ശബരിമല എന്ന വിശ്വപ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രത്തെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റി അതിന്റെ ആത്മീയ പരിവേഷം ഇല്ലാതാക്കാനുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പരിശ്രമത്തിന്റെ ഭാഗമാണ് അവര്‍ പ്രഖ്യാപിച്ചിരിക്കുന്ന ആഗോള അയ്യപ്പസംഗമം. ആഗോള മതപരിവര്‍ത്തന ശക്തികള്‍ക്ക് ശബരിമല എന്നും ഒരു തടസ്സമായിരുന്നു. ഉച്ച നീച ഭേദഭാവനകളൊന്നുമില്ലാതെ മനുഷ്യര്‍ ഒത്തുചേരുന്ന ഒരു ഹിന്ദുദേവാലയം ദക്ഷിണഭാരതത്തിലെ ഹിന്ദുശാക്തീകരണത്തിന്റെ കേന്ദ്രം കൂടിയാണെന്നു തിരിച്ചറിഞ്ഞ ചില ശക്തികള്‍ ശബരിമലയ്‌ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. പൂങ്കാവനം കൈയേറാനും നിലയ്ക്കലില്‍ പള്ളി പണിയാനും ഒക്കെ നടത്തിയ ശ്രമങ്ങള്‍ ആരും മറന്നിട്ടില്ല. അയ്യപ്പനുമേലെ വാവരെ സ്ഥാപിക്കാന്‍ ഒരു കൂട്ടര്‍ ശ്രമിക്കുമ്പോള്‍ മതേതര കെട്ടുകഥകള്‍ കൊണ്ട് അതിനൊക്കെ അടിത്തറ പണിയാനാണ് മറ്റൊരു കൂട്ടരുടെ ശ്രമം. വിഗ്രഹാരാധകരായ ഹിന്ദുക്കളെ ഒന്നിപ്പിച്ചു നിര്‍ത്തുന്നതില്‍ മഹാക്ഷേത്രങ്ങള്‍ വഹിക്കുന്ന പങ്ക് തിരിച്ചറിയുന്ന ഹിന്ദുവിരുദ്ധര്‍ പണ്ടുമുതലേ ക്ഷേത്രങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ജിഹാദിന്റെ മുഖ്യ അജണ്ടകളില്‍ ഒന്ന് ക്ഷേത്രധ്വംസനങ്ങളായിരുന്നു. ഇന്ന് ക്ഷേത്രങ്ങളെ നേരിട്ടാക്രമിച്ചാല്‍ ഉണ്ടാകുന്ന അനന്തര ഫലങ്ങളെ കുറിച്ച് നല്ല ബോധ്യമുള്ള മതപരിവര്‍ത്തന ശക്തികള്‍ ചില രാഷ്ട്രീയ പാര്‍ട്ടികളുടെയും മാധ്യമങ്ങളുടെയും പിന്‍തുണയോടെ ക്ഷേത്ര വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു. ധര്‍മ്മസ്ഥലയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ അതേ ശക്തികള്‍ തന്നെയാണ് ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതും. പുരോഗമന നവോത്ഥാന നാട്യങ്ങളുടെ മറവില്‍ ശബരിമലയിലെ ആചാരലംഘനത്തിന് നേതൃത്വം കൊടുത്ത കേരളത്തിലെ കമ്യൂണിസ്റ്റ് ഭരണകൂടം ആഗോള അയ്യപ്പസംഗമം എന്ന മാരീചവേഷത്തിലാണ് ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കാനന ക്ഷേത്രമായ ശബരിമലയെ തകര്‍ക്കാന്‍ അതിന്റെ സവിശേഷമായ ആചാരാനുഷ്ഠാനങ്ങളെയാണ് ആദ്യം തകര്‍ക്കേണ്ടതെന്നറിയുന്ന കമ്യൂണിസ്റ്റുകള്‍ പോലീസ് സംരക്ഷണത്തോടെ രണ്ട് യുവതികളെ സന്നിധാനത്തെത്തിച്ച് ഹിന്ദു സമൂഹത്തെ വെല്ലുവിളിച്ചു. ശബരിമലയില്‍ ശരണം വിളിച്ചതിനു വരെ കേസെടുത്ത കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പുതിയ തന്ത്രവുമായി വന്നിരിക്കുകയാണ്. ഭാരതീയ തീര്‍ത്ഥാടന സംസ്‌ക്കാരം പരിസ്ഥിതി സൗഹൃദവും വ്രതവിശുദ്ധിയോടെ അനുഷ്ഠിക്കുന്നതും അങ്ങേയറ്റം ലാളിത്യം നിറഞ്ഞതുമാണ്. എന്നാല്‍ സനാതനഹിന്ദുവിശ്വാസങ്ങളെ എന്തു വില കൊടുത്തും ഉന്‍മൂലനം ചെയ്യുമെന്നു ശപഥം ചെയ്തിരിക്കുന്ന മുഖ്യമന്ത്രി വിജയനും അനുയായികളും ശബരിമലയെ പഞ്ചനക്ഷത്ര ടൂറിസം കേന്ദ്രമാക്കി മാറ്റി അയ്യപ്പ വിശ്വാസത്തെ ഉന്‍മൂലനം ചെയ്യുന്നതിന്റെ മുന്നോടിയായിട്ടാണ് പമ്പയില്‍ ആഗോള അയ്യപ്പ സംഗമം നിശ്ചയിച്ചിരിക്കുന്നത്. സമഭാവനയുടെ അയ്യപ്പസംസ്‌കാരത്തെ മൂലധന നിക്ഷേപകരുടെ വാണിജ്യ സംസ്‌ക്കാരത്തിന് ഒറ്റുകൊടുക്കാനും അതിലൂടെ സാധാരണ അയ്യപ്പഭക്തര്‍ക്ക് ശബരിമല അന്യമാക്കാനുമുള്ള ഗൂഢാലോചനയാണ് നടക്കുന്നത്.
ശബരിമലയെ തകര്‍ത്താല്‍ തിരുവിതാംകൂറിലെ നൂറുകണക്കിന് ക്ഷേത്രങ്ങളെ പ്രതിസന്ധിയിലാക്കാന്‍ കഴിയും. കാരണം 1250 ക്ഷേത്രങ്ങളുള്ളതില്‍ കേവലം അമ്പതോ അറുപതോ ക്ഷേത്രങ്ങള്‍ മാത്രമാണ് സ്വയംപര്യാപ്തമായിട്ടുള്ളത്. നിരവധി ക്ഷേത്രങ്ങളുടെ നിത്യനിദാന ചിലവുകള്‍ നടക്കുന്നത് ശബരിമലയിലെ നടവരവു കൊണ്ടാണ്. കാലങ്ങളായി സന്നിധാനത്തെത്തുന്ന അയ്യപ്പഭക്തരോട് ശത്രുക്കളോട് പെരുമാറുന്ന പോലെ ഉപദ്രവങ്ങള്‍ ചെയ്യുന്ന ദേവസ്വംബോര്‍ഡും അവരെ നിയന്ത്രിക്കുന്ന സര്‍ക്കാരും ചേര്‍ന്ന് ഒരു തീര്‍ത്ഥാടന കാലത്തെക്കൂടി കലുഷിതമാക്കുന്നതിന്റെ ഭാഗമാണ് ആഗോള അയ്യപ്പസംഗമം. സുപ്രീം കോടതിയില്‍ യുവതീ പ്രവേശനത്തിന് അനുകൂലമായ നിലയില്‍ സത്യവാങ്മൂലം നല്‍കിയ ഇടതുപക്ഷ സര്‍ക്കാര്‍ ഭക്തജനങ്ങളെ അടിച്ചമര്‍ത്തുവാന്‍ സന്നിധാനത്തെ പോലീസ് ക്യാമ്പാക്കി മാറ്റിയതും പതിനെട്ടാം പടിക്കു മേലെ വനിതാ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതുമൊന്നും കേരളം മറന്നിട്ടില്ല. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കുവാന്‍ നിലകൊണ്ട ഭക്തര്‍ക്കെതിരെ എടുത്ത 16000 ല്‍ പരം കേസുകള്‍ നിലനില്‍ക്കുമ്പോള്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ കലാപമഴിച്ചുവിട്ടവര്‍ മുസ്ലീങ്ങളായതുകൊണ്ട് അവരുടെ എല്ലാ കേസുകളും പിന്‍വലിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കേരളത്തില്‍ താലിബാന്റെ നിഴല്‍ഭരണമാണ് നടത്തുന്നത്.
ശബരിമലയുമായി ബന്ധപ്പെട്ട് എന്ത് കാര്യം നടത്തണമെങ്കിലും സ്‌പെഷ്യല്‍ കമ്മീഷണര്‍ അറിഞ്ഞിരിക്കണം. എന്നാല്‍ ആഗോള അയ്യപ്പ സംഗമം നാളിതുവരെ സ്‌പെഷ്യല്‍ കമ്മീഷണറെ അറിയിച്ചിട്ടില്ല. ശബരിമലയില്‍ എന്തു ചെയ്യുന്നതിനു മുമ്പും കൂടിയാലോചിക്കേണ്ട ചില ധാര്‍മ്മിക കേന്ദ്രങ്ങളുണ്ട്. അയ്യപ്പന്റെ പിതൃസ്ഥാനീയനായി കരുതുന്ന താഴ്മണ്‍മഠം തന്ത്രി, പന്തളം കൊട്ടാരം, മല അരയ സമൂഹം, ആലങ്ങാട്, അമ്പലപ്പുഴ പേട്ട സംഘങ്ങള്‍ തുടങ്ങിയവരൊക്കെയാണ് ഈ ധാര്‍മ്മിക കേന്ദ്രങ്ങള്‍. സര്‍ക്കാര്‍ ആഗോള അയ്യപ്പസംഗമം നടത്തുവാന്‍ എടുത്ത തീരുമാനം ഏകപക്ഷീയവും നിഗൂഢലക്ഷ്യങ്ങള്‍ ഉള്ളതും ആയതുകൊണ്ട് മേല്‍ പ്രസ്താവിച്ച ധാര്‍മ്മിക കേന്ദ്രങ്ങളെ ഒന്നും കാര്യങ്ങള്‍ അറിയിച്ചിട്ടില്ല.
സനാതനധര്‍മ്മത്തെ തകര്‍ക്കും എന്നു പരസ്യമായി പ്രഖ്യാപിച്ച തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെ ദേവസ്വം മന്ത്രി നേരിട്ടെത്തി ആഗോള അയ്യപ്പസംഗമത്തിന് ക്ഷണിച്ചതോടെ ഇടതു സര്‍ക്കാരിന്റെ രഹസ്യ ലക്ഷ്യങ്ങള്‍ മറനീക്കി പുറത്തു വന്നിരിക്കുകയാണ്. ആഗോള അയ്യപ്പസംഗമം നടത്താനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ കോടതി സംശയദൃഷ്ടിയോടെയാണ് നോക്കി കാണുന്നത്. സ്വകാര്യ കമ്പനികളില്‍ നിന്ന് അയ്യപ്പന്റെ പേരില്‍ സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങുന്നത് ശരിയല്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ദേവസ്വം ബോര്‍ഡാകട്ടെ ദേവസ്വംഭൂമിയില്‍ ലേലം കൊണ്ട സ്ഥലത്ത് സ്ഥാപനങ്ങള്‍ നടത്തുന്നവരില്‍ നിന്ന് വന്‍തുക പിരിവെന്ന നിലയില്‍ സ്വരൂപിക്കാനാണ് ശ്രമിക്കുന്നത്. ശബരിമല തീര്‍ത്ഥാടനത്തിന്റെ അന്തഃസത്ത ചോര്‍ത്തിക്കളഞ്ഞ് ശബരിമലയെ ഒരു ലുലുമാള്‍ പരുവത്തിലാക്കി മാറ്റാനുള്ള നിഗൂഢശക്തികളുടെ പരിശ്രമമാണ് ഇപ്പോള്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ഹിന്ദു സമൂഹം ജാഗ്രതയോടെ പ്രതികരിച്ചില്ലെങ്കില്‍ ബിന്ദു അമ്മിണിയും കനക ദുര്‍ഗ്ഗയുമൊക്കെ ചേര്‍ന്ന് സന്നിധാനത്ത് ബ്യൂട്ടി പാര്‍ലര്‍ തുടങ്ങുന്ന കാലം വിദൂരമല്ല.





















