കേരളത്തില്‍ രണ്ട് സിപിഎം നേതാക്കളുടെ പുസ്തകങ്ങള്‍ വിവാദമായിരിക്കുകയാണ്. സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിമാരായിരുന്ന ഇ.പി. ജയരാജനും പി. ജയരാജനും എഴുതിയിട്ടുള്ള രണ്ട് പുസ്തകങ്ങള്‍ ആണ് വിവാദം സൃഷ്ടിച്ചിരിക്കുന്നത്. ഇ.പി.യുടെ പുസ്തകം കട്ടന്‍ ചായയും പരിപ്പുവടയും – ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം പക്ഷേ പ്രസിദ്ധീകരിച്ചില്ല എന്നുമാത്രമല്ല, വിവാദമാവുകയും ചെയ്തു. അതേസമയം ഇസ്ലാമിക ഭീകരതയെയും മാപ്പിള കലാപത്തെയും വെള്ളപൂശുന്ന പി.ജയരാജന്റെ പുസ്തകം അതിന്റെ പക്ഷപാതിത്വം കൊണ്ടാണ് ശ്രദ്ധേയമായത്.
വയനാട് ലോക്‌സഭാ സീറ്റിലേക്കും ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസമാണ് ഇ.പി. ജയരാജന്റെ പുസ്തകത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നത്. പാര്‍ട്ടിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി, താന്‍ പുസ്തകം എഴുതിയിട്ടില്ലെന്നും പ്രസിദ്ധീകരണത്തിന് നല്‍കിയിട്ടില്ലെന്നും പ്രസിദ്ധീകരിച്ച ഭാഗങ്ങള്‍ തന്റെ ആത്മകഥയുടെ അല്ലെന്നും ഒക്കെയുള്ള വിശദീകരണവുമായി ഇ.പി. പുറത്തുവന്നെങ്കിലും സാധാരണ ജനങ്ങള്‍ അത് വിശ്വസിച്ചില്ല. വോട്ടെടുപ്പുദിവസം രാവിലെ 11:30 ന് പുസ്തകപ്രകാശനം നടത്തുമെന്ന് പ്രസാധകര്‍ അറിയിച്ചിരുന്നെങ്കിലും പിന്നീട് അത് മാറ്റിവെച്ചതായി അറിയിപ്പുണ്ടായി. പുസ്തകത്തിന്റെ നിര്‍മ്മാണത്തിലുള്ള സാങ്കേതികപ്രശ്‌നം മൂലം പ്രകാശനം കുറച്ചു ദിവസത്തേക്ക് നീട്ടിവെച്ചു എന്നും പുസ്തകത്തിന്റെ ഉള്ളടക്കത്തെ കുറിച്ചുള്ള കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ വ്യക്തമാകുമെന്നുമായിരുന്നു പ്രസാധകരുടെ വിശദീകരണം.
എഴുപത്തഞ്ച് വയസ്സ് തികയാന്‍ പോകുന്ന ഇ.പി. ജയരാജന്‍ വെട്ടിത്തുറന്ന്, ഉള്ളുതുറന്ന് കാര്യങ്ങള്‍ പറയുന്ന സിപിഎമ്മിലെ ഒരു നേതാവാണ്. ആ കാഴ്ചപ്പാട് ഈ പുസ്തകത്തിന്റെ പുറത്തുവന്ന ഭാഗങ്ങളിലും കാണാം. പുസ്തകത്തിലെ പരാമര്‍ശങ്ങളില്‍ ഭൂരിഭാഗവും കേരളത്തിലെ പൊതുസമൂഹത്തിന്റെയും സാധാരണക്കാരുടെയും വിലയിരുത്തല്‍ കൂടിയാണ് എന്ന് ബോധ്യപ്പെടുത്തുന്നതാണ് പുറത്തുവന്നിട്ടുള്ള വിശദാംശങ്ങള്‍. തിരഞ്ഞെടുപ്പുദിവസം ഇതേപോലെ വെടിപൊട്ടിക്കുന്ന സംഭവം സിപിഎമ്മില്‍ ആദ്യത്തേതല്ല. 2012 ജൂണ്‍ രണ്ടിന് നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്ന അതേസമയത്താണ് പിണറായി വിജയന്‍ അടക്കമുള്ള സിപിഎം നേതൃത്വവുമായി ഇടഞ്ഞുനിന്നിരുന്ന അന്നത്തെ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ ടി.പി. ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചത്. വി.എസുമായി ആത്മബന്ധം പുലര്‍ത്തിയിരുന്ന ചന്ദ്രശേഖരന്റെ വീട്ടിലെത്തി ഭാര്യ രമയുടെ കൈകള്‍ കൂട്ടിപ്പിടിച്ച് വിങ്ങിപ്പൊട്ടിയ വി.എസിന്റെ ചിത്രമാണ്, ദൃശ്യങ്ങളാണ് അന്നത്തെ തിരഞ്ഞെടുപ്പിന്റെ വിധിയെഴുതിയതെന്ന് രാഷ്ട്രീയനിരീക്ഷകരും മാധ്യമപ്രവര്‍ത്തകരും ഒരേപോലെ അഭിപ്രായപ്പെട്ടിരുന്നു. വാവിട്ടു കരഞ്ഞ കെ.കെ.രമയുടെ കൈകള്‍ ചേര്‍ത്തുപിടിച്ച് കണ്ണീരൊപ്പിയ വി.എസ്. കേരളത്തിന്റെ രാഷ്ട്രീയ പ്രതിപുരുഷനായി മാറുകയായിരുന്നു. ടി.പി.ചന്ദ്രശേഖരനെ കുലംകുത്തി എന്നുവിളിച്ച് ആക്ഷേപിച്ച ടി.പി.യുടെ കൊലപാതകത്തിലും മരണത്തിലും അല്പംപോലും ദുഃഖം പ്രകടിപ്പിക്കാത്ത പിണറായി വിജയന്റെ ചെകിട്ടത്തേറ്റ അടിയായിരുന്നു വി. എസിന്റെ സന്ദര്‍ശനം. ഏതാണ്ട് അതേ മാതൃകയില്‍ തിരഞ്ഞെടുപ്പുദിവസം ചാനലുകളില്‍ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന രീതിയില്‍ പരാമര്‍ശങ്ങള്‍ എത്തിയതോടെ ആശങ്കയിലായ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടാണ് താന്‍ ആത്മകഥ എഴുതിയിട്ടില്ല എന്ന വിശദീകരണം ഇ.പി.യെ കൊണ്ട് പറയിച്ചത് എന്നാണ് കേള്‍ക്കുന്നത്.
രണ്ടാം പിണറായി സര്‍ക്കാര്‍ പൂര്‍ണ്ണമായും ദുര്‍ബലമാണെന്ന പരാമര്‍ശമാണ് വോട്ടെടുപ്പു ദിവസം ഇടതുമുന്നണിക്ക് ഏറ്റവും വലിയ തിരിച്ചടിയായത്. ജയരാജന്റെ വിവാദങ്ങള്‍ക്കെല്ലാം അദ്ദേഹത്തിന്റെ വ്യക്തിപരമായ മറുപടി പുസ്തകത്തിലുണ്ട്. താന്‍ ആത്മകഥ എഴുതിയിട്ടില്ല എന്നും പ്രസിദ്ധീകരിക്കാന്‍ ഏല്‍പ്പിച്ചിട്ടില്ല എന്നും ഒക്കെയുള്ള ജയരാജന്റെ വിശദീകരണങ്ങള്‍ അപ്പൂപ്പന്‍താടി കാറ്റില്‍ പറക്കുന്നത് പോലെ പറന്നു പോയി. താന്‍ കുറച്ചുകാലമായി ആത്മകഥ എഴുതുന്നുണ്ടെന്നും ഇരുനൂറിലേറെ പേജ് തയ്യാറാക്കി കഴിഞ്ഞുവെന്നും അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് സമ്മതിച്ചു. എഴുതിയ ഭാഗം എഡിറ്റ് ചെയ്യാനായി ഒരു പ്രമുഖ മാധ്യമപ്രവര്‍ത്തകനെ ഏല്‍പ്പിച്ചെന്നും അത് അദ്ദേഹം പുറത്തു വിടില്ല എന്നാണ് തന്റെ വിശ്വാസം എന്നും ജയരാജന്‍ വിശദീകരിച്ചു. ആത്മകഥ ചോര്‍ന്നതില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് ജയരാജന്‍ ഡിജിപിക്ക് പരാതിനല്‍കി. പുസ്തകത്തിന്റെ പ്രചാരണത്തിന് വേണ്ടി ഇറക്കിയ എല്ലാ സാമൂഹ്യമാധ്യമ പോസ്റ്റുകളും പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രസാധകരായ പുസ്തക കമ്പനിക്ക് വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തു. ഇരുട്ടിവെളുക്കും മുമ്പ് മറുകണ്ടം ചാടിയ ആള്‍ എന്നാണ് പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാര്‍ഥി പി. സരിനെക്കുറിച്ച് പുസ്തകത്തിലുള്ള പരാമര്‍ശം. അങ്ങനെ വരുന്നവരുടെ താല്പര്യം വെറും സ്ഥാനമാനങ്ങള്‍ ആണോ എന്ന് പരിശോധിക്കണമെന്നും ഈ നീക്കം ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കട്ടെ എന്നും പറയുന്നു.
സ്വതന്ത്രരെ ഒപ്പം നിര്‍ത്തുന്നത് വയ്യാവേലിയായ സന്ദര്‍ഭങ്ങള്‍ ഏറെയാണെന്ന് പറഞ്ഞ് പി.വി.അന്‍വറിനെയും ഇ.പി.ജയരാജന്‍ ലക്ഷ്യമിടുന്നുണ്ട്. ഈ പരാമര്‍ശം സരിനെ ദോഷകരമായി ബാധിക്കും എന്ന് കണ്ടു പാലക്കാട്ട് ഉടന്‍തന്നെ പ്രചാരണത്തിന് എത്താന്‍ ഇ.പി.ജയരാജന് സിപിഎം നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ഗോവിന്ദന്‍ മുന്‍കൈയെടുത്ത് പിണറായി വിജയന്റെ അനുഗ്രഹത്തോടെ ഇ.പി.ജയരാജനെ പുറത്താക്കിയ സമയത്ത് തയ്യാറാക്കിയതാണ് പുസ്തകം എന്നാണ് ലഭ്യമായ വിവരം. കഴിഞ്ഞമാസം 18 ന് പി.സരിനെ പാലക്കാട് സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ച വിവരം വരെ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനുശേഷം ഒക്ടോബര്‍ 31ന് കോഴിക്കോട്ട് വെച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പഴയ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ ഇ.പി. ജയരാജന്‍ പാര്‍ട്ടിയുമായി ഒത്തുപോകാന്‍ തീരുമാനിച്ചിരുന്നു. നവംബര്‍ ആദ്യം ദല്‍ഹിയില്‍ നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ദുര്‍ഗുണപരിഹാര പാഠശാലയില്‍ നിന്ന് നല്ല കുട്ടിയായി തിരിച്ചെത്താനുള്ള ശ്രമങ്ങള്‍ക്ക് വീണ്ടും തിരിച്ചടിയായിട്ടാണ് പുസ്തകത്തിന്റെ വിശദാംശങ്ങള്‍ ചോര്‍ന്നത്.
‘ഒന്നാം പിണറായി മന്ത്രിസഭയെ കുറിച്ചും മന്ത്രിമാരെ കുറിച്ചും ജനങ്ങള്‍ക്കിടയില്‍ മികച്ച അഭിപ്രായമാണ് ഉണ്ടായിരുന്നത്. അഭിപ്രായം നിലനിര്‍ത്താനായില്ലെന്നു മാത്രമല്ല, താരതമ്യേന ദുര്‍ബലവുമാണ് രണ്ടാം മന്ത്രിസഭ എന്ന തോന്നല്‍ ജനങ്ങള്‍ക്കിടയില്‍ ഉണ്ട്. ഈ പറഞ്ഞതെല്ലാം മാധ്യമങ്ങളുടെയും വലതുപക്ഷത്തെയും പ്രചാരണമാണെങ്കിലും നാം എത്രത്തോളം തിരുത്തല്‍ വരുത്തും എന്നതിനെ ആശ്രയിച്ചായിരിക്കും ഇനി മുന്നോട്ടുള്ള പ്രയാണം. തിരുത്തല്‍ വേണമെന്ന് പറഞ്ഞാല്‍പ്പോരാ, തിരുത്തല്‍ വേണം, അത് അടി മുതല്‍ മുടി വരെ ആവുകയും വേണം’ എന്ന് പുസ്തകത്തില്‍ പറയുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനും ഇടതുമുന്നണിക്കും ഉണ്ടായ അതിശക്തമായ തിരിച്ചടിയും 20 സീറ്റില്‍ ഒന്നിലേക്ക് മാത്രം ഒതുങ്ങിപ്പോയതും ഇ.പി. വിമര്‍ശനബുദ്ധിയോടെ വിവരിക്കുന്നുണ്ട്. പാര്‍ട്ടി മാനദണ്ഡം പാലിച്ചാണോ മൂന്ന് സെക്രട്ടറിമാര്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്, പാര്‍ട്ടിയെയും മുന്നണിയെയും ചലിപ്പിക്കാന്‍ നേതൃത്വം കൊടുക്കേണ്ടവരാണ് ഇവര്‍. അങ്ങനെയുള്ളയാള്‍ ആ ഉത്തരവാദിത്തത്തില്‍ നിന്ന് മാറി മത്സരിച്ചത് ഗുണമാണോ ദോഷമാണോ, സരിന്‍ അല്ലാതെ യോഗ്യരായ മറ്റു സ്ഥാനാര്‍ത്ഥികള്‍ പാലക്കാട്ട് മത്സരിക്കാനും വിജയിക്കാനും പ്രാപ്തരായിട്ടില്ലേ എന്ന ചോദ്യവും ഉണ്ട്. പുസ്തകം തന്റേതല്ലെന്ന് ജയരാജന്‍ നിഷേധിക്കുമ്പോഴും ഉള്ളടക്കത്തില്‍ കൂടുതലും ഇ.പി. ജയരാജനുമായി ബന്ധപ്പെട്ട വിവാദങ്ങളാണ്. ഒപ്പം ഇ.പി. ജയരാജന്റെ അപൂര്‍വങ്ങളായ കുടുംബചിത്രങ്ങളടക്കം പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബന്ധുനിയമനം മുതല്‍ സാന്റിയാഗോ മാര്‍ട്ടിന്‍ വിവാദം വരെ തനിക്കെതിരെ ഉയര്‍ന്ന പ്രശ്‌നങ്ങളില്‍ പാര്‍ട്ടിയും പാര്‍ട്ടി പ്രസിദ്ധീകരണങ്ങളും പാര്‍ട്ടി ചാനലും തനിക്കൊപ്പം നിന്നില്ല എന്ന വിമര്‍ശനവും പുസ്തകത്തില്‍ ഉണ്ട്. ജയരാജന്‍ കൂറ്റന്‍ ബംഗ്ലാവ് കെട്ടിയ കാര്യം, ബീഡി വലിച്ചും താടി നീട്ടിയും പരിപ്പുവട തിന്നും പാര്‍ട്ടിയെ വളര്‍ത്താന്‍ നിന്നാല്‍ ആളുണ്ടാകില്ല എന്ന പ്രസ്താവന, സാന്റിയാഗോ മാര്‍ട്ടിനോട് രണ്ടുകോടി രൂപയുടെ ബോണ്ട് നേരിട്ട് വാങ്ങിയ സംഭവം, ബന്ധുനിയമനത്തെ തുടര്‍ന്ന് മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്ന സാഹചര്യം, കണ്ണൂരിലെ വൈദേഹം ആയുര്‍വേദ റിസോര്‍ട്ടിന്റെ ഉടമസ്ഥത, ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി നടത്തിയ കൂടിക്കാഴ്ച, ബോക്‌സിങ് താരം മുഹമ്മദലി അന്തരിച്ചപ്പോള്‍ കേരളത്തിന്റെ മികച്ച കായികതാരമായിരുന്നു എന്നുപറഞ്ഞ് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അനുശോചന സന്ദേശം തുടങ്ങിയ നിരവധി വിവാദങ്ങളിലെ തന്റെ ഭാഗങ്ങളാണ് ഇ.പി.ജയരാജന്‍ വിവാദഗ്രന്ഥത്തില്‍ വിവരിച്ചിട്ടുള്ളത്.
തന്റെ പേരില്‍ വന്നിട്ടുള്ള ആത്മകഥ ഗൂഢാലോചനയാണെന്നാണ് ജയരാജന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഏതാണ്ട് ഇതേരീതിയില്‍ തന്നെ സംഭവങ്ങള്‍ ഉണ്ടായി. ഒന്നര കൊല്ലം മുമ്പ് നടന്ന ഒരു കൂടിക്കാഴ്ച വ്യക്തിഹത്യ ലക്ഷ്യമിട്ട് പിന്നീട് വിവാദമാക്കി പാര്‍ട്ടിയെ തകര്‍ക്കാനും തിരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താനുമുള്ള ഗൂഢാലോചനയാണ് നടന്നതെന്നാണ് ഇ.പി. ജയരാജന്റെ ഭാഷ്യം. ഗൂഢാലോചനയ്ക്ക് പിന്നില്‍ ആരാണെന്ന് തനിക്കറിയില്ലെന്നും അത് അന്വേഷിച്ച് കണ്ടെത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ആത്മകഥയായി ഒരു പേജ് പോലും എഴുതി കൊടുത്തിട്ടില്ല എന്നും 180 പേജ് പ്രസാധകര്‍ സ്വന്തമായി എഴുതി തയ്യാറാക്കിയതാണോ എന്നത് പരിശോധിക്കേണ്ട കാര്യമാണെന്നും ഇ.പി വ്യക്തമാക്കുന്നു. താനറിയാതെ, തന്റെ അനുവാദമില്ലാതെ എങ്ങനെയാണ് തന്റെ ആത്മകഥ പ്രസിദ്ധീകരിക്കുക എന്നാണ് അദ്ദേഹം ചോദിക്കുന്നത്. തന്നെ പരിഹസിക്കുന്ന ഭാഗം തലക്കെട്ടായി താന്‍ തന്നെ കൊടുക്കുമോ എന്ന ചോദ്യമാണ് അദ്ദേഹം ഉന്നയിക്കുന്നത്. പണ്ട് ഇടഞ്ഞു നിന്നപ്പോള്‍ തയ്യാറാക്കിയ പുസ്തകം ഇപ്പോള്‍ ഒത്തുതീര്‍പ്പായതിനുശേഷം എങ്ങനെയോ പ്രസാധകരില്‍ നിന്ന് പുറത്തുപോയി എന്നാണ് സൂചന. പുസ്തകത്തിലെ ഓരോ പരാമര്‍ശവും ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെയുമാണ്. ഇരിക്കുന്ന കൊമ്പ് മുറിച്ചുവീഴ്ത്തിയ ഇ.പി.ജയരാജന്‍ പക്ഷേ, ഒരുപരിധിവരെ പാര്‍ട്ടിയിലെ തിന്മകളെയും കൊള്ളരുതായ്മകളെയും പുതിയതായി രൂപംകൊണ്ടു വന്നിട്ടുള്ള ഏകാധിപത്യ പ്രവണതകളെയുമാണ് അതിശക്തമായി വിമര്‍ശിക്കുന്നത്.
ഇ.പിയില്‍ നിന്ന് വ്യത്യസ്തമായി പാര്‍ട്ടിയുടെ ഇസ്ലാമിക പ്രീണന രാഷ്ട്രീയത്തെ വെള്ളപൂശുന്ന പ്രക്രിയയാണ് പി.ജയരാജന്‍ അദ്ദേഹത്തിന്റെ പുസ്തകമായ കേരളം മുസ്ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം എന്ന ഗ്രന്ഥത്തില്‍ ചെയ്തിട്ടുള്ളത്. ചരിത്രവുമായി യാതൊരു ബന്ധവുമില്ലാത്ത ഊഹാപോഹങ്ങളുടെയും കേട്ടുകേള്‍വികളുടെയും അടിസ്ഥാനത്തിലാണ് ഇസ്ലാം മതത്തെ അദ്ദേഹം വിലയിരുത്തുന്നത്. പ്രവാചകന്റെ കാലം തൊട്ടേ കേരളത്തില്‍ ഇസ്ലാംമതം പ്രചാരത്തില്‍ ഉണ്ടായിരുന്നു എന്ന അബദ്ധ പഞ്ചാംഗത്തിലാണ് പി.ജയരാജന്റെ ഗ്രന്ഥം തുടങ്ങുന്നത് തന്നെ. ചരിത്രരേഖകളും വസ്തുതകളും നിഷേധിക്കുന്ന, ചേരമാന്‍ പെരുമാളിന്റെ മതംമാറ്റം അതേപടി അദ്ദേഹം വിവരിക്കുന്നുണ്ട്. കേരളത്തില്‍ പ്രചരിച്ച ഇസ്ലാമിക ആദര്‍ശങ്ങളുടെ പിന്നില്‍ പ്രധാനമായും സൂഫി പണ്ഡിതന്മാരായിരുന്നു എന്നും ഇവിടുത്തെ ഇസ്ലാമിക വിശ്വാസങ്ങളിലെയും ആചാര്യപാരമ്പര്യത്തിലെയും വ്യതിരിക്തത സൂഫി സ്വാധീനത്തിന്റെ ഫലമാണെന്നുമുള്ള വാദം പ്രബലമാണെന്നും ജയരാജന്‍ വാദിക്കുന്നു. അതേസമയം ചെന്നൈയിലെ സെന്റ് ജോര്‍ജ് ഫോര്‍ട്ട് ഡോക്ക്യുമെന്റ്‌സില്‍ വിവരിക്കുന്ന മാപ്പിള റിബലിയന്‍ അടക്കമുള്ള നിരവധി രേഖകള്‍ വാരിയംകുന്നനെ പോലുള്ള ജിഹാദി ഭീകരരുടെ മതഭ്രാന്ത് വളരെ വ്യക്തമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. കളക്ടര്‍ കനോലിയുടെ മരണവും സിഐ ഇന്‍സിന്റെ റിപ്പോര്‍ട്ടും വില്യം ലോഗന്റെ മലബാര്‍ മാനുവലും അടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കാതെ മാധവന്‍ നായരുടെ മലബാര്‍ കലാപവും മഹാകവി കുമാരനാശാന്റെ ദുരവസ്ഥയും പരിഗണിക്കാതെ മലബാര്‍ കലാപം കാര്‍ഷിക പ്രശ്‌നമാണെന്ന നട്ടാല്‍ കുരുക്കാത്ത നുണ പി.ജയരാജന്‍ ആവര്‍ത്തിച്ചിരിക്കുന്നു.
മാപ്പിള കലാപത്തെ കുറിച്ച് നടത്തിയ എല്ലാ അന്വേഷണങ്ങളിലും കാര്‍ഷികപ്രശ്‌നങ്ങള്‍ ജന്മി-കുടിയാന്‍ തര്‍ക്കങ്ങളോ ഈ പ്രശ്‌നത്തില്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടില്ല എന്ന് വ്യക്തമാക്കുമ്പോഴാണ് പി.ജയരാജന്റെ വെള്ളപൂശല്‍. ഇതാകട്ടെ കലാപകാലത്ത് 9 വയസ്സു മാത്രം പ്രായമുണ്ടായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാട് 25 വര്‍ഷങ്ങള്‍ക്കുശേഷം എഴുതിയ ആഹ്വാനവും താക്കീതും എന്ന ലേഖനത്തിന്റെ ചുവടുപിടിച്ചാണ് താനും. സത്യം എഴുതിയശേഷം നിഷേധിക്കുന്ന ഇ.പി.ജയരാജനും സത്യം എന്താണെന്ന് കണ്ടെത്താന്‍ ശ്രമിക്കാത്ത പി.ജയരാജനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിമാരായിരുന്നു എന്നതുകൂടി കണ്ടു വേണം ഈ പുസ്തകങ്ങളെ വിലയിരുത്താന്‍. ഇ.പി. പറഞ്ഞതുപോലെ ഈ പുസ്തകങ്ങളെയും കാലം വിലയിരുത്തട്ടെ. വ്യത്യസ്തരായ ഈ രണ്ടു എഴുത്തുകാരെയും നേരത്തെ തിരിച്ചറിയാന്‍ കഴിയാതെ പോയതില്‍ കേരളം സങ്കടപ്പെടും എന്നകാര്യത്തില്‍ സംശയമില്ല.