Friday, July 4, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വാരാന്ത്യ വിചാരങ്ങൾ

പാവം ഒരിടതുപക്ഷക്കാരന്‍

കല്ലറ അജയന്‍

Print Edition: 6 December 2024

പിരപ്പന്‍കോട് മുരളി ജീവിതം മുഴുവന്‍, ഇടതുപക്ഷ രാഷ്ട്രീയത്തിനുവേണ്ടി നീക്കിവച്ച ഒരു നിസ്വാര്‍ത്ഥ രാഷ്ട്രീയ സാമൂഹ്യ, സാംസ്‌കാരിക, നാടക പ്രവര്‍ത്തകനാണ്. രണ്ടുതവണ അദ്ദേഹം എം.എല്‍.എയും ആയിരുന്നു. വളരെയധികം നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. ലളിതകലാ അക്കാദമിയുടെയും സാഹിത്യ അക്കാദമിയുടെയും പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നാടക പ്രവര്‍ത്തനങ്ങളുടെ കാഴ്ചക്കാരനായിരിക്കാന്‍ പലപ്പോഴും എനിക്ക് അവസരമുണ്ടായിട്ടുണ്ട്. പില്‍ക്കാലത്ത് പ്രശസ്തരായിത്തീര്‍ന്ന പലരും അവരുടെ ആദ്യകാലത്ത് ഇദ്ദേഹത്തിന്റെ നാടകങ്ങളുമായി സഹകരിച്ചിട്ടുണ്ട്. സംഗീതസംവിധായകന്‍ എം.ജയചന്ദ്രന്‍, നടന്മാരായ കൊച്ചുപ്രേമന്‍, പ്രേംകുമാര്‍ എന്നിവരൊക്കെ പിരപ്പന്‍കോട് മുരളിയുടെ നാടകങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നാടകങ്ങളില്‍ പലതും അഡാപ്‌റ്റേഷന്‍ നാടകങ്ങളായിരുന്നെങ്കിലും ദുഷ്‌ക്കരമായ പലതിനേയും നാടക രൂപാന്തരണം നടത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പി. കൃഷ്ണപിള്ളയുടെ ജീവിതം, ചങ്ങമ്പുഴയുടെ ജീവിതം, സ്വാതിതിരുനാളിന്റെ ജീവിതം എന്നിവയൊക്കെ അദ്ദേഹം നാടകമാക്കി.

അഴിമതിയോടു താല്പര്യമില്ലാത്തതിനാല്‍ ഇടതുപക്ഷത്തിനുള്ളില്‍ ചിലപ്പോഴൊക്കെ കലാപക്കൊടി ഉയര്‍ത്താനും മുരളി തയ്യാറായിട്ടുണ്ട്. ഒരിക്കല്‍ സി.പി.എമ്മിന്റെ തിരുവനന്തപുരം ജില്ലാസെക്രട്ടറിക്കെതിരെ ‘കറുത്തസിംഹാസനം’ എന്നോ മറ്റോ പേരില്‍ ഒരു കവിത പ്രസിദ്ധീകരിച്ച് അദ്ദേഹം പാര്‍ട്ടിക്ക് അനഭിമതനായി. നടപടിക്ക് വിധേയനാവുകയും ചെയ്തു. വളരെക്കാലം ഇടതുരാഷ്ട്രീയ നേതൃത്വത്തില്‍ ഉണ്ടായിരുന്നെങ്കിലും മറ്റു നേതാക്കന്മാരെപ്പോലെ സ്വത്തൊന്നും ഇദ്ദേഹം സമ്പാദിച്ചില്ല. രാഷ്ട്രീയം തനിക്കു പറ്റുന്ന മേഖലയല്ലെന്ന തിരിച്ചറിവില്‍ ക്രമേണ കലാ സാംസ്‌കാരിക മേഖലയിലേക്ക് പിന്‍വാങ്ങുകയായിരുന്നു. കവി, നാടക കൃത്ത്, ഗാനരചയിതാവ് എന്നീ മേഖലകളിലൊക്കെ ശോഭിച്ചിട്ടുണ്ട്. ‘യൂസ് ആന്റ് ത്രോ’ എന്ന സമീപനമാണല്ലോ കമ്മ്യൂണിസ്റ്റുകാര്‍ക്കുള്ളത്. ഇന്ന് വാര്‍ദ്ധക്യത്തിലെത്തി നില്‍ക്കുന്ന മുരളിയെ അവര്‍ ഏതാണ്ട് പൂര്‍ണമായും മറന്നുകഴിഞ്ഞു. അതിലുള്ള നീരസം അദ്ദേഹം മലയാളം വാരികയില്‍ (നവം.18) ‘മഹാജ്ഞാനികളുടെ കുടിപ്പകയും കുമാരനാശന്‍ വിജ്ഞാനകോശവും’ എന്ന ലേഖനത്തിലൂടെ അവതരിപ്പിക്കുന്നു.

കുമാരനാശാന്റെ ദുരവസ്ഥയെ ആസ്പദിച്ച് പിരപ്പന്‍കോട് മുരളി രണ്ടു നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. ‘മാറ്റുവിന്‍ ചട്ടങ്ങളെ’ എന്നതും ‘ജാതവേദസേ മിഴിതുറക്കൂ’ എന്നതും. ഒന്ന് ആധുനിക രീതിയിലും അടുത്തത് പ്രൊഫഷണല്‍ രീതിയിലും. രണ്ടും അക്കാലത്ത് ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. എന്നിട്ടും കേരള സംസ്ഥാന സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ മഹാകവി കുമാരനാശാന്‍ സര്‍വ്വവിജ്ഞാനകോശത്തില്‍ ഈ നാടകങ്ങളെക്കുറിച്ച് പരാമര്‍ശം ഇല്ലത്രേ! ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഇടതുപക്ഷസാംസ്‌കാരിക പ്രവര്‍ത്തകര്‍ മുന്‍കൈ എടുത്ത് പ്രസിദ്ധീകരിച്ച ഒന്നില്‍ ആജീവനാന്തം ഇടതുപക്ഷക്കാരനായിരുന്ന പിരപ്പന്‍കോട് മുരളി ഒഴിവാക്കപ്പെട്ടതില്‍ അവര്‍ക്കിടയിലുള്ള കിടമത്സരമല്ലാതെ മറ്റൊരു കാരണമില്ല. ഇടതുപക്ഷക്കാരനായിരുന്നെങ്കിലും അഴിമതിയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുത്തിരുന്നതിനാല്‍ പാര്‍ട്ടി വൃത്തങ്ങള്‍ക്ക് ഒരുകാലത്തും സ്വീകാര്യനായിരുന്നില്ല മുരളി. ആ അസ്വീകാര്യതയാണ് ഇപ്പോള്‍ ഈ കുമാരനാശാന്‍ വിജ്ഞാനകോശത്തിന്റെ കാര്യത്തിലുമുണ്ടായത്.

പാശ്ചാത്യര്‍ എഴുതുന്നതെല്ലാം മെച്ചപ്പെട്ട സാഹിത്യമാണെന്ന തെറ്റിദ്ധാരണ മലയാളികള്‍ക്ക് പണ്ടേയുള്ളതാണ്. ഇന്നും അതുവച്ചു പുലര്‍ത്തുന്ന ചിലര്‍ ഉണ്ട്. ഇംഗ്ലീഷ് സാഹിത്യം പഠിക്കാനിടയായപ്പോഴാണ് പല പാശ്ചാത്യകവികളും കടലാസുപുലികള്‍ മാത്രമാണെന്ന് മനസ്സിലായത്. നല്ല കവിതകള്‍ എഴുതിയിട്ടുള്ള പല ഇംഗ്ലീഷ് കവികളുടെയും മോശം രചനകളാണ് നമ്മള്‍ ഇവിടെ പ്രചരിപ്പിച്ചിട്ടുള്ളത്. അതിനുകാരണം നമുക്ക് പെട്ടെന്ന് വഴങ്ങുന്ന എളുപ്പമുള്ള രചനകളെയാവുമല്ലോ നമ്മള്‍ തിരഞ്ഞെടുക്കുക. ചിലതൊക്കെ തര്‍ജ്ജമ ചെയ്ത് ഇവിടെ എത്തുമ്പോഴേക്കും കവിത ചോര്‍ന്ന അവസ്ഥയിലായിപ്പോവുകയും ചെയ്യും. മെക്‌സിക്കന്‍ കവിയായ ഹൊമെറേ അരിദ് ജിസിനെ (Homero Aridjis) എനിക്ക് നേരത്തേ വായിച്ചു പരിചയമൊന്നുമില്ല ‘രാജശലഭങ്ങളുടെ കാവല്‍ മാലാഖ’ എന്നിങ്ങനെ ദേശമംഗലം രാമകൃഷ്ണന്‍ മലയാളത്തിലെഴുതിയിരിക്കുന്ന പംക്തിയില്‍ അദ്ദേഹം ഈ മെക്‌സിക്കന്‍ കവിയെ പരിചയപ്പെടുത്തുന്നു.

ലോകത്തിന്റെ ഇതരഭാഗങ്ങളില്‍ നിന്നുള്ള എഴുത്തുകാരെ പരിചയപ്പെടുത്തുന്നത് തീര്‍ച്ചയായും നല്ല കാര്യമാണ്. ഇപ്പോള്‍ ലോകത്തിലെ എല്ലാ ഭാഷകളും വികസിതമാകയാല്‍ വിദേശ എഴുത്തുകാരില്‍ നിന്ന് അധികമൊന്നും പഠിക്കാനില്ല. എങ്കിലും സ്പാനിഷ് സാഹിത്യത്തിലെ പല പ്രവണതകളും നമ്മുടെ നാട്ടിലും അനുകരിക്കപ്പെടുന്നുണ്ട്. അതുവഴിയാണല്ലോ ‘മാജിക്കല്‍ റിയലിസം’ എന്ന പുതുപ്രസ്ഥാനം കേരളത്തിലേയ്‌ക്കെത്തിയത്. മെക്‌സിക്കന്‍ കവിക്ക് റോക്‌ഫെല്ലര്‍ ഫൗണ്ടഷനുമായി ചില ബന്ധമൊക്കെയുള്ളതായി ദേശമംഗലം രാമകൃഷ്ണന്‍ എഴുതുന്നു. അതുവായിച്ചപ്പോള്‍ ഞാന്‍ സംശയാലുവായി. കാരണം റോക്‌ഫെല്ലര്‍ ഫൗണ്ടേഷന്‍ അവികസിത രാജ്യങ്ങളെ വികസിതരാജ്യങ്ങളുടെ, പ്രത്യേകിച്ചും അമേരിക്കയുടെ വരുതിയില്‍ നിര്‍ത്താന്‍ വേണ്ടി പരിശ്രമിക്കുന്ന ഒരു സംഘടനയാണെന്ന് ഏവര്‍ക്കുമറിയാം. അവര്‍ കലാകാരന്മാര്‍ക്ക് അവാര്‍ഡുകള്‍ നല്‍കി അവരുടെ ആശയങ്ങളുടെ പ്രചാരകരാക്കുക പതിവാണ്. അത്തരം കലാകാരന്മാര്‍ക്ക് വലിയ കഴിവുകള്‍ ഉണ്ടാകണമെന്നില്ല. ഫൗണ്ടേഷന്റെ വരുതിയില്‍ നിന്നാല്‍ മതിയാകും.

ദേശമംഗലം വിവര്‍ത്തനം ചെയ്തു കൊടുത്തിരിക്കുന്ന കവിതകള്‍ പ്രകൃതിമാലാഖ, രാത്രിയിലെ മഴ, കവിത എന്നിവയൊന്നും നമ്മളില്‍ പ്രത്യേക ആസ്വാദനമൊന്നും ഉണര്‍ത്തുന്നില്ല. സ്പാനിഷില്‍ നിന്നും ഇംഗ്ലീഷു വഴി മലയാളത്തിലെത്തിയതുകൊണ്ടാവാം കവിത ഊര്‍ന്നുപോയത്. എങ്കിലും ഇന്റര്‍നെറ്റില്‍ അദ്ദേഹത്തിന്റെ ചില കവിതകള്‍ ലഭ്യമാണ്. അവയ്ക്ക് ചില കാവ്യഭംഗികളൊക്കെയുണ്ട്. ‘All of my Yesterdays’ എന്ന കവിതയിങ്ങനെയാണ് തുടങ്ങുന്നത്.””All of my Yesterdays fit in one hand. All of my wins I carry in a bag with holes in it” ഇതില്‍ പുതുമയുണ്ട്. കവിത്വവുമുണ്ട്. കവിത അവസാനിക്കുന്നത് വലിയ ദാര്‍ശനികമാനമുള്ള “”Presence and absence are the same” എന്ന വരിയോടെയാണ് ‘സാന്നിധ്യവും അസാന്നിധ്യവും ഒന്നുപോലെ തന്നെ’ എന്നു വേണമെങ്കില്‍ നമുക്കു തര്‍ജ്ജമ ചെയ്യാം എന്തൊരത്ഭുതകരമായ നിരീക്ഷണവും തിരിച്ചറിവുമാണിത്. “Self Portrait in the zone of silence’ എന്ന കവിതയും മനോഹരമാണ്. എന്തുകൊണ്ടാണ് ഇത്രയും മനോഹരമായ കവിതകള്‍ ലഭ്യമാണെന്നിരിക്കെ കുറെ പൊട്ടക്കവിതകള്‍ തര്‍ജ്ജമ ചെയ്തുകൊടുത്തതെന്നറിയില്ല. എന്തായാലും ഈ വലിയ കവിതയെ പരിചയപ്പെടുത്തിയതിന് ദേശമംഗലത്തോടു നന്ദി പറയണം.

ചിത്രകലയെക്കുറിച്ച് മലയാളികള്‍ പൊതുവെ അജ്ഞരാണ്. പാബ്ലോ പിക്കാസോ, സാല്‍വദോര്‍ ഡാലി, വിന്‍സെന്റ് വാന്‍ഗോഗ്, മൈക്കല്‍ ആഞ്ചലോ, ഡാവിന്‍സി, റാഫേല്‍ എന്നിങ്ങനെ ചില പാശ്ചാത്യരെക്കുറിച്ച് തലങ്ങും വിലങ്ങും പറയാറുണ്ടെങ്കിലും നമ്മുടെ നാട്ടിലെ ചിത്രകാരന്മാരെയും ശില്പികളെയും നമ്മള്‍ തീരെ ബഹുമാനിക്കാറില്ല എന്നതു യാഥാര്‍ത്ഥ്യം. സാധാരണക്കാര്‍ രാജാരവിവര്‍മ്മയേയും ബുദ്ധിജീവികള്‍ കെ.സി.എസ് പണിക്കരേയും അറിയും അത്രതന്നെ. കാനായി കുഞ്ഞിരാമന്‍ തന്റെ രതി ശില്പങ്ങളുടെ പേരില്‍ കുറച്ചൊക്കെ പ്രസിദ്ധനാണ്. എന്നാല്‍ പ്രസിദ്ധീകരിണങ്ങളില്‍ ഇല്വസ്‌ട്രേഷനുകള്‍ ചെയ്ത ആര്‍ട്ടിസ്റ്റ് നമ്പൂതിരി, എ.എസ്.നായര്‍, എം.വി.ദേവന്‍, സി.എന്‍.കരുണാകരന്‍ തുടങ്ങിയ വലിയ ചില ചിത്രകാരന്മാരുണ്ട്. അവരെയൊന്നും വേണ്ടുന്ന രീതിയില്‍ നമ്മള്‍ ആദരിക്കുന്നുണ്ടോ എന്നു സംശയമാണ്. കേരളത്തിലെ ചിത്രകാരന്മാര്‍ക്ക് അവരുടെ ഒരു ചിത്രം വില്‍ക്കണമെന്നുണ്ടെങ്കില്‍ ഏതെങ്കിലും വിദേശി സായിപ്പ് വന്നേ രക്ഷയുള്ളൂ.

മുകളില്‍ പറഞ്ഞവരുടെ കൂട്ടത്തില്‍ ചേര്‍ത്തുവയ്ക്കാവുന്ന ഒരു പേരാണ് ആര്‍ട്ടിസ്റ്റ് മദനന്റേത്. അദ്ദേഹത്തെക്കുറിച്ച് ഡി.പ്രദീപ് കുമാര്‍ വര-വരമൊഴി സാക്ഷ്യം എന്ന പംക്തിയില്‍ എഴുതിയിരിക്കുന്നു. വളരെക്കാലം മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ആകര്‍ഷണമായിരുന്നു മദനന്‍. നമ്പൂതിരിയും എ.എസും നിറഞ്ഞാടിയ തട്ടകത്തില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ പ്രതിഭയുടെ വലിയ ശേഖരമുണ്ടെങ്കിലേ സാധ്യമാകൂ! മദനന് അതുണ്ട്. അതുകൊണ്ട് അദ്ദേഹവും നിറഞ്ഞാടുന്നു. നമ്മള്‍ ശ്രദ്ധിക്കുന്നില്ലെങ്കില്‍ അതു നമ്മുടെ കുറ്റം; അത്രതന്നെ. കവികള്‍ക്കും എഴുത്തുകാര്‍ക്കും ഗായകര്‍ക്കും നല്‍കുന്നതുപോലുള്ള അംഗീകാരം ചിത്രകാരന്മാര്‍ക്ക് കേരള സമൂഹം നല്‍കാറില്ല. രാജാരവിവര്‍മ്മ മാത്രമാണൊരപവാദം. ഹൈന്ദവ ദൈവങ്ങളുടെ ചിത്രങ്ങള്‍ ധാരാളമായി വരച്ചതുകൊണ്ടാവണം അദ്ദേഹത്തെ എല്ലാവരും ആദരിച്ചത്. അതിനുശേഷം ഒരു ചിത്രകാരനും സാര്‍വത്രികമായ അംഗീകാരം നേടിയിട്ടില്ല. പിക്കാസോ തന്റെ ഡയറിയില്‍ ഇങ്ങനെ ഒരിക്കല്‍ കുറിച്ചു:

We artists are indestructible; even in a prison, or in a concentration camp, I would be almighty in my own world of art, even if I had to paint my pictures with my wet tongue on the dusty floor of my cell. താന്‍ തടവറയിലോ കോണ്‍ സെന്‍ട്രേഷന്‍ ക്യാമ്പിലോ അടയ്ക്കപ്പെട്ടാല്‍ ആ തടവറയുടെ നിലത്തെ പൊടിപിടിച്ച തറയില്‍ തന്റെ നനഞ്ഞ നാക്കുകൊണ്ട് ചിത്രം വരയ്ക്കും എന്ന് പറയാനും തക്ക ആര്‍ജ്ജവമുള്ള കലാകാരന്മാര്‍ നമുക്കുണ്ടോ എന്നതും ഒരു പ്രശ്‌നമാണ്.

പാട്ടിനെക്കുറിച്ചു മാത്രം എഴുതി നമ്മെ വിസ്മയിപ്പിക്കുന്ന വ്യക്തിയാണ് രവി മേനോന്‍. ആസ്വാദനം എന്നതും ഒരു കലയാണെന്ന് നമ്മെ പഠിപ്പിച്ച രണ്ടുപേരാണ് രവി മേനോനും സൂര്യകൃഷ്ണമൂര്‍ത്തിയും. രണ്ടുപേരും കലാകാരന്മാര്‍ എന്നതിനേക്കാള്‍ വലിയ ആസ്വാദകരാണ്. സൂര്യ എന്ന കലാസ്വാദക സംഘടനയുണ്ടാക്കി വര്‍ഷങ്ങളോളം ഇന്ത്യയിലെ വലിയ കലാകാരന്മാരെ ആസ്വദിക്കാനുള്ള അവസരം തിരുവനന്തപുരത്തുകാര്‍ക്ക് ഉണ്ടാക്കിക്കൊടുക്കുകയാണ് സൂര്യ കൃഷ്ണമൂര്‍ത്തി ചെയ്തത്. ഈ ലേഖകന്‍ അംജ്ജദ് അലിഖാന്‍, പദ്മാസുബ്രഹ്മണ്യം, വെമ്പടി ചിന്നസത്യം, എല്‍.സുബ്രഹ്മണ്യം തുടങ്ങി എത്രയോ വലിയ കലാകാരന്മാരെ കേള്‍ക്കുന്നതും കാണുന്നതും സൂര്യ ഫെസ്റ്റിവലില്‍ വച്ചാണ്. നിരന്തരം ആസ്വാദകനായിരുന്ന കൃഷ്ണമൂര്‍ത്തി പില്‍ക്കാലത്ത് നാടകത്തിലും മറ്റും തന്റേതായ ചില സംഭാവനകള്‍ നല്‍കുകയും ചെയ്തു. ആസ്വാദനത്തെ കൃഷ്ണമൂര്‍ത്തി ഒരു കലയായി വികസിപ്പിച്ചു.

രവിമേനോനും നമ്മളെ വിസ്മയിപ്പിക്കുന്ന രീതിയില്‍ സംഗീതാസ്വാദനത്തെയും അന്വേഷണത്തെയും വികസിപ്പിക്കുന്നു. ഗാനങ്ങള്‍ പിറവിയെടുക്കുന്ന മുഹൂര്‍ത്തത്തെ അദ്ദേഹം സമര്‍ത്ഥമായി അവതരിപ്പിക്കുന്നു. വിശ്രുതനായ നാടകകൃത്ത് ബര്‍ണാഡ്ഷായും ആദ്യകാലത്ത് ഒരു സംഗീതനിരൂപകനായിരുന്നു. അന്ന് അദ്ദേഹത്തിന്റെ തൂലികാനാമം കോര്‍ണോ ഡി ബാസെറ്റോ (Corno di Basseto) എന്നായിരുന്നുവത്രേ (ശരിക്കുള്ള ഉച്ചാരണം കോനോ ഡൈ ബാസെറ്റൗ എന്നാണന്ന് കാണുന്നു. ക്ലാരിനറ്റ് പോലുള്ള ഒരു സംഗീതോപകരണത്തിന്റെ ഇറ്റാലിയന്‍ പേരാണ് ഷാ ഉപയോഗിച്ചത്). മാതൃഭൂമിയില്‍ വളരെക്കാലം രവിമേനോന്‍ പാട്ടെഴുത്ത് എന്ന പേരില്‍ എഴുതിയിരുന്ന സംഗീതനിരൂപണ പംക്തി സവിശേഷമായിരുന്നു. ആരും വായിച്ചുപോകുന്ന തരത്തില്‍ അത്രമാത്രം സൂക്ഷ്മമായ വിശകലനങ്ങളായിരുന്നു അവയില്‍ പലതിലും ഉണ്ടായിരുന്നത്. പാട്ടുകള്‍ രൂപപ്പെട്ട മുഹൂര്‍ത്തത്തെ അടുത്തുനിന്നു കണ്ടതുപോലെയാണ് മേനോന്‍ അവതരിപ്പിക്കുന്നത്. അവയില്‍ പലതും പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. സംഗീത നിരൂപണം മലയാളത്തില്‍ ശ്രദ്ധേയമായ സാഹിത്യശാഖയല്ല. അതില്‍ത്തന്നെ ചലച്ചിത്രഗാന നിരൂപണത്തിനു മാത്രമേ വായനക്കാരുള്ളൂ. ടി.പി. ശാസ്തമംഗലം അതിനെ ജനകീയമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. വാദപ്രതിവാദങ്ങളോടെ ഓയെന്‍വി, വയലാര്‍, പി.ഭാസ്‌കരന്‍, ശ്രീകുമാരന്‍ തമ്പി എന്നീ ഗാനരചയിതാക്കളെ വാനോളം പുകഴ്ത്തുകയും ബിച്ചുതിരുമല, കൈതപ്രം, പൂവച്ചല്‍ഖാദര്‍ തുടങ്ങിയവരെയൊക്കെ താഴ്ത്തിക്കെട്ടുകയും ചെയ്തു. ടി.പിയുടേത് ഗാനത്തിലെ സാഹിത്യത്തെ മാത്രം സ്പര്‍ശിക്കുന്ന പംക്തിയായതിനാല്‍ അതിനെ സംഗീതനിരൂപണത്തിന്റെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താനാവില്ല. സംഗീതത്തെക്കുറിച്ച് ശാസ്തമംഗലം ഒന്നും പറയാറില്ല.

രവിമേനോന്‍ മാത്രമാണ് മലയാളത്തില്‍ സംഗീതനിരൂപണം നടത്തി വിജയിച്ച വ്യക്തിയെന്നു വേണമെങ്കില്‍ പറയാം. ശാസ്ത്രീയസംഗീതത്തെക്കുറിച്ച് പൊതുവെ ചില ലേഖനങ്ങള്‍ ഇപ്പോള്‍ കലാകൗമുദിയില്‍ വരുന്നുണ്ടെങ്കിലും അതിനെ നിരൂപണത്തിന്റെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താനാവില്ല. ശാസ്ത്രീയസംഗീതത്തെ നിരൂപണം ചെയ്യാന്‍ ആഴത്തില്‍ സംഗീതം പഠിച്ചവര്‍ക്കേ കഴിയൂ. ശാസ്ത്രീയ സംഗീതാസ്വാദകര്‍ വളരെകുറവായതിനാല്‍ അങ്ങനെയൊരു പംക്തിക്കു വായനക്കാരെ കിട്ടാന്‍ കേരളത്തില്‍ ബുദ്ധിമുട്ടായിരിക്കും. പുതിയകാലത്തെ സിനിമയിലെ സംഗീതവും ഏതാണ്ട് മരണപ്രിയമായ നിലയിലായതിനാല്‍ ഇനി സിനിമാഗാന നിരൂപണവും അസ്തമിക്കാനാണു സാധ്യത. ‘പാട്ടിലെ ശ്യാമരാഗങ്ങള്‍ക്കു സുവര്‍ണ്ണ ജൂബിലി’ എന്ന പേരില്‍ ശ്യാം എന്ന സംഗീത സംവിധായകന്റെ സംഭാവനകളെക്കുറിച്ച് രവി മേനോന്‍ മാധ്യമം വാരികയില്‍ എഴുതിയിരിക്കുന്നു (നവംബര്‍ 18-25). മേനോന്റെ മറ്റു ലേഖനങ്ങളെപ്പോലെ സമഗ്രമാണ് ഇതും. സാമുവല്‍ ജോസഫ് എന്ന ശ്യാമിന്റെ സംഗീത വഴികളെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കിയാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. മറ്റാരെക്കുറിച്ചെഴുതിയാലും രവിമേനോന്‍ അങ്ങനെ തന്നെയാണ് എഴുതുക പതിവ്.

Tags: പിരപ്പന്‍കോട് മുരളിരവിമേനോന്‍
ShareTweetSendShare

Related Posts

യാദൃച്ഛികത എന്ന കഥാപാത്രം

ശാസ്ത്രജ്ഞര്‍ രാഷ്ട്രത്തെ സേവിക്കട്ടെ

ചില യുദ്ധങ്ങള്‍ ചെയ്‌തേ മതിയാകൂ

ഒരു മഹാചരിത്രകാരന്റെ വിയോഗം

കഥയും കവിതയുടെ വഴിക്കു നീങ്ങുകയാണോ?

എഴുത്തിന്റെ ശക്തി

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

“രാഷ്ട്രീയപ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

സര്‍വകലാശാലാ ഭേദഗതിനിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

മുസ്ലിം വിവേചനം സമര്‍ത്ഥിക്കാന്‍ കണക്കിലെ തരികിട പ്രയോഗം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies