ഭാരത സ്ത്രീകളുടെ സീമന്ത സിന്ദൂരം മായ്ക്കാന്‍ ശ്രമിച്ച പാകിസ്ഥാന്‍ ഭീകരതയ്ക്ക് നമ്മുടെ സൈന്യം ചുട്ട മറുപടി കൊടുത്തിരിക്കുകയാണ്. പഹല്‍ഗാം ഭീകരാക്രമണത്തിന് ഭാരതം പ്രതികാരം ചെയ്തിരിക്കുമെന്ന് ലോകത്തോട് പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. അദ്ദേഹം പാഴ്‌വാക്ക് പറയുന്ന ആളല്ല എന്നറിയുന്ന ലോക രാഷ്ട്രത്തലവന്മാരടക്കം സര്‍വ്വര്‍ക്കും അത് എപ്പോള്‍ ആണെന്നു മാത്രമേ സംശയമുണ്ടായിരുന്നുള്ളു. മെയ് മാസം 7 ന് പുലര്‍ച്ചെ 1.5 നും 1.30 നും ഇടയിലുള്ള 25 മിനിറ്റ് കൊണ്ട് പാകിസ്ഥാനിലും പാക് അധീന കാശ്മീരിലുമുണ്ടായിരുന്ന 9 ഭീകരത്താവളങ്ങളില്‍ ഭാരത സൈന്യത്തിന്റെ ആവനാഴിയില്‍ നിന്നും പറന്നുയര്‍ന്ന സംഹാരാസ്ത്രങ്ങള്‍ തീമഴ പെയ്യിച്ചപ്പോള്‍ ചത്തുമലച്ചത് നൂറോളം ഭീകരരായിരുന്നു. ജയ്‌ഷെ മുഹമ്മദിന്റെയും ലഷ്‌ക്കറര്‍ ഇ ത്വയിബായുടേയും ഹിസ്ബുള്‍ മുജാഹിദിന്റെയും എണ്ണം പറഞ്ഞ ഭീകര നേതാക്കന്‍മാര്‍ തന്നെ പരലോകം പൂകി. പാക് പഞ്ചാബിലെ ബഹാവല്‍പൂരിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ ജയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയുടെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങളായ പത്തുപേരെ വകവരുത്തിയത് ഭീകര നേതാവിനേറ്റ വലിയ ആഘാതമായിരുന്നു. ഭാരത വ്യോമസേനയിലെ കരുത്തനായ നവാതിഥി റഫാല്‍ യുദ്ധവിമാനങ്ങളും സൂയിസൈഡ് ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണം പാകിസ്ഥാനേല്‍പ്പിച്ച ആഘാതം ചെറുതായിരുന്നില്ല. ജെയ്‌ഷെ തലവന്‍ മൗലാന മസൂദ് അസറിന്റെ സഹോദരനും 1999ലെ കാണ്ഡഹാര്‍ വിമാനറാഞ്ചലിന്റെ മുഖ്യ സൂത്രധാരനുമായിരുന്ന അബ്ദുള്‍ റൗഫ് അസര്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടു എന്നത് ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടത്തിലെ വലിയ നേട്ടങ്ങളിലൊന്നാണ്. 2001 ലെ ജമ്മു കാശ്മീര്‍ നിയമസഭയിലും ഭാരത പാര്‍ലമെന്റിലും നടന്ന ഭീകരാക്രമണത്തിലും 2016ലെ പത്താന്‍ കോട്ട് വ്യോമത്താവളം, പുല്‍വാമ എന്നീ ആക്രമണങ്ങളിലുമൊക്കെ പങ്കുണ്ടായിരുന്ന ഈ കൊടുംഭീകരനെ പാകിസ്ഥാന്‍ സംരക്ഷിച്ചു വരികയായിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കുക എന്നതിനപ്പുറം ലക്ഷ്യങ്ങള്‍ ഭാരതത്തിനുണ്ടായിരുന്നില്ലെങ്കിലും പാകിസ്ഥാന്റെ ഏത് പ്രകോപനവും നേരിടാന്‍ ഭാരതം തയ്യാറായിരുന്നു.
തങ്ങള്‍ പാലൂട്ടി വളര്‍ത്തിയ ഭീകര സന്താനങ്ങളുടെ വധം പാകിസ്ഥാനെന്ന തെമ്മാടി രാജ്യത്തെ പ്രകോപിപ്പിക്കുക സ്വാഭാവികമാണല്ലോ. അവര്‍ ഡ്രോണുകളും മിസൈലുകളുമായി ഭാരതത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളെയും പ്രമുഖ നഗരങ്ങളെയും ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും ഭാരതത്തിന്റെ ശക്തമായ വ്യോമ പ്രതിരോധ സംവിധാനത്തില്‍ തട്ടി അവയെല്ലാം നിഷ്പ്രഭമായി. അതിര്‍ത്തിഗ്രാമങ്ങളിലേയ്ക്കും നഗരങ്ങളിലേയ്ക്കും പാകിസ്ഥാന്‍ ഷെല്ലാക്രമണവും പീരങ്കി ആക്രമണവും നടത്തി സാധാരണ ജനങ്ങളെ വധിക്കാന്‍ ശ്രമിച്ചപ്പോള്‍ ഭാരതത്തിന് ശക്തമായി തിരിച്ചടിക്കേണ്ടി വന്നു. ആ തിരിച്ചടിയാകട്ടെ ആണവശക്തിയെന്ന് അവകാശപ്പെടുന്ന പാകിസ്ഥാന് താങ്ങാന്‍ പറ്റുന്നതിനും അപ്പുറമായിരുന്നു. ഒരിയ്ക്കലും യുദ്ധമാഗ്രഹിക്കാത്ത ഭാരതം പാകിസ്ഥാന്‍ ഇങ്ങോട്ട് എങ്ങനെ പ്രതികരിക്കുന്നോ അതിന്റെ നുറു മടങ്ങായി തിരിച്ച് നല്‍കിയിരിക്കും എന്ന് പറഞ്ഞുകൊണ്ടാണ് പ്രത്യാക്രമണണള്‍ നടത്തിയത്. പാക് വ്യോമസേനയുടെ അഭിമാനമായി കരുതുന്ന അമേരിക്കയുടെ എഫ് 16 വിമാനവും ചീനയുടെ ജെഎഫ് 17 വിമാനവുമൊക്കെ ഭാരത സൈന്യത്തിന്റെ മിസൈലുകള്‍ക്കു മുന്നില്‍ ഇയാംപാറ്റകള്‍ പോലെ നിലം പതിച്ചു തുടങ്ങിയതോടെ പാകിസ്ഥാന് രംഗം പന്തിയല്ലെന്ന് മനസിലായിത്തുടങ്ങി. ഭാരതം റഷ്യയില്‍ നിന്ന് സമ്പാദിച്ച ട്രയംഫ് 400 എന്ന സുദര്‍ശന വ്യോമ പ്രതിരോധ സംവിധാനത്തെ മറികടക്കാനാവാതെ പാക് മിസൈലുകള്‍ തകര്‍ന്നു വീഴുന്നതു കണ്ട ലോകം ഭാരതത്തിന്റെ യുദ്ധതന്ത്രവും കരുത്തും തിരിച്ചറിഞ്ഞു. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനും പ്രതിരോധ മന്ത്രി ഖ്വാജ അസിഫിനുമൊക്കെ സുരക്ഷിത സ്ഥാനം തേടി പലായനം ചെയ്യേണ്ടി വന്നു. തങ്ങള്‍ ആണവായുധം പ്രയോഗിക്കുമെന്ന് കൂടെക്കൂടെ പറയാറുള്ള പാക് നേതൃത്വം ആണവ മിസൈലുകള്‍ സൂക്ഷിച്ചിരിക്കുന്ന ആയുധപ്പുരയോളം ഭാരതത്തിന്റെ മിസൈലുകള്‍ എത്തിയപ്പോള്‍ ഏതുവിധേനയും യുദ്ധമവസാനിപ്പിക്കാന്‍ നെട്ടോട്ടമായി. ഭാരതത്തിന്റെ സുഹൃത് രാഷ്ട്രങ്ങളെക്കൊണ്ട് എങ്ങനെയും ഭാരത നേതൃത്വത്തെ ബന്ധപ്പെടുവാനുള്ള പരിശ്രമത്തിനൊടുവില്‍ വെടിനിര്‍ത്തലിന് ഭാരതം തയ്യാറായി. ലോകത്തെ നാലാമത്തെ സൈനിക ശക്തിയെന്നറിയപ്പെടുന്ന ഭാരതം മൂന്നു ദിവസം കൊണ്ട് അയലത്തെ ഭീകരരാഷ്ട്രത്തെ മുട്ടുകുത്തിച്ചു. അങ്ങനെ എട്ടാമത്തെ ഏറ്റുമുട്ടലിലും തോറ്റു തുന്നം പാടിയ അയലത്തെ ശല്യക്കാരന്‍ സര്‍വ്വനാശത്തിലേക്കുള്ള നാളുകള്‍ എണ്ണി തല്‍ക്കാലം പിന്‍വാങ്ങിയിരിക്കുകയാണ്. ഇതിനിടയില്‍ വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കാന്‍ ഭാരത സൈന്യത്തിന് അധികൃതര്‍ ഉത്തരവു നല്‍കിയിരിക്കുകയാണ്.
മൂന്നു ദിവസം കൊണ്ട് പാകിസ്ഥാനെ കാല്‍ചുവട്ടില്‍ കൊണ്ടുവന്ന ഭാരത സേനയുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും കരുത്ത് ലോകം സാകൂതം നിരീക്ഷിക്കുകയായിരുന്നു. ഈ പോരാട്ടത്തില്‍ പാകിസ്ഥാനെക്കാള്‍ പരിക്കേറ്റ മറ്റൊരയല്‍ക്കാരന്‍ ചീനയാണ്. പാകിസ്ഥാന്‍ ഉപയോഗിച്ച ചൈന നല്‍കിയ വ്യോമ പ്രതിരോധ സംവിധാധവും യുദ്ധവിമാനങ്ങളുമൊക്കെ ഭാരതത്തിന്റെ പ്രഹരത്തില്‍ തകര്‍ന്നു വീഴുന്നത് ലോകം കണ്ടതിന്റെ നാണക്കേടിലാണ് അവര്‍. നാം അമേരിക്കയുടെ എഫ് 16 വിമാനം വെടിവച്ചിട്ടതിന്റെ ജാള്യത അമേരിക്കയ്ക്കുമുണ്ടെന്നതാണ് സത്യം. വ്യോമ പ്രതിരോധത്തിനായി ഭാരതം തദ്ദേശീയമായി വികസിപ്പിച്ച ആകാശ് മിസൈല്‍ വഹിച്ച പങ്കും ചെറുതായിരുന്നില്ല. ഭാവിയില്‍ ആഗോള ആയുധ വിപണിയിലേക്കുള്ള ഭാരതത്തിന്റെ കടന്നുവരവിന്റെ വിളംബരം കൂടിയായി മൂന്നു ദിവസത്തെ ഭാരത- പാക് പോരാട്ടം. ഭാരതം ഒരു ഘട്ടത്തിലും അതിന്റെ ആയുധപ്പുരയിലെ ശക്തമായ ദിവ്യാസ്ത്രങ്ങള്‍ ഒന്നും തന്നെ പുറത്തെടുത്തിട്ടില്ല എന്നതാണ് സത്യം. എന്നിട്ടും പാകിസ്ഥാന്‍ എയര്‍ഫോഴ്‌സിന്റെ 27 എയര്‍ ബേസുകളില്‍ 12 എണ്ണത്തെ മൂന്നു ദിവസം കൊണ്ട് ഭാരതത്തിന് തകര്‍ക്കാനായി എന്നത് ചെറിയ കാര്യമല്ല. കിര്‍ണ ഹില്ലിലെ ന്യൂക്ലിയര്‍ ആയുധസംഭരണശാല കൂടി ഭാരത വ്യോമസേന ആക്രമിച്ചതായി സൂചനയുണ്ട്. ഇങ്ങനെ സര്‍വ്വനാശം മണത്ത പാകിസ്ഥാന്‍ നാണംകെട്ട തോല്‍വി ഒഴിവാക്കാന്‍ വേണ്ടിയാണ് സന്ധിയപേക്ഷയുമായി ന്യൂദില്ലിയിലേക്ക് വിളിച്ചത്. ഭാരതം നയിച്ച ഹൈടെക് വാറിനു മുന്നില്‍ പാകിസ്ഥാന്‍ ഒരു എതിരാളിയേ അല്ല എന്നു തെളിഞ്ഞിരിക്കുകയാണ്. ചൈനയുടെ ചങ്കിടിപ്പ് വര്‍ദ്ധിപ്പിക്കുന്ന കാര്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഭാരത-പാക് അതിര്‍ത്തിയില്‍ നടന്നത്. ഒരിക്കല്‍ കൂടി ഭാരതമാതാവ് വിജയത്തിന്റെ സിന്ദൂരതിലകം ചാര്‍ത്തി ലോക സമക്ഷം വിരാജിക്കുകയാണ്.