വാര്‍ഷിക പരീക്ഷ കഴിഞ്ഞ് വേനലവധിക്ക് സ്‌കൂളടച്ചു. കണ്ണനുണ്ണി വളരെ സന്തോഷത്തിലാണ്. പരീക്ഷയെല്ലാം എളുപ്പമായിരുന്നു. ക്ലാസ്സിലെ ഒന്നാംസ്ഥാനം നിലനിര്‍ത്താനാവുമെന്ന് അവന്‍ പ്രതീക്ഷിക്കുന്നു.
കുഞ്ചാറുമുത്തന്റെ ചരടുകെട്ടിയതുകൊണ്ടാണോ പഠനത്തില്‍ മുഴുകിയതുകൊണ്ടാണോ എന്നറിയില്ല, കുഞ്ഞുണ്ണി പിന്നീട് ഉണ്ണിയുടെ സ്വപ്നത്തില്‍ വന്നില്ലെന്നതാണ് നേര്. മാത്രമല്ല, ആ ത്രികോണക്കല്ല് മുത്തശ്ശിയെടുത്തു മാറ്റുകയും ചെയ്തിരുന്നു.
പരീക്ഷയെല്ലാം കഴിഞ്ഞപ്പോഴാണ് കണ്ണനുണ്ണി പിന്നെ, കുഞ്ഞുണ്ണിയെ ഓര്‍ക്കുന്നത്. അവന്‍ മുത്തശ്ശിയുടെ അടുത്തുചെന്ന് ദൈവക്കല്ലിന്റെ കാര്യം എടുത്തിട്ടു.
”ഉണ്ണി, ആ കല്ലൊന്നും ഇവിടെയില്ല. കുഞ്ചാറു മുത്തന്‍ കൊണ്ടുപോയി.”
അവന്റെ അന്വേഷണത്തിനു മറുപടിയായി മുത്തശ്ശി പറഞ്ഞു.
അതു ശരിയായിരിക്കുമെന്ന് കണ്ണനുണ്ണിക്കും തോന്നി. മൂന്നാമത്തെ തവണ കുഞ്ചാറുമുത്തന്‍ വന്നപ്പോള്‍ ഒരു ചുവന്ന തുണിയില്‍ പൊതിഞ്ഞ് എന്തോ ഒന്ന് മുത്തശ്ശി അയാളെ ഏല്‍പ്പിക്കുന്നത് അവന്‍ ശ്രദ്ധിച്ചിരുന്നു. അത് ദൈവക്കല്ലായിരിക്കാനാണ് സാധ്യത.
എങ്കില്‍ കുഞ്ചാറുമുത്തനെ കണ്ട് കുഞ്ഞുണ്ണിയെ ആവശ്യപ്പെടണം. രണ്ടു ദിവസം മുമ്പ് അയലത്തെ അമ്മാളുവിന്റെ ആടിന് വയ്യാതായപ്പോള്‍ ചരടുജപിച്ചു കെട്ടാന്‍ അയാള്‍ വന്നിരുന്നു. മൂന്നാലുദിവസം കഴിഞ്ഞ് വീണ്ടും വരുമെന്നാണ് അമ്മാളു പറഞ്ഞത്. അങ്ങനെയാണെങ്കില്‍ നാളെയോ മറ്റന്നാളോ അയാള്‍ വരും. അപ്പോള്‍ നേരിട്ടുകാണാം. അവന്‍ തീരുമാനിച്ചു.
പ്രതീക്ഷിച്ചതുപോലെ പിറ്റേന്നു രാവിലെ കുഞ്ചാറുമുത്തന്‍ അമ്മാളുവിന്റെ വീട്ടിലെത്തി. ഒരു ചുവന്ന ചരടുകൂടി ആടിന്റെ കഴുത്തില്‍ കെട്ടിയ ശേഷം കുറച്ചു ഭസ്മം വാരി തെറ്റിയിലിട്ടു.
”ഇനി ഒന്നും പേടിക്കാനില്ല.”
കുഞ്ചാറുമുത്തന്‍ അമ്മാളുവിന്റെ അച്ഛനെനോക്കി പുഞ്ചിരിച്ചു. അയാള്‍ മടിയില്‍ നിന്നും അമ്പതു രൂപയെടുത്തു നീട്ടി.
”എങ്കില്‍ ഞാനിറങ്ങുന്നു. ശങ്കരന്റെ മാടിനെ ഒന്നൂതിക്കെട്ടണം.”
കുഞ്ചാറുമുത്തന്‍ ദക്ഷിണവാങ്ങി പടിയിറങ്ങി. അയാള്‍ ഇറങ്ങിവരുന്നതും കാത്തുനിന്ന കണ്ണനുണ്ണി വേഗം അടുത്തേയ്ക്കുചെന്നു.
”ആരായിത്, ഉണ്ണിയോ.” – അവനെ കണ്ടപ്പോള്‍ അയാള്‍ താല്‍പ്പര്യത്തോടെ തിരക്കി.
അവന്‍ ഒന്നു പുഞ്ചിരിച്ചു.
”മുത്തശ്ശി ആ ദൈവക്കല്ല് അപ്പൂപ്പനു തന്നിരുന്നോ?” അവന്‍ ചോദിച്ചു.
”ഏത്, ആ ചാത്തന്‍കല്ലോ?”
കുഞ്ചാറുമുത്തന്‍ താടിതടവിക്കൊണ്ട് ചോദിച്ചു.
”ചാത്തനല്ല, കുഞ്ഞുണ്ണി.”
അവന്‍ തിരുത്തി.
”ഉണ്ണി അതിനെക്കുറിച്ചൊന്നും ഇനി ഓര്‍ക്കേണ്ട. തല്‍ക്കാലം രക്ഷപ്പെട്ടൂന്ന് കരുതി സമാധാനിക്ക്.”
കുഞ്ചാറുമുത്തന്‍ പറഞ്ഞു.
”കുഞ്ഞുണ്ണി പാവമാണ്.”
അവന്‍ മനസ്സുതുറന്നു.
”അതൊക്കെ ചാത്തന്റെ ഓരോ മായകളാണ്.”
കുഞ്ചാറുമുത്തന്‍ ഒന്നു നെടുവീര്‍പ്പിട്ടു.
”ആ കല്ല് എനിക്കുവേണം.” അവന്‍ പറഞ്ഞു.
”അയ്യോ, അതുപറ്റില്ല. ഉണ്ണിയുടെ മുത്തശ്ശിയറിഞ്ഞാല്‍ എന്നെ കൊന്നുകളയും.”
”മുത്തശ്ശിയറിയില്ല.” അവന്‍ ഉറപ്പുനല്‍കി.
”ഉണ്ണീ, ചാത്തനോടുള്ള സഹവാസം അത്ര നല്ലതല്ല.”
അയാള്‍ മുന്നറിയിപ്പു നല്‍കി.
കണ്ണനുണ്ണി പോക്കറ്റില്‍ നിന്നും നൂറുരൂപയെടുത്ത് കുഞ്ചാറുമുത്തന്റെ നേര്‍ക്കു നീട്ടി. അതവന് കഴിഞ്ഞ വിഷുവിന് കൈനീട്ടം കിട്ടിയതായിരുന്നു.
പണം കണ്ടപ്പോള്‍ അയാളുടെ മുഖം വിടര്‍ന്നു. രണ്ടുകൈയും നീട്ടി അയാളതുവാങ്ങി ഇടുപ്പില്‍ തിരുകി.
”ശരി, എന്റെ കൂടെ വന്നോളൂ.”
അയാള്‍ ധൃതിയില്‍ നടന്നു. കണ്ണനുണ്ണി അയാളെ അനുഗമിച്ചു.
കുഞ്ചാറുമുത്തന്‍ നേരെ പാടത്തുകുളത്തിലേയ്ക്കാണു ചെന്നത്. ഭാണ്ഡം വരമ്പില്‍ വച്ചശേഷം അയാള്‍ കടവിലിറങ്ങി അരയ്ക്കറ്റം വളളത്തില്‍ ചെന്നുനിന്നു. പിന്നെ, ഒരു മുങ്ങല്‍. നിവര്‍ന്നത് ആ ത്രികോണക്കല്ലുമായിട്ടാണ്. അയാളത് കണ്ണനുണ്ണിക്കു നല്‍കി.
”മുത്തശ്ശിയറിയരുത്.”
അയാള്‍ വീണ്ടും ഓര്‍മ്മിപ്പിച്ചു.
നഷ്ടപ്പെട്ട കളിപ്പാട്ടം തിരിച്ചുകിട്ടിയ സന്തോഷത്തോടെയാണ് കണ്ണനുണ്ണി വീട്ടിലേയ്ക്കു ചെന്നത്. മുത്തശ്ശിയുടെ കണ്ണില്‍പ്പെടാതെ അവനത് ബാഗില്‍ പുസ്തകങ്ങള്‍ക്കിടയിലായിവച്ചു.
അന്നുരാത്രി കണ്ണനുണ്ണിയുടെ സ്വപ്നത്തില്‍ കുഞ്ഞുണ്ണി നിറനിലാവുപോലെ കടന്നുവന്നു.
”ഉണ്ണിയെന്നെ ഉപേക്ഷിച്ചെന്നാണ് കരുതിയത്.” കുഞ്ഞുണ്ണി അല്പം പരിഭവത്തോടെ പറഞ്ഞു.
”ക്ഷമിക്കണം. പരീക്ഷയായതുകൊണ്ടാ.” അവന്‍ കുറ്റബോധത്തോടെ അറിയിച്ചു.
”ആ കുട്ടി പുഴയിലിട്ടശേഷം പിന്നീടെന്തു സംഭവിച്ചു?”
കണ്ണനുണ്ണി ആകാംക്ഷയോടെ ചോദിച്ചു.
”പറയാം. മാസങ്ങളോളം ഞാന്‍ പുഴയില്‍ത്തന്നെ കിടന്നു. ഒരുനാള്‍ മീന്‍പിടിക്കാനെത്തിയ ഒരാളുടെ കൈയില്‍ ഞാന്‍ ചെന്നുപെട്ടു. എന്റെ ആകൃതികണ്ടിട്ടാവാം അയാള്‍ എന്നെ എടുത്തുകൊണ്ടുപോയി. പിന്നീട്, ഒരു കാഞ്ഞിരത്തിന്റെ ചുവട്ടില്‍ മണ്‍തറകെട്ടി എന്നെ പ്രതിഷ്ഠിച്ചു. ‘കരിങ്കുട്ടി’ എന്നൊരു പേരും നല്‍കി. എല്ലാ അമാവാസികളിലും അയാള്‍ കോഴിയെ കൊന്ന് ആ ചോര എന്റെ തലയിലൂടെ ഒഴുക്കുമായിരുന്നു. മറ്റുള്ളവരുടെ നാശത്തിനുവേണ്ടിയാണ് പലപ്പോഴും അയാള്‍ എന്നോടു പ്രാര്‍ത്ഥിച്ചത്.
”എന്നിട്ട്?”
കണ്ണനുണ്ണി ഇടയ്ക്കുകയറി ചോദിച്ചു.
രണ്ടുമൂന്നുകൊല്ലം കഴിഞ്ഞുകാണും. അയാള്‍ തളര്‍വാതം ബാധിച്ച് കിടപ്പിലായി. അതിനുപിന്നില്‍ ഞാനാണെന്ന് അയാളുടെ കുടുംബക്കാര്‍ സംശയിച്ചു. അവര്‍ എന്നെ കാഞ്ഞിരച്ചുവട്ടില്‍ നിന്നും പുഴക്കിയെടുത്ത് വീണ്ടും പുഴയില്‍ കൊണ്ടു ചെന്നിട്ടു. അങ്ങനെ വീണ്ടും ജലശയനം.
(തുടരും)