എല്ലാദേശങ്ങള്‍ക്കും സ്വന്തമായ കഥകളുണ്ട്. ആ കഥകളെ കണ്ടെടുത്ത് പൊലിപ്പിച്ച് അവതരിപ്പിക്കുന്ന എഴുത്തുകാരാണ് ദേശത്തിന് പെരുമയുണ്ടാക്കുന്നത്. എസ്.കെ.പൊറ്റെക്കാട്ട് അതിരാണിപ്പാടത്തിന്റെയും തകഴി കുട്ടനാടിന്റെയും ഓ.വി.വിജയന്‍ തസ്രാക്കിന്റെയും മുകുന്ദന്‍ മയ്യഴിയുടെയും മാര്‍കേസ് മക്കൊണ്ടയുടേയും വില്യം ഫോക്‌നര്‍ യോക്‌നപട്ടാഫയുടേയും ഡിക്കന്‍സ് ലണ്ടന്റെയും ആന്റണിഹോപ് റൂറിത്താനിയയുടെയും വേഡ്‌സ്്‌വര്‍ത്ത് ലേക്ഡിസ്ട്രിക്ടിന്റെയും അലക്‌സാണ്ടര്‍ ഡ്യൂമ പാരീസിന്റെയും കഥ പറഞ്ഞു. ഇതില്‍ ഫോക്‌നറുടെയും ആന്റണി ഹോപിന്റെയും മാര്‍കേസിന്റെയും സ്ഥലങ്ങള്‍ സാങ്കല്പികമാണ്. ആ പേരുകളില്‍ ഒരിടവും ഭൂമിയില്‍ ഇല്ല. മാര്‍കേസ് സ്വന്തം ജന്മഗ്രാമത്തെത്തന്നെയാണ് ‘മകൊണ്ട’ ആയി സങ്കല്പിച്ചതെന്ന് ചില നിരൂപകര്‍ പറയുന്നുണ്ട്. ഫോക്‌നറെ അനുകരിച്ചാണ് മാര്‍കേസ് എഴുതിയതെന്ന് പല നിരൂപകരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഫോക്‌നറെക്കാള്‍ പക്ഷേ മാര്‍കേസിന് പ്രശസ്തി കിട്ടി.
ഓ.വി. വിജയന്‍ തസ്രാക്കിന്റെ പേരുമാറ്റി ഖസാക്കാക്കി. മുകുന്ദന്‍ മയ്യഴിയെ വായനക്കാരനില്‍ എത്തിക്കുന്നതില്‍ വലിയ പങ്കു വഹിച്ചു. മയ്യഴിപുഴയും അവിടത്തെ വെള്ളിയാങ്കല്ലിന്റെ തുരുത്തുമൊക്കെ വലിയ കാല്പനികഭംഗിയോടെ വായനക്കാരുടെ ഉള്ളില്‍ തങ്ങിനില്‍ക്കാന്‍ മുകുന്ദന്‍ കാരണമായി. പ്രശസ്തരായ ജാപ്പനീസ് എഴുത്തുകാരില്‍ പലരും ടോക്യോ നഗരത്തെ അടിസ്ഥാനപ്പെടുത്തിയാണ് കൃതികള്‍ രചിച്ചത്. ഹാരുകി മുറാകാമി അവരില്‍ പ്രധാനിയാണ്. പല പാശ്ചാത്യ എഴുത്തുകാരും തങ്ങളുടെ രചനയ്ക്കു ടോക്യോ നഗരത്തെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. റോബര്‍ട്ട് വൈറ്റിങ്ങിന്റെ (Robert Whiting) ടോക്യോ അണ്ടര്‍ വേള്‍ഡ്എ(Tokyo Underworld)ന്ന പേരില്‍ത്തന്നെ ഒരു കൃതിയുണ്ട്. എല്ലാരാജ്യങ്ങളിലും അവിടത്തെ തലസ്ഥാന നഗരങ്ങളെ അധികരിച്ച് കൃതികളുണ്ട്. റഷ്യന്‍ നോവലുകളില്‍ പ്രസിദ്ധങ്ങളായ പലതും മോസ്‌കോ നഗരത്തെ പ്രധാന ഇടമാക്കി അവതരിപ്പിക്കുന്നവയാണല്ലോ. അവയില്‍ പലതിനും മലയാളത്തില്‍ തര്‍ജ്ജമകളും ഉണ്ട്. ക്യൂബന്‍ നോവലുകളുടെ സംഭവസ്ഥലം ഹവാനയും മെക്‌സിക്കന്‍ നോവലുകള്‍ക്ക് മെക്‌സിക്കോസിറ്റിയുമാണ്. അവരവരുടെ ജന്മദേശത്തെയും പരിചയിച്ച ഇടങ്ങളേയുമൊക്കെ അധികരിച്ചേ ഏവര്‍ക്കും എഴുതാനാവൂ.
എബ്രഹാം മാത്യു മലയാളം വാരികയില്‍ (ഒക്ടോബര്‍ 28) ‘ഓമല്ലൂര്‍ ഒരോര്‍മ’ എന്ന പേരിലെഴുതിയിരിക്കുന്ന കഥയില്‍ സംഭവങ്ങളുടെ കര്‍മഭൂമി പത്തനംതിട്ടയിലെ ഓമല്ലൂര്‍ ആണ്. ഭൂമിശാസ്ത്രപരമായി ഓമല്ലൂരിനെ അടുത്തറിയാവുന്ന ആളാണ് കഥാകൃത്ത് എന്നതു വ്യക്തം. പേരിനോടൊപ്പം സ്ഥലപ്പേരില്ലെങ്കിലും എഴുത്തുകാരന്‍ ഒരുപക്ഷേ ആ ദേശത്തുള്ളയാളോ അടുത്ത പ്രദേശത്തുകാരനോ ആകാം. ഇനിയല്ലെങ്കില്‍ ഓ.വി.വിജയന്‍ തസ്രാക്കില്‍ കുറച്ചുകാലം താമസിച്ചപ്പോള്‍ അവിടം ഖസാക്കാക്കി മാറ്റിയതുപോലെ കുറച്ചുകാലം ജോലി സംബന്ധമായോ മറ്റൊ ഓമല്ലൂരില്‍ താമസിച്ചിട്ടുള്ള ആളുമാകാം. ഏതുദേശത്തു നിന്നും ഒരു കഥ ഉല്‍പ്പാദിപ്പിക്കാന്‍ ഭാവനാ സമ്പന്നനായ ഒരു എഴുത്തുകാരനു കഴിയും. ഓമല്ലൂരിന്റെ ഓരത്തുകൂടി അച്ചന്‍കോവിലാറ് ഒഴുകുന്നുണ്ട്. എല്ലാ ആറിലുമെന്ന പോലെ ഈ നദിയിലും ആളുകള്‍ മുങ്ങി മരിക്കുന്ന പതിവുണ്ട്. മുങ്ങി മരിക്കുന്നയിടങ്ങളിലെല്ലാം പ്രേതാത്മാക്കള്‍ അലഞ്ഞു നടക്കുന്നുവെങ്കില്‍ കേരളത്തിലെ എല്ലാനദികളും, ലോകത്തിലെ എല്ലാനദികളും പ്രേതാത്മാക്കളെ കൊണ്ടു നിറഞ്ഞുകവിയും. കാരണം ആഴമുള്ള നദികളിലെല്ലാം മുങ്ങി മരണങ്ങളും പതിവാണല്ലോ.
ഓമല്ലൂരിലെ വയല്‍വാണിഭവും അവരുടെ പ്രിയപ്പെട്ട നടനായ പ്രതാപചന്ദ്രനും അച്ചന്‍കോവിലാറുമെല്ലാം കഥയിലുണ്ട്. ഈ ലേഖകന്‍ പലതവണ സന്ദര്‍ശിച്ചിട്ടുള്ള ഒരിടമാണ് ഓമല്ലൂര്‍. ധാരാളം എഴുത്തുകാരും സാഹിത്യപ്രണയികളും അവിടെയുണ്ട്. വയല്‍വാണിഭത്തോടനുബന്ധിച്ചുള്ള കവിയരങ്ങില്‍ രണ്ടു തവണ പങ്കെടുക്കാനും എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അപ്പോഴൊക്കെ അവിടം പ്രത്യേകതയുള്ള ഒരിടമായി എനിക്കും തോന്നിയിട്ടുണ്ട്. ഓമല്ലൂര്‍ ക്ഷേത്രവും വളരെ പഴക്കവും പ്രശസ്തിയുമുള്ളതാണ്. ഇതെല്ലാം ചേര്‍ത്തുവച്ചു എബ്രഹാം മാത്യു മനോഹരമായ ഒരു കഥ മെനഞ്ഞെടുത്തിരിക്കുന്നു. അദ്ദേഹത്തിന്റെ ഏതെങ്കിലും തരത്തിലുള്ള അനുഭവവുമായി കഥയ്ക്ക് ബന്ധമുണ്ടോ എന്നറിയില്ല. കഥാകൃത്തിനു അമ്മയുടെ ഉദരത്തില്‍ മൂന്നുമാസം മാത്രം പ്രായമുള്ളപ്പോഴാണ് പോലീസുകാരനായ അച്ഛന്‍ ഓമല്ലൂരിലെ പാലക്കടവില്‍ മുങ്ങി മരിക്കുന്നത്. എന്നാല്‍ വര്‍ഷം മുപ്പതിനടുത്തായിട്ടും അച്ഛന്‍ ഇപ്പോഴും കഥാകൃത്തിനൊപ്പമുണ്ടത്രേ! മരിച്ചുപോയ അച്ഛന്‍ തന്നോടൊപ്പമുണ്ടെന്ന യാഥാര്‍ത്ഥ്യം കഥാകൃത്ത് വളരെ വലിയ തന്ത്രമുപയോഗിച്ചാണ് അവതരിപ്പിക്കുന്നത്. ഓമല്ലൂരിലെ കടവില്‍ ആളുകള്‍ മുങ്ങി മരിക്കുന്നതു പതിവാണെങ്കിലും പാലക്കടവ് എന്നതിനു പേരൊന്നുമുള്ളതായി ഓമല്ലൂര്‍ക്കാര്‍ക്ക് ആര്‍ക്കുമറിയില്ല. അവരതിന് ആറാട്ടുകടവ് എന്നാണു പേരിട്ടിരിക്കുന്നത്.
കുമാരനാശാന്റെ കവിതാഭാഗം ‘കരുതുവതിഹ ചെയ്കവയ്യ ചെയ്യാന്‍ വരുതിലഭിച്ചതില്‍ നിന്നിടാവിചാരം പരമഹിതമറിഞ്ഞു കൂടാ ആയുസ്ഥിരതയുമില്ലതി നിന്ദ്യമീനരത്വം’ കഥയില്‍ ഉദ്ധരിക്കുന്നുണ്ട് എന്നത് വളരെ സവിശേഷമായ സംഗതിയാണ്. മലയാളികള്‍ മറന്നുപോയ നടന്‍ പ്രതാപചന്ദ്രനെ വീണ്ടും ഓര്‍മയിലേക്കു കൊണ്ടുവരാന്‍ കഴിഞ്ഞുവെന്നതും എബ്രഹാം മാത്യു അനുഷ്ഠിക്കുന്ന മേന്മയുള്ള ഒരു സംസ്‌കാരദൗത്യം തന്നെ. ഒരായുസ്സു മുഴുവന്‍ സിനിമയ്ക്കു വേണ്ടിഉഴിഞ്ഞു വച്ച പ്രതാപചന്ദ്രന് അദ്ദേഹം അര്‍ഹിക്കുന്ന പ്രശസ്തിയോ അംഗീകാരമോ ഒന്നും ആ മേഖലയില്‍ നിന്നും കിട്ടിയിട്ടില്ല. അദ്ദേഹത്തിനും കഥ പുനര്‍ജന്മം നല്‍കുന്നു. ഓമല്ലൂരിന്റെ മാത്രമല്ല നമ്മുടെയും ഓര്‍മയെ ത്രസിപ്പിക്കുന്നതാണ് എബ്രഹാം മാത്യുവിന്റെ കഥ. കാഥികന് അഭിനന്ദനങ്ങള്‍.
എസ്.ഗോപാലകൃഷ്ണന്റെ ആശയങ്ങളെ നിരഞ്ജന്‍ ആര്‍.ഭാരതി ചിത്രങ്ങളും ഫോട്ടോകളും കൊണ്ടു രൂപപ്പെടുത്തിയെടുക്കുന്ന ‘വിചിത്രസൂത്രം’ എന്ന കാര്‍ട്ടൂണിന്റെയും ഫോട്ടോകളുടെയും ആശയങ്ങളുടെയും മിശ്രണത്തിന് എന്തുപേരിട്ടു വിളിക്കണമെന്നറിയില്ല. അതു മലയാളം വാരികയെ സമ്പന്നമാക്കുന്നു. ഇപ്പോള്‍ സ്ഥിരമായി സമകാലിക മലയാളം (സമകാല മലയാളം എന്നു മതി എന്നാണ് ഭാഷാപണ്ഡിതന്മാരുടെ അഭിപ്രായം) വാരിക ലഭിക്കാത്തതുകൊണ്ട് എല്ലാലക്കത്തിലും ഈ കാര്‍ട്ടൂണ്‍ മിശ്രണം ഉണ്ടോ എന്നറിയില്ല. ഉണ്ടെങ്കില്‍ അതു ഗംഭീരം തന്നെ. വി. കെ.എന്നിന്റെ കഥകള്‍ പോലെ മലയാളിയ്ക്ക് താങ്ങാനാവാത്തവിധം ഉന്നതങ്ങളായ ആശയങ്ങളാണ് ഗോപാലകൃഷ്ണന്‍ ഈ ലക്കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യ ഭാഗത്തു പറയുന്നത് ഒരു പുതിയ എഴുത്തു മേശ വാങ്ങണമെന്നാണ്. എന്നിട്ട് എഴുത്തു മേശ എന്ന ആശയത്തെ അതിഗംഭീരമായി വികസിപ്പിച്ചിരിക്കുന്നൂ. തൊണ്ണൂറ്റിയൊന്‍പതു ശതമാനം പരാജയങ്ങളും ഹാബിറ്റുകളില്‍ നിന്നുവരുന്നു എന്ന ആശയത്തെ സമര്‍ത്ഥമായി എഴുത്തു മേശയുമായി ഘടിപ്പിക്കുന്നു. നല്ല കൃതികള്‍ എഴുതാന്‍ നല്ല അന്തരീക്ഷവും ആവശ്യമാണ്. അതില്‍ എഴുത്തുമുറിയും എഴുത്തുമേശയും ഉള്‍പ്പെടും. സമ്മര്‍ദ്ദങ്ങളില്‍ നിന്നും അകന്നു നില്‍ക്കാനും എഴുത്തുകാരന് അവസരമുണ്ടാകണം. ജോര്‍ജ് എലിയറ്റ് തന്റെ പ്രശസ്തകൃതിയായ ‘മിഡില്‍ മാര്‍ച്ച്’ ((Middlemarch) ) എഴുതിക്കൊണ്ടിരുന്നപ്പോള്‍ മകന് തോര്‍ണിയ്ക്ക് (Thornie) ക്ഷയരോഗം ബാധിച്ചതിനാല്‍ അവര്‍ക്കു മുന്നോട്ടു പോകാനായില്ല. പിന്നീട് മകന്‍ മരിച്ചതിനാല്‍ ആ കൃതിയുടെ രചന ഉപേക്ഷിക്കുകയായിരുന്നു. ഒരു വര്‍ഷത്തിനുശേഷം മിസ് ബ്രൂക്ക് (Miss Brooke) എന്ന പേരില്‍ ഒരു പുതിയ കൃതിയെഴുതാന്‍ ആരംഭിച്ചു. ക്രമേണ അതിനെത്തന്നെ മിഡില്‍ മാര്‍ച്ചുമായി കൂട്ടിക്കെട്ടി പഴയ പേരില്‍ത്തന്നെ പുറത്തിറക്കുകയാണുണ്ടായത്. പരിശീലനം വഴി ഏതൊരു കുട്ടിയേയും ഉന്നത നിലയിലേക്ക് എത്തിക്കാന്‍ കഴിയും എന്ന് ഒരു കൂട്ടം ബിഹേവിയറിസ്റ്റുകള്‍ വാദിക്കുമ്പോള്‍ നൈസര്‍ഗിക സിദ്ധിയാണ് പ്രധാനം എന്നു വാദിക്കുന്ന മനശ്ശാസ്ത്രജ്ഞന്മാരുമുണ്ട്. ഈ ആശയങ്ങളൊക്കെ ഗോപാലകൃഷ്ണന്‍ തന്റെ കാര്‍ട്ടൂണ്‍ ചിത്രണ ത്തിന്റെ ആദ്യഭാഗത്തു ഗുപ്തമായി അവതരിപ്പിക്കുന്നു.
തുടര്‍ന്ന് ഒരു വട്ടമേശയുടെ ചിത്രത്തിനു താഴെ ‘ആദ്യം ideaയും പിന്നെ മേശയും ഉണ്ടായല്ലോ’ എന്ന അടിക്കുറിപ്പ് നല്‍കിയിരിക്കുന്നു. ദെക്കാര്‍ത്തെയും കാന്റും തുടങ്ങിയ തത്വചിന്തകരെല്ലാം ഉപയോഗിച്ച ഒരു രൂപകമാണിത്. പല തത്വചിന്താഗ്രന്ഥങ്ങളിലും പ്രപഞ്ച സൃഷ്ടിയെക്കുറിച്ചു പറയുന്നിടത്ത് ഈ മേശ, ആശയം രൂപകം ഉപയോഗിച്ചു കണ്ടിട്ടുണ്ട്. ഭാരതീയ തത്വചിന്തയില്‍ മണ്‍കുടവും കുടമെന്ന ആശയത്തെയും ഉപയോഗിക്കുന്നതുപോലെ. ആദ്യമുണ്ടായത് മേശയെന്ന ആശയമാണെന്നും അതില്‍ നിന്നാണ് രൂപം ഉണ്ടായതെന്നും ആശയവാദികള്‍ തര്‍ക്കിക്കുമ്പോള്‍ ഭൗതികവാദികള്‍ തടിയെന്ന ഭൗതികവസ്തുവാണ് കാരണമെന്നു സമര്‍ത്ഥിക്കുന്നു. ഇതെല്ലാം ഈ ഭാഗത്ത് അവതരിപ്പിക്കപ്പെടുന്നു. തുടര്‍ന്ന് റോമിലാ ഥാപ്പറുടെ എഴുത്തുമേശയെ പരാമര്‍ശിക്കുന്നു.
റോമിലാഥാപ്പറുടെ ചിത്രത്തിന്റെ അടിക്കുറിപ്പ് ‘ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും നല്ല എഴുത്തുമേശയും മേശവിളക്കും റോമിലാ ഥാപ്പറുടേതാണ്. ആര്യന്മാര്‍ക്ക് നടന്ന് ഇന്ത്യയിലേക്കു വരാന്‍ മാത്രം വീസ്തീര്‍ണ്ണമുള്ള മേശ, അല്ലേ’ എന്നാണ്. ഈ അടിക്കുറിപ്പില്‍ ചരിത്രം മുഴുവനുമുണ്ടെന്നു പറയാം. ഇന്ത്യാചരിത്രത്തെ ഥാപ്പര്‍ എങ്ങനെ പാശ്ചാത്യര്‍ക്കുവേണ്ടി വികലമാക്കിയെന്നും ചരിത്രനിര്‍മിതിയിലെ ഗൂഢതന്ത്രങ്ങള്‍ എന്താണെന്നുമൊക്കെ ഈ ഭാഗത്ത് ഗോപാലകൃഷ്ണന്‍ തന്ത്രപരമായി ഉള്‍ച്ചേര്‍ത്തിരിക്കുന്നു. അര്‍ത്ഥഗര്‍ഭമായ ഉള്‍ക്കാഴ്ച! ഒരു ചെറിയ വാചകത്തില്‍ വലിയ ഒരാശയ ലോകത്തെ മുഴുവനായും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഥാപ്പറിന്റെ ചരിത്രരചനാ രീതികളെ പലരും സംശയത്തോടെ നോക്കിക്കണ്ടിട്ടുണ്ട്. ഇന്ത്യക്കാരുടെ പ്രാണനായ സനാതന ധര്‍മ്മത്തെ ഇവിടേയ്ക്കു വന്നുവെന്നു പറയപ്പെടുന്ന ഒരു പിടി ആര്യന്മാരുടെ സംഭാവനയാക്കാന്‍ അവര്‍ ബോധപൂര്‍വ്വം ശ്രമിച്ചതായി പലരും സംശയിക്കുന്നു. ഇപ്പോള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും കണ്ടെടുത്തുകൊണ്ടിരിക്കുന്ന പതിനായിരക്കണക്കിനു വര്‍ഷം പഴക്കമുള്ള ശിവവിഗ്രഹങ്ങള്‍ ഥാപ്പറുടെ ഗൂഢതന്ത്രത്തെ പൊളിച്ചു കളയുന്നു.
അടുത്തഭാഗത്ത് ഗാന്ധിയുടെ ചിത്രവും ഒരു ഇംഗ്ലീഷ് കോട്ടുമാണ് “If I had no sense of humour, I would long ago have committed suicide” ‘ എന്ന ആ ഉദ്ധരണി ഗാന്ധിയുടേതാണോ എന്നറിയില്ല. എന്നാലതില്‍ ജീവിതത്തിന്റെ നിരര്‍ത്ഥകത എല്ലാമുണ്ട്. ‘അറുപതുവയസ്സുകഴിഞ്ഞാല്‍ ഹ്യൂമറിന് രാവിലെ കണ്ണാടിയില്‍ സ്വരൂപം കണ്ടാല്‍ മതിയാകും, ‘പെരുമ്പടപ്പ് സ്വരൂപം’ എന്ന ടൈറ്റിലിന് ഒരു വികെഎന്‍ ടച്ചുണ്ട്.
അവസാനിപ്പിച്ചിരിക്കുന്നത് സാമൂതിരിയുടെ ആ പഴയ ഉദ്ധരണിയോടെയാണ്. ‘കുരുമുളക് വള്ളികൊണ്ടു പോയിട്ടു കാര്യമില്ലല്ലോ തിരുവാതിര ഞാറ്റുവേല കൊണ്ടു പോകാന്‍ കഴിയില്ലല്ലോ’ എന്ന വാക്യം. എല്ലാ ലക്കത്തിലും ഇതുപോലുള്ള ആശയങ്ങള്‍ അവതരിപ്പിച്ചു കൊണ്ടു മുന്നോട്ടുപോകാന്‍ കഴിഞ്ഞാല്‍ ഗംഭീരമായിരിക്കും. പക്ഷേ വൈക്കം മുഹമ്മദു ബഷീറാണ് മഹാനായ എഴുത്തുകാരനെന്നു കരുതുന്ന, വികെഎന്നിനെപ്പോലുള്ള ഒരു വലിയ പ്രതിഭയെ തിരിച്ചറിയാത്ത പൊട്ടന്മാരായ മലയാളികള്‍ക്ക് ഇത്തരത്തില്‍ ഗൗരവമുള്ള ഒരു പംക്തി തിരിച്ചറിയുവാന്‍ കഴിയുമോ എന്തോ?