ബഹുമാനപ്പെട്ട ഹൈക്കോടതി കഴിഞ്ഞ ദിവസം നടത്തിയ ഒരു പരാമര്‍ശം ശ്രദ്ധേയമാണ് ‘രാജഭരണം അല്ല നിയമവാഴ്ചയാണ് ഇപ്പോള്‍’എന്നാണ് കോടതി പറഞ്ഞത്. ബഹുമാനപ്പെട്ട കോടതിയോടും ഇതേ കാര്യം തന്നെയാണ് സാധാരണ പൗരന്മാര്‍ക്കും പറയാനുള്ളത്. ഒരു ജനസമൂഹത്തിന്റെ ആചാരങ്ങളും വിശ്വാസവും പാരമ്പര്യവും സഹസ്രാബ്ദങ്ങളായി ജീവിതമൂല്യങ്ങളിലൂടെ തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് സന്നിവേശിക്കപ്പെടുന്ന സംസ്‌കാരവും മൂല്യങ്ങളും ഒക്കെ ഒരു നാരായമോ ഒരു വാള്‍ത്തല കൊണ്ടോ ഒക്കെ വെട്ടി മാറ്റാന്‍ കഴിയുന്ന രാജഭരണകാലവും അന്നത്തെ ജഡ്ജി അങ്ങത്തമാരുമല്ല ഇന്നത്തെ കാലത്തുള്ളതെന്ന തിരിച്ചറിവ് ബഹുമാനപ്പെട്ട നീതിപീഠങ്ങള്‍ക്കും ഉണ്ടാവണം.
തൃശ്ശൂര്‍ പൂരവും തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളിലെ എഴുന്നള്ളിപ്പും അടക്കം ക്ഷേത്രോത്സവങ്ങളുടെയും എഴുന്നള്ളിപ്പുകളുടെയും ഒക്കെ കാര്യങ്ങളില്‍ കോടതി നടത്തുന്ന ഇടപെടലുകള്‍ പൂര്‍ണമായും ആചാരലംഘനത്തിന്റെയും അറിവില്ലായ്മയുടേതും ആണെന്ന് പറയാതിരിക്കാന്‍ കഴിയില്ല. ക്ഷേത്രങ്ങളില്‍ ആനകളെ എഴുന്നള്ളിക്കുമ്പോള്‍ രണ്ട് ആനകള്‍ തമ്മില്‍ കുറഞ്ഞത് മൂന്നു മീറ്റര്‍ ദൂരമെങ്കിലും വേണമെന്ന കാര്യത്തില്‍ ഇളവ് അനുവദിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ ഉത്തരവിലാണ് പാവപ്പെട്ട ഹിന്ദു ഭക്തന്റെ തലയ്ക്ക് അടിക്കുന്ന പരാമര്‍ശം ഉണ്ടായത്. പൂര്‍ണ്ണത്രയീശ ക്ഷേത്രത്തില്‍ ഉത്സവത്തിന് 15 ആനകളെ എഴുന്നള്ളിക്കുന്നതിന് ഇളവ് തേടി ദേവസ്വം നല്‍കിയ ഉപഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ഈ പരാമര്‍ശം. രാജഭരണകാലം മുതല്‍ ഇത്രയും ആനകളെ കൂട്ടിയുള്ള എഴുന്നള്ളത്തുണ്ട് എന്ന വാദം തള്ളിക്കൊണ്ടാണ് ഇപ്പോള്‍ രാജഭരണം അല്ലെന്നും നിയമവാഴ്ചയാണെന്നും കോടതി പറഞ്ഞത്.
നേരത്തെ ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചപ്പോഴും ക്ഷേത്രങ്ങള്‍ തമ്മിലുള്ള മത്സരമാണ് ആന എഴുന്നള്ളിപ്പിലെന്നാണ് ബഹുമാനപ്പെട്ട കോടതി അഭിപ്രായപ്പെട്ടത്. ഉദാഹരണത്തിനായി മൂകാംബികയില്‍ എഴുന്നള്ളിപ്പ് രഥത്തില്‍ ആണെന്നായിരുന്നു കോടതിയുടെ പരാമര്‍ശം. ഓരോ നാട്ടിലും ഓരോ ക്ഷേത്രത്തിലും അതത് ദേശത്തെ പ്രത്യേകതകള്‍ അനുസരിച്ച് എഴുന്നള്ളിപ്പിനും അതിന് ഉപയോഗിക്കുന്ന ദേവ വാഹനങ്ങള്‍ക്കും വ്യത്യാസമുണ്ട്. ഭൂമിയെ അമ്മയായി കാണുന്ന സര്‍വ്വചരാചരങ്ങളിലും ഈശ്വരാംശം ദര്‍ശിക്കുന്ന ഹിന്ദുവിനെ പരിസ്ഥിതി സംരക്ഷണവും പരിസ്ഥിതി സ്‌നേഹവും പഠിപ്പിക്കാനുള്ള ശ്രമം നീതിപീഠത്തില്‍ നിന്നായാലും സര്‍ക്കാരില്‍ നിന്നായാലും ഉണ്ടായാല്‍ അതില്‍ പുനര്‍വിചിന്തനം വേണ്ടിവരും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. 15 ആനകളെ മൂന്നു മീറ്റര്‍ വീതം സ്ഥലം നല്‍കി എഴുന്നള്ളിക്കാനുള്ള ഏത് റോഡും സ്ഥലവും ആണ് കേരളത്തിലുള്ളത് എന്നു കൂടി ബഹുമാനപ്പെട്ട കോടതി പറയേണ്ടിവരും. ഇവിടെ കോടതിയുടെ ഇടപെടല്‍ ഏകപക്ഷീയവും അശാസ്ത്രീയവും ആണെന്ന ഉപഹര്‍ജിയിലെ വാദം തള്ളാനാവില്ല. ക്ഷേത്രങ്ങളില്‍ നൂറ്റാണ്ടുകളായി നടന്നുവരുന്ന ആചാരം അവസാനിപ്പിക്കണമെന്നും എഴുന്നള്ളിപ്പ് നിര്‍ത്തണമെന്നും ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി പറയുന്നതെന്ന് പൊതുജനങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. പൊതുസമൂഹത്തിന് മനസ്സിലാകുന്ന രീതിയില്‍ നിയമത്തിന്റെയും ഭരണഘടന തത്വങ്ങളുടെയും വ്യാഖ്യാനം ആണല്ലോ നീതിപീഠത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ഓരോ ഭക്തന്റെയും വിശ്വാസത്തിന്റെയും നിഷ്ഠയുടെയും ഭക്തിയുടെയും ആത്മപ്രഹര്‍ഷത്തിന്റെയും പ്രതീകമാണ് ഓരോ എഴുന്നള്ളിപ്പിലും ദര്‍ശിക്കുന്നത്. പരിവാരസമേതം ഭക്ത സമൂഹത്തെ കാണാനെത്തുന്ന ദേവ ചൈതന്യത്തിന്റെ ഒരു നിമിഷാര്‍ദ്ധത്തില്‍ ഉള്ള ദര്‍ശനം മാത്രം തേടിയാണ് ആയിരക്കണക്കിന് ആളുകള്‍ ഇന്നത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും ശാസ്ത്ര പുരോഗതിയുടെയും നാളുകളില്‍ എത്തുന്നത് എന്ന കാര്യം കോടതി മനസ്സിലാക്കണം. ബഹുമാനപ്പെട്ട കോടതി പറയുന്ന ആധുനികവല്‍ക്കരണത്തിനും ആള്‍ക്കൂട്ടത്തിനും അപ്പുറം വിശ്വാസത്തിന്റെയും ഭക്തിയുടെയും ആത്മപ്രഹര്‍ഷത്തിന്റെയും വിവരണാതീതമായ എന്തോ ഒന്ന് ഇതിന്റെ പിന്നിലുണ്ട് എന്ന കാര്യം അറിയണം.
ക്ഷേത്രങ്ങളുടെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് അതിന്റേതായ സാങ്കേതിക താന്ത്രിക ക്രിയാ പദ്ധതികള്‍ ഉണ്ട്. ഇത് വെറും ആന സ്‌നേഹത്തിന്റെ പേരില്‍ മാത്രം കാണേണ്ട കാര്യം ആണെന്ന് തോന്നുന്നില്ല. ആനകള്‍ എന്നല്ല ഒരു ജീവിയും ഉപദ്രവിക്കപ്പെടാന്‍ പാടില്ല എന്ന് ചിന്തിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവരാണ് ഹിന്ദു സമൂഹം. ദേവ ചൈതന്യം ആവാഹിക്കുന്ന തിടമ്പ് തലയിലേറ്റി എഴുന്നള്ളിക്കുന്ന ഓരോ ഗജവീരനെയും പ്രത്യക്ഷ ഗണപതിയായി പോലുമാണ് ഹിന്ദുസമൂഹം കാണുന്നത്. എഴുന്നള്ളിപ്പില്‍ ആനകളുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കാനുള്ള നടപടികള്‍ ഉണ്ടാകണം. പക്ഷേ അതിന്റെ പേരില്‍ ആരോഗ്യകരവും ആശാസ്യവും അല്ലാത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ഒരുമ്പെടുമ്പോള്‍ സമൂഹത്തില്‍ നടക്കുന്ന ജന്തുദ്രോഹത്തിന്റെയും മൃഗബലിയുടെയും കണക്കുകള്‍ ആരെങ്കിലും താരതമ്യപ്പെടുത്തിയാല്‍ അത് ബാധിക്കുന്നത് നീതിപീഠത്തിന്റെ നിഷ്പക്ഷതയെയും വിശ്വാസ്യതയെയും ആണ്.
കേരളത്തില്‍ എവിടെയും ഒരു ക്ഷേത്രത്തിലും ഒരെഴുന്നള്ളിപ്പിലും ജന്തുബലിയോ മൃഗബലിയോ നടക്കുന്നില്ല. അതേസമയം ചിലരുടെ മതപരമായ ആഘോഷവേളകളില്‍ ആയിരക്കണക്കിന് മൃഗങ്ങളാണ് ബലിയര്‍പ്പിക്കപ്പെടുന്നത്. ആനയെ വെയിലത്ത് നിര്‍ത്തുന്നതിലും എഴുന്നള്ളിപ്പ് നടത്തുന്നതിലും ഇത്രയേറെ അസ്വസ്ഥമാകുന്ന ബഹുമാനപ്പെട്ട നീതിപീഠം എന്തുകൊണ്ടാണ് ആയിരക്കണക്കിന് മൃഗങ്ങള്‍ ഒറ്റ ദിവസം യാതൊരു ലൈസന്‍സ് നിയന്ത്രണവും ഇല്ലാതെ വഴിവക്കില്‍ ഉടനീളം നിഷ്ഠൂരമായി വധിക്കപ്പെടുമ്പോള്‍ നിശ്ശബ്ദമായിരിക്കുന്നത്. ഈ ജന്തു ബലിയും മൃഗബലിയും നിയമപരമായി ആശാസ്യമാണോ? ഇത് സംബന്ധിച്ച ഹര്‍ജികളും പലതവണ ബഹുമാനപ്പെട്ട നീതിപീഠത്തിന്റെ മുന്നില്‍ എത്തിയതാണ്. അന്നൊന്നും ഇല്ലാത്ത അസ്വസ്ഥത ഇപ്പോള്‍ ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പ് കാണുമ്പോള്‍ മാത്രം ഉണ്ടാകുന്നത് അത്ര സുഖകരമാണെന്ന് തോന്നുന്നില്ല.
ഭരണഘടനയുടെ നാലാം തൂണായ മാധ്യമങ്ങളുടെ ഒരു എളിയ പ്രതിനിധി എന്ന നിലയില്‍ മൂന്നാം തൂണായ ജുഡീഷ്യറിയോട്, ബഹുമാനപ്പെട്ട നീതിപീഠങ്ങളോട് ഒരു ചോദ്യം ചോദിക്കാതിരിക്കാന്‍ ആവില്ല. കേരളം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നം തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെയും തൃശ്ശൂര്‍ പൂരത്തിന്റെയും ആനയെ എഴുന്നള്ളിപ്പ് ആണോ? തങ്ങളുടെ മുന്നിലെത്തുന്ന ഹര്‍ജിയില്‍ മാത്രമാണ് തെളിവെടുപ്പും വിധിയും എന്ന മുടന്തന്‍ ന്യായം അല്ല വേണ്ടത്. കാരണം അശരണരും നീതി ലഭിക്കാത്തവരും നീതിപീഠങ്ങളെ സമീപിക്കാന്‍ പണമോ ശേഷിയോ ആളോ ഇല്ലാത്ത നൂറുകണക്കിന് പാവങ്ങളില്‍ പാവങ്ങള്‍ കേരളത്തിലുണ്ട്. അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാനും പരിഹരിക്കാനും കഴിയാത്ത സാഹചര്യം നിലനില്‍ക്കുമ്പോള്‍ ക്ഷേത്രാചാരങ്ങളും ഹിന്ദുവിന്റെ ഭക്തിവിശ്വാസങ്ങളും മാത്രം ചോദ്യം ചെയ്യുന്ന, തകര്‍ക്കാന്‍ ഒരുമ്പെടുന്ന സംവിധാനങ്ങളായി നീതിപീഠങ്ങള്‍ മാറരുത്. രാജഭരണം പോയി ജനാധിപത്യഭരണം വന്ന് 75 വര്‍ഷം പിന്നിടുമ്പോള്‍ കേരളത്തിലെ വനവാസി ജനവിഭാഗത്തിന്റെ ജീവിതം എങ്ങനെയാണെന്ന് പരിഗണിക്കാനുള്ള ആര്‍ജ്ജവം ആനകളെ സംരക്ഷിക്കാന്‍ ഉത്സവം മുടക്കാന്‍ ഒരുമ്പെടുന്ന നീതിപീഠത്തിന് ഉണ്ടാകുമോ. വനവാസികളുടെ അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കാന്‍ നീതിപീഠത്തില്‍ എത്തിയ ചിലരുണ്ട്. വയനാട്ടിലെ സാമൂഹിക പ്രവര്‍ത്തകനായ ഡോ. നല്ലതമ്പിത്തേര അടക്കം. സുപ്രീംകോടതി വരെ സ്വന്തം വരുമാനത്തില്‍ നിന്ന് കേസ് പറഞ്ഞ അദ്ദേഹം മരിക്കുമ്പോള്‍ പോലും സ്വപ്‌നം കണ്ടത് വനവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുക്കുന്നതാണ്. സുപ്രീംകോടതി ഉത്തരവിട്ടിട്ടു പോലും ആ ഭൂമി വീണ്ടെടുത്തു നല്‍കാന്‍ കഴിയാത്ത വിധം പഴുതുകളടച്ച് വേട്ടക്കാര്‍ക്കൊപ്പം നിലകൊണ്ട നിയമനിര്‍മ്മാണ സംവിധാനത്തിനെതിരെ എന്തുചെയ്യാന്‍ കഴിഞ്ഞു എന്ന് ആലോചിക്കണം. വിശപ്പടക്കാന്‍ ഒരു നേരത്തെ ഭക്ഷണത്തിന് ഒരു പിടി അരി ചോദിക്കാതെ എടുത്തു എന്ന കുറ്റത്തിന് ആള്‍ക്കൂട്ട വിചാരണയില്‍ കൊല്ലപ്പെട്ട അട്ടപ്പാടിയിലെ മധു ഈ ആനയുടെ അത്ര പോലും പരിഗണന അര്‍ഹിക്കുന്നില്ലേ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വനവാസി ക്ഷേമത്തിന് ഇതുവരെ ചെലവഴിച്ച തുക ഒരാളിന് 10 ലക്ഷത്തിന് മുകളിലാണ്. ഈ പണം എവിടെപ്പോയി. ഇന്നും വയനാട്ടിലെയും മലപ്പുറത്തെയും ചോലനായ്ക്കന്മാര്‍ ഗുഹകളിലാണ് താമസിക്കുന്നത്. രാജഭരണം പോയി നിയമവാഴ്ച വന്നതിനുശേഷം ഉള്ള 75 വര്‍ഷത്തെ അനുഭവമാണ് പറയുന്നത്. ഇവിടെയൊക്കെ പലതും ചെയ്യാന്‍ കഴിയുമായിരുന്ന നീതിപീഠങ്ങള്‍ വേട്ടക്കാരന് ഒപ്പമായിരുന്നോ ഇരയ്‌ക്കൊപ്പം ആയിരുന്നോ എന്ന കാര്യം ഇനിയെങ്കിലും വിലയിരുത്തപ്പെടേണ്ടതാണ്.
ക്ഷേത്രങ്ങളില്‍ ദിവസവും പോയി കണ്ണടച്ച് തൊഴുത് സമസ്താപരാധങ്ങളും ആ പാദങ്ങളില്‍ സമര്‍പ്പിച്ച് സന്തോഷത്തോടെ മടങ്ങുന്ന ഹിന്ദു ഭക്തര്‍ പാവങ്ങളാണ്. ക്ഷേത്ര ഉത്സവങ്ങളില്‍ വരുന്ന ആനകളുടെ നെറ്റിപ്പട്ടവും തലക്കെട്ടും വെഞ്ചാമരവും കണ്ട് പാണ്ടിയും പഞ്ചാരിയും ഒക്കെ ആസ്വദിച്ച് രാത്രി നേരം വെളുക്കുവോളം കഥകളി കണ്ട് ഒക്കെ നടക്കുന്ന ആ ഭക്തസമൂഹത്തിന് ശക്തിയുടെ ഭാഷ അറിയില്ല. കോടതിവിധിയെതിരായാല്‍ കോടതിക്ക് മുന്നില്‍ ജഡ്ജിയുടെ പരമ്പരകളെ വരെ അധിക്ഷേപിക്കുന്ന മുദ്രാവാക്യവുമായി എത്താന്‍ അവര്‍ ഉണ്ടാവില്ല. സത്യത്തിന്റെയും നീതിയുടെയും വഴിയാണ് ഓരോ ഭക്തന്റെയും വഴി. നൈഷ്ഠിക ബ്രഹ്മചാരി എന്ന സങ്കല്പം മനസ്സിലാകാത്ത നീതിപീഠങ്ങള്‍ ഉള്ള നാട്ടില്‍ ശബരിമലയില്‍ രജസ്വലകള്‍ കയറാന്‍ പാടില്ല എന്ന് പറയുമ്പോള്‍ അതിന്റെ താന്ത്രികവും ധാര്‍മികവും ആയ അര്‍ത്ഥം മനസ്സിലാകണമെന്നില്ല. ആനകളെ പരിപാലിക്കണം എന്നും സംരക്ഷിക്കണമെന്നും ആവശ്യപ്പെടാം. അതിനപ്പുറം ക്ഷേത്രങ്ങളിലെ ആചാരങ്ങളും വിശ്വാസങ്ങളും കരക്കാര്‍ തമ്മിലുള്ള ക്ഷേത്രങ്ങള്‍ തമ്മിലുള്ള, മത്സരമാണെന്ന വ്യാഖ്യാനവും ഉത്സവങ്ങളെ അലങ്കോലപ്പെടുത്തുന്ന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്നത് ശരിയാണോ എന്ന് പരിശോധിക്കപ്പെടേണ്ടതാണ്. ബഹുമാനപ്പെട്ട നീതിപീഠങ്ങളുടെ പ്രാധാന്യത്തിലോ ശക്തിയിലോ ബഹുമാനത്തിലോ അല്പം പോലും സംശയമില്ലാതെ ചൂണ്ടിക്കാണിക്കട്ടെ ആനയുടെ സംരക്ഷണം പോലെ തന്നെ വിലപ്പെട്ടതാണ് ഭക്തരുടെ വിശ്വാസവും ഭക്തിയും ആരാധനാ സ്വാതന്ത്ര്യവും. ആചാരാനുഷ്ഠാനങ്ങള്‍ തീരുമാനിക്കാനുള്ള അന്തിമ അധികാരം ക്ഷേത്ര തന്ത്രിമാര്‍ക്ക് ആണ്. നീതിപീഠങ്ങള്‍ ഇത്തരം കാര്യങ്ങളില്‍ കൈകടത്തുന്നതും അഭിപ്രായങ്ങള്‍ പറയുന്നതും ശരിയാണോ എന്ന് ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.ആദിവാസികളുടെ ഭൂമി പ്രശ്‌നം ഇതിനുള്ള ചിരന്തനസ്മാരകമായിരിക്കും എന്ന കാര്യം കൂടി ഓര്‍മിപ്പിക്കട്ടെ. നീതിപീഠങ്ങള്‍ ഗ്ലോറിഫൈഡ് ഗുമസ്തന്മാര്‍ അല്ല. അവര്‍ സമൂഹത്തിന്റെ നാനാ വശങ്ങളെയും കണ്ടറിയേണ്ടവരാണ്. വിധിന്യായങ്ങള്‍ ഏകപക്ഷീയമാണെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അത് ബാധിക്കുന്നത് നീതിപീഠത്തിന്റെ നിലനില്‍പ്പിനെ തന്നെയാണ്. ആനകള്‍ പീഡിപ്പിക്കപ്പെടരുത് എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ ആചാരങ്ങള്‍ അനുഷ്ഠാനങ്ങള്‍ അതിന്റെ വിശുദ്ധിയും പാരമ്പര്യവും അനുസരിച്ച് നടക്കുന്നു എന്ന് ഉറപ്പാക്കാനുള്ള ബാധ്യത കൂടി നീതിപീഠങ്ങള്‍ക്കുണ്ട്. നിയമം സൃഷ്ടിക്കുന്നതും അതിനുവേണ്ടി ജനപ്രതിനിധികളെ നിയോഗിക്കുന്നതും ജനങ്ങളാണ്. നിയമവാഴ്ചയുടെ കാലത്തും ജനങ്ങളാണ് പരമാധികാരികള്‍ എന്ന കാര്യം നീതിപീഠങ്ങളും മറക്കരുത്.