ഭാരതത്തിന്റെ ധര്‍മ്മപ്രതീകങ്ങളായ മഹാക്ഷേത്രങ്ങളെയും മാനബിന്ദുക്കളെയും അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനുമുള്ള സംഘടിതമായ നീക്കങ്ങള്‍ അനുദിനം ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. കര്‍ണാടകയിലെ ധര്‍മ്മസ്ഥല ക്ഷേത്രത്തിനെതിരെ കഴിഞ്ഞ ഏതാനും നാളുകളായി നടന്നുവന്ന ഗൂഢാലോചനയും കുപ്രചാരണവും ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
ഭാരതത്തിലെ തന്നെ പ്രമുഖ തീര്‍ത്ഥാടനസ്ഥാനമായ ധര്‍മ്മസ്ഥലയില്‍ നൂറുകണക്കിന് കൊലപാതകങ്ങളും ബലാത്സംഗങ്ങളും നടന്നിട്ടുണ്ടെന്നും, ഇങ്ങനെ കൊലചെയ്യപ്പെട്ടവരുടെ മൃതദേഹങ്ങള്‍ തന്നെക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം മറവുചെയ്യിച്ചിട്ടുണ്ടെന്നുമുള്ള വെളിപ്പെടുത്തലുമായി അവിടുത്തെ മുന്‍ ശുചീകരണ തൊഴിലാളിയായ ചെന്നയ്യ രംഗത്ത് വന്നതോടെയാണ് ഇതുമായി ബന്ധപ്പെട്ട മാദ്ധ്യമ വാര്‍ത്തകളും രാഷ്ട്രീയ വിവാദങ്ങളും പ്രചരിക്കപ്പെട്ടത്. എന്നാല്‍, ഇയാളുടെ മൊഴി മുഖവിലയ്‌ക്കെടുത്ത് കര്‍ണാടക പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും വ്യാപകമായ തുടര്‍ പരിശോധനകളും അന്വേഷണങ്ങളും നടത്തുകയും ചെയ്തപ്പോള്‍ ഈ വെളിപ്പെടുത്തല്‍ വ്യാജമാണെന്ന് വെളിവാക്കപ്പെട്ടു. ചെന്നയ്യയെ പിന്തുണച്ച് രംഗത്ത് വന്ന സുജാത ഭട്ട് എന്ന ഒരു സ്ത്രീ തന്റെ എംബിബിഎസ് വിദ്യാര്‍ത്ഥിയായ മകള്‍ അനന്യ ഭട്ടിനെ ധര്‍മ്മസ്ഥലയില്‍ വെച്ച് കാണാതായി എന്ന ആരോപണവും ഉയര്‍ത്തിയെങ്കിലും ഇവര്‍ക്ക് ഇങ്ങനെയൊരു മകള്‍ ഇല്ലെന്നും, ഇത് കള്ളക്കഥയാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. ബാഹ്യസമ്മര്‍ദ്ദത്തിനു വഴങ്ങി തങ്ങള്‍ നുണ പറയുകയായിരുന്നുവെന്ന് ചെന്നയ്യയും സുജാത ഭട്ടും പിന്നീട് തുറന്നു സമ്മതിക്കുകയും ചെയ്തു. ഇതോടെ ധര്‍മ്മസ്ഥലക്കെതിരെ ഉയര്‍ന്നുവന്ന കുപ്രചാരണങ്ങള്‍ ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്ന് വ്യക്തമായിരിക്കുകയാണ്.
ദക്ഷിണ ഭാരതത്തിലെ സുപ്രധാനമായ ഒരു ക്ഷേത്രസങ്കേതമായ ധര്‍മ്മസ്ഥലയിലെ ട്രസ്റ്റ് അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും ഉള്‍പ്പെടെയുള്ള ധര്‍മ്മസ്ഥാപനങ്ങള്‍ നടത്തുന്ന ബൃഹത്തായ ഒരു സേവനശൃംഖല കൂടിയാണ്. എന്നും പതിനായിരങ്ങള്‍ ദര്‍ശനം നടത്തുന്ന ഈ സങ്കേതം തങ്ങളുടെ പ്രവര്‍ത്തനത്തിന് വിലങ്ങുതടിയാണെന്ന് തിരിച്ചറിഞ്ഞ മതപരിവര്‍ത്തന മാഫിയകളും മതഭീകര സംഘടനകളും നടത്തിയ ഗൂഢാലോചനയുടെ അനന്തരഫലമാണ് ഇപ്പോഴത്തെ കുപ്രചാരണങ്ങള്‍ക്ക് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതിന്റെ ഭാഗമായി വന്ന ടൂള്‍കിറ്റുകളും പണമൊഴുക്കുകളും പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇക്കാര്യത്തില്‍ മലയാള മാദ്ധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച അത്യാവേശത്തോടെയുള്ള റിപ്പോര്‍ട്ടുകളും ദുരൂഹതയുടെ ആഴം വര്‍ധിപ്പിക്കുന്നു. നേരത്തെ കര്‍ണാടകയിലെ ഷിരൂരിലേക്ക് ലോറിയുമായി പോയ അര്‍ജുന്‍ എന്ന മലയാളി പുഴയില്‍ വീണ് മരിച്ച സംഭവത്തെ തുടര്‍ന്ന് അന്ന് വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ലോറി ഉടമ ധര്‍മ്മസ്ഥല ആക്ഷന്‍ കമ്മിറ്റി അംഗമായി രംഗപ്രവേശം ചെയ്തതും സ്വാഭാവികമാണെന്നു കരുതാനാവില്ല.
ഹൈന്ദവ ധര്‍മ്മസങ്കേതങ്ങള്‍ക്കും ധര്‍മ്മാചാര്യന്മാര്‍ക്കുമെതിരെ നടക്കുന്ന ആക്രമണങ്ങള്‍ ഒരിക്കലും ഒറ്റപ്പെട്ടതല്ല. അവ ആസൂത്രിതവും സംഘടിതവുമാണെന്ന് കരുതാന്‍ കാരണങ്ങളുണ്ട്. 1950 ലെ ശബരിമല തീവെപ്പും പിന്നീട് നിലയ്ക്കലില്‍ നടന്ന കുരിശുനാട്ടലും യാദൃച്ഛികമായി ഉണ്ടായതല്ല. തൊണ്ണൂറുകളില്‍ ശിവഗിരി മഠത്തെ തകര്‍ക്കാന്‍ മതഭീകരനായ അബ്ദുള്‍ നാസര്‍ മദനിയും പിഡിപിയും കച്ചകെട്ടി രംഗത്തിറങ്ങിയത് കേരളം മറന്നിട്ടില്ല. തമിഴ്‌നാട്ടിലെ ഒരു മന്ത്രി സനാതനധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്തതും ദക്ഷിണ ഭാരതത്തെ വിഭജിക്കുകയെന്ന ലക്ഷ്യത്തോടെ ‘കട്ടിംഗ് സൗത്ത്’ പോലുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു വന്നതും അടുത്തിടെയാണ്. തിരുപ്പതി ലഡുവിലെ മൃഗക്കൊഴുപ്പും ശബരിമല അരവണപ്പായസത്തിലെ ‘എലിവാലും’ഹലാല്‍ ശര്‍ക്കരയുമെല്ലാം ഹൈന്ദവ വിശ്വാസങ്ങള്‍ക്ക് കളങ്കം ചാര്‍ത്താനുള്ള ഗൂഢാലോചനയുടെ ദൃഷ്ടാന്തങ്ങള്‍ തന്നെയാണ്. കേരളത്തില്‍ ആറ്റുകാല്‍ പൊങ്കാലയും ഗുരുപൂജയും അപഹസിക്കപ്പെടുന്നത് ബോധപൂര്‍വമാണ്. സമാനമായ ഗൂഢാലോചനയാണ് ധര്‍മ്മസ്ഥലയിലും ഉണ്ടായിരിക്കുന്നത്.
ഹൈന്ദവ വേട്ടയ്ക്ക് പിന്തുണയും പ്രോത്സാഹനവും നല്‍കാനാണ് മതേതര കക്ഷികള്‍ എന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളും കാലങ്ങളായി ശ്രമിച്ചു പോന്നിട്ടുള്ളത്. കാവിഭീകരത എന്ന സംജ്ഞയെ സ്ഥാപിച്ചെടുക്കാന്‍ കാഷായ വസ്ത്രധാരിണിയായ ഒരു സാധ്വിയെ ഭരണസ്വാധീനം ഉപയോഗിച്ച് സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ത്ത കോണ്‍ഗ്രസിന് കോടതിവിധിയിലൂടെ തിരിച്ചടി ലഭിച്ചത് അടുത്തിടെയാണ്. ശബരിമലയില്‍ ആചാരലംഘനം നടത്താനും തൃശ്ശൂര്‍പൂരം കലക്കാനും കമ്മ്യൂണിസ്റ്റുകള്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തിയത് വിസ്മരിക്കാനാവില്ല. ഓരോ മണ്ഡലകാലത്തും മുല്ലപ്പെരിയാര്‍ ഡാമിന്റെ ബലപരിശോധനയ്ക്ക് തുനിഞ്ഞിറങ്ങുന്ന മാധ്യമ മാടമ്പിമാര്‍ ഹൈന്ദവ വിശ്വാസങ്ങളെ നിന്ദിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് മലയാളികള്‍ മഹാകുംഭമേളയില്‍ പങ്കെടുത്തതിന്റെ പേരില്‍ കേരളത്തിന്റെ സാക്ഷരതയെ ചോദ്യം ചെയ്യുകയും ബംഗ്ലാദേശില്‍ ഇസ്ലാമിക ഭീകരര്‍ നടത്തിയ ഹിന്ദു വംശഹത്യയെ ‘ജനാധിപത്യത്തിന്റെ വസന്തവിപ്ലവം’ എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്ന മലയാള മാധ്യമങ്ങളുടെ മൂടുപടം എന്നോ അഴിഞ്ഞുവീണതാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തിലെ ഒരു ധ്യാനകേന്ദ്രത്തില്‍ നടന്ന ദുരൂഹമരണങ്ങളെ അവഗണിച്ചു തള്ളിയ മാധ്യമങ്ങള്‍ അമൃതാനന്ദമയി ദേവിയെയും ആശ്രമത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ അവിശ്രമം പണിയെടുത്തിരുന്നു. ധര്‍മ്മസ്ഥല വിഷയത്തിലും അവര്‍ തങ്ങളുടെ ദൗത്യനിര്‍വ്വഹണം തുടര്‍ന്നു എന്നതാണ് സത്യം. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരും പതിവുപോലെ ഇക്കാര്യത്തില്‍ നിസ്സംഗമായ നിലപാടാണെടുത്തത്. ദക്ഷിണ ഭാരതത്തില്‍ വിശേഷിച്ച് ഹൈന്ദവ വിശ്വാസങ്ങളെ കടന്നാക്രമിക്കാന്‍ പല രീതിയില്‍ പരിശ്രമങ്ങള്‍ നടക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് റീല്‍സ് ചിത്രീകരിക്കാന്‍ മുസ്ലിം യുവതി ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ഇറങ്ങിയത് നിസ്സാരവല്‍ക്കരിക്കാനാവുന്നതല്ല. ഇതേ തുടര്‍ന്ന് ക്ഷേത്രത്തില്‍ നടന്ന പരിഹാര കര്‍മ്മങ്ങളെ പരിഹസിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ രംഗത്ത് വന്നതിന് പിന്നില്‍ ചില ഗൂഢോദ്ദേശ്യങ്ങളുണ്ട്. മുന്‍പ് കണ്ണൂരിലെ കളരിവാതുക്കല്‍ ദേവീക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട പൈതൃക യാത്രയ്ക്ക് സ്വീകരണമൊരുക്കിയ സംഭവമുണ്ടായിരുന്നു. ഏറ്റവുമൊടുവില്‍ ഇസ്ലാം മതസ്ഥര്‍ ഓണാഘോഷത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന തൃശ്ശൂരിലെ ഒരു സ്‌കൂള്‍ അധ്യാപികയുടെ ആഹ്വാനം കൂടി പുറത്തുവന്നിരിക്കുകയാണ്. ക്ഷേത്രസങ്കേതങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും പാരമ്പര്യവും പരിശുദ്ധിയും ചോദ്യം ചെയ്യപ്പെടുന്നത് ആശാസ്യമല്ല. ധര്‍മ്മസ്ഥലികളുടെ വിശുദ്ധിയും വിശ്വാസ്യതയും തച്ചുതര്‍ക്കാനുള്ള ഒളിയുദ്ധങ്ങളെ ഹിന്ദുസമൂഹം ജാഗ്രതയോടെ കരുതിയിരിക്കേണ്ടതുണ്ട്.





















