കോന്നി: നിസ്വാര്‍ത്ഥമായ മാനവ സേവയിലൂടെ രാഷ്ട്ര നിര്‍മാണം നടത്തുന്ന സേവാഭാരതിക്കൊപ്പം രാജ്ഭവന് ഉണ്ടാകുമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. കോന്നിയില്‍ സാന്ത്വന സ്പര്‍ശം തെറാപ്പി ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. ശബരി സേവാസമിതിയുടെയും സേവാഭാരതിയുടെയും ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സക്ഷമയുടെയും കെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണ് സാന്ത്വന സ്പര്‍ശം സേവന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. രാഷ്ട്രപുനര്‍നിര്‍മാണവും അഭിവൃദ്ധിയും ലക്ഷ്യമാക്കി നിസ്വാര്‍ത്ഥ സേവനമാണ് സേവാഭാരതി ചെയ്യുന്നത്. ‘നരസേവാ നാരായണസേവ’, അല്ലെങ്കില്‍ ‘മാനവസേവ മാധവസേവ’ എന്നതാണ് സേവാഭാരതിയുടെ ലക്ഷ്യം. സേവനപാതയില്‍ നിസ്വാര്ത്ഥതയ്ക്കാണ് പ്രാധാന്യം. സേവനം എല്ലാവരിലേക്കും എത്തുക, അതിലൂടെ രാഷ്ട്ര വളര്‍ച്ച കൈവരിക്കുക എന്നതാണ് ആശയം, ഗവര്‍ണര്‍ പറഞ്ഞു. വാക്കുപോലെ പ്രവര്‍ത്തനവും നടക്കുന്നതിനാലാണ് താന്‍ ഇവിടെ എത്തിയതെന്നും സേവാഭാരതിയുടെ പ്രവര്‍ത്തനത്തിലൂടെ വളര്‍ന്ന വ്യക്തിയാണ് താനെന്നും ഗവര്‍ണര്‍ പറഞ്ഞു. സേവാഭാരതി ജില്ലാ പ്രസിഡന്റ് അഡ്വ. ഡി. അശോക് കുമാര്‍ അധ്യക്ഷത വഹിച്ചു. ദേശീയ സേവാഭാരതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ശ്രീറാം ശങ്കര്‍ സേവാഭാരതിയുടെ ലക്ഷ്യങ്ങളെപ്പറ്റി വിവരിച്ചു. കെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.ജോര്‍ജ് സ്ലീബ, ചിറ്റിലപ്പള്ളി ഫൗണ്ടേഷന് ഡയറക്ടര്‍ വി.എം. വിനോദ് എന്നിവര്‍ സംസാരിച്ചു.