മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ഭരണത്തിന് ഇനിയും രണ്ടുവര്‍ഷം കാലാവധിയുണ്ട് എന്നത് സാധാരണ ജനങ്ങളെ സംബന്ധിച്ച് ഇന്ന് ആശങ്കയുളവാക്കുന്ന കാര്യമാണ്. എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്ന മുദ്രാവാക്യത്തോടെ അധികാരത്തിലെത്തിയ ഇടതുപക്ഷമുന്നണി നല്കിയ വാഗ്ദാനങ്ങളെല്ലാം പൊള്ളയാണെന്ന് തെളിയുകയാണ്.
ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കൊച്ചി സ്മാര്‍ട്ട്സിറ്റി പദ്ധതിയില്‍ നിന്ന് ടീക്കോമിനെ ഒഴിവാക്കിയ രീതി. 90,000 പേര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കും എന്ന ലക്ഷ്യത്തോടെയാണ് ടീകോം കേരളത്തില്‍ എത്തിയത്. യുഡിഎഫും എല്‍ഡിഎഫും ഒരുപോലെ രാഷ്ട്രീയപ്രേരിതമായി തങ്ങളുടെ സങ്കുചിത താല്പര്യത്തിന് അനുസരിച്ച് പദ്ധതി വളച്ചൊടിച്ചതിന്റെ പാളിച്ചയാണ് ഇന്ന് അഭിമുഖീകരിക്കുന്നത്.
2005-ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് പദ്ധതി ആരംഭിച്ചത്. ടീകോമിന് 246 ഏക്കര്‍ സ്ഥലമാണ് അന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അനുവദിച്ചത്. ഈ ഭൂമിയില്‍ നിശ്ചിത ശതമാനം സ്ഥലത്തിന് സ്വതന്ത്ര അവകാശം വേണം എന്ന ദുബായ് ടീകോം ഇന്‍വെസ്റ്റ്മെന്റ്സിന്റെ നിബന്ധനയാണ് പദ്ധതിക്കെതിരെ ആദ്യ വിവാദം ഉയരാന്‍ കാരണം. ഒരു സ്ഥാപനത്തിനും ഒരു സര്‍ക്കാരിനും അനുവദിക്കാന്‍ കഴിയാത്ത ആവശ്യമാണ് ടീകോം ഉന്നയിക്കുന്നത് എന്ന് അന്നത്തെ പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ദുബായ് ഇന്റര്‍നെറ്റ് സിറ്റിയുടെ മാതൃകയില്‍ ആഗോള ശ്രദ്ധ നേടുന്ന ഐടി നഗരം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യമായിരുന്നു പദ്ധതി കൊണ്ടുവരാന്‍ ഉമ്മന്‍ചാണ്ടിയെ പ്രേരിപ്പിച്ച കാരണം. ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു എങ്കിലും അതിന്റെ വാസ്തവങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ല. പക്ഷേ ജി.വിജയരാഘവന്റെ നേതൃത്വത്തില്‍ തലസ്ഥാനത്ത് ടെക്നോപാര്‍ക്ക് തുടങ്ങുകയും അത് മികച്ച ഐടി ഹബ്ബാകുകയും ചെയ്തപ്പോള്‍ ഇത്തരം എന്തെങ്കിലും ഉപാധികള്‍ മറ്റു സ്വകാര്യ കമ്പനികള്‍ക്ക് നല്‍കേണ്ടി വന്നില്ല. പൊതുമേഖലയില്‍ തന്നെ അത്തരം സ്ഥാപനങ്ങള്‍ തുടങ്ങാനും കേരളത്തിന്റെ ഐടി സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കാനും സാധിക്കുമായിരുന്നിട്ടും അതിനു ശ്രമിക്കാതെ ഗള്‍ഫില്‍ നിന്നുള്ള ടീ കോമിനെ തേടി യുഡിഎഫ് സര്‍ക്കാര്‍ പോയെന്നതിലാണ് ഇനിയും മറുപടിയില്ലാത്ത സംശയങ്ങള്‍ അവശേഷിക്കുന്നത്. ആകാശത്തേക്കാള്‍ വലുപ്പമുള്ള വാഗ്ദാനങ്ങളാണ് ഇന്‍വെസ്റ്റ്മെന്റ്സ് അന്നത്തെ സര്‍ക്കാരിന്റെ മുന്നില്‍വെച്ചത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിവാദങ്ങള്‍ക്ക് മേല്‍ വിവാദങ്ങളുമായി പദ്ധതി മുന്നോട്ടുപോയതോടെ 2011ലെവി.എസ് അച്യുതാനന്ദന് സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തി പദ്ധതി പുനരാരംഭിക്കുകയായിരുന്നു. വ്യവസ്ഥകളില്‍ ഭേദഗതികള്‍ വരുത്തിയാണ് കരാര്‍ ഒപ്പുവെച്ചത്. ഒരു കെട്ടിടം പൂര്‍ത്തിയാക്കി ചില ഐടി കമ്പനികള്‍ക്ക് സ്ഥലം വാടകയ്ക്ക് നല്‍കിയത് ഒഴിച്ചാല്‍ മറ്റൊരു സംഭവവികാസവും ഉണ്ടായില്ല. കെട്ടിട നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിച്ചില്ല. ടീ കോം പത്രസമ്മേളനം നടത്തി വാഗ്ദാനം ചെയ്ത 90000 തൊഴില്‍ അവസരങ്ങള്‍ 13 വര്‍ഷം കഴിഞ്ഞപ്പോള്‍ വെറും പതിനായിരത്തില്‍ പോലും എത്തിയില്ല.
കഴിഞ്ഞ 8 വര്‍ഷത്തിനിടയില്‍ ഈ പദ്ധതി പുനരവലോകനം ചെയ്യാനോ ടീ കോമിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാനോ നഷ്ടപരിഹാരം തേടാനോ യാതൊരു നടപടിയും ഇടതുമുന്നണി സര്‍ക്കാരില്‍ നിന്ന് ഉണ്ടായില്ല. അടുത്തിടെയാണ് അല്പംപോലും മുന്നോട്ടുപോകാതെ സ്തംഭിച്ചു നില്ക്കുന്ന പദ്ധതിയില്‍ ഇനി സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ആലോചിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ നിയോഗിച്ചത്. ഈ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ മന്ത്രിസഭായോഗം അംഗീകരിച്ചാണ് ടീ കോമിനെ സംയുക്തസംരംഭത്തില്‍ നിന്ന് ഒഴിവാക്കാനും പാട്ടത്തിനു കൊടുത്ത സ്ഥലം തിരിച്ചുപിടിക്കാനും തീരുമാനിച്ചത്. ടീ കോമുമായി ചര്‍ച്ച നടത്തി പരസ്പര ധാരണയോടെ സംരംഭത്തില്‍ നിന്ന് പിന്മാറാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം. ഇവിടെയാണ് പ്രശ്നവും. ഇതുവരെ നടത്തിയ നിക്ഷേപം കണക്കാക്കി ടീ കോമിനുള്ള നഷ്ടപരിഹാര തുക നിശ്ചയിക്കാന്‍ വിലയിരുത്തല്‍ കമ്മിറ്റിയെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഐടി മിഷന് ഡയറക്ടര്‍ കൊച്ചി ഇന്‍ഫോപാര്‍ക്ക് സിഇഒ ഓവര്‍സീസ് കേരളൈറ്റ് ഇന്‍വെസ്റ്റ്മെന്റ് ആന്റ് ഹോള്‍ഡിങ് ലിമിറ്റഡ് എംഡി എന്നിവരുടെ സമിതിയെ ആണ് ഇതിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. 236 ഏക്കര്‍ സ്ഥലം ഏറ്റെടുത്തതിനു ശേഷവും വാഗ്ദാനം അനുസരിച്ച് കാര്യങ്ങള്‍ ചെയ്യാതെ, തൊഴിലവസരങ്ങള്‍ നല്‍കാതെ 15 വര്‍ഷത്തോളം കേരളത്തിന്റെ ഐടി സാധ്യതകള്‍ മുടക്കിയ സ്ഥാപനത്തില്‍ നിന്ന് നഷ്ടപരിഹാരം തേടുന്നതിന് പകരം അവര്‍ക്ക് നഷ്ടപരിഹാരം നല്കാന് സാധ്യത ആരായുന്നതിന്റെ സാംഗത്യം എന്താണ്? യുഡിഎഫ് ചെയ്ത അതേ പാപം ഇപ്പോള്‍ ഇടതുമുന്നണി സര്‍ക്കാരും ആവര്‍ത്തിക്കുകയാണ്. ഈ സംഭവത്തില്‍ അന്തര്‍ധാരകള്‍ ഇല്ലെങ്കില്‍ തീര്‍ച്ചയായും ടീകോമില്‍ നിന്ന് അവസരനഷ്ടത്തിനും (ഓപ്പര്‍ച്ചൂണിറ്റി കോസ്റ്റ്) കെടുകാര്യസ്ഥതയ്ക്കും നഷ്ടപരിഹാരം നേടാനുള്ള നിയമസാധ്യതകളാണ് ആരായേണ്ടിയിരുന്നത്. അതിനുപകരം അങ്ങോട്ടു നഷ്ടപരിഹാരം നല്‍കുന്നതിന്റെ യുക്തി എന്താണ്. 2011ല്‍ ധാരണാപത്രം ഒപ്പുവെക്കുമ്പോള്‍ കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഐടി ക്യാമ്പസ് ആയി സ്മാര്‍ട്ട്സിറ്റിയെ മാറ്റുമെന്നാണ് വി.എസ്.അച്യുതാനന്ദനും ഇന്‍വെസ്റ്റ്മെന്റ്സും ആവര്‍ത്തിച്ചു പറഞ്ഞിരുന്നത്. 10000 തൊഴിലവസരം പോലും കൊടുക്കാത്ത കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ ആഗോളതലത്തില്‍ ശ്രദ്ധേയരായ ഒരു വമ്പന്‍ കമ്പനിയും വന്നില്ല എന്നത് കാണുമ്പോഴാണ് ടീകോം ലക്ഷ്യമിട്ടിരുന്നത് റിയല്‍ എസ്റ്റേറ്റ് ഇടപാടാണ് എന്ന സംശയം ശക്തമാകുന്നത്.
പരസ്പര സമ്മതത്തോടെ കരാറില്‍ നിന്ന് പിന്‍വാങ്ങാന്‍ ടീകോം തയ്യാറായില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ എന്ത് ചെയ്യും. പദ്ധതിയുടെ കാര്യത്തില്‍ ഉപേക്ഷ വിചാരിക്കുകയും വാഗ്ദാനങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെടുന്നതിന് പകരം അങ്ങോട്ട് നഷ്ടപരിഹാരം കൊടുക്കാം എന്ന് പറഞ്ഞ ‘നിര്‍മ്മിത ബുദ്ധി’ ആരുടേതാണ്? ഇത് സംബന്ധിച്ച എന്തെങ്കിലും പഠനമോ ചര്‍ച്ചയോ അല്ലെങ്കില്‍ ധാരണാ പത്രത്തിന്റെ വിശകലനം സംസ്ഥാന സര്‍ക്കാര്‍ നടത്തിയിട്ടുണ്ടോ? ഏതായാലും ഇപ്പോഴത്തെ നീക്കം സംസ്ഥാനത്തിന്റെ താല്പര്യത്തിനോ വ്യവസായ വികസനത്തിനോ ഉതകുന്നതല്ല. ഇപ്പോള്‍ ടീകോമില്‍ നിന്ന് തിരിച്ചെടുക്കുന്ന സ്ഥലം ഇന്‍ഫോപാര്‍ക്ക് മൂന്നാം ഘട്ടത്തിന് വേണ്ടി ഉപയോഗിക്കാന്‍ കഴിയും.150ലേറെ സ്ഥാപനങ്ങളാണ് ഇന്‍ഫോപാര്‍ക്കില്‍ അപേക്ഷ നല്കി സ്ഥലത്തിനുവേണ്ടി കാത്തിരിക്കുന്നത്. ഈ സാധ്യതകളും നേരത്തെ ഉപയോഗപ്പെടുത്തുന്നതില്‍ പിണറായി വിജയന് സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നതാണ് സത്യം.
ടീകോമിന്റെ കാര്യത്തില്‍ എന്തു നടന്നു, എവിടെയാണ് പിഴച്ചത്, എന്താണ് ഭാവി സാധ്യതകള്‍ എന്നത് സംബന്ധിച്ച ഒരു ധവളപത്രം അനിവാര്യമാണ്. യുഡിഎഫ് സര്‍ക്കാരിനെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും ആരൊക്കെയോ ഇതില്‍ നേട്ടം ഉണ്ടാക്കി എന്ന കാര്യത്തില്‍ സംശയമില്ല. ഇത്രയും വര്‍ഷം ഈ സ്ഥലം ഉപയോഗപ്പെടുത്താതെ യാതൊരുവിധ ഉപകാരവുമില്ലാതെ വെറുതെ കിടന്നതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണെന്ന് പറയാനുള്ള ബാധ്യത മുഖ്യമന്ത്രി പിണറായി വിജയനുണ്ട്. മറ്റൊരു പുതിയ നിക്ഷേപ പങ്കാളിയെ കണ്ടെത്താനും ഇന്‍ഫോപാര്‍ക്കിന്റെ മൂന്നാം ഘട്ടമായി ഇതിനെ വീണ്ടും ഒരു ഉദ്ഘാടനം ഒക്കെ നടത്തി ആഘോഷമായി കമ്പനികള്‍ക്ക് നല്‍കാനും ആണ് പിണറായി വിജയന് ഉദ്ദേശിക്കുന്നത്. സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ താല്പര്യം കണക്കിലെടുത്ത് ഇക്കാര്യത്തില്‍ സൂക്ഷ്മവും സുചിന്തിതവുമായ ഒരു സമീപനമാണ് വേണ്ടത്. രാഷ്ട്രീയത്തിന് അതീതമായി കേരളത്തിലെ ജനങ്ങള്‍ വിശ്വസിക്കുന്ന സത്യസന്ധരായ ഒരു സംഘത്തെ ഇക്കാര്യം പരിശോധിക്കാനും മേല്‍നടപടി സ്വീകരിക്കാനും അനുവദിക്കണം. അല്ലെങ്കില്‍ വീണ്ടും മറ്റൊരു അഴിമതിക്കും തട്ടിപ്പിനും ഇടയാക്കുന്ന രീതിയിലേക്ക് കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ പദ്ധതി മാറിമറിയും. ഭരണകൂടം രാഷ്ട്രീയപാര്‍ട്ടികളുടെതാണെങ്കിലും വ്യക്തമായ പദ്ധതിയുടെയും കാഴ്ചപ്പാടിന്റെയും ദിശാബോധത്തിന്റെയും അഭാവം ഈ കാര്യത്തിലും ഉണ്ട്. വിദേശ കമ്പനിയെ ക്ഷണിച്ചുകൊണ്ടുവന്ന് ഇത്രയും ഏറെ സ്ഥലം വിട്ടുനല്‍കി 14 വര്‍ഷത്തോളം നിശബ്ദമായി സംസ്ഥാന സര്‍ക്കാര്‍ കാത്തിരുന്നെങ്കില്‍ ആ കാത്തിരിപ്പിന്റെ കാരണമാണ് കേരളത്തിലെ പൊതുസമൂഹത്തിന് അറിയേണ്ടത്. രാഷ്ട്രീയത്തിന് അതീതമായി സംസ്ഥാനത്തെ മുഴുവന്‍ രാഷ്ട്രീയ കക്ഷികളെയും ഒന്നിച്ചുകൊണ്ടുവന്ന് കേരളത്തിന്റെ ഭാവി സംബന്ധിച്ച് വ്യക്തമായ രൂപരേഖ ഉണ്ടാക്കുകയാണ് വേണ്ടത്. കേരളത്തെ ജപ്പാനെ പോലെ ഒരു ഐടി ഹബാക്കുന്നത് സ്വപ്നം കണ്ട പി.കെ. ഗോപാലകൃഷ്ണനും കെ.പി.പി. നമ്പ്യാരും സി.അച്യുതമേനോനും വരച്ചിട്ട രൂപരേഖയില്‍ നിന്ന് പിന്‍വാങ്ങിയതല്ലേ ഇന്നത്തെ പ്രതിസന്ധിക്ക് കാരണം. അതിന്റെ ഉത്തരവാദിത്തവും സിപിഎമ്മിന് തന്നെയല്ലേ. ഓരോ കാലത്തും ചെയ്തുകൂട്ടിയ തെറ്റുകള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞ് പിന്‍വലിച്ചു മാപ്പ് പറയുന്ന സിപിഎം സ്വഭാവത്തിന് ടീ കോമും മറ്റൊരു ദുരന്തസാക്ഷി മാത്രം.