ധാതുസമ്പത്തുകൊണ്ടും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ കൊണ്ടും സമൃദ്ധമായിരുന്ന പുരാതന ഭാരതത്തിലേയ്ക്ക് ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും വ്യാപാരികള്‍ എത്തിയിരുന്നു. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയാകട്ടെ ഭാരതത്തെ രാഷ്ട്രീയമായി കീഴടക്കി കോളനി രാജ്യമാക്കി നിലനിര്‍ത്തിക്കൊണ്ട് ഇവിടുത്തെ സമ്പത്തുകള്‍ കടത്തിക്കൊണ്ടു പോകുകയാണുണ്ടായത്. എന്നാല്‍ ഇന്ന് സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കായ ഭാരതവുമായി ഒരു വ്യാപാരക്കരാര്‍ തങ്ങളുടെ നാടിന്റെ വികസനത്തിന് അനിവാര്യമാണെന്ന് ബ്രിട്ടീഷ് ഭരണകൂടം തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള സായുധ യുദ്ധങ്ങളുടെ കാലം അവസാനിക്കുകയും വ്യാപാര യുദ്ധങ്ങളുടെ പുതിയ കാലം സമാഗതമാകുകയും ചെയ്തിരിക്കുന്നു. ക്രയശേഷി കൂടിയ ഭാരതത്തിന്റെ കമ്പോളം ഏത് സാമ്പത്തിക ശക്തിയേയും ഇന്ന് പ്രലോഭിപ്പിക്കുന്നുണ്ട്. 2014നു ശേഷം അതിവേഗം വളരുന്ന ഭാരതത്തിന്റെ സാമ്പത്തിക മേഖല ലോകത്തിലെ ഭാവി സാമ്പത്തിക ശക്തി ആരാണെന്ന് വിളിച്ചു പറയുന്നുണ്ട്. ആ ഭാരതവുമായി വ്യാപാരക്കൂട്ടുകെട്ടുണ്ടാക്കുവാന്‍ വികസിത രാഷ്ട്രങ്ങള്‍ മത്സരിക്കുന്ന കാഴ്ചയാണ് ഭാവി ലോകം കാണാന്‍ പോകുന്നത്.
കഴിഞ്ഞ മൂന്നു വര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ നിലവില്‍ വന്ന ഭാരത ബ്രിട്ടീഷ് സ്വതന്ത്ര വ്യാപാരക്കരാര്‍ പുതിയ കൂട്ടുകെട്ടുകളുടെ ദിശാസൂചികയായി കണക്കാക്കാം. ഇരു രാജ്യങ്ങള്‍ക്കും ഈ കരാറു കൊണ്ട് നേട്ടമേ സംഭവിക്കുകയുള്ളൂ എന്നതാണ് വസ്തുത. ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ക്രെയ്സ്റ്റാമറും നേരിട്ട് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാറിന്റെ അന്തിമ രൂപരേഖ തയ്യാറായിരിക്കുന്നത്. വ്യാപാര രംഗത്ത് ഭാരതമടക്കമുള്ള രാജ്യങ്ങള്‍ക്കു മേല്‍ അമേരിക്കന്‍ സമ്മര്‍ദ്ദം ഏറിവരുമ്പോള്‍ ബ്രിട്ടനുമായി ഭാരതമെത്തിച്ചേര്‍ന്ന സ്വതന്ത്രവ്യാപാര കരാറിന് ബഹുതലമാനങ്ങളാണ് ഉള്ളത്. അമേരിക്കയുടെ തിട്ടൂരങ്ങളെ യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങള്‍ വരെ അവഗണിച്ചു തുടങ്ങിയെന്നത് മാറുന്ന ലോകക്രമത്തിന്റെ സൂചനയാണ്. ഭാരതത്തെ സംബന്ധിച്ച് കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ രാജ്യാന്തര വ്യാപാര രംഗത്തുണ്ടായ വന്‍ നേട്ടമാണ് ഈ കരാര്‍. ഭാരതത്തിന്റെ സാമ്പത്തിക രംഗത്തെ വര്‍ദ്ധിച്ചുവരുന്ന ക്രയശേഷി മുതലാക്കാന്‍ മറ്റ് വന്‍ സാമ്പത്തിക ശക്തികളും ഇനി മുന്നോട്ടു വരും എന്നതാണ് ഈ കരാറിന്റെ ഫലശ്രുതി. അമേരിക്കയുടെ തിട്ടൂരങ്ങളെ കൂസാക്കാതെ റഷ്യയില്‍ നിന്ന് ഭാരതം വന്‍തോതില്‍ ക്രൂഡോയില്‍ വില കുറച്ച് വാങ്ങി ശുദ്ധീകരിച്ച് ലോകമാര്‍ക്കറ്റില്‍ വിറ്റഴിക്കുന്നത് നവഭാരതത്തിന്റെ താന്‍പോരിമയുടെ നിദര്‍ശനമാണ്. തീരുവ വലിയ തോതില്‍ വര്‍ദ്ധിപ്പിച്ചും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും അമേരിക്ക മറ്റ് രാജ്യങ്ങളെ തങ്ങളുടെ വഴിക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഇക്കാലത്ത് ഭാരതവും ബ്രിട്ടനും എത്തിച്ചേര്‍ന്ന സ്വതന്ത്രവ്യാപാരക്കരാര്‍ നയതന്ത്ര രംഗത്തും അമേരിക്കന്‍ അപ്രമാദിത്യത്തിനേറ്റ തിരിച്ചടിയാണ്.
തീരുവയില്‍ വരുത്തുന്ന വലിയ ഇളവുകള്‍ ഇരു രാജ്യങ്ങള്‍ക്കിടയിലുമുള്ള കയറ്റുമതി ഇറക്കുമതി പ്രക്രിയയില്‍ വലിയ വര്‍ദ്ധനവുണ്ടാക്കും. ഇത് ഇരു രാജ്യങ്ങള്‍ക്കും വലിയ സാമ്പത്തിക വളര്‍ച്ച നേടികൊടുക്കും. പ്രത്യേകിച്ച് സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ബ്രിട്ടന് ഇതുണ്ടാക്കുന്ന ഉണര്‍വ് ചെറുതല്ല. ഭാരതത്തില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ ബ്രിട്ടനിലെ ഇറക്കുമതി ചുങ്കം കുറയുമ്പോള്‍ ഇവിടെ നിന്നുള്ള കയറ്റുമതി വര്‍ദ്ധിക്കും. ഇത് ഇന്നാട്ടിലെ നിര്‍മ്മാണമേഖലയെ സജീവമാക്കുകയും തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഭാരതം കയറ്റുമതി ചെയ്തിരുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 4% മുതല്‍ 16% വരെയാണ് നാളിതുവരെ ബ്രിട്ടണ്‍ തീരുവ ചുമത്തിയിരുന്നത്. എന്നാല്‍ ഇനി മുതല്‍ 99% ഉല്‍പ്പന്നങ്ങളും തീരുവ രഹിതമായി ബ്രിട്ടീഷ് കമ്പോളത്തില്‍ വിറ്റഴിക്കാന്‍ കഴിയും. ഇത് ഭാരതത്തിന്റെ സാമ്പത്തിക രംഗത്തിന് വലിയ ഉണര്‍വ് പകരും. ഭാരതത്തില്‍ നിന്നുള്ള കാപ്പി, തേയില, ചെരുപ്പ്, രത്‌നങ്ങള്‍, ആഭരണങ്ങള്‍, വാഹന ഘടകങ്ങള്‍, സമുദ്രോത്പന്നങ്ങള്‍, സുഗന്ധവ്യഞ്ജനം എന്നിവയ്ക്ക് ബ്രിട്ടീഷ് കമ്പോളത്തില്‍ പൂര്‍ണ്ണമായി നികുതി ഒഴിവാകും. ബ്രിട്ടീഷ് ഉത്പന്നങ്ങളുടെ ശരാശരി നികുതി കരാറിലെത്തുന്നതിനു മുമ്പ് 15% ആയിരുന്നെങ്കില്‍ ഇനിയത് 3% മാത്രമായിരിക്കും.
ലോകത്തിലെ വാഹന വിപണിയില്‍ ഏറ്റവും സാധ്യത ഉള്ള കമ്പോളമാണ് ഭാരതത്തിന്റേത്. ലോകമാര്‍ക്കറ്റിലിറങ്ങുന്ന ഏത് ആഢംബര വാഹനവും ആദ്യം വിപണനം ചെയ്യപ്പെടുന്ന ക്രയശേഷി കൂടിയ കമ്പോളമാണ് നമ്മുടേത്. ഇനി മുതല്‍ ബ്രിട്ടീഷ് നിര്‍മ്മിത ആഢംബര വാഹനങ്ങളുടെ ഭാരതത്തിലെ വിലയില്‍ വന്‍ കുറവ് അനുഭവപ്പെടും. മുമ്പ് ഈ രംഗത്ത് നാം ഏര്‍പ്പെടുത്തിയിരുന്ന നൂറു ശതമാനം തീരുവ പത്തു ശതമാനമായി കുറച്ചിരിക്കുകയാണ്. ഇതിനു ബദലായി ഭാരതത്തിന്റെ ഇലക്ട്രിക്, ഹൈബ്രിഡ് വാഹന നിര്‍മ്മാതാക്കള്‍ക്ക് ബ്രിട്ടീഷ് കമ്പോളത്തിലേയ്ക്ക് നിര്‍ബാധം പ്രവേശനം ലഭിക്കുകയാണ്. ഇതോടെ അറുപതിനായിരത്തിനുമേല്‍ ഭാരതീയ സാങ്കേതിക വിദഗ്ദ്ധര്‍ക്ക് ബ്രിട്ടനില്‍ തൊഴില്‍ സാധ്യത ഉണ്ടാവുകയാണ്. സ്വതന്ത്രവ്യാപാരക്കരാര്‍ ഭാരതത്തിന്റെ കാര്‍ഷിക മേഖലയെ പ്രതികൂലമായി ബാധിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയില്‍ ക്ഷീരോത്പന്നങ്ങള്‍, ആപ്പിള്‍, ഓട്‌സ്, ഭക്ഷ്യ എണ്ണകള്‍ എന്നിവയൊന്നും നാം കരാറിന്റെ പരിധിയില്‍ പെടുത്തിയിട്ടില്ല. സര്‍വ്വോപരി ഈ കരാറിന്റെ സൗകര്യത്തില്‍ ആറ് ബ്രിട്ടീഷ് സര്‍വ്വകലാശാലകള്‍ ഭാരതത്തില്‍ അവരുടെ ക്യാമ്പസുകള്‍ തുറക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ്. ബ്രിട്ടനിലേക്കുള്ള ഭാരതീയ വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് തടയാനും അതിലൂടെ ഉണ്ടാകുന്ന സാമ്പത്തിക ചോര്‍ച്ച തടയാനും ഇതിലൂടെ കഴിയും. എന്തായാലും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സ്വതന്ത്രവ്യാപാരക്കരാര്‍ വികസനത്തിന്റെ നവ സരണികള്‍ വെട്ടിത്തുറക്കുമെന്ന കാര്യത്തില്‍ സംശയമില്ല.





















