ഹിന്ദുക്കളുടെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വിശ്വാസങ്ങളിലും ക്ഷേത്രോത്സവങ്ങളിലും ഒക്കെ കൈകടത്താനും അതിനെ അവമതിക്കാനും നാശോന്മുഖമാക്കാനുമുള്ള ഇടതുമുന്നണിയുടെയും സംസ്ഥാന ഭരണകൂടത്തിന്റെയും പ്രവര്‍ത്തനം മാറ്റമില്ലാതെ തുടരുകയാണ്. ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി വിശ്വനാഥ് സിന്‍ഹയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തിരുവിതാംകൂറിലെയും കൊച്ചിയിലെയും ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ക്കും ചില ചടങ്ങുകള്‍ക്കും നല്കുന്ന പോലീസ് അകമ്പടിയും ബാന്‍ഡുമേളവും അടക്കമുള്ളവനിര്ത്താനുള്ള തീരുമാനം. ഒരു അഡീഷണല്‍ ചീഫ് സെക്രട്ടറിക്കോ, ചീഫ് സെക്രട്ടറിക്കോ, സംസ്ഥാന മുഖ്യമന്ത്രിക്കോ, ഗവര്‍ണര്‍ക്കോ അവസാനിപ്പിക്കാന്‍ കഴിയുന്നതല്ല ഇത് എന്നകാര്യം ഇനിയും അധികാരപ്രമത്തത തലയ്ക്കു പിടിച്ച ഐ.എ.എസ്സുകാര്‍ക്കും ഐ.പി.എസുകാര്‍ക്കും മനസ്സിലായിട്ടില്ല എന്നു തോന്നുന്നു. ജി.സുധാകരന് പരിഹസിച്ചത് ശരിവെക്കുന്ന തരത്തിലാണ് ചിലപ്പോള്‍ ഒക്കെ ചില ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം.
മസൂറിയിലെ ട്രെയിനിങ്ങും ഐ.എ.എസും ഐ.പി.എസും ഒന്നുമില്ലാതെ വെറും പത്താംക്ലാസും ടൈപ്പ്റൈറ്റിംഗും മാത്രം പാസായി നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി സര്‍ദാര്‍ വല്ലഭഭായ് പട്ടേലിനോടൊപ്പംനിന്ന് കേന്ദ്രസര്‍ക്കാരിലെ ഏറ്റവും ഉന്നത പദവിയില്‍ എത്തിയ വി.പി.മേനോന് എന്ന ആളെക്കുറിച്ച് ഇവരില്‍ പലരും കേട്ടിട്ടില്ലെന്ന് തോന്നുന്നു. നാട്ടുരാജ്യങ്ങളെ സംയോജിപ്പിക്കാന്‍ പലപ്പോഴും പട്ടേലിന്റെ പ്രതിനിധിയായി ഭാരതം മുഴുവന്‍ സഞ്ചരിച്ചത് വി.പി.മേനോന് ആയിരുന്നു. കൊച്ചിരാജ്യം ലയിപ്പിക്കുന്നതിന് പകരമായി എന്തുവേണമെന്ന് ചോദിച്ചപ്പോള്‍ എല്ലാവര്‍ഷവും ഒരു പഞ്ചാംഗം തരാന്‍ ഏര്‍പ്പാട് ചെയ്യണമെന്നായിരുന്നു കൊച്ചിയിലെ തമ്പുരാന് ആവശ്യപ്പെട്ടത്. തിരുവിതാംകൂറുമായുള്ള ചര്‍ച്ചയിലും കൊച്ചിയുമായുള്ള ചര്‍ച്ചയിലും അവര്‍ ആവശ്യപ്പെട്ട കാര്യം പ്രധാനമായും തങ്ങളുടെ ഭരദേവതകള്‍ അടക്കമുള്ള ക്ഷേത്രങ്ങളെ കുറിച്ചായിരുന്നു. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് എന്ന രാജ്യതന്ത്രജ്ഞനായ ധിഷണാശാലി തിരുവിതാംകൂറിന്റെ ഭാവി ഭാസുരമാണെന്ന് ഉറപ്പാക്കാനാണ് പത്മനാഭസ്വാമിക്ക് തന്റെ രാജ്യം തൃപ്പടിദാനമായി നല്‍കുകയും, ഇനി വരുന്ന ഏത് ഭരണാധികാരിക്കും അദ്ദേഹത്തിന്റെ പ്രതിനിധിയായി മാത്രമേ രാജ്യഭാരം നിര്‍വഹിക്കാനാകൂ എന്ന സംവിധാനം ഉറപ്പാക്കിയതും. പത്മനാഭന്റെ മണ്ണ് അദ്ദേഹത്തിന്റെ സ്വത്ത് ഒരിക്കലും അന്യാധീനപ്പെടാതിരിക്കാനുള്ള ഉറപ്പു കൂടിയായിരുന്നു തൃപ്പടിദാനം.
സ്വതന്ത്രഭാരതത്തിന്റെ ഭരണഘടന ഉണ്ടാകുംമുമ്പ് നാട്ടുരാജ്യങ്ങളും സ്വതന്ത്രഭാരതത്തിന്റെ ഭരണാധികാരികളും തമ്മില്‍ ഒപ്പുവെച്ച കവണന്റ് എന്ന കരാറില്‍ ഭാവിയില്‍ നടപ്പിലാക്കേണ്ട കാര്യങ്ങളെക്കുറിച്ച് ചില ഉപാധികള്‍ വെച്ചിരുന്നു. തിരുവിതാംകൂറും കൊച്ചിയും ഈ കവണന്റില്‍ വെച്ചിട്ടുള്ള ഉപാധി പത്മനാഭസ്വാമിക്ഷേത്രം അടക്കമുള്ള ക്ഷേത്രങ്ങളിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംവിധാനങ്ങളും സംബന്ധിച്ചുള്ളതാണ്. കവണന്റനുസരിച്ച് കാര്യങ്ങള്‍ ചെയ്യാന്‍ ഭരണഘടന അനുസരിക്കുന്ന എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും ബാധ്യതയുണ്ട്. ആ ഉത്തരവാദിത്തം ഏതെങ്കിലും ഒരു അഡീഷണല്‍ ചീഫ് സെക്രട്ടറിയോ, മന്ത്രിയോ, മുഖ്യമന്ത്രിയോ പുറപ്പെടുവിക്കുന്ന ഒരു ഉത്തരവ് അനുസരിച്ച് റദ്ദാക്കാന്‍ കഴിയുന്നതല്ല. അത് ഭരണഘടനാപരമായ ബാധ്യതയാണ്. അത് മാറ്റണമെങ്കില്‍ ഭരണഘടനാഭേദഗതി തന്നെ വേണ്ടിവരും. ശ്രീമതി ഇന്ദിര പ്രധാനമന്ത്രി ആയിരിക്കുമ്പോള്‍ മുന്‍ രാജാക്കന്മാര്ക്ക് നല്‍കിയിരുന്ന ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിരുന്നു. പ്രിവി പേഴ്സ് എന്ന ഈ ആനുകൂല്യം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത് പോലും പാര്‍ലമെന്റില്‍ പ്രത്യേക നിയമം കൊണ്ടുവന്ന ഭരണഘടനാഭേദഗതിയിലൂടെയാണ്. അതും കവണന്റ് അനുസരിച്ച് കൊടുത്തിരുന്ന ഉറപ്പാണ് ഭേദഗതിയിലൂടെ പിന്‍വലിച്ചത്. ഇതില്‍ നിന്നുതന്നെ തിരുവിതാംകൂറിലും കൊച്ചിയിലും ക്ഷേത്രങ്ങള്‍ക്ക് നല്‍കിയിരുന്ന ആചാരപരമായ വരവേല്‍പ്പും അഭിവാദനവും നിര്‍ത്തലാക്കാന്‍ ഒരു അഡീഷണല്‍ ചീഫ് സെക്രട്ടറിയോ പോലീസ് ഡെപ്യൂട്ടി കമ്മീഷണറോ വിചാരിച്ചാല്‍ നടക്കില്ല. അതിന് ഭരണഘടനാ ഭേദഗതി വേണം. അത്തരം ചട്ടങ്ങള്‍ പാലിക്കാതെ ഭരണഘടന ഉറപ്പു നല്കുന്ന കവണന്റില്‍ രേഖപ്പെടുത്തിയിട്ടുള്ള ഒരു കീഴ്വഴക്കം അവസാനിപ്പിക്കാന്‍ ആരാണ് ഇവര്‍ക്ക് അധികാരം നല്‍കിയിട്ടുള്ളത്. തിരുവിതാംകൂറില്‍ പദ്മനാഭസ്വാമി ക്ഷേത്രം, തിരുവല്ലം, വെള്ളായണി ദേവിക്ഷേത്രം, ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കൊച്ചിയിലെ തൃപ്പൂണിത്തുറ പൂര്‍ണത്രയീശക്ഷേത്രം, എറണാകുളം ശിവക്ഷേത്രം, പള്ളുരുത്തി ആലങ്ങാട് ഭഗവതി ക്ഷേത്രം, തൃശ്ശൂര്‍ ഊരകം അമ്മന്‍ തിരുവടി ക്ഷേത്രം, തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം എന്നിവയടക്കം ഇരുപത് ക്ഷേത്രങ്ങള്‍ക്കാണ് ഇത്തരം ബഹുമതി നല്‍കിയിട്ടുള്ളത്.
കഴിഞ്ഞ സപ്തംബറില്‍ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി വിശ്വനാഥ് സിന്‍ഹ വിളിച്ച യോഗത്തിലാണ് ക്ഷേത്രങ്ങള്‍ ചെലവ് വഹിച്ചാല്‍ മാത്രമേ പോലീസിന്റെ ആചാരപരമായ വരവേല്‍പ്പും അകമ്പടിയും അഭിവാദനവും നിലനിര്‍ത്താന്‍ കഴിയൂ എന്ന് തീരുമാനിച്ചത്. ശ്രീവരാഹം, ശ്രീ കുന്നാണ്ടന്‍ ക്ഷേത്രത്തില്‍ പരമ്പരാഗതമായ അഭിവാദ്യം അര്‍പ്പിക്കലിന് അപേക്ഷ നല്‍കിയപ്പോഴാണ് ഈ തീരുമാനം ഉണ്ടായത്. തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ വിജയ് ഭരത് റെഡ്ഡി ഇക്കാര്യം ക്ഷേത്രത്തെ അറിയിക്കുകയും ചെയ്തു. പക്ഷേ, തീരുമാനം ഇതുവരെ നടപ്പിലാക്കിയില്ല. പത്മനാഭസ്വാമി ക്ഷേത്രത്തിലെ കഴിഞ്ഞ അല്പശി ഉത്സവത്തിലും പോലീസിന്റെ ബാന്റും അകമ്പടിയും ഉണ്ടായിരുന്നു. ക്ഷേത്രാചാരങ്ങളെ അപമാനിക്കുകയും ധ്വംസിക്കുകയും ചെയ്യുന്ന ഇടതുസര്‍ക്കാരിന്റെ ആനുകൂല്യം പിടിച്ചുപറ്റാന്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറി മനപ്പൂര്‍വ്വം ഇങ്ങനെയൊരു പ്രശ്നം സൃഷ്ടിക്കുകയായിരുന്നു എന്ന ചിന്ത ഭക്തസമൂഹത്തില്‍ വളരെ ശക്തമാണ്. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ക്ഷേത്രങ്ങളുടെ ലക്ഷക്കണക്കിന് ഏക്കര്‍ സ്ഥലമാണ് സര്‍ക്കാര്‍ സ്വന്തമാക്കിയിട്ടുള്ളത്. മാത്രമല്ല, തിരുവിതാംകൂറിന്റെ പരിധിയില്‍ വരുന്ന മുഴുവന്‍ ഭാഗവും പത്മനാഭന്റെ സ്വത്തും പത്മനാഭന്റെ മണ്ണുമാണ്. തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍ ക്ഷേത്രദര്‍ശനം നടത്തി മടങ്ങുമ്പോള്‍ കാല്പാദത്തില് തങ്ങിയിരിക്കുന്ന മണല്‍ത്തരിപോലും കുടഞ്ഞിട്ട് കാല് കഴുകിയാണ് പുറത്തേക്ക് പോകുന്നത്. അത്രമാത്രം നിഷ്ഠയോടെയും, ഭക്തിയോടെയുമാണ് പത്മനാഭന്റെ മണ്ണും സ്വത്തും രാജകുടുംബം സംരക്ഷിച്ചത്. അതുകൊണ്ടുതന്നെയാണ് ഇന്ന് ലക്ഷക്കണക്കിന് കോടി രൂപയുടെ സ്വത്തുക്കള്‍ ക്ഷേത്രത്തില്‍ ഉള്ളത് എന്ന കാര്യം കൂടി മനസ്സിലാക്കണം.
കവണന്റിലെ ഉപാധികള്‍ എത്രമാത്രം ശക്തവും നിയമവിധേയവുമാണ് എന്നകാര്യം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥത സംബന്ധിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി വളരെ വ്യക്തമായി വരച്ചുകാട്ടിയിട്ടുമുണ്ട്. കേരളത്തിലെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യങ്ങളൊക്കെ വായിച്ചുപഠിക്കുകയും ധാരണ ഉണ്ടാക്കുകയും ചെയ്യുന്നത് നല്ലതാണ്. കവണന്റ് അനുസരിച്ച് ഉണ്ടായിട്ടുള്ള ഒരു ഭരണഘടനാ ബാധ്യത ഒരു ഐഎഎസ് ഉദ്യോഗസ്ഥന് വിളിച്ചുചേര്‍ക്കുന്ന യോഗത്തിലെ തീരുമാനം അനുസരിച്ച് റദ്ദാക്കാന്‍ കഴിയുമെങ്കില്‍ ഭരണഘടനയ്ക്ക് എന്ത് വിലയാണ് ഈ ഭരണകൂടം നല്‍കുന്നത് എന്ന കാര്യമാണ് ആലോചിക്കേണ്ടത്. ഏതായാലും ഒരുകാര്യം വ്യക്തമാണ്, ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി അറിയാതെ അഡീഷണല്‍ സെക്രട്ടറി ഇത്തരത്തിലുള്ള ഒരു യോഗം വിളിക്കുകയും തീരുമാനമെടുക്കുകയും ചെയ്യില്ല. ചില സംഘടിത മതവിഭാഗങ്ങളുടെ ആഘോഷവേളകളില്‍ അനാവശ്യമായ അവധി കൊടുക്കുന്നതും പരീക്ഷ അടക്കമുള്ളവ മാറ്റിവെക്കുന്നതും വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാന്‍ ആണ് എന്ന കാര്യം എല്ലാവര്‍ക്കുമറിയാം. പക്ഷേ, ഹിന്ദുക്കളുടെ കാര്യം വരുമ്പോഴാണ് ഇല്ലാത്ത നിയമങ്ങളും അനാവശ്യ ശാഠ്യങ്ങളും ഒക്കെയായി ഭക്തരുടെ തലയില്‍ കയറാനും അവന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ലംഘിക്കാനും തകര്‍ക്കാനും സംഘടിതമായ ശ്രമം ഉണ്ടാകുന്നത്. ഇതിന്റെ യാഥാര്‍ത്ഥ്യം ഇന്ന് കേരളത്തിലെ പൊതുസമൂഹത്തിന് കൃത്യമായി മനസ്സിലാകുന്നു എന്നതാണ് ഏറ്റവും പുതിയ രാഷ്ട്രീയ പരിവര്‍ത്തനം.
ആഭ്യന്തര സെക്രട്ടറിയുടെ തീരുമാനം നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് ഇപ്പോഴത്തെ ഔദ്യോഗിക വിശദീകരണം.
ക്ഷേത്രാചാരങ്ങള്‍ തകര്‍ക്കാന്‍ ജന്തുസ്നേഹത്തിന്റെ പേരില്‍ നടക്കുന്ന കോടതി ഇടപെടലുകള്‍ പോലും ഈ ദൃഷ്ടിയില് തന്നെ വേണം കാണാന്‍. കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്യുകയും വാദത്തിനിടെ പരമോന്നത നീതിപീഠം പറഞ്ഞ പ്രതികരണങ്ങളും ഭക്തജനങ്ങള്‍ പങ്കുവെച്ച ആശങ്ക തന്നെയാണ് എന്ന കാര്യം ഓര്‍മ്മിക്കുക. ക്ഷേത്രസ്വത്തുക്കള്‍ കയ്യടക്കാനും ഊരാണ്മപോലും ഇതര മതസ്ഥരുടെ കൈകളിലേക്ക് പോകുകയും ചെയ്യുന്ന സാഹചര്യം കേരളത്തില്‍ സംജാതമായിട്ടുണ്ട്. അന്യാധീനപ്പെട്ട ക്ഷേത്രസ്വത്തുക്കള്‍ വീണ്ടെടുക്കാന്‍ പ്രത്യേക കമ്മീഷനെ നിയോഗിക്കും എന്ന് ഹൈക്കോടതിയില്‍ തന്നെ ഉറപ്പു നല്‍കിയിട്ടും ഇതുവരെയും എവിടെയും എത്തിയിട്ടില്ല. ക്ഷേത്രങ്ങളുടെ നഷ്ടമായ ഭൂമിയും സ്വത്തും തിരിച്ചെടുത്തേ കഴിയൂ. അതിനുവേണ്ടി കേരളത്തിലുടനീളം ഹിന്ദുക്കള്‍ സംഘടിക്കുകയും നിയമപരമായും സംഘടനാപരമായും അതിനുവേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഓരോ ക്ഷേത്രത്തിലെയും ദേവതാസങ്കല്പം മൈനര്‍ ആണ്. ഒരു മൈനറിന്റെ അവകാശാധികാരങ്ങള് മാത്രമുള്ള ഓരോ ക്ഷേത്രത്തിലെയും ദേവതയുടെ സ്വത്തുക്കള്‍ സംരക്ഷിക്കാനുള്ള ബാധ്യത ഓരോ ഭക്തന്റെയും വിശ്വാസിയുടേതുമാണ്. അതിനുവേണ്ടി സംഘടിച്ച് രംഗത്തിറങ്ങേണ്ട കാലമായിരിക്കുന്നു. ഹിന്ദുക്കള്‍ സംഘടിതരല്ലാത്തതുകൊണ്ടാണ് ഭരണഘടന ഉറപ്പുനല്‍കിയിട്ട് പോലും ഇത്തരം ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും തലയിടാവുന്ന രീതിയിലേക്ക്, മാറ്റിമറിക്കാവുന്നതാണെന്ന ചിന്തയിലേക്ക് ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥര്‍ പോലും എത്തുന്നത്. വരാനിരിക്കുന്ന ദിവസങ്ങള്‍ ഈ നാട്ടില്‍ നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടത്തിന്റെതും സ്വാഭിമാനം നിലനിര്‍ത്താനുള്ള പ്രക്ഷോഭത്തിന്റേതും ആയിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.