ഭാരതസ്വാതന്ത്യ പുലരിയില്‍ കിഴക്കന്‍ പാകിസ്ഥാനായി മാറിയ ബംഗ്ലാദേശ് അന്നേ ഹിന്ദു വംശഹത്യയ്ക്ക് കുപ്രസിദ്ധമായിരുന്നു. നവ ഖാലിയിലെ തെരുവുകളില്‍ നടന്നതുപോലൊരു ഹിന്ദു നരമേധം ലോകത്തെവിടെയെങ്കിലും നടന്നിട്ടുണ്ടോ എന്ന് സംശയമാണ്. കിഴക്കന്‍ പാകിസ്ഥാനിലെ മുസ്ലീങ്ങളെ പടിഞ്ഞാറന്‍ പാകിസ്ഥാന്‍ ചൂഷണം ചെയ്യുകയും ഉറുദു അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോഴാണ് ജനങ്ങള്‍ പാകിസ്ഥാനെതിരെ ശബ്ദമുയര്‍ത്താന്‍ ആരംഭിച്ചത്. പാകിസ്ഥാനെതിരായ ജനകീയ പ്രക്ഷോഭം 1971 ല്‍ വലിയ അഭയാര്‍ത്ഥി പ്രവാഹം ഭാരതത്തിലേയ്ക്ക് ഉണ്ടാക്കുകയും ഭാരതത്തിന്റെ സൈനിക സഹായത്തോടെ ബംഗ്ലാദേശ് എന്ന സ്വതന്ത്ര രാഷ്ട്രം പിറക്കുകയും ചെയ്തു. ആദ്യകാലത്ത് ജനാധിപത്യ മൂല്യങ്ങള്‍ പുലര്‍ത്തിയിരുന്നെങ്കിലും ഇവിടെ ഇസ്ലാമിക മതമൗലികവാദികള്‍ തരം കിട്ടുമ്പോഴൊക്കെ ന്യൂനപക്ഷ മതവിഭാഗങ്ങളെ വേട്ടയാടിയിരുന്നു. ഈ മതഭീകരവാദത്തിന് എന്നും ഏറ്റവും കൂടുതല്‍ വില നല്‍കേണ്ടിവന്നിരുന്നത് ബംഗ്ലാദേശിലെ ന്യൂനപക്ഷ ഹിന്ദുക്കളായിരുന്നു. 1950 കാലത്ത് കിഴക്കന്‍ പാകിസ്ഥാന്‍ എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ ബംഗ്ലാദേശില്‍ 22% ഹിന്ദുക്കള്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്നത് 7.2% മാത്രമായി ശോഷിച്ചിരിക്കുകയാണ്. വംശഹത്യയിലൂടെയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിലൂടെയുമാണ് ഹിന്ദു ജനസംഖ്യ ബംഗ്ലാദേശില്‍ നാമാവശേഷമായിക്കൊണ്ടിരിക്കുന്നത്. ഷേഖ് ഹസീന പ്രധാനമന്ത്രിയായിരുന്നപ്പോള്‍ പോലും മതമൗലികവാദികള്‍ ഹിന്ദു ന്യൂനപക്ഷങ്ങളെ ആക്രമിച്ചിരുന്നെങ്കിലും പോലീസും നീതിന്യായ വ്യവസ്ഥയും കുറച്ചൊക്കെ നിഷ്പക്ഷ നിലപാടെടുത്തിരുന്നു. എന്നാല്‍ രണ്ട് ദശാബ്ദക്കാലത്തോളം ബംഗ്ലാദേശ് ഭരിച്ച അവാമി ലീഗ് നേതാവ് ഷെയ്ഖ് ഹസീനയെ ആഗസ്റ്റ് 5 ന് സി.ഐ. എയുടെ സഹായത്തോടെ മുസ്ലീം മതമൗലികവാദികള്‍ അട്ടിമറിച്ചു. വിദ്യാര്‍ത്ഥി സമരത്തിന്റെ മറവിലാരംഭിച്ച പ്രക്ഷോഭം ഹിന്ദു-ന്യൂനപക്ഷ വിരുദ്ധ കലാപമായി മാറുകയും നിരവധി ഹിന്ദുക്കള്‍ കൊല്ലപ്പെടുകയും ഭവനരഹിതരാവുകയും ചെയ്തു. ഇസ്ലാം മതം അനുശാസിക്കുന്നതുപോലുള്ള ലക്ഷണമൊത്ത ജിഹാദാണ് ബംഗ്ലാദേശില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതര മതസ്ഥരെ വംശഹത്യ ചെയ്യുന്നതും അവരുടെ വസ്തുവകകള്‍ കൈയേറുന്നതും അപഹരിക്കുന്നതുമൊക്കെ സ്വര്‍ഗ്ഗത്തില്‍ വലിയ പ്രതിഫലം ലഭിക്കുന്ന പുണ്യ പ്രവൃത്തിയായി കരുതുന്ന ഇസ്ലാം നാളിതുവരെ ലോകത്തിലെല്ലായിടത്തുമുണ്ടാക്കിയിട്ടുള്ള ആസൂത്രിത വംശഹത്യ ബംഗ്ലാദേശിലും തുടരുകയാണ്. ന്യൂനപക്ഷ മതവിഭാഗങ്ങളായ ബുദ്ധ, ക്രൈസ്തവ, ഹൈന്ദവ വിഭാഗങ്ങളെല്ലാം ഇവിടെ അക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. മതമൗലികവാദികള്‍ അധികാരമേറ്റെടുത്ത ശേഷം ന്യൂനപക്ഷങ്ങള്‍ക്കുനേരെ 2010 ആക്രമണ സംഭവങ്ങള്‍ നടന്നു. വിവിധ അക്രമങ്ങളില്‍ 1705 ന്യൂനപക്ഷ കുടുംബങ്ങള്‍ ഇതിനോടകം ഇരയാക്കപ്പെട്ടിട്ടുണ്ട്. ധാക്ക അടക്കമുള്ള സ്ഥലങ്ങളിലെ സര്‍വ്വകലാശാലകളിലും കോളേജുകളിലും ഹിന്ദു പെണ്‍കുട്ടികള്‍ അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ന്യൂനപക്ഷങ്ങളുടെ പരാതികള്‍ സ്വീകരിക്കാന്‍ പോലും അധികൃതര്‍ തയ്യാറാകുന്നില്ല എന്നാണ് അറിയാന്‍ കഴിയുന്നത്. ഒരു കോടിയോളം ഹിന്ദുക്കളെ ബംഗ്ലാദേശില്‍ നിന്നും ആട്ടിപ്പായിക്കാന്‍ ശ്രമിക്കുമ്പോള്‍ ഭാരതത്തിന് സാക്ഷീ ഭാവത്തില്‍ നില്‍ക്കാന്‍ കഴിയില്ല.
അമേരിക്കയുടെ കൈയാളായി നിയോഗിക്കപ്പെട്ടിരിക്കുന്ന സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവായ പ്രൊഫസര്‍ എം.ഡി.യൂനസ് ആണ് കാവല്‍ മന്ത്രിസഭയെ നയിക്കുന്നത്. ഇയാളില്‍ നിന്ന് ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്ക് നീതി കിട്ടാന്‍ യാതൊരു സാധ്യതയുമില്ല. ഷേഖ് ഹസീന സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ട ദിവസം മാത്രം ബംഗ്ലാദേശില്‍ 55 ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടു. അതിനു ശേഷമുള്ള ദിവസങ്ങളില്‍ ഭൈരബിലുള്ള ഇസ്‌ക്കോണ്‍ക്ഷേത്രം, ചിറ്റഗോങ്ങിലെ മൂന്നു ക്ഷേത്രങ്ങള്‍ തുടങ്ങി നിരവധി ന്യൂനപക്ഷ ആരാധനാലയങ്ങള്‍ പൂര്‍ണ്ണമായോ ഭാഗികമായോ തകര്‍ക്കപ്പെട്ടിരിക്കുകയാണ്. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകലും പീഡിപ്പിക്കലും നിര്‍ബാധം തുടരുന്നു. മറ്റ് പോംവഴികളില്ലാതെ ഹിന്ദു സമൂഹം തെരുവിലിറങ്ങി പ്രതിഷേധിക്കുവാന്‍ ശ്രമിക്കുമ്പോള്‍ അധികൃതര്‍ അവര്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തി ആയിരങ്ങളെ ജയിലിലടയ്ക്കാന്‍ മുതിരുകയാണ്. പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം കൊടുത്തു എന്നതിന്റെ പേരില്‍ ഹരേ കൃഷ്ണപ്രസ്ഥാനത്തിന്റെ ചിന്‍മയ്കൃഷ്ണദാസ് ബ്രഹ്മചാരി എന്ന സന്യാസിയെ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിലടച്ചിരിക്കുകയാണ്. അദ്ദേഹത്തെ ജയിലില്‍ സന്ദര്‍ശിച്ചതിന്റെ പേരില്‍ ശ്യാംദാസ് പ്രഭു എന്ന മറ്റൊരു സന്യാസിയെക്കൂടി അറസ്റ്റു ചെയ്ത് ജയിലിലടച്ചിരിക്കുന്നു. ചിന്മയ് കൃഷ്ണദാസിന്റെയും മറ്റ് 17 ആചാര്യന്‍മാരുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തിരിക്കുന്നു. ചിന്മയ്കൃഷ്ണദാസിന്റെ അറസ്റ്റിനോടനുബന്ധിച്ചുണ്ടായ അക്രമസംഭവങ്ങളില്‍ അദ്ദേഹത്തിന്റെ അഭിഭാഷകനെ വരെ ദുരൂഹ സാഹചര്യത്തില്‍ വധിച്ചിരിക്കുകയാണ്. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ വാഴ്ച പോലെ ഭീകരമാണ് ബംഗ്ലാദേശിലെ ഇപ്പോഴത്തെ അവസ്ഥ. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഭാരതം പല പ്രാവശ്യം ആവശ്യപ്പെട്ടെങ്കിലും എം.ഡി.യുനസ് സര്‍ക്കാര്‍ ചെവിക്കൊള്ളുവാന്‍ തയ്യാറായിട്ടില്ല.
ഇസ്‌ക്കോണ്‍ ആചാര്യന്‍ ചിന്‍മയ് കൃഷ്ണദാസിനെ അറസ്റ്റു ചെയ്തതില്‍ ലോകം മുഴുവന്‍ പ്രതിഷേധം അലയടിക്കുകയാണ്. ബ്രിട്ടീഷ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എം.പി.ബോബ് ബ്ലാക്ക്, അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍, ആര്‍.എസ്.എസ് സര്‍കാര്യവാഹ് ദത്താത്രയ ഹൊസബോളെ തുടങ്ങിയവരൊക്കെ പ്രതിഷേധം രേഖപ്പെടുത്തുകയും അദ്ദേഹത്തെ വിട്ടയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്. മത ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ ബംഗ്ലാദേശിലെ ഇടക്കാല ഭരണകൂടം പരാജയപ്പെട്ടെന്ന് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ ഭരണത്തിലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ഉപദേശകനായിരുന്ന ജോണി മൂര്‍ ഇക്കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനെ ലോകം ഗൗരവത്തോടെയാണ് കാണുന്നത്.
പാലസ്തീനിലെയും ഗാസ മുനമ്പിലെയും മുസ്ലീം അഭയാര്‍ത്ഥികളെ കുറിച്ച് വാചാലരാകുന്ന മലയാള മാധ്യമങ്ങളൊന്നും ബംഗ്ലാദേശിലെ ന്യൂനപക്ഷ പീഡനം ഇതുവരെ കണ്ടതായി നടിച്ചിട്ടില്ല. എന്തായാലും 1971 ല്‍ കേവലം 13 ദിവസം നീണ്ട പട്ടാള നടപടിയിലൂടെ ബംഗ്ലാദേശിനെ വിമോചിപ്പിക്കാന്‍ കഴിഞ്ഞ ഭാരതത്തിന് നാലായിരം കിലോമീറ്റര്‍ ചുറ്റിവളഞ്ഞ ഭാരത അതിര്‍ത്തിക്കുള്ളില്‍ കിടക്കുന്ന ഈ കൊച്ചു രാജ്യത്തെ മനുഷ്യാവകാശം പഠിപ്പിക്കാന്‍ ഇക്കാലത്ത് 13 മണിക്കൂര്‍ പോലും വേണ്ടിവരില്ല. ഭാരതത്തിന്റെ ഭാഗത്തു നിന്നും കടുത്ത നടപടികള്‍ ക്ഷണിച്ചുവരുത്താതിരുന്നാല്‍ അവര്‍ക്കു കൊള്ളാം.