“ആകാശവാണി വാർത്തകൾ വായിക്കുന്നത് ശങ്കരനാരായണൻ “- വൈകിട്ടുള്ള റേഡിയോ വാർത്തകൾ കേൾക്കാൻ ആഴ്ചയിൽ ഒരു ദിവസം വീട്ടിൽ നിന്നും വലിയച്ഛന്റെ വീട്ടിലേക്കു സദാനന്ദൻ എത്താറുണ്ട്…അക്കരെയുള്ള കുന്നിൻ മുകളിലാണ് വലിയച്ഛന്റെ ഓടിട്ട വലിയ വീട്…
അവന്റെ വീടും ഇക്കരെയുള്ള മറ്റൊരു കുന്നിന്റെ മുകളിലാണ്…കുന്നിറങ്ങി ഒറ്റയടിപ്പാതയിലൂടെ താഴ്വാരത്തെത്തി പിന്നെ അവിടെ നിന്നും മുകളിലേക്ക്…അവിടെയാണ് വലിയച്ഛന്റെ വീട്….
വർഷങ്ങൾക്കിപ്പുറം, ഗതകാല സ്മരണകൾ അയവിറക്കുക എന്നത് അയാളെ സംബന്ധിച്ചിടത്തോളം ഇപ്പോൾ ഒരു ലഹരിയാണ്…ചന്നം പിന്നം പെയ്യുന്ന നൂൽ മഴ നോക്കി സിറ്റ് ഔട്ടിലെ ചാര് കസേരയിൽ ചാരിക്കിടന്നു ആവി പൊങ്ങുന്ന ചൂട് കട്ടൻ കാപ്പി ആസ്വദിച്ച് ഊതിയൂതി കുടിച്ചു അയാൾ പഴയകാലം അയവിറക്കി..എത്രയോ വർഷങ്ങൾക്ക് മുൻപുള്ള കാര്യങ്ങൾ …പക്ഷെ , ഈ വിശ്രമവേളയിൽ ചാരുകസേരയിൽ ചാരിയിരുന്നു കണ്ണുകൾ അടച്ചിരിക്കുമ്പോൾ എല്ലാം ഇന്നലെയെന്നപോലെ മുന്നിൽ തെളിഞ്ഞു വരുന്നു.
..എന്തെല്ലാം ഓർമ്മകൾ…
ഓർമ്മകളുടെ കുത്തൊഴുക്കുകൾ…
അതിലൂടെ അയാൾ നീന്തി നടക്കുമായിരുന്നു..
അന്നും മഴയും കാറ്റും പേമാരിയും ഒക്കെയുണ്ടായിരുന്നു …
കാലാവസ്ഥാ പ്രവചനം അക്കരെയുള്ള വല്യച്ഛന്റെ വീട്ടിലെ റേഡിയോയിൽ നിന്നും അവിടെ പോകുന്ന ദിവസം മാത്രം കേട്ടിരുന്നു…
പക്ഷെ , അന്ന് അതിനെ കുറിച്ചൊന്നും ആരും അധികം വ്യാകുലപ്പെടുന്നത് സദാനന്ദൻ കണ്ടിരുന്നില്ല…
അപ്രതീക്ഷിതമായി പകപോക്കലെന്നപോലെ രൂക്ഷമായി കടന്നു വരുന്ന മലങ്കാറ്റ് ചീറിയടിക്കും…മുറ്റത്തെ പ്ലാവും മാവുമെല്ലാം കാവിലെ ക്ഷേത്രത്തിലെ വെളിച്ചപ്പാടിനെപ്പോലെ തുള്ളിയുറയും … മേൽക്കൂരയിൽ നിന്നും അവിടവിടെയായി പെയ്തു വെള്ളം കുത്തിയൊലിച്ചിറങ്ങും …. , മൺകട്ട കൊണ്ട് കെട്ടിയുണ്ടാക്കിയ പുല്ലുമേഞ്ഞ മേൽക്കൂര ഏതുസമയവും പറന്നു കുന്നിൽ ചെരുവിലുള്ള നെൽപ്പാടത്തിലേക്കു മൂക്കുകുത്തി വീഴുമെന്നു എത്രയോ തവണ ഭയപ്പെട്ടിരുന്നു….തടിക്കഷണം ചേർത്ത കതകു പാളികൾ അതിശക്തമായി വീശുന്ന കാറ്റിന്റെ ശക്തിയിൽ പിടിച്ചു നില്ക്കാൻ ആവതില്ലാതെ പഴകി തുരുമ്പിച്ച വിജാഗിരികൾ നേർത്ത പരുപരുത്ത ശബ്ദത്തിൽ പ്രതിഷേധിച്ചപ്പോൾ ആർത്തലച്ചടുത്ത മഴയുടെയും കാറ്റിന്റെയും ശക്തിയിൽ അവ ദുർബലമായി കുറെയൊക്കെ എതിർത്തതിനു ശേഷം പിന്മാറിയപ്പോൾ അപ്പനും മക്കളുമെല്ലാം ചേർന്ന് ആ കതകു പാളികൾ തങ്ങളാലാവും വിധം ബലം കൊടുത്തു പ്രധിരോധിച്ചതും എല്ലാം ഇന്നലെയെന്നപോലെ സദാനന്ദന്റെ മസസിലൂടെ കടന്നു വരുന്നുണ്ടായിരുന്നു.
റേഡിയോ വളരെ ചുരുക്കം ചില വീടുകളിലെ അന്ന് ഉണ്ടായിരുന്നുള്ളു…അതിലൊരു വീടായിരുന്നു സദാനന്ദന്റെ വലിയച്ഛന്റെ ….അവിടെ ഫിലിപ്സിന്റെ വലിയ ഒരു റേഡിയോ ഉണ്ടായിരുന്നു…വൈകിട്ട് അഞ്ചു മണി കഴിയുമ്പോൾ , ഓടിട്ട മച്ചുള്ള ആ വീടിന്റെ അകത്തുനിന്നും കറുത്ത നിറമുള്ള ലെതറിന്റെ
കട്ടിക്കുപ്പായമിട്ട റേഡിയോയുമായി വലിയച്ഛൻ പുറത്തെക്ക് വരും ….സിമന്റ് തേച്ച, നിറം മങ്ങിയ അരഭിത്തിയിൽ റേഡിയോ ഭദ്രമായി വെക്കും …. ബാൻഡ് മീറ്ററും ബട്ടണുകളും മാത്രമേ കവറിനു പുറത്തു കാണുമായിരുന്നുള്ളു….ചുവന്ന കളറടിച്ച വരാന്തയിൽ ഇട്ടിട്ടുള്ള നിറം മങ്ങിയ തടി ബഞ്ചിലാണ് അവൻ ഇരിക്കാറുള്ളത്…പ്ലാസ്റ്റിക് വരിഞ്ഞ ഓഫീസുകളിൽ കാണുന്ന കസേരയിൽ വലിയച്ഛൻ ഇരുന്നു…ഒരു വെളുത്ത തുണി കഷ്ണം കൊണ്ട് റേഡിയോ തുടച്ചു വൃത്തിയാക്കി…പുതു പുത്തൻ പോലെ ….റേഡിയോയിൽ ബാറ്ററി ഇടേണ്ടതുണ്ട്…
കറന്റ് ഇല്ലല്ലോ …കറന്റുള്ള വീടുകൾ അവൻ കണ്ടിട്ടുണ്ട്, ഒരിക്കൽ ദൂരെയുള്ള നാട്ടിലെ അപ്പച്ചിയുടെ വീട്ടിൽ പോയപ്പോൾ , സന്ധ്യയാകുമ്പോൾ കറന്റിന്റെ സ്വിച്ചിടും അപ്പോൾ അടുക്കളയിൽ നിന്നും വരുന്ന പുകയെല്ലാം പിടിച്ചു നിറം മങ്ങിയ , ഫോൾഡറിൽ എല്ലാം ചുക്കില വല പിടിച്ചു കിടക്കുന്ന, ബൾബ് കത്തും….മഞ്ഞ നിറമായിരുന്നു ആ ബൾബ് കൾക്ക് …വലിയ വരാന്തയിലെ കോളാമ്പി പോലുള്ള കട്ടിയുള്ള പ്ലാസ്റ്റിക്കിന്റെ കവറിനകത്തെ ബൾബ് കത്തുമ്പോൾ അതിന്റെ പ്രകാശം മുറ്റത്തെല്ലാം എത്തും. അത് കാണേണ്ട കാഴ്ചതന്നെയായിരുന്നു …എന്തൊരു ഐശ്വര്യം ..വീടിനകത്തും മുറ്റത്തും തൊടി വരെ നിറയുന്ന വെളിച്ചം..
പിന്നെ കണ്ടിട്ടുള്ളത് അകലെയുള്ള പട്ടണത്തിൽ ആണ് …അതും ഒരു തവണ മാത്രം …..
പഴയ ബാറ്ററി മാറ്റി നീലകളറുള്ള പുത്തൻ എവെർഡി ബാറ്ററി വലിയച്ഛൻ റേഡിയോയുടെ പുറകുവശം തുറന്നു അതിലേക്ക് നിക്ഷേപിച്ചു …
പിന്നെ റേഡിയോ ഓൺ ചെയ്തു …
റേഡിയോ പരിപാടികൾക്കിടയിൽ….
വലിയച്ഛൻ ചെറിയ കറുത്ത ഒരു പാസ് ബുക്ക് കാണിച്ചു പറഞ്ഞു . .അടുത്തമാസം റേഡിയോയ്ക്ക് ലൈസൻസ് പുതുക്കണമത്രേ ….അതൊക്കെ വലിയ ആളുകളുടെ കാര്യം …തനിക്കെന്ത്..?
വലിയച്ഛൻ പല കാര്യങ്ങളും പറയുമായിരുന്നു…വാർത്തകളിൽ വരുന്ന കാര്യങ്ങൾ കേൾക്കുന്നതും വലിയച്ഛൻ പറഞ്ഞു തരുന്നതുമായ കാര്യങ്ങളായിരുന്നു സദാനന്ദന്റെ ലോക വിവരം എന്ന് പറയുന്നത് ……
തടി ബെഞ്ചിലിരുന്ന് അവിടെ നിന്നും കിട്ടുന്ന മധുരമിട്ട പാൽചായ മൊത്തിക്കുടിച് റേഡിയോ ശ്രദ്ധിച്ചു സദാനന്ദൻ…പ്രധാനമായും വലിയച്ഛൻ വാർത്താ പ്രിയങ്കരനായിരുന്നു…കസേരയിൽ ഇരുന്നു റേഡിയോ ഉച്ചത്തിൽ വെക്കും. വിശാലമായ പറമ്പിൻറെ അങ്ങേയറ്റം വരെ റേഡിയോയുടെ സൗണ്ട് കേൾക്കാൻ കഴിയും പിന്നെ തൊട്ടടുത്തെങ്ങും വീടുകളുമില്ലല്ലോ ….അടുത്ത വീട് കാണണമെങ്കിൽ പത്തു മിനിറ്റ് നടക്കണം…അവിടെയൊട്ടു റേഡിയോ ഇല്ല താനും….
വാർത്തകളിലുപരിയായി വല്യച്ഛന്റെ വാക്കുകളിലൂടെ എം എസ്സും , നായനാരും കെ.കരുണാകരനുമെല്ലാം സദാനന്ദന്റെ മനസ്സിൽ കുടിയേറി …ഇവരൊക്കെ ഏതു പാർട്ടിയാണെന്നോ, എന്ത് സ്ഥാനം വഹിക്കുന്നു എന്നൊന്നും അവനറിയില്ലായിരുന്നു…
തന്റെ വീട്ടിലും ഒരു റേഡിയോ വാങ്ങണമെന്ന് അവൻ വഴക്കിടാറുണ്ട് …അത് നടക്കുന്ന കാര്യമല്ലെന്നറിഞ്ഞു കൊണ്ട് തന്നെ …
വലിയച്ഛൻ നെ പ്പോലെ വലിയ പൈസ ഉള്ളവർക്ക് മാത്രമാണ് റേഡിയോ വാങ്ങാൻ കഴിഞ്ഞിരുന്നുള്ളൂ .ബാങ്കിൽ അക്കൗണ്ട് ഉള്ള ആളാണ് …ആയിരക്കണക്കിന് പൈസ അവിടെ നിക്ഷേപം ഉണ്ടെന്നും വീട്ടിൽ പറയുന്നത് കേട്ടു. ….. സദാനന്ദന്റെ സ്വപ്നങ്ങളിൽ റേഡിയോ നിറഞ്ഞു നിന്നു….വീടിന്റെ ഉമ്മറത്തിരുന്നു റേഡിയോ ഓൺ ചെയ്ത് വലിയ സൗണ്ടിൽ വീട്ടുകാരെയും കൂട്ടുകാരെയും കേൾപ്പിക്കുന്നതായി അവൻ പതിവായി സ്വപ്നം കണ്ടു…അവിടെ എങ്ങും സിനിമാപ്പാട്ടുകളും രാമചന്ദ്രന്റെയും പ്രതാപന്റെയും വാർത്തകൾ നിറഞ്ഞു….
റേഡിയോ പ്രക്ഷേപണം രാത്രിയേറെ വരെ ഉണ്ടായിരുന്നെങ്കിലും വലിച്ചൻറെ റേഡിയോ പ്രക്ഷേപണ പരിപാടി എന്നും വൈകിട്ട് അഞ്ചുമണിമുതൽ ആറു വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ..അതുകഴിഞ്ഞാൽ റേഡിയോ ഓഫ് ചെയ്ത് വീണ്ടും ലെതർ കവറിലാക്കി വലിയച്ഛൻ ഭദ്രമായി അകത്തെ മുറിയിൽ കൊണ്ട് പോയി വെക്കും.ഞായറാഴ്ച ദിവസം മാത്രം ആ പതിവിനു ഒരു വ്യത്യാസമുണ്ട് , അന്ന് മാത്രം വല്യച്ഛൻ രാത്രി ഏഴരക്ക് വീണ്ടും പ്രക്ഷേപണം ആരംഭിക്കും ഡൽഹി വാർത്തകളും പിന്നെ എട്ടരവനെ തുടരും. …
അതിനു ശേഷം ഉണ്ടാവാറില്ല.അന്ന് ആ വലിയ വീട്ടിലുള്ള എല്ലാവരും റേഡിയോ കേൾക്കുന്ന ചുറ്റ് വട്ടത്തിൽ ഉണ്ടാവും…റേഡിയോ ഓൺ ചെയ്യാനും ഓഫ് ചെയ്യാനും ട്യൂൺ ചെയ്യാനും ഒന്നും വലിയച്ഛനല്ലാതെ ആർക്കും അധികാരമുണ്ടായിരുന്നില്ല. ഒരിക്കൽ അത്യധികമായ ആഗ്രഹത്തോടെ അവൻ വലിയച്ഛനോടു ചോദിച്ചിരുന്നു റേഡിയോ സ്റ്റേഷൻ ഒന്ന് ട്യൂൺ ചെയ്യട്ടെയെന്ന്.അദ്ദേഹം അത് കര്ശനമായി വിലക്കി പിന്നെ പറഞ്ഞു
” കുട്ടികളൊക്കെ അത് തിരിക്കുകയും ഒക്കെ ചെയ്‌താൽ അതിന്റെ ബോബൻ കേയ്സ് ഒടിഞ്ഞു പോകുമത്രേ.”-. “ഓ എന്നാൽ വേണ്ടായെന്ന് “-മനസില്ലാ മനസോടെ സദാനന്ദൻ ആ ആഗ്രഹം മനസ്സിൽ തന്നെ കുഴിച്ചു മൂടി.
….വർഷങ്ങൾക്ക് ശേഷം വീട്ടിൽ റേഡിയോ വാങ്ങിയപ്പോൾ മുതൽ അന്വേഷിക്കുകയാണ് വലിയച്ഛൻ പറഞ്ഞ ആ “ബോബൻ കേയ്സ്”- എവിടെയെന്ന്”- ..പിന്നീട് വീട്ടിൽ ഒരു തയ്യൽ മെഷീൻ വാങ്ങിയപ്പോഴാണ് മനസിലായത് ബോബൻ കേയ്സ് തയ്യൽ മെഷീനാണ് ഉള്ളതെന്നും , റേഡിയോയെ തൊടാതിരിക്കാൻ വലിയച്ഛൻ തന്നെ ഉണ്ടാക്കിയ ഒരു സാങ്കേതിക പദമാണ് റേഡിയോയുടെ “ബോബൻ കേസ് “എന്നതും…ഇപ്പോൾ പതിറ്റാണ്ടുകൾക്കു ശേഷം വലിയ വീടിന്റെ വരാന്തയിയിലെ ചാരുകസേരയിൽ ചാരിക്കിടന്നു കണ്ണുകടച്ചു കിടക്കുമ്പോൾ അറിയാതെ ചിരി പടർത്തുന്നു …
സദാനന്ദൻ അറിയാതെ ചിരിച്ചു പോയി …
വല്യച്ഛന്റെ ബോബൻ കേയ്സ് ഓർത്ത്…..
വല്യച്ഛൻ റേഡിയോ ഓഫ് ചെയ്തു കഴിഞ്ഞാൽ സദാനന്ദനോട് പറയാതെ തന്നെ പറയുന്ന ഒരു സൂചന കൂടിയാണത് ….
അവനു തിരികെ വീട്ടിൽ പോകാനുള്ള സമയമായിരിക്കുന്നു …!! എന്നുള്ളത് ….
വേഗത്തിൽ നടന്നാൽ ഇരുപതു മിനിട്ടു കൊണ്ട് വീട്ടിലെത്താം ….പക്ഷെ അവിടെ നിന്നും ഇറങ്ങിയാൽ ഒറ്റയോട്ടമാണ് ആറേഴു മിനിറ്റുകൊണ്ട് കുന്നിറങ്ങി അടുത്ത കുന്നിൻ മുകളിലുള്ള തന്റെ വീട്ടിലെത്താറുണ്ടായിരുന്നു അവൻ… ….ഇടവഴിയിലൂടെ പതുക്കെ നടന്നു സദാനന്ദന് പണ്ടേ ശീലമില്ലല്ലോ….
സ്കൂളിൽ നിന്നും തിരികെ വരുന്നതും അങ്ങനെ തന്നെ ആയിരുന്നു…നാല് കിലോമീറ്റര് നടന്നു പോകണം സ്കൂളിലേക്ക് …മുക്കാൽ മണിക്കൂറെടുക്കും നടന്നെത്താൻ നടക്കാൻ … അവിടെയും പതിനഞ്ചു ഇരുപതു മിനിറ്റ് കൊണ്ട് തിരികെയെത്തും.
.ആ ഓട്ടത്തിൽ ഒരിക്കലും അന്നൊന്നും തളർന്നിരുന്നില്ലെന്ന് സദാനന്ദൻ അതിശയത്തോടെ ഇപ്പോൾ ഓർമ്മിക്കുന്നു ..!!
വല്യച്ഛന്റെ വീട്ടിൽ നിന്നുമിറങ്ങി സ്വന്തം വീട്ടിലേക്കുള്ള യാത്രക്കിടയിൽ ഒരു വലിയ ഒരു പുളിമരമുണ്ട് …അത് നിറയെ കായ്ച്ചു കിടക്കും….അതിനപ്പുറത്തു പഴം കൊഴിക്കുന്ന വലിയ ഒരു നാട്ടുമാവും…ഓടുന്നതിനിടയ്ക്ക് മാവിൽ നിന്നും പഴുത്ത മാങ്ങകൾ പലപ്പോഴും അവന്റെ മുന്നിൽ വന്നു വീണിട്ടുണ്ട്…അവൻ അതും എടുത്തു കൊണ്ടായിരിക്കും ഓട്ടം തുടരുക…
വലിയച്ഛൻ സംഭാവന ചെയ്ത ആ സാങ്കേതിക പദം ഞങ്ങൾ പിന്നീടു
കുടുംബത്തിൽ പലപ്പോഴും ഉപഗോഗിച്ചു …അത് മനസ്സിൽ പതിഞ്ഞുപോയതു കൊണ്ടുതന്നെ അറിയാതെ പറഞ്ഞു പോകുന്നതുതന്നേയായിരുന്നു… “ബോബൻ കെയ്‌സ് “- എന്ന പദം സന്ദാനന്ദന്റെ ജീവിതത്തിൽ തന്നെ ഒരു ഭാഗമാവുകമായിരുന്നു. ആ പദം പലപ്പോഴും പലയിടങ്ങളിലും പ്രയോഗിച്ചു…കുട്ടികൾ ടീവി യെ തൊട്ടപ്പോൾ, മൊബൈൽ എടുത്തപ്പോൾ, ഫ്രിഡ്ജ് തുറന്നു വെച്ചപ്പോൾ , എന്ന് വേണ്ട ചായ കപ്പ് താഴെ വീണപ്പോൾ വരെ….നമുക്കിഷ്ട്ടമില്ലാത്തത് ആരെങ്കിലും തൊട്ടാൽ ….വഴക്കു പറയുന്നതിന് പകരം ഉപയോഗിക്കാൻ പറ്റിയ വാക്ക്
‘ തൊടരുത് …അതിന്റെ ബോബൻ കെയ്‌സ് പോകും …”-
കഴിഞ്ഞ ദിവസം മകൾ , അവൾ ഓമനിച്ചു വളർത്തുന്ന പൂച്ചക്കുട്ടിയോടും ഇത് തന്നെ പറയുന്നത് കേട്ടു …
“ചിന്നൂ , ഈ ടേബിളിൽ നീ കയറരുത് അതിന്റെ “ബോബൻ കെയ്‌സ് പോകുമെന്ന് ”
വീണ്ടും സദാനന്ദന് ചിരി വന്നു…
വലിയച്ഛൻ ഈ ഭൂമിയിൽ നിന്ന് പോയിട്ട് തന്നെ എത്രയോ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു ….പക്ഷെ , വലിയച്ഛൻന്റെ ആ വാക്ക് ഇന്നും ജീവനോടെ പറന്നു കളിക്കുന്നു…ഒരു പക്ഷെ അടുത്ത തലമുറയിലും അതുകഴിഞ്ഞും വരെ …..
ഒരിക്കൽ റേഡിയോയിൽ ജലവൈദുതി പദ്ധതിയെക്കുറിച്ചു പറയുന്നത് കേട്ട് കുട്ടിയായായിരുന്ന അവൻ വലിയച്ഛനോടു ചോദിച്ചു…
” വെള്ളത്തിൽ നിന്ന് എങ്ങനെയാ കറന്റു ഉണ്ടാക്കുന്നത്…”-
അവനു അന്നൊക്കെ എത്രയാലോചിചിച്ചി ട്ടും പിടികിട്ടിയിരുന്നില്ല ….
വെള്ളത്തിലൂടെ കറന്റു ഉണ്ടാകുകയോ ….
അവൻ കൂട്ടുകാരോട് ഇതിനെക്കുറിച്ച് ചോദിച്ചതുമാണ് ….
അങ്ങനെയെങ്കിൽ വീടിന്റെ കുറെ താഴെയുള്ള ഓലിയിൽ ഒരുപാട് വെള്ളമുണ്ടല്ലോ… ആ വെള്ളം പോരെ കറന്റുണ്ടാക്കാൻ…പോരെങ്കിൽ നല്ല പോലെ വെള്ളമൊഴുകുന്ന ഒരു തോടും പറമ്പിന്റെ അരികിലുണ്ട്….
അപ്പോൾ കൂട്ടുകാർക്ക് തൃപ്തിയായ വിശദീകരണം നല്കുനന്നതിനു കഴിഞ്ഞിരുന്നില്ല ….
അവൻ വലിയച്ഛനോടു തന്നെ ചോദിച്ചു…
വലിയച്ഛൻ പറഞ്ഞു ” അതിനു വലിയ യന്ത്രം ഒക്കെ ഉണ്ട്….അതിലൂടെയാണ്…”-
“ അതെങ്ങനെ …വെള്ളമൊഴിക്കുമോ ….”-
വീണ്ടും അവനു സംശയം …
“അതിനു പ്രേത്യക സംവിധാനം ഒക്കെ ഉണ്ട് …”- വലിയച്ഛൻ പറഞ്ഞൊഴിഞ്ഞു. അവനു ഒരു പിടിയും കിട്ടിയില്ല …. വല്ലപ്പോഴും വല്യച്ഛന്റെ കൈയിൽ നിന്നും ഇരുപത്തിയഞ്ച് പൈസ കിട്ടിയിരുന്നത് ഈ ഒരൊറ്റ ചോദ്യം കൊണ്ട് ഇല്ലാതാക്കാൻ അവനു മനസ് വന്നില്ല….
അങ്ങനെയിരിക്കെ വല്യച്ഛന്റെ മരുമകൻ ദുബായിൽ നിന്നും ഒരു വലിയ ടേപ്പ് റെക്കോർഡർ ആയ്യിട്ടു വന്നത്.. അതിലും റേഡിയോയും ഉണ്ടെന്ന്….റേഡിയോയിൽ നാല് ബാറ്ററിയാണ് ഇട്ടിരുന്നതെങ്കിൽ ഇതിൽ എട്ടു ബാറ്ററി വേണമായിരുന്നു…
ഒരുപാട് ബട്ടൺ ഒക്കെയുണ്ട് …റേഡിയോ എന്നും കൈകാര്യം ചെയ്തിരുന്ന വലിയച്ഛനും ടേപ്പ് റെക്കോർഡറെ തൊടാൻ വലിയ പേടിയായിരിരുന്നു….
ഓൺ ചെയ്യുമ്പോൾ സൂക്ഷിച്ചുനോക്കിയാൽ റിബൺ ചുറ്റിയ കസെറ്റ് കിടന്നു കറങ്ങുന്നതായി കാണാം …..
ഉച്ച സമയങ്ങളിൽ വലിയച്ഛൻ ടേപ്‌റെക്കോർഡർ വളരെ ഉച്ചത്തിൽ വെപ്പിച്ചു , തൊടിയിൽ പണിയെടുക്കുന്നവരെ അകലെ നിർത്തി യേശുദാസിന്റെയും ജയചന്ദ്രന്റെയും പാട്ടുകൾ കേൾപ്പിച്ചു…ആരെയും ടേപ്പ് റെക്കോർഡറെ തൊടാൻ അദ്ദേഹം സമ്മതിപ്പിച്ചിരുന്നില്ല…”ബോബൻ കേസ് ഒടിഞ്ഞു പോയാലോ “- സദാന്ദൻ മനസ്സിൽ പറഞ്ഞു .
ഒരിക്കൽ പാട്ടുകേട്ടുകൊണ്ടിരിക്കുന്നതിനിടയ്ക്ക് ടേപ്പ് റെക്കോർഡറിൽ നിന്നും മനോഹരമായ പാട്ടിനു പകരം ഒരു വികൃത ശബ്ദം പുറത്തു വന്നു കൊണ്ടിരുന്നു…വലിയച്ഛൻ പരിഭ്രാന്തിയിലായി ..അടുത്ത് നിന്ന ഞങ്ങളോട് ദേഷ്യപ്പെട്ടു തട്ടിക്കയറി …അല്ലെങ്കിലും ദുർബല വിഭാഗങ്ങളോടാണല്ലോ എപ്പോഴും പഴിക്കുക …ഒരു കാര്യം ഇല്ലെങ്കിൽ പോലും…സദാനന്ദനും അടുത്ത് നിന്ന കുട്ടികളും വാ പൊളിച്ചു നിന്ന്…
” ഇതെന്താ കൂത്ത് , തങ്ങളെന്ത് പിഴച്ചു എന്ന മട്ടിൽ…”-
തൊടിയിലെ വലിയ പടർന്നു പന്തലിച്ച ചീമച്ചക്ക പ്ലാവിന്റെ കൊമ്പിലിരുന്ന് മൂത്ത് പാകമായ ചീമച്ചക്ക ഒരു അരുവാതോട്ടികൊണ്ടു
അടർത്തിക്കൊണ്ടിരുന്ന വല്യച്ഛന്റെ മരുമകൻ മരത്തിൽ നിന്നും ഊർന്നിറങ്ങി ടേപ്പ് റെക്കോർഡിനരുകിലേക്കോടിയെത്തി…..
“ഇത് നശിപ്പിച്ചോ” , എന്ന ചോദ്യത്തോടെ ….
എല്ലാവരും ആശങ്കയോടെ , അതിലേറെ ആകാംഷയോടെ അത് നോക്കി നിന്നു.
വലിയച്ഛൻ കലിപ്പിൽ പറഞ്ഞു ” മാറി നിക്കടാ പിള്ളാരെ ….”- അവർ കാരണമാണ് ഇത് സംഭവിച്ചതെന്ന മട്ടിൽ …എന്നിട്ടും ടേപ്പ് റെക്കോർഡറിനരുകിൽ നിന്നും മാറാതെ സദാനന്ദനും ഒപ്പമുള്ള മറ്റു കുട്ടികളും അവിടെ ചുറ്റിപ്പറ്റി നിന്നു.
വല്യച്ഛന്റെ മരുമകൻ ടേപ്പ് റെക്കോർഡറിന്റെ ഏതോ സ്വിച്ചിൽ പിടിച്ചു ഞെക്കി …കാസെറ്റ് ഇടുന്ന ഭാഗം തുറന്നു വന്നു….അതിൽ നിന്നും അദ്ദേഹം കാസെറ്റ് വലിച്ചൂരിയെടുത്തു….കാപ്പിപ്പൊടി കളറുള്ള ചെറിയ റിബ്ബൺ പുറത്തേക്കു വന്നു…. പിന്നെ അത് സമയമെടുത്ത് അകത്തു ചുറ്റിയ ചെറിയ റിബ്ബൺ പുറത്തേക്ക് വലിച്ചിട്ടു…കുറെനാൾ മുൻപ് ഒരു സർക്കസ്സുകാരൻ അവന്റെ സ്കൂളിൽ അവതരിപിച്ച ഒരു സർക്കസ് ഐറ്റം പോലെ , പക്ഷെ അത് സർക്കസുകാരന്റെ വായിൽ നിന്നാണെന്നു മാത്രം …..
വല്യച്ഛന്റെ “മരുമകന്റെ ബോബൻ കെയിസ്”- , സദാന്ദൻ മനസ്സിൽ പറഞ്ഞു…
വല്യച്ഛന്റെ മരുമകൻ അവിടെകൂടി നിന്നവർക്ക് , ഒരു ക്ലാസ് എടുത്തു…എല്ലാവരും ഒരാവശ്യവുമില്ലെങ്കിൽ കൂടി അത് കേട്ട് നിന്നു…
“ഇനി ഈ കാസറ്റ് ഉപയോഗിക്കാൻ കഴിയില്ല …റിബ്ബൺ അതിനകത്തു കുടുങ്ങിപ്പോയതാണ് …..
കാസെറ്റ് പാടിക്കൊണ്ടിരിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം ,…കാസെറ്റ് പൂർണ്ണമായും കറങ്ങിത്തീരുന്നത് വരെ വെയിറ്റ് ചെയ്യരുത്….ടേപ്പ് നിർത്തണം ..അല്ലെങ്കിൽ റിബ്ബൺ പൊട്ടിപ്പോകും….”-
വല്യച്ഛന്റെ മരുമകൻ അടുത്തൊരു കസെറ്റിട്ടു , വീണ്ടും കാസെറ്റ് കറങ്ങി…മറ്റു പാട്ടുകൾ …. നാടകങ്ങൾ അങ്ങനെ …പലതും
ഇതിനിടയ്ക്ക് വേറൊരു സംഭവും ഉണ്ടായി ,അത് ഒരു ഞായറാഴ്ച്ച ദിവസം നാലുമണി കഴിഞ്ഞ നേരത്താണ് നടന്നത്…
വരാന്തയിലെ ഹാളിൽ വല്ലവരും ഇരുന്നു സംസാരിക്കുന്നതിനിടയിൽ വല്യച്ഛന്റെ മരുമകൻ ഒരു കാസെറ്റ് മായി വന്നു…സാംബശിവന്റെ കഥാ പ്രസംഗമാണത്രെ …
എല്ലാവരും വട്ടം കൂടിയിരുന്നു…വലിയച്ഛൻ പതിവുള്ള പ്ലാസ്റ്റിക് വരിഞ്ഞ കസേരയിലും….
കാസെറ്റ് ഇട്ടതിനു ശേഷം , വല്യച്ഛന്റെ മരുമകൻ ടേപ്പ് റെക്കോർഡറിന്റെ രണ്ടു ബട്ടണുകളിൽ ഒന്നിച്ചു ഞെക്കി..
ചിരിച്ചുകൊണ്ട് വല്യച്ഛന്റെ മകൻ എല്ലാവരോടുമായി പറഞ്ഞു ” “എന്തെകിലുമൊക്കെ സംസാരിക്കാൻ ….”-
“ശെടാ ..ഇത് നല്ല തമാശ . ടേപ് റെക്കോഡറിന്റെ അടുത്ത് നിന്നും സംസാരിക്കരുതെന്ന്, ഇന്നലെക്കൂടി പറഞ്ഞതാണ് …ഇപ്പൊ പറയുന്നു എന്തെക്കിലും സംസാരിക്കാൻ ….”-
സദാനന്ദൻ എല്ലാവരുടെയും മുഖത്തേക്ക് നോക്കി
” വലിയച്ഛൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചു…ടെസ്റ്റ് ചെയ്യാനാണ്… എന്തെകിലും പറയൂ….”-
സംസാരിക്കാൻ പറഞ്ഞപ്പോൾ ആർക്കും ഒന്നും സംസാരിക്കുകയും വേണ്ട …അവൻ മനസ്സിൽ ഓർത്തു.. .കുട്ടികൾ എന്തൊക്കെയോ പറഞ്ഞു …വലിയച്ഛൻ , മറ്റൊന്നും ഓർക്കാതെ , പെട്ടെന്ന് ഉറക്കെ തൊടിയിലേക്കു നോക്കി വിളിച്ചു പറഞ്ഞു ….രാജാ , വെട്ടുകത്തി അവിടെ ഇട്ടിട്ടു പോരരുതേ … അതൂടെ എടുത്തേക്കണേ …”-
വല്യച്ഛന്റെ മരുമകന്റെ മുഖത്തു ഒരു കള്ള ചിരി പടരുന്നതവൻ കണ്ടു …..
ഏതൊക്കെയോ ബട്ടണിൽ വല്യച്ഛന്റെ മരുമകൻ ഞെക്കി.. വീണ്ടും ഞെക്കി..കാസെറ്റ് റീവൈൻഡ് ചെയ്തു.പിന്നെ ടേപ്പ് റെക്കോഡറിന്റെ ഒച്ച കൂട്ടി …
അത്ഭുതം ……!!
കുറച്ചുമുമ്പ് വലിയച്ഛനും അവിടെയിരുന്നവരും എല്ലാം പറഞ്ഞത് ടേപ്പിലൂടെ കേൾക്കുന്നു ….!!
അതോടെ വല്യച്ഛന്റെ മരുമകൻ നാട്ടിലെ സ്റ്റാർ ആവുകയായിരുന്നു..
നാട്ടിലെ കല്യാണങ്ങളുടെ തലേദിവസം മുൻകൂട്ടി ബുക്ക് ചെയ്തു , അദ്ദേഹത്തെ അവർ കൂട്ടിക്കൊണ്ടു പോയി….അവിടെയെല്ലാം ടേപ്പ് റെക്കോർഡറിലൂടെ പാട്ടുകളും കഥാപ്രസംഗവുമെല്ലാം ഇടതടവില്ലാതെ ഒഴുകിപ്പരന്നു…
കസെറ്റ് കുരുക്കിയത് കാരണം സദാനന്ദനും കൂട്ടുകാർക്കും മറ്റൊരു ഉപകാരമുണ്ടായി…
കാവിലെ ക്ഷേത്രത്തിലെ ഉത്സവം പത്തു ദിവസമായിരുന്നു …
ആദ്യദിവസം തന്നെ സാരഥി സൗണ്ട് സിലെ വിഷ്ണു ചേട്ടൻ വലിയ കോളാമ്പിയും അനുബന്ധ കിടിപിടികളുമായി എത്തും…പിന്നെ കുട്ടികൾ വിഷ്ണു ചേട്ടൻറെ പിറകെയായിരിക്കും.. വയറു വലിക്കാനും കോളാമ്പി കെട്ടാനും ..പീണ്ടി സെറ്റു ചെയ്യാനും ഒക്കെ അവരുണ്ടാകും…അകെ പൊടി പൂരം…ഉച്ചകഴിയുമ്പോഴേ വലിയ …ജനറേറ്റർ കൊണ്ടുവരും , അത് കുറച്ചകലെ വെക്കുകയുള്ളൂ..
എങ്കിലും ആ ജനറേറ്ററുകളുടെ ഘട ഘട ശബ്‍ദം അടുത്ത മലകളിൽ വരെ തട്ടി പ്രതിഫലിക്കും…
കോളാമ്പിയിൽ നിന്നുയരുന്ന ഭക്തിഗാനങ്ങൾ അതുപോലെ തന്നെ ചുറ്റിനുമുള്ള മലകളിൽ തട്ടി പ്രതിധ്വനിച്ചു .പത്തു നാൾ പത്തു മിനുട്ടു പോലെ കടന്നു പോകും…
ഉത്സവം കഴിഞ്ഞാൽ പിന്നെ സദാന്ദന്റെയും കൂട്ടുകാരുടെയും ഉത്സവം പിന്നെയും ഒരു മാസക്കാലം തുടരും…വേനലവധിക്കാലമായിക്കും അപ്പോൾ…കോളാമ്പിക്കു പകരം ചിരട്ടയിൽ കാപ്പി മരത്തിന്റെ കമ്പു മുറിച്ചു അവർ കോളാമ്പിയുണ്ടാക്കി….വയറുകൾക്കു പകരം പൊട്ടിയ കാസെറ്റിന്റെ വള്ളികളും….
പിണ്ടി ലൈറ്റുകള്ക്കു പകരം വാഴപ്പിണ്ടിയും …..
സദാനന്ദൻ ചാരുകസേരയിൽ ഒന്നിളകിയിരുന്നു… ഗേറ്റിനു മുൻപിലൂടെ റോഡിലൂടെ കടന്നുപോകൂന്ന മിക്കകുട്ടികളെയും അയാൾ ശ്രദ്ധിച്ചു …കുനിഞ്ഞ ശിരസുമായാണ് എല്ലാവരും കടന്നു പോയിക്കൊണ്ടിരുന്നതെന്ന് എന്ന് അയാൾ നോട്ട് ചെയ്തു…പരിസരങ്ങൾ ആരും തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല…അവരുടെയെല്ലാം ശ്രദ്ധ കയ്യിലിരിക്കുന്ന അവരവരുടെ സ്മാർട്ഫോണിലായിരുന്നു….എതിരെ ആരൊക്കെയോ വരുന്നു..പോകുന്നു…മൊബൈൽ ഫോണുകൾക്ക് ഒരുപാട് ഗുണങ്ങൾ ഉള്ളതിനേക്കാൾ ഏറെ ദോഷം ഉണ്ടെന്നു അയാൾക്ക് തോന്നി.. …..തലയുയർത്തി നിവർന്നു നടക്കേണ്ട യുവത …..
വരുന്നതലമുറ ഇനി എന്തായിരിക്കും…….
അയാൾ അകത്തേക്ക് ചെന്നു, പിന്നെ റിമോട്ട് എടുത്തു ടീവി ഓൺ ചെയ്തു …ആദ്യം കണ്ട ചാനലിൽ ഒരു കോമഡി പ്രോഗ്രാം ആയിരുന്നു…ജഡ്ജ് ആയിരിക്കുന്ന ആളുകളിൽ ഒരാൾ ഇതുവരെ കോമഡി പറഞ്ഞിട്ടില്ലാത്ത ആളായിരുന്നു …അയാൾ ചാനൽ മാറ്റി…അവിടെ പാട്ടുകളുടെ മത്സരവേദി…അവിടെയും ജഡ്ജുമാരിൽ ഒരാൾ ജീവിതത്തിൽ ഇന്നുവരെ ഒരു മൂളിപ്പാട്ടുപോലും ഒരാളും
കഷ്ട്ടം ….. അയാൾ ടീവി ഓഫ് ചെയ്തു…
തന്റെ റേഡിയോ എടുത്തു കൊണ്ട് വീണ്ടും സിറ്റ് ഔട്ടിലെത്തി …റേഡിയോ ഓൺ ചെയ്തു….
അപ്പോൾ വാർത്തകളുടെ സമയം ആയിരുന്നു… വാർത്തകൾ വായിക്കുന്നത്…..
.വാർത്തകൾ കഴിഞ്ഞു പഴയ വാക്കുകൾക്ക് അർത്ഥമുള്ള ചലച്ചിത്രഗാനങ്ങൾ ….അയാൾ കസേരയിലേക്ക് ചാരിക്കിടന്നു …പിന്നെ ആ പഴയ റേഡിയോ നെഞ്ചോട് ചേർത്തു….
വീണ്ടും പഴയകാല, ഓർമ്മകൾ വീണ്ടും അയവിറക്കാൻ , വല്യച്ചനും മരുമകനും അമ്പലമുറ്റവും പീണ്ടിലൈറ്റും എല്ലാം ഉള്ള , മധുരമുള്ള , ത്രസിപ്പിക്കുന്ന , ഓടിപ്പാഞ്ഞു നടക്കുന്ന , എന്തിനും ഏതിനും കടന്നു ചെല്ലുന്ന കൂട്ടുകാരും, കുന്നും മലകളും പുഴകളും … ആ നല്ല കാലത്തിലേക്ക് അറിയാതെ മനസുകൊണ്ട് ഒരു മടക്ക യാത്ര .….മടിയിൽ വെച്ചിരുന്ന കണ്ണടയുടെ ബോക്സ് താഴേക്ക് വീണു , സദാനന്ദൻ താഴേക്ക് കുനിഞ്ഞു അതെടുത്തു…കവറിന്റെ ഒരു ഒരു ചെറിയ സ്ക്രൂ, താഴെ വീണ ആഘാതത്താൽ തെറിച്ചു പോയിരിക്കുന്നു…
“ഇതിന്റെ ബോബൻ കേസ് പോയെന്നാ തോന്നുന്നത്…’-
അയാൾ സ്വയം പിറുപിറുത്തു …പിന്നെ, അതോർത്തു അറിയാതെ ചിരിച്ചു .
*