അതിര്‍ത്തി സംഘര്‍ഷങ്ങള്‍ പലപ്പോഴും രാഷ്ട്രങ്ങളെ സംബന്ധിച്ച് ഒരു പരീക്ഷണകാലം കൂടിയാണ്. അതിലൂടെ ആഭ്യന്തര സുരക്ഷയുടെയും ആയുധശക്തിയുടെയും മാറ്റുരയ്ക്കപ്പെടുകയും രാഷ്ട്രത്തിന്റെ ബന്ധുവിനെയും ശത്രുവിനെയും വ്യക്തമായി തിരിച്ചറിയാന്‍ അവസരമൊരുങ്ങുകയും ചെയ്യും. അങ്ങനെ നോക്കുമ്പോള്‍ പാക് ഭീകരതയ്‌ക്കെതിരെ ഭാരതം നടത്തിയ വിജയകരമായ ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ണായകമായ നിരവധി പാഠങ്ങളാണ് പകര്‍ന്നുനല്‍കുന്നത്.
നിരപരാധികളും നിരായുധരുമായ ഭാരത പൗരന്മാര്‍ക്കെതിരെ പഹല്‍ഗാമില്‍ പാകിസ്ഥാന്റെ രക്ഷാകര്‍തൃത്വത്തോടെ നടന്ന ഭീകരാക്രമണത്തിന്പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും പ്രധാനപ്പെട്ട ഒന്‍പതിടങ്ങളിലെ ഭീകരകേന്ദ്രങ്ങളില്‍ മേയ് 7 പുലര്‍ച്ചെ 1.44ന് ഭാരതത്തിന്റെ കര, നാവിക, വ്യോമ സേനകള്‍ സംയുക്തമായി നടത്തിയ തിരിച്ചടി ഭാരതത്തിന്റെ സ്വാഭിമാനവും സിംഹപരാക്രമവും വിളംബരം ചെയ്യുന്നതായിരുന്നു. ഭാരതത്തിന്റെ ശക്തിയും നയവും ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ അഭിവ്യക്തമാക്കിയ നടപടിയാണ് ഓപ്പറേഷന്‍ സിന്ദൂറിലൂടെ കേന്ദ്ര സര്‍ക്കാരും സൈന്യവും പ്രകടമാക്കിയത്. സങ്കേതികവിദ്യയിലും സായുധശക്തിയിലും ഭാരതം ആര്‍ജ്ജിച്ച ആത്മനിര്‍ഭരതയുടെയും ആത്മവിശ്വാസത്തിന്റെയും പൂര്‍ണ്ണമായ പ്രതിഫലനവും പ്രയോഗസാമര്‍ത്ഥ്യവും അതില്‍ അടങ്ങിയിട്ടുണ്ട്. അതോടൊപ്പം ലോകരാജ്യങ്ങളുടെ സൈനിക തന്ത്രങ്ങളിലും സഖ്യസമവാക്യങ്ങളിലും ദിശാസൂചകമായ മാറ്റത്തിനും ഇത് കാരണമായേക്കാം.
നയതന്ത്രവും സൈനിക നീക്കവും സമന്വയിപ്പിച്ചുകൊണ്ടുള്ള സമീപനമാണ് പാക് ഭീകരതയ്‌ക്കെതിരെ ഭാരതം സ്വീകരിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം നയതന്ത്ര തലത്തിലെ ശക്തമായ നടപടികളിലൂടെയാണ് ഭാരതം ആദ്യം മറുപടി നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ വെച്ച് സുപ്രധാന തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു. അട്ടാരി അതിര്‍ത്തി അടയ്ക്കുകയും പാക് പൗരന്‍മാര്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തുകയും നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കുകയും ചെയ്തതോടൊപ്പം പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാറും മരവിപ്പിച്ചു. വിദേശകാര്യ വകുപ്പ് മന്ത്രി എസ്. ജയശങ്കര്‍ വിദേശ രാജ്യ പ്രതിനിധികളെ ബന്ധപ്പെട്ട് സംഭവത്തിന്റെ ഗൗരവം വിശദീകരിച്ചു. കൂടാതെ ഭീകരകേന്ദ്രങ്ങള്‍ തിരഞ്ഞുപിടിച്ച് ആക്രമിക്കുമെന്ന വ്യക്തമായ സൂചനയും ഭാരതം പാകിസ്ഥാന് നല്‍കി. ഇതിന്റെ തുടര്‍ച്ചയെന്നോണം സൈന്യത്തിന് തിരിച്ചടിക്കാനുള്ള സമ്പൂര്‍ണ സ്വാതന്ത്ര്യവും നല്‍കി.
ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഭാരതത്തിന്റെ സാങ്കേതിക സൈനിക മേഖലയിലെ സ്വാധീനശക്തി ലോകസമക്ഷം അവതരിപ്പിക്കപ്പെട്ടു. അതോടൊപ്പം പാകിസ്ഥാന്റെ പ്രതിരോധ സംവിധാനങ്ങളുടെ പരാജയം ഒരിക്കല്‍ക്കൂടി വ്യക്തമാകുകയും ചെയ്തു. റഷ്യന്‍ എസ്- 400 നെ മറികടന്ന ഉക്രൈന്റെ വ്യോമാക്രമണ ശൈലി പാകിസ്ഥാന്‍ പരീക്ഷിച്ചുവെങ്കിലും ഭാരതത്തിന്റെ ഏകീകൃത വ്യോമപ്രതിരോധ സംവിധാനം ഇതിനെ മറികടക്കുന്നതില്‍ വന്‍തോതില്‍ വിജയിച്ചു. ഭാരതം ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതി വഴി തദ്ദേശീയമായി നിര്‍മ്മിച്ച പ്രതിരോധം സംവിധാനങ്ങളും കൃത്യമായി പ്രവര്‍ത്തിച്ചു. സ്വന്തം ആയുധങ്ങള്‍ സമര്‍ത്ഥമായി ഉപയോഗിക്കാനും ഒപ്പം മറ്റ് ആയുധങ്ങളെ കാര്യക്ഷമമായി കൂട്ടിച്ചേര്‍ത്തുകൊണ്ട് പുതിയൊരു ആക്രമണ ശൈലി ആവിഷ്‌കരിക്കാനും ഭാരതത്തിന് കഴിഞ്ഞു. അതോടൊപ്പം ചൈനയുടെ പിഎല്‍ 15 എന്ന റോക്കറ്റിന്റെ പരാജയവും ഇവിടെ വ്യാപകമായ ചര്‍ച്ചയ്ക്ക് വിധേയമായിരിക്കുകയാണ്. ഭാരതത്തിന്റെ ആകാശ് മിസൈലുകളാണ് ചൈനയുടെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട പിഎല്‍ 15 എന്ന റോക്കറ്റുകളെ തകര്‍ത്തെറിഞ്ഞത്. അതുപോലെ തന്നെ ചൈനീസ് നിര്‍മ്മിതമായ ഡ്രോണുകളെ ആകാശ് മിസൈലും ഡിആര്‍ഡിഒ നിര്‍മ്മിച്ച ഡ്രോണ്‍ വിരുദ്ധ സംവിധാനവും ഉപയോഗിച്ച് നിര്‍വീര്യമാക്കി. ഭാരതം സ്വന്തമായി നിര്‍മ്മിക്കുന്ന ആയുധങ്ങള്‍ക്ക് ആയുധവിപണിയില്‍ ആവശ്യക്കാരെ സൃഷ്ടിക്കാനും ചൈനീസ് ആയുധങ്ങളുടെ വിലയിടിയാനും ഓപ്പറേഷന്‍ സിന്ദൂര്‍ സഹായിച്ചേക്കാം. പാകിസ്ഥാന് പരസ്യമായും രഹസ്യമായും പിന്തുണയും പ്രോത്സാഹനവും നല്‍കുന്നവരുടെ ശക്തിയും ദൗര്‍ബല്യവും കൂടി ഇവിടെ വെളിവാക്കപ്പെട്ടിരിക്കുകയാണ്. ചൈന കഴിഞ്ഞാല്‍ പാകിസ്ഥാന്റെ ഏറ്റവും വലിയ ആയുധവിതരണക്കാരാണ് തുര്‍ക്കി. പശ്ചിമേഷ്യയില്‍ നിന്ന് ഓപ്പറേഷന്‍ സിന്ദൂറിനെ അപലപിച്ച ഒരേയൊരു രാജ്യവുമാണത്. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഭാരതം നടത്തിയ വ്യോമാക്രമണത്തില്‍ തുര്‍ക്കി നിര്‍മ്മിതമായ മുന്നൂറിലധികം പാക് ഡ്രോണുകളാണ് നാമാവശേഷമായത്. സൗദിയുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കാനും തുര്‍ക്കിയോട് തന്ത്രപരമായ അകലം പാലിക്കാനുമുള്ള പരിശ്രമങ്ങള്‍ക്ക് ഭാരതം വരുംനാളുകളില്‍ തുടക്കം കുറിച്ചേക്കാം. ഭാരതത്തിന്റെ ആദ്യത്തെ തിരിച്ചടിക്ക് ശേഷം സൗദിയിലെ വിദേശകാര്യസഹമന്ത്രിയുടെ അപ്രതീക്ഷിതമായ ദല്‍ഹി സന്ദര്‍ശനം ഇതിന്റെ സൂചനയാണ്.
ഓപ്പറേഷന്‍ സിന്ദൂറില്‍ ഭാരതം നേടിയ വിജയം രാജ്യത്തെ സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നാണ് വെടിനിര്‍ത്തല്‍ തീരുമാനത്തെ തുടര്‍ന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. സൈനിക നടപടിയെ കുറിച്ച് ലോകത്തോട് പറയാന്‍ ഭാരതം നിയോഗിച്ചത് കേണല്‍ സോഫിയ ഖുറേഷി, വിങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നീ വനിതകളെയാണെന്നതും ശ്രദ്ധേയമാണ്. ഭാരതത്തിന്റെ സേനകള്‍ പോര്‍മുഖത്ത് അസാമാന്യ ധൈര്യവും, പരാക്രമവും കാഴ്ചവച്ചുവെന്ന് പ്രശംസിച്ച പ്രധാനമന്ത്രി വെള്ളവും, രക്തവും ഒന്നിച്ചൊഴുകില്ലെന്നും ചൂണ്ടിക്കാട്ടി. ഇനി പാകിസ്ഥാനുമായി ചര്‍ച്ച നടന്നാല്‍ അത് ഭീകരവാദത്തെയും പാക് അധീന കാശ്മീരിനെയും കുറിച്ച് മാത്രമായിരിക്കും. ഭീകരര്‍ നമ്മുടെ പെണ്‍കുട്ടികളുടെ സിന്ദൂരം മായ്ച്ചു. നമ്മള്‍ അവരെ ഭൂമുഖത്ത് നിന്ന് മായ്ച്ച് കളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ചുരുക്കത്തില്‍, ഓപ്പറേഷന്‍ സിന്ദൂര്‍ ലോകരാജ്യങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം സുവ്യക്തമാണ്. ഭാരതത്തിന്റെ സ്വാഭിമാനവും സൈനിക ശക്തിയും സംവേദനം ചെയ്തുകൊണ്ട് സപ്തസാഗരങ്ങള്‍ കടന്ന സിന്ദൂരശക്തിയുടെ വിളംബരമാണ് അതിലൂടെ പ്രകടമായിരിക്കുന്നത്.