് ശ്രമിച്ചു നോക്കി.

മഹാരഥനായ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ അനന്തിരവന്‍ കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ ആയിരുന്നു അക്കാലത്ത് തിരുവിതാംകൂര്‍ ഭരിച്ചിരുന്നത്. മാതുലനായ മാര്‍ത്താണ്ഡവര്‍മ്മയുടെ വിദഗ്ദ്ധ ശിക്ഷണത്തില്‍ വളര്‍ന്നയാളായിരുന്നു രാമവര്‍മ്മ. മികച്ച ഭരണാധികാരിയും പ്രജാക്ഷേമ തല്‍പ്പരനുമായിരുന്നു അദ്ദേഹം. 1758 മുതല്‍ 1798 വരെയായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലഘട്ടം. ഭരണ നിപുണരും രാജ്യതന്ത്രജ്ഞരുമായ അയ്യപ്പന്‍ മാര്‍ത്താണ്ഡപിള്ളയും തുടര്‍ന്ന് രാജാകേശവദാസുമായിരുന്നു അക്കാലത്ത് മന്ത്രിമാരായിരുന്നത്. ടിപ്പുവില്‍ നിന്ന് ഒരു കടന്നാക്രമണം രാമവര്‍മ്മ രാജാവ് പ്രതീക്ഷിച്ചിട്ടുണ്ടാകണം. സൈനികശക്തി വര്‍ദ്ധിപ്പിക്കുവാന്‍ ദിവാന് നിര്‍ദ്ദേശം നല്‍കി. വടക്കന്‍ അതിര്‍ത്തി ശക്തിപ്പെടുത്തുന്നതിനായി കൊടുങ്ങല്ലൂര്‍ കോട്ടയും പള്ളിപ്പുറം കോട്ടയും ഡച്ചുകാരില്‍ നിന്നും വിലക്കുവാങ്ങി. ഡിലനോയിയുടെ മേല്‍നോട്ടത്തില്‍ പുതുതായി നെടുങ്കോട്ട നിര്‍മ്മിച്ച് അതിര്‍ത്തി ബലപ്പെടുത്തി. അനുനയത്തിലൂടെ തിരുവിതാംകൂറിനെ വശത്താക്കാന്‍ കഴിയില്ലെന്നു മനസ്സിലാക്കിയ ടിപ്പു സമ്മര്‍ദ്ദതന്ത്രങ്ങളിലൂടെ തിരുവിതാംകൂറിനെ വശത്താക്കാനായി അടുത്ത നീക്കം. തിരുവിതാംകൂറില്‍ അഭയം പ്രാപിച്ചവരെ ഉടനെ മടക്കി അയക്കണമെന്ന് സുല്‍ത്താന്‍ ദൂതന്മാര്‍ വഴി തിരുവിതാംകൂറിനെ അറിയിച്ചു. അഭയം തേടിയെത്തിയവരെ തിരസ്‌കരിക്കാനാവില്ലെന്നും അവര്‍ക്കിഷ്ടമുള്ളപ്പോള്‍ തിരിച്ചുപോകാവുന്നതാണെന്നും അതിനവരില്‍ സമ്മര്‍ദ്ദം ചെലുത്താനാവില്ലെന്നും മഹാരാജാവ് സുല്‍ത്താനെ അറിയിച്ചു. ഈ മറുപടി ടിപ്പുവിനെ ചൊടിപ്പിച്ചു.

ടിപ്പുസുല്‍ത്താന്‍ ഒരു കൊള്ളക്കാരനും മതവെറിയനുമായിരുന്നു. ടിപ്പു കീഴടക്കിയ പ്രദേശങ്ങളിലെല്ലാം കൊള്ള നടത്തുക മാത്രമല്ല അയാള്‍ ചെയ്തിരുന്നത്, ആ പ്രദേശത്തുള്ള ക്ഷേത്രങ്ങള്‍ അടിച്ചുതകര്‍ക്കുകയും വധഭീഷണി ഉയര്‍ത്തി ഹിന്ദുക്കളെ കൂട്ടത്തോടെ ഇസ്ലാം മതത്തില്‍ ചേര്‍ക്കുകയും അതിന് വഴങ്ങാത്തവരെ നിര്‍ദ്ദയം കൊന്നുതള്ളുകയും ചെയ്തിരുന്നു. ഒരു പക്ഷെ കയ്യടക്കിയ പ്രദേശങ്ങളില്‍ ഇതര മതസ്ഥരുടെ ആരാധനാലയങ്ങള്‍ ഇത്രയേറെ തകര്‍ക്കുകയും കൂട്ട മതംമാറ്റല്‍ നടത്തുകയും ചെയ്ത ഒരു ഭരണാധികാരി ടിപ്പുവല്ലാതെ മറ്റൊരാള്‍ ഉണ്ടാവുകയില്ല.

ടിപ്പുവിന്റെ കടന്നുകയറ്റം തടയണമെന്ന ചിന്ത, രാമവര്‍മ്മരാജാവിന് ആദ്യം മുതല്‍ക്കു തന്നെ ഉണ്ട്. അതെങ്ങിനെ പ്രാവര്‍ത്തികമാക്കും എന്ന ചിന്തയും അദ്ദേഹത്തിനുണ്ടായിരുന്നു. പ്രബലശക്തിയായ ടിപ്പുവിന്റെ സൈന്യത്തെ നേരിട്ടെതിര്‍ക്കുവാനുള്ള സൈനികശക്തി തിരുവിതാംകൂറിനുണ്ടായിരുന്നില്ല. മഹാരാജാവ്, മന്ത്രിയായ രാജാകേശവദാസുമായി കൂടിയാലോചന നടത്തി. സൈനിക പ്രമുഖരുമായി ചര്‍ച്ച ചെയ്തു. ദിവാന് തിരുവിതാംകൂര്‍ സൈന്യത്തിലുള്ള, 22 വയസ്സുമാത്രം പ്രായമുള്ള യുവ സൈനികനായ പത്മനാഭപിള്ളയില്‍ ഏറെ പ്രതീക്ഷ ഉണ്ടായിരുന്നു. പത്മനാഭപിള്ളയുമായി ദിവാന്‍ ഈ കാര്യം ചര്‍ച്ച ചെയ്തു. ”അക്കാര്യം താനേറ്റു” എന്ന് പത്മനാഭപിള്ള ദിവാന് വാക്കുകൊടുത്തു.

1789 ഡിസംബര്‍ 14-ാം തീയതി വലിയ സൈനിക സജ്ജീകരണങ്ങളുമായി ടിപ്പു തൃശ്ശൂരില്‍ എത്തി. ഡിസംബര്‍ 29ന് ടിപ്പു നെടുങ്കോട്ട കീഴടക്കി. ചെറുത്തുനിന്ന തിരുവിതാംകൂര്‍ പടയാളികളെ ടിപ്പുവിന്റെ സൈന്യം അനായാസം തുരത്തിയോടിച്ചു. പ്രശ്‌നങ്ങളെല്ലാം തീര്‍ന്നെന്ന വിശ്വാസത്തോടെ ടിപ്പു വിശ്രമിക്കുകയായിരുന്നു. എങ്ങിനെ എന്നു പറയാനാകില്ല, പത്മനാഭപിള്ളയും 20 സൈനികരും അടങ്ങുന്ന ചെറുസൈന്യം ടിപ്പുവിന്റെയും മുന്നില്‍ പ്രത്യക്ഷപ്പെട്ടു. പത്മനാഭപിള്ള ടിപ്പുവിനെ ആഞ്ഞുവെട്ടി. ആകസ്മികമായുണ്ടായ ആക്രമണത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച ടിപ്പുവിന്റെ ഇടതു കാല്‍ മുട്ടിനുവെട്ടേറ്റു. ടിപ്പു താഴെവീണു. ടിപ്പുവിന്റെ അംഗരക്ഷകന്‍ കമറുദ്ദീന്‍ ഖാന്‍ അടുത്തെത്തിയപ്പോഴേക്കും അയാളെയും പത്മനാഭപിള്ള വെട്ടി താഴെയിട്ടു. വീണുകിടക്കുന്ന ടിപ്പുവിന്റെ വാളും ചുരികയും കിരീടവും അരപ്പട്ടയും കൈക്കലാക്കിയ പത്മനാഭപിള്ളയും സംഘവും ഝടുതിയില്‍ കോട്ടക്കുപുറത്തു കടക്കുകയും അവിടെ ഒരുക്കി നിര്‍ത്തിയിരുന്ന കുതിരപ്പുറമേറി വായുവേഗത്തില്‍ പത്മനാഭപുരത്തേക്കു കുതിച്ചു പായുകയും ചെയ്തു. മുറിവേറ്റ സുല്‍ത്താന്‍ മറ്റു മാര്‍ഗ്ഗമില്ലാതെ പരാജിതനായി മടങ്ങി.

ടിപ്പുവില്‍ നിന്നും പിടിച്ചെടുത്ത രാജകീയ വസ്തുക്കള്‍ പത്മനാഭപിള്ള ദിവാനു കൈമാറി. ദിവാന്‍ അവ മഹാരാജാവിന് കാഴ്ചവച്ചു. സന്തുഷ്ടനായ മഹാരാജാവ്, വൈക്കം പത്മനാഭപിള്ളയെ തിരുവിതാംകൂറിന്റെ പടത്തലവനായി നിയമിച്ചു.

(ടിപ്പുവിനെ തോല്‍പിച്ച് പത്മനാഭപിള്ള യജമാനന്‍ കൊണ്ടുവന്ന രാജകീയ വസ്തുക്കളെക്കുറിച്ച് മതിലകം രേഖകളില്‍ പരാമര്‍ശിക്കുന്നുണ്ട്.) പത്മനാഭപിള്ളയുടെ കടന്നാക്രമണത്താല്‍ കാലിന് വെട്ടേറ്റ ടിപ്പു ചെറിയൊരു മുടന്തുമായാണ് മരണംവരെ ശിഷ്ടകാലം പിന്നിട്ടതെന്ന് ചരിത്രകാരനായ ‘കിര്‍മാണി’ രേഖപ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ പ്രതികാരദാഹവുമായാണ്, വന്‍ സൈന്യവുമായി ടിപ്പു തിരുവിതാംകൂര്‍ ആക്രമിക്കുവാന്‍ വീണ്ടും വന്നത്. 1790 ഏപ്രില്‍ 15-ാം തീയതി സുല്‍ത്താന്‍ നെടുങ്കോട്ട കീഴടക്കി. തിരുവിതാംകൂറിന്റെ ഭാഗത്തുനിന്നും വലിയ ചെറുത്തുനില്‌പൊന്നുമുണ്ടായില്ല. ഏതാനും ദിവസം കോട്ടയില്‍ തങ്ങിയ ടിപ്പുവും സൈനികരും കോട്ട മൊത്തം തകര്‍ത്തു. ചുറ്റുമുള്ള കിടങ്ങുകള്‍ നികത്തി. അവിടെ നിന്നും മുന്നേറിയ ടിപ്പുവിന്റെ സൈന്യം കൊടുങ്ങല്ലൂര്‍ കോട്ടയും വഴിയെ അയക്കോട്ടയും കീഴടക്കി മുന്നേറി ആലങ്ങാടും പറവൂരും കീഴടക്കി. 1790 മെയ് 7-ാം തീയതി ടിപ്പുവും സൈന്യവും ആലുവ പുഴയുടെ തീരത്തുള്ള വിശാലമായ മണപ്പുറത്ത് എത്തി ക്യാമ്പടിച്ചു. വിശ്രമിച്ച് ക്ഷീണമകറ്റി യാത്ര തുടരാമെന്നു തീരുമാനിച്ചു. തിരുവിതാംകൂറില്‍ ഇത്ര അനായാസം മുന്നേറാനാകുമെന്ന് സുല്‍ത്താന്‍ സ്വപ്‌നേപി വിചാരിച്ചിരുന്നില്ല. അഹങ്കാരം അലങ്കാരമായി കരുതിയിട്ടുള്ള ടിപ്പു പ്രഖ്യാപിച്ചു. ”പത്മനാഭന്റെ കൊടിമരത്തില്‍ ഞാനെന്റെ കുതിരയെ തളക്കും.”

ടിപ്പുവിന്റെ നീക്കം രഹസ്യമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു പത്മനാഭപിള്ളയും സഹപ്രവര്‍ത്തകരും. ആലുവയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലത്തിലുള്ള ഭൂതത്താന്‍ കെട്ടില്‍ അവര്‍ എത്തിയത് പരമരഹസ്യമായിട്ടായിരുന്നു. അര്‍ദ്ധരാത്രി അടുക്കാറായപ്പോള്‍ അവര്‍ അണക്കെട്ട് തുറന്നുവിട്ടു. ചീറിപ്പാഞ്ഞെത്തിയ പ്രളയജലം പെരിയാറിന്റെ ഇരുകരകളേയും വെള്ളത്തിലാഴ്ത്തി സംഹാര ദുര്‍ഗ്ഗയായി ആലുവയിലെത്തി; ടിപ്പുവിന്റെ നിരവധി പടയാളികളും പടക്കോപ്പുകളുമായി അറബിക്കടലിനെ ലക്ഷ്യമാക്കി ഒഴുകി. ടിപ്പുവിന്റെ പീരങ്കികളിലും തോക്കുകളിലും ഉപയോഗിക്കാനുള്ള വെടിമരുന്നെല്ലാം നനഞ്ഞു കുതിര്‍ന്നു. ഹതാശയനായ ടിപ്പു പരാജയ ഭാരവുംപേറി ശ്രീരംഗപട്ടണത്തേക്കുമടങ്ങി. പിന്നീടൊരിക്കലും തിരുവിതാംകൂര്‍ ആക്രമിക്കുവാന്‍ സുല്‍ത്താന്‍ വന്നിട്ടില്ല.

ടിപ്പു തിരുവിതാംകൂര്‍ കീഴടക്കിയിരുന്നുവെങ്കില്‍ തിരുവിതാംകൂര്‍ മറ്റൊരു മലബാര്‍ ആകുമായിരുന്നു. ടിപ്പുവിന്റെ പരാജയം തിരുവിതാംകൂറിന്റെ ജാതകം തിരുത്തി.

1798ല്‍ കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ മഹാരാജാവ് അന്തരിച്ചു. തിരുവിതാംകൂറിലെ ജനങ്ങള്‍ ഇഷ്ടദൈവത്തെപ്പോലെയാണ് പൊന്നുതമ്പുരാനെ കണ്ടിരുന്നത്. അദ്ദേഹത്തിന്റെ ദേഹവിയോഗം പ്രജകള്‍ക്ക് താങ്ങാവുന്നതിലധികമായിരുന്നു. തമ്പുരാനെ, പൊന്നുതമ്പുരാനെ എന്നു വിളിച്ചു വിലപിച്ച് അന്തിമോപചാരമര്‍പ്പിക്കാന്‍ വന്‍ജനസഞ്ചയമാണൊഴുകി എത്തിയത്. ജനങ്ങളെ ഇത്രയധികം സ്‌നേഹിക്കുകയും അതേ അളവിലോ അതില്‍ കൂടുതലോ ജനങ്ങളുടെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്ത ഒരു ഭരണാധികാരി ധര്‍മ്മരാജാവല്ലാതെ മറ്റൊരാളെ ആധുനികചരിത്രത്തില്‍ നമുക്ക് കാണാന്‍ കഴിയില്ല.

കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മയുടെ ദേഹവിയോഗത്തെത്തുടര്‍ന്ന് ബാലരാമവര്‍മ്മ രാജാവായി. തീരെ കാര്യപ്രാപ്തിയില്ലാത്തവനും ദുര്‍ബ്ബലനുമായിരുന്നു ബാലരാമവര്‍മ്മ. ജയന്തന്‍ നമ്പൂതിരി, ശങ്കരനാരായണന്‍ ചെട്ടി, മാത്തു എന്നീ ഉപജാപകസംഘത്തിന്റെ കയ്യിലെ പാവയായി മാറി രാജാവ്. ഉപജാപകസംഘത്തിന്റെ ചതിയാല്‍ ദിവാന്‍ രാജാകേശവദാസ് ഭക്ഷ്യവിഷബാധയാല്‍ മരിച്ചു. ജയന്തന്‍ നമ്പൂതിരി ദിവാനായി. രാജ്യമാകെ അരാജകത്വത്തിലേക്ക് കൂപ്പുകുത്തി. ഈയവസ്ഥയില്‍ പത്മനാഭപിള്ള സൈനികസേവനം അവസാനിപ്പിച്ച് സ്വവസതിയിലേക്ക് മടങ്ങി. ആകെ അവതാളത്തിലും അഴിമതിയിലും ആഡംബരത്തിലും മുങ്ങിയതായി ഭരണം. കെടുകാര്യസ്ഥത രാജ്യത്താകെ വ്യാപിച്ചു.

ഭരണകൂടത്തിന്റെ തെറ്റായ നടപടിക്കെതിരെ വേലുത്തമ്പിയുടെ നേതൃത്വത്തില്‍ വലിയ ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവന്നു. ജനരോഷം ക്രമാതീതമായി വളര്‍ന്നപ്പോള്‍ പ്രക്ഷോഭകാരികള്‍ക്കുമുന്നില്‍ രാജാവ് മുട്ടുമടക്കുകയും ജയന്തന്‍ നമ്പൂതിരിയെ ദിവാന്‍ സ്ഥാനത്തുനിന്നും നീക്കി നാടുകടത്തുകയും ശങ്കരനാരായണന്‍ ചെട്ടിയേയും മാത്തുത്തരകനേയും ജയിലില്‍ അടക്കുകയും ചെയ്തതോടെ പ്രക്ഷോഭം കെട്ടടങ്ങി. 1800-ല്‍ വേലുത്തമ്പി തിരുവിതാംകൂറിന്റെ ‘ദളവ’ ആയി നിയമിതനായി. അഴിമതിരഹിതവും കാര്യപ്രാപ്തിയുള്ളതുമായ ഭരണം കാഴ്ചവെക്കാന്‍ ധീരനായ വേലുത്തമ്പിക്ക് കഴിഞ്ഞു. കുറഞ്ഞൊരു കാലം കൊണ്ട് രാജ്യത്തെ അഭിവൃദ്ധിയിലേക്കു നയിക്കാന്‍ വേലുത്തമ്പിക്കായി. വേലുത്തമ്പി ‘ദളവ’ ആയിരിക്കുമ്പോള്‍ ബ്രിട്ടീഷുകാരും തിരുവിതാംകൂറുമായി ഒരു ഉടമ്പടി ഉണ്ടാക്കി. ഈ ഉടമ്പടിയോടെ തിരുവിതാംകൂര്‍ ബ്രിട്ടീഷുകാരുടെ വിധേയമിത്രമായി. പ്രതിവര്‍ഷം ബ്രിട്ടന് 8 ലക്ഷം രൂപ കപ്പം കൊടുക്കണമെന്ന വ്യവസ്ഥ ഉണ്ടായത് ഈ ഉടമ്പടിയിലൂടെയാണ്. തിരുവിതാംകൂറിന്റെ രാഷ്ട്രീയ സ്വാതന്ത്ര്യം നഷ്ടമായി എന്നതായിരുന്നു ഈ ഉടമ്പടിയിലൂടെ സംഭവിച്ചത്. അധികം വൈകാതെ തന്നെ റസിഡന്റ് തിരുവിതാംകൂറിന്റെ ആഭ്യന്തരകാര്യങ്ങളിലും ഇടപെടാന്‍ തുടങ്ങി. അതോടെ വേലുത്തമ്പിയും മെക്കാളെയുമായി അകലാന്‍ തുടങ്ങി. തിരുവിതാംകൂറിലേക്ക് ഭാരിച്ച നികുതി കുടിശ്ശിക ഉണ്ടായിരുന്നു മാത്തൂത്തരകന്. മാത്തൂത്തരകന്റെ സ്വത്ത് ലേലത്തില്‍ വിറ്റ് കുടിശ്ശിക വസൂലാക്കാന്‍ വേലുത്തമ്പി പുറപ്പെടുവിച്ച ഉത്തരവ് റസിഡന്റ് റദ്ദു ചെയ്തു. ഇത് വേലുത്തമ്പിയെ ചൊടിപ്പിച്ചു. ഇതോടെ അവര്‍ തമ്മില്‍ ശത്രുതയിലായി.

തിരുവിതാംകൂറിന്റെ ആഭ്യന്തര കാര്യങ്ങളില്‍ കൈകടത്തുന്ന റസിഡന്റിന്റെ നടപടിക്കെതിരെ പ്രക്ഷോഭം നയിക്കാന്‍ ദളവ തീരുമാനിച്ചു. ഏതാണ്ടിതേ കാലയളവില്‍ സമാനമായ വിഷയത്തില്‍ കൊച്ചിരാജാവിന്റെ മന്ത്രി ആയിരുന്ന പാലിയത്തച്ചനും മെക്കാളെയുമായി അകന്നുനില്‍ക്കുകയായിരുന്നു. വേലുത്തമ്പിയും പാലിയത്തച്ചനുമായി ഒരു ധാരണയിലെത്തി. ബ്രിട്ടീഷുകാരെ തിരുവിതാംകൂറിലും കൊച്ചിയിലും നിന്നു തുരത്തുന്നതിന് ഇരുവരും ചേര്‍ന്ന് പൊതുപദ്ധതി തയ്യാറാക്കി. റസിഡന്റ് ജോണ്‍ മെക്കാളെയെ വധിക്കുവാനും കൊച്ചിയിലും കൊല്ലത്തുമുള്ള ബ്രിട്ടീഷ് സേനാക്യാമ്പുകള്‍ അക്രമിച്ച് അവിടെയുള്ള സൈനികരെ വധിക്കുവാനുമായിരുന്നു പദ്ധതി. അതിനായി അവര്‍ സൈനികസേവനത്തിന് ആളുകളെ ശേഖരിക്കുകയും പരിശീലനം നല്‍കുകയും ചെയ്തു. ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തില്‍ പങ്കുചേരാന്‍ വൈക്കം പത്മനാഭപിള്ളയേയും വേലുത്തമ്പി കൂടെ കൂട്ടുകയും പ്രക്ഷോഭകാരികളുടെ സേനാധിപനായി വൈക്കം പത്മനാഭപിള്ളയെ ചുമതലപ്പെടുത്തുകയും ചെയ്തു. 1808 ഡിസംബറില്‍ വൈക്കം പത്മനാഭപിള്ളയുടെ നേതൃത്വത്തില്‍ തിരുവിതാംകൂറില്‍ നിന്നും പാലിയത്തച്ചന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നിന്നുമായി ആയിരത്തോളം വരുന്ന സേനാംഗങ്ങള്‍ കൊച്ചിയിലെ റസിഡന്റിന്റെ വസതി വളഞ്ഞു. അവര്‍ക്ക് കൊച്ചി റസിഡന്‍സിയിലെത്താന്‍ ഓടിവള്ളങ്ങള്‍ സജ്ജീകരിച്ചതും അതിന് നേതൃത്വം നല്‍കിയതും ചെമ്പിലരയന്‍ എന്ന കങ്കുമരന്‍ വലിയ അരയന്‍ ആണെന്നു പറയപ്പെടുന്നു. പ്രക്ഷോഭകാരികളുടെ സൈന്യത്തിന്റെ പദ്ധതിയെക്കുറിച്ച് റസിഡന്റിന് മുന്‍കൂട്ടി വിവരം കിട്ടി. പ്രക്ഷോഭകാരികളുടെ സൈന്യം എത്തുന്നതിനും മുമ്പു തന്നെ മെക്കാളെ അവിടെ നിന്നും രഹസ്യമായി രക്ഷപ്പെട്ടിരുന്നു.

റസിഡന്‍സി വളഞ്ഞ സൈന്യത്തിന് മെക്കാളയെ കണ്ടെത്താന്‍ കഴിയാത്ത ദേഷ്യത്തില്‍ അവിടെ ഉണ്ടായിരുന്ന രേഖകളെല്ലാം നശിപ്പിക്കുകയും അവിടെ ഉണ്ടായിരുന്ന ബ്രിട്ടീഷ് ജീവനക്കാരെയെല്ലാം വധിക്കുകയും ചെയ്തു. അടുത്തദിവസം പാലിയത്തച്ചന്റെ നേതൃത്വത്തിലുള്ള സൈന്യം കൊച്ചിയിലുള്ള ബ്രിട്ടീഷ് സൈനിക ക്യാമ്പ് ആക്രമിച്ചു. പ്രക്ഷോഭകരെ തുരത്തിയ ഇംഗ്ലീഷ് സേന പാലിയത്തച്ചനെ തടവുകാരനാക്കുകയും ജയിലില്‍ അടക്കുകയും ചെയ്തു. ജയിലില്‍ അടക്കപ്പെട്ട പാലിയത്തച്ചനെ പിന്നീടാരും കണ്ടിട്ടില്ല.

പോഞ്ഞിക്കര റസിഡന്‍സിയില്‍ നിന്നും മടങ്ങിയ പത്മനാഭപിള്ളയുടെ സംഘത്തിനു മുമ്പില്‍ പള്ളാത്തുരുത്തിയില്‍ വച്ച് ഏതാനും ഇംഗ്ലീഷ് സേനാധിപന്മാര്‍ വന്നുപെട്ടു. അവരെ പള്ളാത്തുരുത്തിയില്‍ വെള്ളത്തില്‍ മുക്കി ശ്വാസംമുട്ടിച്ചുകൊന്നതായി മെക്കാളെ രേഖപ്പെടുത്തിയിട്ടുണ്ട്. പുറക്കാടു വച്ചും ഇതുപോലൊരു സംഭവം നടന്നതായി മെക്കാളെ ഉന്നതാധികാരികള്‍ക്കെഴുതിയ കത്തില്‍ പരാമര്‍ശമുണ്ട്. വേലുത്തമ്പിയുടെ നേതൃത്വത്തില്‍ വലിയൊരു സംഘം സൈനികര്‍ കൊല്ലത്തുള്ള ഇംഗ്ലീഷ് സൈനിക കേന്ദ്രം ആക്രമിച്ചു തകര്‍ക്കാനുള്ള പരിശ്രമവും പരാജയപ്പെട്ടു.

മെക്കാളെയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് മഹാരാജാവ് ബാലരാമവര്‍മ്മ വേലുത്തമ്പിയെ ദളവാ സ്ഥാനത്തു നിന്നും പുറത്താക്കി. തുടര്‍ച്ചയായ പരാജയങ്ങളും ഒറ്റപ്പെടലും ഇംഗ്ലീഷ് സൈന്യത്തിന്റെ നിരന്തരമായ വേട്ടയാടലും വേലുത്തമ്പിയെ അസ്വസ്ഥനാക്കി. മനസ്സു തകര്‍ന്ന വേലുത്തമ്പി 1809 മാര്‍ച്ചു മാസം 10-ാം തീയതി മണ്ണടിക്ഷേത്രത്തിലെത്തി. ശത്രുസൈന്യം അവിടെ എത്തുകയും വേലുത്തമ്പിയെ വളയുകയും ചെയ്തു. ശത്രുഹസ്തങ്ങളാല്‍ വധിക്കപ്പെടുന്നത് അപമാനമായി കരുതിയ വേലുത്തമ്പി മണ്ണടിക്കാവില്‍ വച്ച് സ്വന്തം ആയുധമുപയോഗിച്ചു ജീവിതമോചനം നേടി വീരസ്വര്‍ഗ്ഗം പ്രാപിച്ചു.

1809 ഏപ്രില്‍ 8-ാം തീയതി വൈക്കം തുറുവേലിക്കുന്നില്‍ വച്ച് ഇംഗ്ലീഷ് സൈന്യം പത്മനാഭപിള്ളയെ വളഞ്ഞു. രക്ഷപ്പെടാന്‍ പഴുതില്ലെന്നു മനസ്സിലാക്കിയ പത്മനാഭപിള്ള സ്വയം വീരസ്വര്‍ഗ്ഗം പൂകി. പത്മനാഭപിള്ളയുടെ ജഡം കണ്ടെടുത്ത ഇംഗ്ലീഷ് സൈന്യം പള്ളത്തുരുത്തിയും പിന്നീട് പുറക്കാടും കെട്ടിത്തൂക്കി പ്രദര്‍ശിപ്പിക്കുകയും തൂക്കിക്കൊന്നതായി പ്രചരിപ്പിക്കുകയും ചെയ്തതായി പറയപ്പെടുന്നു.
തിരുവിതാംകൂര്‍ കീഴടക്കാന്‍ വന്ന ടിപ്പുവിനെ രണ്ടു പ്രാവശ്യവും തന്ത്രപൂര്‍വ്വം പരാജയപ്പെടുത്തി തിരിച്ചയക്കുകയും ബ്രിട്ടീഷ് റസിഡന്റ് മെക്കാളെയെ വധിക്കാന്‍ ശ്രമിച്ച കുറ്റത്തിന് ഇംഗ്ലീഷ് സൈന്യം, വധശിക്ഷ പ്രഖ്യാപിക്കുകയും ചെയ്ത വൈക്കം പത്മനാഭപിള്ള 42-ാം വയസ്സില്‍ വീര സ്വര്‍ഗ്ഗം പ്രാപിച്ചു.

ഇത്തരം ദേശാഭിമാനികളുടെ ജീവത്യാഗത്തെക്കുറിച്ച് വരും തലമുറയ്ക്ക് അറിവു ലഭിക്കുന്നത് ജനങ്ങളില്‍ രാജ്യസ്‌നേഹവും സമര്‍പ്പണഭാവവും പുഷ്ടിപ്പെടാന്‍ സഹായിക്കുമെന്നതില്‍ തര്‍ക്കമില്ല.

Tags: പത്മനാഭപിള്ളതിരുവിതാംകൂര്‍വൈക്കം പത്മനാഭപ്പിള്ളമാര്‍ത്താണ്ഡവര്‍മ്മകാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മഡിലനോയിടിപ്പു
Share17TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies