പതിവുപോലെ പുഴയില്‍ പശുവിനെ കുളിപ്പിക്കാനെത്തിയതായിരുന്നു കണ്ടമുത്തന്‍. മുട്ടോളം വെള്ളത്തില്‍ ഇറക്കിനിര്‍ത്തി തേച്ചുകഴുകുന്നതിനിടയില്‍ അയാളുടെ മോതിരം വെള്ളത്തില്‍ വീണു. അതു തിരയുന്നതിനിടയിലാണ് ഞാന്‍ അയാളുടെ കൈയില്‍ തടയുന്നത്. എന്നെ പുറത്തെടുത്ത് തിരിച്ചും മറിച്ചും നോക്കിയശേഷം അയാള്‍ അവിടെത്തന്നെ ഉപേക്ഷിച്ചു. വീണ്ടും മോതിരത്തിനായുള്ള തിരച്ചിലായി. വളരെ നേരത്തെ പരിശ്രമത്തിനൊടുവില്‍ അയാള്‍ക്ക് മോതിരം കിട്ടി. ഞാന്‍ കിടന്നിടത്തുനിന്നാണ് മോതിരം കിട്ടിയത്. ആ സന്തോഷത്തില്‍ അയാള്‍ എന്നെയും എടുത്തുകൊണ്ടുപോയി.
വീട്ടിലെത്തിയ കണ്ടമുത്തന്‍ പറമ്പിലെ അരളിമരച്ചുവട്ടില്‍ എന്നെ പ്രതിഷ്ഠിച്ചു. അങ്ങനെ ഞാനവരുടെ ‘മുണ്ടിയ’നായി.
”മുണ്ടിയനോ? വിചിത്രമായ പേരുതന്നെ” ഉണ്ണി അഭിപ്രായപ്പെട്ടു.
വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രത്യേകിച്ച് ആടുമാടുകള്‍ക്ക് ആയുസ്സും അഭിവൃദ്ധിയും നല്‍കുന്ന ഒരു മൂര്‍ത്തിയാണ് മുണ്ടിയന്‍. കണ്ടമുത്തന്‍ ആ സങ്കല്പത്തിലാണ് എന്നെ പ്രതിഷ്ഠിച്ചത്.
”എന്നാലും ഈ നാട്ടുദൈവങ്ങളുടെ ഓരോ പേരുകള്‍.”
ഉണ്ണി മനസ്സില്‍ പറഞ്ഞു.
കണ്ടമുത്തന്റെ വീട്ടില്‍ മൂന്നാല് പശുക്കളും ആടുകളുമൊക്കെ ഉണ്ടായിരുന്നു. ആടോ മാടോ പ്രസവിച്ചാല്‍ അയാള്‍ എനിക്കു പൂജ നടത്തുമായിരുന്നു. കോഴിയിറച്ചിയും കള്ളുമായിരുന്നു നിവേദ്യം. ഓരോ മുണ്ടിയന്‍ പൂജയും അവര്‍ ആഘോഷമാക്കി.
അങ്ങനെ കണ്ടമുത്തന്റെ വീട്ടില്‍ മുണ്ടിയനായി ആറാണ്ടുകാലം കഴിഞ്ഞു. അയാളുടെ ആടുകള്‍ പെറ്റുപെരുകി. പശുക്കള്‍ പിശുക്കില്ലാതെ പാല്‍ ചുരത്തി. നല്ലൊരു കര്‍ഷകന്‍ കൂടിയായ കണ്ടമുത്തന്റെ സാമ്പത്തിക സ്ഥിതി പൂര്‍വ്വാധികം മെച്ചപ്പെട്ടു.
ഇതെല്ലാം എന്റെ സാന്നിദ്ധ്യം കൊണ്ടും അനുഗ്രഹംകൊണ്ടും മാത്രമാണെന്ന് അയാള്‍ വിശ്വസിച്ചു. അതുകൊണ്ടുതന്നെ എന്റെ മുന്നില്‍ ബലികൊടുക്കപ്പെടുന്ന കോഴികളുടെ എണ്ണം കൂടിക്കൂടിവന്നു. ആദ്യമൊക്കെ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ നടത്തിവന്നിരുന്ന മുണ്ടിയന്‍ പൂജകള്‍ മാസംതോറുമായി.
ഒരിക്കല്‍ അയാളുടെ ഒരു പശുവിനെ കാണാതായി. പുഴയോരത്ത് മേയാന്‍ വിട്ടതായിരുന്നു. എവിടെപ്പോയെന്ന് ഒരു പിടിയുമില്ല. തിരഞ്ഞു മടുത്തപ്പോള്‍ അയാള്‍ എന്റെ മുന്നില്‍ വന്ന് പ്രാര്‍ത്ഥിച്ചു. കണ്ടുകിട്ടുകയാണെങ്കില്‍ പൂജ നടത്താമെന്ന് അറിയിക്കുകയും ചെയ്തു.
എങ്ങനെയാണെന്നറിയില്ല, പിറ്റേന്ന് ഉച്ചയോടെ ആ പശുവീട്ടിലെത്തി. അത് അവരെ കുറച്ചൊന്നുമല്ല ആശ്ചര്യപ്പെടുത്തിയത്. കൈവിട്ടുപോയെന്നു കരുതിയ കറവപ്പശുവിനെ തിരിച്ചുകിട്ടിയതോടെ അവര്‍ക്ക് എന്നിലുള്ള വിശ്വാസം ഇരട്ടിച്ചു. പിറ്റേന്നുതന്നെ തലയെടുപ്പുള്ള ഒരു പൂവന്‍ കോഴിയെ ബലിനല്‍കി പൂജ നടത്തുകയും ചെയ്തു.
ആറാണ്ടുകാലം കടന്നുപോയതറിഞ്ഞില്ല. ആണ്ടറുതിയിലെ മുണ്ടിയന്‍ പൂജയ്ക്ക് കണ്ടമുത്തന്‍ വേണ്ടപ്പെട്ടവരെയെല്ലാം ക്ഷണിക്കുകയുണ്ടായി. നൂറോളം പേരാണ് അന്നത്തെ പൂജയില്‍ പങ്കെടുത്തത്. പത്തുപന്ത്രണ്ട് കോഴികള്‍ അന്നത്തെ പൂജയില്‍ എന്റെ മുന്നില്‍ തലയറ്റുകിടന്നു. കോഴിച്ചോരയില്‍ കുളിച്ച് ഞാനാകെ ചുവന്നുപോയി. അത് ആ വീട്ടിലെ എന്റെ അവസാനത്തെ ദിവസമായിരുന്നു.
”കണ്ടമുത്തന്‍ നിന്നെ ഉപേക്ഷിച്ചോ?”
ഉണ്ണിക്ക് അതറിയാന്‍ ആകാംക്ഷയായി.
ഉപേക്ഷിച്ചതല്ല, മോഷ്ടിക്കപ്പെടുകയായിരുന്നു. അതെ, എന്നെ ഒരാള്‍ അവിടെനിന്നും മോഷ്ടിക്കുകയുണ്ടായി.
”അതാര്?”
അന്നവിടെ പൂജയില്‍ പങ്കെടുക്കാനെത്തിയ ഒരാള്‍. കണ്ടമുത്തന്റെ ഉയര്‍ച്ചയില്‍ അസൂയ തോന്നിയ അയാള്‍ തിരിച്ചുപോകുമ്പോള്‍ എന്നെയും കൊണ്ടുപോയി. അവസാനം, പിടിക്കപ്പെടുമെന്നായപ്പോള്‍ അയാളെന്നെ ഒരു കിണറ്റില്‍ കൊണ്ടു ചെന്നിട്ടു.
”എന്നിട്ട്?”
്യൂഞാന്‍ നഷ്ടപ്പെട്ടതറിഞ്ഞപ്പോള്‍ കണ്ടമുത്തന്‍ ആകെ അങ്കലാപ്പിലായി. എന്നെ കണ്ടെത്താനുള്ള ശ്രമങ്ങളൊക്കെ പരാജയപ്പെട്ടപ്പോള്‍ എന്റെ രൂപസാദൃശ്യമുള്ള മറ്റൊരു കല്ല് കണ്ടെത്തി പ്രശ്‌നം പരിഹരിച്ചു.
”അതിരിക്കട്ടെ, കിണറ്റില്‍ നിന്നും എങ്ങനെ പുറത്തെത്തി?”
ഉണ്ണി ഇടപെട്ടു.
കുഴിച്ചതില്‍ പിന്നെ വറ്റിയിട്ടില്ലാത്ത ഗ്രാമത്തിലെ ആ കിണറ്റില്‍ വര്‍ഷങ്ങളോളം പുറംലോകം കാണാതെ ഞാന്‍ കിടന്നു. അങ്ങനെയിരിക്കെ അടുത്തുള്ള ഒരു ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷണം പോയി. അന്വേഷണത്തിന്റെ ഭാഗമായി കിണര്‍ വറ്റിച്ച് പരിശോധിക്കാന്‍ ബന്ധപ്പെട്ടവര്‍ തീരുമാനിച്ചു.
(തുടരും)