ഓര്‍മ്മകള്‍ നമ്മെ തടവിലാക്കാതിരിക്കില്ല, എന്നെങ്കിലും. കാരണം നാം ജീവിച്ചതു മാത്രമല്ല, ജീവിക്കാനാഗ്രഹിച്ചതുമാണ് ഓര്‍മ്മകളായി രൂപാന്തരപ്പെടുന്നത്. ഒരു സംഭവത്തെപ്പറ്റി, അത് നമ്മെ വേദനിപ്പിച്ചതാണെങ്കില്‍ പ്രത്യേകിച്ചും മനുഷ്യര്‍, പലതവണ ഓര്‍ക്കാറുണ്ട്. ചിലര്‍ അതില്‍ നിന്ന് രക്ഷപ്പെടാനാകാതെ ഉള്ളില്‍ത്തന്നെ ചുറ്റിത്തിരിയും. ഓര്‍മ്മകള്‍ ഒരു ഭൂവിഭാഗമാണ്. മനുഷ്യന്റെ പ്രാചീനമായ ജീവിതത്തിന്റെ ആവാസവ്യവസ്ഥ എന്ന പോലെ അത് എപ്പോഴും പ്രലോഭിപ്പിക്കുകയാണ്. ഓര്‍മ്മകള്‍ക്ക് മുന്നില്‍ ശാസ്ത്രമോ സാങ്കേതികതയോ പോലും പിടിച്ചു നില്‍ക്കില്ല. അത് ഒരു ഏകാന്തജീവിത വ്യാമോഹമാണ്; അപാരമായ ഐഹിക ജീവിതത്തിന്റെ സ്വപ്നാത്മകതയാണ്; കവിത തന്നെയാണ്.
അതുകൊണ്ട് മലയാള എഴുത്തുകാരില്‍ നല്ലൊരു ശതമാനവും ഓര്‍മ്മകളാണ് ഇപ്പോള്‍ എഴുതുന്നത്. പ്രത്യേകിച്ച് മുടക്കില്ല. അദ്ധ്വാനം വേണ്ട. കഴിഞ്ഞകാലങ്ങളെ ഭാവനയിലൂടെ നിറം പിടിപ്പിച്ച്, സ്വയം ഭദ്രമായി കേന്ദ്രസ്ഥാനത്ത് ഉറപ്പിച്ച് അങ്ങനെ എഴുതിക്കൊണ്ടിരിക്കും. സര്‍ഗ്ഗശേഷി വറ്റി എന്ന് ഉറപ്പായികഴിഞ്ഞാല്‍ മലയാള എഴുത്തുകാര്‍ രണ്ട് കാര്യമാണ് ചെയ്യുക: ഒന്ന്, ഓര്‍മ്മകള്‍ എഴുതുക. രണ്ട്, യാത്രപോവുകയും അത് ഓര്‍മ്മകളായി, അനുഭവങ്ങളായി എഴുതുക. ഇത് വായിക്കാന്‍ കൊള്ളില്ലെന്ന് പറയുന്നില്ല. എന്നാല്‍ അധികമായാല്‍ സര്‍ഗാത്മകതയുടെ ജീര്‍ണതയാവും ഫലം. തപോവന സ്വാമികളുടെ ‘ഹിമഗിരി വിഹാരം’ ഒരു യാത്രാനുഭവം മാത്രമല്ല; ആഴത്തിലുള്ള ആത്മീയാനുഭവവുമാണ്. അതുപോലെയുള്ള കൃതികള്‍ ഉണ്ടാകുന്നില്ല. ഒന്‍പത് നാടകകൃതികളും നോവലുകളും കഥകളും എഴുതിയ പ്രമുഖകവി പി.കുഞ്ഞിരാമന്‍ നായരെ മലയാളി മറന്നുപോയോ? എന്നാല്‍ അദ്ദേഹത്തിന്റെ ‘കവിയുടെ കാല്പാടുകള്‍’ ഏറ്റവും മികച്ചതെന്ന് പറയാവുന്ന ആത്മകഥാവിവരണമാണ്. ഐറിഷ് നോവലിസ്റ്റ് ജയിംസ് ജോയ്‌സ് എഴുതിയ Dubliners എന്ന കഥാസമാഹാരം പ്രസിദ്ധമാണ്. അതിലെ Evelin എന്ന കഥ ഇന്നത്തെ നമ്മുടെ സാഹിത്യത്തിന്റെ അവസ്ഥ മനസ്സിലാക്കാന്‍ സഹായിക്കും. പത്തൊന്‍പതുകാരിയായ ഇവ്‌ലിന്‍ എന്ന യുവതിയുടെ കഥയാണിത്. അവളെ ഉപദ്രവിക്കുന്ന മദ്യപനായ അച്ഛനില്‍ നിന്ന്, സാമ്പത്തിക പ്രയാസങ്ങളില്‍നിന്ന് മരിച്ചുപോയ അമ്മയുടെയും മൂത്തസഹോദരന്റെയും ഓര്‍മ്മകളില്‍ നിന്ന് രക്ഷപ്പെടണമെന്ന് അവള്‍ ആഗ്രഹിക്കുന്നു. അവള്‍ ഒരു കപ്പലിലെ ജോലിക്കാരനുമായി രഹസ്യ പ്രണയത്തിലാണ്. കുടുംബം പുലര്‍ത്താന്‍ അവള്‍ക്ക് ഒറ്റയ്ക്ക് പൊരുതേണ്ടിവരുന്നു. കാമുകനുമൊന്നിച്ച് അര്‍ജന്റീനയിലേക്ക് പോകാന്‍ അവള്‍ പദ്ധതിയിട്ടെങ്കിലും അവള്‍ക്ക് പോകാനാവുന്നില്ല. അവളെ അയര്‍ലണ്ട് പിടിച്ചുവലിക്കുകയാണ്. അമ്മയും സഹോദരനും പിന്നില്‍ നിന്നു വലിക്കുന്നപോലെ അവള്‍ തിരികെ പോരുന്നു.
ഇതാണ് ഭീകരമായ ഗൃഹാതുരത്വം. ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഇങ്ങനെ തലവയ്ക്കുന്നത് സര്‍ഗ്ഗാത്മകതയുടെ നാശമാണുണ്ടാക്കുക.
ദൈവത്തെ അറിഞ്ഞതിനെക്കുറിച്ച്
അസാധാരണമായ വെളിപാടുകളിലൂടെ ദൈവത്തെ തേടിയ യോഗി മിനോചര്‍ കെ സ്‌പെന്‍സര്‍ എഴുതിയ ‘ഹൗ ഐ ഫൗണ്ട് ഗോഡ്’ എന്ന പുസ്തകം ജീവിതത്തിന്റെ അപാരതയെക്കുറിച്ചുള്ള ഒരു ആഖ്യാനമാണ്.
സ്‌പെന്‍സര്‍ (1888-1985) ഇന്ത്യന്‍ വംശജനായ ഒരു പാഴ്‌സി സാധകനായിരുന്നു. കറാച്ചിയിലാണ് ജനിച്ചത്. കുട്ടിക്കാലത്ത് തന്നെ മണിക്കൂറുകളോളം അദ്ദേഹം ധ്യാനിക്കുമായിരുന്നു. 1958ലാണ് അദ്ദേഹത്തിനു ചില വിശേഷപ്പെട്ട അറിവുകള്‍ ലഭിക്കുന്നത്. ഋഷി റാം റാം അതിനുള്ള പരിശീലനം നല്‍കി. തുടര്‍ന്ന് ശ്രീ ഷിര്‍ദ്ദി സായിബാബയിലൂടെ തനിക്ക് സത്യം വെളിപ്പെട്ടു കിട്ടുകയായിരുന്നുവെന്ന് സ്‌പെന്‍സര്‍ എഴുതിയിരിക്കുന്നു.
ധ്യാനവേളകളിലാണ് തന്റെ മൂന്ന് മുന്‍ജന്മങ്ങളെക്കുറിച്ച് സ്‌പെന്‍സറിന് അറിവു ലഭിച്ചതത്രേ. ഇത് ‘Romance of a Soul’ എന്ന ചെറുഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിനു അനുഭവപ്പെട്ടത് ദൈവം ഷിര്‍ദ്ദി സായിബാബയിലൂടെ തനിക്ക് അറിവു പകര്‍ന്നു തരുന്നുവെന്നാണ്. ഓരോ ദിവസത്തെയും ധ്യാനാനുഭവങ്ങളാണ് ഈ പുസ്തകത്തിനു നിദാനമായത്.
സ്‌പെന്‍സര്‍ രണ്ടായിരം ഫുള്‍സ്‌കാപ്പ് പേജുകളിലായി എഴുതി വച്ചിരുന്നത് സത്യപാല്‍ റുഹേല എന്ന റിട്ടയേര്‍ഡ് പ്രൊഫസര്‍ (ജാമിയ മിലിയ ഇസ്‌ലാമിയ) എഡിറ്റു ചെയ്ത് സമാഹരിച്ചതാണ് ഹൗ ഐ ഫൗണ്ട് ഗോഡ് എന്ന ഗ്രന്ഥം. റുഹേല വലിയൊരു സായ് ഭക്തനും ഗവേഷകനുമാണ്. സത്യസായിബാബയെക്കുറിച്ച് റുഹേല പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
സ്‌പെന്‍സറിന്റെ എല്ലാകൃതികളും കോയമ്പത്തൂരിലെ സ്പിരിച്വല്‍ ഹീലിംഗ് സെന്റര്‍ ആണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. അവിടെ സ്‌പെന്‍സര്‍ ഒരാത്മീയ സാധകനായി പ്രവര്‍ത്തിച്ചിരുന്നു.
1957ല്‍ സ്പിരിച്വല്‍ ഹീലിംഗ് സെന്റര്‍ സ്‌പെന്‍സറുടെ ‘ഹൗ ഐ ഫൗണ്ട് ഗോഡ്’ എന്ന കൃതിയെ അതിന്റെ പൂര്‍ണ രൂപത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. 1396 പേജുകളിലായി പന്തലിച്ച ആ പുസ്തകത്തിന് നാല് വാല്യങ്ങളുണ്ടായിരുന്നു. എന്നാല്‍ ഈ പുസ്തകം കണ്ട സ്‌പെന്‍സര്‍ തനിക്ക് ഏതോ ദിവ്യജ്ഞാനം ലഭിച്ചുവെന്ന് പറഞ്ഞ് ആ പുസ്തകങ്ങളുടെ കോപ്പികളാകെ കത്തിച്ചുകളയാന്‍ തീരുമാനമെടുക്കുകയായിരുന്നു. അവശേഷിച്ച ഏതാനും കോപ്പികള്‍ സെന്റര്‍ സെക്രട്ടറി കെ.എസ്.ഡി അയ്യരുടെ പക്കലുണ്ടായിരുന്നു.
എല്ലാ മനുഷ്യരിലും ദൈവചോദനകള്‍ ഉറങ്ങിക്കിടക്കുകയാണെന്നും അദൃശ്യമായ ചില കേന്ദ്രങ്ങളുമായി നമ്മള്‍ പുലര്‍ത്തുന്ന അശുദ്ധമായ ബന്ധങ്ങള്‍ മൂലം ആ ചോദനകള്‍ അടഞ്ഞുപോകുകയാണെന്നും സ്‌പെന്‍സര്‍ പറയുന്നു.
ഈ പുസ്തകത്തിലെ ഏതാനും വെളിപാടുകള്‍ ചുവടെ ചേര്‍ക്കുന്നു:
- ദൈവത്തെ ആരാധിക്കുക എന്നാല്‍ അതീതവും സുന്ദരവും സന്തോഷകരവും വിശുദ്ധവുമായ എല്ലാറ്റിനോടുമുള്ള വികാരങ്ങളെ ഉണര്‍ത്തുക എന്നാണര്‍ത്ഥം.
- നിശ്ശബ്ദതയും ഏകാന്തതയും വേണ്ട എന്ന ആധുനിക നാഗരിക കാഴ്ചപ്പാട് അബദ്ധമാണ്. മനുഷ്യന്‍ ചിന്തിക്കുന്നതിന് അനുസരിച്ചാണ് ലോകം നീങ്ങുന്നത്. വ്യക്തിയും ലോകവും രണ്ടല്ല.
- മനുഷ്യര്‍ക്ക് ശാന്തമായ മനസ്സില്ലെങ്കില്‍ ലോകത്ത് സമാധാനം ഉണ്ടാവുകയില്ല.
- യാതനകള്‍ നമ്മെ പാപമുക്തരാക്കാനുള്ളതാണ്. ജ്ഞാനം നേടിയ ശേഷവും ഋഷികള്‍ ശാരീരികമായ പീഡനങ്ങള്‍ ഏറ്റെടുത്തത് അതുകൊണ്ടാണ്.
- പ്രാര്‍ത്ഥന ഒരു പ്രചോദനമാണ്. എന്നാല്‍ അതില്‍ ആത്മാര്‍ത്ഥതയ്ക്കാണ് സ്ഥാനം.
- ഒറ്റച്ചാട്ടത്തില്‍ ആര്‍ക്കും ഒരാദര്‍ശത്തിലെത്താനോ അത് പ്രാവര്‍ത്തികമാക്കാനോ കഴിയില്ല. ആന്തരികമായ പരിണാമമാണ് സംഭവിക്കേണ്ടത്.
- ആത്മാവിന്റെ ക്ഷേത്രമായി ശരീരത്തെ കാണാം. എന്നാല്‍ ശരീരത്തിന്റെ സുഖങ്ങള്‍ ആത്മീയതയായി തെറ്റിദ്ധരിക്കരുത്.
- ഹൃദയത്തിന്റെ ഭാഷയല്ലാതെ മറ്റൊരു ഭാഷയും ദൈവം അറിയുന്നില്ല.
- നരകം ഒരിടത്തും ഇല്ല. അത് ഭാവനയാണ്.
- ഒരാള്‍ മരിക്കുമ്പോള്‍, അതുവരെ ജയിലിലെന്നപോലെ തടവിലായിരുന്ന ആത്മാവ് രക്ഷപ്പെടുകയാണ് ചെയ്യുന്നത്.ഹൗ ഐ ഫൗണ്ട് ഗോഡ് പ്രസാധനം ചെയ്തിട്ടുള്ളത് ദല്‍ഹിയിലെ ന്യൂ ഏജ് ബുക്‌സാണ്. (വില: 495 രൂപ)
വായന
കവിത ശുദ്ധമായ ശബ്ദം മാത്രമല്ല, ബിംബങ്ങള്‍, ഉപമകള്‍, രൂപകങ്ങള്‍ എന്നിവ പോലെ ശബ്ദമില്ലാത്ത ഘടകങ്ങളുമുണ്ടെന്നും പാശ്ചാത്യ വിമര്‍ശകനായ ഡേവിഡ് ലോഡ്ജ് ഓര്‍മ്മിപ്പിക്കുന്നത് ഡോ. തോമസ് സ്‌കറിയ ഉദ്ധരിക്കുന്നുണ്ട് (നവനീതം മാസിക). നമ്മള്‍ കവിതയെക്കുറിച്ച് നൂറ്റാണ്ടുകളായി സംസാരിക്കുകയാണ്. പണ്ഡിതരായ വ്യക്തികള്‍ക്ക് കവിത ഒരിക്കലും ചര്‍ച്ച ചെയ്ത് അവസാനിപ്പിക്കാനാവില്ല. വാസ്തവത്തില്‍ ഭിന്നമായിരിക്കുന്നതാണ് കവിയുടെ അസ്തിത്വത്തിന്റെ രഹസ്യം. എല്ലാവരും നാലാങ്കലിനെപ്പോലെയും വെണ്‍മണിയെപ്പോലെയും കവിത എഴുതിയാല്‍ പോരാ എന്ന സത്യമാണ് ഇതില്‍ നിന്നു തെളിഞ്ഞുവരുന്നത്. പുതിയ രൂപങ്ങള്‍ ആരായണം. ഛന്ദസ്സിന്റെ പതിവുരീതികള്‍ വിട്ട് കൂടുതല്‍ ഗഹനമായ ആശയാവിഷ്‌കാരങ്ങള്‍ സാധ്യമാകണം. വൈലോപ്പിള്ളി, എ. അയ്യപ്പന്‍, മാധവന്‍ അയ്യപ്പത്ത് പോലെ വ്യത്യസ്ത സ്വരങ്ങള്‍ ഉണ്ടാവുന്നത് കവിത ഒരിക്കലും ചര്‍ച്ച ചെയ്ത് അവസാനിപ്പിക്കാന്‍ കഴിയില്ല എന്നതിന് തെളിവാണ്.
പ്രബുദ്ധമായ അരാജകത്വം എന്ന ആശയമാണ് തന്റെ രാഷ്ട്രസങ്കല്പത്തില്‍ അധിഷ്ഠിതമായിരിക്കുന്നതെന്ന ഗാന്ധിജിയുടെ അഭിപ്രായം അജിത് വെണ്ണിയൂര്‍ (സമകാലിക ജനപഥം) ചൂണ്ടിക്കാട്ടുന്നു. ഏറ്റവും കുറച്ചുഭരിക്കുന്ന ഭരണകൂടമാണ് ഗാന്ധിജി ഇഷ്ടപ്പെട്ടത്.
മാവേലിമന്റം എന്ന നോവലിലൂടെ ശ്രദ്ധേയനായ കെ.ജെ. ബേബിയുടെ പുതിയ നോവല്‍ ‘ഗുഡ് ബൈ മലബാര്‍’ പ്രസിദ്ധീകരിച്ചു. മലബാര്‍ മാന്വല്‍ എഴുതിയ വില്യം ലോഗനെ ഉപജീവിച്ചാണ് ബേബി മലബാറിനെ കണ്ടെത്തുന്നത്. ബേബി ഇങ്ങനെ എഴുതുന്നു: അമ്മ പറഞ്ഞുകേട്ട മലബാറിലെ കാടുകള്‍ക്കപ്പുറത്തുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജീവിതപ്പാടുകളാണ് ലോഗന്‍ വായനയിലൂടെ എന്നിലേക്കെത്തിയത്. ലോഗനോട് എനിക്ക് ആദരവും പ്രേമവും തോന്നി.
ജീവിതം നല്‍കിയ ദുഃഖത്തിന്റെ കഷായം കുടിച്ച് താന്‍ പ്രബുദ്ധയായതെങ്ങനെയെന്ന് ഗിരിജ പാതേക്കര ‘കഷായമരുന്ന്’ (എതിര്‍ദിശ) എന്ന കവിതയില്‍ എഴുതുന്നു. ഉടലും ഉയിരും ആത്മാവും വിമലീകരിക്കാന്‍ കഷായം തന്നെ മരുന്ന് എന്ന് സൂചിപ്പിക്കുന്നു. ദുഃഖം മനുഷ്യനെ കൂടുതല്‍ ശുദ്ധീകരിക്കുകയാണല്ലോ ചെയ്യുക.
വി.കെ.കെ. രമേശിന്റെ ‘രാംനായിക്ക് എന്ന കുട്ടി’ ആദര്‍ശവാദിയുടെ പതനത്തെ പ്രതിപാദിക്കുന്നു. ആശയവാദികള്‍ പഴഞ്ചരക്കുകളാണെന്നും അവര്‍ നിര്‍ണായക സമയത്ത് ഉറ്റവരെ വലിച്ചെറിഞ്ഞ് രക്ഷപ്പെടുമെന്നും കഥയില്‍ പറയുന്നുണ്ട്. എങ്ങനെ വിശ്വാസിക്കാതിരിക്കും? ആശയവാദികളെ ദിവസവും കാണുന്നതല്ലേ?
കടല്‍ത്തീരദേശമായ കൂട്ടുങ്ങല്‍ അങ്ങാടിയെ കേന്ദ്രീകരിച്ച് ചിത്രകാരന്‍ ഗായത്രി എഴുതിയ നോവല്‍ വളരെ പുതുമയുള്ളതാണ്. നാം പുറമേ കാണാത്ത ഒരു ദേശത്തെ നോവലിസ്റ്റ് ‘പരേതരുടെ തെരുക്കൂത്ത്’ എന്ന കൃതിയില്‍ കണ്ടെത്തുന്നു. ഇതിനെക്കുറിച്ച് സാബു മഞ്ഞളി എഴുതിയ ലേഖനം (പരേതരുടെ സത്യവാങ്മൂലങ്ങള്‍, കലാപൂര്‍ണ) സമഗ്രമായ ഒരവലോകനമാണ്. ലേഖകന്‍ ഇങ്ങനെ കുറിക്കുന്നു: ”ആയിരക്കണക്കിനു കഥാപാത്രങ്ങള്‍ വന്നുപോകുന്നുണ്ട് ഈ നോവലില്‍. എങ്കിലും ദേശത്തിന്റെ കഥയായതിനാല്‍ ചിലര്‍ കൂടുതല്‍ സമ്പര്‍ക്കപ്പെടുന്നത് സ്വാഭാവികം മാത്രം. എത്ര ശക്തനായ നാടുവാഴിക്ക് കീഴിലും കീഴാളജീവിതം എത്രമാത്രം ദുരിതപൂര്‍ണമായിരുന്നു എന്ന് ഗായത്രി അതിശക്തമായിതന്നെ വരച്ചിടുന്നു.”
മലയാളത്തിലെ പുതുതലമുറക്കഥകളെക്കുറിച്ച് ജിസ ജോസ് എഴുതിയ ലേഖനം (പ്രവാസി ശബ്ദം) ‘പുതുകഥകളിലെ മാറുന്ന പ്രവണതകള്‍’ – ശ്രദ്ധേയമായി. മിക്കവാറും പുതുതലമുറ കഥാകാരന്മാരെ ലേഖിക നിരത്തുന്നുണ്ട്. കെ.വി. പ്രവീണ്‍, എസ്.ആര്‍.ലാല്‍, വി.സുരേഷ്‌കുമാര്‍, അമല്‍, ഇ.സന്തോഷ്‌കുമാര്‍, മിനി പി.സി, ഷാഹിന ഇ.കെ., സിമി ഫ്രാന്‍സിസ്, സുദീപ് ടി. ജോര്‍ജ്ജ്, അനന്തപത്മനാഭന്‍ തുടങ്ങിയവരുടെ കഥകള്‍ ഇതില്‍ ചര്‍ച്ചചെയ്യുന്നു.
ടിവിയില്‍ ആമസോണ്‍ കാടുകത്തുന്ന വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ അംബികാസുതന്‍ മാങ്ങാട് (ഭാഷാപോഷിണി) ഒരു കഥ രസമായി പറഞ്ഞു. ഓക്‌സിജന്‍ എത്രവേണമെങ്കിലും ബുക്ക് ചെയ്യാന്‍ അവസരമുണ്ടെന്ന അറിയിപ്പ്, എന്തിനും പരിഹാരം ഉണ്ടെന്ന് കരുതുന്ന ചിലരെ ഓര്‍മ്മിപ്പിച്ചു.
സാഹിത്യം
നിത്യവും സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍, നമുക്ക് ഒരു സംശയവുമില്ലാത്ത വിഷയങ്ങള്‍ അതേപടി വിവരിക്കുന്നതില്‍ പ്രത്യേക കൗതുകമില്ല. റിയലിസ്റ്റ് ആവിഷ്‌കാരം എന്ന് പറഞ്ഞാല്‍ അതേപടി പകര്‍ത്തുക എന്നല്ല അര്‍ത്ഥം. ഒരു ഫോട്ടോഗ്രാഫര്‍ പകര്‍ത്തുന്നത് യഥാര്‍ത്ഥ ദൃശ്യമാണെങ്കിലും, ആ യാഥാര്‍ത്ഥ്യം വളരെ അപൂര്‍വ്വവും അനന്യവുമായിരിക്കും. എങ്കിലേ മൂല്യമുള്ളു. സാഹിത്യം നമ്മെ ഒരടി ഉയര്‍ത്തണം. നിലവിലുള്ള ജീവിതത്തിന്റെ അശുദ്ധികള്‍ക്ക് മേലേ വീശുന്ന കാറ്റാണത്. ദൈനംദിനജീവിതമല്ല അത്.
എന്നും ഒരേ കാര്യം ചെയ്ത് ജീവിതം തള്ളിനീക്കുന്നവരാണ് അധികവും. എന്നാല്‍ അതിനപ്പുറമുള്ള കാഴ്ചയാണ് എഴുത്തുകാരനെ സൃഷ്ടിക്കുന്നത്.
നുറുങ്ങുകള്‍
-
സൂക്ഷ്മാനന്ദ സ്വാമിയുടെ ‘മൈന്‍ഡ് ദ ഗ്യാപ്’ എന്ന കൃതിയില്‍ ഇങ്ങനെ വായിക്കാം: മനോഹരമായ കൂടുകളില്‍, ബോക്‌സുകളില്‍, പാക്കിംഗില്‍ സാധനങ്ങള്‍ കാണുമ്പോള്‍ നമ്മള്‍ ഓര്‍ക്കേണ്ടത് എന്തോ പെട്ടെന്ന് വില്‍ക്കാനുണ്ട് എന്നാണ്. കൂടുകള്‍ സത്യമല്ല. ആത്മീയതയുടെ പുറം കവര്‍ യഥാര്‍ത്ഥമല്ല എന്നാണ് മനസ്സിലാക്കേണ്ടത്.
-
ബൈബിള്‍ സ്മൃതികളില്‍ വേരോടി നില്‍ക്കുന്ന കാക്കനാടന്റെ ‘ഏഴാം മുദ്ര’ എന്ന നോവല്‍ നമ്മുടെ ഭാഷയിലാദ്യമായി അന്തിക്രിസ്തുവിനെ അവതരിപ്പിക്കുകയാണ്.
-
തന്റെ കൃതികളില്‍ ഏറ്റവും ഇഷ്ടപ്പട്ടത് ‘ഗുരുസാഗരം’ ആണെന്ന് ഒ.വി. വിജയന്‍ ഒരു സ്വകാര്യസംഭാഷണത്തില്‍ പറഞ്ഞു.
-
വൈക്കം ചന്ദ്രശേഖരന്‍ നായരുടെ പ്രസംഗം സംഗീതത്തിന്റെ ഹൃദയപക്ഷത്തേക്ക് നമ്മെ കൊണ്ടുപോകുമായിരുന്നു. അത് റെക്കോര്‍ഡ് ചെയ്യാതിരുന്നതാണ് വലിയ തെറ്റ്.
-
ഒരു കാലത്ത് കൂത്താട്ടുകുളം സാംസ്‌കാരിക സംഗമവേദിയും മഹാസാഹിത്യകാരന്മാരുടെ പ്രസംഗവേദിയുമായിരുന്നു. ഇപ്പോള്‍ അതൊക്കെ ഓര്‍മ്മകള്‍ മാത്രം.