ഏപ്രില്‍ എട്ടാം തീയതിയിലെ സുപ്രീം കോടതി വിധി തമിഴ്‌നാട്ടിലെയും കേരളത്തിലെയും ബിജെപി ഒഴികെയുള്ള രാഷ്ട്രീയ കക്ഷികളെ ആഹ്ലാദഭരിതരാക്കിയിരിക്കുകയാണ്. തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവി തടഞ്ഞുവെച്ച പത്തു ബില്ലുകള്‍ക്ക് സുപ്രീംകോടതി ന്യായാധിപരായ ജെ.ബി.പര്‍ദ്ദിവാല, ആര്‍.മഹാദേവന്‍ തുടങ്ങിയവരുടെ ബെഞ്ച് നിയമസാധുത നല്‍കി.
ഭരണഘടന രക്ഷിക്കപ്പെട്ടു, ഫെഡറലിസം ശക്തമായി എന്നൊക്കെയായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ പ്രതികരണം. പ്രസ്തുത വിധി കേരളത്തിനും ബാധകമാണെന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നു. തമിഴ്‌നാട് നിയമസഭ പാസ്സാക്കിയ പത്തോളം ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാതെ ഗവര്‍ണര്‍ ആര്‍.എന്‍.രവി തടഞ്ഞുവെച്ചുവെന്നും, അതില്‍ ചില ബില്ലുകള്‍ രാഷ്ട്രപതിയുടെ അഭിപ്രായത്തിനായി അയച്ചു എന്നുമാണ് ആരോപണം. സംസ്ഥാനത്തെ സര്‍വകലാശാലകളിലെ ചാന്‍സലര്‍ പദവി ഗവര്‍ണറില്‍ നിന്നും എടുത്തുമാറ്റി മുഖ്യമന്ത്രിയെ തല്‍സ്ഥാനത്തു പ്രതിഷ്ഠിക്കുക, മെഡിക്കല്‍ കോളേജ് പ്രവേശന പരീക്ഷയായ നീറ്റ് (NEET) തമിഴ്‌നാട്ടില്‍ റദ്ദാക്കണം എന്നിവയാണ് തടഞ്ഞുവെച്ചതോ, രാഷ്ട്രപതിക്ക് അയച്ചതോ ആയ ബില്ലുകളുടെ ഉള്ളടക്കം. പ്രസ്തുത ബില്ലുകള്‍ തമിഴ്‌നാട്ടില്‍ നിയമം ആകുന്നതോടെ പിണറായി വിജയന്‍ ആകും കേരളത്തിലെ സര്‍വകലാശാലകളിലെ ചാന്‍സലര്‍. ഇതിന്റെ പ്രത്യാഘാതങ്ങള്‍ വലുതായിരിക്കും.
സംസ്ഥാനത്തെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതിന് ഭരണകക്ഷി ഈടാക്കുന്നത് നാല്‍പ്പതു കോടി രൂപ മുതല്‍ അമ്പതു കോടി രൂപവരെയാണ് എന്ന് പറഞ്ഞത് മുന്‍ തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരി ലാല്‍ പുരോഹിത്താണ്.വൈസ് ചാന്‍സലര്‍മാരെ നിയമിക്കുക ചാന്‍സലര്‍ കൂടിയായ ഗവര്‍ണറാണ്. തനിക്കു മാത്രം അര്‍ഹഹപ്പെട അധികാരത്തില്‍ ഗവര്‍ണര്‍ കൈ കടത്തുന്നത് സ്റ്റാലിന് സഹിക്കുമോ? നാല് കാശു കിട്ടുന്ന ഒരു പരിപാടിയിലും മറ്റുള്ളവര്‍ ഇടപെടുന്നത് കരുണാനിധി കുടുംബം സമ്മതിക്കില്ല. കരുണാനിധി മുഖ്യമന്ത്രി ആയിരുന്നപ്പോളാണ്, ഉന്നത വിദ്യാഭ്യാസമേഖലയില്‍ ‘വിപ്ലവകരമായ നവോത്ഥാനങ്ങള്‍ക്കു’ തുടക്കം കുറിച്ചത്. സംസ്ഥാനത്തെ അണ്ണാ സര്‍വ്വകലാശാലയെ നാലു സര്‍വ്വകലാശാലകളായി വിഭജിച്ചു. അണ്ണാ സര്‍വകലാശാല ചെന്നൈ, തൃശ്ശിനാപ്പള്ളി. മധുരൈ, കോയമ്പത്തൂര്‍ എന്നിങ്ങനെ. ഭരണനിര്‍വഹണം ആയാസരഹിതമാക്കുന്നതിനായിരുന്നു ഈ നവോത്ഥാനം. യഥാര്‍ത്ഥത്തില്‍ എന്തായിരുന്നു കാരണം? വിദ്യാലയങ്ങളുടെ ഇറയത്തു മഴയില്‍നിന്നു രക്ഷനേടാന്‍ പോലും കയറിയിട്ടില്ല കരുണാനിധി. പക്ഷെ അദ്ദേഹം ‘ദീര്‍ഘ ദൃഷ്ടിയുള്ള മഹാത്മാവ്’ ആയിരുന്നു. അണ്ണാ സര്‍വകലാശാലയില്‍ ഒരു വൈസ് ചാന്‍സലറെ നിയമിക്കുന്നതിന് പകരം, നാലു വൈസ് ചാന്‍സലര്‍മാരെ നിയമിക്കേണ്ടിവന്നു. ആ ഇനത്തില്‍ ഡിഎംകെയുടെ പ്രഥമ കുടുംബത്തിന് ലഭിച്ചുവന്നിരുന്ന വരുമാനത്തില്‍ നാല് മടങ്ങു വര്‍ദ്ധനവ്! 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ തോറ്റു. എഐഎഡിഎംകെ അധികാരത്തില്‍ വന്നു. മുഖ്യമന്ത്രിയായ ജയലളിതയുടെ ആദ്യ നടപടികളില്‍ ഒന്ന്, അണ്ണാ സര്‍വകലാശാലയെ പഴയ രൂപത്തിലാക്കുക എന്നതായിരുന്നു. കാലതാമസം കൂടാതെ അവര്‍ അത് നടപ്പിലാക്കുകയും ചെയ്തു. സുപ്രീം കോടതി വിധിയിലൂടെ വൈസ് ചാന്‍സലര്‍മാരെ നിയമിക്കാനുള്ള അധികാരം ഭരണകക്ഷിയുടെ എല്ലാമെല്ലാമായ സ്റ്റാലിന്‍ അവര്‍കള്‍ക്കും.
വളരെ ഗൗരവമുള്ള പ്രശ്‌നങ്ങളാണ് നിയമസഭ പാസ്സാക്കി ഗവര്‍ണര്‍ക്ക് അയച്ച ബില്ലുകള്‍. തമിഴ്‌നാട് സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കപ്പെടുന്നതോടെ തമിഴ്‌നാട് പ്രത്യേക പദവിയുള്ള സംസ്ഥാനമായി മാറും. മറ്റു സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ നീറ്റ് (NEET) പരീക്ഷ എഴുതിവേണം മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടാന്‍. പക്ഷെ ഈ ബില്ലുകള്‍ക്ക് അംഗീകാരം ലഭിക്കുന്നതോടെ, തമിഴ്‌നാട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ് (NEET) എഴുതാതെതന്നെ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശം ലഭിക്കും. തലവരിപ്പണം അഥവാ ക്യാപ്പിറ്റേഷന്‍ ഫീ എന്ന മാര്‍ഗത്തിലൂടെ. ഒരു എംബിബിഎസ് സീറ്റിനു തമിഴ്‌നാട്ടില്‍ ഒന്നരക്കോടിമുതല്‍ രണ്ടുകോടി രൂപ വരെയാണ് കോളേജ് ഉടമസ്ഥര്‍ ഈടാക്കുന്നത്. കൂടാതെ, സംസ്ഥാന സര്‍വകലാശാലകളില്‍ ചാന്‍സലര്‍മാരെ നിയമിക്കുന്നത് മുഖ്യമന്ത്രിയും.
നിയമസഭ പാസ്സാക്കി അയക്കുന്ന എല്ലാ ബില്ലുകളും ഒപ്പിടുക എന്നതാണ് ഗവര്‍ണറുടെ ജോലി എന്നാണ് സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് പറയുന്നത്. ബില്ല് രാജ്ഭവനിലെത്തി മൂന്നു മാസത്തിനകം ഗവര്‍ണര്‍ ഒപ്പുവെച്ചില്ല എങ്കില്‍ അത് ഒപ്പുവെച്ചതിനു തുല്യമായി കണക്കാക്കാം എന്നാണ് പര്‍ദി വാല, മഹാദേവന്‍ എന്നിവരുടെ വിധി.
പക്ഷെ ഈ വിധിയില്‍ എവിടെയോ എന്തോ ചീഞ്ഞു നാറുന്നില്ലേ? സര്‍ക്കാര്‍ അയക്കുന്ന ബില്ലുകളില്‍ ഒപ്പിടുന്നതു മാത്രമാണോ ഗവര്‍ണറുടെ ചുമതല? സര്‍ക്കാര്‍ അയച്ചുകൊടുത്ത ബില്ല് ദേശീയ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമാണെങ്കില്‍, ഗവര്‍ണര്‍ക്ക് അത് ചൂണ്ടിക്കാട്ടി പ്രസ്തുത ബില്ല് സര്‍ക്കാരിന് തിരിച്ചയക്കാം. ബില്ലില്‍ ഭേദഗതി വരുത്താതെയോ മാറ്റം വരുത്താതെയോ സര്‍ക്കാര്‍ തിരിച്ചയച്ചാല്‍, ഗവര്‍ണ്ണര്‍ക്ക് ഈ ബില്ല് രാഷ്ട്രപതിയുടെ നിര്‍ദ്ദേശത്തിന് അയച്ചുകൊടുക്കാം. അങ്ങനെ അയച്ചുകൊടുക്കുന്ന ബില്ലില്‍ എത്രയും വേഗം നടപടി എടുക്കണമെന്ന് രാഷ്ട്രപതിയോട് ഗവര്‍ണ്ണര്‍ക്ക് ആവശ്യപ്പെടാന്‍ പറ്റുമോ? ഉദാഹരണത്തിന്, ഭാവിയില്‍ ഒരു ദിവസം തമിഴ്‌നാട് നിയമസഭാ ഒരു ബില്ല് പാസാക്കി എന്ന് കരുതുക. ‘തമിഴ്‌നാട് ഇനി മുതല്‍ ഭാരതത്തിന്റെ ഭാഗമല്ല. ഇന്ത്യന്‍ യൂണിയനില്‍ നിന്നും തമിഴ്‌നാട് സ്വാതന്ത്രമായിരിക്കുന്നു. ഇനി മുതല്‍ സ്റ്റാലിനാണ് ഈ രാജ്യത്തിന്റെ ആജീവനാന്ത രാഷ്ട്രപതി. അദ്ദേഹത്തിന് ശേഷം പുത്രന്‍ ഉദയനിധി തല്‍സ്ഥാനത്ത് അവരോധിതനാകും’ ഈ ബില്ല് സ്റ്റാലിന്‍ ഗവര്‍ണര്‍ക്കു അയച്ചുകൊടുക്കുന്നു. പര്‍ദിവാല, മഹാദേവന്‍ എന്നിവരുടെ വിധി അനുസരിച്ചാണെങ്കില്‍ ഗവര്‍ണ്ണര്‍ക്ക് ഈ ബില്ലില്‍ ഒപ്പിടുകമാത്രമേ നിര്‍വാഹമുള്ളൂ.
നിയമവിദ്യാഭ്യാസം തേടി കോളേജുകളില്‍ എത്തുന്ന നിയമ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പ്രഥമ പാഠം ‘നിയമം വ്യഖ്യാനിക്കുകയാണ് സുപ്രീം കോടതിയുടെ ചുമതല. സുപ്രീംകോടതിക്ക് നിയമം നിര്‍മ്മിക്കാന്‍ ഒരു അധികാരവുമില്ല എന്നാണ്.’
പര്‍ദിവാലയും മഹാദേവനും ചെയ്തിരിക്കുന്നത് നിയമനിര്‍മാണമാണ്, വ്യാഖ്യാനിക്കലല്ല. ഭരണഘടനയുടെ ഇരുന്നൂറാം അനുച്ഛേദമാണ് ഗവര്‍ണറുടെ അധികാരങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നത്. മുഖ്യമന്ത്രി പറയുന്ന സ്ഥാനത്തു ഗവര്‍ണര്‍ ഒപ്പിടണം എന്ന് ഈ വകുപ്പിലോ ഭരണഘടനയുടെ മറ്റെവിടെയെങ്കിലുമോ ഒരിടത്തും എഴുതിപ്പിടിപ്പിച്ചിട്ടില്ല. നിയമസഭ പാസ്സാക്കുന്ന ബില്ല് രാജ്യതാല്പര്യത്തിനു വിരുദ്ധമാണെന്നു ഗവര്‍ണ്ണര്‍ക്ക് തോന്നിയാല്‍, ആ ബില്ല് തടഞ്ഞുവെക്കാനും, അംഗീകാരം നല്കാതിരിക്കാനും അദ്ദേഹത്തിന് അധികാരമുണ്ട്. ഭരണഘടനയുടെ 142-ാം അനുച്ഛേദപ്രകാരം ഗവര്‍ണര്‍ പ്രസ്തുത ബില്ലിന് അംഗീകാരം നല്‍കിയേ തീരൂ എന്ന് സുപ്രീം കോടതി അഭിഭാഷകനും, സ്വയം ഭരണഘടനാ വിദഗ്ധനും ആണെന്ന് കരുതുന്നവര്‍ അവകാശപ്പെടുന്നുണ്ട്. അത് വിവരക്കേടിനു നോബല്‍ സമ്മാനം നല്‌കേണ്ടുന്ന കൂട്ടരാണ്.
ഇവിടെയുള്ള പ്രധാന പ്രശ്‌നം സുപ്രീം കോടതി ജഡ്ജിമാരുടെ ഭയാശങ്കകളാണ്. തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജി തള്ളിക്കളഞ്ഞാല്‍ തങ്ങളെ ആര്‍എസ്എസ് എന്നും സംഘി എന്നും പറഞ്ഞു കുറ്റപ്പെടുത്തും എന്ന ഭയം. സംവരണത്തെ കുറിച്ചുള്ള കേസിനിടയില്‍ ‘ഈ പരിപാടി അനന്തമായി നീട്ടിവെക്കാന്‍ പറ്റില്ല. കാരണം സംവരണം കേവലം പത്തുവര്‍ഷത്തേക്കുമാത്രം എന്ന് പറഞ്ഞാണ് നിയമം കൊണ്ടുവന്നത്. അറുപതു വര്‍ഷം കഴിഞ്ഞിട്ടും ഈ ഇടപാട് തുടരുന്നത് നല്ല സൂചനയല്ല’ എന്ന് പര്‍ദിവാല അഭിപ്രായപ്പെട്ടത് വന്‍ വിവാദമായി. അദ്ദേഹത്തെ ഇംപീച് ചെയ്യണം എന്നുവരെ ആവശ്യം ഉയര്‍ന്നു. ആ ചീത്തപ്പേര് ഇല്ലാതാക്കാനാണ് അദ്ദേഹം ഇത്തരത്തിലുള്ള ഒരു വിധി എഴുതിയത്. കേന്ദ്ര സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയാല്‍ പര്‍ദിവാലയുടെയും മഹാദേവന്റെയും വിധി ‘ഗോവിന്ദാ’ എന്നാകും.
ഭാരതത്തിലെ നീതിന്യായ വ്യവസ്ഥയെ ഭയാശങ്കകള്‍ പിടികൂടിയിരിക്കുന്നു. കേന്ദ്ര സര്‍ക്കാരിനു അനുകൂലമായി വിധി പ്രഖ്യാപിച്ചാല്‍ അത് സവര്‍ണ ഫാസിസ്റ്റ് വിധി. സര്‍ക്കാരിനു പ്രതികൂലമായ വിധി പ്രഖ്യാപിക്കുന്നതാണ് മതേതര- പുരോഗമന – നവോത്ഥാന വിധി. ഇതേ ശൈലിയാണ് പത്രപ്രവര്‍ത്തന രംഗത്തും കണ്ടുവരുന്നത്. ബിജെപി, ആര്‍എസ്എസ്, തുടങ്ങിയ സംഘ്പരിവാര്‍ പ്രസ്ഥാനങ്ങളുടെ വാര്‍ത്ത നല്കുന്നവരെല്ലാം സംഘികളും, അല്ലാത്തവരെല്ലാം മതേതരന്മാരും…
ഒരു സംഭവം കൂടി സൂചിപ്പിക്കട്ടെ. സുപ്രീം കോടതിയുടെ 1964 ലെ ഒരു വിധിയുണ്ട്. രാജസ്ഥാന്‍ സംസ്ഥാനത്തെ നാട്ടുരാജ്യമായ രത്‌ലം ഭരണാധികാരി സജ്ജന്‍ സിംഗ് ഭരണ ഘടനയുടെ പതിനേഴാമത് ഭേദഗതിയെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീം കോടതിയെ സമീപിച്ചു. ഭരണഘടന അനുവദിച്ചിട്ടുള്ള മൗലികാവകാശം ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റിന് അധികാരമില്ല എന്നായിരുന്നു സജ്ജന്‍ സിങ് വാദിച്ചത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഗജേന്ദ്ര ഘടകറിന്റെ നേതൃത്വത്തിലുള്ള വിശാല ബെഞ്ച് എന്താണ് പറഞ്ഞതെന്നോ? ‘മൗലികാവകാശങ്ങള്‍ ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റിനു അധികാരം ഇല്ല എങ്കില്‍, അത് ഭരണഘടനാ ശില്‍പികള്‍ ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കുമായിരുന്നു. അങ്ങനെ ഒരു വ്യവസ്ഥ ഭരണഘടനയില്‍ ഇല്ലാത്തതുകാരണം, പാര്‍ലമെന്റിനു ഭരണ ഘടനയില്‍ എന്ത് മാറ്റവും വരുത്താം.’ നിയമസഭാ പാസ്സക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍ നിശ്ചയമായും ഒപ്പിടണം എന്ന നിയമം ഭരണഘടനയില്‍ ഇല്ലാത്തതുകാരണം ഈ നിയമ യുദ്ധത്തില്‍ അവസാനം ചിരിക്കുക ഗവര്‍ണര്‍ തന്നെയായിരിക്കും.