വളരെയധികം ആഹ്ലാദവും അതിലേറെ അഭിമാനവും ഉള്ളില്‍ പേറിയാണ് ഞാന്‍ ഈ വിപുലമായ സദസ്സിനു മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ ഇതൊന്നും പ്രകടിപ്പിക്കാനുള്ള മാനസികവും ശാരീരികവുമായ അവസ്ഥയിലല്ല ഞാന്‍. ഒരു ഹൃദയശസ്ത്രക്രിയ കഴിഞ്ഞതിന്റെ സങ്കീര്‍ണതകള്‍ വിട്ടുമാറാത്തതിനാല്‍ ഡോക്ടറുടെ പ്രത്യേക അനുമതിയോടെയാണ് കേസരിയുടെ ഈ വിശിഷ്ടമായ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ദീര്‍ഘദൂരം യാത്ര ചെയ്ത് ഇവിടെയെത്തിയിട്ടുള്ളത്. ആരോഗ്യ പ്രശ്നങ്ങള്‍ ഗുരുതരമാണെങ്കിലും ഈ അനുഗൃഹീത നിമിഷം ജീവിതത്തിന് അന്യമാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഈ വേദിയിലും സദസ്സിലുള്ള ഓരോരുത്തരെയും കാണുമ്പോള്‍ എന്റെ ശാരീരികമായ അവശതകള്‍ അപ്രത്യക്ഷമാവുന്നു. മനസ്സ് സന്തോഷം കൊണ്ട് നിറയുന്നു. ശസ്ത്രക്രിയക്കിടെ നഷ്ടപ്പെട്ടുപോയ ശബ്ദം വീണ്ടു കിട്ടിയതിന്റെ സന്തോഷവും കൂടിയാണ് ഞാന്‍ ഈ വാക്കുകളിലൂടെ പങ്കുവയ്ക്കുന്നത്.
ഞാന്‍ കേസരിയുടെ വായനക്കാരനും സഹയാത്രികനുമായിട്ട് നാലരപ്പതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്. എന്റെ ജന്മദേശമായ കാലടിയിലെ സംഘത്തിന്റെ താലൂക്ക് സംഘചാലകും എന്റെ അയല്‍ക്കാരനുമായിരുന്ന നാരായണന്‍ സാറിന്റെ വീട്ടില്‍നിന്നാണ് ഈ വായനയും യാത്രയും ആരംഭിക്കുന്നത്. ആലപ്പുഴയിലെ കയര്‍ ഫാക്ടറി ഉദ്യോഗസ്ഥനായിരുന്ന നാരായണന്‍ സാര്‍ 1952 ല്‍ അവിടെ നടന്ന പൂജനീയ ഗുരുജിയുടെ ചരിത്രപ്രസിദ്ധമായ പരിപാടിയില്‍ പങ്കെടുത്തയാളുമാണ്. ജീവിതകാലം മുഴുവന്‍ സാര്‍ അതില്‍ അഭിമാനിച്ചിരുന്നു. ആഴ്ചതോറും വന്നുകൊണ്ടിരുന്ന കേസരി നാരായണന്‍ സാറിന്റെ വീടിന്റെ വിശാലമായ പൂമുഖത്തിരുന്ന് വായിച്ചു തുടങ്ങിയതാണ്. ചുവപ്പ് നിറത്തിലുള്ള മാസ്റ്റ്ഹെഡില്‍ ടാബ്ലോയ്ഡ് സൈസില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പേജുകളിലെ വാക്കുകളും വാചകങ്ങളും ആര്‍ത്തിയോടെയാണ് ഞാന്‍ വായിച്ചിരുന്നത്. ലേഖനങ്ങളിലും മറ്റും പ്രതിപാദിച്ചിരുന്ന ആശയങ്ങളും ആദര്‍ശവും എന്നിലെ സ്വയംസേവകത്വത്തെ അരക്കിട്ടുറപ്പിച്ചു.
മലയാളത്തിന്റെ മാധ്യമലോകത്ത് ആശയപ്രചാരണത്തിന്റെ അശ്വമേധം തന്നെ നടത്തിയ ചരിത്രമാണ് കേസരിക്കുള്ളത്. സംഘടനാപരമായി വേണ്ടത്ര ശക്തിയോ രാഷ്ട്രീയ പിന്‍ബലമോ ഭരണത്തിന്റെ ആനുകൂല്യമോ വന്‍തോതില്‍ സാമ്പത്തിക പിന്‍ബലമോ ഇല്ലാതെ നീണ്ടകാലം ഒഴുക്കിനെതിരെ നീന്തി മുന്നേറുകയാണ് കേസരി ചെയ്തത്. സ്വര്‍ഗ്ഗീയ ശങ്കര്‍ ശാസ്ത്രിയെയും സ്വര്‍ഗ്ഗീയ രാഘവേട്ടനെയും പോലുള്ള ആത്മത്യാഗികളായ സംഘപ്രചാരകന്മാരുടെ ഇച്ഛാശക്തിയും കഠിനപ്രയത്നവും ദീര്‍ഘവീക്ഷണവുമായിരുന്നു കേസരിയുടെ മൂലധനം എന്നു പറയാം. സ്വര്‍ഗ്ഗീയ പരമേശ്വര്‍ജിയെയും സ്വര്‍ഗ്ഗീയ സാധുശീലന്‍ പരമേശ്വരന്‍ പിള്ളയെയും സ്വര്‍ഗ്ഗീയ പി. മാധവ്ജിയെയും സ്വര്‍ഗ്ഗീയ ആര്‍.വേണുവേട്ടനെയും സ്വര്‍ഗ്ഗീയ ആര്‍. ഹരിയേട്ടനെയും പോലെ ആധുനിക കേരളത്തെ കരുപ്പിടിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചവരുടെ മാര്‍ഗദര്‍ശനവും മഹത്തായ പങ്കാളിത്തവും കേസരിയെ മുന്നോട്ടു നയിച്ചു. ദീര്‍ഘകാലം പത്രാധിപരായിരുന്ന മാന്യ എം.എ. സാര്‍ കേസരിയെ സാംസ്‌കാരിക കേരളത്തിന്റെ മുഖ്യധാരയില്‍ പ്രതിഷ്ഠിച്ചു. സാഹിത്യത്തില്‍ പി. കുഞ്ഞിരാമന്‍ നായരെയും കുട്ടികൃഷ്ണമാരാരെയും പോലുള്ള മഹാരഥന്മാരെയും, ബാലചന്ദ്രന്‍ ചുള്ളിക്കാടിനെയും യു.കെ. കുമാരനെയും പോലുള്ള തുടക്കക്കാരെയും കേസരിയുടെ താളുകളില്‍ അണിനിരത്താന്‍ എം.എ. സാറിന് കഴിഞ്ഞത് ഒരു വഴിത്തിരിവായിരുന്നു.
ഇങ്ങനെ നോക്കുമ്പോള്‍ കേസരിക്ക് മഹനീയമായ ഒരു ഭൂതകാലവും സജീവമായ വര്‍ത്തമാനകാലവുമുണ്ട്. പ്രചാരത്തിലും പ്രചാരണത്തിലും കേസരിയോട് കിടപിടിക്കുന്ന വാരികകള്‍ കേരളത്തിലില്ല. കേസരി പതിനായിരക്കണക്കിന് കോപ്പികള്‍ അച്ചടിക്കുമ്പോള്‍ മറ്റ് പ്രമുഖ വാരികകള്‍ പരമാവധി മൂവായിരവും നാലായിരവുമൊക്കെയാണ്. ഇക്കാര്യത്തില്‍ കേസരിയെ മറികടക്കാന്‍ മലയാളത്തിലെ മറ്റ് വാരികകള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇനി കഴിയുമെന്നും തോന്നുന്നില്ല. കച്ചവടതാല്‍പ്പര്യമില്ലാതെ ഒരു വാരിക ഏഴുപതിറ്റാണ്ടിലേറെക്കാലം പ്രസിദ്ധീകരിക്കുകയും, വലിയൊരു വായനാ സമൂഹത്തെ നിലനിര്‍ത്തുകയും ചെയ്യുകയെന്നത് അത്യപൂര്‍വമാണ്. കമ്യൂണിസവും കള്‍ച്ചറല്‍ മാര്‍ക്സിസവും അര്‍ബന്‍ നക്സലിസവും ഇസ്ലാമിക മതമൗലികവാദവും ജിഹാദി ഭീകരതയും വിഘടനവാദവുമൊക്കെ രാഷ്ട്രീയവും ഭരണപരവുമായ പിന്തുണയോടെ നിലനില്‍ക്കുന്ന ഒരു നാട്ടില്‍ ദേശീയതാ സങ്കല്‍പ്പത്തെ ആശയമായും ആദര്‍ശമായും ജ്വലിപ്പിച്ചു നിര്‍ത്തുന്നതില്‍ കേസരി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ദേശവിരുദ്ധ ചിന്താഗതിക്കാരും സാംസ്‌കാരിക നിന്ദകരുമായ ശക്തികളും പ്രസ്ഥാനങ്ങളും പരമ്പരാഗതമായിത്തന്നെ ആധിപത്യം പുലര്‍ത്തുന്ന ഇടമായ കേരളത്തില്‍ കേസരിയുടെ അഭാവത്തില്‍ ഹിന്ദുത്വ-ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് ഇന്നു കാണുന്ന മുന്നേറ്റം സാധ്യമാകുമായിരുന്നില്ല. ഒരു മാധ്യമസ്ഥാപനമെന്നതിനുപരി വലിയൊരു സാംസ്‌കാരിക കേന്ദ്രമായി കേസരി ഭവന്‍ വളര്‍ന്നിരിക്കുന്നതില്‍ അഭിമാനിക്കാത്ത ദേശീയ ചിന്താഗതിക്കാര്‍ ഉണ്ടാവില്ല.
ഭാരതത്തിന്റെ സാംസ്‌കാരിക മഹിമയില്‍ അഭിമാനിക്കുകയും, ഈ രാഷ്ട്രം ആത്മീയമായും ഭൗതികമായും വികസിച്ച് ഐശ്വര്യ സമ്പൂര്‍ണമായി ലോകത്തിന് മാതൃകയാവണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു സമൂഹ നിര്‍മിതിക്കുവേണ്ടി നിലകൊള്ളുന്ന കേസരി ഇതിന്റെ മുന്നുപാധിയായാണ് ഒരു വായനാസമൂഹത്തെസൃഷ്ടിക്കുന്നത്. ഈ വായനക്കാരില്‍നിന്ന് ഓരോ കാലഘട്ടത്തിലും എഴുത്തുകാരുടെ ഒരു വന്‍നിരയെ സൃഷ്ടിച്ചെടുക്കാനും കേസരിക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിലൊരാളാണ് ഞാനും. ഈ എഴുത്തുകള്‍ സൃഷ്ടിക്കുന്ന ആശയ പ്രപഞ്ചം അന്യാദൃശമാണ്. പുതുതലമുറയിലെ എഴുത്തുകാരെ വളര്‍ത്തിയെടുക്കുന്നതില്‍ ഏറ്റവുമധികം ബഹുമതി അവകാശപ്പെടാന്‍ കഴിയുന്ന വാരികയാണ് കേസരി. രാഷ്ട്രവും ജനതയും നേരിടുന്ന പ്രശ്‌നങ്ങളെയും വെല്ലുവിളികളെയും തിരിച്ചറിയാനും അഭിമുഖീകരിക്കാനും, കേരളത്തിന്റെ പശ്ചാത്തലത്തില്‍ പരിഹാരങ്ങള്‍ക്കായി ആശയപരവും സൈദ്ധാന്തികവുമായിനിരന്തരം ഇടപെടാനും ഇന്ന് കേസരിക്ക് കഴിയുന്നു. ലോകം തന്നെ ആഗോളഗ്രാമമായി മാറിക്കഴിഞ്ഞിരിക്കെ വൈദേശിക പ്രവണതകള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും അടിമപ്പെടാതെ ദേശീയ സ്വത്വബോധത്തിലുറച്ചു നില്‍ക്കുന്ന മാധ്യമമാണ് കേസരി. അന്ധമായ പാശ്ചാത്യ അനുകരണമാണ് ആധുനികതയെന്ന് തെറ്റിദ്ധരിച്ച് ഭാഷയിലും ചിന്തയിലും സാഹിത്യത്തിലും കലയിലും ഭക്ഷണത്തിലും വസ്ത്രധാരണത്തിലും ഇവയെല്ലാം ചേരുന്ന ജീവിതരീതികളിലും വൈദേശികാനുഭവങ്ങള്‍ കൃത്രിമമായി പകര്‍ത്തി വയ്ക്കുമ്പോള്‍ ഇക്കാര്യങ്ങളിലൊക്കെ ഭാരതീയവും ഹൈന്ദവവുമായ ഭാവപ്പകര്‍ച്ച കൊണ്ടുവന്ന് സാംസ്‌കാരിക മൂലധനത്തിന്റെ കരുതല്‍ ശേഖരം വര്‍ദ്ധിപ്പിക്കുന്ന മലയാളത്തിലെ അപൂര്‍വം പ്രസിദ്ധീകരണങ്ങളില്‍ മുന്‍നിരയിലാണ് കേസരി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേസരിയുടെ ആഭിമുഖ്യത്തില്‍ അതിവിപുലമായി സംഘടിപ്പിക്കുന്ന നവരാത്രി സര്‍ഗോത്സവം ഈ സ്ഥാപനത്തെ പുതിയ ഔന്നത്യത്തിലെത്തിക്കുന്നു. ഇത് ഇവിടെ കൂടിയിരിക്കുന്ന ഒരോരുത്തര്‍ക്കും അറിയാമെന്ന് ഞാന്‍ കരുതുന്നു.
കേസരി ഒരേസമയം ചരിത്രത്തിലെ ദൃക്‌സാക്ഷിയും പോരാളിയുമാണ്. ആദ്യ ലക്കത്തിലെ ‘ഞങ്ങള്‍’ എന്ന മുഖപ്രസംഗത്തില്‍നിന്നുതന്നെ അത് ആരംഭിക്കുന്നു. ഒരേസമയം ഐക്യവും ബഹുസ്വരതയും അഭിവ്യഞ്ജിപ്പിക്കുന്ന ‘ഞങ്ങള്‍’ എന്ന പദം കേസരിയുടെ നയം വ്യക്തമാക്കാന്‍ തെരഞ്ഞെടുത്തത് ഇന്ന് ചിന്തിക്കുമ്പോള്‍ എത്ര പ്രവചനാത്മകമാണ്! അങ്ങാടിപ്പുറം തളിക്ഷേത്ര പ്രക്ഷോഭം, രാമസിംഹന്‍ വധം, മലപ്പുറം ജില്ലാ വിരുദ്ധ സമരം, തലശ്ശേരി വര്‍ഗീയ കലാപം, അടിയന്തരാവസ്ഥാ വിരുദ്ധ പ്രക്ഷോഭം, കന്യാകുമാരി വിവേകാനന്ദ സ്മാരക നിര്‍മാണം, മീനാക്ഷിപുരം മതംമാറ്റം, മാര്‍ക്‌സിസ്റ്റക്രമ രാഷ്ട്രീയം, രാമജന്മഭൂമി വിമോചനം, ശിവഗിരി സംരക്ഷണം, മാറാട് കൂട്ടക്കൊല, ഐഎസ് റിക്രൂട്ട്‌മെന്റ്, പൂന്തുറ വര്‍ഗീയ കലാപം, തൊടുപുഴയില്‍ ഇസ്ലാമിക മതതീവ്രവാദികള്‍ അധ്യാപകന്റെ കൈവെട്ടിയത്, ശബരിമല ആചാര സംരക്ഷണം, ലൗജിഹാദ്, ആറന്മുള പരിസ്ഥിതി-പൈതൃക സംരക്ഷണം എന്നിങ്ങനെ ദേശീയവും പ്രാദേശികവുമായ നിരവധിയായ പ്രശ്‌നങ്ങളില്‍ രാഷ്ട്ര താല്‍പ്പര്യം മുന്‍നിര്‍ത്തി ഇടപെടാനും ജനാഭിപ്രായം സ്വരൂപിക്കാനും കേസരിക്ക് കഴിഞ്ഞിട്ടുണ്ട്. കേസരിയുടെ താളുകളിലൂടെ സഞ്ചരിച്ചാല്‍ ഈ കാലഘട്ടങ്ങളുടെയും സംഭവവികാസങ്ങളുടെയും ചരിത്രം നിര്‍മിച്ചെടുക്കാനാവും.
എന്നിലെ മാധ്യമപ്രവര്‍ത്തകനെ രൂപപ്പെടുത്തിയത് കേസരിയും ജന്മഭൂമിയുമാണ്. മാധ്യമപ്രവര്‍ത്തനത്തിനുള്ള ഈ പ്രമുഖ അവാര്‍ഡ് കോഴിക്കോട്ട് വച്ച് ഏറ്റുവാങ്ങുമ്പോള്‍ ഇന്നാട്ടുകാരനായ സ്വര്‍ഗ്ഗീയ വി.എം. കൊറാത്തിനെ ഓര്‍ത്തുപോവുകയാണ്. എന്റെ ആദ്യ ലേഖനം പ്രസിദ്ധീകരിച്ചതും എഴുത്തിന് പ്രതിഫലം നല്‍കിയതും ജന്മഭൂമി മുഖ്യ പത്രാധിപരായി വന്ന കൊറാത്ത് സാറായിരുന്നു. അഞ്ച് വര്‍ഷം സംഘപ്രചാരകനായിരുന്ന എന്റെ കാഴ്ചപ്പാടുകളെ രൂപപ്പെടുത്തിയതിനു പിന്നില്‍ സംഘസാഹിത്യത്തിനു പുറമെ സ്വര്‍ഗ്ഗീയ കെ. ഭാസ്‌കര്‍ റാവു മുതല്‍ ഇങ്ങോട്ടുള്ള പ്രാന്ത പ്രചാരകന്മാരും മറ്റ് മുതിര്‍ന്ന സംഘപ്രചാരകന്മാരും കാര്യകര്‍ത്താക്കന്‍മാരുമുണ്ട്. സ്വര്‍ഗ്ഗീയ ഹരിയേട്ടന്‍, മാന്യ.സേതുവേട്ടന്‍, മാന്യ. എ.ഗോപാലകൃഷ്ണന്‍, മാന്യ. പി.ആര്‍. ശശിധരന്‍, മാന്യ. പി.എന്‍. ഹരികൃഷ്ണകുമാര്‍ജി, ഇപ്പോഴത്തെ പ്രാന്ത പ്രചാരകന്മാരായ മാന്യ. കെ.സുദര്‍ശന്‍ജി, മാന്യ. എ.വിനോദ്ജി എന്നിവരുമൊക്കെയായി അടുത്തിടപഴകാന്‍ കഴിഞ്ഞത് പല നിലകളില്‍ എന്റെ കാഴ്ചപ്പാടുകള്‍ക്ക് തെളിച്ചം നല്‍കിയിട്ടുണ്ട്. പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജക് മാന്യ. ജെ. നന്ദകുമാര്‍ജിയുമായുള്ള വര്‍ഷങ്ങളുടെ ബന്ധത്തിനിടയിലെ അനൗപചാരികമായ സംവാദങ്ങളും സംഭാഷണങ്ങളും പകര്‍ന്നുനല്‍കിയ ഉള്‍ക്കാഴ്ചകള്‍ നിരവധിയാണ്.
മാധ്യമരംഗത്തെ ഈ പുരസ്‌കാരം ഞാന്‍ ഏറ്റുവാങ്ങുന്നത് സ്വര്‍ഗ്ഗീയ പരമേശ്വര്‍ജിയുടെ നാമധേയത്തിലുള്ള ‘പരമേശ്വരം’ ഹാളില്‍ വച്ചാണെന്നത് എന്റെ ഓര്‍മകളെ ദീപ്തമാക്കുന്നുണ്ട്. എന്റെ എഴുത്തിനെ സ്വാധീനിച്ചവരില്‍ പരമേശ്വര്‍ജിക്കുള്ള സ്ഥാനം അദ്വിതീയമാണ്. ആ ധൈഷണിക മനുഷ്യനുമായി ആശയവിനിമയങ്ങളില്‍ ഏര്‍പ്പെടാനും, സംഭവബഹുലമായ ആ ജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ച് അറിയാനും കഴിഞ്ഞ നാളുകള്‍ അവിസ്മരണീയമാണ്. പ്രസ്താവനകളും ലേഖനങ്ങളും കേട്ടെഴുതാന്‍ ലഭിച്ച അവസരങ്ങള്‍ എന്റെ ബൗദ്ധിക ജീവിതത്തിന് മുതല്‍ക്കൂട്ടായി മാറുകയായിരുന്നു. അനുവാദത്തിന്റെ ആവശ്യമില്ലാതെ എനിക്ക് നിരവധി അഭിമുഖങ്ങള്‍ നല്‍കി. ഇവയില്‍ പലതും പ്രസിദ്ധീകരിച്ചത് കേസരിയാണെന്നത് ഈ വേളയില്‍ ഞാന്‍ സ്മരിക്കുന്നു.
കഴിഞ്ഞ 30 വര്‍ഷമായി ഞാന്‍ മാധ്യമപ്രവര്‍ത്തകനാണ്. അക്ഷരങ്ങളുടെയും ആശയങ്ങളുടെയും ലോകത്തെ ഈ ജീവിതം എനിക്ക് ഒരു ‘പ്രൊഫഷന്‍’ അല്ല. ‘പാഷന്‍’ ആണ്. ഇതിന്റെ ഗുണവും ദോഷവും അനുഗ്രഹവും ഞാന്‍ അനുഭവിച്ചിട്ടുണ്ട്. എഴുതാന്‍ അവസരം ലഭിക്കുന്നത് എനിക്ക് എപ്പോഴും ആനന്ദമാണ്. എന്റെ നൂറ് കണക്കിന് ലേഖനങ്ങള്‍ക്കു പുറമെ പതിനഞ്ചോളം പുസ്തകങ്ങളാക്കാനുള്ള ലേഖന പരമ്പരകള്‍ തന്നെ കേസരി പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ട് പതിറ്റാണ്ടായി കേസരിയുടെ എല്ലാ ഓണപ്പതിപ്പുകളിലും ഞാന്‍ ദീര്‍ഘമായ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. എനിക്ക് കേസരിയില്‍ എഴുതാന്‍ ഏറ്റവും കൂടുതല്‍ അവസരം നല്‍കിയിട്ടുള്ളത് ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ മാന്യ ആര്‍. സഞ്ജയന്‍ മുഖ്യ പത്രാധിപരായി രുന്നപ്പോഴും, ഇപ്പോള്‍ ഡോ.എന്‍.ആര്‍. മധു മുഖ്യ പത്രാധിപരായിരിക്കുമ്പോഴുമാണ്. എന്റെ എഴുത്തിനെ പ്രത്യക്ഷമായി സ്വാധീനിച്ച രണ്ട് പേര്‍ ഇവരാണ്. വിഷയങ്ങള്‍ കണ്ടെത്താനുള്ള ഇവരുടെ കഴിവാണ് എന്റെ എഴുത്തിനെ വളരെയധികം മുന്നോട്ടു കൊണ്ടുപോയത്. ഇരുവരുടെയും സാന്നിദ്ധ്യത്തില്‍ ഈ പുരസ്‌കാരം സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ കൃതാര്‍ത്ഥനാണ്.
ഡോക്ടറുടെ അനുമതിയോടെയാണെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ വകവയ്ക്കാതെ ഞാന്‍ ഇവിടെയെത്തിയതിന് മറ്റൊരു കാരണമുണ്ട്. പ്രായാധിക്യം വിസ്മരിച്ച് ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ മുതിര്‍ന്ന സംഘപ്രചാരകനും അഖിലഭാരതീയ കാര്യകാരിസദസ്യനുമായ മാന്യ മന്‍മോഹന്‍ വൈദ്യാജി വന്നിട്ടുള്ളതാണ്. അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് ആയിരിക്കുമ്പോള്‍ മന്‍മോഹന്‍ജിയുടെ നിരവധി ബൈഠക്കുകളില്‍ ഒരു മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. ഇങ്ങനെയൊരാളില്‍ നിന്നുതന്നെ മാധ്യമപ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം സ്വീകരിക്കുന്നതില്‍ പ്രത്യേക ചാരിതാര്‍ത്ഥ്യമുണ്ട്.
സാഹിത്യ വിമര്‍ശകനായിരുന്ന എം.കൃഷ്ണന്‍ നായര്‍ക്ക് രാംനാഥ് ഗോയങ്ക അവാര്‍ഡ് സമ്മാനിച്ചത് അന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവായ എല്‍.കെ അദ്വാനിയായിരുന്നു. ദല്‍ഹിയിലെ ഈ പരിപാടി കഴിഞ്ഞ് തിരിച്ചെത്തിയ കൃഷ്ണന്‍ നായര്‍ തന്റെ പംക്തിയായ സാഹിത്യ വാരഫലത്തില്‍ എഴുതി: ‘എനിക്ക് ലഭിച്ച അവാര്‍ഡ് തുകയായ ഒരു ലക്ഷം രൂപയെക്കാള്‍ ഞാന്‍ വിലമതിക്കുന്നത് അദ്വാനി എനിക്ക് സമ്മാനിച്ച നമസ്‌തേയാണ്.’ കേസരി എനിക്ക് നല്‍കിയ പുരസ്‌കാരവും പുരസ്‌കാരത്തുകയും അത്യന്തം മൂല്യവത്താണ്. ഈ പുരസ്‌കാരം സംഘത്തിന്റെ വരിഷ്ട പ്രചാരകനായ മാന്യ മന്‍മോഹന്‍ജിയില്‍നിന്ന് ഏറ്റുവാങ്ങാന്‍ കഴിഞ്ഞത് ധന്യതയായി ഞാന്‍ എക്കാലവും മനസ്സില്‍ സൂക്ഷിക്കും. രാഷ്ട്രസേവാ പുരസ്‌കാരം എന്ന വലിയ ബഹുമതി പൂര്‍ണമായും ഉള്‍ക്കൊള്ളാനുള്ള ഹൃദയ വിശാലത ഉണ്ടാവട്ടെയെന്ന് ഞാന്‍ എന്നോടുതന്നെ പ്രാര്‍ത്ഥിക്കുന്നു. വേദിയിലും സദസ്സിലുമുള്ള ഗുരുജനങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും കേസരി മാനേജ്‌മെന്റിനും പത്രാധിപ സമിതിക്കും മുന്‍കാലത്ത് കേസരിയെ നയിച്ച എല്ലാവര്‍ക്കും ഞാന്‍ സേവനമനുഷ്ഠിക്കുന്ന ജന്മഭൂമിയിലെയും ഉത്തരവാദിത്തം വഹിക്കുന്ന തപസ്യ കലാസാഹിത്യവേദിയിലെയും സഹപ്രവര്‍ത്തകര്‍ക്കും ഹൃദയംഗമമായ നന്ദി.