- ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
- ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
- രുചിയുള്ള വീട് (ഹാറ്റാചുപ്പായുടെ മായാലോകം 3)
- കടലാസിലെ കഥ (ഹാറ്റാചുപ്പായുടെ മായാലോകം 14)
- എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
- മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
- പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)
”മക്കളേ, നല്ല മഴയും കാറ്റുമുണ്ടാകാന്‍ സാധ്യതയുണ്ട്. വീട്ടിലെത്തണ്ടേ അതിനു മുന്‍പ്? ഇല്ലെങ്കില്‍ പേടിക്കില്ലേ വീട്ടിലുള്ളവര്?” മമ്മ കുട്ടിക്കൂട്ടത്തോടു ചോദിച്ചു.
ഇവാനാ അത് കേട്ടതും ചാടിയിറങ്ങി മുറ്റത്തേയ്ക്ക് കൂടെ ജാന്‍വിയും. ആരവ് പറഞ്ഞു: ”എന്നാല്‍ നമ്മക്കെല്ലാര്‍ക്കും പോകാം. എന്നിട്ട് നാളെ വരുമ്പോ മമ്മ ഈ ചെമ്പരുന്തിന്റെ കഥ പറഞ്ഞു തരണം.”
”പിന്നെന്താ കുട്ടാ, ഏതു കഥവേണമെങ്കിലും പറഞ്ഞു തരാലോ… വാ, ഞാന്‍ നിങ്ങളെ അരിപ്പൂമുക്കിലെത്തിക്കാം. അതിനടുത്താണല്ലോ നിങ്ങളെല്ലാവരുടേം വീട്.”
മമ്മ ജീപ്പ് സ്റ്റാര്‍ട്ട് ചെയ്തു. കുട്ടിസംഘക്കാരതില്‍ കയറിയിരുന്നു. കുരങ്ങന്മാര്‍ രക്ഷിച്ചതും ഭീമന്‍ പെരുമ്പാമ്പിനെക്കണ്ടതും കൂര്‍ത്ത കൊക്കുള്ള വലിയ ചെമ്പരുന്ത് മുയല്‍ക്കുഞ്ഞിനെപ്പോലെ പാവത്താനായി തൊടാനും തലോടാനുമൊക്കെ ഇരുന്നു കൊടുത്തതുമൊക്കെയായിരുന്നു, അപ്പോഴും അവരോരോരുത്തരുടേയും മനസ്സില്‍.
എന്നാലും ആ ചെമ്പരുന്ത് കൊണ്ടുവന്ന കടലാസ് ചുരുളിലെന്തായിരിക്കുമുള്ളത്? മമ്മ തിരിച്ചു കൊടുത്തയച്ച കടലാസ് ചുരുള്‍ ആര്‍ക്കുള്ളതായിരിക്കും? പഴയ കാലത്തെ രാജാക്കന്മാരും മറ്റും പ്രാവുകളെ ദൂതന്മാരും സന്ദേശങ്ങള്‍ കൈമാറുന്നവരുമൊക്കെയായി ഉപയോഗിച്ചിരുന്നുവെന്ന് കേട്ടിട്ടുണ്ട്. പക്ഷേ ഇക്കാലത്തെന്തിനാണങ്ങനെ ചെയ്യുന്നത്? വാട്‌സാപ്പും ഇന്‍സ്റ്റാഗ്രാമും ടെലഗ്രാമും പിന്നെയെന്തെല്ലാമുണ്ട് പരസ്പരം വിവരങ്ങളറിയിക്കാന്‍?
അതൊക്കെയായിരുന്നു ആരവിന്റെ സംശയങ്ങള്‍ ഇതേ സംശയങ്ങള്‍ തന്നെ മറ്റു കുട്ടികളേയും അലട്ടിക്കൊണ്ടിരുന്നു.
ജീപ്പ് അരിപ്പൂമുക്കിലെത്തി. കുട്ടികളെല്ലാവരും ദേവേശിയോടും മമ്മയോടും ബൈ പറഞ്ഞിറങ്ങി. മമ്മ ജീപ്പു തിരിച്ചു. ഇപ്പോള്‍ ദേവേശിയും മമ്മയും മാത്രം. മമ്മയും ദേവേശിയും വീട്ടിലെത്തിയതിനുശേഷമാണ് മഴ തുടങ്ങിയത്. വെറും മഴയല്ല. ഭയങ്കരമായ മഴ. മുറ്റത്തു മുഴുവനും വെള്ളപ്പൊക്കമായി. മഴയ്‌ക്കൊപ്പമുള്ള കൊടുങ്കാറ്റില്‍ മരച്ചില്ലകളാടിയുലഞ്ഞു. ചില മരക്കൊമ്പുകളൊടിഞ്ഞു വീണു. ഇടയ്ക്കിടെയുള്ള മിന്നലിലാണ് അതൊക്കെ കാണാന്‍ പോലും കഴിയുന്നത്. അല്ലെങ്കിലോ? ചുറ്റും കൂരിരുട്ടു തന്നെ!
”മമ്മാ, ആ പരുന്തിപ്പോ അവിടെയെത്തിയിട്ടുണ്ടാവുമോ? ഇല്ലെങ്കില് ഇരുട്ടത്ത് കണ്ണുകാണാതെ പാവം വിഷമിക്കില്ലേ?”
കുറേ നേരമായി മനസ്സിനെ അലട്ടിക്കൊണ്ടിരുന്ന ഒരു ചോദ്യമാണ് ദേവേശി ചോദിച്ചത്. അതു കേട്ടപ്പോള്‍ മമ്മയവളെ നെഞ്ചോടു ചേര്‍ത്തു പിടിച്ചിട്ടു പറഞ്ഞു.
”നല്ല കുട്ടി! മമ്മേടെ ദേവേശി ഓര്‍ത്തല്ലോ ആ പരുന്തിനെപ്പറ്റി… അങ്ങനെ വേണം മുത്തേ… എല്ലാ ജീവികളോടും കനിവുണ്ടാകണം” ഒന്നു നിര്‍ത്തിയിട്ട് മമ്മ തുടര്‍ന്നു.
”സമ്പാതി ഇപ്പോ അവിടെയെത്തിയിട്ടുണ്ട്. നല്ല വേഗത്തില്‍ പറക്കാനവറിയാം” പിന്നെ ദാ ഇപ്പോ നമ്മടെ വൈയ്‌ക്കോല്‍ പ്പെരേലോട്ടു നോക്ക്യാല്‍ ന്റെ ദേവൂട്ടനൊരു കാഴ്ച കാണാം. വാ” എന്നു പറഞ്ഞിട്ട് മമ്മ വരാന്തയിലൂടെ നടന്ന് വൈയ്‌ക്കോല്‍പ്പുരയ്ക്കടുത്തെത്തി – ദേവേശിയുടെ കൈ പിടിച്ചുകൊണ്ട്.
നല്ല കാഴ്ച തന്നെ! വാനരപ്പട മുഴുവനുമുണ്ടവിടെ! വൈയ്‌ക്കോല്‍ക്കൂനയില്‍ കുത്തിമറിഞ്ഞു കളിക്കുകയാണ് ചിലര്‍. മറ്റു ചിലര്‍ കൂനിക്കൂടിയിരിക്കുന്നു. ചിലരാണെങ്കിലോ? നല്ല ഉറക്കത്തിലും! ”മഴ നനയാതിരിക്കാനാ ഇവരീ വൈയ്‌ക്കോല്‍പ്പെരേലിരിക്കുന്നത്” മമ്മ പറഞ്ഞു.
”മമ്മാ, ചെമ്പരുന്ത് കൊണ്ട്വന്ന കടലാസെന്തുവാ?” ദേവേശി മമ്മയുടെ മടിയിലിരുന്നുകൊണ്ടാണത് ചോദിച്ചത്. മമ്മ അവളുടെ നെറ്റിയിലുമ്മവെച്ചിട്ടു പറഞ്ഞു ”മമ്മന്റെ കുട്ടനു പറഞ്ഞു തരാം. ആ കഥയെല്ലാം. ഇപ്പോ നമ്മക്ക് മേലു കഴുകി വിളക്കു കൊളുത്തി നാമം ജപിക്കാം, എന്താ?” കഥ കേള്‍ക്കാന്‍ ധൃതിയുണ്ടായിരുന്നെങ്കിലും ദേവു, മമ്മ പറഞ്ഞതനുസരിക്കാന്‍ തയ്യാറായി – ഇപ്പോഴവള്‍ക്ക് നാമം ജപിക്കാന്‍ ഇഷ്ടമായിരിക്കുന്നു!