ഭാരതവുമായി അതിര്‍ത്തി പങ്കിടുന്ന അയല്‍ രാജ്യങ്ങളിലെല്ലാം തുടരെ തുടരെ ആഭ്യന്തര കലാപങ്ങളും അസ്വസ്ഥതകളും പൊട്ടിപ്പുറപ്പെട്ടുകൊണ്ടിരിക്കുകയാണ്. മേഖലയില്‍ ഭാരതം ശക്തിപ്പെടുന്നതില്‍ അസ്വസ്ഥത പൂണ്ട ചില വന്‍ശക്തി രാഷ്ട്രങ്ങള്‍ ഇതിനു പിന്നിലുണ്ടെന്ന സംശയം ശക്തമാണ്. പാകിസ്ഥാനിലും ശ്രീലങ്കയിലും ബംഗ്ലാദേശിലും ഒടുക്കം നേപ്പാളിലും തുടരുന്ന രാഷ്ട്രീയ അസ്ഥിരതയും അസ്വസ്ഥതകളും പരോക്ഷമായി ഭാരതത്തെയും ബാധിക്കുന്നതാണ്.2014 നു ശേഷം ഒരു വിദേശ ശക്തിക്കും വഴങ്ങാത്ത ശക്തമായ ഭരണ നേതൃത്വം ഭാരതത്തിനുണ്ടായത് പലരെയും അസ്വസ്ഥരാക്കുന്നുണ്ട്. ബലൂചിസ്ഥാനിലും പാക്കധീന കാശ്മീരിലും ഒടുക്കം നേപ്പാളിലും ഉണ്ടായിരിക്കുന്ന ആഭ്യന്തര സമരങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നവരുടെ ആവശ്യങ്ങളിലൊന്ന് തങ്ങള്‍ക്ക് നരേന്ദ്ര മോദിയെപ്പോലൊരു ഭരണാധികാരി വേണമെന്നുള്ളതാണ്. കുറഞ്ഞ കാലം കൊണ്ട് അഴിമതി രഹിതമായ വികസനസംസ്‌കാരം ഭാരതത്തിലുണ്ടാക്കിയ പരിവര്‍ത്തനങ്ങള്‍ അയല്‍രാജ്യങ്ങളിലെ ചെറുപ്പക്കാരെ പ്രചോദിപ്പിക്കുന്നുണ്ട്. മതഭീകരവാദവും അഴിമതിയും സ്വജനപക്ഷപാതവും തൊഴിലില്ലായ്മയും ദാരിദ്ര്യവുമെല്ലാം അയല്‍ രാജ്യങ്ങളിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമാണെങ്കിലും പ്രക്ഷോഭങ്ങള്‍ക്കും കലാപങ്ങള്‍ക്കും പിന്നില്‍ വിദേശ കരങ്ങള്‍ ഉണ്ടെന്നുള്ളത് ഒരു വസ്തുതയാണ്. ഇതിനെയാണ് ഭാരതം കരുതിയിരിക്കേണ്ടത്.
ഹിമാലയന്‍ താഴ്‌വരയിലുള്ള നേപ്പാള്‍ ഭാരതത്തെ സംബന്ധിച്ച് ഒരിക്കലും ഒരന്യ രാജ്യമായിരുന്നിട്ടില്ല. ഒരു ഭാരതസംസ്ഥാനം പോലെ ഇടപഴകുന്ന ഭൂപ്രദേശമാണ് നേപ്പാള്‍. ഭാരത സൈന്യത്തില്‍ നേപ്പാളികളായ ഗൂര്‍ഖകള്‍ക്ക് വേണ്ടി ഒരു റജിമെന്റു തന്നെയുണ്ട്. നേപ്പാളികള്‍ക്കും ഭാരതത്തെ ഒരന്യ രാജ്യമായി കാണാന്‍ കഴിയുകില്ല. സാംസ്‌കാരിക സമാനതയാണ് നേപ്പാളിനെ ഭാരതവുമായി ചേര്‍ത്തു നിര്‍ത്തുന്നത്. എന്നാല്‍ ചൈനീസ് സാമ്രാജ്യത്വം നേപ്പാളിനെ തങ്ങളോട് ചേര്‍ക്കാന്‍ നാളുകളായി ശ്രമിക്കുന്നുണ്ട്. ഭാരതത്തിലെ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ പിടിപ്പുകേടുകൊണ്ട് ചൈനക്ക് ടിബറ്റിനെ നിരുപാധികം തങ്ങളുടെ കീഴിലാക്കാന്‍ കഴിഞ്ഞതുപോലെ നേപ്പാളിനെയും വരുതിയിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. ലോകത്തിലെ ഏക ഹിന്ദുരാഷ്ട്രമായിരുന്ന നേപ്പാളിനെ തകര്‍ക്കുവാന്‍ അവിടുത്തെ രാജകുടുംബാംഗങ്ങളെ കൂട്ടക്കൊല ചെയ്ത മാവോയിസ്റ്റുകള്‍ സത്യത്തില്‍ ചൈനീസ് പദ്ധതി നടപ്പിലാക്കുകയാണ് ഉണ്ടായത്. നേപ്പാളിലെ രാഷ്ട്രീയ അസ്ഥിരതയുടെ ആരംഭം മാവോയിസ്റ്റ് വാഴ്ചയോടെയാണ് ആരംഭിക്കുന്നത്. ഭാരതം ഇടപെടേണ്ട സമയത്ത് ഇടപെട്ടിരുന്നെങ്കില്‍ നേപ്പാള്‍ ഇന്നത്തെ അവസ്ഥയില്‍ എത്തുമായിരുന്നില്ല. ടിബറ്റില്‍ ചൈനീസ് അധിനിവേശമുണ്ടായപ്പോള്‍ പുലര്‍ത്തിയ അതേ നിസ്സംഗത ചൈനീസ് ഇടപെടല്‍ നേപ്പാളില്‍ ഉണ്ടായപ്പോഴും ഭാരതത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പുലര്‍ത്തി. ഫലത്തില്‍ അസ്വസ്ഥമായ ഒരു അയല്‍ രാജ്യം കൂടി ഭാരതത്തിന്റെ അതിര്‍ത്തിയില്‍ ഉണ്ടായി. അസ്ഥിരമായ നേപ്പാള്‍ ഭാരതത്തിന് ഭീഷണി തന്നെയാണ്.
ഇപ്പോള്‍ നേപ്പാളിലുണ്ടായിരിക്കുന്ന ജെന്‍ – സി പ്രക്ഷോഭം ലോകത്തിന്റെ പല ഭാഗങ്ങളിലും ഇതിനോടകം നടന്നു കഴിഞ്ഞ സാമൂഹ്യ മാധ്യമ കൂട്ടായ്മയുടെ നവീന സമര മുന്നേറ്റം തന്നെയാണ്. ഇത്തരം സമരങ്ങളൊന്നും ഒരു സംഘടനയ്ക്കു കീഴിലല്ലാത്തതുകൊണ്ട് അവ ആഭ്യന്തര കലാപത്തിലേക്കും കൊള്ളിവയ്പിലേക്കുമൊക്കെ വഴുതി വീഴാം എന്നതാണ്. അതാണ് ഇപ്പോള്‍ നേപ്പാളില്‍ സംഭവിച്ചതും. വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും പ്രക്ഷോഭം പൊട്ടിപ്പുറപ്പെടാന്‍ ഒരു നിമിത്തം മാത്രമാണ് സാമൂഹ്യ മാധ്യമ നിരോധനം. അഴിമതിയിലും സ്വജനപക്ഷപാതത്തിലും പൊറുതിമുട്ടിയ നേപ്പാളി ജനത പൊട്ടിത്തെറിയുടെ വക്കിലായിരുന്നു. ലോകത്തെല്ലായിടത്തുമെന്ന പോലെ ഭരണത്തിലിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരം സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും സുഖിക്കാനുള്ള ഉപാധിയാക്കിയപ്പോള്‍ യുവാക്കള്‍ തൊഴിലില്ലായ്മയില്‍ നട്ടംതിരിയുകയായിരുന്നു. അതിര്‍ത്തിക്കപ്പുറത്ത് വിളിപ്പാടകലെ ഭാരതത്തില്‍ ഉണ്ടാകുന്ന വികസനങ്ങളും പരിവര്‍ത്തനങ്ങളുമെല്ലാം നേപ്പാള്‍ യുവത്വം കൊതിയോടെ നോക്കി കാണുന്നുണ്ടായിരുന്നു. സമരമുഖത്തെ നേപ്പാളി യുവാക്കളുടെ പ്രതികരണങ്ങളില്‍ നിന്ന് അത് വ്യക്തമാണ്. ഫെയ്‌സ് ബുക്കും, യൂ ട്യൂബും, എക്‌സും, ഇന്‍സ്റ്റാഗ്രാമും അടക്കം 26 സാമുഹൃമാധ്യമങ്ങളെ നേപ്പാള്‍ സര്‍ക്കാര്‍ നിരോധിച്ചത് സുപ്രീം കോടതിയുടെ നിര്‍ദ്ദേശമനുസരിച്ചാണെന്ന് പറയാമെങ്കിലും സര്‍ക്കാരിനെതിരെയുള്ള വികാരങ്ങളെ തടയുക എന്ന ഉദ്ദേശം ഇതിനു പിന്നിലുണ്ടായിരുന്നു എന്നു വേണം അനുമാനിക്കാന്‍. സാമൂഹ്യ മാധ്യമങ്ങളുടെ സഹായത്തോടെ തൊഴില്‍ ചെയ്തിരുന്നവരെയും തീരുമാനം ബാധിച്ചതോടെ എരിതീയില്‍ എണ്ണ ഒഴിച്ചതുപോലെ യായി കാര്യങ്ങള്‍. യുവാക്കള്‍ തെരുവിലിറങ്ങിയപ്പോള്‍ ദന്തഗോപുരവാസികളായ കമ്മ്യൂണിസ്റ്റ് പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലിയെപ്പോലുള്ളവര്‍ക്ക് ജനവികാരം മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. പ്രതിഷേധക്കാര്‍ വെറും കളിപ്പാവകള്‍ എന്ന അദ്ദേഹത്തിന്റെ പ്രസ്താവന കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. തങ്ങളുടെ രാജ്യത്തെ നശിപ്പിച്ചതും തങ്ങളെ തൊഴില്‍ രഹിതരാക്കിയവരും മാവോയിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും നേപ്പാളി കോണ്‍ഗ്രസും എല്ലാം ചേര്‍ന്നാണെന്ന് തിരിച്ചറിഞ്ഞ യുവാക്കള്‍ പാര്‍ലമെന്റും സുപ്രീം കോടതിയും മാത്രമല്ല രാഷ്ട്രീയ ഭരണ നേതാക്കളെയും അവരുടെ പാര്‍ട്ടി ഓഫീസുകളെയും വരെ ആക്രമിക്കാനും കൊള്ളയടിക്കാനും തയ്യാറായി. കാര്യങ്ങള്‍ കൈവിട്ടുപോകുന്നുവെന്നു മനസ്സിലാക്കിയതോടെ സൈന്യം നിയന്ത്രണം ഏറ്റെടുക്കുകയും കലാപത്തിന് ഒട്ടു ശമനമുണ്ടാകുകയും ചെയ്തിട്ടുണ്ട്. എന്തായാലും നേപ്പാളിലെ ഭരണകൂട ശൂന്യതയ്ക്ക് തല്‍ക്കാലം വിരാമമിട്ടുകൊണ്ട് ഇടക്കാല പ്രധാനമന്ത്രിയായി സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് സുശീല കാര്‍കി കടന്നു വന്നിരിക്കുകയാണ്. സുശക്തമായ ഒരു നേപ്പാളിനു വേണ്ടി ആഗ്രഹിക്കുന്ന ഭാരതത്തെ സംബന്ധിച്ച് ഇത് ശുഭോദര്‍ക്കമായ വാര്‍ത്തയാണ്.ജനസംഖ്യയില്‍ 40% പേരും പതിനാറിനും നാല്‍പ്പതിനുമിടയ്ക്ക് പ്രായമുള്ള യുവാക്കള്‍ വസിക്കുന്ന നേപ്പാളിന്റെ വര്‍ത്തമാനകാല പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍ ഭാരതത്തിനാവുന്നതുപോലെ മറ്റൊരു രാജ്യത്തിനുമാവില്ല. ആ രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ സഹാനുഭൂതിയോടുകൂടി ഭാരതം പങ്കാളിത്തം വഹിക്കുക എന്നതു മാത്രമാണ് ശാശ്വതമായ പരിഹാര മാര്‍ഗ്ഗം. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കാട്ടിയ മണ്ടത്തരങ്ങളാണ് ചൈനീസ് സാന്നിദ്ധ്യം നേപ്പാളില്‍ വളര്‍ത്തിയത്. മഞ്ഞുമലകളിലെ തീയണയ്ക്കാന്‍ നേപ്പാളിനെ ഭാരതത്തോട് ചേര്‍ത്തുനിര്‍ത്തുക എന്നതുമാത്രമാണ് പരിഹാരമാര്‍ഗ്ഗം.





















