തൊണ്ണൂറുകളിലെപ്പോഴോ ഇന്ത്യടുഡേയുടെ മലയാളം പതിപ്പില്‍ പത്രപ്രവര്ത്തകന് കൂടിയായ ബി.മുരളി എഴുതിയ കഥയാണ് ‘ഉമ്പര്‍ട്ടോ എക്കോ’. ഈ കഥ ഇപ്പോള്‍ കോളേജ് ക്ലാസില്‍ പാഠ്യവിഷയമാണെന്ന് ആരോ പറയുന്നതു കേട്ടു. ഇന്ത്യ ടുഡേയിലാണ് കഥ വായിച്ചതെന്ന് വെറും ഓര്‍മയെ ആശ്രയിച്ചു മാത്രം പറയുന്നതാണ്. ശരിയായിക്കൊള്ളണമെന്നില്ല. പാരലല്‍ കോളേജ് അദ്ധ്യാപകനായ രാമകൃഷ്ണനും അയാളുടെ കാമുകിയായ സുജാതയും തമ്മിലുള്ള ബന്ധം വായനയും അതിനെകുറിച്ചുളള ചര്‍ച്ചയും തുടര്‍ന്ന് ശിഥിലമാകുന്നതാണ് കഥാവസ്തു.
ഈ കഥയ്ക്ക് പല മാനങ്ങളുണ്ട്. കഥാകൃത്ത് അയാളറിയാതെ ഒളിപ്പിച്ചു വച്ച മലയാളിയുടെ പൊതുമനോഭാവം ഈ കഥയിലൂടെ പുറത്തുവരുന്നുണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇംഗ്ലീഷ് ഭാഷയേയും അതിലൂടെ ലഭിക്കുന്ന അറിവിനേയും നിരന്തരമാശ്രയിക്കുന്നതു മൂലം സ്വാശ്രയബോധം നഷ്ടപ്പെട്ട ശരാശരി മലയാളിയുടെ പ്രതിനിധിയാണ് നമ്മുടെ കഥാകൃത്ത് ബി.മുരളിയും. നാല്പതുകളില് തുടങ്ങിയ ഈ ആശ്രിതത്വം ഇന്ന് നമ്മളെ അധഃപതനത്തിന്റെ പടുകുഴിയില്‍ എത്തിച്ചിരിക്കുന്നു. സ്വന്തം നിലയില്‍ ഒന്നും സൃഷ്ടിക്കാന്‍ പ്രാപ്തിയില്ലാത്ത ഒരാശ്രിത സമൂഹമായി നമ്മള് അധഃപതിച്ചുകഴിഞ്ഞു. ആ മനോഭാവം അതിന്റെ സമഗ്രഭാവത്തില്‍ പ്രകടമാകുന്ന കഥയാണ് ‘ഉമ്പര്‍ട്ടോ എക്കോ.’
ഉമ്പര്‍ട്ടോ എക്കോ മലയാളികള്‍ക്ക് വളരെ പരിചിതനായ ഒരു ഇറ്റാലിയന്‍ എഴുത്തുകാരനാണ്. തത്വചിന്തകനും ചിഹ്നശാസ്ത്രകാരനും മധ്യകാലസൗന്ദര്യശാസ്ത്രഗവേഷകനും സര്‍വ്വകലാശാല അദ്ധ്യാപകനും സംസ്കാരവിമര്‍ശകനും രാഷ്ട്രീയ വിശകലനവിദഗ്ദ്ധനും ഒക്കെയായ എക്കോ തന്റെ 48-ാം വയസ്സിലാണ് ആദ്യനോവലായ “The Name of Rose’ പ്രസിദ്ധീകരിക്കുന്നത്. അതിനെതുടര്‍ന്ന് അദ്ദേഹം നാലു നോവലുകള്‍ കൂടി പ്രസിദ്ധീകരിച്ചതോടെ മറ്റുമേഖലകളിലെ പ്രവര്‍ത്തനങ്ങളൊക്കെ അപ്രസക്തമായി. നോവലിസ്റ്റെന്ന നിലയില്‍ ലോകം മുഴുവന്‍ അറിയപ്പെടാന്‍ തുടങ്ങി. ഉത്തരാധുനികതയുടെ ട്രെന്റ് സെറ്ററായി അദ്ദേഹത്തിന്റെ ആദ്യനോവല്‍ മാറുകയുണ്ടായി. അതിനെ അനുകരിച്ച് ലോകത്ത് പലയിടത്തും കൃതികളുണ്ടായി.
“The Name of Rose’ അത്ര എളുപ്പം വായിച്ചുതീര്‍ക്കാവുന്ന കൃതിയല്ല. അതിനെ ഒരു മോശം നോവല്‍ എന്നു പറയുകയും എളുപ്പമല്ല. നോവലിസ്റ്റു തന്നെ പറയുന്നതു പോലെ:Books always speak of other books and every story tells a story that has already been told എന്നതാണ് ശരി.
ടി.എസ്. എലിയറ്റിന്റെ നാടകമായ Murder in the Cathedral’, ആര്‍തര്‍ കോനന്‍ ഡോയലിന്റെ ഷെര്‍ലക് ഹോംസ് സീരിസില്‍പ്പെട്ട The Hound of Bhasker Villes, അര്‍ജന്റീനിയന്‍ നോവലിസ്റ്റായ ജോര്ബോര്ഹെസിന്റെ (Jorge Lui’s Borges) Library of the Babel, The Secret Miracle, The Death and the Compass, ബൈബിള്‍ പുതിയ നിയമത്തിലെ The Book of Revelation എന്നിവയില്‍ നിന്നെല്ലാം ഉബര്‍ട്ടോ എക്കോ കടംകൊള്ളുന്നുണ്ട്. ഇതൊന്നും പോരാഞ്ഞിട്ട് അരിസ്റ്റോട്ടിലിന്റെ പൊയറ്റിക്സിന്റെ നഷ്ടപ്പെട്ട ഭാഗങ്ങള്‍ ഉള്ളതായി സങ്കല്പിക്കുകയും ചെയ്യുന്നു. 1327ല്‍ ഒരു ബനഡിക്ടന്‍ ആശ്രമത്തില്‍ നടന്നതായി സങ്കല്പിക്കുന്ന കൊലപാതകപരമ്പരയും അതിന്റെ അന്വേഷണവും ഒക്കെയാണ് നോവലിലെ വിഷയം. കൊലപാതകം അന്വേഷിക്കാനെത്തുന്ന സന്ന്യാസിക്ക് ‘ബാസ്ക്കര്‍ വില്ലയിലെ വില്യം’ എന്നിങ്ങനെ ആര്‍തര്‍ കോനന്‍ഡോയലിന്റെ കഥാപാത്രവുമായി സാമ്യമുള്ള പേരുകൊടുക്കാന്‍ എക്കോ മടിക്കുന്നില്ല. ഷെര്‍ലക് ഹോംസിന് ഡോക്ടര്‍ വാട്ട്സണ് സഹായിയായി ഉള്ളതുപോലെ ഇവിടെ ഇദ്ദേഹത്തിനും ഒരു സഹായിയുണ്ട്. അഡ്സോ ഓഫ് മെല്‍ക്ക് (Ads of Melk). ). ഇദ്ദേഹത്തിന്റെ വിവരണത്തിലൂടെയാണ് നോവല്‍ പുരോഗമിക്കുന്നത്. ഏഴ് ദിവസത്തെ കഥയായി ഏഴ് ഭാഗങ്ങളായി തിരിച്ചിരിക്കുന്ന നോവലില്‍ ലാറ്റിന്‍ ഭാഷയിലെ ഉദ്ധരണികളും തത്വചിന്തയും ചിഹ്നശാസ്ത്രവുമൊക്കെ നിറച്ചുവച്ചിരിക്കുന്നു. തീരെ ശ്രദ്ധിക്കപ്പെടാനിടയില്ലെന്ന് രചയിതാവ് കരുതിയ കൃതി പക്ഷേ ഒരു കോടിയിലേറെ കോപ്പികള്‍ വിറ്റുപോയത്രേ! ഒരു കൊലപാതക കഥ പറയുകയല്ല നോവലിസ്റ്റിന്റെ ലക്ഷ്യം. അതിലൂടെ ചരിത്രവും തത്വചിന്തയും ചിഹ്നശാസ്ത്രവും ഒക്കെ അവതരിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ ഉന്നം.
ഒറ്റ വായനയ്ക്കുശേഷം കൃതിയെക്കുറിച്ച് ഒരഭിപ്രായം പറയുന്നത് കടന്നകൈയാണ്. കാരണം ആവര്‍ത്തിച്ചുള്ള പാരായണം ആവശ്യപ്പെടുന്ന കൃതിയാണിത്. ഈ കൃതിക്കുശേഷം ലോകഭാഷകളില്‍ വ്യാപകമായി അനുകരിക്കപ്പെട്ട ക്രിസ്ത്യന്‍ തിയോളജിയുടെ വകഭേദങ്ങളായ കൃതികള്‍ വായനയെ പോഷിപ്പിക്കുന്നവയാണെന്ന് എനിക്ക് അഭിപ്രായമില്ല. ഇതിനെ അതേപടി അനുകരിച്ചാണ് ഡാന്‍ബ്രൗണിന്റെ ഡാവിന്‍സി കോഡും മറ്റും പുറത്തുവന്നത്. അവയൊക്കെ സമയം നഷ്ടപ്പെടുത്തുന്നവയെന്നേ പറയാനുള്ളൂ. ആ ജനുസ്സില്പെട്ട ആദ്യകൃതി എന്ന നിലയ്ക്ക് ഈ നോവലിനെ പൊറുപ്പിക്കാവുന്നതേയുള്ളൂ.
നമുക്കു ബി. മുരളിയുടെ കഥയിലേക്ക് മടങ്ങി വരാം. കഥയിലെ പാരലല്‍ കോളേജ് അദ്ധ്യാപകന് തന്റെ ഭാവിവധുവായി കാണുന്ന സുജാതയില്‍ അത്യാവശ്യം വായനാശീലം വളര്‍ത്താന്‍ ആദ്യം കൊടുക്കുന്ന കൃതി തകഴിയുടെ രണ്ടിടങ്ങഴിയാണ്. പിന്നെ ‘ഓടയില്‍ നിന്നും’. എന്നാല്‍ സുജാത വായിക്കാന്‍ തുടങ്ങിയതോടെ മറ്റൊരാളായി പരിവര്‍ത്തിക്കുകയാണ്. ആദ്യമൊക്കെ രാമകൃഷ്ണന്റെ നിര്‍ദ്ദേശമനുസരിച്ചു മാത്രം വായിക്കുന്ന സുജാത വൈകാതെ തന്റെ വായനാ ചക്രവാളം വികസിപ്പിക്കുന്നു. പുതിയ പുതിയ അറിവുകള്‍ അവള് എത്തിപ്പിടിക്കാന്‍ തുടങ്ങുന്നു. എം.ടിയുടെ രണ്ടാമൂഴത്തെക്കുറിച്ച് അവള് വിശകലനം നടത്തുന്നു. മിഷയേല്‍ ഫൂക്കോയെക്കുറിച്ചും ഏറ്റവും ഒടുവില്‍ ഉമ്പര്‍ട്ടോ എക്കോയെക്കുറിച്ചും സംസാരിക്കാന്‍ തുടങ്ങുന്ന സുജാത ക്രമേണ രാമകൃഷ്ണനെന്ന പഴഞ്ചനില്‍ നിന്നകന്ന് ജയിംസ് എന്ന ആധുനികനോട് അടുക്കുന്നു.
ഇവിടെ പാവം രാമകൃഷ്ണന്റെ കൈവശം ഉണ്ണിയച്ചി ചരിതവും കണ്ണശരാമായണവും മാത്രമേയുള്ളൂ. നമ്മുടെ സാഹിത്യം വളരെ മോശമാണെന്നും പാശ്ചാത്യമായതെല്ലാം മെച്ചപ്പെട്ടതാണെന്നും കഥയില്‍ ധ്വനിയുണ്ട്. കണ്ണശനെന്ന അപാര പ്രതിഭയായ കവിയെ മലയാളികളായ സാഹിത്യവിദ്യാര്‍ത്ഥികളില്‍ എത്രപേര്‍ ക്ഷമയോടെ പഠിക്കാന്‍ തയ്യാറായിട്ടുണ്ട്. നമ്മുടെ പ്രിയകവി എഴുത്തച്ഛന് മാര്‍ഗ്ഗനിര്‍ദ്ദേശകനായിരുന്ന കണ്ണശ്ശന്‍ കവി എന്ന നിലയില്‍ രാമായണ കാവ്യം മാത്രം പരിശോധിച്ചാല്‍, ഒരു പിടി മുന്നിലാണെന്നും രണ്ടും വായിച്ചു നോക്കിയിട്ടുള്ള ആരും സമ്മതിക്കും. ലക്ഷ്മണോപദേശത്തിന്റെ മേന്മ ഒഴിച്ചുനിര്‍ത്തിയാല്‍ കണ്ണശ്ശന്‍ കവിയെന്ന നിലയില്‍ എഴുത്തച്ഛനു മുന്‍പേ നടക്കുന്നതു നമുക്കു കാണാം. കിഷ്കിന്ധാകാണ്ഡത്തില്‍ കണ്ണശ്ശന്‍ വര്‍ഷകാലത്തെ വര്‍ണ്ണിക്കുന്നതു നോക്കൂ. ”ഇടിയാകിനമിഴാവൊലിയാലേവര്ക്കും പരിതാപം. കളവാന്‍ ചുടരേറും മിന്നല്പിണരാകിനവിളക്കുകൊളുത്തി വിശേഷാല്‍ വടിവേലും വരിവണ്ടുകള്‍ പാടമയൂരാദികള്‍ മകിഴൊയ്തും വണ്ണം നടനാകിയകാര് കാലം വന്നൊരു നാടകമാടും പൊലിതുപാരാം.”
ഹനുമാന് ശ്രീരാമനെക്കുറിച്ചു പറയുന്ന ഭാഗം:
അവനതിസുന്ദരനിന്ദുസമാനനായതഭുജനരുണാംബുജനയനന്
കുവലയ കാന്തി കലര്‍ന്ന നരേന്ദ്ര കുമാരനിടന്തടവും തിരുമാര്‍വന്‍
തവമിയലും മുനിവേഷധരന്‍ കുശതരസൗമന് കടിതടപരി ശോഭിത…”
ഇത്തരത്തില്‍ ധാരാളം മനോഹര വര്‍ണ്ണനകള്‍ ഉണ്ടെങ്കിലും ഇന്നത്തെ ഭാഷയില്‍ നിന്നും അകന്നുനില്‍ക്കുന്നതിനാല്‍ ആസ്വദിക്കുക എളുപ്പമല്ല. എന്നാല്‍ എഴുത്തച്ഛന്റെ ഭാഷ ഇന്നത്തെ ഭാഷാരീതി തന്നെയാകയാല്‍ നമുക്കു പെട്ടെന്ന് ആസ്വദിക്കാനാവും. തത്വചിന്താപരമായ ഗൗരവം ഒഴിച്ചുനിര്‍ത്തിയാല്‍ കവിത്വം മാത്രം പരിശോധിച്ചാല്‍ കണ്ണശ്ശന്‍ എഴുത്തച്ഛനെക്കാള്‍ കേമനാണെന്നു പറയേണ്ടി വരും. ദൗര്‍ഭാഗ്യം എന്നു പറയട്ടേ, കഷ്ടപ്പെട്ടിരുന്നു കണ്ണശ്ശനെ വായിച്ചെടുക്കാന്‍ ആരും തുനിയുന്നില്ല. ഭാഷാവിദ്യാര്ത്ഥികളെ അതൊന്നും പഠിപ്പിക്കാന്‍ നമ്മുടെ സര്‍ക്കാരുകളും മിനക്കെടുന്നില്ല. ഈ കണ്ണശ്ശനെ നിഷ്ക്കരുണം പരിഹസിച്ചുതള്ളിയാണ് ബി.മുരളി ഉമ്പര്‍ട്ടോ എക്കോയെ കഥയില്‍ വാഴ്ത്തുന്നത്. കണ്ണശന്‍ ജീവിച്ചിരുന്ന നൂറ്റാണ്ടിലെ പാശ്ചാത്യ എഴുത്തുകാരോടാണ് അദ്ദേഹത്തെ താരതമ്യം ചെയ്യേണ്ടത്. അക്കാലത്തെ ഇംഗ്ലീഷ് കാവ്യങ്ങള്‍ വായിച്ചാല്‍ കണ്ണശ്ശന്റെ മഹത്വം വ്യക്തമാവും. രാമായണകഥ തന്നെ പലരും എഴുതിയതില്‍ ആവര്‍ത്തന വിരസതയുണ്ടെന്നു പറയുകയാണെങ്കില്‍ ഗ്രീക്കുമിത്തോളജിയിലെ കഥകള്‍ ആവര്‍ത്തിച്ച് എത്രയോ കൃതികള്‍ പാശ്ചാത്യ സാഹിത്യത്തിലുണ്ട് എന്ന് പറയേണ്ടിവരും. പ്രൊമിത്യൂസിന്റെ കഥ തന്നെ 25ലധികം പേരുകളില്‍ കാണാവുന്നതാണ്. ഒഡീന്യൂസും എത്രയോ കൃതികളില്‍ പ്രത്യക്ഷപ്പെടുന്നു. അത്തരം ക്ലാസിക് കൃതികളുടെ ആവര്‍ത്തനം എല്ലാഭാഷകളിലുമുണ്ട്. ബൈബിളുമായി ബന്ധപ്പെട്ട ഒരു ലക്ഷം കൃതികളെങ്കിലുമുണ്ടാവാം.
പാശ്ചാത്യകൃതികളെ വിമര്‍ശനാത്മകമായി പരിശോധിക്കുന്ന പതിവ് നമുക്കില്ല. മഹാവായനക്കാരനായിരുന്ന എം.കൃഷ്ണന് നായര്‍പോലും പാശ്ചാത്യ കൃതികളെല്ലാം മഹത്തെന്നപക്ഷക്കാരനായിരുന്നു. ആ മനോഭാവം നമ്മുടെ സാഹിത്യത്തെ കൂടുതല്‍ കൂടുതല്‍ ദരിദ്രമാക്കുകയേയുള്ളൂ. പാശ്ചാത്യരെ അനുകരിക്കാതെ സ്വന്തം കാലില്‍ നില്‍ക്കാനുള്ള പ്രാപ്തി നമ്മുടെ സാഹിത്യം കൈവരിക്കണം. അവരുടെ പ്രവണതകള്‍ക്കു പിറകെ പോകാതെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെപ്പോലെ സ്വന്തമായ എഴുത്ത് രൂപപ്പെടുത്തി എടുക്കണം. അതിന് ഇത്തരം കൃതികള്‍ തടസ്സമാണെന്നു പറയാതെ വയ്യ. പുതിയ കാലത്ത് ചെറുകഥയില്‍ കാണുന്ന വളര്‍ച്ച കവിതയിലേക്കും നോവലിലേയ്ക്കും സംക്രമിപ്പിക്കാന്‍ നമുക്കു കഴിയണം.
This is the way the world ends
This is the way the world ends
Not with a bang but a whimper.
ടി.എസ് ഇലിയറ്റിന്റെ വിഖ്യാതമായ കവിത ‘ hollow men’ അവസാനിക്കുന്നത് ഇങ്ങനെയാണ്. തുടങ്ങുന്നത് “”We are the hollow men. We are the stuffed men bearing together” എന്നു പറഞ്ഞുകൊണ്ട്. ആത്മീയമായി സമ്പൂര്‍ണ്ണമായും ശൂന്യനായിപ്പോയ യുദ്ധാനന്തര യൂറോപ്പിലെ മനുഷ്യരെയാണ് ഇലിയറ്റ് ഈ കവിതയിലൂടെ വരച്ചു കാണിക്കുന്നത്. 98 വരികളുള്ള ഈ കവിത ആധുനിക കവിതകളില്‍ ഏറ്റവും ശ്രദ്ധേയമായ രചനകളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു.
പച്ചക്കുതിര ഡിസംബര്‍ ലക്കത്തില്‍ മനോജ് ജാതവേദര് ‘ഉള്ളു പൊള്ളയായ മനുഷ്യന്’ എന്ന പേരില്‍ ഒരു കഥയെഴുതിയിരിക്കുന്നു. കവിതയുടെ തലക്കെട്ടിന്റെ തര്ജ്ജമതന്നെയാണല്ലോ കഥയ്ക്കുമുള്ളത്. എലിയറ്റ് കവിതയില്‍ പറയുന്ന Hollowness തന്നെയാണ് ജാതവേദരും പറയാന്‍ ശ്രമിക്കുന്നത്. അവിടെ ആത്മീയ ശൂന്യതയാണു വിഷയമെങ്കില്‍ പ്രതികരിക്കാന്‍ ശേഷിയില്ലാത്ത മനുഷ്യരെയാണ് കഥാകൃത്ത് പ്രതീകവല്‍ക്കരിക്കുന്നത്. ഇന്ത്യയിലെ ജനാധിപത്യ പ്രക്രിയയേയും സംവിധാനങ്ങളെയുമൊക്കെ സംശയത്തോടെ വീക്ഷിക്കുന്ന കഥാകൃത്ത് അതിനോടൊക്കെ തനിക്കുള്ള അതൃപ്തി പ്രത്യക്ഷത്തില്‍ അവതരിപ്പിക്കാതെ കാഫ്ക്കയുടെ മെറ്റമോര്‍ഫോസിസിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ഒരു പ്രതീക കല്പനയില് എല്ലാം അവതരിപ്പിക്കുന്നു.