കോഴിക്കോട് : ക്രൈസ്തവ സഭകളുടെ ഭൂമിയ്ക്കെതിരെ സുന്നി ഇസ്ലാമിക സംഘടന സമസ്തയും മുഖപത്രം സുപ്രഭാതവും രംഗത്ത്. സമസ്തയുടെ മുഖപത്രമായ ‘സുപ്രഭാത’ത്തിൽ 2025 ഏപ്രിൽ 4 ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഹിന്ദു ക്ഷേത്ര സ്വത്തുക്കൾക്ക് ദേവസ്വം ബോർഡുകളും മുസ്ലീം സ്വത്തുക്കൾക്ക് വഖഫ് ബോർഡുകളുമുള്ളത് പോലെ ഭാരതത്തിലെ ക്രൈസതവ സഭകളുടെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക ബോർഡുകൾ രൂപീകരിക്കണമെന്ന് ആവശ്യപ്പെടുന്നു.
“ക്രിസ്ത്യൻ സ്വത്തുക്കൾക്കായി ഒരു നിയന്ത്രണ സംവിധാനം കേന്ദ്ര സർക്കാർ പരിഗണിക്കു” മെന്ന എറണാകുളo കോൺഗ്രസ് എംപി ഹൈബി ഈഡൻ പാർലമെന്റിൽ നടത്തിയ സമാനമായ ഒരു അഭിപ്രായവും ലേഖനത്തിൽ ഉദ്ധരിച്ചിട്ടുണ്ട്. ഇതാദ്യമായല്ല സുപ്രഭാതം ഈ കാഴ്ചപ്പാട് മുന്നോട്ട് വെയ്ക്കുന്നത്. 2024 നവംബറിൽ ” ഏറ്റവും വലിയ ഭൂവുടമ വഖഫ് ബോർഡോ കത്തോലിക്കാ സഭയോ ?” എന്ന തലക്കെട്ടിൽ സുപ്രഭാതം പ്രസിദ്ധീകരിച്ച റിപ്പോർട്ടിലും സർക്കാർ കഴിഞ്ഞാൽ ഭാരതത്തിലെ രണ്ടാമത്തെ വലിയ ഭൂവുടമ വഖഫ് ബോർഡല്ല, കത്തോലിക്കാ സഭയാണെന്ന് അവകാശപ്പെട്ടിരുന്നു.
റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം
“വഖ്ഫ് ഭേദഗതി നിയമം കൊണ്ടുവരാനുള്ള നീക്കം കേന്ദ്രസർക്കാർ തുടങ്ങിയിരിക്കെ, വഖ്ഫ് ബോർഡ് സംബന്ധിച്ച് തെറ്റായ പ്രചാര ണങ്ങളും വ്യാപകമാണ്. ഇതിൽ ഒന്നാണ് ഇന്ത്യയിൽ സർക്കാർ കഴിഞ്ഞാൽ ഏറ്റവും വലിയ ഭൂവുടമയാണ് വഖ്ഫ് ബോർഡുകൾ എന്ന പ്രചാരണം. എന്നാൽ ഇത്തരം പ്രചാരണം തെറ്റാണെന്നും സർക്കാർ കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ ഭൂവുടമ കത്തോലിക്കാ സഭയാണെന്നും രേഖകൾ വ്യക്തമാക്കുന്നു. ഗവൺമെന്റ്റ് ലാൻഡ് ഇൻഫർമേഷൻ വെബ്സൈറ്റിലെ വിവരങ്ങൾപ്രകാരം 2021 ഫെബ്രുവരിയിലെ കണക്കനുസരിച്ച് കേന്ദ്രസർക്കാരിന് ഏകദേശം 15,531 ചതുരശ്ര കിലോമീറ്റർ ഭൂമിയാണുള്ളത്. റെയിൽവേ ഉൾപ്പെടെ 116 പൊതുമേഖലാ കമ്പനികളും 51 മന്ത്രാലയങ്ങളുമാണ് ഭൂമി ഉപയോഗിക്കുന്നത്. ഇതിൽ റെയിൽവേക്ക് കീഴിലാണ് കൂടുതൽ ഭൂമിയുള്ളത്. 4.9 ലക്ഷം ഹെക്ടർ ഭൂമിയുടെ ഉടമയാണ് റെയിൽവേ.
സർക്കാർ കഴിഞ്ഞാൽ പിന്നീട് ഏറ്റവും വലിയ ഭൂവുടമകളായ കത്തോലിക്കാ സഭയ്ക്ക് കീഴിൽ ഇന്ത്യയിലുടനീളം ഏഴു കോടി ഹെ ക്ടർ (17.29 കോടി ഏക്കർ) ഭൂമിയാണുള്ളത്. പള്ളികൾ, കോളജുകൾ, സ്കൂളുകൾ, ആശുപത്രികൾ തുടങ്ങിയ കെട്ടിടങ്ങളും ഇവയിൽ ഉൾപ്പെടും. ഇന്ത്യയിലെ ബ്രിട്ടിഷ് സാമ്രാജ്യത്വകാലത്ത് കത്തോലിക്കാ സഭയ്ക്കാണ് ബ്രിട്ടീഷ് ഭരണകൂടത്തിൽനിന്ന് ഭൂരിഭാഗം ഭൂമിയും ലഭിച്ചത്. 1927ൽ ചർച്ച് ആക്ട് പാസാക്കിയാണ് ഭൂമിയുടെ ഉടമസ്ഥാവകാശം സഭ ഉറപ്പാക്കിയത്. 8.7 ലക്ഷം സ്വത്തുക്കളിലായി 9.4 ലക്ഷം ഏക്കർ ഭൂമിയാണ് വഖ്ഫ് ബോർഡ് നിയന്ത്രിക്കുന്നത്. യു.പി വഖ്ഫ്ബോർഡാണ് ഇന്ത്യൻവഖ്ഫ് ബോർഡുകളിൽ ഏറ്റവും സമ്പന്നർ. തൊട്ടു പിന്നിൽ പശ്ചിമബംഗാളിലെ വഖ്ഫ് ബോർഡാണ്”.