ഓര്‍മ്മയുണ്ടാവണം, 2018 മാര്‍ച്ച് 14നായിരുന്നു ആ സംഭവം. തിരുവനന്തപുരത്ത് പോത്തന്‍കോട്ടെ ആയുര്‍വേദ ചികിത്സാ കേന്ദ്രത്തില്‍ നിന്ന് കോവളം ബീച്ചിലെത്തിയ ലാത്വിയന്‍ വനിതാ സഞ്ചാരിയെ (40) ടൂറിസ്റ്റ് ഗൈഡ് എന്ന വ്യാജേന കബളിപ്പിച്ച്, ലഹരികൊടുത്ത്, ശാരീരികമായി ചൂഷണം ചെയ്ത്, കഴുത്ത് ഞെരിച്ച് കൊന്ന സംഭവം. 38 ദിവസത്തിനുശേഷമാണ് പൊന്തക്കാട്ടില്‍ നിന്ന് യുവതിയുടെ ജഡം കിട്ടിയത്. ഡിഎന്‍എ പരിശോധനയിലാണ് ആളെ തിരിച്ചറിഞ്ഞത്. അന്ന് സംസ്ഥാന ഭരണം പിണറായി വിജയനാണ് നയിച്ചിരുന്നത്. ടൂറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിദേശ രാജ്യങ്ങളിലുള്‍പ്പെടെ വലിയവാര്‍ത്തയായ സംഭവം ‘ഒതുക്കിത്തീര്‍ക്കാന്‍’ മന്ത്രി കടകംപള്ളി അന്ന് കാലുപിടിച്ചത് ലിത്വാനിയന്‍ എംബസിയുദ്യോഗസ്ഥരുടേതു മുതല്‍, യുവതിയുടെ സഹോദരന്റെ മുതല്‍, മാധ്യമങ്ങളുടെ തലപ്പത്തുള്ളവര്‍വരെ അസംഖ്യം പേരുടേതായിരുന്നു; ടൂറിസത്തെ ബാധിക്കാതിരിക്കാന്‍. 38 ദിവസം പഴകിയ, ആത്മഹത്യയെന്നു വരുത്തിത്തീര്‍ക്കാന്‍ ലഹരിമാഫിയയുടെ ഭാഗമായ കൊലപാതകികള്‍ കെട്ടിത്തൂക്കിയ വിദേശയുവതിയുടെ തലയറ്റ, ജഡം ടൂറിസ്റ്റുകളെ ഭയപ്പെടുത്താന്‍ പോന്നതായിരുന്നു. കോവളം കേന്ദ്രമാക്കിയ മയക്കുമരുന്ന് ഇടപാടുകാരായ ക്രിമിനലുകളായിരുന്നു പ്രതികള്‍. അവരുടെ ഭരിക്കുന്നവരോടുള്ള രാഷ്ട്രീയപക്ഷവും അന്ന് ഏറെ ചര്‍ച്ചാവിഷയമായിരുന്നു.
‘ടൂറിസത്തെ ടെററിസ’മാക്കിമാറ്റിയെന്ന് കശ്മീരിനെക്കുറിച്ച് ഒരു പരാമര്‍ശം ബഹുജനമാധ്യമമായ സിനിമയില്‍ ആദ്യംവന്നത് മണിരത്‌നം സംവിധാനം ചെയ്ത ‘റോജാ’ സിനിമയിലാണ് (1992). ആ കശ്മീരില്‍ ഇന്ന് ടൂറിസം ടെററിസത്തെ അതിജീവിച്ചു. ടൂറിസത്തിന് പുതിയ നിര്‍വ്വചനവും വന്നു; തീര്‍ത്ഥാടന വിനോദസഞ്ചാരം എന്ന ‘പില്‍ഗ്രിമേജ് ടൂറിസം.’ അതിന് മികച്ച സ്വീകാര്യത ജനാവലിയില്‍ നിന്നുണ്ടാവുകയും ചെയ്തിരിക്കുന്നു. അതിന്റെ ഭാഗമായി അജ്മീറിലെ ദര്‍ഗയിലേക്കും തമിഴ്‌നാട്ടിലെ വേളാങ്കണിയിലേക്കും യുപിയിലെ രാമജന്മഭൂമിയിലേക്കും സന്ദര്‍ശകര്‍ ഭക്തര്‍ക്കൊപ്പം സഞ്ചരിക്കുന്നു. വിദേശത്തുനിന്നുപോലും ‘പില്‍ഗ്രിമേജ് ടൂറിസ’ ത്തിന്റെ ഭാഗമാകാന്‍ സഞ്ചാരികള്‍ എത്തുന്നു. ജറുസലേം സന്ദര്‍ശിക്കാന്‍ ഇസ്രായേലില്‍ പോകുന്നവരെപ്പോലെ, ഉംറ ചെയ്യാന്‍ സൗദി അറേബ്യയിലേക്ക് പോകുന്നവരെപ്പോലെ വിദേശികള്‍ ഭാരതതീര്‍ത്ഥാടനകേന്ദ്രങ്ങളിലേക്ക് വരുന്നു. ഈ വരവുംപോക്കും അതത് രാജ്യങ്ങളുടെ സാമ്പത്തികമേഖലയെ മാത്രമല്ല, സാംസ്‌കാരിക- ആദ്ധ്യാത്മിക സമ്പത്തിനേയും ശക്തിപ്പെടുത്തുന്നു. സഹിഷ്ണുതയുടെയും സഹകരണത്തിന്റേയും സമന്വയത്തിന്റേയും പുതുവഴികൂടിയാണ് അത് തുറക്കുന്നത്. ഇതിലെ തീര്‍ത്ഥാടന ഘടകത്തിന് മതനിലവാരത്തിനപ്പുറം ആദ്ധ്യാത്മികതയുടെ ഔന്നത്യവും ഭാവവുമുണ്ട് എന്നതാണ് പ്രധാനം.
എന്നാല്‍, ടൂറിസവും ടെററിസവും തമ്മില്‍ കൂട്ടിക്കുഴയ്ക്കുന്ന പ്രവൃത്തിദോഷികള്‍ മറ്റൊരു വഴിക്ക് ശക്തിപ്പെടുന്നുമുണ്ട്. അവര്‍ മതഭിന്നതയും മതാധിപത്യവും സ്ഥാപിച്ച് മേല്‍ക്കോയ്മ നേടുന്നവരാണ്. അവര്‍ തീര്‍ത്ഥാടന-വിനോദ സഞ്ചാരമൊന്നും ദഹിക്കുന്നവരല്ല. ടൂറിസം കച്ചവടമോ കള്ളക്കച്ചവടങ്ങള്‍ക്കുള്ള വാഹനമോ ആകുന്നു. അവര്‍ സ്വന്തംതാല്‍പര്യങ്ങള്‍ സ്ഥാപിക്കാനുള്ള സൗകര്യകേന്ദ്രങ്ങളായാണ് ടൂറിസ്റ്റുകേന്ദ്രങ്ങളെ, സ്ഥലങ്ങളെ കാണുന്നത്. 1980കളില്‍ കോവളത്തെ കരകൗശല വസ്തുവില്‍പ്പനക്കാരിലെ കശ്മീരികളെക്കുറിച്ച് മുന്നറിയിപ്പു വാര്‍ത്തകള്‍ വന്നപ്പോള്‍ അത് ‘കൊതിക്കെറു’ വാണെന്നും ടൂറിസത്തിന്റെ സാധ്യതകള്‍ നശിപ്പിക്കുന്നതാണെന്നും ജനാധിപത്യ വിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ ആരോപണമാണെന്നും ആക്ഷേപം വന്നു. ദേശീയ പ്രസ്ഥാനങ്ങളായ എബിവിപിയോ യുവമോര്‍ച്ചയോ ആണ് കോവളത്തെ കച്ചവടക്കാരെക്കുറിച്ച് അന്ന് ശ്രദ്ധക്ഷണിച്ചത്. അന്ന് കേന്ദ്രത്തില്‍ ഭരണം കോണ്‍ഗ്രസ്സിന്റേതായിരുന്നു. കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും മാറി മാറി ഭരിച്ചു.
ഇന്നിപ്പോള്‍ ടൂറിസ്റ്റുകളായി വന്ന ഇസ്രായേലികളെ ടൂറിസ്റ്റു കേന്ദ്രമായ തേക്കടിക്കടുത്ത് കുമളിയില്‍ കടകളില്‍ നിന്നിറക്കിവിട്ടു. കശ്മീരികളുടെ കടയിലാണ് കച്ചവടം വിലക്കിയതും ഒരു രാജ്യത്തെ പൗരന്മാരെ ആക്ഷേപിച്ചതും, ഭാരത ഭരണഘടന പ്രകാരമുള്ള അവകാശങ്ങള്‍ ടൂറിസ്റ്റുകള്‍ക്ക് നിഷേധിച്ചതും. കാരണം അവര്‍ ഇസ്രായേലികളാണെന്നതും അവര്‍ ഇസ്രായേലി ഭാഷയായ ഹീബ്രുവില്‍ സംസാരിച്ചുവെന്നതുമാണ്. ഏതെല്ലാം തരത്തിലാണ് ടൂറിസ്റ്റുകളുടെ അവകാശങ്ങള്‍ നിഷേധിച്ചതെന്ന് വിലയിരുത്തണം. അതിന്റെ അടിസ്ഥാനകാരണമാണ് ആഴത്തില്‍ പരിശോധിക്കേണ്ടതും- അപ്പോഴാണ് ആ സംഭവത്തിലെ യഥാര്‍ത്ഥ ഉത്തരവാദി ആരാണെന്ന് തിരിച്ചറിയാന്‍ കഴിയുന്നത്. കുമളിയിലെ സംഭവം ഒറ്റപ്പെട്ടതല്ല; അത് എംബസിയില്‍പോയി ക്ഷമ പറഞ്ഞാലോ കെട്ടിപ്പിടിച്ച് ഷേക്ക് ഹാന്‍ഡ് കൊടുത്താലോ തീരുന്നതല്ല. കാരണം, അതൊരു മാനസികാവസ്ഥയാണ്.
ഈ മാനസികാവസ്ഥയ്ക്ക് വഖഫ് കരിനിയമത്തോട് ബന്ധമുണ്ട്. അതിന് ‘അവില്‍, മലര്‍, കുന്തിരിക്കം’ പ്രകടനവുമായി ബന്ധമുണ്ട്. അതിന് തുര്‍ക്കി ഇസ്താംബുളിലെ ഹഗിയാസോഫിയ പള്ളിയിടപാടുമായി ബന്ധവുമുണ്ട്. അതിന് ഇസ്രായേലിനാല്‍ കൊല്ലപ്പെട്ട ഹമാസ് ഭീകര നേതാവ് യഹിയ സില്‍മാറിന് കേരളത്തില്‍ മയ്യത്ത് നിസ്‌കാരം നടത്തിയതുമായി ബന്ധമുണ്ട്. അതിന് സംസ്ഥാനത്ത് പലസ്തീന്‍ അനുകൂല പ്രതിഷേധ പരിപാടിയില്‍ ഹമാസ് നേതാവ് ഖാലിദ് മഷാലിന് യുവാക്കളെ അഭിസംബോധനചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ സൗകര്യം ചെയ്തു കൊടുത്തുമായി ബന്ധമുണ്ട്. അതാണ് പറഞ്ഞത് ഒരു മാനസികാവസ്ഥയാണ് കുമളി സംഭവത്തില്‍ പ്രകടമായത്. അതിന്റെ മറ്റു ചില പ്രകടിത രൂപങ്ങളാണ് കണ്ണൂരിലെ ക്രിസ്ത്യന്‍ പള്ളിയില്‍ നിസ്‌കാരത്തിന് സൗകര്യം ചോദിച്ചപ്പോള്‍ കിട്ടാഞ്ഞ് അദ്ധ്യാപകനും ഇസ്ലാമിക വിശ്വാസികളായ വിദ്യാര്‍ത്ഥികളും ‘പ്രതികാരം’ തീര്‍ത്തത്. കാസര്‍കോട്ട് കഴിഞ്ഞവര്‍ഷം ക്രിസ്തുമസ്സിനൊരുക്കിയ പുല്‍ക്കൂട് തകര്‍ത്തും ബൈബിള്‍ കത്തിച്ചും, മൂവാറ്റുപ്പുഴ നിര്‍മ്മല കോളേജില്‍ നിസ്‌കാരത്തിന് അവകാശം പറഞ്ഞതും പൂഞ്ഞാറില്‍ പള്ളി വികാരിയെ വണ്ടിയിടിപ്പിച്ച് അപകടപ്പെടുത്താന്‍ ശ്രമിച്ചതും ഈ മനഃസ്ഥിതി കൊണ്ടാണ്.
ആരാണ് ഉത്തരവാദി? സംസ്ഥാന ഭരണകൂടമാണ്; അവര്‍ക്ക് ശിങ്കിടിപാടുന്ന ഔദ്യോഗിക പ്രതിപക്ഷമാണ്. ക്രമസമാധാന പാലനം, ആഭ്യന്തര ഭരണകാര്യങ്ങള്‍ എന്നിവ സംസ്ഥാന ഭരണകൂടത്തിന്റെ അധികാരത്തിന്റെ പരിധിയിലായതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ നോക്കൂകൂലി പോലും കിട്ടാത്ത കാഴ്ചക്കാരാണ്. മതേതരത്വം പ്രസംഗിക്കുകയും മതവിദ്വേഷം പെരുക്കുകയും ചെയ്യുന്ന ‘കപട മതേതര’ക്കാരുടെ രാഷ്ട്രീയക്കളികളാണ് ഇതിന് കാരണക്കാര്‍. പലസ്തീന്‍ ജനതയും ഇസ്രായേലികളും തമ്മില്‍ അങ്ങകലെ തര്‍ക്കിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പക്ഷംപിടിച്ച് പ്രവര്‍ത്തിക്കുന്നിടത്താണ് പ്രശ്‌നം. അവര്‍ മതം നോക്കി ഹമാസിന്റെ ഭീകരതയെ സംരക്ഷിച്ച് പിന്തുണയ്ക്കുന്നതാണ് പ്രശ്‌നം. ഇസ്രായേലികള്‍ വധിക്കപ്പെടേണ്ടവരോ കീഴ്‌പ്പെടുത്തപ്പെടേണ്ടവരോ വെറുക്കപ്പെടേണ്ടവരോ ആണെന്ന് ഒരു ഭരണകൂടം പ്രഖ്യാപിക്കുമ്പോഴുണ്ടാകുന്ന അപകടമാണ് കുമളിയില്‍ സംഭവിച്ചത്. അതായത്, 1980 കളില്‍നിന്ന് മൂന്നു പതിറ്റാണ്ടിനിടെ കേരളം വളര്‍ന്നത് എങ്ങോട്ടേക്കാണെന്നതിന്റെ വിളിച്ചുപറയലാണത് എന്നര്‍ത്ഥം. ഒരു സര്‍ക്കാരിന്റെ ഭരണത്തലവനായ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഉള്‍പ്പെടെ സര്‍ക്കാര്‍ സംവിധാനമാകെയും അവരെ നയിക്കുന്ന, നിയന്ത്രിക്കുന്ന രാഷ്ട്രീയ കക്ഷികളുമാണ് കുമളിയിലെ കുറ്റക്കാര്‍. ഒരു രാജ്യക്കാരെ ‘ശത്രു’ക്കളായി കാണാന്‍തക്ക മാനസികാവസ്ഥ വളര്‍ത്തിയെടുത്തതിന്റെ അപകടമാണത്. ടൂറിസത്തെ ടെററിസമാക്കി മാറ്റുന്ന വ്യവസ്ഥാപിത മുറക്രമം. പക്ഷേ, എല്‍ഡിഎഫോ യുഡിഎഫോ കേരളം പോലുമോ അല്ല അതിന്റെ ദുരന്തഫലമനുഭവിക്കേണ്ടിവരുന്നത്, ഭാരതമെന്ന രാജ്യമാകെയാണ്. ആ ദുരന്തം എംബസിയില്‍ സാഷ്ടാംഗ പ്രണാമം ചെയ്താല്‍ തീരില്ല. ഒരു രാജ്യത്തിന്റെ പ്രഖ്യാപിത നയതന്ത്രത്തിനെതിരായി ഒരു സംസ്ഥാനം നില്‍ക്കുന്ന ജനാധിപത്യ – ഭരണഘടനാ വിരുദ്ധപ്രവര്‍ത്തനമായി കണ്ട് ‘മാടമ്പിള്ളിയിലെ മനോരോഗി’കളെ ‘മണിച്ചിത്രത്താ’ഴിട്ട് പൂട്ടേണ്ടത് ഭരണഘടനാ സംവിധാനപ്രകാരം സംസ്ഥാനമാണ്; പക്ഷേ ചങ്ങലയ്ക്ക് ഭ്രാന്തുപിടിച്ചാല്‍!