ഇന്ത്യന്‍ രാഷ്ട്രപതിമാരോടുള്ള നെഹ്രു കുടുംബത്തിന്റെ പുച്ഛത്തിന് സ്വാതന്ത്ര്യലബ്ധിയോളം പഴക്കമുണ്ട്. ലോര്‍ഡ് മൗണ്ട്ബാറ്റന്‍ വഹിച്ചിരുന്ന വൈസ്രോയി പദവി സ്വതന്ത്ര ഇന്ത്യയില്‍ ഗവര്‍ണ്ണര്‍ ജനറലായും പിന്നീട് രാഷ്ട്രപതിയായും മാറിയെങ്കിലും മൗണ്ട് ബാറ്റന്റെ വിശ്വസ്ത വിധേയനായിരുന്ന നെഹ്രു ഒരിക്കലും ഇന്ത്യയുടെ രാഷ്ട്രപതി പദവിക്ക് അര്‍ഹിക്കുന്ന ബഹുമാനം നല്‍കിയില്ല എന്നതാണ് ചരിത്രം. നെഹ്രുവും ആദ്യ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദും തമ്മില്‍ പല വിഷയങ്ങളിലും ഭിന്നാഭിപ്രായമുണ്ടായിരുന്നു. ഹിന്ദു കോഡ് ബില്ലില്‍ തുടങ്ങിയ ഇരുവര്‍ക്കിടയിലെ ഭിന്നത എക്കാലവും തുടര്‍ന്നു. പ്രധാനമന്ത്രി നെഹ്രു രാഷ്ട്രപതിക്കെതിരാണ് എന്നത് അധികാരകേന്ദ്രങ്ങളിലെല്ലാവര്‍ക്കും സുവ്യക്തവുമായിരുന്നു. ഇന്ദിരാഗാന്ധിക്കും രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് രാഷ്ട്രപതി പദവിയെ ഉപയോഗിക്കണമെന്ന ചിന്തകളാണുണ്ടായിരുന്നത്. ഫക്രുദീന്‍ അലി അഹമ്മദിനെ അടിയന്തരാവസ്ഥ പ്രഖ്യാപന ത്തില്‍ ഒപ്പീടിക്കുവാന്‍ നിര്‍ബന്ധിക്കാന്‍ ഇന്ദിരയ്ക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല. ഇന്ദിരാഗാന്ധിയുടെ വധത്തിന് ശേഷമുണ്ടായ രാഷ്ട്രീയ അസ്ഥിരതകളിലും സിഖ് കൂട്ടക്കൊലകളിലും ഏറ്റവുമധികം പഴികേള്‍ക്കേണ്ടിവന്നത് അന്നത്തെ രാഷ്ട്രപതി സെയില്‍സിങിനായിരുന്നു. അദ്ദേഹത്തിന്റെ വാഹനവ്യൂഹം വരെ ദല്‍ഹിയില്‍ ആക്രമണത്തിനിരയായി. തൊട്ടുപിന്നാലെ അധികാരമേറ്റെടുത്ത രാജീവ്ഗാന്ധിയും സെയില്‍സിങും തമ്മിലുള്ള ബന്ധം ഏറെ മോശമായി മാറി. രാജീവ്ഗാന്ധി രാഷ്ട്രപതിയെ കാണാന്‍ പോലും പലപ്പോഴും തയ്യാറായിരുന്നില്ല. നയപരമായ കാര്യങ്ങളും പ്രധാനമന്ത്രിയുടെ വിദേശ-ആഭ്യന്തര യാത്രകളുടെ വിവരങ്ങളുമടക്കം എല്ലാം രാഷ്ട്രപതിയില്‍ നിന്ന് മറച്ചുപിടിച്ച് അപമാനിച്ചു. ബോഫോഴ്‌സ് അടക്കമുള്ള അഴിമതികള്‍ നിറഞ്ഞ രാജീവ് ഗാന്ധി സര്‍ക്കാരിനെ രാഷ്ട്രപതി സെയില്‍സിങ് പിരിച്ചുവിട്ടേക്കുമെന്ന രാഷ്ട്രീയ അഭ്യൂഹങ്ങള്‍ പോലും അക്കാലത്ത് ദല്‍ഹിയില്‍ ശക്തമായിരുന്നു.
എ.പി.ജെ അബ്ദുള്‍ കലാമിനോടും കോണ്‍ഗ്രസിന്റെ മനോഭാവം അനുകൂലമായിരുന്നില്ല. യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ സോണിയാഗാന്ധിയുടെ അടുത്ത അനുയായിയായ പ്രതിഭാ പാട്ടീലിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് എത്തിച്ച നെഹ്രു കുടുംബം അവര്‍ക്കും ഒരുകാലത്തും മതിപ്പു നല്‍കിയില്ല. പുറത്തുവന്ന വിക്കിലീക്സ് രേഖകള്‍ പ്രകാരം സോണിയാഗാന്ധി അവരുടെ ഏറ്റവും അടുത്ത വിശ്വസ്തയെ രാജ്യത്തിന്റെ ഉയര്‍ന്ന പദവിയിലേക്ക് നിയമിക്കുകയായിരുന്നു എന്നതാണ്. പിന്നീട് രാഷ്ട്രപതി പദവിയിലെത്തിയ പ്രണബ് കുമാര്‍ മുഖര്‍ജിയോടും നെഹ്റു കുടുംബം പലപ്പോഴും അകല്‍ച്ച നിലനിര്‍ത്തി. അദ്ദേഹത്തിന് പ്രധാനമന്ത്രി പദം നിഷേധിക്കാനും രാഷ്ട്രപതി പദത്തില്‍ അവരോധിച്ച് രാഷ്ട്രീയത്തില്‍ നിന്ന് മാറ്റിനിര്‍ത്താനും നെഹ്രു കുടുംബം പരിശ്രമിച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പലപ്പോഴും ആരോപിച്ചിട്ടുണ്ട്. പ്രണബ് മുഖര്‍ജി മരിച്ചപ്പോള്‍ പ്രമേയം പാസ്സാക്കി അനുശോചിക്കാന്‍ പോലും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തയ്യാറാവാത്തതിനെ മകള്‍ ശര്‍മ്മിഷ്ട മുഖര്‍ജി അടുത്തിടെ വിമര്‍ശിച്ചിരുന്നു.
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പ്രണബ് കുമാര്‍ മുഖര്‍ജിക്ക് നല്‍കിയ ആദരവ് ഏറെ ശ്രദ്ധേയമായിരുന്നു. ഏറ്റവുമൊടുവില്‍ ദല്‍ഹിയിലെ രാഷ്ട്രീയ സ്മൃതി സ്ഥലില്‍ രാഷ്ട്രനേതാക്കളുടെ സ്മൃതിമന്ദിരത്തിന് സമീപം പ്രണബ് മുഖര്‍ജിക്കും സ്മാരക നിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാര്‍ സ്ഥലം അനുവദിച്ചിരുന്നു. പ്രണബ്കുമാര്‍ മുഖര്‍ജിക്ക് ശേഷം രാഷ്ട്രപതി സ്ഥാനത്തേക്ക് എത്തിയ രാംനാഥ് കോവിന്ദ് എന്ന പട്ടികജാതി നേതാവിനെ ദുര്‍ബലനെന്ന് പറഞ്ഞ് പലവട്ടമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആക്ഷേപിച്ചിട്ടുള്ളത്. ഇതിന്റെയെല്ലാം തുടര്‍ച്ചയാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് നെഹ്രു കുടുംബത്തില്‍ നിന്നേറ്റ അപമാനം. രാജ്യത്തിന്റെ സര്‍വ്വസൈന്യാധിപനായ രാഷ്ട്രപതിയെ അംഗീകരിക്കാന്‍ ഇന്ത്യയെ തറവാട്ടുസ്വത്തുപോലെ കൊണ്ടുനടക്കുന്ന നെഹ്രു കുടുംബാംഗങ്ങള്‍ക്കാവില്ല എന്നതു തന്നെയാണ് ഇതിന്റെയെല്ലാം അടിസ്ഥാന ഘടകം.
ആദിവാസി സ്ത്രീയും വിധവയുമായതിനാല്‍ രാഷ്ട്രപതിയെ അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ബിജെപി മനപ്പൂര്‍വ്വം ക്ഷണിച്ചില്ല എന്ന തരംതാണ ആരോപണം ഉന്നയിച്ചാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെതിരായ ആക്ഷേപം നെഹ്രു കുടുംബം ആരംഭിച്ചത്. രാഷ്ട്രപതിയല്ല അവര്‍ രാഷ്ട്രപത്നിയാണെന്ന പരിഹാസം ചില കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വനിതാ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീലിനെ സര്‍വ്വ ആദരവോടും കൂടി ബിജെപിയും പ്രതിപക്ഷ പാര്‍ട്ടികളും കണ്ടപ്പോള്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്ന് കഠിനാധ്വാനംകൊണ്ട് രാജ്യത്തിന്റെ രാഷ്ട്രപതി പദവി വരെയെത്തിയ ദ്രൗപദി മുര്‍മുവിനെ ആക്ഷേപിക്കാന്‍ മാത്രമാണ് സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും വാ തുറന്നത്. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഇരുസഭകളുടേയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു നടത്തിയ ദ്രൗപദി മുര്‍മുവിന്റെ നയ പ്രഖ്യാപന പ്രസംഗം ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ പ്രസംഗത്തിന് ശേഷം പുറത്തേക്കിറങ്ങിയ സോണിയാഗാന്ധിയും മകന്‍ രാഹുല്‍ഗാന്ധിയും പാര്‍ലമെന്റ് വളപ്പില്‍ രാഷ്ട്രപതിയെ മോശം വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിക്കുകയായിരുന്നു. രാഷ്ട്രപതി പ്രസംഗിച്ചു തളര്‍ന്നുവെന്നും പാവം സ്ത്രീയെന്നുമായിരുന്നു സോണിയാഗാന്ധിയുടെ പ്രതികരണം. വിരസമായ പ്രസംഗമാണ് രാഷ്ട്രപതി നടത്തിയതെന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ കളിയാക്കല്‍. ഭരണഘടനാ ദിനത്തില്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാനെത്തിയ രാഷ്ട്രപതിയെ വണങ്ങാതെ നിന്ന രാഹുലിന്റെ നടപടിയും നേരത്തെ വിമര്‍ശന വിധേയമായിരുന്നു.
കടുത്ത ഭാഷയിലാണ് സോണിയാഗാന്ധിക്കും രാഹുല്‍ഗാന്ധിക്കുമെതിരെ രാഷ്ട്രപതിഭവന്‍ പ്രത്യേക പ്രസ്താവന പുറത്തിറക്കിയത്. ”ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ പാര്‍ലമെന്റിലെ പ്രസംഗത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കവേ, കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ചില പ്രമുഖ നേതാക്കള്‍ ഉന്നതപദവിയുടെ അന്തസ്സിനെ വ്രണപ്പെടുത്തുന്ന അഭിപ്രായങ്ങളാണ് നടത്തിയത്. അത്തരം നടപടികള്‍ അംഗീകരിക്കാനാവില്ല. പ്രസംഗത്തിന്റെ അവസാനമായപ്പോഴേക്കും രാഷ്ട്രപതി വല്ലാതെ തളര്‍ന്നിരുന്നുവെന്നും അവര്‍ക്ക് സംസാരിക്കാന്‍ പ്രയാസമാണെന്നും ഈ നേതാക്കള്‍ പറഞ്ഞു. അസത്യ പ്രസ്താവനകള്‍ രാഷ്ട്രപതി ഭവന്‍ അംഗീകരിക്കുന്നില്ല. രാഷ്ട്രപതി പ്രസംഗത്തിന്റെ ഒരു ഘട്ടത്തിലും തളര്‍ന്നില്ല. വാസ്തവത്തില്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്കുവേണ്ടിയും സ്ത്രീകള്‍ക്കുവേണ്ടിയും കര്‍ഷകര്‍ക്കുവേണ്ടിയും സംസാരിക്കുന്നതില്‍ ഒരിക്കലും മടുപ്പനുഭവപ്പെടില്ലെന്ന് രാഷ്ട്രപതി വിശ്വസിക്കുന്നു. ഈ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഹിന്ദി പോലുള്ള ഭാരതീയ ഭാഷകളിലെ പദപ്രയോഗങ്ങളും വ്യവഹാരങ്ങളും പരിചയമില്ലാത്തതാവാം പ്രശ്‌നം. എന്തായാലും നേതാക്കള്‍ നടത്തിയ അഭിപ്രായങ്ങള്‍ മോശം അഭിരുചിയോടെയുള്ളതും നിര്‍ഭാഗ്യകരവും പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതുമാണ്”, രാഷ്ട്രപതി ഭവന്റെ പ്രസ്താവന ഇപ്രകാരമായിരുന്നു. സോണിയാഗാന്ധിക്കും മകനും ഇന്ത്യന്‍ ഭാഷയിലെ പ്രസംഗം മനസ്സിലാവാത്തത് അവരുടെ വൈദേശിക പൗരത്വം കാരണമാണെന്ന തരത്തില്‍ പോലും വ്യാഖ്യാനിക്കാവുന്ന തരം കടുത്ത വാക്കുകളാണ് രാഷ്ട്രപതി ഭവനില്‍ നിന്നുണ്ടായത് എന്നതും ശ്രദ്ധേയമായി.
സോണിയാഗാന്ധി രാഷ്ട്രപതിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ രാജ്യത്തെ ആദിവാസികളെയും ദരിദ്രരേയും അവഹേളിക്കുന്നതാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. ‘രാജകുടുംബ’ത്തിലെ ഒരംഗത്തിന് രാഷ്ട്രപതിയുടെ പ്രസംഗം വിരസത നിറഞ്ഞതായി തോന്നിയപ്പോള്‍ മറ്റൊരംഗത്തിന് രാഷ്ട്രപതിയുടെ ഭാഷ ക്ഷീണിച്ചതായി തോന്നി. രാജകുടുംബത്തിന് അര്‍ബന്‍ നക്‌സലുകളുടെ വാക്കുകളോടാണ് പ്രിയം കൂടുതല്‍. കോണ്‍ഗ്രസിലെ രാജകുടുംബം ആദിവാസി സ്ത്രീയെ അപമാനിച്ചിരിക്കുന്നു. ദ്രൗപദി മുര്‍മു പട്ടികവര്‍ഗ്ഗ കുടുംബത്തില്‍ നിന്നാണ് വരുന്നത്. അവരുടെ മാതൃഭാഷ ഹിന്ദിയല്ല. ഒഡിയയാണ്. പാര്‍ലമെന്റില്‍ നടത്തിയ മനോഹരമായ പ്രസംഗത്തിലൂടെ അവര്‍ എല്ലാവരേയും വിസ്മയിപ്പിച്ചു. എന്നാല്‍ കോണ്‍ഗ്രസിലെ രാജകുടുംബം അവരെ അപമാനിക്കുകയാണ്. രാജ്യത്തെ പത്തുകോടി ആദിവാസികളെ അപമാനിക്കുന്നതിന് തുല്യമാണിത്. രാജ്യത്തെ ഓരോ പാവപ്പെട്ടവരോടുമുള്ള അവഹേളനമാണിത്. രാജ്യത്തെ ജനങ്ങളെ അപമാനിക്കുന്നതും രാജ്യത്തെ വിദേശത്ത് പോയി പരിഹസിക്കുന്നതും അവരുടെ ശീലമാണ്, ഇതായിരുന്നു. മോദിയുടെ വാക്കുകള്‍. എന്തായാലും രാഷ്ട്രപതിക്കെതിരായ നെഹ്രു കുടുംബത്തിന്റെ അസഹിഷ്ണുതയ്ക്ക് ഇതുകൊണ്ടൊന്നും അന്ത്യം ഉണ്ടാവുമെന്ന പ്രതീക്ഷ വേണ്ട. രാജ്യത്തെ സ്വന്തമാക്കി ഭരിക്കാന്‍ ആഗ്രഹിക്കുന്ന രാഷ്ട്രീയ കുടുംബത്തിന് ഭരണഘടനാ പദവികളോട് എക്കാലവും പുച്ഛം മാത്രമായിരിക്കുമെന്നുറപ്പാണ്.