ഭാരതത്തിന്റെ എഴുപത്തൊമ്പതാം സ്വാതന്ത്ര്യദിനം കേരളത്തില്‍ വിവാദങ്ങളുടെ ആഘോഷമാക്കുന്നതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അവരുടെ സര്‍ക്കാരും കോണ്‍ഗ്രസ്സും എല്ലാം പരസ്പരം മത്സരിക്കുകയായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആഗസ്റ്റ് 14 വിഭജനഭീതി ദിനമായി ആചരിക്കണമെന്ന് പറഞ്ഞത്. ഈ വര്‍ഷം ബഹുമാനപ്പെട്ട കേരള ഗവര്‍ണ്ണര്‍ സര്‍വ്വകലാശാലകളില്‍ വിഭജന ഭീതി ദിനം ആചരിക്കണമെന്ന് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. അതോടെ മുഖ്യമന്ത്രി വിജയനടക്കം കേരളത്തിലെ ഇടതു-വലതു മുന്നണികളിലെ പല നേതാക്കളും ഹാലിളകി ഉറഞ്ഞു തുള്ളാന്‍ തുടങ്ങി. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിഭജനഭീതി ദിനം ആചരിക്കാന്‍ അനുവദിക്കില്ലെന്ന് ഗവര്‍ണ്ണര്‍ക്കു നേരെ വെല്ലുവിളിയായി. ക്യാമ്പസുകളില്‍ വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കാനുള്ള സംഘപരിവാര്‍ ഗൂഢാലോചനയാണ് ഗവര്‍ണ്ണര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നായി മുഖ്യ ആരോപണം. മാത്രമല്ല ആര്‍എസ്എസ് ഭാരതസ്വാതന്ത്ര്യ സമരത്തിനു വേണ്ടി ഒന്നും ചെയ്യാത്ത സംഘടനയാണെന്നും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും കോണ്‍ഗ്രസ്സും മുസ്ലീം ലീഗും ഒക്കെ ചേര്‍ന്നാണ് ബ്രിട്ടീഷുകാരെ കെട്ടുകെട്ടിച്ചതെന്നും സമര്‍ത്ഥിക്കാന്‍ സകല ആസ്ഥാന ‘കുബുദ്ധിജീവി’കളും നന്നായി വിയര്‍ക്കുകയും ചെയ്തു. സ്വാഭാവികമായും എസ്എഫ്‌ഐയും കെഎസ്‌യുവും എംഎസ്എഫും ഒക്കെ ക്യാമ്പസില്‍ വിഭജനഭീതി ദിനം ആചരിക്കാന്‍ ആരു ശ്രമിച്ചാലും അവര്‍ പഠിച്ചു വളര്‍ന്ന ‘ഉന്നത ജനാധിപത്യ സമ്പ്രദായമായ’ കായികമായി നേരിടല്‍ എന്ന കലാപരിപാടി നടപ്പിലാക്കുമെന്നും പ്രഖ്യാപിച്ചു. സ്വാഭാവികമായും കേരളത്തിലെ പല ക്യാമ്പസുകളിലും യൂണിവേഴ്‌സിറ്റി ആസ്ഥാനങ്ങളിലും സംഘര്‍ഷമുണ്ടായി.
ആഗസ്റ്റ് 14 ന് വിഭജനഭീതി ദിനം ആചരിക്കുന്നതിനെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് കോണ്‍ഗ്രസ് മുസ്ലീം ലീഗ് നേതൃത്വം ഇത്രയേറെ ഭയപ്പെടാനുള്ള കാരണം തന്നെയാണ് ഇങ്ങനെയൊരു ദിനാചരണം നടത്തണമെന്ന് നരേന്ദ്രമോദി തീരുമാനമെടുക്കാനുള്ള കാരണം. സ്വാതന്ത്ര്യ സമരകാലത്ത് ഈ രാജ്യത്തിന്റെ താത്പര്യത്തിന് വേണ്ടി നിലകൊണ്ടതാരൊക്കെ, സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തതാരൊക്കെ, രാഷ്ട്ര വിഭജനത്തിനും കൂട്ടക്കൊലകള്‍ക്കും കാരണക്കാര്‍ ആരൊക്കെ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത് രാഷ്ട്രത്തിന്റെ ഭാവിസുരക്ഷയ്ക്കും അഖണ്ഡതയ്ക്കും അനിവാര്യമായതിനാലാണ് വിഭജനഭീതി ദിനം ആചരിക്കാന്‍ തീരുമാനിച്ചത്. ഇതില്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ ഇടയുള്ള പല വിഷയങ്ങളും തങ്ങളുടെ സ്വാതന്ത്ര്യ സമരപാരമ്പര്യമെന്ന മുഖംമൂടി ചീന്തിക്കളയുമെന്ന ഭയമാണ് കേരളത്തിലെ ഇടത് വലത് മുന്നണികളിലെ പ്രമുഖ കക്ഷികളെ ഭയപ്പെടുത്തിയത്. 1942ല്‍ ബഹുരാഷ്ട്ര വാദമുന്നയിച്ച ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥ ശോചനീയമാണെങ്കിലും ഭാരതത്തെ ഇനിയും വിഭജിക്കണമെന്ന അവരുടെ അഭിപ്രായത്തില്‍ മാറ്റമില്ല. അതുകൊണ്ടാണ് എറണാകുളത്തും തമിഴ്‌നാട്ടിലുമൊക്കെവച്ചു നടന്ന ‘കട്ടിംഗ് സൗത്ത്’ വാദികളുടെ യോഗത്തില്‍ കേരള മുഖ്യമന്ത്രി വിജയന്‍ മുഖ്യപരികര്‍മ്മിയായിരുന്നത്. ആര്‍ എസ്എസ്സിനും വീരവിനായക ദാമോദര സാവര്‍ക്കര്‍ക്കുമൊന്നും ഭാരതസ്വാതന്ത്ര്യ സമരത്തില്‍ പങ്കില്ലെന്ന മട്ടിലുള്ള അമ്മൂമ്മക്കഥകള്‍ ഏകെജി സെന്ററിലെ ചില കുശിനിക്കാര്‍ തയ്യാറാക്കിനല്‍കുമ്പോള്‍ തന്റെ ഫെയ്‌സ് ബുക്കിലിട്ട് ആത്മരതി കൊള്ളുന്ന കേരള മുഖ്യമന്ത്രിയെക്കുറിച്ച് സഹതപിക്കാം.
രാഷ്ട്രീയ സ്വയംസേവക സംഘം ജനിച്ചതു തന്നെ ഈ രാഷ്ട്രത്തിന്റെ ആത്യന്തിക സ്വാതന്ത്ര്യത്തിനും രാഷ്ട്രത്തിന്റെ പരമവൈഭവത്തിനും വേണ്ടിയായിരുന്നു എന്നതിന് നിരവധി ചരിത്രതെളിവുകള്‍ ഉണ്ട്. സംഘത്തിന്റെ ആദ്യകാല പ്രതിജ്ഞയില്‍ ‘രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യം നേടിയെടുക്കാന്‍ ഞാന്‍ ഒരു സ്വയംസേവകനായിത്തീരുന്നു’എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 1932 ഡിസംബര്‍ മാസത്തോടെ സര്‍ക്കാര്‍ ജോലിക്കാര്‍ ആര്‍എസ്എസ്സില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് ബ്രിട്ടീഷുകാര്‍ തീരുമാനിക്കാന്‍ കാരണം ഇതൊക്കെ തന്നെയായിരുന്നു. 1940 ആഗസ്റ്റ് 5ന് ഭാരതസുരക്ഷാ നിയമത്തിലെ 56 ഉം 58 ഉം വകുപ്പുകളനുസരിച്ച് സംഘത്തിന്റെ ഗണവേഷം, പരിശീലനം എന്നിവയെല്ലാം ബ്രിട്ടീഷ് സര്‍ക്കാര്‍ നിരോധിച്ചു. സംഘത്തിന്റെ സ്വാതന്ത്ര്യ ലക്ഷ്യത്തെ നന്നായറിയുന്നതു കൊണ്ടാണ് ബ്രിട്ടന്‍ സംഘത്തെ നിരോധിക്കാന്‍ തയ്യാറായത്.
അതേസമയം 1940 ല്‍ മുസ്ലീം ലീഗ് ഭാരതത്തെ വെട്ടിമുറിച്ച് തങ്ങള്‍ക്ക് പാകിസ്ഥാന്‍ വേണമെന്ന ലാഹോര്‍പ്രമേയം പാസ്സാക്കി കഴിഞ്ഞിരുന്നു. ഇതിന് ബ്രിട്ടന്റെ പിന്‍തുണ ഉണ്ടായിരുന്നു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ ലീഗിന്റെ വിഭജനവാദത്തെ പിന്‍താങ്ങി പ്രമേയം പാസ്സാക്കി എന്നുമാത്രമല്ല ഇഫ്തിഖാറുദ്ദീന്‍ എന്ന മുസ്ലീം സഖാവിനെ വിഭജന ലക്ഷ്യം ഉറപ്പുവരുത്താനായി ലീഗിലേക്ക് നിയോഗിക്കുകയും ചെയ്തു. 1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തെ പരാജയപ്പെടുത്താന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തങ്ങളുടെ തൊഴിലാളികളോട് പണിമുടക്കരുതെന്ന് നിര്‍ദ്ദേശിച്ചു. 1942-44 കാലത്ത് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പി.സി.ജോഷി ബ്രിട്ടന് അനുകൂലമായി തങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് ബ്രിട്ടീഷ് അധികൃതര്‍ക്ക് സമര്‍പ്പിച്ചിരുന്നതിന്റെ രേഖകള്‍ ലണ്ടനിലും ദില്ലിയിലുമൊക്കെ യുള്ള പുരാവസ്തു സംഗ്രഹാലയത്തില്‍ ഇപ്പോള്‍ ലഭ്യമാണ്. മുഹമ്മദാലിജിന്ന ഭാരതത്തെ വെട്ടിമുറിക്കാന്‍ ഹിന്ദു വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ഒന്നും ചെയ്യാതിരുന്ന നെഹ്രു അവശിഷ്ട ഭാരതത്തിന്റെ പ്രധാനമന്ത്രിക്കുപ്പായം തുന്നുന്ന തിരക്കിലായിരുന്നു. തന്നെ വിഭജിച്ചാലും രാഷ്ട്രംവിഭജിക്കാന്‍ സമ്മതിക്കില്ലെന്നു പ്രഖ്യാപിച്ച ഗാന്ധിജി ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ ലാഹോറിലും സിന്ധിലും റാവല്‍പിണ്ടിയിലും കറാച്ചിയിലും കൂട്ടക്കുരുതിയ്ക്കിരയായപ്പോള്‍ ഹിന്ദുക്കളെ അഹിംസാ വ്രതികളാക്കി നിര്‍ത്താനുള്ള തീവ്രശ്രമത്തിലായിരുന്നു. മുഹമ്മദാലിജിന്ന ഭാരതത്തെ രണ്ടായി വെട്ടിമുറിക്കണം എന്നാവശ്യപ്പെട്ടുവെങ്കില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി പി.സി.ജോഷി ഭാരതത്തെ 17 ആയി വിഭജിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മൗണ്ട് ബാറ്റണ്‍ പ്രഭുവിനെഴുതിയ കത്ത് പുരാവസ്തു ശേഖരത്തിലിരുന്ന് മുറിച്ചുരിക പോലെ ഇപ്പോഴും വിറയ്ക്കുന്നുണ്ട്. രണ്ട് കോടിയോളം ജനങ്ങളുടെ ജീവിതത്തെ കടപുഴക്കി അവരെ അഭയാര്‍ത്ഥികളാക്കി മാറ്റുകയും 20 ലക്ഷത്തോളം ജനങ്ങളുടെ കൂട്ടക്കുരുതിക്കും കാരണക്കാര്‍ ആരെന്ന് ചര്‍ച്ച ചെയ്യപ്പെടും എന്നതിനാലാണ് വിഭജനഭീതി ദിനത്തെ കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റും മുസ്ലീം ലീഗും ഒന്നിച്ചെതിര്‍ത്തത്. ഈ മൂന്നു കൂട്ടരും ഒന്നിച്ചപ്പോഴെല്ലാം രാജ്യം ദുരന്തങ്ങള്‍ നേരിട്ടിട്ടുണ്ട്. രാജ്യത്തെ വിഘടന ഭീകരവാദികളുടെ ഈറ്റില്ലമായി ഇപ്പോള്‍ കേരളം മാറാനുള്ള കാരണം എന്തെന്ന് ഈ ഐക്യപ്പെടല്‍ നമ്മോട് പറയുന്നുണ്ട്. മലയാളി ഇപ്പോള്‍ ജാഗ്രത കാട്ടിയില്ലെങ്കില്‍ വലിയവില ഭാവിയില്‍ കൊടുക്കേണ്ടിവരുമെന്ന കാര്യത്തില്‍ സംശയമില്ല.





















