Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ശാക്തേയ ഉപാസകരുടെ ആരാധനാമൂര്‍ത്തി കൊടുങ്ങല്ലൂര്‍ ഭഗവതി

രവീന്ദ്രവർമ്മ അംബാനിലയംരവീന്ദ്രവർമ്മ അംബാനിലയം
25 April 2025

മുഖത്ത് രൗദ്ര ഭാവം ഉണര്‍ത്തി, നയനങ്ങളില്‍ ചെന്തീജ്വാല ജ്വലിപ്പിച്ച്, ചെമ്പട്ട് അണിഞ്ഞ്, കാല്‍ത്തള ഇളക്കി, അരമണി കിലുക്കി, സര്‍വാഭരണ ചാര്‍ത്തോടെയും, പൂജിച്ച മാല അണിഞ്ഞും, വലം കൈയ്യില്‍ മൂര്‍ച്ചയേറിയ വാളുമേന്തി, ശിരസ് പിളര്‍ന്ന് ഇറ്റിറ്റ് വീഴുന്ന ചോരത്തുള്ളികളോടെ, ആര്‍ത്തട്ടഹസിച്ച്, സര്‍വ്വ സംഹാര മൂര്‍ത്തികളായി ഉറഞ്ഞ് തുള്ളുന്ന കോമരങ്ങള്‍. മനുഷ്യ മനസ്സില്‍ ഭയ ഭക്തിയുടെയും, വിശ്വാസത്തിന്റെയും, താളത്മകമായ ചലനങ്ങള്‍ സൃഷ്ടിച്ച് ‘താനാരോ……… തന്നാരോ”, എന്ന കാവ്യാത്മകമായ ഈരടിയുമായി, സര്‍വ്വതും മറന്ന് ആചാരാനുഷ്ഠാനങ്ങളില്‍ മനം അര്‍പ്പിച്ച് കോമരങ്ങള്‍ക്കൊപ്പം ജനസഹസ്രങ്ങള്‍ അമ്പലം ചുറ്റുന്നു. സമാനതകളില്ലാത്തതും, മറ്റ് ക്ഷേത്രങ്ങളില്‍ കാണാന്‍ കഴിയാത്തതുമായ ഈ ചടങ്ങുകള്‍ കൊടുങ്ങല്ലൂര്‍ ഭരണിയുടെ നേര്‍ക്കാഴ്ചയാണ്. കേരളത്തില്‍ പകരം വെക്കാനില്ലാത്ത ഒരേയൊരു ഭരണി മഹോത്സവം ഇത് മാത്രമാണ്. ഐതീഹ്യപെരുമയില്‍ ഭക്തിയുടെ നവരസങ്ങള്‍ അലിഞ്ഞുചേരുന്ന ഭരണിമഹോത്സവം കൊടുങ്ങല്ലൂരിന്റെ തനിമയും ഗരിമയും കേരളക്കരയാകെ എത്തുന്നു. ഭദ്രകാളി ആരാധനയില്‍ ഊന്നിയ കേരളത്തിലെ കാവു ചരിത്രത്തിന്റെ നേര്‍ ഉദാഹരണമാണ് കൊടുങ്ങല്ലൂര്‍ കുരുംബ കാവിലെ ഭരണിമഹോത്സവം. ഭയഭക്തി ബഹുമാനത്തോടെയും, അത്ഭുതത്തോടെയും, ആണ് പതിനായിരങ്ങള്‍ ഭരണി ഉത്സവത്തെ നോക്കിക്കാണുന്നത്. കാര്‍ഷിക വൃത്തി തുടങ്ങിയപ്പോള്‍ മുതലുള്ള മനുഷ്യന്റെ പ്രകൃത്യാരാധനയുടെ ശേഷിപ്പുകള്‍ ആണ് പ്രധാനമായും കൊടുങ്ങല്ലൂര്‍ ഭരണിയെ മറ്റ് ഉത്സവങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഉര്‍വരത ആരാധനയും, കൊയ്ത്ത് ഉത്സവവും, വേടരുടെയും, വേലരുയുടെയും, കീഴാളന്മാരുടെയും, അംഗീകാരവും, അവകാശങ്ങളുടെ ഓര്‍മ്മപ്പെടുത്തലുമായി, ഹൈന്ദവ ജനതയുടെ വിശ്വാസ ചരിത്രം ഭരണി മഹോത്സവത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. തൃച്ഛന്ദനം ആടിയ മഹാമായയുടെ അനുഗ്രഹാശ്ശിസുകളോടെ പതിനായിരങ്ങള്‍ അശ്വതിക്കാവ് തീണ്ടുമ്പോള്‍ ഭക്ത ജനങ്ങള്‍ക്ക് ദര്‍ശന സായൂജ്യവും ഒപ്പം ഒരു മാസം നീണ്ടുനിന്ന ഭരണി മഹോത്സവത്തിന് സമാപ്തിയുമാവും. ഭക്തിയുടെ ചന്ദന വഴികള്‍ താണ്ടിയും, എരിഞ്ഞടങ്ങുന്ന കര്‍പ്പൂര സുഗന്ധത്തിലൂടെയും, നാം പങ്കിടുന്ന സമ്പന്നമായ പൈതൃകത്തിലൂടെയും, രൂപപ്പെടുത്തിയ നമ്മുടെ ജീവിതത്തിന്റെ കാലാതീതമായ ഓര്‍മ്മപ്പെടുത്തലാണ് ക്ഷേത്ര തിരുവുത്സവമഹോത്സവങ്ങളും, ആഘോഷങ്ങളും. ആധ്യാത്മികതയില്‍ അടിയുറച്ച്, സമാജത്തില്‍ സമാഗതമാകുന്ന സൗഹൃദത്തിന്റെയും, ഒത്തുചേരലിന്റെയും, കൂട്ടായ്മയുടെയും, പ്രതിഫലനം കൂടിയാണ് നമുക്ക് ഓരോ ഉത്സവവും.

Google NewsAdd Kesari Weekly as a preferred source on Google

ദക്ഷിണേന്ത്യയിലെ ശാക്തേയ ഉപാസകരുടെയും, ദേവി ഭക്തരുടെയും പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് കൊടുങ്ങല്ലൂര്‍ ഭദ്രകാളി ക്ഷേത്രം. കേരളത്തില്‍ ആദ്യമായി ആദിപരാശക്തിയെ കാളിരൂപത്തില്‍ പ്രതിഷ്ഠിച്ചത് കൊടുങ്ങല്ലൂര്‍ ആണെന്ന് കരുതപ്പെടുന്നു. കേരളത്തിലെ 64 കാളി ക്ഷേത്രത്തിന്റെ മാതൃസ്ഥാനം എന്ന മഹിമ കൂടി ഈ ക്ഷേത്രത്തിന് അവകാശപ്പെട്ടതാണ്. കൊടുങ്ങല്ലൂരമ്മ എന്ന പേരില്‍ ദ്രാവിഡ ശാക്തീകരണ ഭഗവതിയായ ഭദ്രകാളി, അഥവാ മഹാകാളിയുടെ വരിക്കപ്ലാവിന്റെ കാതലില്‍ തീര്‍ത്ത പ്രതിഷ്ഠ ഇവിടെ വടക്കോട്ടാണ്.

എട്ടുകൈകളോടെ രൗദ്രഭാവത്തില്‍ ഇത്തരത്തിലുള്ള പ്രതിഷ്ഠ കേരളത്തില്‍ അപൂര്‍വ്വമാണ്. എന്നാല്‍ ഇവിടുത്തെ യഥാര്‍ത്ഥ പ്രതിഷ്ഠ പടിഞ്ഞാറ് ദര്‍ശനമായുള്ള രുധിരമഹാകാളി ആണ്. സംഹാരമൂര്‍ത്തിയായതിനാല്‍ നേരിട്ട് ദര്‍ശനം പാടില്ല എന്നാണ് ആചാര്യമതം. അതിനാല്‍ അതിന്റെ പ്രതിബിംബമാണ് വടക്കേ നടയില്‍ ഭക്തര്‍ക്ക് ദര്‍ശനം അരുളുന്നത്. ഹൈന്ദവ സമൂഹത്തെ ഒന്നായി ചേര്‍ത്ത് നിര്‍ത്തി, എല്ലാ വിഭാഗങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കി ഒപ്പം  ഊരായ്മ അവകാശവും കല്‍പ്പിച്ച്  ലഭിച്ചിട്ടുള്ളതാണ് കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രം.

ADVERTISEMENT

കാവ് കാക്കാന്‍ നമ്മളുണ്ട് നമുക്കൊപ്പം കാളി ഉണ്ട് 
കേരളത്തില്‍ ഹിന്ദു സമൂഹത്തിലെ മുഴുവന്‍ ദേവി ദാസന്മാരുടെയും ആരാധന മൂര്‍ത്തിയും,  ആശാകേന്ദ്രവുമാണ് മുസരീസ് പട്ടണം എന്നറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂരിലെ ശ്രീകുരുംബ ഭഗവതി ക്ഷേത്രമെന്ന കൊടുങ്ങല്ലൂര്‍ ഭദ്രകാളി ക്ഷേത്രം. ആചാര അനുഷ്ഠാനങ്ങളിലെ പ്രത്യേകതകൊണ്ട് ഏറെ ശ്രദ്ധേയമാണ് ഈ ക്ഷേത്രം. രൗദ്രഭാവമാണ് ഭരണി ഉത്സവത്തിന്റെ പെരുമയെങ്കില്‍,  ശാന്തവും, സൗമ്യവും, ഭക്തിസാന്ദ്രവും, നയനാനന്തകരവുമായി അഭങ്കുരവും, അനസൂ തവുമായി ഒഴുകുന്ന സാംസ്‌കാരിക പൈതൃകത്തിന്റെ നേര്‍ക്കാഴ്ചയാണ് ക്ഷേത്രസന്നിധിയിലെ നവരാത്രി ഉത്സവം. അവര്‍ണ്ണ, സവര്‍ണ്ണ, വ്യത്യാസം ഇല്ലാതെ എല്ലാ ഭക്തജനങ്ങളെയും ചേര്‍ത്ത് നിര്‍ത്തി നാട്ടുകാരുടെ സ്വന്തം ഉത്സവമായി കൊടുങ്ങല്ലൂര്‍ താലപ്പൊലി മഹോത്സവവും നടത്തപ്പെടുന്നു. സംഘകളിക്കെത്തുന്ന ചൊവ്വര ദേശത്തെ നമ്പൂതിരിമാരും, വ്രതാനുഷ്ഠാനങ്ങളോടെ ഇരുമുടിക്കെട്ടുമായി വന്നെത്തുന്ന മലയരയന്മാരും,  ദേവീസന്നിധിയില്‍ ‘സുവാസിനി’ പൂജ നടത്തുന്ന കുടുംബി സമുദായക്കാരും ഇവിടെ ഒന്നാകുന്നു.

ക്ഷേത്ര ചരിത്രം 
കേരളത്തിലെ ഭഗവതി ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രാചീനവും പ്രസിദ്ധവും ആണ് കൊടുങ്ങല്ലൂര്‍ ഭദ്രകാളി ക്ഷേത്രം. രാമായണത്തിലും, ദേവിഭാഗവതത്തിലും, പ്രാചീന ചരിത്രരേഖകളിലും, പല സംഘകൃതികളിലും, കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തെകുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാം. എന്നാല്‍ ക്ഷേത്രം ആര്, എന്ന്, സ്ഥാപിച്ചു എന്നതിനെക്കുറിച്ച് മതിയായ തെളിവുകള്‍ ഒന്നും തന്നെ ലഭ്യമല്ല. പരശുരാമന്‍ കേരളത്തില്‍ 192 ക്ഷേത്രങ്ങള്‍ സ്ഥാപിച്ചിരുന്നെന്നും അതില്‍ 64 ശിവക്ഷേത്രങ്ങളും, 64 ദേവിക്ഷേത്രങ്ങളും, 64 വിഷ്ണുക്ഷേത്രങ്ങളും ആണെന്ന് കരുതപ്പെടുന്നു. ദേവീ ക്ഷേത്രങ്ങളില്‍ അതിപ്രധാനമായ നാലെണ്ണം നാല് ദിശയില്‍ ആയിരുന്നു. തെക്ക് കന്യാകുമാരിയില്‍ ബാലാംബികയും, പടിഞ്ഞാറ് കൊടുങ്ങല്ലൂരില്‍ ലോകാംബികയും, വടക്ക് കൊല്ലൂരില്‍ മൂകാംബികയും, കിഴക്ക് പാലക്കാട്ട് കരിമലയില്‍ ഹേമാംബികയും അദ്ദേഹം പ്രതിഷ്ഠിച്ചതായി ഐതീഹ്യ പെരുമയില്‍ നാം വായിച്ച് അറിയുന്നു. പഴയ തെക്കേ ഇന്ത്യയുടെ ചരിത്രം അനാവരണം ചെയ്യുന്ന ‘ചിലപ്പതികാരം’ എന്ന പുസ്തകത്തില്‍ പ്രതിപാദിക്കുന്ന കണ്ണകിയുമായി ക്ഷേത്രത്തിന് ബന്ധമുള്ളതായി പറയപ്പെടുന്നുണ്ട്. നിരപരാധിയായ തന്റെ ഭര്‍ത്താവ് കോവിലനെ മോഷണകുറ്റം ചുമത്തി പാണ്ഡ്യരാജാവ് വധിച്ചത് അറിഞ്ഞ് പ്രതികാര ദുര്‍ഗ്ഗയായി മാറിയ കണ്ണകി രാജസന്നിധിയില്‍ എത്തി കോവിലന്‍ മോഷ്ടാ വല്ലെന്ന് തെളിയിക്കുകയും, യഥാര്‍ത്ഥ സംഭവം വിവരിക്കുകയും ചെയ്തപ്പോള്‍ തെറ്റ് മനസ്സിലാക്കി രാജാവും രാജ്ഞിയും മരിക്കാനിടയായതായും എന്നാല്‍ ക്രോധം അടക്കാനാവാതെ കണ്ണകി കൊട്ടാരത്തില്‍ നിന്നും പുറത്തു കടന്ന് മധുര നഗരം കത്തിച്ചാമ്പലാകട്ടെ എന്ന് ശപിച്ചു തന്റെ ഇടത്തെ മാറിടം പറിച്ചെറിഞ്ഞതായും അതോടെ മധുര നഗരം കത്തിച്ചാമ്പലായതായും പറയുന്നു. നീതിയില്ലാത്ത ഈ രാജ്യത്ത് നില്‍ക്കുകയില്ലെന്ന് പറഞ്ഞു കണ്ണകി പടിഞ്ഞാറോട്ട് നടന്ന് ചേര രാജ്യത്ത് എത്തിച്ചേരുകയും പിന്നീട് തന്റെ ഭര്‍ത്താവിന് ഒപ്പം സ്വര്‍ഗത്തിലേക്ക് പോയതായി വിശ്വസിക്കപ്പെടുന്നു.  പിന്നീട് ചേരചക്രവര്‍ത്തി വിവരങ്ങള്‍ അറിഞ്ഞ് ദൈവജ്ഞരെ വരുത്തി വിശകലനം ചെയ്തതില്‍ കണ്ണകി ദുര്‍ഗ്ഗയുടെ അവതാരമാണെന്ന് കണ്ടെത്തുകയും പ്രതിഷ്ഠാ കര്‍മ്മം നടത്തി ആരാധിച്ചു വന്നതായും പറയപ്പെടുന്നു. അന്ന് രാജാവ് നടത്തിയ പ്രതിഷ്ഠ ഇപ്പോഴത്തെ കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തിന്റെ ഒരു കിലോമീറ്റര്‍ തെക്ക് ഭാഗത്തുള്ള കുരുംബക്കാവില്‍ ആണെന്നാണ് പരമ്പരാഗതമായി വിശ്വസിച്ചു പോരുന്നത്. പിന്നീട് അവിടെ നിന്നും ദേവി ചൈതന്യത്തെ ആവാഹിച്ച് ഇപ്പോള്‍ കാണുന്ന ക്ഷേത്രത്തില്‍ കുടിയിരുത്തി എന്നാണ് വിശ്വാസം. ക്ഷേത്രത്തിലെ ദേവിചൈതന്യം പരാശക്തിയാണെന്ന് വിശ്വസിച്ച് ഉപാസിക്കുന്നവരും ഉണ്ട്. പതിനഞ്ചാം നൂറ്റാണ്ടില്‍ കൊടുങ്ങല്ലൂര്‍ തമ്പുരാന്റെ മേല്‍നോട്ടത്തില്‍ പുതുക്കി പണിത ക്ഷേത്രമാണ് നിലവിലുള്ളത് എന്നാണ് പഴമക്കാര്‍ പറയുന്നത്. എന്നാല്‍ ദാരികാസുര വധത്തിനായ് പരമശിവന്റെ തൃക്കണ്ണില്‍ നിന്നും അവതരിച്ച ശക്തി സ്വരൂപിണിയായ ശ്രീ ഭദ്രകാളി പ്രതിഷ്ഠയാണ് കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലേതെന്ന് ഭൂരിഭാഗം ഭക്തജനങ്ങളും വിശ്വസിച്ചു പോരുന്നുണ്ട്.

അതിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രത്തിലെ പൂജാദികര്‍മ്മങ്ങളും അനുഷ്ഠാനങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നത്. പാലക്കാട്, മലപ്പുറം ജില്ലകളിലെ ഭഗവതി പാട്ടിലും, കൊല്ലം ജില്ലയില്‍ മണ്ണടിക്കാവില്‍ കുംഭമാസത്തില്‍ ഏഴ് ദിവസമായി നടക്കുന്ന പടയണിക്ക് ഉപയോഗിക്കുന്ന തോറ്റം പാട്ടുകളിലും, ഭദ്രകാളി ദാരിക വധത്തിനു ശേഷം കൊടുങ്ങല്ലൂര്‍ കാവില്‍ അധിവസിച്ചതായി പറയുന്നുണ്ട്.

ഭരണി മഹോത്സവം 
നൂറ്റാണ്ടുകള്‍ പഴക്കം ചെന്ന ആരാധനാ സമ്പ്രദായത്തിന്റെ സത്ത ഊനം കൂടാതെ പരിരക്ഷിച്ചാണ് കൊടുങ്ങല്ലൂര്‍ ഭരണി മഹോത്സവം ഇന്നും ആചരിക്കുന്നത്. കുംഭമാസത്തിലെ ഭരണിനാളില്‍ കൊടിയേറുന്നതോടെയാണ് ഉത്സവത്തിന് ആരംഭം കുറിക്കുന്നത്. മറ്റ് ക്ഷേത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് കൊടിയേറ്റ്. കൊടിമരത്തിലല്ല ഇവിടെ ധ്വജകൂറകള്‍ ഉയരുന്നത്. മുഹൂര്‍ത്തം നോക്കാതെയും,  മന്ത്രതന്ത്രങ്ങള്‍ക്ക്  പ്രാധാന്യം കല്‍പ്പിക്കാതെയും തന്ത്രിയും മേല്‍ശാന്തിയും ഇല്ലാതെയാണ് ക്ഷേത്രത്തില്‍ കൊടിയേറുന്നത്. കിഴക്കേനടയിലും വടക്കേനടയിലുമുള്ള ആനപ്പന്തലിന്റെ നാല് അതിരുകളിലും കയറു കെട്ടി കൊടിക്കൂറ അരങ്ങു പോലെ തൂക്കുകയും, ക്ഷേത്രപരിസരത്തെ  ആല്‍വൃക്ഷങ്ങളില്‍ കൊടികൂറകള്‍ കെട്ടിത്തൂക്കുകയാണ് ചെയ്യുന്നത്. ക്ഷേത്രത്തില്‍ കൊടി ഉയര്‍ത്തുവാന്‍ അവകാശം എടമുക്ക്കാര്‍ കുടുംബികള്‍ക്കാണ്. എന്നാല്‍ കൊടിയേറ്റ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത് മലയന്‍ തട്ടാന്‍ ആണ്. മലയന്‍ തട്ടാന്‍ തലേദിവസം  കൊടുങ്ങല്ലൂര്‍ വലിയ തമ്പുരാനെ കണ്ട് തിരുമുല്‍ക്കാഴ്ച നല്‍കി കൊടിയേറുവാന്‍ അനുവാദം വാങ്ങിക്കുന്നു. കൊടിയേറ്റു നടത്തുവാനും കാവ് തീണ്ടുവാന്‍ അനുജ്ഞ കൊടുക്കുന്നതും ഉള്‍പ്പെടെ ക്ഷേത്രത്തിലെ എല്ലാ കാര്യങ്ങള്‍ക്കും, പരമാധികാരവും, അനുജ്ഞ നല്‍കുന്നതും കൊടുങ്ങല്ലൂര്‍ കോവിലകത്തെ വലിയ തമ്പുരാനാണ്. ഒഴിവാക്കാന്‍ പറ്റാത്ത അടിസ്ഥാന ചടങ്ങാണ് ഇത്. അദ്ദേഹത്തിന്റെ അനുവാദം വാങ്ങി തമ്പുരാന്‍ നല്‍കുന്ന രണ്ട് പവിഴമാലകള്‍ അണിഞ്ഞാണ് മലയന്‍ തട്ടാനും അനന്തരവനും കൊടിയേറ്റ് ചടങ്ങുകള്‍ നടത്തുന്നത്. ഇവരുടെ വീടുകളിലെ കല്യാണത്തിനും, മരണത്തിനും ക്ഷേത്രത്തില്‍ നിന്ന് ആചാരപ്രകാരം ഇപ്പോഴും ഒരു തുക നല്‍കി വരുന്നുണ്ട്. ഭരണി കൊടിയേറ്റ് കഴിഞ്ഞാല്‍ ദേശവാസികള്‍ ദേശം വിട്ട് ഇറങ്ങാനോ മറ്റ് ആഘോഷങ്ങള്‍ നടത്താനോ പാടില്ല എന്നൊരു അലിഖിത നിയമം നിലനിന്നിരുന്നു. കൊടിയേറ്റ് കഴിഞ്ഞാല്‍ പിന്നീടുള്ള ആചാരാനുഷ്ഠാനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് തിരുവോണത്തിനാണ്. അന്നാണ് കോഴിക്കല്‍ മൂടുന്ന ചടങ്ങ് നടക്കുക.

കോഴിക്കല്‍മൂടല്‍
മീനമാസത്തിലെ അശ്വതി മഹോത്സവത്തിന് 7 നാള്‍ മുമ്പാണ് കോഴിവെട്ട് നടന്നിരുന്നത്. ഇന്ന് കോഴി കല്ല് മൂടല്‍ മാത്രമാണ് നടത്തുന്നത്. തിരുവോണനാളില്‍ വെളുപ്പിന് മൂന്ന് മണിക്ക് നട തുറക്കും. വലിയ തമ്പുരാന്‍ ഈ സമയത്ത് ക്ഷേത്രസന്നിധിയില്‍ എഴുന്നള്ളി ഇരിക്കും. വടക്കന്‍ പാട്ടിലെ പ്രമുഖരായ തച്ചോളി തറവാട്ടിലെ കാരണവര്‍ക്കാണ് കോഴിമൂടല്‍ ചടങ്ങിന് അവകാശം കല്‍പ്പിച്ചിരിക്കുന്നത്. ചടങ്ങിന് തലേദിവസം തന്നെ ഇവര്‍ കോവിലകത്ത് എത്തി തമ്പുരാനോട് അനുവാദം വാങ്ങണം, ചടങ്ങ് അവസാനിക്കുമ്പോഴും വിധിപോലെ തമ്പുരാനെ കണ്ട് അറിയിക്കണം. കോഴിക്കല്‍ മൂടാനുള്ള കുഴി എടുക്കുമ്പോള്‍ കല്ലുകള്‍ പുറത്തെടുക്കാനുള്ള അവകാശം ഭഗവതി വീട്ടിലുള്ളവര്‍ക്കാണ്. ഈ ചടങ്ങ് വടക്കേനടയിലാണ് നടത്തുക. ദേവി ദാരികനുമായുള്ള യുദ്ധം തുടങ്ങിയതിന്റെ ഓര്‍മ്മപ്പെടുത്തലാണ് കോഴിക്കല്‍ മൂടല്‍ എന്നാണ് ഭക്തജന വിശ്വാസം.

ഈ ചടങ്ങ് കഴിഞ്ഞാല്‍ ഭക്തജനങ്ങള്‍ ക്ഷേത്രത്തിനകത്ത് കടന്ന് ആരാധനയും, വഴിപാടുകളും നടത്തുന്നു. ഇവര്‍ കൊണ്ടുവരുന്ന കുരുമുളക്, മഞ്ഞള്‍, നാളികേരം എന്നിവയും പണക്കിഴിയും നാലമ്പലത്തിന്റെ പുറത്തുനിന്ന് ക്ഷേത്രത്തിലേക്ക് വലിച്ച് എറിയുകയാണ് ചെയ്യുന്നത്. ഇത് വളരെ പ്രധാനമായിട്ടാണ് ഭക്തജനങ്ങള്‍ കരുതി പോരുന്നത്.  ഇതില്‍ ചവിട്ടിയാണ് ഭക്തജനങ്ങള്‍ ക്ഷേത്രപ്രദക്ഷണം നടത്തുന്നത്. എത്ര വിലപിടിപ്പുള്ളതായാലും ഭൗതിക സാധനങ്ങളേക്കാള്‍ ആത്മീയ സാധനയാണ് വലുതെന്ന് മഹത്തായ ഒരു സന്ദേശം കൂടി ഇതില്‍ നമുക്ക് കാണാവുന്നതാണ്.

തൃച്ഛന്ദന പൂജ 
അശ്വതിനാള്‍ നടത്തുന്ന തൃച്ഛന്ദനപൂജ വളരെ പ്രാധാന്യമേറിയതാണ്. അശ്വതി ദിവസം ഉച്ചപൂജ കഴിഞ്ഞ് ശ്രീകോവിലിലെ സാധനങ്ങളും ചാര്‍ത്തുകളും എല്ലാം പൂര്‍ണ്ണമായി മാറ്റി ശ്രീകോവില്‍ കഴുകി വൃത്തിയാക്കിയ ശേഷമാണ് ഈ പൂജ നടത്തുന്നത്. ഇതിന് ഉപയോഗിക്കുന്ന വിളക്കുകള്‍, പാത്രങ്ങള്‍ എന്നിവയെല്ലാം വേറെയാണ്. അവ മറ്റ് യാതൊരു പൂജയ്ക്കും ഉപയോഗിക്കാറില്ല. ഇത് നടത്തുന്നത് മൂന്ന് മഠങ്ങളിലെ മൂത്ത അടികള്‍ മാത്രമാണ്. അവര്‍ക്ക് മാത്രമേ  ഈ പൂജാ മന്ത്രവിദ്യകള്‍ അറിയുകയുള്ളൂ.

പൂജാദി കര്‍മ്മങ്ങള്‍ നടത്തുന്നതിന് ഒരാഴ്ച മുമ്പ് മുതല്‍ മൂന്നുപേരും കര്‍ശനമായ വ്രതം എടുക്കുന്നു.  പൂജ ഏഴര യാമം (മൂന്ന് മണിക്കൂര്‍) കൊണ്ട് മാത്രം തീരുന്നതാണ്. ഇത് ശ്രീകോവിലിലെ നട അടച്ചാണ് നിര്‍വ്വഹിക്കുക. ഈ പൂജയ്ക്ക് മഞ്ഞള്‍പൊടി, കരിക്കിന്‍ വെള്ളത്തില്‍ കുഴച്ചാണ് ഉപയോഗിക്കുന്നത്. പൂജ കഴിഞ്ഞ് നടതുറന്ന് അകത്തുള്ള എല്ലാ സാധനങ്ങളും പുറത്തേക്കെടുത്തശേഷം അടികള്‍ നട അടച്ച് പൂട്ടുന്നു. അതുകഴിഞ്ഞ് ബലിക്കല്‍ പുരയില്‍ ഇരിക്കുന്ന വലിയ തമ്പുരാന്‍ അവകാശികള്‍ക്ക് സ്ഥാന ചിഹ്നമായി വടികള്‍ കൊടുക്കുക എന്ന ചടങ്ങ് നിര്‍വ്വഹിക്കുന്നു. ഈ അടക്കാമര വടികള്‍ വലിയ തമ്പുരാന്റെ വിചാരിപ്പുകാരനെ ഏല്‍പ്പിച്ചു കൊടുക്കാനുള്ള അവകാശം ‘കാര്യത്ത് നായര്‍’ എന്ന സ്ഥാനിക്കായിരുന്നു. ആ വംശം അന്യംനിന്ന് പോയതിനാല്‍ ഇപ്പോള്‍ അതിനുള്ള അവകാശം ‘കാവുങ്കല്‍ മേനോന്‍’ ആണ്. ഭഗവതിയ്ക്ക് യുദ്ധത്തില്‍ പറ്റിയ മുറിവുകള്‍ ചികിത്സിച്ച് ഭേദമായ ശേഷം ഭക്തജനങ്ങള്‍ ക്കും ഭൂതഗണങ്ങള്‍ക്കും വിജയം ആഘോഷിക്കുവാന്‍ നേതൃത്വം കൊടുക്കുന്നതിനായി വലിയ തമ്പുരാന്‍ ഭഗവതിയുടെ ആള്‍പേരായി ദേവിയുടെ പടയിലെ പ്രധാനികള്‍ക്ക് ആയുധം കല്‍പ്പിച്ചു കൊടുക്കുന്നതിന്റെ പ്രതീകമാണ് ഈ ചടങ്ങ്. അതിനുശേഷം ഉള്ള ആഹ്ലാദപ്രകടനമാണ് കാവ് പൂക്കല്‍ അഥവാ കാവ് തീണ്ടല്‍ എന്നു പറയപ്പെടുന്നത്.

കാവ് പൂക്കല്‍ അഥവാ കാവ് തീണ്ടല്‍
കൊടുങ്ങല്ലൂര്‍ ഭരണിയുടെ ഏറ്റവും പരമപ്രധാനമായ ചടങ്ങാണ് അശ്വതി നാളിലെ കാവ് പൂക്കല്‍ അഥവാ കാവ് തീണ്ടല്‍. തൃച്ഛന്ദന പൂജയും വളരെ നേരത്തെ തന്നെ അത്താഴപ്പൂജയും കഴിഞ്ഞ് ഉച്ചയ്ക്ക് ഒരു മണിക്ക് അടികള്‍ യാമപൂജയ്ക്ക് പോകുന്നതോടെ വലിയ തമ്പുരാന്‍ ക്ഷേത്രം പൂട്ടിച്ച് ആയുധധാരികളായ മറ്റ് തമ്പുരാക്കന്മാരുടെയും ഒന്നുകൂറെ ആയിരം യോഗക്കാരുടെയും സ്ഥാനികളുടെയും അകമ്പടിയോടുകൂടി കിഴക്കേ നടയിലുള്ള നിലപാട് തറയില്‍ കയറി നിലപാട് നില്‍ക്കുന്നതോടൊപ്പം കാവ് പൂക്കുന്നതിന്റെ അനുമതിയായി പട്ടു കുട നിവര്‍ത്തി പിടിക്കുന്നു. ഇതോടുകൂടി നിശബ്ദരായി പ്രദക്ഷിണവഴിക്ക് പുറത്ത് തിങ്ങിക്കൂടി നില്‍ക്കുന്ന ഭക്തജനങ്ങള്‍ ‘അമ്മേ ദേവി’ എന്ന വിളിയോടെ  ക്ഷേത്രത്തിന് ചുറ്റും വലംവെക്കുന്നു. ഈ സമയത്ത് ആഹ്ലാദ തിമിര്‍പ്പിന്റെ അന്തരീക്ഷമാണ് ക്ഷേത്രത്തില്‍. യുദ്ധത്തില്‍ ദേവി ദാരികാസുരനെ കൊന്നതിന്റെ ആഹ്ലാദമാണ് ഭക്തജന മനസ്സില്‍ തിരയടിക്കുന്നത്. ഓട്ടം കഴിഞ്ഞ് ഭക്തജനങ്ങള്‍ നിലപാട് തറയില്‍ നില്‍ക്കുന്ന വലിയ തമ്പുരാനെ വന്ദിച്ച് അവിടെ വെച്ചിട്ടുള്ള തുറന്ന ഭണ്ഡാരത്തില്‍ കാണിക്ക നിക്ഷേപിക്കുകയും ചെയ്യുന്നു.

പിറ്റേദിവസം ഭരണി നാളില്‍ വെളുപ്പിന് കിഴക്കേ നട മാത്രം തുറന്ന് അടികളും, ക്ഷേത്ര കഴകക്കാരും അകത്ത് കടന്നു വാതില്‍ അടച്ച് ശ്രീകോവില്‍ തുറന്നു അകത്തെ പൂജ നടത്തുന്നു. ദേവിക്ക് ഭരണി നാളിലെ ദിവേദ്യം വരിയരി പായസമാണ്. ചികിത്സയ്ക്ക് ശേഷം ആദ്യമായി ദേവി പത്ഥ്യാഹാരം കഴിക്കുന്നതായിട്ടാണ് സങ്കല്പം. വരിയരി കൊണ്ടുവരാനുള്ള അവകാശം കൊരങ്ങൂര്‍ ദേശത്ത് ഏറത്ത്മൂത്ത നായര്‍ക്കുള്ളതാണെന്നും ഇതിന് ആവശ്യമായ നെയ്യ് കൊണ്ടു വരുന്നതിനുള്ള അവകാശം കൊരങ്ങൂര്‍ ദേശത്ത് എഴുവത്തു പണിക്കര്‍ക്കാണ് നല്‍കിയിരുന്നതെന്നും ചരിത്രരേഖ കളില്‍ കാണുന്നു. ഭരണി ദിവസം നടയടച്ചു കഴിഞ്ഞാല്‍ പിന്നെ 7 ദിവസം ഒരു നേരത്തെ പൂജ മാത്രം പല യാമങ്ങളിലായി നടത്തുന്നു. ഇത് വലിയതമ്പുരാനും അടികള്‍മാര്‍ക്കും മാത്രമറിയാവുന്ന രഹസ്യ പൂജയാണ്. പിന്നീട് ഏഴാം ദിവസമാണ് നട തുറക്കുക. സര്‍വ്വാഭരണ വിഭൂഷിതയായ ദേവിയെ കാണുവാന്‍ അന്ന് വളരെ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടാറുള്ളത്.

നവരാത്രിപൂജ
ഭഗവതിയുടെ സാത്വികഭാവമായ സരസ്വതിയുടെ ആരാധനയാണ് നവരാത്രിയുടെ സവിശേഷത. ജഗദംബിക ആരാധനയാണ് ക്ഷേത്രസന്നിധിയില്‍ നടത്തുന്നത്. ദേവീ ഉപാസകരായ അമ്മമാരുടെ നിറസാന്നിദ്ധ്യം നവരാത്രി മഹോത്സവത്തിന് മാറ്റ് കൂട്ടുന്നു. ഇവിടെ സപ്തമാതൃക്കളെ പ്രതിഷ്ഠിച്ചിട്ടുള്ള മാതൃശാലയില്‍ സരസ്വതി സാന്നിദ്ധ്യം ഉണ്ടെന്ന സങ്കല്പത്തില്‍ നവരാത്രി കാലത്ത് പൂജവെയ്പ്പ് മാതൃശാലയിലാണ് നടത്തുന്നത്.

ഭാരതീയരുടെ പഞ്ചവേദമായി കരുതി വരുന്ന വ്യാസമഹാഭാരതം വൃത്താനുവൃത്തം ആദ്യമായി സംസ്‌കൃതത്തില്‍ നിന്നും തര്‍ജ്ജമ ചെയ്ത അഭൗമതേജസായ കവി കൊടുങ്ങല്ലൂര്‍ കുഞ്ഞുക്കുട്ടന്‍ തമ്പുരാന്‍ അത് പൂര്‍ണ്ണമാക്കിയത് ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലെ മാതൃശാലയുടെ മുമ്പിലുള്ള മണ്ഡപത്തില്‍ ഇരുന്നാണ്.

താലപ്പൊലി മഹോത്സവം
ഭരണി മഹോത്സവം പോലെ  ദേശം ഒന്നാകെ ഒന്നിച്ച് ചേരുന്ന മഹോത്സവമാണ് താലപ്പൊലി. രജോഗുണ പ്രധാന മായ ഈ ആഘോഷം മകരസംക്രമ ദിവസം മുതല്‍ 4 ദിവസമാണ് നടക്കുക. ഭഗവതി പുറത്തെഴുന്നള്ളുന്ന വിശിഷ്ട ദിവസങ്ങള്‍ ആണ് ഇത്. ഈ ദിവസങ്ങളില്‍ ക്ഷേത്ര നട അടക്കാറില്ല. കാര്‍ഷിക സംസ്‌കൃതിയുടെ ഓര്‍മ്മ പുതുക്കി ഭക്തജനങ്ങള്‍ കൊയ്ത്തുത്സവത്തിന് ശേഷം വിളവിന്റെ ഒരു പങ്ക് കൊടുങ്ങല്ലൂര്‍ ഭഗവതിക്ക് കാഴ്ച വെക്കാറുണ്ടാ യിരുന്നു. പഴയ ഈ സമര്‍പ്പണത്തിന്റെ ഓര്‍മ്മ പുതുക്കലാണ് താലപ്പൊലി മഹോത്സവം എന്ന് പറയപ്പെടുന്നു. ഇവിടെ അമ്മമാര്‍ താലപ്പൊലിയില്‍ എടുക്കുന്നത് മഞ്ഞള്‍, കുരുമുളക്, നാളികേരം, നെല്ല് എന്നിവയാണ്. ”താലം പൊലിക്കുക” എന്നും പറയപ്പെടുന്നു. മകര സംക്രമ ദിവസം വൈകിട്ട് ഉത്തരായനം തുടങ്ങുന്ന സമയത്ത് ഒന്ന് കൂറെ യോഗക്കാരുടെ പതിനായിരത്തൊന്ന് കതിനാ വെടികള്‍ മുഴങ്ങും. താലപ്പൊലി ഉത്സവം തുടങ്ങുന്നത് നാട്ടുകാരെ വിളിച്ച് അറിയിക്കുന്നത് ഈ വെടിക്കെട്ടോടെയാണ്.

ഒന്നാം ദിവസത്തെ താലപ്പൊലി എതിരേല്‍പ്പ് ഒന്ന്കൂറെആയിരം യോഗക്കാരുടെ വകയാണ്. കുരുംബക്കാവില്‍ നിന്ന് ഉച്ചയ്ക്ക് 12 മണിയോടെ എഴുന്നള്ളിപ്പ് ആരംഭിക്കും. എഴുന്നള്ളിപ്പിനുള്ള കോലം ഇവിടെ വച്ചു പൂജിക്കുകയും, പിലാപ്പള്ളി മൂത്താര്‍ കൊണ്ടുവരുന്ന പ്രത്യേക ചെത്തി മാല കോലത്തില്‍ ചാര്‍ത്തുകയും ചെയ്യും. പിന്നീടാണ് ആനപ്പുറത്ത് കയറി എഴുന്നള്ളിക്കുക. സ്വര്‍ണ്ണ കോലത്തില്‍ നിര്‍മ്മിച്ചതാണ് ദേവിയുടെ കോലം. മറ്റു ക്ഷേത്രങ്ങളിലെ പോലെ ഇവിടെ തിടമ്പ് എഴുന്നള്ളിക്കാറില്ല. ഉച്ചയ്ക്ക് ആരംഭിക്കുന്ന കാഴ്ച ശീവേലി എഴുന്നള്ളത്ത് വൈകിട്ട് ആറിന് ക്ഷേത്രത്തിലെത്തി ദീപാരാധനയോടെ അവസാനിക്കും. ആനകളുടെ അകമ്പടിയോടെയുള്ള രാവിലത്തെ എഴുന്നള്ളത്തിന് വെള്ളിക്കലത്തില്‍ നാണയങ്ങള്‍ നിറച്ച് കോലത്തിന്റെ കൂടെ എഴുന്നള്ളിക്കാറുണ്ട്. വലിയ തമ്പുരാന്റെ വഴിപാടായാണ് ഇത് അറിയപ്പെടുന്നത്. രാത്രിയില്‍ താലപ്പൊലി ഘോഷയാത്ര ഏകദേശം ഒരു മണിക്കാണ് തുടങ്ങുന്നത്. ഇതിനു മുമ്പ് കോവിലകത്ത് നിന്ന് വലിയ തമ്പുരാനെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആനയിച്ചു കിഴക്കേനടയിലെ ആനപ്പന്തലില്‍ കൊണ്ടുവരുന്നു. തമ്പുരാന്‍ ഇണപ്പുടവ ചുറ്റി സര്‍വ്വാഭരണവിഭൂഷിതനായി വാളും പരിചയും ഏന്തിയാണ് എത്തുന്നത്. പിന്നീട് തമ്പുരാന്റെ അനുവാദത്തോടെ ആനകള്‍ക്ക് നെറ്റിപ്പട്ടം കെട്ടുകയും, എഴുന്നള്ളിക്കാനുള്ള കോലം കുരുംബക്കാവിലേക്ക് കൊണ്ടുപോവുകയും ചെയ്യും. കോലത്തെ അനുഗമിക്കുന്ന തമ്പുരാനും പരിവാരങ്ങളും കുരുംബക്കാവിലെത്തിയാല്‍ അദ്ദേഹത്തിന്റെ തന്നെ അനുമതിയോട് താലപ്പൊഴി ഘോഷയാത്ര തുടങ്ങും. ഒന്നുകൂറെ ആയിരം യോഗക്കാരും, ക്ഷേത്ര ഭരണാധിപന്മാരും ചേര്‍ന്നാണ് തമ്പുരാനെ കുരുംബക്കാവിലേക്ക് ആനയ്ക്കുക. നെറ്റിപ്പട്ടം കെട്ടിയ 9 ആനകളാണ് ഘോഷയാത്രയില്‍ അണിനിരക്കുക. പുലാപ്പള്ളി തേവര്‍വട്ടം വീട്ടുകാരായ സ്ത്രീകള്‍ കുത്തുവിളക്കുമായി രണ്ടു വരിയായി നിന്ന് ദേവിയെ സ്വീകരിച്ചാനയിക്കും. ഘോഷയാത്ര കിഴക്ക് വശത്തുകൂടി പാലത്തറയ്ക്ക് നീങ്ങും അപ്പോള്‍ അടികള്‍ അവിടെ അക്ഷതവുമായി എത്തിയിരിക്കും. രണ്ടും, മൂന്നും, നാലും, ദിവസത്തെ താലപ്പൊലി ഘോഷയാത്രകള്‍ കൊച്ചി ദേവസ്വത്തിന്റെ ചുമതലയിലാണ് ഇപ്പോള്‍ നടക്കുന്നത് മൂന്നാം ദിവസത്തെ ഘോഷയാത്ര മാത്രം പതിനെട്ടരയാളം കോവിലകത്ത് നിന്നാണ് ആരംഭിക്കുന്നത്. കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ താലപ്പൊലി ഘോഷയാത്ര ക്ഷേത്രത്തിന് പൂര്‍ണ്ണ പ്രദക്ഷിണം വയ്ക്കാറില്ല. എഴുന്നള്ളത്ത് പ്രദക്ഷിണമായി കിഴക്കേ നടയുടെ വടക്കേ അറ്റത്ത് ക്ഷേത്രപാലകന്റെ പിന്‍ഭാഗത്ത് എത്തിയാല്‍ കോലം ഇറക്കിവെച്ച് ആനകളെ തിരിച്ച് അപ്രതീദിക്ഷ ണമായി കിഴക്കേനടയുടെ തെക്കേ ഭാഗത്ത് കൊണ്ടുവരും. പിന്നീട് കോലം ആനപ്പുറത്ത് കയറ്റി പ്രദക്ഷിണം പൂര്‍ത്തിയാക്കുകയാണ് പതിവ്.

സംഘകളി 
കേരളത്തില്‍ നമ്പൂതിരിമാര്‍ക്കിടയില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്ന ഒരു അനുഷ്ഠാന കലയാണ് സംഘകളി. സംഘകളിയോടെയാണ് കൊടുങ്ങല്ലൂര്‍ താലപ്പൊലിയുടെ ആരംഭം. നാലുപാദം ആയുധമെടുപ്പാണ് പ്രധാനം. താലപ്പൊലി ഉത്സവത്തിന് കൂടുതല്‍ ചാരുതയും, തിളക്കവും, നല്‍കുന്നതാണ് ഇത്. താലപ്പൊലി തുടങ്ങുന്നതോടെ ക്ഷേത്രത്തിലെ വലിയ അമ്പലത്തില്‍ സംഘകളി വിളക്ക് തെളിയും. സംഘകളിയുടെ കാര്യങ്ങളെല്ലാം നമ്പൂതിരി മാര്‍ക്കുള്ള അവകാശമാണ്. ഈ അനുഷ്ഠാനകല നടത്തുന്ന കേരളത്തിലെ അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് കൊടുങ്ങല്ലൂര്‍. വൈക്കത്ത് മനക്കാരുടെ ആഭിമുഖ്യത്തിലാണ് സംഘകളി ക്ഷേത്രത്തില്‍ നടക്കുന്നത്. നാടിന്റെ നന്മയ്ക്കായിട്ടാണ് ഈ കലാരൂപം അരങ്ങേറുന്നത്.

ഇരട്ട ശ്രീകോവിലും, രഹസ്യ അറയും 
ശിവനും, ഭദ്രകാളിയ്ക്കും പ്രത്യേക ശ്രീകോവിലുള്ള ക്ഷേത്ര സമുച്ചയമാണ് കൊടുങ്ങല്ലൂരില്‍ ഉള്ളത്. ഭദ്രകാളിയുടെ ശ്രീകോവിലിലെ രഹസ്യഅറ പള്ളിമാടം, ക്ഷേത്രപാലന്‍, വസൂരി മാല, തുടങ്ങിയവയൊക്കെ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിന്റെ പ്രത്യേകതകളാണ്. ഇവിടെ വടക്കോട്ടും, പടിഞ്ഞാറോട്ടും രണ്ട് നടകളുണ്ട്. ശ്രീകോവിലിനുള്ളില്‍ കിഴക്ക് വശത്തായി രഹസ്യ അറയും ഉണ്ട്. കൊടുങ്ങല്ലൂരിലെ ആദ്യ പ്രതിഷ്ഠയും ശ്രീ ശങ്കരാചാര്യര്‍ നടത്തിയ ശ്രീ ചക്രപ്രതിഷ്ഠയും ഇതിനകത്താണ് സ്ഥിതി ചെയ്യുന്നത്. ഇതിന് ‘ശ്രീമൂല സ്ഥാനം’ എന്ന് വിളിക്കുന്നു. രഹസ്യ അറയുടെ  പടിഞ്ഞാറ് ഭാഗത്തുള്ള വാതില്‍ പട്ട് കൊണ്ട് മൂടിയിരിക്കും. ശ്രീമൂലസ്ഥാനത്തോട് ചേര്‍ന്ന് പടിഞ്ഞാറ് ഭാഗത്ത് വടക്കോട്ട് ദര്‍ശനമായാണ് ഇപ്പോഴത്തെ ശ്രീകോവില്‍ നട.  ഈ പ്രതിഷ്ഠയ്ക്ക് നേരെ ശ്രീകോവിലിന് പടിഞ്ഞാറ് അപൂര്‍വ്വമായി മാത്രം തുറക്കുന്ന ഒരു പടിഞ്ഞാറേനടയും അതിനു നേരെ നാലമ്പലത്തിന് പുറത്തേക്ക് ഒരു നടയുമുണ്ട്. ഈക്ഷേത്ര നട ക്ഷേത്രത്തിന്റെ പരമ അധികാരിയായ കൊടുങ്ങല്ലൂര്‍ കോവിലകത്തെ വലിയ തമ്പുരാനോ, അമ്മതമ്പുരാട്ടിയോ, ക്ഷേത്രദര്‍ശനത്തിന് എത്തുന്ന സമയത്തും, കോവിലകത്തെ ഒരു സന്തതിയെ രുധിരമഹാകാളിക്ക് മുമ്പില്‍ അടിമ കിടത്താന്‍ എത്തുമ്പോഴും മാത്രമേ ശ്രീകോവിലിന്റെ പടിഞ്ഞാറേ നട തുറക്കാറുള്ളൂ. തമ്പുരാനോ, തമ്പുരാട്ടിയോ നടക്കല്‍ എത്തി നമസ്‌കരിച്ചു കഴിഞ്ഞാല്‍ പോര്‍ച്ചുഗീസുകാര്‍ നല്‍കി എന്ന് പറയപ്പെടുന്ന പടിഞ്ഞാറെ നടയിലെ വലിയ മണി അഞ്ചു പ്രാവശ്യം മുഴക്കും, അപ്പോള്‍ ശ്രീകോവിലിന്റെ വലത്തെ കതകുമാത്രം തുറക്കുകയും അവര്‍ നമസ്‌കരിച്ചു എഴുന്നേല്‍ക്കുന്നതിന് മുമ്പ് നട അടയ്ക്കുകയും ചെയ്യും.

തിരുസന്നിധിയിലെ ചാന്താട്ടം 
കൊടുങ്ങല്ലൂര്‍ അമ്മയുടെ ചാന്താട്ടം പലതുകൊണ്ടും പ്രാധാന്യമുള്ളതാണ്. ദേവിയുടെ ജന്മനാളായ മേടത്തിലെ കാര്‍ത്തിക നക്ഷത്രത്തിലാണ് ചാന്താട്ടം നടത്തുക. ആടിയ ചാന്ത് തൊട്ടാല്‍ സ്ത്രീകള്‍ക്ക് ദീര്‍ഘ മംഗല്യം കിട്ടുമെന്നാണ് വിശ്വാസം. തേക്കില്‍ നിന്ന് സംസ്‌കരിച്ചെടുക്കുന്ന കറയാണ് ചാന്തായി ഉപയോഗിക്കുന്നത്. കസ്തൂരി, ഗോരോചനം തുടങ്ങിവയൊക്കെ ചേര്‍ത്ത് ചാന്തിന് വിശുദ്ധി കൂട്ടിയ ശേഷമാണ് ദേവിക്ക് ഉപയോഗിക്കുക.  ഇത് കൊണ്ടുവരാനുള്ള അവകാശം ഒറ്റപ്പാലത്ത് കുന്നത്തറ ദേശത്ത് ചിരിക്കല്‍ എന്ന തറവാട്ടുകാര്‍ക്കാണ്. ചാന്ത് ദാരു വിഗ്രഹത്തില്‍ വെറുതെ ഒഴുക്കുകയല്ല ചെയ്യുന്നത് മറിച്ച് തേച്ച് പിടിപ്പിക്കുകയാണെന്ന് മേല്‍ശാന്തിയായ കുന്നത്ത് മഠത്തിലെ പരമേശ്വരനുണ്ണി അടികള്‍ പറയുന്നു. ചാന്ത് കലശങ്ങളിലാക്കി പൂജ നടത്തിയ ശേഷം ദാരു ബിംബങ്ങളില്‍ എല്ലാം ആടുന്നു. തുടര്‍ന്ന് ചാന്ത് തുടച്ചെടുത്താണ് മാറ്റുന്നത്. ചാന്താട്ടത്തിനായ് ദേവിയുടെ ആഭരണങ്ങള്‍ അഴിച്ചുമാറ്റിയാല്‍ പിന്നീട് കര്‍ക്കിടകം ഒന്നിന് മാത്രമേ അത് അണിയിക്കുകയുള്ളൂ.

ദേവി ഉപാസകരായ അടികള്‍ 
കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തിലെ പ്രധാന പൂജകള്‍ അടികള്‍ മാരാണ് ചെയ്യുന്നത്. ശങ്കരാചാര്യരുടെ ആശിര്‍വാദത്തോടെയാണ് ക്ഷേത്രത്തിലെ പൂജകളെല്ലാം അടികള്‍മാര്‍ ഏറ്റെടുത്ത് നടത്തിവരുന്നത് എന്ന് പറയുന്നു. കുന്നത്തു മഠത്തില്‍ പരമേശ്വരന്‍ ഉണ്ണി അടികള്‍, മഠത്തില്‍ മഠത്തില്‍ രവീന്ദ്രനാഥന്‍ അടികള്‍ എന്നിവരാണ് നിലവിലെ പ്രധാന പൂജകള്‍ ചെയ്യുന്നത്. ക്ഷേത്രത്തിന്റെ താന്ത്രിക അവകാശം തൃശൂര്‍ ജില്ലയിലെ മാള, താമരശ്ശേരി മേക്കാട്ട് മന ശങ്കരന്‍നമ്പൂതിരിപ്പാട് അവര്‍കള്‍ക്കാണ്.

ഗുരുതി വഴിപാട് 
കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ ഗുരുതി വഴിപാട് ഏറെ പ്രസിദ്ധമാണ്. ശത്രുസംഹാരത്തിനായി നടത്തുന്ന ഗുരുതി ദിവസം ഒന്നു മാത്രമേ നടത്താറുള്ളൂ. 2033 വരെ ഗുരുതി വഴിപാടുകള്‍ ബുക്കിംഗ് ആയിക്കഴിഞ്ഞു. ഗുരുതി ചെറിയ ഗുരുതിയും, വലിയ ഗുരുതിയുമെന്ന് രണ്ട് തരമുണ്ട്. ചെറുതിന് 18000 രൂപയും വലുതിന് 40,000 രൂപയുമാണ് നിരക്ക്. കൂടാതെ മഹിഷാസുര മര്‍ദ്ദിനി പുഷ്പാഞ്ജലി കൊടുങ്ങല്ലൂരിലെ മാത്രം പ്രത്യേകതയാണ്. എല്ലാദിവസവും അത്താഴ പൂജ കഴിഞ്ഞ് ക്ഷേത്രപാലിന് 101 നാളികേരം ഉടച്ച് നിവേദ്യം 101 നാളികേരം കൊണ്ടുള്ള ചതുശ്ശതം എന്നിവയാണ് വലിയ ഗുരുതിയിലെ വിശേഷാല്‍ ചടങ്ങുകള്‍. ഇവിടെ നടക്കുന്ന ഗുരുതി ശാക്തേയ കര്‍മ്മം ആയിട്ടാണ് പരിഗണിക്കുന്നത്. ഇത് വസൂരിമാലയുടെ ക്ഷേത്രത്തിലാണ് നടക്കുന്നത് പ്രധാന ക്ഷേത്രത്തിലോ, ശ്രീകോവിലിലും അല്ല. ഗുരുതി തെക്കോട്ടാണ് തര്‍പ്പിക്കുന്നത്. സപ്ത മാതൃകകള്‍ക്കുള്ള പൂജ, തവിട്ട് മുത്തി, വസൂരിമാല, ആടിനെ നട തള്ളല്‍, തുടങ്ങി നിരവധി ആചാരാനുഷ്ഠാനങ്ങള്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് നടത്തുന്നുണ്ട്. ഹിന്ദുമതത്തില്‍ പ്രകൃതിയെ ശാസ്ത്രീയമായും വ്യവസ്ഥാപിതമായി പഠിക്കുകയും അപഗ്രഥിക്കുകയും, തത്വചിന്താപദ്ധതികള്‍ അതിന്റേതായ അടിസ്ഥാന നിയമങ്ങളില്‍ സ്ഥാപിക്കുകയും, രണ്ടിലും ഇഴചേര്‍ന്ന് നില്‍ക്കുംവിധം മതപരമായ ചിന്താധാരകളെയും വിശ്വാസങ്ങളേയും കോര്‍ത്തിണക്കി ശരാശരി മനുഷ്യന്റെ ദൈനംദിന ജീവിതത്തില്‍ പ്രയോഗിക്കുകയും, ചെയ്തതായി കാണാവുന്ന താണ്. ചുരുള്‍ നിവര്‍ത്താന്‍ പറ്റാത്ത സങ്കീര്‍ണവും, നിഗൂഢവും ആയ നിരവധി പുകച്ചുരുളുകള്‍ കാറ്റിനൊപ്പം കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തിന് വലം വെക്കുമ്പോഴും ഭക്തജനങ്ങളുടെ ഗളകണ്ടത്തില്‍ നിന്നും അഭംഗുരവും അനസ്യൂതവുമായി ഒഴുകിയെത്തുന്ന ദേവിസ്തുതിക്കൊപ്പം ഭക്തിയുടെ ആനന്ദനിര്‍വൃതിയില്‍ നാം അറിയാതെ അലിഞ്ഞു ചേരുകയും ചെയ്യുന്നു.

 

Tags: കാവ് തീണ്ടല്‍കൊടുങ്ങല്ലൂര്‍
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies