കേരളത്തിലെ നീതിപീഠങ്ങളുടെയും അഭിഭാഷകവൃത്തിയുടെയും വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയും പോലീസും നിയമസംവിധാനവും തമ്മിലുള്ള അവിഹിതത്തിന്റെയും ഒത്തുകളിയുടെയും കഥകള്‍ തുറന്നുകാട്ടുകയും ചെയ്ത സംഭവമാണ് തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ നടന്ന തൊണ്ടിമുതല്‍ അട്ടിമറി. അഴിമതിയുടെ കറപുരളാത്ത, സത്യത്തില്‍ മാത്രം വിശ്വസിക്കുകയും ജീവിക്കുകയും ചെയ്ത നീതിമാനായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ധാര്‍മികവിജയം കൂടി ഈ സംഭവത്തില്‍ കഴിഞ്ഞദിവസം ഉണ്ടായ സുപ്രീംകോടതി വിധിയിലുണ്ട്. കേരള പോലീസ് മേധാവിയായി, പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിന്റെ ചെകിട്ടത്തടിച്ച ഡോ. ടി.പി.സെന്‍കുമാര്‍ ഇപ്പോഴത്തെ സുപ്രീംകോടതി വിധിയിലൂടെ വീണ്ടും കേരള പോലീസിന്റെ അഭിമാനതാരമാവുകയാണ്.
34 വര്‍ഷം പിന്നിട്ട ഒരു കേസില്‍ വിചാരണ നടത്താനുള്ള സുപ്രീംകോടതി ഉത്തരവ് ഭാരതത്തിലെ തന്നെ നീതിന്യായരംഗത്ത് ഒരു ചരിത്രസംഭവമാണ്. നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് അധികാരത്തിന്റെ അകത്തളങ്ങളില്‍ വിരാജിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് അഴിമതിക്കും പക്ഷപാതത്തിനും കള്ളത്തരത്തിനും കൂട്ടുനില്‍ക്കുന്ന വ്യവസ്ഥിതിയെ ആണ് സുപ്രീംകോടതി ഉത്തരവിലൂടെ തകര്‍ത്തെറിഞ്ഞത്. യുഡിഎഫിലും എല്‍ഡിഎഫിലും മാറിമാറി ഭാഗധേയം പരീക്ഷിച്ച ആന്റണി രാജു ഇതുവരെ അധികാരം പരിചയയായി ഉപയോഗിച്ചാണ് രക്ഷപ്പെട്ടു നിന്നിരുന്നത്. നീതിപീഠത്തെപോലും കബളിപ്പിച്ച അധികാരപ്രമത്തതയുടെ അഹന്തയ്ക്കാണ് സുപ്രീംകോടതി ന്യായദണ്ഡ് കൊണ്ട് ആഞ്ഞടിച്ചത്. രാഷ്ട്രീയം, അധികാരം എന്നിവ എങ്ങനെയാണ് ഓരോ മേഖലയിലും അഴിമതിയുടെയും ചൂഷണത്തിന്റെയും കരാളഹസ്തങ്ങളായി മാറുന്നതെന്ന് പൊതുസമൂഹത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ കേസിലെ സംഭവവികാസങ്ങള്‍.
1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ പറന്നിറങ്ങിയ ആസ്ട്രേലിയക്കാരനായ ആന്‍ഡ്രൂസ് സാല്‍വത്തോറിനെ ഹാഷീഷ് ഒളിച്ചു കടത്തിയതിനാണ് വലിയതുറ പോലീസ് അറസ്റ്റ് ചെയ്തത്. അന്ന് പൂന്തുറ സിഐ ആയിരുന്ന കെ.കെ. ജയമോഹനാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം നല്‍കിയത്. ആന്‍ഡ്രൂസിന്റെ അടിവസ്ത്രത്തിന്റെ ഇലാസ്റ്റിക് ഉള്ള ഭാഗത്ത് ഹാഷീഷ് ഒളിപ്പിച്ചു വെക്കുകയായിരുന്നു. ലഹരി മരുന്നും അടിവസ്ത്രവും ആയിരുന്നു കേസിലെ പ്രധാന തെളിവ്. തിരുവനന്തപുരം സെഷന്‍സ് കോടതി കേസില്‍ ആന്‍ഡ്രൂസിനെ പത്തുവര്‍ഷം തടവിന് ശിക്ഷിച്ചു. പ്രമുഖ ക്രിമിനല്‍ അഭിഭാഷക സെലിന്‍ വില്‍ഫ്രഡ് ആയിരുന്നു പ്രതിക്കുവേണ്ടി കോടതിയില്‍ ഹാജരായത്. അന്ന് അവരുടെ ഓഫീസില്‍ ജൂനിയര്‍ ആയി പ്രവര്‍ത്തിക്കുകയായിരുന്നു ആന്റണി രാജു. സെഷന്‍സ് കോടതിവിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍പോയപ്പോ ള്‍ ഹാഷീഷ് ഒളിപ്പിച്ചിരുന്ന അടിവസ്ത്രം പാകമാകില്ലെന്നും ഇത് വ്യാജ തൊണ്ടിയാണെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കണക്കിലെടുത്താണ് ഹൈക്കോടതി ശിക്ഷ റദ്ദാക്കിയത്.
തൊണ്ടിമുതലായിരുന്ന അടിവസ്ത്രം പ്രതിക്ക് പാകമല്ലെന്നും പോലീസ് കൃത്രിമമായി സൃഷ്ടിച്ചതാണെന്നും കോടതിയില്‍ പ്രതിഭാഗം വാദിച്ചു. ഈ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ശിക്ഷ റദ്ദാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥനായ ജയമോഹന്‍ ഈ സംഭവത്തില്‍ തൊണ്ടിമുതലില്‍ അട്ടിമറി നടന്നു എന്നകാര്യം തന്റെ മേലധികാരിയായ ടി.പി. സെന്‍കുമാറിനെ ധരിപ്പിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഇടപെടലിലാണ് അന്നത്തെ പോലീസ് മേധാവി ഡിജിപി രാജ് ഗോപാല്‍ നാരായണന്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. ഒപ്പം ഇക്കാര്യം ഹൈക്കോടതിയുടെ പരിഗണനയിലേക്കും കൊണ്ടുവന്നു. ഹൈക്കോടതിയുടെ വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ തൊണ്ടിമുതലില്‍ അട്ടിമറി നടന്നതായും ആന്‍ഡ്രൂസിന്റെ ജെട്ടി വെട്ടിതയ്ച്ച് ചെറുതാക്കിയാണ് ഹൈക്കോടതിയില്‍ എത്തിച്ചതെന്നും കണ്ടെത്തി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സെഷന്‍സ് കോടതി ശിരസ്തദാര്‍ വഞ്ചിയൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പക്ഷേ, തെളിവില്ലെന്ന് പറഞ്ഞ് പോലീസ് ആ കേസ് അവസാനിപ്പിച്ചു. രാഷ്ട്രീയ ഇടപെടലാണ് വഞ്ചിയൂര്‍ പോലീസ് അന്വേഷണം അവസാനിപ്പിക്കാന്‍ കാരണമെന്ന് അന്ന് ആക്ഷേപം ഉണ്ടായിരുന്നു. വീണ്ടും ദക്ഷിണമേഖല ഐജിയായി ടി.പി.സെന്‍കുമാര്‍ എത്തിയപ്പോള്‍ ഈ സംഭവത്തില്‍ വീണ്ടും അദ്ദേഹം മുന്‍കൈയെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. ആന്‍ഡ്രൂസിന്റെ അടിവസ്ത്രം ഉള്‍പ്പടെയുള്ള തൊണ്ടിസാധനങ്ങള്‍ മജിസ്ട്രേറ്റ് കോടതിയില്‍നിന്ന് പരിശോധനയ്ക്കായി പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. കോടതിയിലെ ബഞ്ച് ക്ലാര്‍ക്ക് ആയ ജോസില്‍ നിന്ന് ഈ സാധനങ്ങള്‍ കൈപ്പറ്റിയത് അന്ന് ജൂനിയര്‍ അഭിഭാഷകനായിരുന്ന ആന്റണി രാജു ആയിരുന്നു. പിന്നീട് സാധനങ്ങള്‍ മടക്കി നല്‍കിയപ്പോള്‍ അടിവസ്ത്രം വെട്ടിത്തയ്ച്ചു ചെറുതാക്കി കുട്ടികള്‍ക്ക് മാത്രം ധരിക്കാവുന്ന രീതിയിലാക്കി നൂല് കൊണ്ട് തുന്നിച്ചേര്‍ക്കുകയായിരുന്നു. ഇക്കാര്യം ഫോറന്‍സിക് വിഭാഗം സ്ഥിരീകരിച്ചു. ഈ റിപ്പോര്‍ട്ടാണ് പിന്നീട് കേസില്‍ നിര്‍ണായകമായത്. അന്ന് എംഎല്‍എ ആയിരുന്ന ആന്റണി രാജുവിനെതിരെ കേസെടുക്കാന്‍ ടി.പി.സെന്‍കുമാര്‍ കാണിച്ച ചങ്കൂറ്റവും സത്യസന്ധതയുമാണ് കേസില്‍ വഴിത്തിരിവായത്. അടിവസ്ത്രം വെട്ടി ചെറുതാക്കി മറ്റൊരു നിറത്തിലുള്ള നൂലുകൊണ്ടാണ് തുന്നിച്ചേര്‍ത്തതെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ 2006ല്‍ വീണ്ടും കുറ്റപത്രം നല്‍കി.
ഇതിനിടെ ജയില്‍മോചിതനായ ആന്‍ഡ്രൂസ് ആസ്ട്രേലിയയില്‍ എത്തുകയും മെല്‍ബണില്‍ ഒരു കൊലക്കേസില്‍ പ്രതിയാവുകയും ചെയ്തു. പിടിയിലായ ആന്‍ഡ്രൂസ് ജയിലില്‍ കഴിയുമ്പോള്‍ ലഹരിക്കേസില്‍ തൊണ്ടിമുതലില്‍ കൃത്രിമം നടത്തി പണം നല്‍കി രക്ഷപ്പെട്ടുവെന്ന് സഹത്തടവുകാരനോട് വെളിപ്പെടുത്തി. ആസ്ട്രേലിയന്‍ പോലീസ് ഇക്കാര്യം ഇന്റര്‍പോളിന് കൈമാറുകയും അവര്‍ ഇന്ത്യയിലെ ഇന്റര്‍പോള്‍ വിഭാഗമായ സിബി ഐക്കും നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോക്കും കൈമാറുകയും ചെയ്തു. ഈ തെളിവും 2006 ല്‍ നല്‍കിയ കുറ്റപത്രത്തില്‍ ഇടംപിടിച്ചു. തൊണ്ടിമുതല്‍ കൈപ്പറ്റി കൃത്രിമം കാണിച്ച് മടക്കിവെച്ച ആന്റണി രാജുവിനും സഹായം നല്‍കിയ ക്ലര്‍ക്ക് കെ.കെ. ജോസിനും എതിരെയായിരുന്നു കുറ്റപത്രം. തൊണ്ടിമുതല്‍ ഏറ്റുവാങ്ങുമ്പോഴും തിരിച്ചുനല്‍കുമ്പോഴും ആന്റണി രാജു ഒപ്പിട്ടു നല്‍കിയ രേഖ അദ്ദേഹത്തിന്റെ ഇടപെടല്‍ വ്യക്തമാക്കുന്നത് തന്നെയായിരുന്നു. അപ്പോഴേക്കും പിളര്‍ന്നും വളര്‍ന്നും കേരള കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വത്തിലേക്ക് എത്തിയ ആന്റണി രാജു അധികാരത്തിന്റെ എല്ലാ തലങ്ങളും കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ഉപയോഗപ്പെടുത്തി. അതിനെതിരെ ഇടതുമുന്നണിയില്‍ നിലപാടെടുത്തത് വി.എസ്. അച്യുതാനന്ദന്‍ മാത്രമായിരുന്നു. ആന്റണി രാജുവിന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നതിനെതിരെയും അദ്ദേഹത്തിന്റെ ഈ കേസിലെ ഇടപെടലിനെ കുറിച്ചും വി.എസ്.അച്യുതാനന്ദന്‍ തുറന്നടിച്ചു. ആന്റണി രാജുവിനെ പിന്തുണച്ചിരുന്ന സി പിഎം ഔദ്യോഗികവിഭാഗത്തിന് ഇത് തലവേദനയായിരുന്നു. വി.എസ്.അച്യുതാനന്ദന്‍ കറിവേപ്പിലയായി ഇടതുപക്ഷ രാഷ്ട്രീയത്തില്‍ അപ്രസക്തനായതോടെയാണ് വീണ്ടും ആന്റണി രാജു കിരീടം വെക്കാത്ത രാജാവും നേതാവും മന്ത്രിയുമായി മാറിയത്.
ആന്റണിരാജു വീണ്ടും ഇടതുമുന്നണിയുടെ എംഎല്‍എയും മന്ത്രിയും ആയി മാറിയപ്പോള്‍ കേസിന്റെ വിചാരണ മുടങ്ങി. 2014 ല്‍ തിരുവനന്തപുരം കോടതിയില്‍ നിന്ന് കേസ് നെടുമങ്ങാട് ഒന്നാംക്ലാസ് കോടതിയിലേക്ക് മാറ്റി. കേസ് പലതവണ പരിഗണിച്ചെങ്കിലും ആന്റണി രാജു ഉള്‍പ്പടെയുള്ള പ്രതികള്‍ കോടതിയില്‍ ഹാജരായില്ല. കേസില്‍ പുനരന്വേഷണവും കുറ്റപത്രവും തടയണമെന്ന് ആവശ്യപ്പെട്ടാണ് ആന്റണി രാജു കോടതിയില്‍ എത്തിയത്. എന്നാല്‍ തൊണ്ടിമുതലില്‍ തിരിമറി നടന്ന ക്രിമിനല്‍കേസ് ഗുരുതരമായ വിഷയമാണെന്ന് സുപ്രീംകോടതി വിധിയില്‍ ചൂണ്ടിക്കാട്ടി. നേരത്തെ സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതി കേസ് തള്ളിയത് തെറ്റാണെന്ന് സുപ്രീംകോടതി കണ്ടെത്തി. ക്രിമിനല്‍ നടപടി ചട്ടത്തിലെ 195 (1) ബി പ്രകാരം തെളിവില്‍ കൃത്രിമം കാട്ടിയതുമായി ബന്ധപ്പെട്ട കേസിലെ കുറ്റപത്രം ഫയലില്‍ സ്വീകരിക്കാനാവില്ലെന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ നടപടി. എന്നാല്‍, ഹൈക്കോടതിയുടെ ഈ നിലപാട് തെറ്റാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. തൊണ്ടിമുതലില്‍ തിരിമറി നടത്തുന്നതുപോലെയുള്ള പ്രവൃത്തികള്‍ നീതിന്യായവ്യവസ്ഥയുടെ പരിശുദ്ധിയെ ബാധിക്കുന്ന നടപടിയാണെന്ന് സുപ്രീംകോടതി പറഞ്ഞു. ആന്റണി രാജു വിചാരണ നേരിടണമെന്നും ഡിസംബര്‍ 20 നോ, അടുത്ത പ്രവൃത്തിദിവസമോ വിചാരണക്കോടതിയില്‍ ഹാജരാകണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഒരുവര്‍ഷത്തിനകം കേസില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും ജസ്റ്റിസുമാരായ സി.റ്റി.രവികുമാര്‍, സഞ്ജയ് കരോള്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ആന്റണി രാജുവിനെതിരായ കുറ്റപത്രം ഫയലില്‍ സ്വീകരിച്ച ഉത്തരവ് സുപ്രീംകോടതി പുന:സ്ഥാപിച്ചു. തുടരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി നടപടിയില്‍ തെറ്റില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. തൊണ്ടിമുതലിലെ തിരിമറി പോലുള്ള നടപടികള്‍ നീതിന്യായവ്യവസ്ഥയിലുള്ള പൊതുജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കുമെന്ന് വിധിയില്‍ സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു. കോടതികളുടെ സ്വാതന്ത്ര്യം, വിശ്വാസ്യത എന്നിവയെയും ഇത് ബാധിക്കും. ഇതില്‍ പൊതുജനതാല്‍പര്യം ഇല്ലെന്ന് പറയാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
കോഴ വാങ്ങി തൊണ്ടിമുതല്‍ അട്ടിമറിച്ച് പ്രതിയെ രക്ഷിക്കാനുള്ള രാഷ്ട്രീയനേതാവ് കൂടിയായ ഒരു അഭിഭാഷകന്റെ പ്രവൃത്തിക്ക് സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിരോധം ഒരുക്കിയതിന്റെ ചിത്രമാണ് ഈ സംഭവം. ഒരുപക്ഷേ, ഇനി ലോകവും നീതിപീഠവും ഉള്ളിടത്തോളം കാലം ഈ സംഭവം പാഠ്യവിഷയമാകും. കീഴ്ക്കോടതികള്‍ മുതല്‍ സുപ്രീംകോടതി വരെയുള്ള നിയമസംവിധാനത്തില്‍ രാഷ്ട്രീയ നേതാക്കളും പണക്കാരും നടത്തുന്ന സ്വാധീനത്തിന്റെ നേര്‍ക്കാഴ്ച കൂടിയാണിത്. കേസ് ബെഞ്ചുകളിലേക്ക് പോകുന്നതിലും രജിസ്ട്രിയില്‍ പരിഗണിക്കുന്നതിലും ഇടപെടല്‍ ഉണ്ടാകുന്നത് സംബന്ധിച്ച് നേരത്തെ തന്നെ സുപ്രീംകോടതിയും ചില ഹൈക്കോടതികളും പരാമര്‍ശം നടത്തിയിരുന്നു. ജുഡീഷ്യറിയുടെ പരിശുദ്ധിയും നീതിബോധവും സത്യനിഷ്ഠയും ഉറപ്പാക്കാന്‍ ബാധ്യതയുള്ള കോടതി ജീവനക്കാര്‍ അഭിഭാഷകരുടെയും സ്വാധീനമുള്ളവരുടെയും താളത്തിനു തുള്ളുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകും. അഭിഭാഷകരും കോടതി ജീവനക്കാരും ഉള്‍പ്പെട്ട ഉപജാപക സംഘം ഉരുത്തിരിയുന്നത് ചെറുക്കാന്‍ കോടതി വിജിലന്‍സ് സംവിധാനത്തിനും നീതിപീഠങ്ങള്‍ക്കും കഴിയണം എന്ന ഒരു മാതൃകാപാഠം കൂടി ഈ സംഭവത്തിലുണ്ട്.
35 വര്‍ഷം പിന്നിട്ട ശേഷമേ ഈ കേസില്‍ വിധിയുണ്ടാകൂ. വീണ്ടും അതിന്റെ അപ്പീലും ഒക്കെയായി സുപ്രീംകോടതിയില്‍ എത്തുംവരെ കാത്തിരുന്നാല്‍ നീതി നടപ്പിലാകുമെന്ന് ഉറപ്പാക്കാന്‍ കഴിയുമോ? സുപ്രീംകോടതി ചൂണ്ടിക്കാണിച്ചപോലെ ജുഡീഷ്യറിയുടെയും നീതിപീഠത്തിന്റെയും വിശ്വാസ്യത തന്നെ ചോര്‍ത്തിയ ഈ സംഭവത്തില്‍, സാധാരണ കോടതി നടപടികള്‍ക്ക് വിട്ടുകൊടുക്കാതെ കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രത്യേക കേസായി ഇതിനെ പരിഗണിക്കാനാണ് ഉത്തരവിടേണ്ടത്. വൈകിവരുന്ന നീതി നിഷേധിക്കപ്പെട്ട നീതിയാണെന്ന ആപ്തവാക്യം ബഹുമാനപ്പെട്ട കോടതിയുടെ മുന്നില്‍ ഉണ്ടാകണം. മുന്നണി മാറി രക്തത്തില്‍ ഇരുമ്പുണ്ടെന്ന് പറഞ്ഞ് ശിക്ഷാനടപടികളില്‍ നിന്ന് ഒഴിവാക്കിയ കേരളത്തിലെ ആദ്യത്തെ അഴിമതിക്കാരനായ രാഷ്ട്രീയ നേതാവിന്റെ ചരിത്രം കൂടി ഈ അവസരത്തില്‍ ഓര്‍മിക്കേണ്ടതാണ്. അഴിമതിയും വരവില്‍ കവിഞ്ഞ സ്വത്തുസമ്പാദനവും ഒക്കെ നടത്തുന്നവര്‍ പൊതുജനങ്ങളെ പരിഹസിച്ചുകൊണ്ട് വീണ്ടും അധികാരകേന്ദ്രങ്ങളിലെ സിംഹാസനങ്ങളില്‍ ഞെളിഞ്ഞിരിക്കുന്നത് പൊതുസമൂഹത്തെയും ജനാധിപത്യ ബോധത്തെയും അപഹസിക്കുന്നതാണ് എന്ന് ബഹുമാനപ്പെട്ട നീതിപീഠം ഓര്‍ക്കണം. ആന്റണി രാജുവിനെപ്പോലുള്ള അഭിഭാഷകരുടെ കാര്യത്തില്‍ ബാര്‍ അസോസിയേഷന്റെയും അഭിഭാഷക സംഘടനകളുടെയും അഭിപ്രായംകൂടി പൊതുജനങ്ങളുടെ മുന്നില്‍ തുറന്നുപറയാനുള്ള വിവേകം അവരും കാട്ടണം.