- ദൈവക്കല്ല് (ഒരു കല്ലിന്റെ കഥ 1)
- കുഞ്ഞുണ്ണി (ഒരു കല്ലിന്റെ കഥ 2)
- കുഞ്ചാറുമുത്തന്‍ (ഒരു കല്ലിന്റെ കഥ 3)
- കാളിയമ്മയും നീലിയമ്മയും (ഒരു കല്ലിന്റെ കഥ 5)
- കരിങ്കുട്ടി ( ഒരു കല്ലിന്റെ കഥ 4)
- മുണ്ടിയന്‍ (ഒരു കല്ലിന്റെ കഥ 6)
- കറുപ്പസ്വാമി (ഒരു കല്ലിന്റെ കഥ 7)
”അങ്ങനെ വീണ്ടും പുഴയില്‍….”
താടിക്കു കൈകൊടുത്തുകൊണ്ട് കണ്ണനുണ്ണി പറഞ്ഞു.
”അതെ”
കുഞ്ഞുണ്ണി തുടര്‍ന്നു.
ആ ജലശയനം പക്ഷേ, അധികനാള്‍ നീണ്ടുനിന്നില്ല. മണലുകോരാനെത്തിയ ഒരു സ്ത്രീയുടെ കൈയിലാണ് പിന്നീട് ഞാന്‍ ചെന്നു പെട്ടത്. ആ സ്ത്രീ മണലിനോടൊപ്പം എന്നെയും വീട്ടിലേയ്ക്കു കൊണ്ടുപോയി. കുറച്ചു ദിവസങ്ങള്‍ക്കുശേഷം അവരുടെ വീട്ടിലെ വേപ്പുമരച്ചുവട്ടില്‍ എന്നെ പ്രതിഷ്ഠിച്ചു. അരിപ്പൊടിയും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കിയ പച്ചമാവ് ചൊവ്വാഴ്ചകളില്‍ എനിക്കു നിവേദ്യമായി സമര്‍പ്പിച്ചു. ചുവന്ന അരളിപ്പൂക്കള്‍കൊണ്ട് മാലകെട്ടി എനിക്കുചാര്‍ത്തി. അതെ, ഞാനവരുടെ കാളിയമ്മയായി.
അങ്ങനെ ആറേഴുകൊല്ലം കടന്നുപോയി. ഒരുനാള്‍ ആ കുടുംബം വീടുവിറ്റ് താമസംമാറി. പുതിയ താമസക്കാര്‍ എന്നെ പരിഗണിച്ചില്ല. അവര്‍ വേപ്പുമരം മുറിച്ചുമാറ്റി തെങ്ങുവച്ചു. മരം വെട്ടുകാരുടെ ഉപദേശപ്രകാരം അവരെന്നെ അടുത്തുള്ള കുളത്തില്‍ കൊണ്ടുചെന്നിട്ടു. പിന്നെ, മാസങ്ങളോളം ആ കുളത്തിലെ ചേറില്‍പുതഞ്ഞ് പുറംലോകം കാണാതെ ഞാന്‍ കിടന്നു.
പതിവുപോലെ വേനലില്‍ ആ വയല്‍കുളം വറ്റി. കുളവരമ്പിനു ചുറ്റും ധാരാളം പനകളുണ്ടായിരുന്നു. പാലുണ്ണി എന്നുപേരുള്ള ഒരു പനകയറ്റക്കാരനായിരുന്നു ആ പനകളുടെ ചെത്തവകാശം. ഒരുനാള്‍ അയാള്‍ എന്നെ കാണുകയുണ്ടായി. ചേറില്‍ പുതഞ്ഞുകിടന്ന എന്നെ കഴുകി വൃത്തിയാക്കിയശേഷം അയാള്‍ കുളവരമ്പിലെ ഒറ്റപ്പനയുടെ ചുവട്ടില്‍ സ്ഥാപിച്ചു. ആണ്ടിലൊരിക്കല്‍ കള്ളും കോഴിയും നിവേദ്യമായി നല്‍കി. ഞാനവിടെ പനകയറ്റക്കാരുടെ നീലിയമ്മയായി.
കരിമ്പനകള്‍ കുടം കണക്കിനു കള്ളുചുരത്താനായി അവര്‍ എന്റെ മുന്നില്‍ നിന്നു പ്രാര്‍ത്ഥിച്ചു. ഓരോ പനകയറ്റക്കാരനും എന്നെ തൊട്ടുനെറുകയില്‍ വച്ചശേഷമാണ് പനകയറ്റം തുടങ്ങിയിരുന്നത്. ആദ്യം കയറുന്ന പനയിലെ കള്ളില്‍ നിന്നും അല്പമെടുത്ത് എനിക്കു സമര്‍പ്പിക്കുമായിരുന്നു.
ഒരു വ്യാഴവട്ടക്കാലം പനങ്കാവിലെ നീലിയമ്മയായി ഞാന്‍ കഴിഞ്ഞു. അതിനിടയില്‍ പാലുണ്ണി പനയില്‍ നിന്നും വീണുമരിച്ചു. ജ്യോത്സ്യന്മാര്‍ എന്റെ അപ്രീതികൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് സ്ഥാപിച്ചു. അതോടെ മറ്റു പനകയറ്റക്കാര്‍ക്കെല്ലാം ഞാനൊരു പേടിസ്വപ്നമായിത്തീര്‍ന്നു. പാലുണ്ണി മരിച്ച് കൊല്ലം തികയുന്നതിനുമുമ്പ് അയാളുടെ മകന്‍ പരമന്‍ കൂടി മരിച്ചതോടെ എന്നിലുള്ള ഭയം ഇരട്ടിച്ചു.
”അയാളും പനയില്‍ നിന്നും വീണാണോ മരിച്ചത്?” കണ്ണനുണ്ണി ചോദിച്ചു.
”അല്ല, പാമ്പുകടിയേറ്റ്.”
”അതോടെ പനങ്കാവില്‍ നിന്നും ഞാന്‍ പുറത്തായി. ജ്യോത്സ്യന്മാരുടെ നിര്‍ദ്ദേശപ്രകാരം പനകയറ്റക്കാര്‍ എന്നെ ചുവന്ന പട്ടില്‍ പൊതിഞ്ഞ് പുഴയിലിടുകയായിരുന്നു. ആ പനയും അവര്‍ മുറിച്ചുമാറ്റി.”
”അങ്ങനെ വീണ്ടും പുഴയില്‍!”
കണ്ണനുണ്ണി താടിക്കുകൈകൊടുത്തുകൊണ്ട് പറഞ്ഞു.
”അത് മറ്റൊരു പുഴയായിരുന്നുവെന്നു മാത്രം.”
കുഞ്ഞുണ്ണി ഒന്നു നെടുവീര്‍പ്പിട്ടു.
(തുടരും)