ഒരു ട്രെയിന്‍ യാത്രക്കിടയിലാണ് സതോഷി യാഗിസാവ (Satoshi Yagisava) എന്ന ജാപ്പനീസ് എഴുത്തുകാരന്റെDays at the Morisaki Book Shop’ എന്ന ചെറിയ നോവല്‍ വായിക്കുന്നത്. ഇന്റര്‍ നാഷണല്‍ ബെസ്റ്റ് സെല്ലര്‍ എന്ന് നോവലില്‍ രേഖപ്പെടുത്തിയിരുന്നതിനാലും താരതമ്യേന വിലക്കുറവ് ഉണ്ടായിരുന്നതിനാലും ചിയോഡ ലിറ്ററേച്ചര്‍ പ്രൈസ് (Chiyoda Literature prize 2008) നേടിയ കൃതി എന്ന് അതില്‍ രേഖപ്പെടുത്തിയിരുന്നതിനാലുമാണ് ആ പുസ്തകം വാങ്ങാനും വായിക്കാനും കാരണം. ചിയോഡ അവാര്‍ഡ് എന്താണെന്നും ഏതാണെന്നുമൊന്നും എനിക്ക് ഒരു നിശ്ചയവുമില്ല. നേരത്തെ അങ്ങനെയൊരു അവാര്‍ഡിനെക്കുറിച്ച് കേട്ടിട്ടില്ല. പുസ്തകത്തിന്റെ പേരും അതിന്റെ ബ്ലര്‍ബില്‍ രേഖപ്പെടുത്തിയിരുന്ന കാര്യങ്ങളും വായിച്ചപ്പോള്‍ എന്തോ മഹത്തായ കൃതിയാണെന്നു തെറ്റിദ്ധരിച്ചു. പോരാത്തതിന് ജാപ്പനീസ് ഭാഷയില്‍ നിന്നും ഇംഗ്ലീഷിലേയ്ക്ക് എത്തണമെങ്കില്‍ മഹത്തായ കൃതി ആകാതിരിക്കാനിടയില്ലല്ലോ എന്നു കരുതി.
നോവല്‍ വായിച്ചു കഴിഞ്ഞപ്പോഴാണ് ജപ്പാനിലും കള്ളനാണയങ്ങളുണ്ടെന്നു മനസ്സിലായത്. വായനയുടെ മഹത്വത്തെക്കുറിച്ചൊക്കെയാണ് പുറം ചട്ടയില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ വായനയുടെ മഹത്വത്തെക്കുറിച്ചൊന്നുമല്ല പുസ്തകത്തില്‍ വിവരിക്കുന്നത്. സെക്കന്റ് ഹാന്റ് പുസ്തകങ്ങള്‍ വില്‍ക്കുന്ന ഒരു കടയാണ് നോവലിലെ ‘മൊറിസാക്കി ബുക്ക്‌ഷോപ്പ്’. പഴയ പുസ്തകങ്ങള്‍ വില്‍ക്കുന്ന ടോക്കിയോവിലെ ഒരു പ്രദേശത്തെ ഒരു വിചിത്രമായ ബുക് ഷോപ്പ്. ബുക് ഷോപ്പിന്റെ വിവരണമൊക്കെ രസകരവും പാരായണക്ഷമവുമാണ്. അതൊക്കെ നിലവാരമുള്ള ഒരു നോവലിന്റെ രീതിയില്‍ ഉള്ളതുതന്നെ. നോവലിലെ നായികയായി അവതരിപ്പിക്കപ്പെടുന്ന പെണ്‍കുട്ടി തകാക്കോ (Takako) ഒരു പ്രണയപരാജയത്തെ തുടര്‍ന്നാണ് അമ്മാവനായ സതോരു (Satoru) വിന്റെ ഉടമസ്ഥതയിലുള്ള ബുക്‌ഷോപ്പിലെ ജീവനക്കാരിയായി എത്തുന്നത്.
തകാക്കോവിന്റെ കാമുകന്‍ ഹിദേക്കി (Hideaki) അവളെ കൈവെടിയുന്നു അയാള്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നു. ഹൃദയം തകര്‍ന്നുപോയ തകാക്കോ ഒരു പിടിവള്ളി എന്ന നിലയിലാണ് ജോലി ഉപേക്ഷിച്ച് ബുക്സ്റ്റാളിലെത്തുന്നത്. അമ്മാവനും അനന്തരവളും തമ്മിലുള്ള ബന്ധം വളരെ ഊഷ്മളമാണ്. രണ്ടുപേരും കൂടി ഒരുമിച്ചിരുന്ന് മദ്യപിച്ചശേഷം പെട്ടെന്നുണ്ടാകുന്ന വൈകാരികവേശത്താല്‍ ഒരു രാത്രി പഴയ കാമുകന്റെ വീട്ടില്‍ ചെന്ന് അയാളെ വിളിച്ചിറക്കി തെറിവിളിക്കാനും ആക്രമിക്കാനും മുതിരുന്നു. എന്നാല്‍ കരുത്തനായ യുവാവ് ഹിദേക്കി അവരെ ആട്ടിയോടിക്കുന്നു. ഈ ഭാഗങ്ങളൊക്കെ രസകരമാണ്. എന്നാല്‍ അമ്മാവന്റെ അഞ്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ് ഒളിച്ചോടിപ്പോയിരുന്ന ഭാര്യ മൊമോക്കോ (Momoko) മടങ്ങിവരുന്നതോടുക്കൂടി നോവല്‍ അവരുടെ കഥയായിമാറുന്നു. തകാക്കോ കാഴ്ചക്കാരിയായി ഒതുങ്ങിപ്പോകുന്നു. അമ്മായിയും മരുമകളും കൂടി ഒരു പര്‍വ്വതപ്രദേശത്തേയ്ക്ക് വിനോദയാത്ര പോകുന്നു. അവിടെവച്ച് അമ്മായി പറയുന്നു, താന്‍ വലിയ രോഗിയാണെന്ന്. ഒടുവില്‍ ശുഭപര്യവസായി എന്നു പറയാവുന്ന നിലയില്‍ പ്രത്യേകിച്ചൊന്നുമില്ലാതെ നോവല്‍ അവസാനിക്കുന്നു. ഈ കൃതി എങ്ങനെയാണ് ഇന്റര്‍ നാഷണല്‍ ബെസ്റ്റ് സെല്ലര്‍ ആയതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നതേയില്ല.
വായനയുടെ മാഹാത്മ്യത്തെക്കുറിച്ചുള്ള നോവലെന്ന് തെറ്റിദ്ധരിച്ചാണ് പുസ്തകം വാങ്ങാന്‍ ഒരുമ്പെട്ടത്. മുന്‍പു വായിച്ചിട്ടുള്ള ജര്‍മ്മന്‍ നോവലായ”The Book Thief’ ഉം ചെക്കോവിന്റെ വിഖ്യാത കഥയായ”The bet’ ഉം വായനയുടെ മാഹാത്മ്യത്തെക്കുറിച്ചു നമ്മെ പഠിപ്പിക്കുന്നു. അവ രണ്ടും പോലെ മഹത്തായ ഒന്നും ഈ ജാപ്പനീസ് നോവലിലില്ല. സാധാരണ ജാപ്പനീസില്‍ നിന്നും ഇംഗ്ലീഷിലേയ്ക്ക് എത്തിയിട്ടുള്ള, വായിക്കാന്‍ കഴിഞ്ഞിട്ടുള്ള കൃതികളെല്ലാം എന്തെങ്കിലും പ്രത്യേകതകളുള്ളവയായിരുന്നിട്ടുണ്ട്. എന്നാലിത് അത്തരം എന്തെങ്കിലും നമുക്ക് പ്രദാനം ചെയ്യുന്ന കൃതിയല്ല.
രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലെഴുതപ്പെട്ട മാര്‍ക്ക് സുസാക്കിന്റെ (Markus Zusak) ന്റെ “The Book Thief’ തീര്‍ച്ചയായും മഹത്തായ നോവല്‍ തന്നെയാണ്. ജൂത കൂട്ടക്കൊലയും യുദ്ധ ഭീകരതയുമൊക്കെ അനാവരണം ചെയ്യപ്പെടുന്ന നോവലിലെ നായിക ലീസല്‍ (Liesel) എനിക്കു തോന്നുന്നത് പ്രസിദ്ധയായ ആന്‍ഫ്രാങ്കിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം കൊണ്ടിട്ടു സൃഷ്ടിച്ച കഥാപാത്രമാണെന്നാണ്. എന്നാല്‍ ലീസല്‍ ജൂതപ്പെണ്‍കുട്ടിയല്ല. മരണത്തോടൊപ്പം ജീവിക്കേണ്ടി വരുന്ന ലീസലിന്റെ ജീവിതം ദുരിതമയമാണ്. അച്ഛനും അമ്മയും സഹോദരനുമൊക്കെ നഷ്ടപ്പെടുന്ന അവള്‍ക്ക് പുസ്തകങ്ങള്‍ വലിയ ആശ്വാസമാകുന്നു. അക്ഷരം അറിഞ്ഞുകൂടാതിരുന്ന അവളെ എഴുത്തും വായനയും പഠിപ്പിക്കുന്നത് വളര്‍ത്തച്ഛനായ ഹാന്‍സാണ് (Hans).
ആദ്യം വായിക്കാന്‍ പഠിക്കുന്ന ലീസലിന് പ്രയോജനപ്പെടുന്നത് ഒരു ശവക്കുഴി വെട്ടുകാരനില്‍ നിന്നും അവള്‍ മോഷ്ടിച്ച പുസ്തകമാണ്. അതില്‍ നിന്നുമാണ് അവള്‍ നുള്ളിയും പെറുക്കിയും ആദ്യം ഭാഷ പഠിക്കുന്നത്. രണ്ടാമത്തെ പുസ്തകമോഷണം ശരിക്കും ഒരു അപഹരണമാണെന്ന് പറയാനാവില്ല. കാരണം ഹിറ്റ്‌ലറുടെ ജന്മദിനം ജര്‍മനിയില്‍ യുവാക്കള്‍ ആഘോഷിച്ചത് പ്രതിഷേധസൂചകമായി പുസ്തകങ്ങള്‍ കത്തിച്ചുകൊണ്ടാണ്. അങ്ങനെ കത്തിക്കുന്ന പുസ്തകങ്ങളുടെ കൂട്ടത്തില്‍ തീനാളങ്ങളുടെ ഇടയില്‍ നിന്നുമാണ് ലീസല്‍ പുസ്തകം മോഷ്ടിക്കുന്നത്. പിന്നീട് അവള്‍ ഹെര്‍മാന്‍ (Hermann) എന്ന ഒരാളിന്റെ ലൈബ്രറിയില്‍ നിന്നും തുടര്‍ച്ചയായി പുസ്തകങ്ങള്‍ മോഷ്ടിക്കുന്നു. റൂഡി(Rudy) എന്ന അവളുടെ ഇഷ്ടക്കാരനായ യുവാവ് ഒരു ചുംബനത്തിനായി അവള്‍ക്കുവേണ്ടി നദിയില്‍ ചാടി നഷ്ടപ്പെടുന്ന ഒരു പുസ്തകം നീന്തിയെടുക്കുന്നുണ്ട്. മാക്‌സ് (Max) എന്ന ഒരു ജൂതന്‍ ഹെര്‍മാന്റെ വീട്ടിലെ നിലവറയിലും പിന്നീട് ലീസലിന്റെ വളര്‍ത്തു രക്ഷിതാക്കളായ ഹാന്‍സിന്റെയും റോസയുടെയും വീടിന്റെ അണ്ടര്‍ ഗ്രൗണ്ടിലും ഒളിച്ചു താമസിക്കുന്നുണ്ട്. ഭക്ഷണം പോലും കഴിക്കാന്‍ പറ്റാതെ കഴിയേണ്ടി വരുന്ന അയാളുടെ ദുരിതം ഭീകരമാണ്. അയാളും ലീസലും തമ്മിലുള്ള ബന്ധം വളരെ ഹൃദയസ്പര്‍ശിയാണ്. നിലവറയില്‍ നിന്നും രക്ഷപ്പെട്ടു ഒളിച്ചോടുന്ന മാക്‌സ് കാലങ്ങള്‍ക്കുശേഷം ലീസലുമായി കണ്ടുമുട്ടുന്നതും മറ്റും നോവലിലെ മനോഹരമായ രംഗങ്ങളാണ്.
ആന്റണ്‍ ചെക്കോവിന്റെ”The Bet’ എന്ന ചെറുകഥയും വായനയുടെ മാഹാത്മ്യത്തെയാണ് വരച്ചുകാണിക്കുന്നത്. വലിയ ദാര്‍ശനിക തലമുള്ള ബെറ്റിന്റെ കഥ എല്ലാ മലയാളികള്‍ക്കും പരിചിതമായതിനാല്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല. മലയാളത്തില്‍ പലരൂപത്തില്‍ ആ കഥ വന്നിട്ടുണ്ട്. നാടകരൂപാന്തരണം പോലുമുണ്ടായിട്ടുണ്ട്. ആദ്യം സൂചിപ്പിച്ച രണ്ടു കൃതികളിലും വായന ആശ്വാസമായിത്തീരുന്നുണ്ടെങ്കിലും ചെക്കോവ് നല്‍കുന്ന ദാര്‍ശനികമാനമൊന്നും മറ്റു രണ്ടു കൃതികളും അതിനു നല്‍കുന്നില്ല. വായിക്കാനായി പുസ്തകം മോഷ്ടിക്കുന്നതിനെ ഒരിക്കലും ഒരു അപഹരണമായി കാണാനാവില്ല. വായനയോടുള്ള ആര്‍ത്തി മൂലം കുട്ടിക്കാലത്ത് ഈ ലേഖകനും പുസ്തകങ്ങള്‍ മോഷ്ടിച്ചിട്ടുണ്ട്. അതറിയാമായിരുന്ന എന്റെ ഒരു സുഹൃത്ത് മുതിര്‍ന്നശേഷവും ധാരാളം പുസ്തകങ്ങള്‍ അടുക്കിവച്ചിരിക്കുന്ന ഇടങ്ങളിലൊക്കെ ഒരുമിച്ചുപോയ സന്ദര്‍ഭങ്ങളില്‍ ‘എന്നെ സൂക്ഷിക്കണേ’ എന്ന് കളിയായി വീട്ടുകാരെ ഉപദേശിക്കുമായിരുന്നു.
വായനയെ ഒരു വലിയ ആശ്വാസമായും പുസ്തകങ്ങളെ വലിയ സുഹൃത്തുക്കളായും മാറ്റാനായാല്‍ പിന്നെ ജീവിതത്തില്‍ പ്രശ്‌നങ്ങളില്ല എന്നു വേണമെങ്കില്‍ പറയാം. എങ്കിലും മോശം പുസ്തകങ്ങള്‍ വായിക്കുന്നത് പലപ്പോഴും വായിക്കാതിരിക്കുന്നതിനേക്കാള്‍ ദോഷമാണെന്നും പറയേണ്ടി വരും. അതുകൊണ്ടുതന്നെ കൈയില്‍ കിട്ടുന്നതെല്ലാം വായിക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കരുത്. മെച്ചപ്പെട്ട പുസ്തകങ്ങള്‍ തെരഞ്ഞെടുത്ത് വായിക്കാന്‍ രക്ഷകര്‍ത്താക്കളും അദ്ധ്യാപകരും അവരെ പഠിപ്പിക്കണം. പുസ്തകം ഗുരുവും ശത്രുവുമാകാം. മോഷണം പഠിപ്പിക്കാനും കൊലപാതകവും ആത്മഹത്യയും പഠിപ്പിക്കാനും കൂടോത്രവും കൈവിഷവും പരിശീലിപ്പിക്കാനുമെല്ലാം പുസ്തകങ്ങളുണ്ട്. ലോകത്തെ അറിയപ്പെട്ട തീവ്രവാദികള്‍ പലരും കൈയില്‍ അവരുടെ പ്രിയപ്പെട്ട പുസ്തകവുമായിട്ടാണ് പലപ്പോഴും മരിച്ചുവീണിട്ടുള്ളത്. ജൂതന്മാരെ ചുട്ടുകൊന്ന ഹിറ്റ്‌ലറുടെ കൈയില്‍ എപ്പോഴും മാര്‍ട്ടിന്‍ലൂഥറുടെ”On Jews and their lies’ എന്ന പുസ്തകമുണ്ടാകുമായിരുന്നു. മറ്റു മതക്കാരെ കൊന്നുതള്ളുന്ന പല തീവ്രവാദികളും ഇന്ന് വിശുദ്ധഗ്രന്ഥങ്ങളായി മൗദൂദിയുടെ കൃതികള്‍ കൂടെക്കൊണ്ടുനടക്കുന്നു.
ജനാധിപത്യവും മാനവികതയും മതേതരത്വവും ദേശീയതയും സോഷ്യലിസവുമൊക്കെ മഹത്തായ മൂല്യങ്ങളാണെന്നു പഠിപ്പിക്കാനും അതൊക്കെ വലിയ അപകടങ്ങളാണെന്നു പഠിപ്പിക്കാനും പുസ്തകങ്ങളുണ്ടെന്നതാണ് ഏറ്റവും രസകരമായ സംഗതി. മനുഷ്യന്‍ സൃഷ്ടിച്ചിട്ടുള്ള എല്ലാ മഹത്തായ സംഗതികള്‍ക്കുമെന്നപോലെ വായനയ്ക്കും ഇരുതല മൂര്‍ച്ചയുണ്ടെന്ന് കൂടുതല്‍ അന്വേഷിക്കുമ്പോള്‍ നമുക്കു മനസ്സിലാവും. എങ്കിലും വായനഭൂമിയില്‍ ഏറ്റവും മഹത്തായ മനുഷ്യകര്‍മങ്ങളില്‍ ഒന്നു തന്നെ.
മലയാളം വാരികയില്‍ (ഒക്ടോബര്‍ 24) ‘ആളനക്കമില്ലാത്ത വീടുകള്‍’ എന്ന പേരില്‍ കേരളത്തില്‍ നിന്നും പുറത്തേക്കു നടക്കുന്ന കുടിയേറ്റങ്ങള്‍ മൂലം ഒഴിഞ്ഞു കിടക്കുന്ന വീടുകളെക്കുറിച്ച് മഹിമ അന്ന ജേക്കബ് എഴുതുന്നു. പത്തനംതിട്ട ജില്ലയിലെ കുമ്പനാടിലെ കുടിയേറ്റങ്ങളെക്കുറിച്ചും ഒഴിഞ്ഞവീടുകളെക്കുറിച്ചും ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപ്പത്രത്തില്‍ ഒരു മാസം മുന്‍പ് വളരെ വിശദമായ ഒരു ലേഖനം ഉണ്ടായിരുന്നു. ആളുകള്‍ ഒഴിഞ്ഞുപോകുന്നതും വീടുകള്‍ ഒഴിഞ്ഞു കിടക്കുന്നതുമൊക്കെ വേദനയുണ്ടാക്കുന്നുവെങ്കിലും ഇന്ത്യയിലെ ഭാരിച്ച ജനസംഖ്യക്ക് ഇതൊരു ആശ്വാസമല്ലേ?
ഭരണങ്ങള്‍ പലതുമാറിയിട്ടും ജനസംഖ്യ നിയന്ത്രിക്കാന്‍ നമ്മള്‍ ഇതുവരെ തയ്യാറായിട്ടില്ല. മനുഷ്യവിഭവശേഷി എന്നൊക്കെ ചിലര്‍ ഉച്ചത്തില്‍ വിളിച്ചു പറയുന്നതു കേള്‍ക്കാം. പഴയകാലത്തെ പട്ടിണി മരണങ്ങളെക്കുറിച്ചും ക്ഷാമത്തെക്കുറിച്ചുമൊന്നും പുതിയ തലമുറയ്ക്ക് അറിയില്ല. അതുകൊണ്ടാണ് വലിയ വായില്‍ ഈ മനുഷ്യവിഭവശേഷി വര്‍ത്തമാനത്തെക്കുറിച്ച് തട്ടിവിടുന്നത്. ഒരു കാലാവസ്ഥാപ്പിഴവ് ഉണ്ടായാല്‍ മാത്രം മതി വിശപ്പിന്റെ രുചി മടങ്ങിയെത്താന്‍. കുറച്ചുപേരെങ്കിലും വിദേശത്തുപോയി രക്ഷപ്പെടട്ടെ. ഇവിടെ അത്ര സുഭിക്ഷമൊന്നുമല്ല കാര്യങ്ങള്‍. പണ്ടത്തേതിനെ അപേക്ഷിച്ച് സ്ഥിതി ഭേദപ്പെട്ടു എന്നല്ലാതെ എല്ലാവരും സുഖകരമായൊന്നുമല്ല നമ്മുടെ നാട്ടില്‍ ജീവിക്കുന്നത്. ഇപ്പോഴും സ്വന്തമായി വീടില്ലാത്ത ലക്ഷങ്ങളില്ലേ. ഈ നൂറ്റിനാല്പത്തിയഞ്ചു കോടി വലിയ ഭാരം തന്നെയാണ്.
പലസ്തീനിലെ യുദ്ധത്തെയും മരണത്തെയും കുറിച്ച് ജെ.രഘു മലയാളത്തില്‍ എഴുതിയിരിക്കുന്നു. സ്ത്രീകളും കുട്ടികളും മരിക്കുന്നതില്‍ രഘുവിന്റെ ഉത്ക്കണ്ഠ തീര്‍ച്ചയായും പങ്കു വയ്ക്കപ്പെടേണ്ടതാണ്. എന്നാല്‍ ഇസ്രായേലിലെ കുട്ടികളും സ്ത്രീകളും അനുഭവിച്ച വേദനയോടും നമ്മള്‍ ഐക്യപ്പെടേണ്ടതുണ്ട്. പലസ്തീനില്‍ അണ്ടര്‍ഗ്രൗണ്ട് ടണലുകളും യുദ്ധസന്നാഹങ്ങളുമൊരുക്കാന്‍ ചെലവാക്കിയ പണത്തിന്റെ പത്തിലൊന്നുപോലും വേണ്ട ആ രാജ്യത്ത് സുഖവും ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍. ഇസ്രായേല്‍ എന്ന കൊച്ചുരാജ്യത്തിനെതിരെ ഏഴ് യുദ്ധമുഖങ്ങളില്‍ നിന്നാണ് ആക്രമണം നടക്കുന്നത്. ‘ജൂതന്മാരെ കൊന്നൊടുക്കൂ’ എന്ന വംശീയവെറി പിടിച്ച മുദ്രാവാക്യമാണ് ലോകമെങ്ങും മുഴങ്ങിക്കൊണ്ടിരിക്കുന്നത്. നമ്മുടെ കേരളത്തില്‍ പോലും സ്ഥിതി വ്യത്യസ്തമല്ല. ഇതൊക്കെ അവസാനിപ്പിക്കേണ്ടതാണ്. ജൂതന്‍ ആരേയും കടന്നാക്രമിക്കുന്നില്ല. മതപരമായ ഒരു പ്രസ്താവനപോലും നെതന്യാഹു നടത്തുന്നില്ല. എന്നാല്‍ മറിച്ചോ? ‘ജൂതനെ ഇല്ലായ്മ ചെയ്യൂ’ എന്നാണ് എല്ലായിടത്തുനിന്നും കേള്‍ക്കുന്നത്. മാനവികതയ്ക്കു വേണ്ടി നിലകൊള്ളുന്നവര്‍ ഈ വംശീയതയേയും എതിര്‍ക്കണം. അക്രമം കൊണ്ടും യുദ്ധംകൊണ്ടും ആരും ജയിക്കുന്നില്ല. പകുതി നേടിയ യുദ്ധം പകുതി നഷ്ടപ്പെട്ട യുദ്ധമാണ്. അപ്പോള്‍ മുഴുവനും നേടിയ യുദ്ധം മുഴുവനായും നഷ്ടപ്പെട്ട യുദ്ധം തന്നെ (A Half own battle is a half lost battle then a full own battle is a full lost battle).ഹെമിങ്ങ്‌വേയുടെ ഒരു പുസ്തകത്തിന്റെ പുറം ചട്ടയില്‍ നിന്നും പണ്ട് വായിച്ചതാണ് ഈ വാചകം. ആരുടേതാണെന്ന് കൃത്യമായി അറിയില്ല. മഹാഭാരതം ലോകത്തിനു നല്‍കുന്ന സന്ദേശവും ഇതാണ്. വിജയിച്ച യുദ്ധങ്ങളെല്ലാം പരാജയങ്ങള്‍ തന്നെ.