ഉത്തരവാദിത്തമുള്ള പ്രതിപക്ഷമാണ് ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തുന്നത് എന്നു പറയാറുണ്ട്. ദൗര്‍ഭാഗ്യവശാല്‍, ഭാരതത്തിലെ പ്രതിപക്ഷപ്പാര്‍ട്ടികള്‍ കുറച്ചുകാലമായി നമ്മുടെ ജനാധിപത്യവ്യവസ്ഥയെ ദുര്‍ബലപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ്. രാജ്യത്തിന്റെ നിയമസംവിധാനങ്ങളെയും ഭരണവ്യവസ്ഥകളെയും അപകീര്‍ത്തിപ്പെടുത്താനും അവയില്‍ അവിശ്വാസം വളര്‍ത്തി രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനുമാണ് അവര്‍ പരിശ്രമിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചത് വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടത്തിയാണെന്ന പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധിയുടെ ആരോപണം ഇതിന്റെ ഒടുവിലത്തെ ദൃഷ്ടാന്തമാണ്.
2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇരുപത്തിയഞ്ചു മണ്ഡലങ്ങളിലെങ്കിലും വിജയം വോട്ടര്‍പട്ടികയിലെ അസാധാരണമായ ക്രമക്കേടുകളിലൂടെ ബിജെപി നേടിയെടുത്തതാണെന്ന ആരോപണമാണ് രാഹുല്‍ഗാന്ധി നടത്തിയത്. കര്‍ണാടകയിലെ ബംഗളൂരു സെന്‍ട്രല്‍ ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ മഹാദേവപുര നിയമസഭാമണ്ഡലത്തില്‍ വലിയ ക്രമക്കേടുകള്‍ നടന്നുവെന്ന ആക്ഷേപമാണ് രാഹുല്‍ഗാന്ധി ഉന്നയിച്ചത്. 33,000 വോട്ടുകള്‍ക്കുതാഴെ ഭൂരിപക്ഷത്തിന് ബിജെപി ജയിച്ച ഇരുപത്തിയഞ്ചു ലോക്‌സഭാ മണ്ഡലങ്ങളിലെങ്കിലും ഇത്തരത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ആരോപിക്കുന്നു. എന്നാല്‍ പ്രതിപക്ഷനേതാവിന്റെ ആരോപണങ്ങളെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിപൂര്‍ണ്ണമായും നിരാകരിക്കുകയാണ്. ആരോപണങ്ങള്‍ ചട്ടപ്രകാരം സ്വയംസാക്ഷ്യപ്പെടുത്തി തെളിവുസഹിതം സമര്‍പ്പിക്കണമെന്ന കമ്മീഷന്റെ ആവശ്യത്തോട് രാഹുല്‍ അനുകൂലമായല്ല പ്രതികരിച്ചത്. താന്‍ പൊതുസമക്ഷം ഉന്നയിച്ച ആരോപണം സ്വയംസാക്ഷ്യപ്പെടുത്തലായി പരിഗണിക്കണമെന്ന വിചിത്രവാദമാണ് പ്രതിപക്ഷ നേതാവ് മുന്നോട്ടുവെക്കുന്നത്. ഇതുതന്നെ തന്റെ നിരുത്തരവാദപരമായ ആരോപണങ്ങളില്‍ നിന്നുള്ള അദ്ദേഹത്തിന്റെ ഒളിച്ചോട്ടമാണ് കാണിക്കുന്നത്.
രാജ്യത്തിന്റെ പ്രതിപക്ഷനേതാവ് എന്ന നിലയില്‍ രാഹുല്‍ഗാന്ധി നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനകളും പ്രതികരണങ്ങളും പലപ്പോഴും പ്രതിലോമകരമാണ്. അടിസ്ഥാനരഹിതവും അപകടകരവുമായ അഭിപ്രായങ്ങളാണ് അദ്ദേഹത്തിന്റെ നാവില്‍ നിന്നും പുറത്തുവരുന്നത്. ഭാരതത്തിന്റെ ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിച്ച് രാജ്യത്ത് അരാജകത്വത്തിന്റെയും അസ്ഥിരതയുടെയും അന്തരീക്ഷം സൃഷ്ടിക്കാന്‍ ശത്രുരാജ്യങ്ങളില്‍ നിന്ന് അച്ചാരംപറ്റിയ അഞ്ചാംപത്തിയെപ്പോലെയാണ് രാഹുല്‍ പെരുമാറുന്നത്. നെഹ്‌റു കുടുംബത്തിന്റെ അനന്തരാവകാശിയായതിനാല്‍ തനിക്ക് പൈതൃകസ്വത്തായി ലഭിക്കണമെന്നു കരുതുന്ന പ്രധാനമന്ത്രിപദം കിട്ടാക്കനിയായി മാറുന്നതിന്റെ കൊതിക്കെറുവ് രാഹുലിന്റെ മനസ്സില്‍ ബിജെപിയോടുള്ള പകയായും ഭാരതത്തോടുള്ള വിരോധമായും പരിണമിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ അഖണ്ഡതയെയും അടിത്തറയേയും തകര്‍ക്കുംവിധം രാഹുല്‍ നടത്തുന്ന നിരുത്തരവാദപരമായ പ്രസ്തവനകള്‍ പ്രതിദിനം ഏറിവരുകയാണ്. അമേരിക്കയിലെ ഒരു വിദ്യാര്‍ത്ഥി കൂട്ടായ്മയില്‍ ഭാരതം സംസ്ഥാനങ്ങളുടെ ഫെഡറേഷന്‍ മാത്രമാണെന്നും ഭാരത പൗരനായിരിക്കുന്ന സമയത്തു തന്നെ ഒരാള്‍ക്ക് അമേരിക്കന്‍ പൗരനുമാകാമെന്നും രാഹുല്‍ അഭിപ്രായപ്പെട്ടിരുന്നു. മാത്രമല്ല, നരേന്ദ്ര മോദിയുടെ പിടിപ്പുകേടുകൊണ്ട് അതിര്‍ത്തിയില്‍ നാലായിരം ചതുരശ്ര കിലോമീറ്റര്‍ ഭൂമി ചൈന പിടിച്ചെടുത്തു എന്നുവരെ അന്യരാജ്യത്തു പോയി അദ്ദേഹം പ്രസ്താവിച്ചു. കാനഡ കേന്ദ്രീകരിച്ച് ഖാലിസ്ഥാന്‍ ഭീകരര്‍ നടത്തുന്ന ഭാരതവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പകരുംവിധമുള്ള നിരവധി പ്രസ്താവനകള്‍ മുന്‍പ് രാഹുലിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. ഭാരത സൈന്യം വിജയകരമായി പൂര്‍ത്തീകരിച്ച ഓപ്പറേഷന്‍ സിന്ദൂറിനെ പരാജയമായി ചിത്രീകരിക്കാനും ഭാരതത്തിലെ പാകിസ്ഥാന്റെ വിലക്കെടുക്കപ്പെട്ട വക്താക്കളായി പെരുമാറാനും രാഹുലും കോണ്‍ഗ്രസും രംഗത്ത് വരികയാണ്. അടുത്ത കാലത്തായി നിസ്സാര കാരണങ്ങള്‍ പറഞ്ഞ് തുടര്‍ച്ചയായി പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്താന്‍ പ്രതിപക്ഷം നടത്തുന്ന ശ്രമങ്ങള്‍ ഒട്ടും നിഷ്‌കളങ്കമല്ല. മൂന്നാം തവണയും മോദി പ്രധാനമന്ത്രിയായതോടെ ഭാരതവിരുദ്ധ ശക്തികളുടെ സഹായത്തോടെ രാജ്യത്ത് അട്ടിമറികള്‍ ആസൂത്രണം ചെയ്യാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങിയിരിക്കുകയാണ്. ഭാരതവിരുദ്ധനായ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസുമായി രാഹുലിനുള്ള ബന്ധം അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. രാഹുലിന്റെ വിദേശയാത്രകള്‍ നിരീക്ഷിച്ചാല്‍ അത് ഭാരതത്തില്‍ ജനാധിപത്യ അട്ടിമറിക്ക് കോപ്പുകൂട്ടാനാണെന്നുപോലും സംശയിച്ചുപോവും. വിദേശനിര്‍മ്മിതമായ ടൂള്‍കിറ്റുകള്‍ ഭാരത രാഷ്ട്രീയത്തില്‍ പ്രചരിപ്പിക്കാനുള്ള ദൗത്യമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.
ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയം വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടത്തിയതിന്റെ പരിണതഫലമാണെന്ന കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ആരോപണം ആസൂത്രിതവും അടിസ്ഥാനരഹിതവുമാണ്. ഭാരത ജനതയുടെ പൗരാവകാശ വിനിയോഗത്തെ അധിക്ഷേപിക്കുന്ന നിന്ദ്യമായ പ്രസ്താവമാണത്. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ രാജ്യത്ത് നിയതമായ നിയമസംവിധാനങ്ങള്‍ നിലവിലുണ്ട്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥരെ നിയമിക്കുന്നത് സംസ്ഥാന റവന്യൂ വകുപ്പിന്റെ കൂടി അറിവോടെയാണ്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന ഭരണകൂടം നിലവിലുള്ളപ്പോഴാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നത്. അവിടെ ബിജെപി ഇടപെട്ട് അട്ടിമറി നടത്തിയെന്ന ആരോപണം അസംഭവ്യമാണ്. പലപ്പോഴും വോട്ടര്‍ പട്ടികയില്‍ പിശകുകള്‍ സംഭവിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ പോളിംഗ് ബൂത്തില്‍ വ്യാപകമായി വ്യാജവോട്ടര്‍മാര്‍ എത്തിയാല്‍ അത് തിരിച്ചറിയാന്‍ വോട്ടര്‍മാരെ നേരിട്ട് പരിചയമുള്ള രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ബൂത്ത് ഏജന്റുമാര്‍ക്ക് കഴിയും. തിരഞ്ഞെടുപ്പ് കഴിഞ്ഞ് നാല്പത്തഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഇതുസംബന്ധിച്ച പരാതി നല്‍കാനും നമ്മുടെ രാജ്യത്ത് നിയമവ്യവസ്ഥയുണ്ട്. ഇത്തരമൊരു അവസരം നാളിതുവരെ വിനിയോഗിക്കാതെ ബിജെപിയുടെ വിജയത്തെ താറടിച്ചു കാണിക്കുന്നത് അപഹാസ്യമാണ്. നേരത്തെ ബിജെപി കേവലഭൂരിപക്ഷത്തോടെ രണ്ട് തവണ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയപ്പോള്‍ വോട്ടിംഗ് മെഷീന്റെ വിശ്വാസ്യതയില്‍ സംശയം പ്രകടിപ്പിച്ചുകൊണ്ടാണ് പ്രതിപക്ഷകക്ഷികള്‍ രംഗത്ത് വന്നത്. ജനവിധിയെ മാനിക്കാനുള്ള രാഷ്ട്രീയ മാന്യത അവര്‍ക്ക് നഷ്ടമായിരിക്കുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാവുന്നത്. തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ച പാരമ്പര്യം നരേന്ദ്രമോദിയുടേതല്ല മറിച്ച് ഇന്ദിരാഗാന്ധിയുടെ പിന്മുറക്കാരനായ രാഹുലിന്റേതാണ്. കേരളത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംഘടനാ തിരഞ്ഞെടുപ്പിനുവേണ്ടി വ്യാജ തിരിച്ചറിയല്‍ രേഖകള്‍ നിര്‍മ്മിച്ചുവെന്ന് അടുത്തിടെ വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോള്‍ ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക കാര്യക്ഷമാക്കുന്നതിനെതിരെ പ്രതിപക്ഷ കക്ഷികള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. പലപ്പോഴും അടിസ്ഥാനരഹിതവും അധിക്ഷേപാര്‍ഹവുമായ പ്രസ്താവനകളുടെ പേരില്‍ ഒന്നിലധികം തവണ ഭാരതത്തിന്റെ നീതിപീഠങ്ങള്‍ രാഹുലിനെ താക്കീത് ചെയ്തിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ പുതിയ ആരോപണങ്ങളെ ‘ആറ്റംബോംബ്’ എന്നാണ് ചില മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. സ്വയം നിര്‍വീര്യമാകുന്ന നുണബോംബുകള്‍ മാത്രമാണ് അതെന്ന് തിരിച്ചറിയാന്‍ പ്രയാസമില്ല.





















