Hungryman, reach for the book: it is a weapon (പട്ടിണിയായ മനുഷ്യാ, നീ പുസ്തകം കൈയ്യിലെടുത്തോളൂ അതൊരായുധമാണ്) ജര്‍മന്‍ നാടകകൃത്തും കവിയുമായിരുന്ന ബര്‍ടോര്‍ട് ബ്രെക്തിന്റെ പ്രശസ്തമായ വരിയാണിത്. യൂജിന്‍ ബര്‍തോര്‍ട് ഫ്രെഡറിക് ബ്രെക്ത് (Eugen Berthold Friedrich Brecht) എന്ന ബര്‍തോള്‍ട് ബ്രെക്ത് എണ്‍പതുകളിലും തൊണ്ണൂറുകളിലും കേരളത്തിലെ വലിയതരംഗമായിരുന്നു. ‘എപ്പിക് തിയേറ്റര്‍’ എന്ന പേരില്‍ അറിയപ്പെടുന്ന നാടകസങ്കേതം ബ്രെക്തിന്റെ സംഭാവനയാണ്. സാമൂഹ്യ മാറ്റം, വിപ്ലവം എന്നിവ സാക്ഷാത്കരിക്കാന്‍ കാഴ്ചക്കാരെ പാകപ്പെടുത്താന്‍ വേണ്ടി നാടകത്തെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതാണ് ഈ നാടകസങ്കല്പത്തിന്റെ കാതല്‍. ജര്‍മനിയില്‍ ജനിച്ച ഈ സാഹിത്യകാരന് നാസികളെ ഭയന്ന് 1933ല്‍ രാജ്യംവിടേണ്ടിവന്നു. സ്‌കാന്റിനേവിയയിലും അമേരിക്കയിലും കഴിഞ്ഞശേഷം യുദ്ധാനന്തരം ജര്‍മനിയില്‍ തിരിച്ചെത്തി നാടകം, തിരക്കഥ, കവിത എന്നിവയിലെല്ലാം ബ്രെക്ത് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. നാടകപ്രവര്‍ത്തനം വലിയ സംഘടിത സംരംഭമാക്കി അദ്ദേഹം വികസിപ്പിച്ചു. എല്ലാത്തിനും ഒരു ജനകീയ സ്വഭാവമുണ്ടായിരുന്നു.
നാസി ജര്‍മനി ഈ മഹാനായ നാടകകൃത്തിനെ അംഗീകരിച്ചില്ല. എങ്കിലും യുദ്ധാനന്തര ജര്‍മ്മനി അദ്ദേഹത്തെ വലിയ പ്രതിഭയായി അംഗീകരിച്ചു. ഇന്ന് അദ്ദേഹത്തിനും ഭാര്യയായിരുന്ന വീഗലിനും ജര്‍മനിയില്‍ ഒരു മ്യൂസിയം പോലുമുണ്ട്. കമ്യൂണിസത്തെ ജര്‍മന്‍കാര്‍ ഏതാണ്ട് സമ്പൂര്‍ണമായിത്തന്നെ നിരാകരിച്ചുവെങ്കിലും ലോകപ്രശസ്തരായിത്തീര്‍ന്ന മാര്‍ക്‌സിനും ബ്രെക്തിനും ഉചിതമായ സ്മാരകങ്ങള്‍ നല്‍കി അവര്‍ ഇന്നും ആദരിക്കുന്നുണ്ട്. മുന്‍പ് മലയാളികള്‍ വലിയ ആഘോഷമാക്കി കൊണ്ടുനടന്നുവെങ്കിലും ഇപ്പോള്‍ ആരും കേരളത്തില്‍ ബ്രെക്തിനെ ഓര്‍ക്കുന്നില്ല. എന്നാല്‍ കവിയായ കെ.ജി. ശങ്കരപ്പിള്ള ഈ കവിയെ മറന്നിട്ടില്ല. മുകളില്‍ ഉദ്ധരിച്ച വാക്യത്തെയും അദ്ദേഹം മറന്നില്ല. മാതൃഭൂമിയില്‍ (നവംബര്‍ 24-30) കെ.ജി.എസ്. എഴുതിയിരിക്കുന്ന കവിത ‘കൂര്‍മം’ ആരംഭിക്കുന്നതുതന്നെ ‘വിശക്കുന്ന മനുഷ്യാ, പുസ്തകമെടുത്തു സുഖമായുറങ്ങാം ഈ പ്രതിവിപ്ലവ താരാട്ട് ഇതിലെനിക്കുറങ്ങണ്ട’ എന്നിങ്ങനെയാണ്.
കവിയുടെ വരികളില്‍ വിപ്ലവം നടക്കാതെ പോയതിന്റെ നിരാശയുണ്ട്. ‘കൂര്‍മം’ മാറ്റമൊന്നും നടക്കാത്തതിന്റെ പ്രതീകമാണ്. ലോകം മുഴുവന്‍ നിരാകരിച്ച സമഗ്രാധിപത്യ നിലപാടിനെ കവി വീണ്ടും ന്യായീകരിക്കുന്നു. സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും ചൈനയിലുമൊക്കെയുണ്ടായ മാറ്റത്തെ കവി കണ്ടതായി നടിക്കുന്നില്ല. കവി തന്റെ ദന്തഗോപുരത്തില്‍ത്തന്നെ. എഴുപതുകളിലും എണ്‍പതുകളിലും അദ്ദേഹം നടത്തിയ രചനകളില്‍ മുന്നോട്ടുവച്ച ആശയങ്ങളില്‍ നിന്നും തെല്ലും കവി വളരുന്നില്ല. വിപ്ലവം എന്നത് അപകടകരമായ ഒരു കാല്പനിക സ്വപ്‌നമാണെന്ന യാഥാര്‍ത്ഥ്യം സാധാരണ ജനങ്ങള്‍ പോലും മനസ്സിലാക്കിയിട്ടും കോളേജ് അധ്യാപകന്‍ കൂടിയായിരുന്ന ഈ കവിക്ക് പിടികിട്ടുന്നതേയില്ല. അദ്ദേഹം വിപ്ലവത്തിന്റെ ‘കൂര്‍മ’ വേഗത്തില്‍ പരിതപിക്കുകയാണ്. കവിയുടെ വാക്യം തന്നെ ഉദ്ധരിക്കാം.
‘മടയാ നീ ഉറുമ്പുകള്‍ക്കു മേല്‍ ഡിഡിറ്റി
തൂവുന്നുണ്ടല്ലോ അവയില്‍ നിന്നെന്തെങ്കിലും പഠിച്ചോ?’ അനുവാചകരോടു കവി ചോദിക്കുന്നതു തന്നെ അവര്‍ക്ക് കവിയോടു തിരിച്ചും ചോദിക്കേണ്ടി വരും. ലോകത്ത് ഇന്നു നടക്കുന്ന മാറ്റങ്ങളെന്തെങ്കിലും കവി അറിയുന്നുണ്ടോ? ആമയെപ്പോലെ സ്വന്തം തോടിനുള്ളില്‍ത്തന്നെയാണ് കവി ഇപ്പോഴും. ആശയങ്ങളിലും കവിതയിലും പുരോഗതിയൊന്നും കാണാനില്ല.
നല്ല ശമരിയാക്കാരന്മാരും നന്മമരങ്ങളും ഒരു പ്രത്യേക സമുദായത്തിന്റെ കുത്തകയായി മാറാന്‍ തുടങ്ങിയിട്ട് കേരളത്തില്‍ കാലം കുറേയായി. ഇതൊന്നും യാദൃച്ഛികമാണെന്നു പറയാന്‍ വയ്യ. മനുഷ്യ നന്മയ്ക്കു മതമില്ല. എല്ലാ മതക്കാരിലും നല്ലവരും കെട്ടവരുമുണ്ട്. മറ്റുമതക്കാരോട് നന്മ ചെയ്യാന്‍ പാ ടില്ലെന്നു പഠിപ്പിക്കുന്ന മതങ്ങളുമുണ്ട്. എങ്കിലും കേരളത്തിലെ നന്മയുടെ മാലാഖമാര്‍ എല്ലാം ഒരു പ്രത്യേക മതത്തില്‍ നിന്നുള്ളവരാണ്. ഈ കപട വ്യാഖ്യാനം ആരംഭിച്ചിട്ട് വളരെ വര്‍ഷമായി. കൃത്യമായി പറഞ്ഞാല്‍ 1921നു ശേഷമാണ് ഇങ്ങനെ ഒരു പ്രത്യേകവിഭാഗത്തില്‍ നിന്നുമാത്രം നന്മചെയ്യുന്നവരുണ്ടെന്ന കഥകള്‍ പ്രചരിപ്പിച്ചു തുടങ്ങിയത്. ഇനിയും ആയുധമെടുത്ത് ഞങ്ങളെ ആക്രമിക്കരുതേ എന്ന യാചനയാണ് ഇത്തരം ആഖ്യാനങ്ങള്‍ സൃഷ്ടിക്കുന്നതിനു പിറകിലുള്ള ഒരു മനോഭാവം. മറ്റൊന്ന് ആ വിഭാഗക്കാര്‍തന്നെ തങ്ങളുടെ അക്രമങ്ങള്‍ മറച്ചുവയ്ക്കാന്‍ നടത്തുന്ന ഗൂഢശ്രമവും. പഴയകാല ചലച്ചിത്രങ്ങളില്‍ അന്തരിച്ചുപോയ നടന്‍ നെല്ലിക്കോട് ഭാസ്‌കരന്‍ അവതരിപ്പിക്കുന്ന സ്ഥിരം നന്മയുടെ ആള്‍രൂപത്തെ പഴയ തലമുറക്കാര്‍ക്ക് ഓര്‍മകാണും. വലിയ തിന്മകള്‍ ചെയ്യുന്ന നമ്പൂതിരിമാരോടും നായന്മാരോടും ഈ നന്മമരം സ്ഥിരം പറയുന്ന ഒരു ഉപദേശവും പഴയകാലത്തെ ചലച്ചിത്രാസ്വാദകര്‍ ഓര്‍ക്കുന്നുണ്ടാവണം ”ജ്ജ് മനിസനാവടാ…..” എന്നു തുടങ്ങുന്ന ആ നല്ല ശമരിയാക്കാനെ അവതരിപ്പിക്കാന്‍ മിക്കവാറും സിനിമകളിലും തിരഞ്ഞെടുക്കപ്പെട്ടിരുന്നത് നെല്ലിക്കോട് ഭാസ്‌കരന്‍ എന്ന ഭാസ്‌കര മേനോനായിരുന്നു.
പൊതു സമൂഹത്തിലും സാഹിത്യത്തിലുമൊക്കെ ഒരു പ്രത്യേക വിഭാഗത്തില്‍ നിന്നു മാത്രമുള്ള നല്ല ശമരിയാക്കാരന്മാരെ നമുക്കു ധാരാളം കാണാം. അത്തരത്തിലുള്ള ഒരു നല്ല ശമരിയാക്കാരനെ അവതരിപ്പിക്കാനുള്ള ശ്രമമാണ് മാതൃഭൂമിയില്‍ ബോണി തോമസ് തന്റെ ചെറുകഥയായ ‘പേയിങ് ഗസ്റ്റി’ലൂടെ നടത്തുന്നത്. ‘ജുനൈദ് ഉസ്മാന്‍’ എന്ന മഹാ മനുഷ്യസ്‌നേഹി സഹായിക്കുന്നത് മറ്റാരെയുമല്ല ജൂതയായ ഫിയോണയെയാണ്. മനുഷ്യസ്‌നേഹത്തിന്റെ മഹാപ്രവാഹം അവതരിപ്പിക്കാന്‍ ഇസ്രായേല്‍ – പലസ്തീന്‍ യുദ്ധകാലത്ത് ഇങ്ങനെയൊരു കഥതന്നെ വേണമല്ലോ!!! പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ജുനൈദ് ഉസ്മാന്‍ നന്മ ചെയ്യുകയാണ്; മഹാത്മാഗാന്ധിയെപ്പോലെ. ഫിയോണയുടെ പേയിങ്ങ് ഗസ്റ്റാണ് കഥയിലെ നായകന്‍. ജുനൈദ് എന്ന പേരുതന്നെ കഥാകൃത്തിന്റെ ആഗ്രഹപൂര്‍ത്തീകരണത്തിനു മതിയെന്നിരിക്കേ അല്പം കൂടി നന്മ വ്യക്തമാവട്ടേ എന്നു കരുതിയാവണം കേരളത്തില്‍ പൊതുവെ കേള്‍ക്കാത്ത ഏച്ചുകെട്ടലായ ‘ജൂനൈദ് ഉസ്മാന്‍’ ഉപയോഗിച്ചത്.
കഥയിലെ മറ്റൊരു കാതലായ സംഗതി വെളുത്ത ജൂതന്മാരും കറുത്ത ജൂതന്മാരും തമ്മിലുള്ള സംഘര്‍ഷമാണ്. വെളുത്ത ജൂതന്മാരും കറുത്ത ജൂതന്മാരും തമ്മില്‍ പരസ്പരം കൊല്ലാനും പോന്ന ശത്രുതയുണ്ടെന്ന് ബോണിതോമസിന്റെ കഥയില്‍ നിന്നുമാത്രമാണ് വായിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. കഥാകൃത്ത് ബോധപൂര്‍വ്വം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന രീതിയില്‍ വെളുത്ത ജൂതന്മാരും കറുത്ത ജൂതന്മാരും തമ്മില്‍ വലിയ ശത്രുതയൊന്നും ഒരു കാലത്തുമുണ്ടായിരുന്നില്ല. മാത്രവുമല്ല ജൂതസമൂഹം ഒരടഞ്ഞ വ്യവസ്ഥയല്ല. ലോകത്തിലെ അറിയപ്പെടുന്ന ജൂതന്മാരില്‍ ബഹുഭൂരിപക്ഷം പേരും മിശ്രവിവാഹിതരോ ക്രിസ്തുമതം സ്വീകരിച്ചവരോ ഒക്കെയാണ്. ഏറ്റവും പ്രശസ്തനായ ജൂതനെന്നു വിളിക്കാവുന്ന കാറല്‍ മാര്‍ക്‌സ് ക്രിസ്തുമതം സ്വീകരിച്ച ജൂത കുടുംബത്തിലാണ് ജനിച്ചത്. പ്രശസ്ത ജൂത ശാസ്ത്രജ്ഞനായ നീല്‍സ് ബോറിന്റെ അമ്മ ജൂതയും അച്ഛന്‍ ക്രിസ്ത്യാനിയുമായിരുന്നു. 965 നൊബേല്‍ അവാര്‍ഡ് ജേതാക്കളില്‍ 216 പേര്‍ ജൂതന്മാരാണ്. അതില്‍ ഒട്ടുമിക്കവരുടെയും മാതാപിതാക്കളില്‍ ഏതെങ്കിലുമൊരാള്‍ അന്യമതസ്ഥനാണ്. ഇത്രമാത്രം സഹിഷ്ണുതയുള്ള ജൂതസമൂഹത്തെയാണ് ബോണി തോമസ് വെളുത്തവരും കറുത്തവരും തല്ലുകൂടുന്ന സമൂഹമായി ചിത്രീകരിച്ചിരിക്കുന്നത്. ഇത്തരം നുണകള്‍ കൊണ്ടൊന്നും പാലസ്തീന്‍ യുദ്ധത്തില്‍ ഇസ്രായേലിനെ തോല്പിക്കാനാവില്ല എന്ന യാഥാര്‍ത്ഥ്യം ഈ കഥാകൃത്ത് മനസ്സിലാക്കേണ്ടിയിരിക്കുന്നു.
പലസ്തീന്‍-ഇസ്രായേല്‍ തര്‍ക്കത്തില്‍ ഇരുകൂട്ടരും തുല്യനീതി അര്‍ഹിക്കുന്നുണ്ട്. ജറുസലേം മണ്ണിലെ ആദ്യ താമസക്കാര്‍ ജൂതന്മാരായിരുന്നു. പിന്നെത്രയോ സഹസ്രാബ്ദങ്ങള്‍ക്കുശേഷമാണ് ഫലസ്തീനികള്‍ എന്നു വിളിക്കപ്പെടുന്ന വിഭാഗം അവിടെയെത്തുന്നത്. യഥാര്‍ത്ഥ കുടിയേറ്റക്കാര്‍ യഥാര്‍ത്ഥത്തില്‍ ഫലസ്തീനികളാണ്. പിന്നെ വന്ന കുടിയേറ്റക്കാരാണ് ഫലസ്തീനികളെങ്കിലും ഏതാനും നൂറ്റാണ്ടുകളായി അവരും അവിടെ താമസിക്കുന്നവരാണ്. ഇസ്രായേലികള്‍ക്കുള്ളതു പോലെ അവകാശം ഫലസ്തീനികള്‍ക്കുമുണ്ട്. രണ്ടുപേരും തുല്യ അവകാശികളാക യാല്‍ യുദ്ധം പ്രശ്‌നത്തിനുള്ള പരിഹാരമല്ല. സഹവര്‍ത്തിത്വത്തോടെ ഒത്തുകഴിയുകയേ മാര്‍ഗ്ഗമുള്ളൂ.
തങ്ങള്‍ക്കു വെള്ളവും വൈദ്യുതിയും ഭക്ഷണവുമൊക്കെ നല്‍കിയിരുന്ന ഇസ്രായേലിനെ അകാരണമായി കടന്നാക്രമിക്കുക വഴി പലസ്തീനികളാണ് യഥാര്‍ത്ഥത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത്. ആ യാഥാര്‍ത്ഥ്യത്തെ ലോകത്തെല്ലായിടത്തുമുള്ളവര്‍ മനസ്സിലാക്കുന്നുണ്ടെങ്കിലും കേരളത്തില്‍ ചിലര്‍ക്കു മാത്രം ഇപ്പോഴും നേരം പുലര്‍ന്നിട്ടില്ല. അത്തരത്തില്‍ നേരം വെളുക്കാത്ത ഒരാളാണ് ബോണി തോമസ്. തിന്മയെ വെള്ളപൂശുകയും നന്മയെ തമസ്‌കരിക്കുകയും ചെയ്യുന്നത് പാപകര്‍മ്മമാണ്. ഇത്തരം വ്യാജപ്രചരണങ്ങള്‍ സാഹിത്യത്തെ അധഃപതിപ്പിക്കും.
മൗര്യചക്രവര്‍ത്തിയായിരുന്ന അശോകചക്രവര്‍ത്തി സ്വീകരിച്ചിരുന്ന അപരനാമം ആയിരുന്നു ‘ദേവാനാം പിയ പിയദശ്ശി’ എന്നത്. പാലിഭാഷയിലുള്ള ഇതിന്റെ അര്‍ത്ഥം മറ്റുള്ളവരോട് കാരുണ്യം കാണിക്കുന്നവന്‍ എന്നാണത്രേ! പഴയകാലത്തെ സ്‌കൂള്‍ പാഠപുസ്തകത്തില്‍ ഇതിനെ തെറ്റായി ‘ദേവാനാംപ്രിയ പ്രിയദര്‍ശി’ എന്നിങ്ങനെ എഴുതിയിരിക്കുന്നത് കണ്ടിട്ടുണ്ട്. ദേവന്മാര്‍ക്ക് പ്രിയപ്പെട്ടവന്‍ എന്നതിന്റെയര്‍ത്ഥം പറഞ്ഞു തന്നിരുന്നു. മലയാളം വാരികയില്‍ (നവംബര്‍ 18) പി.എസ് മനോജ് കുമാര്‍ എഴുതിയിരിക്കുന്ന കവിതയില്‍ ‘പിയദസ്സിരാജാവ്’ എന്ന് അശോകനെക്കുറിച്ചു പരാമര്‍ശിക്കുന്നു. ഒരു ചരിത്രപ്രബന്ധത്തെ വികൃതമാക്കിയാല്‍ അതൊരു കവിതയായി മാറും എന്ന തിരിച്ചറിവ് പി.എസ്. മനോജ് കുമാറിന്റെ ‘ബഹുജനഹിതായ ബഹുജനസുഖായ’ കവിത നല്‍കുന്നുണ്ട്. കവിത എന്ന സാഹിത്യ രൂപത്തിന് എത്രമാത്രം അധഃപതിക്കാമെന്നതിന്റെ തെളിവാണ് ഈ കവിത. ചരിത്രത്തില്‍ നിന്ന് എന്തൊക്കെയോ എടുത്ത് എന്തൊക്കെയോ എഴുതിയിരിക്കുന്നു.
പാറപ്പുറത്തിനെക്കുറിച്ച് മലയാളത്തില്‍ പോള്‍ മണലില്‍ എഴുതിയിരിക്കുന്ന കുറിപ്പ് അവസരോചിതം എന്നു പറയാം. വേണ്ടത്ര ശ്രദ്ധകിട്ടാതെ കിടക്കുന്ന ഒരു വലിയ നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് പാറപ്പുറത്ത്. അദ്ദേഹത്തിന്റെ പട്ടാളക്കഥകളും നോവലുകളും ഭാഷയ്ക്ക് വലിയ സമ്പത്താണ്. പക്ഷേ ഗൗരവമുള്ള പഠനങ്ങള്‍ ഒന്നും ഈ വലിയ എഴുത്തുകാരനെക്കുറിച്ച് ആരും നടത്തിയിട്ടില്ല. ഇപ്പോള്‍ പോള്‍ മണലിലെങ്കിലും അദ്ദേഹത്തെ ഓര്‍ക്കാന്‍ തയ്യാറായത് വലിയകാര്യം തന്നെ. ‘അരനാഴികനേരം’ മലയാളത്തിലെ ക്ലാസിക് രചനകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒരു കൃതിയാണെന്ന കാര്യത്തില്‍ തര്‍ക്കത്തിനവകാശമില്ല. ആധുനികതയ്ക്കും ക്ലാസിക് കാലഘട്ടത്തിനുമിടയിലെ പാലം പോലെ നില്‍ക്കുന്നവയാണ് അദ്ദേഹത്തിന്റെ കൃതികള്‍. സി.വിയുടെ കാലത്തെ പ്രൗഢമായ എഴുത്തിനെ ആധുനികതയിലേയ്ക്കു നയിച്ച ദേവ്, പൊറ്റെക്കാട്, ഉറൂബ്, കാരൂര്‍ തുടങ്ങിയവരുടെ നിരയില്‍ത്തന്നെ പ്രതിഷ്ഠിക്കേണ്ട പ്രതിഭാശാലിയാണ് പാറപ്പുറത്തെന്ന കെ.ഇ.മത്തായിയും. എങ്കിലും ആ പദവി അദ്ദേഹത്തിനു ലഭിക്കുന്നില്ല. ലഭിക്കേണ്ടതു തന്നെയാണ്.
മാധ്യമം വാരികയില്‍ (നവം. 18-25) ഇത്തവണയും കവിതകള്‍ക്കു പഞ്ഞമില്ല. ആര്യാഗോപിയുടെ ‘നര്‍ത്തകി’ ആദ്യരചനയായി കൊടുത്തിരിക്കുന്നു. സ്ഥിരം പെണ്‍ കവിതകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താനൊന്നു കൂടി എന്നേ പറയാനാവൂ. എല്ലാവരികളിലും കൃത്യമായ വൃത്തനിഷ്ഠ പാലിച്ചിട്ടില്ലെങ്കിലും ‘പഞ്ചചാമരത്തി’ന്റെ നീതി അനുവര്‍ത്തിച്ചുള്ള എഴുത്ത് ശ്രദ്ധിക്കാവുന്ന കാര്യമാണ്. 18 അക്ഷരം വീതമുള്ള വരികളെ മുറിച്ച് രണ്ടാക്കി എഴുതിയിരിക്കുന്ന രീതി കണ്ടാല്‍ അനുഷ്ടുപ്പ് ആണെന്ന് ആദ്യം തെറ്റിദ്ധരിച്ചുപോകും. സംസ്‌കൃതവൃത്തങ്ങള്‍ പ്രായേണ എഴുതാന്‍ ബുദ്ധിമുട്ടായതിനാല്‍ ഇപ്പോഴാരും അവ പരീക്ഷിച്ചു നോക്കാറില്ല. ‘കേക’യെ മുറിച്ചെഴുതല്‍ മാത്രമാണ് ആധുനിക കവികളുടെ ആകെയുള്ള വൃത്തപരിചയം. എന്നാലിക്കവി ആ മേഖലയില്‍ പരീക്ഷണം നടത്താന്‍ ശ്രമിച്ചതു നല്ലതു തന്നെ. കവിതയുടെ ഭാവം ചോര്‍ന്നു പോകാതെയും വൃത്തം തെറ്റാതെയും എഴുതാനായാല്‍ അതു സാമര്‍ത്ഥ്യം തന്നെ. ഇവിടെ വലിയ ഭാവഭംഗിയോ കവിതയുടെ ഉള്ളടക്കത്തിനു പുതുമയോ ഒന്നുമില്ല. ആകെയുള്ള മേന്മ വൃത്ത പരീക്ഷണം മാത്രം. പലയിടത്തും ഗുരുലഘുക്രമങ്ങള്‍ പാലിക്കാന്‍ കഴിയാത്തതിനാല്‍ അതും വിജയിച്ചുവെന്നു പറയാന്‍ കഴിയില്ല. ‘ജരം ജരം ജഗം നിരന്നു പഞ്ചചാമരം’ എന്നാണല്ലോ ലക്ഷണം. ‘നടത്തവും നടനവും എന്നെഴുതുമ്പോള്‍ ‘നടനവും’ എന്ന ഭാഗത്ത് തുടര്‍ച്ചയായി ലഘു വരുന്നതിനാല്‍ വൃത്തഭംഗമാണ്. വൃത്തം കവിതയില്‍ നിന്നും ഇറങ്ങിപ്പോയ കാലമായതിനാല്‍ ഈ വൃത്തഭംഗം ക്ഷമിക്കാവുന്നതേയുള്ളൂ.