- ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
- ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
- രുചിയുള്ള വീട് (ഹാറ്റാചുപ്പായുടെ മായാലോകം 3)
- മടക്കം മറുപടിയുമായി (ഹാറ്റാചുപ്പായുടെ മായാലോകം 13)
- എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
- മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
- പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)
ദേവേശിയുടെ കണ്ണുകളിലെ ആശ്ചര്യം കണ്ടാണ് മമ്മ തിരിഞ്ഞു നോക്കിയത്. അരത്തൂണിലെ താമരപ്പൂവിലിരുന്ന് തന്നെ നോക്കുന്ന ചെമ്പരുന്തിനെക്കണ്ടതും, മമ്മ പുഞ്ചിരിയോടെ എഴുന്നല്‍ക്കുന്നതിനിടയില്‍ പറഞ്ഞു:
‘ഓ സമ്പാതി വന്നോ?’
മമ്മയടുത്തു ചെന്ന് ചെമ്പരുന്തിന്റെ തലയിലും ചിറകുകളിലും തലോടി. പതുക്കെ കാലില്‍ ചുറ്റിയിരുന്ന നൂലഴിച്ച് കടലാസുചുരുള്‍ കെട്ടഴിച്ചെടുത്തു. ”ഞാനിപ്പോ വരാം” എന്ന് കുട്ടികളോട് പറഞ്ഞിട്ട് കടലാസുമായി മമ്മ അകത്തേയ്ക്കു പോയി. കുട്ടികള്‍ പതുക്കെ, പമ്മിപ്പതുങ്ങി ചെമ്പരുന്തിന്റെയടുത്തേയ്ക്ക് ചെന്നു. ഇവാനാ അതിനെ തൊടാന്‍ കൈനീട്ടിയപ്പോള്‍ ദര്‍പ്പണ പറഞ്ഞു:
”അതു കൊത്തും. കണ്ടില്ലേ കൂര്‍ത്ത ചുണ്ട്.” അതു കേട്ട ചെമ്പരുന്ത് പിടക്കോഴി മുട്ടകള്‍ക്കു മേല്‍ അടയിരിക്കുന്നതുപോലെ തൂണിന്മേല്‍ പതുങ്ങിയിരുന്നു എന്നു മാത്രമല്ല, പൂച്ചകള്‍ക്ക് സന്തോഷമുണ്ടാകുമ്പോള്‍ പുറപ്പെടുവിക്കുന്ന തരത്തിലുള്ള ”പര്‍ര്‍… പര്‍ര്‍….” എന്ന കുറുകല്‍ ശബ്ദമുണ്ടാക്കാനും തുടങ്ങി! അതു കണ്ട ആരവ് പ്രഖ്യാപിച്ചു:
”നമുക്കിതിനെ വേണമെങ്കില്‍ തൊടാം, കണ്ടില്ലേ അതു നമ്മുടെ മുഖത്തു നോക്കി കുറുകുന്നത്?”
”ശര്യാ… ഞാന്തൊടാം ആദ്യം” എന്നു പറഞ്ഞു തീരുംമുന്‍പ് ജാന്‍വി അതിന്റെ തലയില്‍ തൊട്ടു! കൂര്‍ത്തു വളഞ്ഞ, ബലമുള്ള കൊക്കും വലിയ ചെറുചുവപ്പന്‍ ചിറകുകളുമുള്ള ആ പക്ഷി അപ്പോള്‍ അനങ്ങാതിരുന്നതേയുള്ളൂ!
പിന്നെ എല്ലാവരും ചേര്‍ന്ന് ചെമ്പരുന്തിന്റെ ദേഹമാസകലം തൊട്ടുതലോടാനും തഴുകാനുമൊക്കെത്തുടങ്ങി. അത് മുഴുവന്‍ സമയവും ഒരു മുയല്‍ക്കുഞ്ഞിനെപ്പോലെ സൗമ്യനായിരുന്നതേയുള്ളൂ! അപ്പോഴേയ്ക്കും മമ്മ ഒരു പാത്രത്തില്‍ എന്തൊക്കെയോ ആഹാര സാധനങ്ങളുമായെത്തി. മണ്‍കോപ്പയില്‍ വെള്ളവുമുണ്ട്. വിശന്നാണിരുന്നതെന്നു തോന്നി, ആര്‍ത്തിയോടെ അത് ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോള്‍!
മമ്മ ഒരു കടലാസ് ചുരുള്‍ സ്വര്‍ണ്ണനിറമുള്ള നൂലില്‍ കെട്ടി, നൂല്‍ ചെമ്പരുന്തിന്റെ കാലില്‍ ചുറ്റുന്നത് കണ്ട്, കണ്ണുമിഴിച്ചു നിന്നുപോയി കുട്ടികളേഴു പേരും!
ദല്‍ബീറാണ് ആദ്യം ചോദിച്ചത് ”മമ്മാ, ഇതെന്തായീ ചെയ്യുന്നേ? എന്തിനായീ കടലാസ് പരുന്തിന്റെ കാലേല് കെട്ടുന്നത്?” തൊട്ടുപിന്നാലെ ഫര്‍ഹാന്‍ ചോദിച്ചു: ”മമ്മേ ഈ കടലാസിലെന്തുവാ?” പിന്നെ ചോദ്യങ്ങളുടെ ബഹളമായിരുന്നു. ദര്‍പ്പണയും ജാന്‍വിയും ഇവാനയുമൊക്കെ ഓരോരോ സംശയങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നെങ്കിലും ദേവേശി മാത്രം ഒന്നും ചോദിച്ചില്ല. തന്റെ മമ്മയ്ക്ക് എന്തൊക്കെയോ അദ്ഭുതകരമായ കഴിവുകളുണ്ടെന്നവള്‍ക്കു മനസ്സിലായി. കൂട്ടുകാരൊക്കെ പോയിക്കഴിഞ്ഞിട്ട് താനും മമ്മയും മാത്രമാകുമ്പോള്‍ ചോദിച്ചറിയണമെന്നവള്‍ തീരുമാനിച്ചു.
മമ്മ പതിയെ പരുന്തിനെ തന്റെ കൈകളിലെടുത്ത് കവിളില്‍ ചേര്‍ത്തൊരുമ്മ കൊടുത്തിട്ടു പറഞ്ഞു.
”സമ്പാതീ, ഇനി നീ വേഗം പൊയ്‌ക്കോ. നല്ല മഴ വരുന്നുണ്ട്. അതിനുമുന്‍പ് അങ്ങെത്തണം. ഈയിടെയായി നിനക്കു കാഴ്ചയിത്തിരി കുറുവള്ളതുകൊണ്ട് മഴയ്ക്കുമുന്‍പ് തന്നെ ആദിക്കുടിയിലെത്തണം, കേട്ടോ”.
ചെമ്പരുന്ത് മമ്മയുടെ കൈവെള്ളയില്‍ സ്‌നേഹ പ്രകടനമന്നോണം തന്റെ കൊക്കുരുമ്മിയതിനുശേഷം, കുട്ടികളെ എല്ലാവരേയുമൊന്നു നോക്കി.
പിന്നെ, വിശാലമായ ആകാശത്തിനു നേരേ കുതിച്ചുയര്‍ന്നു – ഭംഗിയുള്ള ചുവപ്പന്‍ ചിറകുകള്‍ വിതിര്‍ത്തുകൊണ്ട്.